ഉത്തരം

ഒരു ഫിക്ഷനിൽ നിന്ന് ഇന്ന് ഒരാളോട് ഫോണിൽ സംസാരിച്ചു. തീയതി ഷെഡ്യൂൾ ചെയ്ത് സമയവും ഫിക്സ് ചെയ്തു വിളിച്ചതാണ്. ഒരു മണിക്കൂറ്. സമാധാനത്തിനുവേണ്ടി എൺപത്തിയഞ്ചു ദിവസം ജയിലിൽ കിടന്നൊരാൾ. 

ഞങ്ങൾ നാല് അസിസ്റ്റന്റ്. ജഡ്ജ്‌മെന്റോന്നും ഉണ്ടാവരുതുന്നുള്ള സംവിധായകന്റെയും പ്രൊഡക്ഷൻ ഓഫീസിന്നുമുള്ള നിർദ്ദേശവും. സംഭവം അടപടലം സബ്ജെക്റ്റീവ്. പന്ത്രണ്ട് പോയന്റുകൾ. എത്ര നേരം സംസാരിച്ചാലും ഞങ്ങൾ അസിസ്റ്റന്റുകൾ പോയന്റുകളേ നോട്ട് ചെയ്യാറുള്ളു. ഇവിടെ തന്ന ടാസ്ക്, ആന്റഗോണിസ്റ്റ് ഓർ പ്രൊട്ടഗോണിസ്റ്റ്. നായകനോ വില്ലനോ എന്ന് പറഞ്ഞാൽ പ്രകൃതി വിരുദ്ധവും പൊളിറ്റിക്കൽ ഇൻ കറക്ടറ്റുമാവും. തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലെ. ഗൂഗിൾ മീറ്റിൽ താടിയെല്ല് മാത്രം കാണിച്ചുകൊണ്ട് അയാൾ ക്യാമറക്ക് അപ്പുറം. ചോദ്യമില്ല. ഉത്തരങ്ങളിലേക്ക് എത്തിക്കുക എന്നത് ഞങ്ങൾ സ്ക്രപ്റ്റ് അസിസ്റ്റന്റുകളുടെ ജോലിയാണല്ലോ. 

ഉത്തരം ഒന്ന് : " സ്റ്റൂളെടുത്തു നാലടി, അച്ഛന്റെ നടു ഒടിക്കേണ്ടി വന്നു, ഒരുമാസം - നാല് സ്റ്റീൽ. ഭാഗം വെക്കുമ്പോ നോക്കണ്ടേ" 

ജഡ്ജ്‌മെന്റ് : ആൻറ്റഗോണിസ്റ്റ്. നോ ഡൌട്ട്. 

ഉത്തരം രണ്ട് : "അളിയന്റെ കയ്യിന്നു ഡെയിലി രണ്ടു പെഗ് കിട്ടും എന്ന് വരുമ്പോ, ബോധം ഇല്ലാത്ത ഭ്രാന്തുള്ള (ഉദ്ദേശിച്ചത് ബുദ്ധിമാന്ദ്യം - ID) അമ്മയെയും എന്നെയും മറന്ന് മൂന്നുസെന്റിൽ വാക്കാൽ കേറി താമസിക്കാൻ കൊടുക്കാൻ പാടുണ്ടോ." 

ജഡ്ജ്‌മെന്റ് : ന്യുട്രൽ, നമുക്കാർക്കും അതൊന്നും മനസ്സിലാവൂല. നാട്ടുകാരൊക്കെ ഉള്ള നാടാണല്ലോ. 

ഉത്തരം മൂന്ന് : "രാജ്യം ഭരിക്കുന്നവരാണ് പഞ്ചായത്തു ഭരണം. വീടിന്റെ അവകാശം മൂത്തവൾക്ക് വേണ്ടിയുള്ള കേസ്." 

ജഡ്ജ്‌മെന്റ് : ന്യുട്രൽ, പ്രൊട്ടഗോണിസ്റ്റ് ആവാം, പക്ഷെ നായകനാവാനുള്ളതില്ല. 

ഉത്തരം പതിനൊന്ന് : "അളിയനാണ് വാർഡ് മെമ്പർ. ചേച്ചിയുടേത് പ്രേമ വിവാഹവും. വക്കീല് പറഞ്ഞു കേസ് അവരെ ജയിക്കൂ എന്ന്. പ്രേമിച്ച പയ്യൻ ഇട്ടിട്ട് പോയപ്പോ കാണുന്നോനോടൊക്കെ ഒരുതരം അറപ്പും. അങ്ങനെ ID യുള്ള ചേട്ടനേം അമ്മയേം നോക്കാൻ ഇനി ചേച്ചിയും ഓൾടെ കെട്ടിയോൻ മെമ്പറും ഉണ്ടല്ലോ, എന്ന സമാധാനവും സമാധാനകേടും ഒരുമിച്ചു വന്നപ്പോ അടുത്തുള്ള ശ്മശാനം നമ്മളെ മതക്കാർക്കും വേണം ന്ന് പറഞ്ഞങ് പരാതി കൊടുത്തു. അക്ഷയശ്രീയിൽ ആദ്യമേ പറഞ്ഞിരുന്നു, കേസ് വരും റിമാൻഡ് ആവുംന്ന്." 

ജഡ്ജ്‌മെന്റ് : സപ്പോർട്ടിങ് റോൾ ആണേൽ ഓക്കെ ആണ്. ഒരു എന്റർടൈനിംഗ് ഫാക്ടർ ഇല്ല. 

ഉത്തരം പന്ത്രണ്ട് : "ഇപ്പൊ ലൈഫിൽ എന്തോ ഒരു സമാധാനം ഉണ്ട്, ഭർത്താവിനെ കൊന്ന് വന്നവരും, മാല മോഷണവും, ബീവറേജിലെ കുപ്പി മോഷണവും വരെയുള്ള സ്ത്രീവാർഡ്, അതിൽ ഏറ്റവും ചെറുതായ് ഞാനും" 

ഒരു സിനിമക്കുള്ള സ്കോപ് ഒന്നുല്ല, പക്ഷെ നല്ല ജമണ്ടൻ ലൈഫ് ആണ് ആളുടെ. അവിടെയാണ് പ്രശനം.