പുഷ്‌കർ

ഒരിക്കൽ പുഷ്കറിൽ പോയി,
ഒരു പ്രണയത്തിന്റെ സാക്ഷാത്കാരം. വർഷങ്ങളായി മനസ്സിലുള്ളൊരുവളെ കണ്ടെത്തുകയായിരുന്നു.
മഹാദേവ മന്ദിറിലെയും ബ്രഹ്മ മന്ദിറിലെയും ആലിതളുകൾ പോലും തുടിച്ചിരുന്നു.
ദൈവത്തെ വിളിച്ചുണർത്തുന്ന ഓരോ മണികൾക്കും പ്രണയ സംഗീതത്തിന്റെ ഒരു മാന്ത്രിക സ്പർശമുണ്ടായിരുന്നു.
സരോവരത്തിലെ ചെണ്ടു മല്ലികളും താമരകളും പോലെ ഞാനും ഒരു കുളിർകാറ്റാവുകയായിരുന്നു.

കണ്ടമാക്കിയ താമരയിതളുകൾ, ഈരേഴുലകിന്റെയും നാഥനെ പ്രസാദിപ്പിക്കാൻ പണം കൊടുത്തുവാങ്ങി അകത്തു കയറുമ്പോൾ ആഗ്രഹ സഫലീകരണത്തിനായി ബ്രഹ്മാവിന്റെ മുന്നിലേക്കെത്തുന്ന നൂറുകണക്കിന് തീർത്ഥാടകാരിൽ ഒരാളെ പോലെ ഋഷികൾ എന്ന് പറയുന്നവരിൽ നിന്നും പത്തുരൂപകൊണ്ട് അനുഗ്രഹം ചോദിച്ചുവാങ്ങുകയായിരുന്നു.
അന്ന് ഞാൻ അവളോട് പറഞ്ഞു  'ഞാനും പുഷ്കറിലെത്തിയെന്ന്'.

പിന്നെയും പുഷ്കറിൽ പോയി,

ഉത്തരേന്ത്യയിൽ നിന്നും ഒഴിഞ്ഞു പോകുന്ന തണുപ്പിന്റെ ബാക്കി പത്രങ്ങൾ. തണുത്ത വെയിലുകൾ.
പ്രിയപ്പെട്ടവൾക്കായുള്ള കാത്തിരുപ്പ്, അലച്ചിലുകൾ.
അലർച്ച കൂട്ടുന്ന ദൈവങ്ങൾക്കിടയിൽ ഛായാ ചിത്രങ്ങളുടെയും പോട്ടറികളുടെയും തെരുവ് സ്റ്റുഡിയോകൾ.
ദൈവങ്ങൾ മത്സരിച്ചുകൊണ്ട് കലാകാരന്മാരുടെ കൈകളിൽ മനുഷ്യവേഷം കെട്ടുകയാണ്.
ചെഗുവേര മുതൽ ബുദ്ധൻവരെ വിരൽത്തുമ്പുകളിൽ പകർന്നാടുന്നു. അന്നത്തിനുവേണ്ടി കലാകാരന്മാരായവർ. ഒരു പക്ഷെ പുഷ്‌കറിന്റെ ബ്രില്യന്റ്, മരുഭൂമിയിലേക്ക് ലോകത്തെ മുഴുവൻ വിളിച്ചു വരുത്തിയവർ. കൂടെ വന്നത് കുറേ ചിത്രങ്ങളും സംഭാഷണങ്ങളും മാത്രം.

പിന്നെയൊരിക്കൽ കൂടി പുഷ്കറിലേക്ക് പോയി,

ലഹരികൾ തലയ്ക്കു പിടിച്ച രാത്രിയിൽ പ്രിയപ്പെട്ടവളുടെ മുഖം ഉറങ്ങാനനുവദിക്കാതെ വേട്ടയാടിയപ്പോൾ, നൂറുരൂപയും കൊണ്ട് ആഗ്രയിൽ നിന്നും മുംബൈയിലേക്ക് പോകുന്ന ചരക്കുവണ്ടിയിൽ വലിഞ്ഞു കയറിയപ്പോഴാണ് പണമല്ല കീഴടക്കാൻ പറ്റാത്ത ശുഷ്കാന്തിയാണ് ഓരോ യാത്രയുടെയും മാനദണ്ഡമെന്ന് മനസ്സിലായത്.
അപ്പോഴും ബാന്ദ്ര സിൻഡറിയും അജ്മീറും കഴിഞ് എത്തിയത് പുഷ്കറിൽ തന്നെയായിരുന്നു.

ചുട്ടു പൊള്ളുന്ന ചൂടിൽ വീശുന്ന മരുഭൂമിയിലെ മണൽത്തരികൾ പോലെ ഭ്രാന്തനെന്നോളം ഭക്ഷണമില്ലാതെ - ചിന്തകളില്ലാതെ അലയുകയായിരുന്നു.
ഭക്തിയും വിശ്വാസവുമില്ലാതെ തീർത്ഥാടക മറവിൽ ഉലകം ചുറ്റുന്ന ബാവുൾ ഗായകരുടെ കൂടെ വഴിയരികിലിരുന്നു പിച്ചയെടുത്ത പകലുകൾ. അറിവുകളും ചരിത്രവും പാടി ഭക്തിയുടെ മറവിൽ വിപ്ലവം സൃഷ്‌ടിക്കുന്ന നോൺ സർട്ടിഫൈഡ് വിപ്ലവകാരികളെ കാവിയുടെ പിന്നിൽ ഓരോ ക്ഷേത്ര നടയിലും കാണാം.

വീർപ്പു മുട്ടിയ പ്രിയപ്പെട്ടവളുടെ കൂടെ - അങ്ങനെ പാറി നടക്കുമ്പോൾ, ഭാവാഭിനയങ്ങൾ കൊണ്ട് താൻ ആഘോഷത്തിന്റെ കൊടുമുടിയിലാണെന്നു വരുത്തി തീർക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു.
പ്രിയപ്പെട്ടവളുടെ കൈപിടിച്ചു പുഷ്കറിലേക്ക് കിലോമീറ്റർ നടക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറക്കുകയായിരുന്നു.
മൃഗത്തിന്റെ ചിന്തകൾ വിഗ്രഹമാക്കി വരാഹം എന്ന പേരിൽ അകത്തിരുത്തിയ കല്ലുകൾക്ക് അവൾ തൊഴുതു പ്രാർത്ഥിക്കാൻ കയറിയപ്പോൾ ഞാനൊരു കാവൽക്കാരനായി.

അവൾ എന്നിൽ ശ്രീരാമനെ കണ്ടിരുന്നതുപോലെ, പുരുഷൻ ഒരിക്കലും ശ്രീരാമനോളം തരം താഴാൻ പാടില്ലെന്ന് അവൾക്കറിയില്ലല്ലോ.

വീണ്ടും പുഷ്കറിലേക്ക് ചെന്നു
ഒഴിയുന്ന മഞ്ഞിൽ - ഇരുട്ടിന്റെ കഥയായിരുന്നു. മിഥ്യയായിരുന്നു.

വീണ്ടും വീണ്ടും പുഷ്കറിലേക്ക്.
അസ്വസ്ഥത നിറയ്ക്കുന്ന വെയിലുകൾ. വിയർപ്പു വറ്റുന്ന ചൂടും.
രാത്രിയിലെ തണുപ്പിൽ റെയിൽവേ സ്റ്റേഷനിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം നോക്കി കിടക്കുമ്പോൾ അവിടുന്ന് അജ്മീറും കടന്നു പുഷ്കറിലെ മരുഭൂമിയിലേക്ക് ഒട്ടകത്തെപോലെ കിലോമീറ്ററുകൾ നടക്കുമ്പോൾ ഭൂതവും വർത്തമാനവും പോലും മുന്നിലില്ലായിരുന്നു. അത്രത്തോളം മനസ്സിൽ ഇരുട്ടായിരുന്നു.

ഇത്തവണ പ്രിയപ്പെട്ടവളില്ല, അവൾക്ക് മടുത്തിരുന്നു. ഫിക്ഷനും യാഥാർഥ്യവും തമ്മിലുള്ള അകലം അവൾക്ക് അറിയില്ലായിരുന്നിരിക്കണം. ചൂടിൽ ചുണ്ടുകൾ കത്തിയെരിയുകയായിരുന്നു, വഴിയോരങ്ങളും മാർക്കെറ്റുകളും അലോസര കാഴ്ചകൾ മാത്രമായിരുന്നു.

പുഷ്കറിലേക്ക് സമാധാനം തേടിവരുന്നവരുടെ ഒരു വലിയ കൂട്ടം ഉണ്ടെന്ന് തോന്നിയത് ഇത്തവണയാണ്.
സരോവരത്തിൽ മെഡിറ്റേഷനിൽ ഇരുന്നതും, ഇറാനിയൻ ജിപ്സികളുടെ ഫോക് സംഗീതം ആസ്വദിച്ചതും പുഷ്കറിനെ മറ്റൊരു രീതിയിൽ വായിക്കാൻ തുടങ്ങുന്നതിന്റെ തുടക്കമായിരുന്നു.

ഇത്തവണയും പുഷ്കറിലേക്ക്,

അലോസരങ്ങളോ, അലച്ചിലോ അസ്വസ്ഥതകളോ ഒന്നും തന്നെയില്ല.
എനിക്ക് എന്നെ കണ്ടെത്തണമായിരുന്നു. എനിക്കെന്നിൽ വിശ്വസിക്കണമായിരുന്നു.
ഇത്തവണയും പ്രിയപ്പെട്ടവളില്ല, പക്ഷെ അതിനുമുന്നെ അവളെ കണ്ടിരുന്നു. ഒരു ഷേക്ക് ഹാൻഡിൽ തീരുന്ന ബന്ധം.
മാസങ്ങളായി വീർപ്പു മുട്ടിച്ച നിരാശയ്ക്കുള്ള ഉത്തരം. വർഷങ്ങളായുള്ള പ്രണയത്തിന്റെ മധുര പ്രതികാരം.
വാക്കുകൾ പതറിയിട്ടുണ്ടെങ്കിലും പൂർണമായും ഉൾക്കൊള്ളാൻ തയാറായിത്തന്നെയാണ് ഈ പുഷ്കർ യാത്ര.

എസ്തറും ആന്റപ്പനും ദാസപ്പനും.
യാത്രകൾ കീഴടക്കലുകളല്ല, അന്വേഷണങ്ങളാണ്.
എസ്‌പ്ലോറേഷനായിരുന്നു. ലഹരികളിൽ പതിനാലു ലോകത്തു നൃത്തം ചവിട്ടിയ ദിവസങ്ങൾ.
മെഡിറ്റേഷനിൽ സ്വയം മറന്ന രാത്രികൾ. ഇറാനിയൻ അഫ്ഗാനിയൻ ഭക്ഷണങ്ങൾ. സംഗീതവും, ചുവന്നു തുടുത്ത ആകാശത്തെ കഥ പറച്ചിലുകളും.
നാട് വിട്ടു ഓടി വന്ന ഒരുപാട് പേരുടെ കഥകൾ, അവരെയും യാത്രയിൽ കൂട്ടിപോയ കസോൾ - ഗുൽമോർഗ് ജിപ്സികൾ.

ഇത്തവണ ഞാൻ അനുഭവിച്ച പുഷ്കർ ഇന്നോളം അനുഭവിക്കാൻ കഴിയാത്തതിൽ നിരാശയും സങ്കടവും കൊണ്ട് സരോവരത്തിൽ കാലു നീട്ടി ഇരിക്കുമ്പോഴാണ് പുഷ്കറിലെ പുറം ലോകം കാണാത്ത വോയ്‌ഡ്‌ പാർട്ടിയിലേക്കുള്ള യാത്ര.
തിരിച്ചിറങ്ങുമ്പോൾ ആഫ്രിക്കകാരന്റെ ഓപ്പിയം പോലൊരു കീഴടക്കാലായിരുന്നു.

അവിടുന്ന് ആരുമില്ലാത്ത കസോളും, ഓൾഡ് മണാലിയും ആംഗ്ലെസ്വറും മുംബൈ, കുടജാധൃവരെ കഴിഞ്ഞു ഇറങ്ങി നടക്കുമ്പോൾ - The Earth is filled with infinite experiences എന്നതങ് പിടികിട്ടും. ഏറ്റവും മനോഹരമായൊരു നിമിഷം.