വർഷം

കാമുകി ,

നീ എന്റേതല്ല. നീ നിന്റേതുതന്നെയാണ്. നീ നീയാണ്.
അതെ, നീ നീയായ് തന്നെ നിലകൊള്ളുക. കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട.
ജീവിതത്തിലെ വേനലും, മഴയും, പൂക്കാലവും സ്വയം അനുഭവിക്കുക,
മാറി മറയുന്ന ഓരോ ഋതുവിലും ജീവിതത്തിന്റെ താളം കണ്ടെത്തി ശാന്തിയും സന്തോഷവും അനുഭവിച്ചറിയുക.

ആരും വഴിമാറി എങ്ങുമെത്തുന്നില്ല,
തിരഞ്ഞെടുക്കുന്ന വഴികളാണ് അനുഭവങ്ങളിലൂടെ ജീവിതമായി പ്രതിഫലിക്കുന്നത്. അനുഭവിക്കാത്ത വഴികളെക്കുറിച്ചു നമുക്ക് എങ്ങനെ പറയാൻ കഴിയും?
അനുഭവിക്കുന്ന വഴികളിലെ സംതൃപ്തിയിൽ നിന്റെ ഋതുക്കൾ സമയ നിബിഢമായി മാറിവരുന്നുണ്ടോ എന്ന് സാരം.
വർത്തമാനത്തിൽ നിന്നുകൊണ്ട് പ്രണയത്തിന്റെ കൊടുമുടിയിൽ കയറി പ്രണയത്തെകുറിച്ചുള്ള ഭാവി സ്വപ്നങ്ങളെ പിഴുതെറിയാൻ കഴിയേണ്ടതുണ്ട്.

വാക്കുകൾകൊണ്ട് പ്രണയത്തെ വർണിക്കാനേ കഴിയുകയുള്ളു.
എന്റെ പ്രണയം അത് നിന്നിലാണ്, പ്രണയംകൊണ്ട് നീ അതിനെ നേരിടുക, നിനക്ക് മടുക്കും വരെ.

ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?
ഈ ചോദ്യം പല രീതിയിൽ പലകുറി റിൽക്കെയെ പോലെ നീ കേൾക്കും അപ്പോഴും ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും തിരയേണ്ട.
വർഷങ്ങൾ ഇങ്ങനെ കഴിയും തോറും അറ്റമില്ലാത്ത ആകാശത്തിൽ പാറി പറക്കുന്ന പ്രണയത്തിൻ ഇന്ദ്രജാലത്തിലെ ആനന്ദപ്പറവ നമ്മൾ.

എന്ന്
കാമുകൻ.