ഒരു നിഷിദ്ധ സംഗമം

1
'ഒരു നല്ല ജാക്കറ്റ് നോക്കി വാങ്ങിക്കോ.' എബി സ്റ്റേഷനിലേക്കിറങ്ങേ ചേച്ചി പറഞ്ഞു.
'പിന്നേ, ഈ മലമുകളിലെ തണുപ്പ് ഏശാത്ത ഞാനാണ് ഇനി, സിറ്റിയിലെ തണുപ്പ് ..!

'കൂടുതൽ സംശയമൊന്നും വേണ്ട. ചിന്തിച്ചു കൂട്ടാനും നിക്കേണ്ട.' ചേച്ചിയുടെ തോളത്തു തട്ടി അയാളിറങ്ങി.
ട്രയിനിലെ സ്ലീപ്പർ കംപാർട്മെന്റിൽ ഇരിപ്പുറപ്പിച്ചു. രണ്ടു രാത്രി രണ്ടു പകൽ. മൂന്നാമത്തെ പകൽ വൈകുന്നേരം നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിനിറങ്ങവേ ഫരീദാബാദ് സ്റ്റേഷനിൽ നിർത്തിയിട്ടപ്പോൾ ട്രെയിനിലേക്ക് കയറിയ ജാക്കറ്റ് കച്ചവടക്കാരനിൽ നിന്നും വാങ്ങിയ കറുത്ത ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും കൈ പുറത്തേക്കെടുത്തു. ബാഗ് തോളിലേറ്റി പുറത്തേക്കിറങ്ങി.

എഴുതിത്തീർത്ത കമ്പിക്കഥ ഓൺലൈനിൽ പബ്ലിഷ് ചെയ്തശേഷം തിരക്കില്ലാത്ത ചുറ്റും കൂറ്റൻ ചുമരുകളുള്ള കെട്ടിടങ്ങൾക്കിടയിലൂടെ അരണ്ട വെളിച്ചത്തിൽ അമൽ നേപ്പാളിയുടെ സിഗററ്റുകട ലക്ഷ്യമാക്കി നടന്നു. സർഗാത്മകമായി സ്വയംഭോഗിച്ചു തീർത്ത രാത്രികളിലൊക്കെ ജാർസയ്ക്ക് മഞ്ഞനിറമായിരുന്നെന്ന് വല്ലപ്പോഴും മാത്രം കത്തുന്ന പഴയ പോസ്റ്റിലെ നിയോൺ വെളിച്ചത്തിൽ നടക്കെ അമൽ ചിന്തിച്ചു. പബ്ബിലേക്ക് സ്ത്രീകളെയും വഹിച്ചുകൊണ്ട് ഇരുട്ടിൽ പായുന്ന ഗ്യാസ് ഓട്ടോ അയാൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ അകത്തെ മേക്കപ് കൊണ്ട് രൂപം മറച്ചുവെച്ച സ്ത്രീകളെ അയാൾ സസൂഷ്മം നിരീക്ഷിച്ചു.

കെട്ടിടങ്ങൾക്കിടയിലുള്ള പാതയിലൂടെ പകലെപ്പോഴോ കൂടെകൂടിയ ഹിന്ദിപ്പാട്ട് മൂളിക്കൊണ്ട് നിയോൺ വെളിച്ചത്തിൽ നടന്നു. സൂസന്റെ കെട്ടിടത്തിനിടയിൽനിന്നും സ്റ്റെപ്പിക്കിറങ്ങി പാതയിലേക്ക് കടന്നുവന്ന റോയി അമലിന്റെ മുന്നിൽ തന്നെ വന്നുപെട്ടു. രണ്ടുപേരുടെയും മുഖത്തു നാണത്തിന്റെ പുഞ്ചിരി കയറിയിറങ്ങിയതുകൊണ്ടെന്നോളം സംസാരിക്കാൻ ഒന്നും തന്നെയുണ്ടായില്ല. പരസ്പരം മുഖത്തോടു മുഖം നോക്കി; നാണത്താൽ റോയിയുടെ മുഖം ശോഭിച്ചിരുന്നു.

'രാവിലെ പോയതാണല്ലോ. ക്ഷീണം പിടിച്ചുകാണും അല്ലെ.?'
'ഏയ്, ഇന്ന് അവളുടെ റൂം മേറ്റിന് ഫുൾ ഡേ ആണ്. അതോണ്ട് അവിടെ കൂടി' അമലിന്റെ ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിന് റോയി മറുപടി നൽകി.

നേപ്പാളിയുടെ സിഗരറ്റ് കടയിൽ നിന്നും ഒരു സിഗററ്റുവാങ്ങി രണ്ടുപേരും പങ്കിടുമ്പോൾ പകലന്തിയോളംചളിയിൽ കുത്തിമറയുന്ന പന്നിക്കൂട്ടങ്ങൾ ഉറങ്ങുന്ന മുരൾച്ച ചെളിയിൽ നിന്നും പുറത്തേക്ക് വന്നു.
കെട്ടിടത്തിനിടയിലൂടെ കാർ അകത്തേക്ക് കയറാത്തതെന്നോളം റെയിൽവേ സ്റ്റേഷനിൽ നിന്നും വന്ന ടാക്സിയിൽ രണ്ടുപേർ പോസ്റ്റിലെ നിയോൺ വെളിച്ചത്തിനു ചുവട്ടിലിറങ്ങി. സിഗററ്റു പുക തണുപ്പിൽ മങ്ങിക്കൊണ്ടിരിക്കെ റോയിയും അമലും കാറിൽനിന്നും പുറത്തേക്കിറങ്ങുന്ന പുതുമോടിക്കാരനെ ശ്രദ്ധയോടെ നോക്കി.

ആദ്യത്തെയാൾ പിന്നിലുള്ള പെട്ടിയൊക്കെ എടുത്തു അടുപ്പിച്ചു വച്ചപ്പോൾ രണ്ടാമത്തെയാൾ ഡ്രൈവർക്ക് പൈസ നൽകി. അതിലൊരാൾ കാർ പോയതിനു ശേഷം റോയിയെ കണ്ടു മനസ്സിലായെന്നോളം കൈ പൊക്കി കാണിച്ചു. റോയിക്കടുത്തേക്കു നടന്നു. 

'വിത്സൺ!' രാത്രി പ്രതീക്ഷിക്കാതെ അയാളെ കണ്ടതിൽ അൽപ്പം ആശ്ചര്യത്തോടെ റോയി അമലിനോടായി പതിയെപ്പറഞ്ഞു.
കടയിൽനിന്നും ഒരു വിൽസ് വാങ്ങി ചുണ്ടിലേക്ക് വച്ച വിത്സൺ റോയിക്ക് മുന്നിൽ നിൽക്കുമ്പോൾ തണുത്തു വിറച്ചുകൊണ്ട് കാറിൽ നിന്നിറങ്ങിയയാൾ പെട്ടിക്ക് കാവൽ നിൽക്കുന്നത് കണ്ടു. ദൂരെ തണുത്തു മാറി നിൽക്കുന്നത് ആരാണെന്നോളം റോയി വിത്സനോട് തലകൊണ്ട് ആംഗ്യം കാണിച്ചു.

'പുതിയ പള്ളീലെ കൊച്ചച്ചൻ, ഡിസംബർ പതിനഞ്ചിനു പള്ളീലെ കൺവെൻഷൻ അല്ലെ.'വിത്സൺ  പരിചയപ്പെടുത്തി.
'ഇനിയും നാലഞ്ച് ദിവസം ഉണ്ടല്ലോ.' തലയ്ക്ക് മുകളിലേക്ക് പോസ്റ്റിൽ നിന്നും വെളിച്ചം വീഴുന്നുണ്ടെങ്കിലും മുഖം വ്യക്തമായില്ല.
'ആഹ്, പള്ളിയൊക്കെ സെറ്റ് ആക്കാൻ കാണും.' വിത്സന്റെ മുഖത്ത് വിമുഖത തുടുത്തു.
'നിങ്ങൾ പെന്തക്കോസല്ലേ, യാക്കോബാ പള്ളിയിലെന്തുകാര്യം?'
'എല്ലാം ജീസസിന്റെ വഴിതെറ്റിപ്പോയ കുഞ്ഞാടുകൾ തന്നെ' വിത്സൺ മറുപടിപറഞ്ഞുകൊണ്ട് തണുപ്പകറ്റാൻ രണ്ടുപുക ആഞ്ഞെടുത്തു.
'എന്താടാ, ഷിഫ്റ്റ് കഴിഞ്ഞു പിള്ളേരൊക്കെ പോയല്ലോ. എന്നിട്ടും ഇവിടൊരു ചുറ്റിക്കളി.'

'ഇനിയല്ലേ നമ്മടെ കളി' റോയ് ചിരിച്ചു.
അടുത്ത വിൽസിനു തീ പിടിപ്പിച്ചുകൊണ്ട് വിത്സൺ പുക പിന്നിലേക്ക് വിട്ട് തിരിഞ്ഞുനടന്നു.രണ്ടു ബാഗ് ചുവലിലേറ്റി, ബാക്കിയുള്ള ബാഗുകകൾ ജാർസയിലേക്ക് വന്ന എബി മാത്യു എന്ന് പേരുള്ള പുതിയ കൊച്ചച്ചൻ കയ്യിലേക്കെടുത്തു; 
തണുത്തുവിറച് അയാൾ വിത്സന് പിന്നാലെയായി ജാർസയിലെ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നുകൊണ്ടിരിക്കെ വിത്സൺ നാളത്തെ കത്തോലിക്കാ പള്ളിയിലെ പ്രാർത്ഥനയും കമ്മ്യൂണിറ്റി ഹാളിലെ ഞായറാഴ്ച പ്രത്യേകദിവസം നടത്താറുള്ള പരിപാടികളും വിശദീകരിക്കുന്നതിനിടയിൽ കെട്ടിടങ്ങൾക്കിടയിൽ നിന്നും ഇറങ്ങി ഇരുട്ടിലൂടെ മറഞ്ഞുപോകുന്ന മനുഷ്യരെ അയാൾ ചുറ്റിലും കണ്ണെറിഞ്ഞുകൊണ്ട് അതിശയത്തോടെ ജാർസയെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു.


'നീ സൂസന്റെ അടുത്തേക്കാണോ?' അവർക്ക് പിന്നാലെയായി സിഗരറ്റു പുക ഊതിവിട്ട് റോയിയും അമലും കെട്ടിടങ്ങൾക്കിടയിലൂടെ മുന്നോട്ടേക്ക് നടക്കേ അമൽ കളിയാക്കി ചോദിച്ചു.

'രാവിലെ എഴുനേറ്റ് ഓടേണ്ടിവരും, അതോണ്ട് ഇന്ന് റൂമിൽ തന്നെ' റോയിയുടെ മറുപടി അമൽ കേട്ടതായി നടിച്ചില്ല.

'എന്താ, ആരെയേലും കേറ്റീട്ടുണ്ടോ?' റോയി ചോദിച്ചു.

'എന്നാലും ഇത് ഏതു പള്ളീലേക്കാ?' അമൽ ആലോചനയിൽ റോയിയോട് ചോദിച്ചു. 

'നാളെ പുതിയ പള്ളി തുടങ്ങുവല്ലേ, അവിടെയായിരിക്കും.' റോയിയുടെ മറുപടി.

'ഇതിപ്പോ എത്ര പള്ളിയായി. ഇതിനും മാത്രം ബിസിനസ് ഉണ്ടോ ?'

'ഏഴാമത്തെ പള്ളി. ഓരോന്നും ഓരോരുത്തരുടേതല്ലെ?' അമൽ സംശയത്തോടെ റോയിയുടെ മുഖത്തേക്ക് നോക്കി.

'ഇപ്പൊ വന്നത് യാക്കോബാ; ബാക്കിയൊക്കെ വേറെ, Rc, Lc, Sc, RCSC, CSI.  അങ്ങനെപോവും.'

'പ്രോഫിട് ഇല്ലാതെ ഗ്രോ ഉണ്ടാവില്ലല്ലോ. എന്നാലും നമ്മള് മാത്രം എന്ന ഗ്രോ ആവാതെ' അമലിന്റെ സംശയം.

ജാർസയിലെ പ്രധാന വഴിയിൽ നിന്നും ശിഖരങ്ങളായി പോകുന്ന കെട്ടിടങ്ങൾക്കിടയിലൂടെ അവർ ആശ്ചര്യം പേറി നടക്കുമ്പോൾ പോസ്റ്റിലെ നിയോൺ വെളിച്ചം അണയാൻ പോകുന്ന ആവേശത്തിൽ മിന്നി കളിച്ചു. 
ഗ്രൗണ്ട് ഫ്ലോറിൽ ചാവിയിട്ട് പൂട്ടിയ മുറിക്ക് മുന്നിലെത്തി. അമൽ ചാവി തുറന്നു. മുറിയിലെ നാറ്റത്തിൽ റോയി മൂക്ക് പൊത്തി, ചന്ദനത്തിരി കത്തിച്ചു മൂലയിൽ വച്ചു. മൂലയ്ക്കുള്ള കട്ടിലിൽ രണ്ടുപേരും കൂടെ പുതച്ചു കിടന്നു.

റോയി തനിക്കുള്ളതിൽ ഏറ്റവും നല്ല ഷർട്ടും പാന്റും അണിഞ്ഞു ജാർസയിലെ കെട്ടിടങ്ങൾക്കിടയിലുള്ള പാതയിൽ സൂസനുവേണ്ടി കാത്തു നിൽക്കുന്ന നേരം പിറുപിറുത്തുകൊണ്ട് പാതയുടെ രണ്ടുവശത്തേക്കുമായി പലനിറങ്ങളിലായുള്ള യൂണിഫോമിൽ നേഴ്‌സുമാർ ആശുപത്രിയിലേക്കും ചിലർ തിരിച്ചു മുറിയിലേക്കുമായി നടക്കുന്നു. 
റോയ് പല മുഖങ്ങളിലേക്കും മാറി മാറി നോക്കി. ചിലരോട് ചിരിച്ചു. ചില പുതിയ മുഖങ്ങളിലേക്ക് അയാൾ ഊളിയിട്ടപ്പോൾ റോയിയെപ്പോലെ പലരും അങ്ങിങ്ങായി നിൽക്കുന്നുണ്ടായിരുന്നു. സൂസൻ റൂമേറ്റായ എമിയും നസ്രിയുമൊത് കെട്ടിടങ്ങൾക്കിടയിലുള്ള പടിയിറങ്ങി താഴേക്ക് വന്നു. പുതിയ പള്ളിയിലേക്ക് സൂസനും റോയിയും പിന്നിലായി പ്രണയപരവശത്തോടെ നടക്കുമ്പോൾ അന്നയും എമിയും മുന്നിൽ ആവേശത്തോടെ നടന്നു.

പത്തിലൊന്നു സമ്പാദ്യം ദൈവത്തിനും പള്ളിക്കും നൽകേണ്ടതിനെക്കുറിച്ചു സീനിയർ അച്ഛൻ വിശ്വാസികളെ ഓർമിപ്പിച്ചു.
പള്ളിയിലെ പ്രാർത്ഥന അവസാനിച്ച ശേഷം യാക്കോബാ വിശ്വാസികൾക്ക് മനസ്സിലാക്കാനെന്നോളം പള്ളിയുടെ ബോർഡ് പുറത്തു തൂക്കിയിട്ടു. ജീസസിന് മാത്രം ഇടം പോരെന്നും മാതാവിനും ഇടം നൽകണമെന്നും എബിയച്ചൻ വിത്സനോട് പറഞ്ഞപ്പോൾ വിത്സൺ ചിരിച്ചു. 

'നമുക്കൊന്നും വേണ്ട, എല്ലാം ദൈവത്തിനു തന്നെ'. വിത്സൺ തിരിച്ചുപറഞ്ഞു.

സൂസനും എമിയും പുതുതായി വന്ന എബിമാത്യു എന്ന കൊച്ചച്ചനുമായി സംസാരിച്ചുകൊണ്ട് പള്ളിയിൽ നിന്നു. 
അച്ഛനെ പരിചയപ്പെട്ടു. എല്ലാവരെയും നേരിട്ട് വന്നു പരിചയപ്പെടാനാണ് താത്പ്പര്യമെന്ന് എബി പറഞ്ഞപ്പോൾ ജാർസയിൽ വെറുതേ ദിവസങ്ങൾ കഴിച്ചുകൂട്ടുന്ന റോയിയെ വിത്സൺ എബിക്ക് മുന്നിലേക്ക് വിളിച്ചു, പരിചയപ്പെടുത്തി. 
രണ്ടുപേരും പരസ്പരം കൈകൊടുത്തു. ചിരിച്ചു.

മുറിയിലേക്ക് വരുമ്പോൾ ചിലപ്പോൾ ഞങ്ങളിൽ ഏതെങ്കിലും ഒരാൾ മാത്രമേ കാണുകയുള്ളുവെന്ന് സൂസൻ പറഞ്ഞത് എബിക്ക് മനസിലായില്ലെങ്കിലും,
രണ്ടുപേരും ആശുപത്രിയിലെ എമർജൻസി വാർഡിലാണെന്നും രണ്ടു ഷിഫ്റ്റിലാണെന്നും സൂസൻ വിശദീകരിച്ചു കൊടുത്തപ്പോൾ ജോലിഭാരമാണെന്ന് എബി മനസ്സിലാക്കി.

റോയിയെ കൂടുതലായി പരിചയപ്പെടാനെന്നോളം എന്താണ് ജോലിയെന്ന എബിയുടെ ചോദ്യത്തെ അയാൾ ചിരിച്ചുതള്ളി. മറ്റു പണികളൊന്നുമില്ലാത്തതിനാലും വിത്സൺ നിർദ്ദേശിച്ചതിനാലും റോയി ഞായറാഴ്ച ദിവസത്തെ ബാക്കിസമയം എബിയുടെ വഴികാട്ടിയായി. 
ആദ്യമായി വലിയ കെട്ടിടങ്ങൾക്കിടയിൽ വിശാലമായ രണ്ടുനില വീട്ടിലേക്ക് റോയി എബിയച്ചനെയും കൊണ്ട് നടന്നു. മഞ്ഞ ഷർട്ടും വെള്ള പാന്റുമിട്ടുകൊണ്ട് ക്ലീൻ ഷേവിൽ വൃദ്ധനായ ഒരാൾ വീടിന്റെ ഉമ്മറത്ത് നിൽക്കുന്നത് ശ്രദ്ധിച്ചു. എബി റോയിയുടെ മുഖത്തേക്ക് നോക്കി.

'ജാർസയിൽ എന്തും ഇയാളറിഞ്ഞു മാത്രമേ നടക്കാൻ പാടുള്ളു.' റോയി പറഞ്ഞത് എബിയച്ചന് മനസ്സിലായില്ല.
വീടിന്റെ ഉമ്മറത്തു ചെന്ന് വൃദ്ധനായ, ജാർസയിൽ രാജാവിനെപ്പോലെ അധികാരമുള്ള കുൽബീർ സിങ് ധാക്കയുടെ മുന്നിൽ വിനീതനായി റോയി എബിയെ പരിചയപ്പെടുത്തി.

'ഇതിപ്പോ എത്രാമത്തെ പള്ളിയാടോ.' 
കുൽബീർ സിങ് തമാശയെന്നോളം ഹിന്ദിയിൽ ചോദിച്ചു.

റോയി ചിരിച്ചു. എന്തിനാണെന്ന് പോലുമറിയാതെ എബിയും. ഇറങ്ങും മുന്നേ കുൽബീർ സിങ്ങിന്റെ മകൻ അകത്തും നിന്നും പുറത്തേക്ക് വന്നുകൊണ്ട് റോയിയോടായി പറഞ്ഞു, 
'ഇതിപ്പോ കുറേ കൂടിവരുന്നുണ്ട്, അതുകൊണ്ട് നോക്കി മാത്രം ഇനി സമ്മതിച്ചാൽ മതി. ആരുടെ മണ്ണാണെന്ന് ഓർമ്മവേണം.' സ്വരത്തിലുണ്ടായിരുന്ന ഭീഷണി റോയിയെപ്പോലെതന്നെ എബിയച്ചനും മനസ്സിലായി.

ഗേറ്റടച്ചു പുറത്തേക്കിറങ്ങി. ജാർസയിലെ കെട്ടിടങ്ങൾക്കിടയിൽ കിടക്കകട കണ്ടപ്പോൾ കിടക്കയില്ലാത്തതിനാൽ ഇന്നലെ നിലത്തെ തണുപ്പിൽ ഉറങ്ങാൻ പറ്റാത്തത് എബി ഓർത്തു.
റോയി കിടക്കയും വൂളൻ ബ്ലാങ്കറ്റും ഓർഡർ ചെയ്യുന്നതിനിടെ തൊട്ടടുത്ത കടയിൽ നിന്നും ഗ്യാസ് കുറ്റിയിൽ നിറച്ചുകൊടുക്കുന്നത് അതിശയത്തോടെ നോക്കി നിന്നു. പുറത്തേക്ക് പോകുന്ന ഗ്യാസിൽ എവിടുന്നെങ്കിലും തീപിടിച്ചാൽ ജാർസ മുഴുവനായി കത്തി തീരുമെന്ന് അയാൾ ചിന്തിച്ചുകൊണ്ട് ചുറ്റിലും നാലഞ്ചു നിലകളിലായി പന്തലിച്ചു നിൽക്കുന്ന കെട്ടിടങ്ങളും കെട്ടിടത്തിൽ നിന്നും ഇറങ്ങിയോടുന്ന മനുഷ്യരെയും എബി കണ്ടു.

ആദ്യം വിത്സന്റെ റോയൽ സ്റ്റോറിലേക്ക് കയറി. ജാർസയിലെ ഏക മലയാളിക്കട. എണ്ണക്കടികളും മട്ട അരിയും മറ്റും ജാർസയിലെ മലയാളികൾക്ക് അവിടുന്ന് മാത്രമേ ലഭ്യമാവുകയുള്ളുവെന്ന് വിത്സൺ കസ്റ്റമറുടെ തിരക്കിനിടയിലും തൊഴുത് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. 
കടയിലെ തിരക്കെന്നോളം എബി പുറത്തേക്കിറങ്ങി. 
കടയ്ക്ക് രണ്ടുമുറി അകലെ, ജാർസയിലേക്കുള്ള കെട്ടിടങ്ങൾ തുടങ്ങുന്നതിനടുത് മലയാളിയുടെ ലാബാണെന്ന് പരിചയപ്പെടുത്തി റോയി മുന്നിൽ നടന്നു. എബി പിന്നാലെയും. എബി കെട്ടിടങ്ങൾക്കിടയിലുള്ള രണ്ടുപേർക്ക് കഷ്ടി നടക്കാൻ പറ്റുന്ന വഴിയിൽ നിന്ന് മെഡിക്കൽ ലാബിന്റെ ബോർഡ് വായിച്ചു.

'ജീസസ്'.
അമൽ ബ്ലഡ് കൊടുത്തതിന്റെ പ്രതിഫലമെന്നോളം മൂന്നുറു രൂപ വാങ്ങി ലാബിൽ നിന്നുമിറങ്ങുമ്പോൾ; ചത്തുപോകാതെ നോക്കണമെന്ന് ഷിതോഷ് മുന്നറിയിപ്പ് നൽകി. അമലിന്റെ ബ്ലഡിന്റെ മുകളിൽ 'രാജ്പുത് എന്ന് മാർക്ക് ചെയ്തശേഷം എബിയെ സ്വാഗതം ചെയ്തു.

മലയാളി നേഴ്‌സ്മാരെ കേന്ത്രീകരിച്ചു നടത്തുന്ന ജീസസ് നാമത്തിൽ ലാബും IELTS കോച്ചിങ്ങും, പുതുതായി തുടങ്ങിയ ഹോം നഴ്സിംഗ് സർവീസും തിരക്കിലായതുകൊണ്ട് നേഴ്സിങ് ജോലി വിട്ട് ബിസിനസ് വളർത്തുന്ന തിരക്കുപിടിച്ച മനുഷ്യനെന്ന് ഷിതോഷിനെ റോയി പരിചയപ്പെടുത്തി. 
ഭാര്യയായ അന്നയാണ് IELTS ക്‌ളാസെടുക്കുന്നതെന്ന് കൂട്ടി ചേർത്തു. മുകളിലത്തെ നിലയിൽ നിന്നും അന്നയുടെ ക്‌ളാസ്സ് നടക്കുന്നു. സൂസനും എമിയും നസ്രിയും താഴത്തെ നിലയിൽ നടക്കുന്ന സംഭാഷണം ശ്രദ്ധിക്കുന്നുണ്ട്.

പുറത്തിറങ്ങി ജാർസയിലേക്ക് സ്വാഗതം ചെയ്യുന്ന ആൽമരത്തിന്റെ മുന്നിലായി വന്നു; കീഴിൽ മാലകളും കുങ്കുമവും ചാർത്തിയ കല്ലിനുമുന്നിൽ വൃദ്ധനായ ഒരാൾ തൊഴുതുകൊണ്ട് നേപ്പാളിയുടെ സിഗരറ്റു കടയിൽ ചെന്ന് ബീഡി വലിച്ചു നിൽക്കുന്നത് തണുത്തു വിറച്ചുകൊണ്ട് എബി വീക്ഷിച്ചു.

'നീ വലിക്കുവോ?'

'ഇവിടുത്തെ തണുപ്പിൽ ആരാണച്ചോ വലിക്കാതെ?' റോയി മറുപടി നൽകി നേപ്പാളിയോട് രണ്ടു ചായയ്ക്ക് ഓർഡർ നൽകി ഒരു മാൽബറോ സിഗരറ്റു വാങ്ങി തീ കൊളുത്തി. 
നേപ്പാളി നേരിയ കഞ്ചാവിന്റെ ഇല പാലിലേക്ക് ചേർത്ത് രണ്ടുമൂന്നു തവണ പാത്രത്തിൽ ഇളക്കുന്നത് നോക്കി നിൽക്കുന്ന എബിയച്ചന് മുന്നിലൂടെ കാറ്റടിച്ചപ്പോൾ മൂക്കുപൊത്തി. പിന്നിലെ ചളിയിൽ പന്നികൾ കുത്തിമറയുമ്പോൾ പന്നികളുടെ കൂടെ കളിക്കുന്ന കുട്ടികളും ചെളിയിലേക്ക് കൂപ്പുകുത്തിയ കൂരകളും കണ്ണിൽ പെട്ടു.

'അപ്പോൾ ഇതാണ് ജാർസ?'
റോഡിനപ്പുറത്തായുള്ള വലിയ ആശുപത്രിയും ജാർസയിലെ ഉയർന്ന കെട്ടിടങ്ങളും കെട്ടിടങ്ങൾക്കിടയിലൂടെ രണ്ടുപേർക്ക് കഷ്ടി നടക്കാൻ പറ്റുന്ന വഴിയിലൂടെ തിരക്കിട്ടോടുന്ന നഴ്സ്മാരെയും അവർക്കിരുപുറമായി ഇടവഴിയിലെ കല്ലുകളിൽ, കെട്ടിടങ്ങളിലേക്കുള്ള പടികളിൽ, ചൂഴ്ന്നിറങ്ങുന്ന കണ്ണുകളും അവരുടെ ചലവിൽ മുറിക്കുളിലെ പുതപ്പിനുള്ളിൽ തണുപ്പാസ്വദിക്കുന്ന പുരുഷന്മാരെയും അവരുടെ പ്രാർത്ഥനകളും പ്രാർത്ഥനകൾ തരം തിരിക്കുന്ന ഏഴു പള്ളികളും നോക്കി, തണുപ്പിൽ ജാക്കറ്റിന്റെ രണ്ടു പോക്കറ്റിലേക്കും കൈകൾ തിരുകി എബി പറഞ്ഞു.

'ഇതും ജാർസ'
ജാർസയുടെ ഏകദേശ രൂപം അയാൾക്ക് പിടികിട്ടിയെന്ന് റോയിക്ക് മനസ്സിലായി. ചിരിച്ചുകൊണ്ട് തിരുത്തി.

'അച്ഛൻ വരുന്നതിനു മുന്നേ കൺവെൻഷനും ആദ്യ പ്രാർത്ഥനയും ക്ഷണിക്കാൻ എല്ലാവരുടെയും മുറിയിലേക്ക് പോകണം' 
എബി പുകവലിച്ചു കുറ്റി നിലത്തിട്ട ശേഷം റോയിയോട് പറഞ്ഞു. ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങി, ലാബിന്റെ മുന്നിൽ അന്നയെയും നസ്രിയെയും കണ്ടിട്ടെന്നോളം റോയി പരിചയപ്പെടുത്തി.

'ഇതാണച്ചോ ടീച്ചർ, അന്ന'
'അന്ന' എബി പേര് ആവർത്തിച്ചു.
'ഇത് നസ്രിയ, അന്നയുടെ അനിയത്തിയാണ്.'

'നസ്രിയ' എബി തല കുലുക്കികൊണ്ട് പേര് ആവർത്തിക്കുമ്പോൾ അന്ന ചിരിച്ചതും നസ്രിയയുടെ മുഖം മൂകതയിൽ കുമിഞ്ഞു കൂടിയതും ശ്രദ്ധിച്ചു.
അന്ന തിരിഞ്ഞു നടന്നു. ഗർഭിണിയായ ഒരുവളുടെ ബുദ്ധിമുട്ട് ഇരുവരും കണ്ടു.

ഇരുവരും പള്ളിയിലേക്ക് തിരിച്ചു. 
രണ്ടുപേരുടെയും ശ്രദ്ധ ലാബിലെ ചുവരിൽ ചാരി ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സൂസന്റെയും എമിയുടെയും മെയിൽ നേഴ്സ് ഷിനോജിലേക്കും പതിച്ചു. എബിയുടെ കണ്ണുകൾ പ്രണയ പരവശത്തോടെ എമിയുടെ ചിരികളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ സൂസൻ റോയിയുടെ മുഖത് ദേഷ്യം വരാനുള്ള കാരണത്തിനിടയാക്കിയത് എബിയറിഞ്ഞില്ല.

മറ്റൊരാളുമായി സംസാരിച്ചു നിൽക്കുന്ന സൂസനെ ദേഷ്യത്തോടെ നോക്കി അമലിന്റെ കൂടെ നേപ്പാളിയുടെ സിഗരറ്റു കടയിലേക്ക് വീണ്ടും നടന്നു. 

'കയ്യിന്നു പോയോട?'
ഇടയ്ക്കിടെ ദേഷ്യത്തോടെ സൂസനെ ഇടം കണ്ണിട്ടുകൊണ്ട് നോക്കുന്ന റോയിയോട് അമൽ ചോദിച്ചു.

അമൽ സിഗരറ്റ് വാങ്ങി കത്തിച്ചു. റോയി അത് കയ്യിലേക്ക് വാങ്ങി. 
ജാർസയിലെ മറ്റു ചിലർ അവർക്കൊപ്പം തണുപ്പകറ്റാനായി പുക വിട്ടു. റോയിയുടെ മനസ്സ് തണുപ്പിൽ മൂടിയ ജാർസയിൽ നിന്നും ഉരുകി. 
തനിക്ക് ചുറ്റുമുള്ള ജാർസയിലെ യുവാക്കൾ പറയുന്ന പ്രണയ കഥയിലേക്ക് അമൽ കാതു കൊടുത് ഓരോ കഥയും തന്റെഭാവനയിൽ സൂക്ഷിച്ചുവച്ചു; തണുപ്പിൽ ബീഡി പുക ചുരുളുകളായി ജാർസയിലെ കെട്ടിടങ്ങൾക്കിടയിലൂടെ വട്ടമിട്ടു പറക്കുമ്പോൾ റോയി സിഗരറ്റ് അമലിനു കൈമാറി.

മുറിക്കുള്ളിലൊതുങ്ങുന്ന ഞായറാഴ്ച ദിവസത്തെ എല്ലാ ജോലികളും തീർത്തശേഷം പരക്കെ പായുന്ന മനുഷ്യർക്കിടയിൽ ഭാര്യയായ യുവതിക്കൊപ്പം ജാർസയിലെ തന്നെ ഹരിയാനിയായ യുവാവ് നടത്തുന്ന സ്ട്രീറ്റ് ഫുഡ് അടുപ്പിൽ നിന്നും ചൂട് ബർഗർ വാങ്ങി സൂസൻ റോയിയുടെ മുറി ലക്ഷ്യമാക്കി നടന്നു. മുറിയിൽ ചിന്തകളിലാണ്ടു കട്ടിലിൽ കിടക്കുന്ന റോയിയുടെ മുന്നിൽ സൂസനെത്തി. ചിരിച്ചു! കട്ടിലിനോരമിരുന്നു. ബർഗർ അയാളുടെ വായിലേക്ക് വച്ചുകൊടുത്തപ്പോൾ റോയി എഴുന്നേറ്റിരുന്നു. 
എമി പതിനൊന്നു മണിക്ക് ഡ്യൂട്ടിക്ക് പോകുമെന്നും രാത്രി അവിടേക്ക് വരാനും പറഞ് സൂസൻ ഇറങ്ങിപോകുമ്പോൾ അമൽ ബാത്‌റൂമിൽ നിന്നും ഇറങ്ങിവന്ന് തന്റെ ലാപ്‌ടോപ്പിന് മുന്നിലിരുന്നു.

നിഷിദ്ധ സംഗമത്തിന്റെ അവസാനത്തെ എപ്പിസോഡ് എഴുതുന്നതിനിടയിൽ എവിടെയോ അയാൾ റൈറ്റേർസ് ബ്ലോക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. അയാൾ റോയിയോട് ചോദിച്ചു. 
'ഭാര്യ മറ്റു നാല് കാമുകന്മാരുടെയൊക്കെ കറങ്ങി ഒരു വർഷം കഴിഞ്ഞു തിരിച്ചുവന്നാൽ ഭർത്താവ് എങ്ങനെയാ പെരുമാറുക?'

'ഒരുവർഷം കാണാതിരുന്നാൽ ഭർത്താവ് പരാതി കൊടുക്കില്ലേ?' റോയ് സംശയം ഉന്നയിച്ചപ്പോൾ 'ഭർത്താവിന് അതൊക്കെ അറിയാം' എന്ന് ഉത്തരം നൽകി.

'പെണ്ണുങ്ങൾക്കും ഒരേ സമയം രണ്ടുമൂന്ന് പേരെ പ്രേമിക്കാലോ, അയാൾ പരാതി ഒന്നും ഇല്ലാതെ സ്വീകരിക്കട്ടെ. കാമകേളി ഉണ്ടാവട്ടെ. അങ്ങനെയൊരു അവസാനം നന്നായിരിക്കുമെന്ന്' റോയി അമലിനെ ഉപദേശിച്ചു. 
അയാൾ താത്പ്പര്യത്തോടെ ലാപ്ടോപ്പ് സ്‌ക്രീനിൽ അതെഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ റോയ് പുറത്തേക്കിറങ്ങി.

'ഇന്ന് വരൂല്ലല്ലോ?' 
അമലിന്റെ ചോദ്യം റോയിൽ നിസ്സംഗതയാർന്ന സംശയത്തിനിടവരുത്തി.

റോയി പുറത്തേക്കിറങ്ങി. പാതയോരത്തെ തിരക്ക് കുറഞ്ഞു. വിത്സന്റെ റോയൽ സ്റ്റോറിന്റെ ഷട്ടർ താഴ്ന്നുകൊണ്ടിരിക്കെ റോയ് ബീഡി കത്തിച്ചു; ലൈറ്റ് അണയും വരെ കാത്തു നിന്നു. 
വിത്സൺ കടയ്ക്കു മുന്നിലെ ലൈറ്റ് അണച്ച് ഏതോ കെട്ടിടത്തിനുള്ളിലേക്ക് മറഞ്ഞതും സൂസന്റെ മുറിയിലേക്കുള്ള പടികൾ ആരും കാണാതെ ഓടിക്കയറി.
പടികളിൽ നിന്നും തിരച്ചിറങ്ങുന്ന നസ്രിയും എമിയും റോയിയുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. റോയി തിരിച്ചും. 
ജാർസയിലെ ഓരോ മുറികളിലും ആകുലതകളും സങ്കടങ്ങളും രതിമൂർച്ചകളും രാത്രിയിൽ ഞെറുപിരികൊണ്ടു.

സൂസന്റെ മുറിയിൽ; 
റോയ് പരുക്കനായി നിലത്തുവിരിച്ച കിടക്കയിലേക്കിരുന്നു.

വിദേശത്തേക്ക് പോകുന്നതിനുള്ള ചിലവ് സമാഹരിക്കുന്നതിന്റെ ഭാഗമായി ജാർസയിലെ ചിലവ് ചുരുക്കേണ്ടുന്ന ആവലാതികൾ സൂസൻ പങ്കുവയ്ക്കുമ്പോൾ അയാളുടെ ശ്രദ്ധ തനിക്ക് ദൂരെയാണെന്നു അവൾ മനസ്സിലാക്കി. 
അയാളുടെ മുഖത്തേക്ക് നോക്കി കാര്യങ്ങൾ ആവർത്തിച്ചു. അടുത്തയാഴ്ച വാടക ഷെയർ ചെയ്യുന്നതിനായി മറ്റൊരു റൂം മേറ്റ് മുറിയിലേക്ക് വരുന്നുണ്ടെന്നും പ്രൈവറ്റ് നഴ്സിംഗ് പാർടൈമായി എമിയുടെ കൂടെ ചെയ്യാനും പദ്ധതിയുള്ള കാര്യം റോയിയെ അറിയിക്കുമ്പോൾ സൂസന്റെ മൊബൈലിലെ എല്ലാ ചാറ്റ് ബോക്‌സും തുറന്നു നോക്കി പരിശോധനയിലാഴ്ന്നുകൊണ്ട് റോയി കിടക്കയിൽ ചുവരിൽ ചാരിയിരുന്നു.

മറ്റു പുരുഷന്മാരുമായുള്ള ഇടപെടലിലുള്ള അയാളിലെ മുറുമുറുപ്പും ആകുലതകളും അവൾ കേട്ടു; സൂസൻ അയാളിലെ ഭാവമാറ്റങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടുതന്നെ പ്രണയ പരവേശത്തോടെ പെരുമാറി. അതിനെ മറ്റു രീതിയിൽ വ്യാഗ്യാനിക്കേണ്ടതില്ലെന്നും ഒരുമിച്ചു ജോലി ചെയ്യുന്നവർ തമ്മിലുള്ള സൗഹൃദമാണെന്നും പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചു. 
മനസ്സിൽ കുറുകിക്കിടന്നിട്ടുള്ള തന്റെ പ്രണയത്തിന്മേലുള്ള വിശ്വാസത്തിൽ പിളർപ്പിടാതെ തന്നെ ദേഷ്യത്തോടെ മാറി നിൽക്കുന്ന അയാളെ പ്രണയത്തോടെ തന്നിലേക്കടുപ്പിച്ചു; അയാളുടെ മനസ്സിനെ ശാന്തമാക്കിയെടുക്കാൻ അവൾ ശ്രമിച്ചു. എപ്പോഴോ ജാർസ ഇരുട്ടിലേക്ക് വീഴുമ്പോൾ ഗ്യാസ് ഓട്ടോയുടെ ശബ്ദം കെട്ടിടങ്ങൾക്കിടയിലൂടെ കടന്നുപോയി. 
അപ്പോഴും സൂസൻ പറഞ്ഞത് അയാളുടെ കാതുകളിലേക്കെത്തിയിരുന്നില്ല.


2
അന്നയുടെ IETS ക്ലാസ്സിനുശേഷം സൂസനും എമിയും നസ്രിയും ഷിനോജുമൊക്കെ ഫോം പൂരിപ്പിക്കുന്നതിൽ മുഴുകിയിരിക്കുമ്പോൾ അന്ന അവർക്ക് അവസാന റൌണ്ട് ഇന്റർവ്യൂ ക്ലിയർ ചെയ്തെടുക്കുന്നതിനുവേണ്ടുന്ന എളുപ്പ വിദ്യകൾ പറഞ്ഞുകൊടുത്തു. പ്രതീക്ഷകൾ ഓരോ മുഖത്തും പ്രത്യക്ഷപ്പെട്ടു.

'പ്രൈവറ്റ് നഴ്സിങ്ങിന് കുറച്ചു മെയിൽ നഴ്സ് വേണല്ലോ, നീ നിക്കുവോ?'
ലാബിൽ സൂസനെ കാത്തു നിൽക്കെ ഷിതോഷ് ചോദിച്ചു.

'എനിക്ക് കൈല, ആൾക്കാരെ ചർദിയും തീട്ടവും കോരാൻ' 
ജോലിയെടുക്കുന്നതിലുള്ള താത്പ്പര്യക്കുറവിൽ റോയിയുടെ വിരലുകൾ രജിസ്റ്ററിലെ പേരുകളിൽ നുഴഞ്ഞു.

ക്‌ളാസിൽ നിന്നും അവർ താഴേക്കിറങ്ങി വന്നു. 
സൂസന്റെ കൂടെ ഷിനോജിനെ കണ്ടപ്പോൾ റോയിയിലെ അതൃപ്തി അമൽ വായിച്ചെടുത്തു. 
സൂസൻ റോയിയോട് ചേർന്ന് പ്രണയപരവശത്തോടെ നിൽക്കാൻ ശ്രമിക്കുമ്പോഴും മുഖത്തേക്ക് പോലും നോക്കാതെ അയാൾ പലവഴി ഒഴിഞ്ഞുമാറി. സങ്കടത്തോടെ അവൾ ലാബിൽ നിന്നും ആശുപത്രിയിലെക്കെന്നോളം നടക്കെ എമിക്ക് റൂമിന്റെ ചാവി കൈമാറി. അവളുടെ കണ്ണുകൾ നനഞ്ഞു. ഷിനോജിന്റെ ചോദ്യത്തിന് ഉത്തരം പറയുമ്പോൾ വാക്കുകൾ വിങ്ങി. അയാളിൽ നിന്നും അറിയാതെ അകലം സൃഷ്ടിച്ചു. ഓരോ മുഖങ്ങളിലേക്കും അമലിന്റെ നോട്ടം പതിഞ്ഞു.

അമലിന്റെ ഫോണിൽ മെസേജ് വന്നു. എട്ടായിരം രൂപ ക്രെഡിറ്റായിരിക്കുന്നു. ബീഡിപ്പുക ജാർസയുടെ ഇരുട് നിറഞ്ഞ ആകാശത്തിലേക്ക് പറത്തി അയാൾ മെസേജ് വായിച്ചു. റോയിയെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കുവച്ചു.

'കമ്പി സ്റ്റോറിയെഴുതിയാൽ ഇത്ര പൈസ കിട്ടുവോ?' റോയി ആകുലതയോടു കൂടിയുള്ള സംശയം പങ്കുവച്ചു.

'മുന്നേത്തതാ, മൈസൂർ മല്ലിഗൈ. ഞാനും ആദ്യം വിശ്വസിച്ചില്ല. ഒരു മാസം നാലെണ്ണം എഴുതിയാൽ.!' അമൽ ആലോചനയിൽ കണക്കു കൂട്ടി.

'എന്നാൽ ഞാനും ഷെയർ ഇടാം, പകുതി എനിക്കും.' അമൽ റോയിയുടെ മുഖത്ത് ദേഷ്യത്തോടെ നോക്കി. 
അപ്പോഴും സ്ക്രീൻ ചില്ലുകൾ പൊട്ടിയുടഞ്ഞ റോയിയുടെ ഫോണിൽ സൂസന്റെ മെസേജുകൾ വന്നുകൊണ്ടേയിരുന്നു. പക്ഷെ അയാളിലത് തൊട്ടറിഞ്ഞേയില്ലെന്ന് അമലിനു തോന്നി.

മുറിയിൽ ലാപ്‌ടോപ്പിന് മുന്നിലിരുന്ന്‌ റോയി സൂസനുമായുള്ള ലൈംഗികചോദനങ്ങള്‍ അമലിനോട് പങ്കുവച്ചു. സൂസന്റെ ശരീരഭംഗിയും സംസാരവും ഞെരക്കവും റോയി അമലിനുമുന്നിൽ തുറന്നു വിട്ടു. കാമുകിയുടെ രതിമൂർച്ഛ വർണ്ണിക്കുന്ന റോയിയുടെ ആവേശത്തിൽ രണ്ടുപേരും മണിക്കൂറുകൾ ലോകം മറന്നുപോയി.

റോയിയുടെ ഫോണിലേക്ക് വരുന്ന സൂസന്റെ മെസേജുകൾ അമൽ ചൂണ്ടികാണിച്ചു. ഫോണിലേക്ക് വരുന്ന കാമുകിമാരുടെ എസ്സേ വായിക്കാനുള്ളതല്ലെന്നും അതൊന്നും അവർക്ക് നാളെ ഓർമ്മപോലും ഉണ്ടാവില്ലെന്നും അല്ലെങ്കിൽ ടൈപ്പ് ചെയ്തു തീരുമ്പോഴേക്കും പരിഭവം മാറിക്കോളുമെന്ന അയാളുടെ വചനത്തിൽ ഒരുനിമിഷം അമലിന്റെ ശ്രദ്ധയുടക്കി. 
വീണ്ടും നിഷിദ്ധ സംഗമത്തിന്റെ ക്ലൈമാക്സ് എഴുത്തിലേക്ക് മടങ്ങുന്നതിനിടെ ബാത്റൂമിലേക്ക് ചെന്ന അമൽ തൊട്ടടുത്ത ഫാമിലി താമസിക്കുന്ന മുറിയിലെ ബാത്റൂമിൽ നിന്നുമുള്ള ശബ്ദം കേട്ടെന്നോളം തന്റെ ബാത്റൂമിലെ ലൈറ്റ് ഓഫ് ചെയ്ത് ബാത്‌റൂമിൽ നിന്നും ബാത്റൂമിലേക്കുള്ള ജനാല മറച്ച ഹിന്ദി പത്രത്തിൽ തുളയിട്ടു; അടുത്ത ബാത്റൂമിലേക്ക് നോക്കി നിന്നു. അയാളുടെ കണ്ണുകൾ കണ്ടതൊക്കെ തലച്ചോറിൽ കാമത്തോടെ ഓർത്തുവച്ചു. പുറത്തേക്കിറങ്ങി. അന്ന് രാത്രി തന്റെ കമ്പിക്കഥയ്ക്കു വേണ്ടുന്ന എന്തൊക്കെയോ കിട്ടിയിരുന്നെന്ന് തോന്നുന്നു.

'ഷിതോഷിന്റെ ലാബിൽ ഒരാൾ വരുന്നില്ലേ ഇന്ന്?' 
അമൽ നിലത്തിരുന്നുകൊണ്ട് റോയിയോട് ചോദിച്ചു.

'കസിനല്ലേ?' റോയിയുടെ മറുപടിയിൽ അമൽ ചിരിച്ചു.

'കസിൻ..! പുള്ളി നടത്താൻ ഉദ്ദേശിക്കുന്ന ഹോം നഴ്സിംഗ് ശെരിക്കും നഴ്സിംഗ് അല്ല. പുള്ളി അത്ര നീറ്റല്ല. ഉടായിപ്പാണ്‌.'

അമൽ റോയിയോട് സംസാരിച്ചിരിക്കെ അടുത്ത മുറിയിലെ ഹിന്ദിക്കാരൻ അമലിന്റെ മുറിയുടെ വാതിലിനു മുന്നിൽ തന്റെ ഭാര്യയുമായി വന്നു. ഒരു നിമിഷം പകച്ചെങ്കിലും അവർ തിരിച്ചു മുറിയിലേക്ക് തന്നെ നടന്നു. 
അമലിന്റെ എഴുത്തിന്റെ വേഗത കൂടിയത് റോയി അതിശയത്തോടെ നോക്കി. എഴുതിത്തീർന്ന ആവേശത്തിൽ അമൽ പറഞ്ഞു 'ദി ബെസ്ററ് ക്ലൈമാക്സ് എവർ ഇൻ ഇൻഡസ്ട്രി'. അമൽ റോയിയെ കെട്ടിപ്പിടിച്ചുകൊണ്ട് കട്ടിലിൽ കിടന്നു. 
ജാർസ ഇരുട്ടിൽ നിന്നും കൂരിരുട്ടിലേക്ക് നീങ്ങുമ്പോൾ ഗ്യാസ് ഓട്ടോറിക്ഷകളുടെ ശബ്ദം മാത്രം ബാക്കിയായി.

ആശുപത്രിയിൽ നിന്നും ലീവെടുത്തു. 
ജാർസയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമെന്നോളം നസ്രി കാനഡയിലേക്ക് പോകുന്നതിനായുള്ള ഫോം ഷിതോഷിനെ ഏൽപ്പിക്കുമ്പോൾ ലാബിലേക്ക് വന്ന പുതിയ സ്റ്റാഫ് ഷിതോഷിനടുത്തു നിന്നു. സൂസന്റെയും എമിയുടെയും ഫോം അതിലുണ്ടായിരുന്നു. ഇനിയുള്ള കടമ്പ പണത്തിന്റേതാണെന്ന് മൂവർക്കുമറിയാം. ഏജൻറ് ഫീസിനെക്കുറിച്ചും മറ്റു കടമ്പകളും ഷിതോഷ് വിവരിച്ചുകൊണ്ട് തന്നെ കൂടുതൽ അന്വേഷണങ്ങൾക്ക് കാനഡയിലേക്ക് പോയ നഴ്സുമാരുടെ നമ്പർ മൂന്നുപേർക്കും നൽകി.

ആദ്യത്തെ പ്രൈവറ്റ് നഴ്സിങ്ങിന് നാളെ പോകേണ്ടുന്ന ലൊക്കേഷൻ മനസ്സിലാക്കി. രോഗിയെയും. ആശുപത്രിയെക്കാളും ബേധം പ്രൈവറ്റ് നഴ്സിംഗ് ആണെന്ന് മനസ്സിലാക്കിയതിലുള്ള സങ്കടം നിഴലിച്ചു. ഏത് കടമ്പ കടന്നാണെങ്കിലും ജാർസയിൽ നിന്നും രക്ഷപ്പെടാനുള്ള മൂവരുടെയും ആവേശം സംശയങ്ങളായി വന്നുകൊണ്ടിരുന്നു. ലാബിലെ ബെഞ്ചിലിരുന്ന കറുത്ത തടിച്ച ഉയരമുള്ള ആഫ്രിക്കനായ മനുഷ്യൻ മൂവരെയും നോക്കിക്കൊണ്ടിരുന്നപ്പോൾ ഷിതോഷ് കുറച്ചുസമയം കാത്തിരിക്കാനെന്നോളം ആംഗ്യം കാണിച്ചു.

ലാബിൽ നിന്നും മൂന്നുപേരും ഇറങ്ങി നടക്കുമ്പോൾ ശോകാകുലമായി മാറിയ മൂന്നു മുഖങ്ങളും ജാർസയെ ഇരുട്ടിലാഴ്ത്തി. ഏജന്റ് വിലയായ ഏഴ് ലക്ഷം രൂപ! - എമി പിറുപിറുത്തു. നസ്രിയും സൂസനും നഴ്സിംഗ് പഠിക്കുന്നതിനായെടുത്ത നാലുലക്ഷം രൂപയുടെ എഡ്യൂക്കേഷൻ ലോണിനെകുറിച്ചും തിരിച്ചടക്കാൻ കഴിയാത്തതിലുള്ള ആകുലതകളും പങ്കുവച്ചുകൊണ്ട് റോഡരികിലേക്ക് നടക്കെ എമിയുടെ മുഖം ക്ലേശത്തിൽ നിന്നും സങ്കടത്തിലേക്ക് വാക്കുകൾ പുറത്തേക്ക് വരാത്തവിധം ഇരുണ്ടിരുന്നു.

മൂവരും ഓട്ടോയിലേക്ക് കയറി. ജാർസയുടെ മുന്നിൽ നിന്നും ദൂരേക്ക് മറയുന്നതുവരെ ആഫ്രിക്കനായ മനുഷ്യന്റെ കണ്ണുകൾ മൂന്നു സുന്ദരിമാരുടെയും ശരീരത്തിൽ ഉടച്ചുനിന്നു.

നാളെ രാവിലെയുള്ള എബിയച്ഛന്റെ പള്ളിയിലെ കൺവെൻഷന് വേണ്ടി പള്ളിയൊരുക്കുന്നതിൽ റോയിയും അമലും സഹായിക്കെ മാതാവിന്റെ പ്രതിമ നോക്കി അമൽ ചിന്തയിലേക്ക് വീണു.
ഇന്റർവ്യൂനു ശേഷം നേഴ്‌സുമാരുടെ അന്നത്തെ ദിവസത്തെ ഇന്ത്യഗേറ്റിലേയും ചെങ്കോട്ടയിലെയുമൊക്കെ സുന്ദരമായ നിമിഷങ്ങൾ ഫോട്ടോകളായി എമിയിൽ നിന്നും എബിയുടെ ഫോണിലേക്ക് വന്നുകൊണ്ടിരുന്നു. 
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അത് അമലിന്റെയും റോയിയുടെയും മുന്നിലേക്ക് നീട്ടി; റോയ് എബിയുടെ കയ്യിൽ നിന്നും ഫോൺ തന്റെ കയ്യിലെടുത്തു സൂസന്റെ ഫോട്ടോകൾ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. 
ചിലതിൽ അവൾക്കരികുപറ്റി നിൽക്കുന്ന ഷിനോജിന്റെ ചിത്രങ്ങൾ കണ്ടതുകൊണ്ടെന്നോളം അയാളിൽ ദേഷ്യം കനത്തു. ഭക്ഷണം കഴിച്ചശേഷം അയാൾ സൂസനെ ഫോണിൽ വിളിച്ചു. തന്റെ കാമുകനോടുള്ള പ്രണയത്തിന്റെ ആദരവ് കണക്കെ ആഹ്ലാദ നിമിഷത്തിൽ നിന്നും അൽപ്പം മാറി ഫോണെടുത്തു.

'ട്രിപ്പ് പോയിനല്ലേ?'
'ഫോട്ടോ അയച്ചിനല്ലോ, കണ്ടോ?' അവൾ സന്തോഷത്തോടെ ചോദിച്ചു.
'വെറുതെ ഇരിക്കുവാണേലും കൂടെ കൂട്ടണ്ട, പക്ഷെ പറയാനും പറ്റില്ലേ?' റോയിയുടെ സ്വരം മാറുന്നതിനു കണക്കെന്നോളം സൂസന്റെ മുഖം ഇരുണ്ടു.

'അത് ആശുപത്രിയിലെ ടീം ..' റോയിയുടെ വികാര തള്ളിച്ചയിലെ ദേഷ്യത്തെ അടക്കുവാനെന്നോളം അവൾ അയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അവളുടെ ഉദാസീനതയിൽ അയാളവളെ അടക്കി ഭരിച്ചു. 
ചോദ്യങ്ങളും പ്രസ്ഥാവനകളും അവൾക്കുനേരെ ചാരിവച്ച്‌ ഫോൺ കട്ട് ചെയ്തു. അപ്പോൾ അയാൾക്ക് ആശ്വാസം തോന്നി. 
പൂക്കളുകൾക്കിടയിൽ കൂട്ടായ നിമിഷങ്ങളിലെ ആഹ്ലാദം കൊള്ളുന്ന സഹപ്രവർത്തകർക്കു പിന്നിൽ തിരിഞ്ഞുനിന്ന് അവൾ നനഞ്ഞ കണ്ണുകൾ മറച്ചുപിടിച്ചപ്പോൾ നസ്രി സൂസനെ വിളിച്ചുകൊണ്ടേയിരുന്നു. അവൾ കേട്ടതായി നടിച്ചില്ല. എമിയും നസ്രിയും സൂസനടുത്തേക്കു വരുമ്പോൾ ഗാർഡനിലെ മഞ്ഞയും ചുവപ്പും നിറമുള്ള ഡാലിയ പൂക്കൾകൊണ്ട് അവൾ തന്റെ നനവുള്ള കണ്ണിനെ മറച്ചുപിടിച്ചു.

ജാർസയിൽ ഇരുട്ട് വീണു. ഷിതോഷ് ആരംഭിച്ച പുതിയ ഹോം നഴ്സിംഗ് സ്ഥാപനത്തിന്റെ മലയാളത്തിലും ഹിന്ദിയിലുമുള്ള പോസ്റ്റർ ചുവരിലും പോസ്റ്റുകളിലും ജാർസയുടെ ഇരുട്ടിൽ പതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അമലും ഷിതോഷും ബീഡി പുകച്ചുകൊണ്ട് തങ്ങൾക്കരികിൽ ആലോചനയിലാണ്ടു കിടക്കുന്ന റോയിയെ നോക്കി ചിരിച്ചു. 
അയാൾ തന്റെ ഫോണിലേക്ക് വരുന്ന സൂസന്റെ ഫോൺ വിളികൾ കണ്ടതായിപ്പോലും നടിച്ചില്ല. ആശുപത്രിയിൽ നിന്നും യൂണീഫോമിൽ വൈകിവരുന്ന ചില നേഴ്സിങ് സ്റ്റാഫുകൾ അവർക്ക് പിന്നിലൂടെ കടന്നുപോകുമ്പോൾ റോയിയുടെ കണ്ണുകൾ അവർക്കുമേൽ ചൂഴ്ന്നിറങ്ങി.

'ലാബിൽ പുതിയായൊരാൾ വന്നെന്നു കേട്ടു?'എബി ചോദിച്ചപ്പോൾ കസിൻ ആണെന്ന ഷിതോഷിന്റെ മറുപടിയിൽ അമലും റോയിയും മുഖാമുഖം നോക്കി ചിരിക്കുന്നത് എബി കണ്ടു.

'അന്നയ്ക്ക് അറിയാത്ത കസിനോ?' എബിയുടെ ചോദ്യ വിഷയം മാറ്റാനെന്നവണ്ണം രാത്രിയേക്കു വേണ്ടുന്ന മദ്യത്തിന്റെ കണക്ക് ഷിതോഷ് റോയിയേയും എബിയെയും ഓർമപ്പെടുത്തി. പോസ്റ്ററുകൾ പതിച്ച ശേഷം അമൽ ഷിതോഷിന്റെ കൂടെ മദ്യപാന പരിപാടികൾ മുറിയിൽ ഒരുക്കുന്നതിനായുള്ള തയ്യാറെടുപ്പിനും, എബിയുടെ കൂടെ റോയ് നേഴ്‌സുമാരുടെ മുറികളിൽ ചെന്ന് കൺവെൻഷനു ക്ഷണിക്കുന്നതിനും നീങ്ങി.

ആദ്യപടി സൂസന്റെ മുറിയിലേക്ക് ചെന്നു. 
സൂസൻ ഡ്യൂട്ടി കഴിഞ്ഞെത്തിയില്ലെന്നും താൻ ഡ്യൂട്ടിക്ക് ഇറങ്ങാൻ നിൽക്കുകയാണെന്നും എമി സംസാരിക്കുമ്പോൾ റോയി പുറത്തുനിന്നും മറ്റു മുറിയിലെ യുവതികളെ വീക്ഷിച്ചുകൊണ്ട് കാത്തു നിന്നു. 
കൺവെൻഷനു ക്ഷണിച്ച ശേഷം പരവശത്തോടെ നാളെ തനിക്ക് തന്നോട് മറ്റൊരു കാര്യം ദൈവത്തെ സാക്ഷി നിർത്തി പറയാനുണ്ടെന്നും ഓർമിപ്പിച്ച ശേഷം പുറത്തിറങ്ങുമ്പോൾ പ്രാർത്ഥനകളിൽ കിട്ടാത്ത ആനന്ദം അയാളിൽ തളം കെട്ടിനിന്നു. എമി ചിരിച്ചു, എബിയുടെ കണ്ണുകളിലേക്ക് നോക്കി. 
കെട്ടിടങ്ങൾക്കിടയിലെ മറ്റു മലയാളികളുടെ മുറികളിൽ കയറിയിറങ്ങി ക്ഷണിക്കുമ്പോൾ എമിയുടെ നോട്ടത്തിൽ തനിക്കുകിട്ടിയ ആനന്ദത്തിന്റെ തുടർച്ചയിൽ എബിയച്ചൻ ചിരിച്ചുകൊണ്ടേയിരുന്നു.

'ജോലിയുള്ളവർ തന്നെ ആറും ഏഴും ആൾക്കാരുണ്ട് ഓരോ മുറിയിലും. ജോലിയില്ലാതെ നിങ്ങൾ രണ്ടുപേരുമെങ്ങനെയാണ് ഇവിടെ ജീവിക്കുന്നത്?' ഓരോ മുറിയിലും തിങ്ങിപ്പാർക്കുന്ന നഴ്സുമാരുടെ ജീവിതം കണ്ടെന്നോളം എബി ചോദിച്ചു. റോയി ചിരിച്ചു.

റോയിയും എബിയും ഷിതോഷിന്റെ മുറിയിലേക്ക് കയറി. 
അന്നയും നസ്രിയും മേശയ്ക്ക് ഇരുപുറവുമിരുന്നുകൊണ്ട് അലോസരങ്ങളുടെയോ അസ്വസ്ഥകളുടെയോ കെട്ടഴിക്കുകയായിരുന്നു. 
അന്ന കണ്ണുകൾ തുടച്ചു. ഇരുവരെയും അകത്തേക്ക് ക്ഷണിക്കുമ്പോൾ നസ്രി അടുക്കളയിലെ കസേരയിൽ സന്തോഷത്തിന്റെ അംശമില്ലാതെ ചുരുണ്ടുകൂടി. റോയിയുടെ കണ്ണുകൾ അവളിൽ മാത്രം ഉടക്കി.

'നാളെ കൺവെൻഷനാണ്‌. ഷിതോഷിന്റെ കൂടെ വരണം.' എബിയച്ചൻ അന്നയെ ക്ഷണിച്ചു. അന്ന ചിരിച്ചു.
അന്നയുടെ മുഖത്തെ ചിരി ഏത് വികാരത്തിൽ മുങ്ങിയതാണെന്ന് ഇരുവർക്കും മനസിലായില്ല. സന്തോഷം കൊണ്ടായിരുക്കുമെന്ന് റോയി കരുതിയപ്പോൾ ആവലാതികളിൽ ഉഴലുന്ന താറുമാറായ ഒരാളുടെ ചിരിയാണെന്ന് എബിക്ക് തോന്നി.

'അന്ന കൂടിയതാണല്ലേ?' ഇറങ്ങാൻ നിൽക്കെ എബിയച്ചനിൽ നിന്നും വേണോ വേണ്ടയോയെന്ന സംശയത്തിൽ ചോദ്യം പുറത്തേക്ക് വീണു.

'പൈസക്ക് വേണ്ടി ചെയ്യിച്ചതാണച്ചോ.' 
അടുക്കളയിൽ നിന്നും ഹാളിലേക്കു വന്ന നസ്രി പറഞ്ഞു.

'ഷിതോഷ്?' എബിയുടെ സംശയത്തിന് ആരും മറുപടി പറഞ്ഞില്ല.
'ഇപ്പൊ ഇവിടെയൊക്കെ എത്രയാ കമ്മീഷൻ.?' ഇറങ്ങും മുന്നേ അന്നയോടും നസ്രിയയോടുമായി എബി ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല.
ചിരിച്ചുകൊണ്ട് എബി പുറത്തേക്കിറങ്ങുമ്പോൾ അന്നയുടെ ശെരിയായ പേരെന്തെന്ന് റോയിയോട് ആരാഞ്ഞു. പക്ഷെ റോയിക്ക് അതിനെപ്പറ്റി ധാരണയൊന്നുമില്ലായിരുന്നു.

വഴിയിൽ പ്രാർത്ഥന ചൊല്ലുന്നതിനും മത പരിവർത്തനത്തിനുമായി ഇറങ്ങിയ പെന്തക്കോസ് കുഞ്ഞാടുകൾ ഒച്ചപ്പാടുകളോടെ പ്രാർത്ഥനമുഴക്കി കടന്നുപോകുമ്പോൾ കെട്ടിടങ്ങൾക്ക് ചുറ്റും ചമയങ്ങൾ തീർക്കേ യഥാർത്ഥ ജാർസക്കാരായ കുൽബീർ സിങ് ധാക്കയുടെ മകനും ഹരിയാനി ജാട്ടുകാരായ സംഘവും വിത്സനെ തടഞ്ഞു. മുറിക്കുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന പ്രാർത്ഥനകൾ വേണ്ടെന്ന് ഭീഷണിപ്പെടുത്തി. എബിയിൽ അത് ഭയമായി കുമിഞ്ഞുകൂടി; തത്ക്കാലം റൂം കയറിയുള്ള പ്രചാരണം മതിയാക്കാമെന്നും വാട്സാപ്പിലൂടെ നോക്കാമെന്നും തീരുമാനിക്കേണ്ടതായി വന്നു.

എല്ലാം ഓൺലൈൻ ബിസിനസ്സായതിനെക്കുറിച്ചു റോയ് എബിയെ ഓർമപ്പെടുത്തി, മദ്യപാന പരിപാടിയിലേക്ക് പോകാനുള്ള റോയിയുടെ ഇച്ഛയിൽ രണ്ടുപേരും മുറിയിലേക്ക് നടന്നു. സൂസന്റെ ഫോൺകോളുകൾ നിരന്തരം ഒഴിവാക്കിക്കൊണ്ടിരിക്കെ അയാളിൽ അസ്വസ്ഥയോ വേദനയോ ഉണ്ടായില്ല. ജാർസയിലെ മുറികളിൽ ബർഗറുകൾ തീർക്കുന്ന പേരറിയാത്ത നിസ്സർഗീകമായ എന്തോ ഒന്ന് കയറികൂടിയിട്ടുണ്ടെന്ന് റോയിയുടെ പെരുമാറ്റത്തിൽ എബിക്ക് തോന്നിത്തുടങ്ങിയിരുന്നു.

അധികാരം ഉറപ്പാക്കിയ സൈനികനെപ്പോലെ റോയി മുറിക്കുള്ളിലെ മദ്യത്തിന് മുന്നിൽ ആർത്തിയോടെ ചെന്നിരിക്കുമ്പോൾ സൂസന്റെ അവഗണിക്കപ്പെടുന്ന ഫോൺകോളുകൾ അയാളുടെ പാന്റിന്റെ മടിശീലയിൽ മിന്നി നിന്നു.
വൈൻ ഷാപ്പിൽനിന്നും കൊണ്ടുവന്ന റമ്മിന്റെ മൂടി തുറന്ന് നിലത്തുവച്ച നാലുഗ്ലാസ്സിലേക്കൊഴിച്ചു. 
സംഭാഷണങ്ങളില്ലാതെ, നിശബ്ദതയിൽ നാലുപേരും ആലോചനയിൽ വീണിരിക്കെ മുറിയിലേക്ക് കടന്നുവന്ന അടുത്ത മുറിയിലെ പെന്തക്കോസ് പ്രാർത്ഥനാ ശബ്ദത്തിൽ മദ്യം നാലുപേരുടെയും ശരീരങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.

'നീ എഴുത്തുകാരനാണെന്നു കേട്ടല്ലോ, ഏതെങ്കിലും പബ്ലിഷ് ചെയ്തിട്ടുണ്ടോ? എബി അമലിനോട് ചോദിച്ചു. റോയി പതുങ്ങി ചിരിച്ചു.

'യെസ്! മൈസൂർ മല്ലിഗൈ' അമൽ അഭിമാനത്തോടെ മറുപടി പറഞ്ഞു.

തന്റെ ഓരോ കോളുകളും തിരസ്കരിച്ച കാമുകനോട് നേരിട്ട് സംസാരിക്കുന്നതിനായി സൂസൻ റോയിക്ക് മുന്നിലേക്കെത്തി. 
പ്രണയ കലഹങ്ങളിലേക്ക്‌ മൂന്നാമതൊരാളുടെ ഉപചാരം കടന്നുവരാതിരിക്കാനെന്നോളം അവൾ റോയിയോട് പുറത്തേക്ക് വരാൻ പറഞ്ഞു. പക്ഷെ അയാൾ അതിനും തയ്യാറാകാത്ത അവസ്ഥയിൽ സങ്കടത്തോടെ നിർബന്ധിക്കുന്നതിൽ അലിവ് തോന്നിയെന്നോളം അമൽ റോയിയോട് പുറത്തേക്ക് പോകുവാൻ നിർബന്ധിച്ചു. മറ്റൊരാളുടെ നിർബന്ധത്തിൽ തന്റെ വാക്കുകൾ കേൾക്കാൻ സജ്ജത കാണിച്ച തന്റെ കാമുകന്റെ മുഖത്തേക്ക് നനഞ്ഞ കണ്ണുകളോടെ സൂസൻ നോക്കിനിന്നു.

വഴിയിൽ സൂസനെ കാത്തുനിൽക്കുന്ന എമിയെ കണ്ടിട്ടെന്നോളം എബിയച്ചൻ എമിയുടെ അടുത്തേക്ക് ചെന്നു. 
മദ്യത്തിന്റെ മണം എമിയുടെ മുഖത്ത് ദേഷ്യം കനപ്പിച്ചു. പ്രാർത്ഥനയുടെ ഫലമായിരിക്കുമെന്ന് എമി ദേഷ്യത്തിൽ പിറുപിറുത്തപ്പോൾ ആഘോഷങ്ങൾ മനുഷ്യ നിബിഢമാണെന്ന് എബിയച്ചന് പറയേണ്ടതായി വന്നു. എല്ലാം കൺട്രോളിൽ തന്നെയെന്ന് എബി കൂട്ടിച്ചേർത്തു. അവൾ ചിരിച്ചു. 
നാളത്തെ കൺവെൻഷന് ഒഴിവാക്കാതെ വരണമെന്നു പറയാനും മറന്നില്ല.

റോയിയും സൂസനും നിശബ്ദതയിൽ പോസ്റ്റിന്റെ വെളിച്ചത്തിനു കീഴിൽ നിൽക്കേ ജാർസയിൽ ഇരുട്ട് പടർന്നിരുന്നു. 
ഫോൺ വിളിച്ചിട്ട് എടുക്കാത്തതിലും അയാളുടെ ദേഷ്യത്തിലുമുള്ള അവളുടെ സങ്കടം അയാളെ പറഞ്ഞു ഫലിപ്പിക്കാൻ നോക്കിയെങ്കിലും പ്രണയത്തിന്റെ നോവ് അയാൾക്ക് മനസിലായില്ല. 
പുരുഷന്മാർക്കുണ്ടാവുന്ന പ്രണയത്തിന്റെ വികാര താഴ്ച്ചയെകുറിച് ഓർത്തുകൊണ്ടെന്നോളം അവൾ ചോദിച്ചു. 'എന്നെ മടുത്തോ?' അയാൾ അതിനു മറുപടിപറഞ്ഞില്ല. ചിരിച്ചു.
അവളുടെ കണ്ണുകൾ നനഞ്ഞു. ചുണ്ടുകൾ വിറച്ചു.

'നിനക്കിപ്പോൾ വേറെ ആൾക്കാറുണ്ടല്ലോ. ട്രിപ്പ് പോവാനും കിടക്കാനും..'
അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. പൊടുന്നനെ  അയാളുടെ മുഖത്തടിച്ചു.
കരഞ്ഞുകൊണ്ട് എമിക്ക് മുന്നിലൂടെയവൾ വേഗത്തിൽ നടന്നകലുമ്പോൾ എമി സൂസന്റെ പിന്നിൽനടന്നു.

സംഭവിച്ചതിന്റെ ധാരണകളൊന്നുമില്ലാതെ എബി റോയിയുടെ കൂടെ അകത്തേക്ക് കടന്നു. റോയി തനിക്കേറ്റ അപമാന ക്ഷതത്തിനെ ഒതുക്കാൻ മദ്യം ആഞ്ഞുവലിച്ചു. വിത്സന്റെ നേതൃത്വത്തിലുള്ള പെന്തക്കോസ് പ്രാർത്ഥനക്കാർ മുറിയിലേക്ക് പ്രാർത്ഥനാ സംഗീതത്തിന്റെ അകമ്പടിയോടുകൂടി കടന്നുവന്നു മദ്യപിക്കുന്നവർക്ക് ചുറ്റും നിന്നു. പ്രാർത്ഥന മുഴക്കി.

'കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന്‍ ഉണ്ടായിരുന്നു. അവന്‍ ഭക്തനും തന്റെ സകല ഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധര്‍മ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ത്ഥിച്ചും പോന്നു.'
പ്രാർത്ഥനകൾ മദ്യപാനത്തിനിടെ സംഗീതം പോലെ അവർ കേട്ടു. ആരും ഇറങ്ങിപ്പോകാൻ പറഞ്ഞില്ല. അമലിനോട് പെന്തക്കോസിലേക്ക് കടന്നുവരേണ്ടുന്ന ആവശ്യകതയെപ്പറ്റിയും ദൈവ വിളിയുണ്ടാവുന്ന കുഞ്ഞാടായി മാറുന്നതിനും പ്രാർത്ഥനയും ഉപദേശവും നൽകുന്നതിനിടെ എബിയച്ചൻ ഒഴികെയുള്ള മൂന്നുപേരും രണ്ടു പെഗ് വീതം കഴിച്ചു. 
മദ്യത്തിന്റെയും പ്രാർത്ഥനയുടെയും ലഹരിയിൽ നാലുപേരും മയക്കത്തിലേക്ക് വീഴുന്നത് കണ്ടിട്ടെന്നോളം വിത്സന്റെ പ്രാർത്ഥനാ സംഘം മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

'തന്റെ ഹിതമനുസരിച്ച്‌ നാം പ്രാർത്ഥിക്കുന്ന ഏതു കാര്യത്തിനും ഉത്തരം അരുളാം എന്ന്‌ താന്‍ വാക്കുപറഞ്ഞിട്ടുണ്ട്‌. പ്രാര്‍ത്ഥനക്കുറവ്‌ നമ്മുടെ വിശ്വാസക്കുറവിനെ കാണിക്കുന്നു. ദൈവവചനത്തിലുള്ള നമ്മുടെ ആശ്രയക്കുറവിനെ പ്രാര്‍ത്ഥന ഇല്ലായ്മ കാണിക്കുന്നു.'പുറത്തേക്കിറങ്ങി വിത്സൺ പാസ്റ്ററുടെ കൂടെനിന്ന് ബോധം തെറ്റിയ മനുഷ്യരോട് പറഞ്ഞു.


3
സൂസനോടുള്ള ദേഷ്യത്തിൽ പബ്ബിൽ പോകുന്നതിനെപ്പറ്റി പാതി ബോധത്തിൽ റോയി ചർച്ച മുന്നോട്ടേക്ക് വച്ചു. സെമിനാരിയിൽ നിന്നും നേരിട്ട് നഗരത്തിലേക്കെത്തിപ്പെട്ട നഗരത്തിലെ ശീലങ്ങളറിയാത്ത രാത്രി കപ്പയും വാർത്താചാനലുകളും മാത്രം കണ്ടുശീലിച്ച എബി ഇതുവരെ പബ്ബ് കാണാത്ത ആകാംഷ മറച്ചുവച്ചില്ല.

നേപ്പാളിയുടെ സിഗററ്റു കടയ്ക്കടുത്തേക്ക് മന്ദിപ്പിൽ എബിയച്ചൻ റോയിക്ക് പിന്നാലെ നടന്നു നീങ്ങുമ്പോൾ അമലും ഷിതോഷും പെന്തക്കോസ് പ്രാർത്ഥനകൾ ഏറ്റുപാടി. താളം പിടിച്ചു. പോസ്റ്റിലെ നിയോൾ വെളിച്ചത്തിനു കീഴെ മനുഷ്യരില്ലാതെ പാതയിലൂടെ നാലുപേരും നടന്നു നീങ്ങവേ കർട്ടനുകളിട്ട ഗ്യാസ് ഓട്ടോറിക്ഷകളുടെ ശബ്ദം എബിയച്ചൻ മാത്രം കേട്ടു.

ലഹരിയിലേക്ക് കൂപ്പു കുത്തിയിറങ്ങിയ അമലിനെയും ഷിതോഷിനെയും വലിച്ചുകൊണ്ട് എബിയച്ചനും റോയിയും ഓട്ടോയിലേക്ക് കയറി. ഗ്യാസോട്ടോറിക്ഷയുടെ കർട്ടനുകൾ തണുപ്പ് അകത്തേക്ക് കയറിയതുകൊണ്ടെന്നോളം റോയി വലിച്ചു താഴ്ത്തി. ഉറക്കം നഷ്ടപ്പെട്ട യുവാക്കളെ കാത്തിരിക്കുന്ന പബ്ബിലെ നിയമങ്ങൾ അമൽ എബിക്ക് വേണ്ടി വിശദീകരിച്ചു.

ഷിതോഷിന്റെ നിർദ്ദേശത്തിൽ ഓട്ടോ മെഡിക്കൽ ഷാപ്പിന്റെ മുന്നിൽ ഒതുക്കിനിർത്തി. എബിയോട് കോണ്ടം വാങ്ങിവരാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ മടിച്ചു. താനൊരു വൈദികനാണെന്ന് ഓർമ്മപ്പെടുത്തി. ഓട്ടോയിൽ കൂട്ടച്ചിരിയുയർന്നു. 
ഷിതോഷ് അയാളെ നിർബന്ധിച്ചു, അഞ്ഞൂറിന്റെ നോട്ട് നൽകി. മടിച്ചുകൊണ്ട് എബി വലിയ പാക്കറ്റ് കോണ്ടം വാങ്ങിവന്നു. എല്ലാവരും വീതിച്ചെടുത്തു.

മാളിന് മുന്നിൽ വന്നിറങ്ങി. ജാർസ ഉറങ്ങുകയും നഗരം ഉണർന്നിരിക്കുകയും ചെയ്യുമ്പോൾ, ഉറങ്ങാത്ത മനുഷ്യർക്കും നഗരത്തിലിടമുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് ബിയർബോട്ടിലുകളും കയ്യിൽപിടിച്ചു റോഡ് സൈഡിൽനിന്നും മേക്കപ്പിനാൽ സ്വത്വവും ലിംഗവും മറച്ചുവച്ചവരോട് വിലപേശുന്ന യുവാക്കളുടെ ചേഷ്ടകൾ എബി ശ്രദ്ധിച്ചു.

മുടിയിലും മുഖത്തും ചമയങ്ങൾ തീർത്ത സുന്ദരിമാർക്കിടയിലൂടെ മുഴങ്ങുന്ന സംഗീതത്തിൽ ലേസർ വെളിച്ചം മഴവില്ലുപോലെ ഇറങ്ങിപ്പായുന്ന അരണ്ടമുറിയിലേക്ക് പ്രവേശിക്കുമ്പോൾ സുന്ദരിമാർ അടുത്തുവന്നു വിലപറഞ്ഞുകൊണ്ടിരുന്നു. ചുവരിനോട് ചേർന്ന സോഫയിലിരുന്ന് അൽപ്പനേരം വീക്ഷിച്ചു. 
നാലുപേരും പബ്ബിൽ സംഗീതത്തിന്റെ ആഴത്തിൽ നൃത്തം ചവിട്ടി. ശരീരത്തിന് ക്ഷീണമേറ്റപ്പോൾ ബാർ ടേബിളിനടുത്തുള്ള ചുവരിൽ ചാഞ്ഞു നിൽക്കുന്ന സുന്ദരിമാരുടെ അടുത്ത് ചെന്ന് അമലും റോയിയും കൈപിടിക്കുന്നത് എബിയച്ചൻ നോക്കി; രണ്ടുതരം സ്ത്രീകൾ. 
ഒന്ന് മൂലയിൽ ഡിമാന്റിനാൽ ഒളിച്ചിരിക്കുന്നവരും, ആർക്കും വേണ്ടാതെ വിലപേശലിൽ ആരെങ്കിലും തന്നെ വാങ്ങുമെന്ന് അപേക്ഷിച്ചു നടക്കുന്നവരും.
സുന്ദരിമാരുടെ ഇടതുകൈ ഉള്ളം കയ്യിലേക്ക് അമരവേ വലതുകൈ പൈസക്ക് വേണ്ടി നീട്ടി. അമൽ അഞ്ഞൂറിന്റെ നോട്ട് മുന്നിൽ വച്ചു. ചുവന്ന ലിപ്സ്റ്റിക്കും ചാര മുടിയഴകുമുള്ള സുന്ദരിയുമായി ഇരുട്ടിലെ മൂലയിലിട്ട സോഫയിലേക്ക് നീങ്ങി.

റോയ് എബിയുടെ പേഴ്സിൽ നിന്നും നോട്ടുകൾ കടമെന്നു പറഞ് അനുവാദം കൂടാതെ തന്റെ പോക്കറ്റിലേക്ക് വച്ചു; നീലച്ചായത്തിൽ മുടി മിനുക്കിയ ചുവന്ന ചുണ്ടുകളുള്ള, തൂവലുകളാൽ തീർത്ത ക്യാറ്റ് വുമൺ മാസ്കിനാൽ പാതിമുഖം മറച്ച മുട്ടിനുമുകളിൽ കറുത്ത പാടുള്ള സുന്ദരിയുടെ മുന്നിലേക്ക് അഞ്ഞൂറിന്റെ നോട്ട് നീട്ടിയപ്പോൾ അവൾ പിൻവലിഞ്ഞു. അഞ്ഞൂറിന്റെ നോട്ടുകളുടെ എണ്ണം അബോധാവസ്ഥയിൽ കൂടിക്കൊണ്ടിരുന്നു. അയാൾ അവളെ സോഫയിലേക്ക് പിടിച്ചുവലിച്ചു. സൂസന്റെ കോൾ അയാളുടെ ഫോണിലേക്ക് വന്നു. കട്ട് ചെയ്ത് പോക്കറ്റിലിട്ട്, മടിയിലിരുന്ന സുന്ദരിയുടെ കഴുത്തിൽ ചുംബിച്ചു.

അമൽ തനിക്ക് കീഴടങ്ങിയ സ്ത്രീയുടെ ചുംബനങ്ങൾ ഏറ്റുവാങ്ങി ഡാൻസ് ഫ്ലോറിലെ ഇരുട്ടിൽ നൃത്തച്ചുവടുകൾ തീർത്തു. 
അവർക്കു ചുറ്റും സംഗീതത്തിൽ എബി ശരീരം അഴിച്ചുവച്ചു. സോഫയുടെ മൂലയിൽ ബോധമില്ലാതെ കിടക്കുന്ന ഷിതോഷിനെ ഇടയ്ക്കിടെ എബി ഇടം കണ്ണുകൊണ്ട് നോക്കി തന്റെ ശരീരം ശിക്ഷണത്തിൽ നിന്നും മോചിപ്പിച്ചു. 
റോയ് തന്റെ മടിയിലിരിക്കുന്ന സുന്ദരിക്ക് കയ്യിലുള്ള ബാക്കി നോട്ടും നൽകി അകത്തുള്ള ഇരുണ്ട ഇടുങ്ങിയ മുറിയിലേക്ക് നടക്കവേ രതിമൂർച്ഛയുടെ സീൽക്കാരങ്ങൾ ആ മുറിയിൽ അടഞ്ഞ വാതിലിടയിലൂടെ ഡാൻസ് ഫ്ലോറിൽ നിന്നും കടന്നുവരുന്ന പതിഞ്ഞ സംഗീതത്തിന്റെ കൂടെ താളം പിടിച്ചു. പ്രണയത്തിന്റെ വികാരമേതുമില്ലാതെ തനിക്ക് മുന്നിൽ മേശയിലേക്ക് മുഖമാഴ്ത്തി കിടക്കുന്ന യുവതിയുടെ പിന്നിൽ നിന്നുകൊണ്ട് ലഹരിയൂറ്റിയ ശരീരത്തിൽ ബാക്കിയായ ത്രാണിയോടെ അയാൾ അധിപനാവാൻ ശ്രമിച്ചക്കവേ, പണം തന്നതിനുള്ള പ്രത്യുപകാരമായി അയാൾക്കുമുന്നിൽ മുഖം മേശയിലമർത്തി തന്റെ അരയ്ക്കു താഴെയുള്ള ശരീരത്തിൽ അയാൾ കാണിക്കുന്നതെന്തെന്നറിയാതെ, വികാരമേതുമില്ലാതെ, വേദനയിൽ അവൾ കീഴ്പ്പെട്ട് കിടന്നു. 
അധിപനായെന്നുള്ള മിഥ്യാധാരണയിൽ അയാളതിൽ സന്തോഷം പൂണ്ടു.

പബ്ബിലെ ഡാൻസ് കഴിഞ്ഞു. ഇരുണ്ട ഡാൻസ്‌ഫ്‌ളോറിൽ വെളിച്ചം വീണു. 
അമൽ റോയ്ക്കുവേണ്ടി തിരയുമ്പോൾ തനിക്ക് മുന്നിൽ മേശമുകളിൽ മുഖം താഴ്ത്തികിടക്കുന്ന സുന്ദരിയുടെ ഇടുക്കിൽ നിന്നും പിൻവലിഞ്ഞുകൊണ്ട് കോണ്ടം ഊരിയെടുത്തു പൊക്കിപ്പിടിച്ചു. പൊട്ടിയ കൊണ്ടതിനുള്ളിൽ നിന്നും ശുക്ലം താഴേക്ക് ഉറ്റി വീണു. റോയിയെ തിരക്കിവന്ന അമലിന്റെ മുന്നിൽ അയാൾ കോണ്ടം നീട്ടികൊണ്ട് പറഞ്ഞു 'പൊട്ടി'.

ജിഞ്ജാസയിൽ അമൽ റോയിക്ക് മുന്നിൽ നിന്നെങ്കിലും കണ്ണുകളും കാലുകളും ഉറക്കാത്ത റോയിയോട് പറഞ്ഞു. 

'പോലീസ് വരും. ലൈറ്റ് ഓൺ ചെയ്തു. വേഗമിറങ്ങൂ..'
തന്റെ കയ്യിലുയർത്തി പിടിച്ച കോണ്ടത്തിലെ പൊട്ടിയ ഭാഗത്തൂടെ ഒലിച്ചിറങ്ങുന്ന ശുക്ലത്തിൽ ലേസർ ലൈറ്റുകൾ പതിക്കുന്നത് റോയി നോക്കി നിൽക്കേ മേശമുകളിൽ നിന്നും എഴുന്നേറ്റ യുവതി പുറത്തേക്ക് ഓടി രക്ഷപ്പെട്ടത് അയാളറിഞ്ഞില്ല.

തന്റെ കൈവെള്ളയിൽ ഒട്ടിപിടിച്ചിരിക്കുന്ന ചോരക്കറ അയാൾ ശ്രദ്ധിക്കുമ്പോഴേക്കും അമൽ വീണ്ടും ഡോർ തുറന്ന് അകത്തേക്ക് വന്നു. അമൽ റോയിയുടെ കൈപിടിച്ചു പബ്ബിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ ഷിതോഷിനെ താങ്ങി എബിയച്ചൻ പുറത്തു നിൽക്കുന്നു. ഹരിയാന പോലീസിന്റെ ചൂരലിന്റെ അടി ദേഹത്തു പതിഞ്ഞപ്പോൾ ക്ഷീണവും അവശതയും ആഹ്ലാദത്തിന്റെ അൽപ്പമായ ബാക്കി പാത്രങ്ങൾക്കിടയിൽ മറന്നുപോയയെന്നത് എബിയുടെ മുഖത്തുണ്ടായിരുന്നു. 
ആദ്യം കിട്ടിയ ഓട്ടോയിലേക്ക് പോലീസിനെ ഭയെന്നോളം വേഗത്തിൽ കയറിയിരുന്നു. രാത്രിയുടെ വശ്യത ഊഷ്മളമാക്കാൻ വിലപേശിക്കൊണ്ടിരിക്കുന്ന മനുഷ്യരെ ഹരിയാനി പോലീസുകാർ തല്ലിയൊടിക്കുമ്പോൾ ബിയർബോട്ടിലുകളിൽ പോലീസിന്റെ ചൂരലുകളിൽ തട്ടുന്ന ശബ്ദം കേട്ട് എബി ചിരിച്ചു.

ജാർസയിലെ വഴികളിൽ ഞായറാഴ്ചകളിൽ മാത്രം കാണുന്നവർ മുഖാമുഖം നോക്കി പുഞ്ചിരികൾ പങ്കുവച്ചപ്പോൾ ആകുലതകൾ തങ്ങൾക്ക് മാത്രമെന്ന് ഓരോ മനുഷ്യരും ചിന്തിച്ചിരുന്നിരിക്കണം. പള്ളിയിലെ കൺവെൻഷനെത്തിച്ചേർന്ന മുഴുവൻപേരെയും എബി കോട്ടുവായിട്ട് സ്വാഗതം ചെയ്യുമ്പോൾ ഇടുങ്ങിയ കണ്ണുകളും ശിക്ഷണത്തിൽ നിന്നും മോക്ഷം നേടിയ ശരീരവും താളത്തിനൊത് ഉലയുന്നത് നോക്കി സീനിയർ അച്ഛൻ കണ്ണുരുട്ടി. 
എങ്കിലും അത് വകവയ്ക്കാതെ ഇടം കണ്ണിട്ടുകൊണ്ട് അയാൾ എമിയെ നോക്കിക്കൊണ്ടിരുന്നു. ഒന്നിലും താത്പര്യമില്ലാതെ വറ്റിയ ചിന്തകളിൽ തളർന്നുപോയ സൂസനടുത്ത് നിന്ന് എമി ചിരിച്ചു.

'ഇതൊരുമാതിരി ദാരിദ്ര്യം പിടിച്ച പള്ളിയാണല്ലോ' - എമി പള്ളി ചുറ്റിലും വീക്ഷിച്ചു.

'ഒരു വൈദികൻ അകത്തു നിൽക്കുകയും അകത്തേക്ക് കൊണ്ടുവരേണ്ടവനുമായിരിക്കണം.' സീനിയർ അച്ഛൻ എബിയോട് പിറു പിറുത്തു.
സീനിയറച്ചൻ പ്രസംഗിക്കാൻ തുടങ്ങി.

'അതിപ്രാചീന ഒരു ക്രൈസ്തവ സമൂഹം നസ്രാണികൾ എന്ന പേരിൽ കേരളത്തിലുണ്ടായിരുന്നു. യാക്കോബ്ബുർദാനയുടെ വിശ്വാസികൾ എന്ന അർത്ഥത്തിൽ യാക്കോബക്കാർ എന്ന വിളിക്കപ്പെട്ടു. ചിലർ യാക്കോബായിൽ നിന്നും തെറ്റി ന്യൂ ജനറേഷൻ സഭയായി പോയെങ്കിലും മാതൃസഭയായ യാക്കോബാ വിശ്വാസികൾക്കായി ഇവിടെയും തുടങ്ങുകയാണ്.'
തുടർന്നുകൊണ്ടിരിക്കെ എബിയെ നോക്കി അച്ചൻ പ്രസംഗിച്ചു.

'ന്യൂ ജനറേഷൻ മനുഷ്യർ യാക്കോബ്ബുർദാനയുടെ വിശ്വാസങ്ങൾ തുടർന്നു കൊള്ളേണ്ടതുണ്ട്. അച്ചടക്കം പാലിക്കേണ്ടതുണ്ട്.'
പ്രസംഗത്തിനായി പള്ളിക്ക് കെട്ടിടം അനുവദിച്ച വിശ്വാസിയെ സീനിയർ അച്ചൻ ക്ഷണിച്ചു.

'നമസ്കാരം, വത്സല സഹോദരങ്ങളെ, ചില സഭകളുമായി കേസ് നടക്കുന്നുണ്ടെങ്കിലും തമ്മിൽ സ്നേഹിച്ചുവേണം മനുഷ്യർക്ക് മുന്നോട്ടുപോവാൻ. അതുകൊണ്ട് തന്നെ വിശ്വാസികൾക്ക് ഇവിടെ പള്ളി അത്യാവശ്യമാണ്. ഈ അടുത്തകാലത്ത് കൊട്ടാരക്കരയിൽ നിന്നുള്ള ഒരു പരട്ട ഐ ഓ സി ക്കുവേണ്ടി കുഴലൂതുന്ന..'

അമലിന്റെ മുറിയിലെ നിലത്തുവിരിച്ച കിടക്കയിൽ കിടന്നുറങ്ങുന്ന ഷിതോഷിന്റെ ഫോണിൽ അന്നയുടെ കോൾ നിർത്താതെ റിംഗ് ചെയ്തപ്പോൾ പ്രാർത്ഥനയുടെ ശബ്ദം മുറിയിൽ കേൾക്കാമായിരുന്നു. 
കട്ടിലിൽ കിടക്കുന്ന അമലും റോയിയും പാതിയുറക്കത്തിൽ എഴുനേറ്റു. റോയ് മന്ദതയിൽ ചുവരിൽ ചാരി കിടക്കയിലിരുന്നു. അമൽ തമാശ രൂപേണ ചോദിച്ചു എന്തായാട പൊട്ടിയ കോണ്ടം?

'നീയെങ്ങനെയറിഞ്ഞു ഞാൻ കണ്ട സ്വപ്നം?' റോയ് ഞെട്ടലോടെ ചോദിച്ചു. 

'സ്വപ്നമോ' അമൽ ഞെട്ടലിൽ നിന്നെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് ഷിതോഷിനോട് കൂടിയായി പറഞ്ഞു. 

'ഞാനിന്നലെ വിളിക്കാൻ ചെല്ലുമ്പോഴുണ്ട് ഒരുത്തൻ പൊട്ടിയ കോണ്ടവുമായി ..' അയാൾ പറഞ്ഞുമുഴുകിപ്പിച്ചില്ല, റോയ് ചാടിയെഴുനേറ്റു കൈകൾ നോക്കി. ചോര ഉണങ്ങിപ്പറ്റിയിരിക്കുന്നു. അയാൾ എഴുനേറ്റ് കണ്ണാടിയിൽ നോക്കി. പോക്കറ്റിലുള്ള ഉപയോഗിക്കാത്ത കോണ്ടം മൂവരും തിരഞ്ഞു; പുറത്തേക്ക് വലിച്ചിട്ടു.

കൈകളിലെ ഉണങ്ങിപ്പറ്റിയ ചോര കഴുകിക്കളഞ്ഞുകൊണ്ട് ഉടനടി ഫോണിൽ ലൈംഗീകതയ്ക്കിടയിൽ കോണ്ടം പൊട്ടിയതിന്മേൽ ചെയ്യേണ്ടുന്ന മുൻകരുതലുകൾ മനസ്സിലാക്കിയെന്നോളം ബാത്രൂമിലേക്ക് ഓടിക്കയറി.

'എയ്ഡ്സ് വന്നാൽ അതോടെ തീരും.' ഷിതോഷ് ഹാങ്ങോവറിന്റെ കൂടെ വന്ന ഉറക്കപിച്ചിൽ പറഞ്ഞു.
റോയിയുടെ മുഖത്തു വന്ന ഞെട്ടലും പേടിയും ഇറങ്ങിപോയില്ല. അമൽ നിസ്സംഗതയോടെ റോയിയുടെ മുഖത്തേക്ക് നോക്കി. റോയ് വീണ്ടും കൈ വൃത്തിയായി കഴുകിവന്ന് അമലിന്റെ ലാപ്ടോപ്പ് ഓൺ ചെയ്തു ഗൂഗിളിൽ തിരഞ്ഞു. റോയിയുടെ വെപ്രാളം കണ്ടെന്നോളം അമലും തിരയാൻ സഹായിച്ചു.

'നിങ്ങളല്ലേ സേഫ് ആണെന്ന് പറഞ്ഞെ?'റോയി സങ്കടത്തിൽ ഷിതോഷിനോട് പറഞ്ഞു.
'നിന്നോട് പോയി കോണ്ടം പൊട്ടിക്കാൻ ഞാൻ പറഞ്ഞിനോ, എല്ലാത്തിനും ഒരു മയം വേണ്ടേ ?'
'ജാർസയിൽ ഇങ്ങനെ എയ്ഡ്സ് വന്നതുകൊണ്ട് നാട്ടിൽ പോകാതെ അലയുന്ന കുറച്ചു മനുഷ്യരുണ്ട്.
ഗുരുദ്ധ്വാരയിൽ പോയി ഫ്രീയായി കിട്ടുന്ന റൊട്ടിയും തിന്ന് ശിഷ്ടകാലം ജീവിക്കാം. ആഫ്രിക്കക്കാരുവരെയുണ്ട്. ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ തന്നെ ലാബിലെ റിസൾട്ട് സർക്കാരിന് കിട്ടും. അവർ അപ്പോൾ തന്നെ എയിംസ് ലേക്ക് കൊണ്ടുപോയി ലിസ്റ്റിൽ പേരും ആഡ് ചെയ്ത് നാട്ടുകാരെ മുഴുവൻ അറിയിക്കുകയും ചെയ്യും.' ഷിതോഷ് കണ്ണാടിയിൽ നോക്കി പറഞ്ഞ ശേഷം വെളിയിലേക്കിറങ്ങി നടന്നു.

റോയിയുടെ ശരീരം അടിമുടി പിരിമുറുക്കത്താൽ വിറച്ചുതുടങ്ങി. 
കയ്യിലിരിക്കുന്ന തന്റെ ലാപ്ടോപ്പ് വീഴാതിരിക്കാനെന്നോളം അമൽ കയ്യിലേക്ക് വാങ്ങി. ഗൂഗിളിൽ വീണ്ടും തിരഞ്ഞു. കോണ്ടം പൊട്ടിപ്പോയാൽ എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് അയാൾ റോയിയോട് പറഞ്ഞു. റോയി കട്ടിലിൽ തിരിഞ്ഞു കടന്നു. പുതപ്പുകൊണ്ട് മൂടി. പുതപ്പിനുള്ളിൽ നിന്നും പുറത്തേക്ക് വരുന്ന പൊട്ടിക്കരച്ചിലിന്റെ ശബ്ദത്തിൽ അമൽ പകച്ചു.

ഷിതോഷ് ജാർസയ്ക്ക് പുറത്തേക്കിറങ്ങി ആൽമരത്തിനു കീഴിൽ കിടന്നുറങ്ങുന്ന മണിപ്പൂരിയെ നോക്കി പിന്നിലുള്ള ഓയോ ഹോട്ടൽ റൂമിലേക്ക് കയറി.


4
തന്റെ ചിലവു വഹിക്കാൻ പാകപ്പെട്ട യുവതികൾക്ക് വേണ്ടിയുള്ള തിരച്ചിലിനായി എല്ലാ ഞായറാഴ്ചയുമെന്നപോലെ ജാർസയിലേക്കെത്തിപ്പെട്ട പുതിയ മനുഷ്യരെ തിരഞ്ഞെന്നോളം രണ്ടുപേരും പുറത്തേക്കിറങ്ങി ജാർസയുടെ പാതയിലുള്ള കലുങ്കിലിരുന്നു. റോയിയുടെ മുഖം സമ്മർദ്ദത്താൽ കുനിഞ്ഞു. ആശ്വാസപ്പെടുത്തുന്നതിനായി അമൽ തോളിൽ കൈ ചേർത്തു വച്ചപ്പോൾ റോയിയുടെ പല്ല് വിരലിൽ കൊണ്ടു. 
അയാൾ കഴുകിക്കളയാൻ കാണിച്ച ആവേശം റോയിയുടെ മുഖം മാറ്റങ്ങളിൽ പാകപ്പെടാൻ തയ്യാറാവേണ്ടതുണ്ടെന്ന ബോധത്തിന്റെ സങ്കടത്താൽ ചുരുങ്ങി; പിൻവലിഞ് തല താഴ്ത്തി. കെട്ടിടങ്ങൾക്കിടയിലൂടെ പള്ളിയിലേക്ക് പോയിവരുന്ന ജാർസയിലെ യുവതികളുടെമേൽ അമൽ കണ്ണെറിഞ്ഞു; സൗജന്യമായ കാമുകനെന്ന് പറയാതെ പറഞ്ഞു.

സൂസനും എമിയും പള്ളിയിൽ നിന്നും കെട്ടിടങ്ങൾക്കിടയിലൂടെ നടന്നുവരുന്നത് അമൽ കണ്ടയുടനെ റോയിയുടെ തലയിൽ തട്ടി. റോയിയുടെ തലയുയർന്നു. കെട്ടിടങ്ങൾക്കിടയിലൂടെ മുന്നിലേക്ക് ആഹ്ലാദത്തിന്റെ അംശമേതുമില്ലാതെ എമിയുടെയും ഷിനോജിന്റെയും കൂടെ നടന്നുവരുന്ന സൂസൻ കലുങ്കിലിരുന്ന റോയിയെ കണ്ടു. 
അയാളുടെ മുഖത്തേക്ക് നിർവികാരികതയോടെ നോക്കി മ്ലാനതയിൽ കഷ്ടപ്പെട്ട് ചുണ്ടിൽ ചിരി വിടർത്തി. മുന്നിലൂടെ നടന്നുപോകുമ്പോൾ തന്നിലേക്ക് പതിയാത്ത അയാളുടെ കണ്ണുകൾ ഷിനോജിലും എമിയിലും മാത്രം ഉടക്കി നിന്നത് അവളുടെ നെഞ്ചിൽ നീറ്റലുണ്ടാക്കി, ചുണ്ടുകൾ വിറക്കുകയും കണ്ണുകൾ നനയുകയും ചെയ്തപ്പോഴും അവൾ റോയിയെ മാത്രം തലതിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.

സ്ത്രീകളുടെ ഒഴുക്ക് നിന്നപ്പോൾ അമൽ റോയിയെ വിളിച്ചു കെട്ടിടങ്ങൾക്കിടയിലൂടെ നേപ്പാളിയുടെ സിഗററ്റുകട ലക്ഷ്യമാക്കി നടന്നു. 
മുന്നിൽ നിന്നും പലജാതി മനുഷ്യർ എതിരെ കടന്നുവന്നുകൊണ്ടേയിരുന്നു. 
വിത്സന്റെ റോയൽ സ്റ്റോറും ഷിതോഷിന്റെ ജീസസ് ലാബും കടന്നു പോകുമ്പോൾ അന്നയും നസ്രിയും അവർക്ക് മുന്നിലൂടെ കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോയി. മന്ദിപ്പിന്റെ കൂടെ അയാളിലെ മനസ്സ് ഉലഞ്ഞുകൊണ്ടിരുക്കുന്നത് കണ്ടിട്ടെന്നോളം അമൽ കെട്ടിടത്തിന്റെ മുകളിലേക്ക് നോക്കി പറഞ്ഞു 'ഇതൊക്കെ ചെറിയ ചാൻസ് മാത്രമാണ്. ഇനി വന്നാലും പണ്ടത്തെ അത്ര പേടിക്കേണ്ടതൊന്നുമില്ല' അമലിന്റെ ആശ്വാസ വാക്കുകൾ അയാളെ കൂടുതൽ തളർത്തി.

നേപ്പാളിയുടെ സിഗററ്റുകടയിൽ മന്ദിപ്പ് മാറ്റുന്നതിനായി ചായക്കുവേണ്ടി കാത്തു നിൽക്കുന്ന റോയിയുടെയും അമലിന്റെയും മുന്നിൽ കനാവിസ് ചെടിയുടെ ഉണങ്ങാത്ത കഞ്ചാവില പാലിൽ തിളച്ചുകൊണ്ടേയിരുന്നു.

'അടുത്ത കഥ തുടങ്ങണല്ലോ, ഐഡിയ ഒന്നും വരുന്നതും ഇല്ല' സിഗരറ്റു വലിച്ചുകൊണ്ടിരിക്കെ അമൽ റോയിയോടായി പറഞ്ഞു. റോയിയിൽ നിന്നും മറുപടിയൊന്നും വന്നില്ല. റോയി സിഗററ്റിനുവേണ്ടി കൈ നീട്ടിയപ്പോൾ അമൽ കടയിൽ നിന്നും പുതിയ ഒന്ന് വാങ്ങി റോയിയെ ഏൽപ്പിച്ചു.

'നീയതിന്റെ കൂടുതൽ ഡീറ്റൈൽ പറഞ്ഞു തരുവോ?' ചുണ്ടിൽ നിന്നും പുകവിട്ടുകൊണ്ട് അമൽ ചോദിക്കുമ്പോൾ താൻ കുറച്ചധികം ദാക്ഷണ്യം അർഹിക്കുന്നുവെന്ന രീതിയിൽ അയാൾ തലയുയർത്തി നോക്കി ഫോണിൽ എയ്ഡ്സ്ന്റെ ചികിത്സാ രീതികൾ സെർച് ചെയ്തു മനസ്സിലാക്കിക്കൊണ്ടിരുന്നു. ഡൽഹിയിലുള്ള ഡോക്ടർ 72 മണിക്കൂറിനുള്ളിലുള്ള എയ്ഡ്സ് വരാതിരിക്കാനുള്ള ചികിത്സയെക്കുറിച് പരസ്യം ചെയ്തത് റോയിയുടെ ശ്രദ്ധയിൽപ്പെട്ടു. അമൽ ആകാംഷയോടെ അതെടുത്തു നോക്കി. പോസ്റ്ററിൽ കണ്ട ഡോക്ടറെ ഫോണിൽ വിളിച്ചു ഹിന്ദിയിൽ സംസാരിച്ചു.

'ഹലോ, ഡോക്ടർ ആനന്ദ് ജി, ഫ്രം ഹനുമാൻ ബ്രാഹ്മിൺ ക്ലിനിക്.'  ഡോക്ടർ പേരുപറഞ്ഞു പരിചയപ്പെടുത്തി. തുടർന്ന് തമിഴിൽ സംസാരിച്ചു. ഞായറാഴ്ച ആയതിനാൽ ഇന്ന് ലീവാണെന്നും പേടിക്കാനൊന്നുമില്ലെന്നും 72 മണിക്കൂറിനുള്ളിൽ ചികിത്സ തുടങ്ങിയാൽ ഒരു കുഴപ്പവും ഉണ്ടാവില്ലെന്നുമുള്ള ഡോക്ടറുടെ മറുപടിയിൽ റോയിയിലെ നെടുവീർപ്പ് ഗ്യാസായി പുറത്തേക്ക് വന്നു. 
അയാളിലെ തീപിടിച്ച ചിന്തകളിൽ മാഞ്ഞുപോയ ജാർസയിലെ എല്ലാ മനുഷ്യരും അനുഭവിക്കുന്ന തണുപ്പ് വെയിൽ വീഴാത്ത ഉച്ച നേരത് റോയിലേക്ക് തിരിച്ചുവന്നു.

ചായയ്ക്ക് ശേഷം ലാബിനു മുന്നിലൂടെ നടന്നു.
താത്ക്കാലികമായി ഷിതോഷിന്റെ ലാബിൽ നിന്നും എയ്ഡ്സ് ചെക്ക്‌ ചെയ്യുന്നതിന്റെ ആലോചനയിൽ കടന്നു. 
കാര്യമൊന്നുമില്ലെങ്കിലും താൽക്കാലിക ആശ്വാസത്തിനും സമാധാനത്തിനും കാരണമായേക്കാവുന്ന കാര്യമായതുകൊണ്ട് അമൽ പിന്താങ്ങി. അന്നയും നസ്രിയും ലാബിൽ നിൽക്കുന്നതുകൊണ്ടെന്നോളം വിത്സന്റെ റോയൽ സ്റ്റോറിന് മുന്നിൽ അവരിറങ്ങുന്നതുവരെ കയ്യിൽ കെട്ടിയ വാച്ചിലേക്ക് ഇടയ്ക്കിടെ നോക്കി കാത്തു നിന്നു.

സൂസനും എമിയും IELTS ക്‌ളാസിലേക്കുള്ള മറ്റു പലരും പടികൾ കയറി മുകളിലേക്ക് പോയതുകൊണ്ടുതന്നെ അന്നയും നസ്രിയും അവർക്ക് പിന്നിലായി പടികൾ കയറി. റോയി ലാബിലേക്ക് നടക്കുമ്പോൾ അമൽ കടയിൽ നിന്നും ഇറങ്ങി പ്രേമചാപല്യത്തോടെ യുവതികളെ തിരിഞ്ഞു നോക്കി. 
ലാബിൽ ജോയിൻ ചെയ്തിരിക്കുന്ന പുതിയ സ്റ്റാഫിനെ അമൽ പരിചയപ്പെട്ടു. കാസർഗോട്ട് നിന്നാണെന്നു പറഞ്ഞപ്പോൾ അമൽ കൂടുതൽ വിവരങ്ങൾ പിന്നാലെ തിരക്കിയെങ്കിലും അവൾ വിവരങ്ങൾ നൽകാതെ ഒഴിഞ്ഞുമാറി; റോയി കാര്യത്തിലേക്ക് കടന്നു.

'ഇന്റർവ്യൂ നുവേണ്ടി HIV ടെസ്റ്റ് ചെയ്യണം.'
അസിഡ് ടെസ്റ്റിനെക്കുറിച്ചും p24 ആന്റിജൻ ടെസ്റ്റിനെക്കുറിച്ചുമൊക്കെ സ്റ്റാഫ് വിവരിക്കുമ്പോൾ ഇതൊക്കെ സേർച്ച് ചെയ്തു മനസ്സിലാക്കിയ കാര്യങ്ങളാണെന്ന് അമലിന്റെയും റോയിയുടെയും മുഖത്തേക്ക് കടന്നുവന്ന ഭാവങ്ങളിൽ പ്രതിഫലിച്ചു നിന്നു.

'ഇന്നലെ HIV കയറിയാൽ ഇന്ന് പോസറ്റീവ് ആവുമോ?' ചോദ്യത്തിന് ശേഷം ആകാംഷയിൽ ഉത്തരം പ്രതീക്ഷിച്ചു നിൽക്കുന്ന അമലിന്റെ മുഖത്തേക്ക് നോക്കി സ്റ്റാഫ് ചിരിച്ചു. 
പതിനഞ്ചു - ഇരുപത്തിമൂന്ന് ദിവസം കഴിയാതെ ചെക്ക് ചെയ്യുന്നതിൽ കാര്യമൊന്നുമില്ലെന്ന് ധരിപ്പിച്ചുകൊണ്ട് ലാബിലെ കസേരയിലിരിക്കുന്ന റോയിക്കരികിലേക്ക് സാമ്പിൾ ബ്ലഡ് എടുക്കാനുള്ള സിറിഞ്ചും മറ്റുമായി ചെന്നു. സ്റ്റാഫ് പല തരത്തിലുള്ള ടെസ്റ്റ് വിവരങ്ങളുടെ കൂടെ ഓരോ ടെസ്റ്റിന്റെയും പൈസയും കൂടി വിവരിച്ചപ്പോൾ റോയി ഒരു നിമിഷം ആലോചനയിലേക്ക് വീണു.

'അപ്പോൾ ഇരുപത്തിമൂന്ന് ദിവസം വേണം?'

'കുറഞ്ഞത്, പക്ഷെ അറുപത് ദിവസമാണ് ഭൂരിഭാഗം കണക്ക്. വിൻഡോ പിരീഡ് ന്നു പറയും.' നഴ്സ് റോയിയുടെ മുഖത്തേക്ക് നോക്കി.

'നിങ്ങൾക്ക് ഇന്റർവ്യൂനു വേണ്ടിയല്ലേ?'

റോയി വെപ്രാളത്തോടെ തലയാട്ടി. കസേരയിൽ നിന്നും എഴുനേറ്റ് പുറത്തേക്കിറങ്ങി. മുഖത്ത് വെപ്രാളവും സങ്കടവും തികട്ടി നിന്നു.

'ഈ കോണ്ടം പൊട്ടിയാൽ എയ്ഡ്സ് വരുവോ?' സ്റ്റാഫിന്റെ അടുത്തുചെന്നു. പതിയെ; റോയിയുടെ ചോദ്യത്തിന് മുന്നിൽ അമ്പരപ്പിൽ സ്റ്റാഫ് അതെയെന്ന കണക്കെ തലയാട്ടി.

'വരാതിരിക്കാനുള്ള ടെസ്റ്റ് വല്ലതും ഉണ്ടോ?' 72 മണിക്കൂറിനുള്ളിൽ PEP ടെസ്റ്റ് എന്നൊക്കെ പറഞ്ഞു ചിലതുണ്ട്. കൂടുതൽ അറിയണമെങ്കിൽ ഡോക്ടറെ കാണിക്കേണ്ടിവരും.

'അഥവാ ഉണ്ടെങ്കിൽ ആരും അറിയാതെ നടക്കുവോ?' അമൽ സംശയങ്ങൾ തീർക്കാനെന്നോളം ചോദ്യങ്ങൾ കൂട്ടിച്ചേർത്തു.

'ആശുപത്രിയിൽ ആരും അറിയാതെ നടക്കില്ല.' സ്റ്റാഫിന്റെ മറുപടിയിൽ റോയി അകത്തു കരയുന്നത് മങ്ങിയ കണ്ണാടിയിലെന്നപോലെ കണ്ടു.

'ഇരുപത് ദിവസം കഴിയുമ്പോൾ ടെസ്റ്റ് ചെയ്തു നോക്ക്, സാധാരണ അറുപത് ദിവസം കഴിയുമ്പോൾ ഒക്കെയാണ് കൺഫേം ആവുകയുള്ളൂ.' ബ്ലഡ് സാമ്പിളെടുക്കുവാനുള്ള സാമ്രഗ്രികൾ കയ്യിൽ വച്ചുകൊണ്ട് ഇരുവരുടെയും ചോദ്യങ്ങൾക്ക് അറിയാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു. റോയി ലാബിൽ നിന്നും പുറത്തേക്കിറങ്ങി നടക്കുമ്പോൾ വഴിയിൽ തിരക്കിട്ടോടുന്ന മനുഷ്യരെ തട്ടി തടഞ്ഞു. 
അമൽ റോയിക്ക് പിന്നാലെ സ്റ്റാഫിനോട് നന്ദി പറയുന്നതിനൊപ്പം മറ്റാരും അറിയാതിരിക്കാനും ഓർമ്മിപ്പിച്ചുകൊണ്ട് ഇറങ്ങവേ പറഞ്ഞു.

'ഒരു ഇന്റർവ്യൂന് വേണ്ടിയാണ്, ടെസ്റ്റ്'.
സ്റ്റാഫ് ചിരിച്ചു. വിത്സന്റെ കടയിൽ നിന്നും ഡെറ്റോളും മറ്റു ക്ളീനിംഗ് സാധനങ്ങളും വാങ്ങി അമൽ മുറിയിലേക്ക് നടന്നു.

പരിചയമുള്ള ഡോക്ടറെ കണ്ട് രഹസ്യമായി കൺസൾട്ട് ചെയ്യുന്നതിനുള്ള സഹായത്തിനായി റോയി ഷിതോഷിനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. ഷിതോഷ് റോയിയുടെ ഫോൺ കണ്ടില്ലെന്ന് നടിച്ചു.

ജാർസ ഇരുട്ടിയപ്പോൾ വീണ്ടും ഷിതോഷിനെ വിളിക്കാൻ തീരുമാനിച്ചു. പരസ്യം കണ്ട ഡോക്ടറെ അവസാന തിരഞ്ഞെടുപ്പായി മാറ്റിവച് സഹായത്തിനുതകുന്ന മറ്റു സാഹചര്യങ്ങൾ അയാൾ തേടിക്കൊണ്ടിരുന്നു. 
ഷിതോഷിനോടല്ലാതെ മറ്റാരോടും സഹായത്തിനായി ചോദിക്കാൻ തോന്നിയതുമില്ല. ലൈംഗീക വൈകൃതങ്ങൾ പോലെ ചില കാര്യങ്ങൾ രഹസ്യങ്ങളിലൂടെ നീക്കാൻ അയാളെ പ്രേരിപ്പിച്ചു. ലാബിലേക്ക് വന്ന പുതിയ സ്റ്റാഫിനു മുറിയൊരുക്കുന്നതിനിടയിൽ അയാൾ റോയിയുടെ കോൾ കണ്ടില്ലെന്നു നടിച്ചു. വിത്സന്റെ നേതൃത്വത്തിൽ സ്റ്റാഫിനുവേണ്ടിയെടുത്ത പുതിയ മുറിയിൽ പെന്തക്കോസ് പള്ളിയിലെ പാസ്റ്റർ വന്നു പ്രാർത്ഥിച്ചു. 
പ്രാർത്ഥനയ്ക്ക് ശേഷം പാസ്റ്ററും വിത്സനും പുറത്തേക്കിറങ്ങി. ഷിതോഷ് അകത്തേക്ക് കയറി വാതിലടച്ചു. പാസ്റ്റർ വിത്സന്റെ കൂടെ ജാർസയിലെ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നു. ജാർസയുടെ ഒളിഞ്ഞിരിക്കുന്ന മൂകത ഇരുവരുടെയും മുഖത്തുണ്ടായിരുന്നു.

നേരം ഇരുണ്ടു വെളുത്തു. ഹനുമാൻ ബ്രാഹ്മിൺ ക്ലിനിക്കിന്റെ ബോർഡ് അന്വേഷിച്ചു തിരക്കിലൂടെ നടന്നു. ചുവന്ന വലിയ ഹനുമാൻ പ്രതിമയുടെ എതിർവശത്തായി പഴയ കെട്ടിടത്തിൽ റോയി ബോർഡ് വായിച്ചു. 'ഹനുമാൻ ബ്രാഹ്മിൺ ക്ലിനിക്. ഗൈനക്കോളജി സ്പെഷ്യലിസ്റ്. ഹോമിയോ, ആയുർവേദം, അലോപ്പതി, ഗോഡ്സ് ഗിഫ്റ്'.

തിരക്ക് പിടിച്ച മർക്കറ്റിനുള്ളിൽ രണ്ടു പുരുഷ നഴ്സിംഗ് സ്റ്റാഫ് മാത്രമുള്ള ഹനുമാൻ ബ്രാഹ്മിണ ക്ലിനിക്കിലേക്ക് റോയി അമലിന്റെ കൂടെ കയറിച്ചെന്നു. പുരുഷ നേഴ്സിൽ ഒരാൾ അപ്പോയ്ന്റ്മെന്റ് എഴുതിവെച്ചു. 
ഡോക്ടറുടെ അടുക്കൽ നിന്നും പ്രായം ചെന്ന രണ്ടു ദമ്പതിമാർ ഇറങ്ങിവരുമ്പോൾ അവരുടെ വിരലുകളിലെ നക്ഷത്ര രത്നമോതിരങ്ങൾ റോയിയുടെ കണ്ണുകളിൽ പതിഞ്ഞു. ഡോക്ടർ നൽകിയതെന്നോളം ദമ്പതിമാരുടെ കയ്യിലുള്ള ഹനുമാൻ പ്രതിമയെ നേഴ്സിങ് സ്റ്റാഫ് തൊഴുതുകൊണ്ട് പറഞ്ഞു. 'ഇനിയെല്ലാം ദൈവം നോക്കിക്കോളും'.

ദമ്പതിമാർ ക്ലിനിക്കിൽ നിന്നുമിറങ്ങി തിരക്കുള്ള മാർക്കറ്റിലെ ആൾക്കൂട്ടത്തിനിടയിൽ മറയുന്നതുവരെ അമലും റോയിയും അവരുടെ ചേഷ്ടകൾ നോക്കി ക്ലിനിക്കിന്റെ പടിയിൽ നിന്നു. 
ചാരിവച്ച വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്കിറങ്ങി, പടിയിൽ നിൽക്കുന്ന രണ്ടുപേരെയും ശ്രദ്ധിച്ചതിനാൽ നഴ്സിംഗ് സ്റ്റാഫിനോട് തിരക്കി. തെറിക്ക് പകരം കണ്ണടച്ച് സംസ്‌കൃത ശ്ലോകം ചൊല്ലി കേൾപ്പിച്ച ശേഷം ഡോക്ടർ അകത്തേക്ക് കയറിയതിനു പിന്നിൽ സ്റ്റാഫ് ഇരുവരോടും അകത്തേക്ക് കയറാൻ ആവശ്യപ്പെട്ടു. റോയിയും അമലും ഡോക്ടറുടെ മുന്നിലിരുന്നു. ഡോക്ടർ കസേരയിൽ ഇടം വലം ചുറ്റി രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി, പ്രകാശിക്കുന്ന ചിരി റോയിയുടെ മുഖത്ത് പ്രതിഫലിച്ചു.
ഡോക്ടർ ചോദിച്ചു 'ക്രിസ്ത്യൻ?'റോയി തലയാട്ടുക മാത്രം ചെയ്തപ്പോൾ ഡോക്ടർ കാര്യം വിവരിക്കാൻ ആവശ്യപ്പെട്ടു.

തിരക്കുള്ള മാർക്കറ്റിൽ തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോയെന്ന് ചുറ്റും വീക്ഷിച്ചുകൊണ്ട് ആരുമില്ലെന്ന് ഉറപ്പുവരുത്തി യുവാക്കളായ രണ്ടു കമിതാക്കൾ ക്ലിനിക്കിലേക്ക് കടന്നുവന്നു. നേഴ്സിങ് സ്റ്റാഫ് അവരുടെ ഡീറ്റൈൽ ചോദിച്ചു. ഡീറ്റെയിൽസ് എഴുതാതെ ഡോക്ടറെ കാണുന്നതിനായി സ്റ്റാഫിന്റെ കയ്യിൽ യുവാവ് അഞ്ഞൂറിന്റെ നോട്ട് നീട്ടിയപ്പോൾ സ്റ്റാഫ് തൊട്ടുവഴങ്ങി വലിപ്പിലേക്കിട്ട ശേഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടു.

'കണ്ടിപ്പ ഇത് എയ്ഡ്സ് വെൽക്കം പണ്ണുവേ. ഇന്ത മൂന്നുകോടിയിലെ നാലായിത്തഞ്ഞൂറു എയ്ഡ്സ് മട്ടും ത രെജിസ്റ്റർ പണ്ണിയിരുക്ക്. തെരിയാമ എവളോം ഇറുക്ക്. ഇത് എയ്ഡ്‌സ് താ.'റോയിയുടെ മുന്നിലിരുന്ന ഡോക്ടർ തമിഴിൽ പറഞ്ഞു.
റോയിയുടെ മുഖം ചുവന്നു. 
'അപ്പൊ വേറെ വഴിയൊന്നും ഇല്ലേ?'അമൽ റോയിയെ നോക്കിക്കൊണ്ട് ഡോക്ടറോട് ചോദിച്ചു.

'ഒരു വഴിയിറക്ക്' ഡോക്ടർ ചിരിച്ചു; അവരുടെ മുന്നിലേക്ക് ചേർന്നിരുന്നു.
രണ്ടുപേരും ആകാംഷയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

'നേത് ക്ഷീണം ഇരുന്തിച്ച? ഇന്ത വോമിറ്റിംഗ്?' ഡോക്ടറുടെ ഓരോ ചോദ്യത്തിനും റോയി തലയാട്ടി.

'HIV ഇൻഫെക്ഷൻ ആയിന്ന് നെനക്കിരെ. PPE മെഡിസിൻ സാപ്പിട്ടെന സെരിയായിടുവേ ന്ന് നെനക്കിരെ. ആദ്യ 72 മണി നേരത്തിൽ സാപ്പിട്ടെന്നു വൈ, HIV വരാത്. ആന, കൊഞ്ചം പണം തേവയ്പ്പെടും.' പേപ്പറിലെഴുതിയ മരുന്ന് ഡോക്ടർ സ്റ്റാഫിനെ വിളിച്ചു കൊണ്ടുവരാൻ ആവശ്യപ്പെട്ടു.

ശേഷം റോയിയോടു പറഞ്ഞു. 'വൺ മന്ത് മെഡിനിസിക്ക് പതിനെട്ടായിരം തേവപ്പെടും.' അമലും റോയും മുഖാമുഖം നോക്കി.'

'പിന്നെയുള്ള വഴി?' ഡോക്ടർ തുടർന്നപ്പോൾ രണ്ടുപേരും ആകാംഷയോടെ കാതു കൊടുത്തു.

'അത് രെജിസ്റ്റർ പണ്ണണം, അപ്പുറം ഇന്ത എയിംസ്ല് പോണമ, വരണമാ. അപ്പുറം ഇന്ത നിങ്ങളെ വീട്ടിൽ ഇൻഫോം പണ്ണണമ!! സീക്രെട് ആയിരിക്കണം താനേ ഇങ്കെ വന്തേ?' നിരാശയോടെ അതുവേണ്ടെന്ന് റോയ് ആവശ്യപ്പെടുന്നതിനിടെ ഡോക്ടർക്കു മുന്നിലായി സ്റ്റാഫ് മരുന്ന് കൊണ്ടുവച്ചു.

പതിനെട്ടായിരം രൂപ ഇല്ലെന്നു പറഞ്ഞപ്പോൾ താത്പര്യം നഷ്ടപ്പെട്ടതിനാൽ നിരാശയോടെയുള്ള ആലോചനയിൽ പുച്ഛത്തോടെ രണ്ടുപേരെയും നോക്കി കസേരയിൽ ചുറ്റിക്കൊണ്ടിരുന്ന ശേഷം ഡോക്ടർ സ്റ്റാഫിനെ വിളിപ്പിച്ചുകൊണ്ട് അടുത്തയാളോട് വരാൻ ആവശ്യപ്പെട്ടു.
പക്ഷെ റോയും അമലും ഇറങ്ങിയില്ല. അവർ അന്താളിച്ചു നിൽക്കുന്നത് കണ്ടുകൊണ്ടെന്നോളം ഡോക്ടർ പറഞ്ഞു.

'ഉങ്കേക്കിട്ടെയിരുന്ത് ഫീസ് വാങ്ങിയിടിച്ച? ഇല്ലല്ലോ. ഇത് വെറുമൊരു ചാരിറ്റി താ'
അമൽ തലയാട്ടിയപ്പോൾ ഡോക്ടർ തൊഴുതുകൊണ്ട് പറഞ്ഞു. 
'ഹനുമാൻ സാമിയുടെ കടാക്ഷത്തിൽ..!' വേണമെങ്കിൽ പൈസ തന്നു വാങ്ങിപോകാൻ പറഞ്ഞപ്പോൾ അക്കൗണ്ടിൽ ആറായിരം രൂപ മാത്രമേ ഉള്ളുവെന്ന് അമൽ ബോധ്യപ്പെടുത്തി. ഡോക്ടർ പാക്കറ്റിൽ നിന്നും മൂന്നു ദിവസത്തേക്കുള്ള മരുന്ന് മുന്നിലേക്ക് വച്ചു.

'മൂന്നു ഡേയ്സ് താണ്ടിന്നു വെയ്. എയ്ഡ്സ് കൺഫേം.' രണ്ടുപേരും തലയാട്ടിക്കൊണ്ട് പുറത്തേയ്ക്കിറങ്ങിയപ്പോൾ കമിതാക്കൾ അകത്തേക്ക് കയറി. റോയിയെ ബെഞ്ചിലിരുത്തി മെഷീനിൽ നിന്നും പൈസ പിൻവലിച്ചു വന്ന അമൽ  ഡോക്ടറുടെ മുന്നിലേക്ക് നീട്ടി. ഡോക്ടർ പൈസ കയ്യിലേക്ക് വാങ്ങാതെ ഭണ്ഡാരത്തിലേക്കിടാൻ ആംഗ്യം കാണിച്ചു.

'അപ്പോൾ പണികിട്ടും അല്ലെ.'പുറത്തേക്കിറങ്ങി ആൾക്കൂട്ടത്തിലൂടെ നടക്കെ റോയി അമലിനോട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
'മരുന്ന് ഉണ്ടല്ലോ. അത് എയ്ഡ്സ് ബാക്ടീരിയയെ കൊല്ലും എന്നല്ലേ പറഞ്ഞെ. നീ കൃത്യമായി മരുന്നുകുടിക്ക്' അമൽ മറുപടി പറഞ്ഞു.

'ഡോക്ടർ ഉടായിപ്പ് ആണോ.' റോയി സംശയത്തിൽ ക്ലിനിക്കിലേക്ക് തിരിഞ്ഞു നോക്കി. കമിതാക്കളിറങ്ങി പോകുന്നത് നോക്കി ചിരിച്ചുകൊണ്ട് ടാറ്റ കാണിക്കുന്ന ഡോക്ടറെ കണ്ടു.

'ആയുർവേദവും അലോപ്പതിയും മിക്സ് ആയിരിക്കുമെന്ന് അമൽ ഊഹം പറഞ്ഞു. പൈസ ഏതോ ട്രസ്ടിനുവേണ്ടിയല്ലേ, പിന്നെ ഫീസും ഉണ്ടായിട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ ഡോക്ടറെ വിശ്വസിച്ചുകൊണ്ട് രണ്ടുപേരും ജാർസയ്ക്ക് മുന്നിൽ വന്നിറങ്ങി.


5
ഡോക്ടർ ഏൽപ്പിച്ച പ്ലാസ്റ്റിക് കവറിലെ വലിപ്പമുള്ള ഗുളിക കയ്യിലെടുത്തു. 
ഗുളിക കഴിക്കുന്നതിനിടയിൽ അമൽ കിടക്കാനായി കട്ടിലിനടിയിൽ പൊടിപിടിച്ചു കിടക്കുന്ന കിടക്ക നിലത്തേക്കിടുന്നത് റോയി സങ്കടത്തോടെ നോക്കി നിന്നു. ഇതുവരെ തന്നോടൊപ്പം ഒരേ കട്ടിലിൽ കിടന്നിരുന്ന അമലിന്റെ എല്ലാ മാറ്റങ്ങളും അയാൾ സസൂഷ്മം നിരീക്ഷിക്കുന്നതിനൊപ്പം നിരാശയിലേക്ക് കൂപ്പുകുത്തി. നിരാശയുടെ പടുകുഴിയിൽ വീണ അയാൾ കട്ടിലിലേക്ക് കിടന്നതും മരുന്നിന്റെ പാർശ്വഫലമായി ഛർദിക്കാൻ തുടങ്ങി. ഇടതടവില്ലാതെ അയാൾ ഛർദിച്ചുകൊണ്ടേയിരുന്നു. സഹമുറിയന്റെ സഹാനുഭൂതിയിൽ റോയിയുടെ പുറത് അമൽ തടവിക്കൊടുക്കുമ്പോൾ ദേഹം കുറച്ചുകലം പാലിച്ചു നിന്നു. അവശതയിൽ വീണ റോയിയെ കട്ടിലിലേക്ക് എടുത്തുകൊണ്ടുവരുന്നതിടെ അമൽ പറഞ്ഞു.

എന്റെ ഒരുമാസത്തെ ക്രീയേറ്റീവിറ്റിയാണ് ഒറ്റ സെക്കൻഡിൽ പോയത്.' അമലിൽ നിരാശ ഇരുണ്ടുകൂടി.
ക്ഷീണത്താൽ റോയി കട്ടിലിൽ മയങ്ങി. ഇടയ്ക്കിടെ അടുത്ത മുറിയിലെ ബാത്റൂമിലേക്ക് കാതു കൊടുത്തുകൊണ്ട് അമൽ ലാപ്‌ടോപ്പിന് മുന്നിൽ ഭാവനാ സൃഷ്ടിയിലേക്ക് വീണു. ലാപ്ടോപ്പിൽ ഫയൽ ഓപ്പൺ ചെയ്തു പുതിയ കഥയ്ക്ക് പേരിട്ടു. 'അഹന്തയിൽ പൊട്ടിയ കൊണ്ടവും പ്രണയവും'.

തങ്ങളുടെ നാലു നില കെട്ടിടത്തിന്റെ മുകളിലേക്ക് പടികൾ കയറിപോകുമ്പോൾ മൂന്നാമത്തെ നിലയിലെ ബാത്‌റൂമിൽ നിന്നും കേൾക്കുന്ന ശബ്ദത്തിൽ ആകാംഷയോടെ നിന്നു, മുറിക്ക് പുറത്തേക്ക് പെരുമാറ്റ ശബ്ദം കടന്നു വന്നെന്നോളം അയാൾ മുകളിലേക്ക് നടന്നു. ടെറസിലൂടെ ജാർസയെ നോക്കി. ചുറ്റുമുള്ള കെട്ടിടത്തിലെ ജനലുകളിൽ അയാൾ കണ്ണും നട്ടിരുന്നു.

ഷിതോഷ് ലാബിലെ പുതിയ സ്റ്റാഫ് ഇറങ്ങിപോകുന്നതിന്റെ പിറകെ, ഇറങ്ങിപോകുന്നത് ദേഷ്യത്തോടെ അന്ന നോക്കി നിന്നു.
'നിനക്ക് മാറി ചിന്തിച്ചൂടെ ഇത്ത?' കണ്ണുനീർ വറ്റിയ സ്ത്രീയുടെ നിസ്സഹായാവസ്ഥ അവളിൽ കണ്ടെതെന്നോളം ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോവാൻ തയ്യാറായി അൽപ്പ സമയം ലാബിൽ അന്നയോടുത്തു ചിലവഴിക്കാനായി വന്ന നസ്രി അവളോടു ചോദിച്ചു.
അന്ന വയറിൽ തടവി. രണ്ടുപേരുടെയും കണ്ണുകൾ ചാണകവരളികൾ തലയിലേറ്റി ആൽമരത്തിന്റെ മുന്നിലേക്ക് കൊണ്ടുപോകുന്ന സ്ത്രീകളിലുടക്കി.
'ഈ ബന്ധം ഇനി കൂടുതൽ മുന്നോട്ടേക്ക് പോവുംന്ന് നിനക്ക് തോന്നുന്നുണ്ടോ?' നസ്രിയുടെ ചോദ്യത്തിൽ അന്നയിൽ മാറ്റമൊന്നും സംഭവിച്ചില്ല. വഴിയോരത്തെ ഡെക്കറേഷൻ ബൾബുകളിൽ നിന്നും അന്നയുടെ മുഖത്തേക്ക് വീഴുന്ന വർണ്ണങ്ങൾ സംഭാഷണമേതുമില്ലാതെ നസ്രി നോക്കി നിൽക്കെ പിന്നിൽ നിശബ്ദത പരന്നുപിടിച്ചു.

'ഞങ്ങൾ ഒരു മാസം കൂടിയേ കഷ്ടി ഇവിടുണ്ടാവുള്ളു, അത് നിനക്ക് അറിയാലോ.?'
അന്ന മൂളുക മാത്രം ചെയ്തു.
'നമുക്ക് ഇത് വേണ്ടെന്ന് വച്ചാലോ ഇത്ത. ഇങ്ങനൊരു ബന്ധത്തിൽ കുട്ടികൂടി വന്നാൽ പിന്നെ അത് നിനക്ക് മാത്രം ബാധ്യതയായി മാറിയാലോ.' അൽപ്പ നേരം ചുഴിയിലകപ്പെട്ടപോലെ ശോകമായിരിക്കുന്ന അന്നയുമായി ചേർന്ന് നിന്നു.
അന്ന മറുപടി പറഞ്ഞില്ല. 
സൂസനും എമിയും ആശുപത്രിയിൽ നിന്നും ഡ്യൂട്ടിക്ക് ശേഷം യൂണീഫോമിൽ തിരിച്ചുവരുന്നത് കണ്ട നസ്രി സമയം നോക്കി. അന്നയോട് പോകുകയെന്നോളം കെട്ടിപിടിച്ചുകൊണ്ട് വീട്ടിലേക്ക് പോയിരിക്കാനും കൂടുതൽ ചിന്തിക്കാതിരിക്കാനും ആവശ്യപ്പെട്ടു.

'രണ്ടുപേർക്കും ഒരുമിച്ചു ഡ്യൂട്ടി ഇട്ടോ?' സൂസനും എമിയും ചിരിച്ചു.
ലാബിലേക്ക് കയറി സൂസനും എമിയും അന്നയെ കെട്ടിപിടിച്ചു. ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ഗുലാബ് ജാമിന്റെ ചെറിയ പ്ലാസ്റ്റിക് ഡബ്ബ തുറന്ന് അന്നയുടെ മുന്നിലേക്ക് വച്ചു. 
'നിനക്ക് വേണ്ടി കൊണ്ടന്നതാ'. അന്ന സ്പൂണിൽ ചെറിയ കഷണമെടുത്തു വായിലേക്കിട്ടു.

എമി പ്രൈവറ്റ് നഴ്സിങ്ങിന്റെ ലിസ്റ്റെടുത്തു നോക്കുന്നതിനിടയിൽ ഷിതോഷ് ലാബിലേക്ക് തിരിച്ചുവന്നു. ആഫ്രിക്കൻ ക്ലൈന്റ്ന്റെ ഡീറ്റൈൽ ബുക്കിൽ നിന്നും എടുത്തു എമിക്ക് മുന്നിലേക്ക് നീട്ടിയപ്പോൾ പോകുവാനുള്ള കൃത്യമായ വഴി എമി ഷിതോഷിൽ നിന്നും മനസ്സിലാക്കി. സൂസനും അതിനു തൊട്ടപ്പുറം തന്നെയാണെന്ന് ഷിതോഷ് പറഞ്ഞു. ഈ മാസം എടുത്ത ഡ്യൂട്ടിയുടെ കണക്കും പൈസയുടെ വിവരങ്ങളുമൊക്കെ മാസം അവസാനം തരാമെന്ന് കൂടെ അയാൾ ഓർമ്മപ്പെടുത്തി. പൈസ തയ്യാറാക്കി വെക്കാനും ഏതു സമയം വേണമെങ്കിലും ടിക്കറ്റ് അയക്കുമെന്നും പോകേണ്ടിവരുമെന്നും കൂടി പറഞ്ഞു.

ജാർസയുടെ തിരക്കിലൂടെ നടക്കുമ്പോൾ ടിക്കറ്റ് വരുന്നതിനു മുന്നേ ചെയ്തു തീർക്കേണ്ടുന്ന ലിസ്റ്റ് അന്ന വിശദീകരിച്ചു. ബ്രോക്കെർ ഫീസ് ചേച്ചിക്കറിയുന്നതല്ലേയെന്ന ആകുലത എമി തുറന്നു വിട്ടു.

ആശുപത്രി പോലെയല്ല, പ്രൈവറ്റ് നഴ്സിങ്ങിനിടയിൽ പഠിക്കാനും ഫോറിൻ ക്ലൈന്റ് ആയതിനാൽ ഭാഷ മെച്ചപ്പെടാൻ സഹായിക്കുന്നുണ്ടെന്നും എമി പറയുമ്പോൾ സൂസൻ ഇരുവർക്ക് പിന്നിലുമായി മുറിയിലേക്കുള്ള പടികൾ കയറി. 
സൂസൻ കിടക്കയിൽ മുകളിലേക്ക് നോക്കി ചിന്തയിലേക്ക് വീണു. 
'ഇവിടുന്ന് പോയാൽ തന്നെ മനസ്സിന് ശാന്തി കിട്ടുമെന്ന്' എമി സൂസനെ നോക്കി പറഞ്ഞു. അൽപ്പ നേരം സൂസന്റെ ആകുലതയിലേക്കുള്ള ഇഴഞ്ഞിറക്കം കണ്ടതെന്നോളം അന്നയും സൂസന്റെ കൂടെ കിടന്നു. പതിയെ സൂസനോട് പറഞ്ഞു.
'പ്രണയത്തിലേക്ക് കയറുന്നപോലെയല്ല ഇറങ്ങുന്നത്. പക്ഷെ ചില ഇറക്കങ്ങൾ കയറിപ്പോയ തെറ്റ് തിരുത്തൽ തന്നെയാണ്.' സൂസൻ അന്നയെ നോക്കി. അന്ന ചിരിച്ചു.

എമിയും സൂസനും എഴുനേറ്റു. സൂസൻ റോയിയുടെ മെസേജിനായി ഫോണിൽ ചികഞ്ഞെങ്കിലും നിരാശയാനുഭവിച്ചു. നസ്രിയുടെ ഉറക്കത്തിനു ഭംഗമേൽക്കാതെ ഇരുവരും ജാർസയിലേക്ക് വെളിച്ചം വീഴും മുന്നേ ഗ്യാസ് ഓട്ടോറിക്ഷയിൽ കയറി കറുത്ത് തടിച്ച ഉയരമുള്ള ആഫ്രിക്കക്കാരന്റെ ഹോസ്റ്റലിലെത്തി.

ഒരേ കമ്പിക്കഥ സീൻ മറ്റു കഥയിൽ ഉപയോഗിച്ചാൽ റിജെക്ട് ആവുമോയെന്നും എയ്ഡ്സ് വരാൻ സാധ്യതയുള്ളവർ ഉപയോഗിക്കുന്ന ടോയ്ലറ്റ് ഉപയോഗിക്കുന്നത് പ്രശ്നമാവുമോയെന്നുമുള്ള സംശയം പട്ടാളത്തിലെ സുഹൃത്തിനെ വിളിച്ചു ചോദിക്കുന്ന അമലിന്റെ ശബ്ദത്തിൽ ഉറക്കം ഞെട്ടിയ റോയി ആലോചനയിൽ വീണുകൊണ്ടുതന്നെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് നോക്കി കിടന്നു.

'ഒരേ കിടക്കയിൽ കിടന്നാലും, വരുമോന്നു ചോദിക്ക്' നിലത്തിട്ട കിടക്ക മടക്കി വച്ചതുകണ്ട റോയി ദേഷ്യത്തോടെയെന്നോളം ചോദിച്ചപ്പോൾ അമൽ പതിയെ പുറത്തേക്കിറങ്ങി. ഫോണിനു ശേഷം തലവേദനയിൽ അയാൾ അമലിനോട് ചായ വച്ചുതരാൻ അപേക്ഷിച്ചു. അമൽ ചായ റോയിക്ക് കൊണ്ടുകൊടുക്കുന്ന നേരമൊക്കെ അയാൾ ദേഹത്തു ചൊറിഞ്ഞുകൊണ്ട് ആലോചനയിൽ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. ചായ കുടിക്കെ ഭക്ഷണം കഴിക്കാതെ മരുന്നുകുടിക്കേണ്ടെന്നും ഇന്നലെ മുഴുവൻ ഛർദിച്ചകാര്യവും അമൽ ഓർമ്മപ്പെടുത്തി. തലശ്ശേരി ഹോട്ടലിലേക്ക് വിളിച് അപ്പവും ഗ്രേവിയും ഓർഡർ ചെയ്തപ്പോൾ ഡെലിവറിക്കുള്ള മിനിമം ഓർഡർ തികയ്‌ക്കുന്നതിനായി മുട്ടക്കറിയും പറഞ്ഞു. അവശതയിൽ അയാൾ എന്തുചെയ്യണമെന്നറിയാതെ സൂസന്റെ വാട്സാപ്പ് ചിത്രം നോക്കി കട്ടിലിൽ എഴുന്നേറ്റിരുന്നു. പനിയുടെ കുളിരിൽ പുതപ്പ് കാലുമുതൽ തലവരെ മൂടി.

എയ്ഡ്സ്ന്റെ രോഗലക്ഷണങ്ങൾ ഫോണിൽ തിരഞ്ഞുകൊണ്ട് ആശങ്കയിൽ അമൽ റോയിയോട് പറഞ്ഞു.'പനിയും തലവേദനയും ചൊറിച്ചലുമൊക്കെ ലക്ഷണങ്ങളാണ്.' റോയിയുടെ കണ്ണുകൾ നനഞ്ഞു.

'വേറെ കാണിച്ചാലോ?' സംശയത്തോടെ അമലിനോട് ചോദിച്ചപ്പോൾ എയ്ഡ്സിന് മരുന്നില്ലെന്നും വേറെ ഡോക്ടർന്റെ അടുത്തുപോയാൽ പണിയാകുമെന്നും അമൽ പറഞ്ഞു.

'ഷിതോഷ് വിചാരിച്ചാൽ ഡോക്ടറെ പേർസണൽ ആയി കാണാൻ കഴിയില്ലേ?'

ആലോചിച്ചുകൊണ്ട് അമൽ തുടർന്നു. 'ഏതായാലും ഇപ്പോൾ ഒരു മരുന്ന് ഉണ്ടല്ലോ. പത്തു ദിവസം കഴിഞ്ഞൊന്ന് ടെസ്റ്റ് ചെയ്തു നോക്കാം.' ലാബിൽ പുതിയ ഒരുത്തി വന്നിട്ടുണ്ടല്ലോ. ഇനി കുറച്ചു ദിവസം എന്തായാലും അയാളെ കിട്ടാൻ വഴിയില്ല.'- അമൽ ചിരിച്ചു. മുകളിലത്തെ നിലയിലേക്ക് മാറിയ ഹിന്ദിക്കാരന്റെ ഭാര്യ നടന്നുപോകുന്നത് അമലിന്റെ കണ്ണിലുടക്കി.

'കയ്യിലാണെങ്കിൽ ചിലവിനു പോലും പൈസയില്ല. ഒരു പത്തു പേജെങ്കിലും എഴുതിയാൽ ആയിരം എങ്കിലും കിട്ടും.'

'എന്തെങ്കിലും എഴുതിയാൽ പോരെ?' റോയി ചിരിച്ചു. ചിരിക്കുമ്പോൾ ചുമ കനത്തു.

'ഫ്രഷ് തന്നെ വേണം, അതൊക്കെ അവർക്ക് മനസ്സിലാവും.'
ക്ളോക്കിലേക്ക് സമയം നോക്കി. അൽപ്പ നേരം ചിന്തിച്ചുകൊണ്ട് പതിയെ എഴുനേറ്റ് ടെറസിലേക്ക് നടന്നു. മുകളിലേക്ക് കയറിപ്പോവുന്ന പടിക്കൾക്കിടയിലേക്ക് തുറക്കുന്ന ജനലിലൂടെ ഒന്നാമത്തെ നിലയിലെ മുറിയിലേക്ക് ഒളിഞ്ഞു നോക്കി. പൊടുന്നനെ മുറിയിലേക്ക് തിരിച്ചോടി വന്ന് കിടക്കയിൽ പുതച്ചു കിടക്കാൻ ശ്രമിക്കവേ മുകളിലത്തെ നിലയിലെ ഹിന്ദിക്കാരൻ അമലിന്റെ കഴുത്തിൽ പിടിച്ചു രണ്ടടി കൊടുത്തു. 
അമൽ ചൂളിക്കൊണ്ട് ഹിന്ദിക്കാരനോട് സോറി പറയുമ്പോൾ റോയി കട്ടിലിൽ പനിച്ചു കിടന്നു.

പനിയിൽ ക്ഷീണിതനാണെങ്കിലും ഭയം അയാളെ പള്ളിയിലേക്കെത്തിച്ചു. കത്തോലിക് പള്ളിയിൽ മുട്ടുകുത്തി കർത്താവിനോട് പ്രാർത്ഥിച്ച ശേഷം പള്ളിയുടെ പുറത്തേക്കിറങ്ങി. പള്ളിയിൽ നിന്നും ഇറങ്ങിവരുന്ന റോയിയെ എബി പുറത്തു നിന്നും കണ്ടു.

'മാതാവിന്റെ പള്ളി പോരാഞ്ഞിട്ടാണോ?' എബി കനത്തിൽ ചോദിച്ചുകൊണ്ട് അവർക്കിടയിലായി നിന്നു. റോയി പരുങ്ങി.

'കർത്താവിനു തന്നെ പറ്റുമോന്നു അറിയില്ല അച്ചോ.'
'അവർക്ക് പറ്റില്ലേൽ പിന്നെ വിധിയെന്ന് പറഞ്ഞു സമാധാനിക്കാൻ പറ്റണം' അമൽ തിരിച്ചു പറഞ്ഞയുടനെ എബിയുടെ മറുപടി കനത്തു. 
റോയിയുടെ മുഖത്തെ പരവേശം കൊടുമുടിയിലെത്തി. റോയി ജാർസയുടെ ഉള്ളിലേക്ക് വലിഞ്ഞു. ഛർദിക്കാൻ തുടങ്ങി. അയാൾ അവശനായി പള്ളിയുടെ അരികിലുള്ള കല്ലിന്മേലിരുന്നപ്പോൾ റോയിയെ സൂക്ഷിച്ചു നോക്കി അമൽ ചോദിച്ചു;

'ഇനി പ്രേഗ്നെന്റ് ആയതാണോ?' റോയ് നിശ്വാസത്തോടെ മുഖത്തേക്ക് നോക്കിയപ്പോൾ അമൽ ബീഡിയുടെ പുക ചുണ്ടിലൂടെ ചക്രങ്ങളായി പുറത്തേക്ക് തള്ളിക്കൊണ്ടേയിരുന്നു.

സൂസനും നസ്രിയും ഷിഫ്റ്റ് കഴിഞ്ഞു നടന്നു വരുന്നത് കണ്ടു. അമലും റോയിയും അവർക്ക് പിന്നിൽ നടന്നു. ലാബിൽ സൂസനും റോയിയും മുഖത്തോടു മുഖം നോക്കി. രണ്ടു ദിവസത്തിൽ കൂടുതൽ തന്റെ കാമുകത്വത്തിൽ നിന്നുമുള്ള അകൽച്ച അവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നെന്നോളം പ്രണയത്തിന്റെ എല്ലാ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി അവൾ അയാൾക്കരികിലേക്ക് നീങ്ങി. അൽപ്പ നേരം അയാൾക്കടുത്തായി നിൽക്കുന്നതിനിടയിൽ അയാളുടെ വിരലുകളിൽ തലോടി. സൂസൻ റോയിയുടെ കൈകൾ ചേർത്തുപിടിച്ചു; പതിയെ പറഞ്ഞു 'സോറി'.

'സാരില്ല, ഇന്റർവ്യൂയിൽ ശ്രദ്ധിക്ക്' റോയിയുടെ മറുപടിയിൽ സൂസൻ ചിരിച്ചു.

ഉച്ചയ്ക്കുള്ള മരുന്ന് ലാബിന്റെ മുന്നിലിരുന്നു കുടിച്ചശേഷം റോയി വീണ്ടും ഛർദിക്കാൻ തുടങ്ങി. അവശതയോടെ അയാൾ ലാബിലെ കസേരയിലിരുന്നു. 
'തലവേദനയും ചൊറിച്ചലും പൊക്ലകളുമൊന്നും ഇല്ലല്ലോ?' അയാൾക്കടുത്തു വന്ന് ലാബിലെ പുതിയ സ്റ്റാഫ് ചോദിച്ചു. റോയി സങ്കടത്തോടെയിരുന്നു. അവശനായ അയാൾക്ക് ഇനി ഒന്നിനും കഴിയുമായിരുന്നില്ല. എബി ആശുപത്രിയിൽ പോവാൻ നിർദ്ദേശിച്ചു. വിത്സൺ പ്രാർത്ഥനയാരംഭിച്ചു.

'കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു..'റോയി വിത്സനെ തലയുയർത്തി നോക്കി.
മുകളിലത്തെ നിലയിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയ സൂസനും നസ്രിയും അന്നയും ഷിനോജുമൊക്കെ താഴേക്കിറങ്ങി വന്നപ്പോൾ സൂസൻ ഒരു കാമുകിയുടെ എല്ലാ സുരക്ഷയോടും കൂടി അയാളെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി ശുശ്രൂഷിച്ചു. അയാൾക്കൊപ്പം കിടക്കയിൽ ചേർന്നു കിടന്നു. ഭക്ഷണം പാകം ചെയ്തു.

ഡ്യൂട്ടി കഴിഞ്ഞു എമിയും റൂമിലെ പുതിയ അന്തേവാസിയും തിരിച്ചുവന്നു. അമലും എബിയച്ചനും റോയിയുടെ സുഖ വിവരം അന്വേഷിക്കാനെത്തി. 
എല്ലാവരും അയാളുടെ കയ്യിലെ ഞരമ്പിലേക്ക് സൂസൻ കുത്തികയറ്റിയ ഗ്ലൂക്കോസ് കുപ്പിയിലേക്കും അയാളുടെ മുഖത്തെക്കും സഹതപിച്ചുകൊണ്ട് ചുറ്റും കൂടി.

ഇരുവർക്കും പ്രൈവസി നൽകാനെന്നോളം ഉറക്ക ക്ഷീണത്തിലും മുറിയിലെ മൂന്നുപേരും ജാർസയുടെ വഴിയരികിലും മറ്റുമായി നേരം കളഞ്ഞു. മലേറിയയാണോ മഞ്ഞപ്പിത്തമാണോ എന്നുള്ള സംശയത്തിൽ രോഗ ലക്ഷണങ്ങൾ നിരീക്ഷിക്കുന്ന സൂസനു മുന്നിൽ അയാൾ കരഞ്ഞുകൊണ്ട് എല്ലാം ഏറ്റുപറഞ്ഞു. 
ആശങ്കയോ സംശയമോ ഇല്ലാതെ തന്നെ സൂസൻ അയാളെ ചേർത്തുപിടിച്ചു കിടക്കുമ്പോഴും അയാൾ കരഞ്ഞു. എയ്ഡ്സ് വരുമെന്നുള്ള ആവലാതിയിൽ തകർന്നടിഞ്ഞു. ആശുപതിയിൽ വിളിച് ലീവിനായി അപേക്ഷിച്ചു.
റോയിയെ അവൾ തന്റെ മാറിലേക്ക് ചേർത്തുവച്ചുകൊണ്ട് തങ്ങൾക്ക് മുന്നിലായുള്ള കണ്ണാടിയിലേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കെ അയാൾ അലമുറയിട്ടു കരഞ്ഞുകൊണ്ടേയിരുന്നു.

എമിയും നസ്രിയും ഉറങ്ങുന്നതിനുവേണ്ടി ആക്കം കൂട്ടിയപ്പോൾ ആരോഗ്യം വീണ്ടെടുത്ത റോയിയെ സൂസനും അമലും മുറിയിലേക്കെത്തിച്ചു. മേശമുകളിലെ പ്ലാസ്റ്റിക് കവറിൽ കിടക്കുന്ന മരുന്ന് നോക്കി ഇനി മരുന്ന് കഴിക്കാതിരിക്കുന്നതാണ് നല്ലതെന്നും വരുന്നിടത്തുവച്ചു നോക്കാമെന്നുള്ള പ്രതീക്ഷ നൽകി ആശുപത്രിയിലെ HIV സ്‌പെഷലൈസ് ചെയ്ത ഡോക്ടറോട് സംസാരിച്ച ശേഷം പ്രൈവറ്റായി നമുക്ക് കൺസൾട്ട് ചെയ്യാമെന്നും സൂസൻ റോയിക്ക് ഉറപ്പു നൽകി അയാൾക്കടുത്തിരുന്നു.

സൂസൻ റോയിയെ ചുംബിച്ചു. റോയി സൂസനെയും. അവളുടെ മാറിടത്തിൽ റോയി ശാന്തിയും മനസമാധാനവും കണ്ടെത്തിയപ്പോൾ സൂസന്റെ കണ്ണുകൾ നനഞ്ഞു. പേടിക്കേണ്ടതില്ലെന്നും ഞാൻ കൂടെയുണ്ടാവുമെന്നും അവൾ ആവർത്തിച്ചു. രാത്രി ജാർസയിരുണ്ടപ്പോൾ ജാർസയിലെ എല്ലാ മനുഷ്യരും തിളങ്ങിനിൽക്കുന്ന ആകാശം നോക്കി നിർവൃതി കൊണ്ടു.

ജാർസയിൽ സൂര്യ വെളിച്ചം മുറികളിലേക്ക് വെളിപ്പെടും മുന്നേ റോയിക്ക് വേണ്ടുന്ന ഭക്ഷണം പാഴ്സൽ ചെയ്ത് വിവരമന്വേഷിക്കാനും കൂടിയായി സൂസൻ മുറിയിലേക്ക് ചെന്നു. ഉറക്കപ്പിച്ചിൽ എഴുനേറ്റിരുന്ന അമലിനു മുന്നിൽ എബിയച്ഛൻ റോയിക്ക് വേണ്ടി പ്രാർത്ഥന ചൊല്ലുന്നു.

'കുരിശിൽ കിടക്കുന്ന യേശു ചത്തോന്നറിയാൻ വിലാപ്പുറത്തു കുത്തിനോക്കിയ ലുങ്കിനോസ്. വേൽമുനകൊണ്ട് ദൈവ പുത്രന്റെ മുറിവിൽ നിന്ന് രക്തവും വെള്ളവും വെവ്വേറെ തെറിച്ചു.' അമലും റോയിയും മുഖാമുഖം നോക്കി.

'ചോരത്തുള്ളികൾ ഒറ്റ കണ്ണിന് മാത്രം കാഴ്ചയുള്ള ലുങ്കിനോസിന്റെ കാഴ്ചയില്ലാത്ത കണ്ണിലേക്ക് ചെന്നു വീണു. ശേഷം ലുങ്കിനോസ് യേശുവിന്റെ സുവിശേഷം പാടി നടന്നു. നിനക്കും സുവിശേഷം പാടി നടക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ.' അയാളുടെ മുറികളിലും പ്രാർത്ഥനയുടെ ദൈവകൃപ തെളിച് എബി പുറത്തേക്കിറങ്ങും വരെ സൂസൻ പുറത്തു കാത്തുനിന്നു. ഭക്ഷണം മേശപ്പുറത്തേക്ക് വച്ചുകൊണ്ട് സൂസൻ അകത്തേക്ക് കയറുമ്പോൾ അമലിന്റെ പുതിയ കമ്പിസ്റ്റോറിയുടെ പേര് 'അഹന്തയിൽ പൊട്ടിയ കോണ്ടവും പ്രണയവും' ലാപ്ടോപ്പിൽ തെളിഞ്ഞു.

സൂസന്റെ മുന്നിൽ നിൽക്കാനുള്ള മടി, അമൽ ലാപ്ടോപ്പ് മടക്കിവച്ചു സൂസന്റെ മുഖത്തേക്ക് നോക്കാതെ പുറത്തേക്കിറങ്ങിയ എബിയ്ക്ക് പിന്നാലെ ചെന്നു. 
സൂസൻ തനിക്ക് പ്രിയപ്പെട്ട കാമുകന്റെ പിരിമുറുക്കം കുറയ്ക്കാനെന്നോളം ചേർന്നിരുന്നു; കെട്ടിപിടിച്ചു. 
ആശ്വാസ വാക്കുകളിൽ റോയി സമാധാനം കണ്ടെത്തി. ഫോൺ വിളിച്ചാൽ എടുക്കണമെന്നുള്ളത് പ്രണയത്തോടെ ചേർത്ത് നിർത്തി സൂസൻ അപേക്ഷിച്ചു. ഡ്യൂട്ടി കഴിഞ്ഞു തിരിച്ചു വരുമ്പോൾ വരാമെന്നും ഡോക്ടറോട് സംസാരിക്കാമെന്നും ഉറപ്പു നൽകി മടിച്ചുകൊണ്ടവൾ പുറത്തേക്കിറങ്ങുമ്പോൾ ഓരോ നിമിഷവും അയാളുടെ കൂടെ ചേർന്നിരിക്കാൻ ആഗ്രഹിച്ചിരുന്നിരിക്കണം. പുറത്തേക്കിറങ്ങി നടന്നു.

മുറിക്ക് മുന്നിലെ വഴിയരികിൽ അന്നത്തെ ഭക്ഷണത്തിനായി പാലും, മുട്ടയും വിത്സന്റെ കടയിൽ നിന്നും വാങ്ങിവരുന്ന എമിയോട് തന്റെ പ്രണയത്തിന്റെ എല്ലാ സത്തയും ഉള്ളിലൊതുക്കി സംസാരിച്ചു നിൽക്കുന്ന എബിയച്ചനോട് സൂസൻ പറഞ്ഞു.

'എന്തിനാ അച്ചോ പ്രാർത്ഥനകൊണ്ട് ബുദ്ധിമുട്ടിക്കുന്നേ?'

'അവനെന്തോ ഒരു വിഷമം, പിന്നെ നിൽക്കാത്ത ഛർദിയും. മരുന്നുകൊണ്ട് മാറിയില്ലേൽ പിന്നെ പ്രാർത്ഥനകൊണ്ട് കരുത്തുപകരുക' എബിയുടെ മറുപടിയിൽ സൂസന് ദേഷ്യം വന്നു.

'നമുക്ക് ശമ്പളം തരുന്നത് അതിനല്ലേ സൂസൻ.' എബി ചിരിച്ചു. 
എമി പടികൾ കയറി മുറിയിലേക്ക് നടക്കുമ്പോൾ എബിയുടെ മുഖത്ത് നിരാശ വീണു.

'വല്ലപ്പോഴും കിട്ടുന്ന ഈ ദൈവകൃപ നീയായി കളഞ്ഞല്ലോ സൂസൻ.' എബി സൂസനോട് പറഞ്ഞു. സൂസൻ ചിരിച്ചു. 
'കൊച്ചച്ചന്റെ ചാഞ്ചാട്ടം ജാർസയിലെ എല്ലാവർക്കും മനസ്സിലായി തുടങ്ങീട്ടുണ്ട്' മുന്നോട്ടേക്ക് നടക്കേ സൂസൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

'അതിനെന്താ സൂസൻ. ഞങ്ങള് യാക്കോബക്കാരല്ലേ' സൂസൻ നടന്നകലുമ്പോൾ ചിരിച്ചുകൊണ്ട് എബി തിരിഞ്ഞു നടന്നപ്പോൾ റോയിക്കും അമലിനും മുന്നിലായി തൽക്ഷണം നിന്നു. 
'പ്രാർത്ഥനയ്ക്ക് വല്ല ഫലവും കാണുവോ?'എബിയുടെ മുഖത്തെ ചിരി പരിഭ്രമത്തിലേക്കെന്നോളം മായവെ അമൽ റോയിയോട് എബി കേൾക്കാത്തവിധത്തിൽ പതിയെ പറഞ്ഞു.
'ലുങ്കിനോസ് ആവാതിരുന്നാൽ മതിയാരുന്നു.' റോയി അകത്തേക്ക് കയറി.

പ്രാർത്ഥനാ ഗീതം പാടി മുറിക്ക് മുന്നിൽ നിന്നും എബി പള്ളിയിലേക്കെന്നോളം നടക്കുമ്പോൾ ചാണകവരളികളുമായി ഹരിയാൻവി സ്ത്രീകൾ മുന്നിലൂടെ കടന്നുപോയി. പത്തു ദിവസത്തെ ലോഹ്രി ആഘോഷം തുടങ്ങിയ കണക്കെ കുട്ടികളുടെ പരിപാടിക്കുവേണ്ടി ആൽമരത്തിനടുത്തു സ്റ്റേജ് ഉയരുന്നതും നോക്കി സിഗററ്റുകടയ്ക്ക്കടുത്തു റോയി നിന്നു.
'ഇവിടെ ഒരു എയ്ഡ്സ് രോഗിയുണ്ടെന്ന് കേട്ടിരുന്നല്ലോ ആളെ അറിയുവോ?' രഹസ്യമായെന്നോളം നേപ്പാളിയോട് ചോദിച്ചു. നേപ്പാളി ചിരിച്ചു. ഹിന്ദിയിൽ ആൽമരത്തിനു പിന്നിൽ ക്ളീൻ ഷേവിൽ ഇൻസൈഡ് ചെയ്തിരിക്കുന്ന ഒരാളെ ചൂണ്ടി കാണിച്ചു.

സ്റ്റേജ് ജോലിക്കാർക്ക് കുൽബീന്ദർ സിങ് ഭക്ഷണമെത്തിക്കുമ്പോൾ ഇൻസൈഡ് ചെയ്ത് അവർക്കരികിലായി നിന്ന ജാർസയിലെ എയ്ഡ്സ് രോഗിയായ വെളുത്ത ഉയരമുള്ള മണിപ്പൂരിയായ ലെയ്‌പക്കിനെ ആട്ടിയോടിച്ചു.
റോയി ആൽമരത്തിനടുത്തേക്ക് നീങ്ങി. കുൽബീന്ദറിനോട് അയാളെ ആട്ടിയോടിച്ചതെന്തിനെന്നോളം ചോദിച്ചു. മണിപ്പൂരിയുടെ വേഷം നോക്കാതെ, കാലും കയ്യും നോക്കാൻ അയാൾ ആവശ്യപ്പെട്ടപ്പോൾ കാലിലും കൈകളിലും ചീഞ്ഞു പഴുത്ത പുണ്ണുകൾ റോയി ശ്രദ്ധിച്ചു. 
കയ്യിലെ സിഗരറ്റും ചായയും കൊട്ടയിലേക്കിട്ടു. ഓക്കാനം തികട്ടി; മുറിയിലേക്ക് നടന്നു.

മുറിയിൽ ചെന്നയുടനെ മരുന്നെടുത്തു കഴിച്ചു. 
തല കറങ്ങുന്നതുപോലെ തോന്നി. അയാളുടെ ശരീരം മുഴവനായി വിറച്ചു. 
വീണ്ടും ഛർദിയും അവശതയും അയാളെ പിന്തുടർന്നു. സർവ്വ പ്രതീക്ഷയും അവസാനിച്ചതായി തോന്നി. സൂസനെ ഫോണിൽ വിളിച്ചു. ഡോക്ടറോട് സംസാരിക്കുന്നതിനെ കുറിച് ഓർമ്മപ്പെടുത്തി. അവശതയിലും പള്ളിയിൽ മുട്ടുകുത്തി.

വൈകുന്നേരം ആൽമരത്തിനു മുന്നിലൂടെ ചാണകവരളികള്‍ പുകയാൻ തുടങ്ങും നേരം സൂസൻ തിരിച്ചുവരുമ്പോൾ ഹരിയാനിയുടെ കടയിൽ നിന്നും രണ്ട് ബർഗർ വാങ്ങി. റോയിക്കടുത്ത് സൂസൻ കട്ടിലിലിരിക്കെ മടിയിൽ ലാപ്ടോപ്പ് വച്ചുകൊണ്ട് സർഗാത്മകതയിൽ കമ്പിക്കഥയെഴുത്തിൽ അമൽ മുഴുകിയിരുന്നു.

'ഇനി കാര്യമായിട്ട് ചികിത്സ ഒന്നുമില്ല. കൗൺസിലിംഗും പ്രതിരോധ ശേഷിയും കൂട്ടുക എന്നത് മാത്രമാണ് ഡോക്ടർ പറഞ്ഞതെന്ന്' റോയിയോട് സൂസൻ വിശദീകരിക്കുമ്പോൾ അമൽ ചെവികൊടുത്തു. സൈഡ് എഫ്ഫക്റ്റ് കൂടുതലുണ്ടെങ്കിൽ ഈ മരുന്ന് കഴിക്കേണ്ടതില്ലെന്നും സെക്സ് ചെയ്തയാൾ പോസിറ്റിവ് അല്ലെങ്കിൽ പേടിക്കേണ്ടതില്ലെന്നും സൂസൻ വിശദീകരിച്ചു. കൗൺസിലിംഗിനായി സൂസൻ ക്ഷണിച്ചു. പക്ഷെ റോയി അതിനെ നിരാകരിച്ചു. 
ഇരുവർക്കുമുള്ള സ്വകാര്യ സംഭാഷണത്തിന് ഇടം നൽകി അമൽ പുറത്തേക്കിങ്ങവേ

'പബ്ബിലുണ്ടായിരുന്ന സ്ത്രീയെ ഓർമ്മയുണ്ടോ?'സൂസൻ ചോദിച്ചു.
'അതിനു എനിക്ക് പ്രശ്നമൊന്നുമില്ല' അമൽ പറഞ്ഞു.
'പബ്ബിൽ സെക്സ് ചെയ്ത പെണ്ണിനെ ഓർമ്മയുണ്ടോ?' സൂസൻ റോയിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. റോയി ഉണ്ടെന്നോ ഇല്ലെന്നോ മനസ്സിലാകാത്ത വിധം തലയാട്ടി. സൂസൻ മേശമുകളിലുള്ള മരുന്നെടുത്തു; അതിന്റെ ഫോട്ടോ ഡോക്ടറുടെ വാട്സാപ്പിലേക്കയച്ചുകൊടുത്തു. 
ഛർദിക്കും വയറിളക്കത്തിനും മാത്രമുള്ള മരുന്ന് തന്നു പറ്റിച്ചതാണെന്ന ഡോക്ടറുടെ ശബ്ദം സൂസന്റെ ഫോണിൽ കേൾക്കുമ്പോൾ നഷ്ടപ്പെട്ട പൈസയോർത് അമൽ വ്യാകുലപ്പെട്ടു.

'പബ്ബിൽ പോകുന്ന യുവതികളിൽ ഭൂരിഭാഗം ജാർസയിൽ നിന്നുള്ളവർ തന്നെയാണ്. അവളെ കണ്ടുപിടിച്ചു ടെസ്റ്റ് ചെയ്തു നോക്കിയാൽ ഈ അങ്കലാപ്പ് വേണ്ടല്ലോ?' സൂസന്റെ ആശയം അമലിന് സാമർഥ്യമുള്ളതെന്ന് തോന്നി. പക്ഷെ തന്റെ പൗരുഷത്തെ ചോദ്യം ചെയ്തത് പോലെ റോയിക്ക് അനുഭവപ്പെട്ടു.

'നീ കാരണം മാത്രമാണ് അന്ന് അങ്ങനെ നടന്നത്' പരുക്കത്തോടെ തന്റെ ഗർവ്വ് റോയിയിൽ നിന്നും പുറത്തേക്ക് വന്നു.

'സംഭവിക്കേണ്ടത് സംഭവിച്ചു. നമുക്ക് ശ്രമിച്ചു നോക്കിക്കൂടെ? ചത്ത് ജീവിക്കുന്നതിലും നല്ലത് ഈ പ്രശ്നം പെട്ടെന്ന് പരിഹരിക്കുന്നതല്ലേ?'റോയിയുടെ അവസ്ഥ ഓർത്തെന്നോളം മനസ്സിലേക്ക് കടന്നുവന്ന സങ്കടം ഉള്ളിലൊതുക്കി ചുണ്ടുകൾ വിറച്ചുകൊണ്ട് സൂസൻ പറഞ്ഞു. അയാളുടെ കൗടില്യ ഭാവം കൂടുതൽ പുറത്തേക്ക് വരുന്നതിനുമുന്നെ നിരാശയോടെ സൂസൻ കട്ടിലിൽ നിന്നും എഴുനേറ്റു. 
മുറിയിൽ നിന്നും പുറത്തേക്കിറങ്ങും നേരം നനഞ്ഞ കണ്ണുകൾ തുടയ്ക്കുന്നത് അമൽ കണ്ടില്ലെന്ന് നടിച്ചു. തലതാഴ്ത്തിയിരിക്കുന്ന റോയിയെ അമൽ വികാരമേതുമില്ലാതെ നോക്കി.

റോയി മരുന്ന് കൈയിലേക്കെടുത്തു. കുടിക്കണമോ വേണ്ടയോ എന്ന സന്ദേഹത്തിൽ അമലിനെ നോക്കി. അമൽ റോയിയോടൊന്നും സംസാരിച്ചില്ല. 
മരുന്ന് കയ്യിൽ വച് കട്ടിലിൽ അൽപ്പ നേരമിരുന്നു.

'സഹായിക്കാൻ വരുന്നയാളെ സ്വന്തം ഗുണങ്ങൾ ഓർത്തുകൊണ്ടു കൂടി വേണം ആട്ടിയോടിക്കാൻ' ലാപ്ടോപ്പ് സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാതെ പരുക്കൻ സ്വരത്തിൽ അമൽ പറഞ്ഞു. 
അൽപ്പനേരം ചിന്തകളിൽ ആണ്ടിരുന്ന ശേഷം റോയി പുറത്തേക്കിറങ്ങി.

ജാർസ വർണ്ണ വർണ്ണശബളമായിരുന്നു. 
ചാണകവരളികള്‍ കത്തിയമരുന്ന പുക ജാർസ മുഴുവൻ പരന്നു. സ്പീക്കറുകളിൽ എങ്ങും ശിവ സ്തോത്രവും മറ്റും ഉയരുമ്പോൾ ആൽമരത്തിനു മുന്നിൽ ചൂട് കായാൻ വന്ന ചളിയിൽ പന്നിക്കൂട്ടത്തിന്റെ കൂടെ അന്തിയുറങ്ങുന്ന ജാർസയിലെ കെട്ടിടം പണിത സ്ഥലങ്ങളിലെ കുടിലിൽ താമസിച്ച ഓർമ്മകൾ പേറുന്ന കുട്ടികൾ ആട്ടിയോടിക്കപ്പെട്ടു.

'ലോഹ്രി ദിവസത്തെ പരിപാടി കാണാൻ വന്നാൽ മതി. അതുവരെ ആൽമരത്തെ അശുദ്ധമാക്കരുത്. അടുത്ത പത്തു ദിവസം ആൽമരത്തിന്റെയോ താഴെയുള്ള കുങ്കുമത്തിലും പൂക്കളിലും ചാലിച്ച ദൈവ കോലത്തിനടുത്തോ വന്നു നിൽക്കരുത്.' കുൽബീന്ദറിന്റെ മകൻ സഹതാപത്തോടെ അവരോട് പറഞ്ഞു.

ജാർസയ്ക്ക് പിന്നിലിലുള്ള ചളിക്കുണ്ടിലേക്ക് കുട്ടികൾ പാഞ്ഞുപോകുമ്പോൾ എമിയും നസ്രിയും സൂസനും ആൽമരത്തിനു മുന്നിൽ നടക്കുന്ന ഹരിയാനി ജാട്ടുകാർ നടത്തുന്ന പൂജ നോക്കി നിന്നു.
റോയി സൂസന്റെ പിന്നിൽ നിന്നു. സൂസൻ റോയിയെയോ റോയി സൂസനെയോ അറിഞ്ഞില്ല. പുക പരന്നുപിടിച്ചു. പോസ്റ്റിൽ പുതുതായിപ്പിടിപ്പിച്ച ഫ്‌ളൂറസെന്റ് വെളിച്ചത്തിൽ റോയിയുടെ നിഴൽ സൂസന്റെ നിഴലിനുള്ളിലൊതുങ്ങി. ജാർസയിലെ തണുപ്പ് കുറഞ്ഞു വന്നു.
അമൽ വിത്സനും എബിയുമൊത് അവിടെയെത്തി. റോയിക്കടുത്തു നിന്നു. 
ജാർസയിലെ യുവതികൾ നിറങ്ങളുള്ള സാരികളിൽ അണിഞ്ഞൊരുങ്ങി തീക്കൂനയ്ക്ക് ചുറ്റും കൂടി നിന്നപ്പോൾ അമൽ യുവതികളുടെ ശരീരം മുഴുവൻ ഒപ്പിയെടുത്തു.

ജാർസയിലെ ലോക്കൽ വൈൻ ഷാപ്പിന്റെ പുറത്തെ ചെളിയിലെ പന്നിക്കൂട്ടങ്ങൾക്കിടയിൽ വൈൻ ഷാപ്പിൽ നിന്നും വാങ്ങിയ റം റോയി മൂക്കറ്റം മദ്യപിക്കുമ്പോൾ അമൽ റോയിക്ക് കമ്പനി നൽകി. 
മദ്യപിക്കുന്ന ഓരോ നിമിഷത്തിലും അയാൾ തന്റെ കാമുകിയുടെ രതി ചേഷ്ടകളും അയാളുടെ മനസ്സിൽ വാർത്തെടുത്ത ചതിക്കഥകളും അമലിനു മുന്നിൽ വലിച്ചിട്ടു. അവനവന്റെ കുറവുകൾ മറയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുന്നത് നല്ലതാണെന്ന് അമലിനു തോന്നി.

'ഇതൊക്കെ സംശയം മാത്രമല്ലേ, ഈ വൃത്തികെട്ട അവസ്ഥയിലും അവൾ നിന്റെ കൂടെ നിൽക്കുന്നില്ലേ?'ചിന്തിച്ചുകൊണ്ടുതന്നെ അമൽ റോയിയോട് സംസാരിക്കാൻ തുടങ്ങുകയായിരുന്നു.

'അവൾ അതിലും വലിയ ഉടായിപ്പാവും' റോയിയുടെ മറുപടിയിൽ അയാളുടെ മാനസികാവസ്ഥയോർത് അമലിന് സഹതാപം തോന്നി.

ഉച്ചയോടടുക്കുമ്പോഴും ജാർസ മഞ്ഞിൽ മൂടി നിന്നു. മദ്യത്തിന്റെ മന്ദിപ്പിൽ മുറിയിൽ കിടന്നുറങ്ങുന്ന റോയി ഫോൺ റിങ് ചെയ്തതറിഞ്ഞില്ല. സൂസൻ അമലിന്റെ ഫോണിലേക്ക് വിളിച്ചു. അമൽ റോയിക്ക് ഫോൺ കൈമാറി. റോയി സൂസനുമായി സംസാരിച്ചു. ആശുപത്രിയിലെ മലയാളി ഡോക്ടറോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും ഡോക്ടർ പ്രൈവറ്റായി കാര്യങ്ങൾ ചെയ്തുതരാമെന്നും അയാളെ ധരിപ്പിച്ചു. ഉച്ചയ്ക്ക് ആശുപത്രിയിലേക്ക് വരാൻ സൂസൻ ആവശ്യപ്പെട്ടപ്പോൾ തന്റെ ഫോൺ കോൾ പോലും അറ്റൻഡ് ചെയ്യാത്ത, കാമുകത്വത്തെ സംശയത്തോടെ മാത്രം കാണുന്ന ഒരാൾക്ക് കൊടുക്കേണ്ട പരിഗണ തനിക്ക് ഭാരമായിവരുമെന്ന് എമി ഓർമിപ്പിച്ചു. അമൽ ഗ്ലൗസിട്ട കൈകൊണ്ട് ഫോൺ വാങ്ങി സാനിറ്റൈസ് കൂടി ചെയ്തപ്പോൾ ആശുപത്രിയിലേക്ക് പോകേണ്ടുന്നതിന്റെ അനിവാര്യത അയാൾക്ക് ബോധ്യപ്പെട്ടു തുടങ്ങി.

കൃത്യസമയത്തു തന്നെ ആശുപത്രിയിലെത്തി. 
സൂസൻ സംഭാഷണത്തിന് റോയിയെ ഡോക്ടറുടെ അടുത്തേക്ക് കൂട്ടിച്ചെന്നു.

'ഇതൊക്കെയാണ് ലൈഫ്. പബ്ബിലോക്കെ തന്നാണല്ലേ ഫുൾ ടൈം. നല്ല കോണ്ടം ഒക്കെ വാങ്ങണ്ടേ!' ഡോക്ടർ പരിഹാസത്തോടെ റോയിയെ സ്വാഗതം ചെയ്തു. 
റോയ് ദേഷ്യത്തിൽ സൂസന്റെ മുഖത്തേക്ക് നോക്കി. ഡോക്ടറുടെ മുന്നിലിരുന്നു.

'അറുപത് ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്ത് അതിലെ റിസൾട്ട് നോക്കിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയുകയുള്ളൂ, പേടിക്കേണ്ട ആവശ്യം ഇപ്പോഴില്ല. പിന്നെ പഴയ കാലം പോലെയല്ല, ഇപ്പോൾ പ്രതിരോധ ശേഷി കൂട്ടുന്നതിന് മരുന്നൊക്കെ ഒരുപാടുണ്ട്. എത്രപേർ വണ്ടിയിടിച്ചും കരളു വാടിയും മരിച്ചുപോവുന്നു.'
റോയിക്ക് ഡോക്ടറുടെ സംഭാഷണം അസഹ്യമായി തോന്നി. 
സൂസൻ ഡോക്ടറോട് അൽപ്പം മയത്തിൽ സംസാരിക്കാൻ ആംഗ്യം കാണിച്ചപ്പോൾ ഡോക്ടർ ചിരിച്ചു.

'പോസിറ്റിവ് ആകണമെന്ന് നിർബന്ധം ഇല്ല, റിസ്ക് ഉണ്ടെന്ന് മാത്രമേ അർത്ഥമുള്ളൂ. റോയിക്ക് മനസ്സിലായോ?' റോയി തലയാട്ടി.

'പബ്ബിലുണ്ടായിരുന്ന സ്ത്രീയെ അറിയുന്നതാണോ?' 
അല്ലെന്ന് റോയി ആംഗ്യം കാണിച്ചു.

'അവൾ പോസിറ്റിവ് ആണെങ്കിൽ മാത്രമേ പേടിക്കേണ്ടത് തന്നെയുള്ളു. പിന്നെ ഫ്രോഡ് ടീം ഒരുപാടുണ്ടാവും പള്ളിയും കുർബാനയും തുപ്പലും അപ്പം നുറുക്കിയും ഒക്കെ നോക്കിപ്പോയാൽ പിന്നെ നമ്മളൊന്നും ഇവിടെ വേണ്ടല്ലോ.'

'ഇപ്പോഴും നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നല്ലേ പറഞ്ഞെ?' റോയി പിറുപിറുത്തപ്പോൾ ഡോക്ടറുടെ മുഖത്തെ ദേഷ്യം സൂസൻ പുറത്തുകണ്ടു.

'ആദ്യം അസുഖം ഉണ്ടോ എന്നാണ് അറിയേണ്ടത്. ഇല്ലാത്ത അസുഖം ഉണ്ടെന്ന് ധരിക്കുകയല്ല. അതിന്റെ റിസൾട്ട് വരുന്നതുവരെ സമാധാനത്തോടെ ഇരിക്കണം. കേട്ടോ.?' റോയി പ്രതികരിച്ചില്ല.

'കൗൺസിലിംഗ് ആവശ്യമുണ്ടോ?' അൽപ്പ സമയത്തെ ധ്യാനത്തിന് ശേഷം ദേഷ്യമടക്കി സമാധാനത്തോടെ ഡോക്ടർ ചോദിച്ചു. 
ഇല്ലെന്ന് പറഞ്ഞ ശേഷമുള്ള നിശ്ശബ്ദത മടുത്തെന്നോളം റോയി പുറത്തേക്കിറങ്ങിയപ്പോൾ സൂസൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കി, ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി റോയിക്ക് പിന്നാലെ നടന്നു. റോയി ആശുപത്രിയിൽ നിന്നും ജാർസയിലേക്കെന്നോളവും.

എബിയുടെ നിർദ്ദേശ പ്രകാരം ഡ്യുട്ടിക്ക് ആശുപത്രിയിലേക്ക് പോകും മുന്നേ എമി എബിയെ കണ്ടു. രണ്ടുപേരും കാബൂൾ ഹോട്ടലിലിരുന്നു. നിശ്ശബ്ദതയിൽ പറയാനൊന്നുമില്ലാതെ നാണത്താൽ മുഖം താഴ്ത്തിയ എബിയുടെയും കാര്യമറിയാനായി കാതോർത്തിരിക്കുന്ന എമിയുടെയും ഇടയിലൂടെ കാബൂൾ ഹോട്ടലിലെ അഹമ്മദ് സഹീറിന്റെ അഫ്ഗാനി സംഗീതം കടന്നുപോയിക്കൊണ്ടിരുന്നു.

'അച്ചൻ പട്ടം പൂർത്തിയാക്കിക്കൂടെ, ഇതുവരെ മുന്നോട്ട് പോയതല്ലേ.'ഓർമ്മപ്പെടുത്തലെന്നപോലെ എമി എബിയോട് സംസാരിക്കാൻ തുടങ്ങി.

'പണിഷ്മെന്റ് ട്രാൻസ്ഫറായിരുന്നു. കുറച്ചു കാലം പ്രാക്ടീസ്. ഓരോന്ന് കാണുമ്പോൾ എനിക്കെന്തായാലും പൂർത്തിയാക്കാൻ പറ്റുമെന്നൊന്നും തോന്നുന്നില്ല.'

'എന്തായാലും നിങ്ങൾ വിചാരിക്കുന്ന പോലെ ഞാൻ അടച്ചൊതുക്കമുള്ള ലൈഫ് ഉള്ള ഒരാളൊന്നുമല്ല.'

'യാക്കോബാ വികാരി, പട്ടം കെട്ടുന്നതിനു മുന്നേ പെണ്ണ് കെട്ടണമെന്നാണ്.'

'വേണ്ടാ ന്നു വിചാരിച്ചത, എമിയെ കണ്ടപ്പോൾ. നമുക്ക് ഡേറ്റ് ചെയ്തു നോക്കിക്കൂടെ?'

'ഇപ്പൊ കേൾപ്പിച്ചു തരാം.'
അമ്മയെ ഫോണിൽ വിളിച്ചു. ലൗഡ് സ്പീക്കറിലിട്ടു. യാക്കോബാ വികാരിയെ പോകുന്നതിനു മുന്നേ മനസമ്മതം നടത്തുന്നതിനെ കുറിച്ച് ചർച്ചയെടുത്തിട്ടു.

'യാക്കോബാ പള്ളിയിലെ അച്ചനെ എന്തായാലും വേണ്ട, ഇനി വല്ല നല്ല ജോലിയും കൂലിയുമൊക്കെ ഉള്ള ആളാണേൽ വിശ്വാസം ഇത്തിരി കുറഞ്ഞാലും കുഴപ്പമില്ല. നമ്മള് ഓർത്തഡോക്സ് ആയതുകൊണ്ടല്ല. ഒരു വൈദീകൻ നമുക്ക് വേണ്ട.'
എബി അത് കേട്ടു.

'ഇതാണ് എന്റെ വീട്ടിലെ അവസ്ഥ. ഇവിടുത്തെ അവസ്ഥ നിങ്ങൾക്കറിയാവുന്നതിലും മോശമാണ്.'

'പതിയെ അറിഞ്ഞാൽ പോരെ എമി. പറ്റില്ലെങ്കിൽ മാന്യമായി പിരിയാം.'

'നിങ്ങൾക്ക് പറ്റിയ ഒരാളല്ലപ്പാ ഞാൻ. എനിക്കൊരു കാര്യം കൂടി പറയാനുണ്ട്.' 
എമി മടിച്ചപ്പോൾ എബിയച്ചൻ അവളെ കേൾക്കാൻ പാകത്തിന് സമയം കൊടുത്തു. കാബൂൾ ഹോട്ടലിലെ സംഗീതം നെറുപിരികൊണ്ടു.

പബ്ബിനു വെളിയിലുള്ള ലോക്കൽ ബാറിൽ നിന്നും ബിയർ ഒരു വലിക്ക് കുടിച്ച ശേഷം റോയ് ബോട്ടിൽ റോഡിലേക്ക് വലിച്ചെറിഞ്ഞു. എബിയച്ചൻ വെയിസ്റ്റു ബോക്സിലേക്കും. പബ്ബിൽ കയറി. അമലും എബിയും മതിമറന്നാടുമ്പോൾ റോയി വന്നുപോകുന്ന സ്ത്രീകളുടെ ഡീറ്റെയിൽസ് അന്വേഷിക്കാൻ തുനിഞ്ഞു. 
കാരണം ചോദിച്ചപ്പോൾ എയ്ഡ്സ് ചെക്ക് ചെയ്യുന്നതിനാണെന്ന് പറഞ്ഞതുകൊണ്ടെന്നോളം ജാർസയിലെ ആൽമരത്തിന്റയത്രയും പൊക്കമുള്ള ഭീമാകാരികളായ രണ്ടു ബൗണ്സർസ് റോയിയെ പബ്ബിനു പുറത്തേക്ക് തള്ളി. അയാൾ മാറി നിന്ന് ബൗൺസറെ ചീത്തവിളിച്ചു. പക്ഷെ ഇനി അവിടെ നിന്നാൽ പന്നികൾക്ക് തിന്നാൻ പാകത്തിന് ശവം ചളിപുരണ്ടു കിടക്കുമെന്ന ബോധത്തിൽ അമൽ റോയിയെ പിന്തിരിപ്പിച്ചു.

ലോഹ്രി അടുത്തതിന്റെ ഭാഗമായി ജാർസയിലേക്ക് സ്വാഗതം ചെയ്യുന്ന ആൽമരത്തിനു ചുറ്റും ജാർസയിലെ മനുഷ്യർ ഡെക്കറേറ്റ് ചെയ്തുവച്ച വര്‍ണശബളമായ വെളിച്ചവും സംഗീതവുമൊക്കെ വഴികളെ നിറം പിടിപ്പിച്ചിരിക്കുന്നത് അമൽ കണ്ടു. പെന്തക്കോസ് പ്രാർത്ഥനകൾക്ക് പകരം ജാർസയിലെ വഴിയോരങ്ങളിൽ ശിവസ്തോത്രം മുഴുകി.

റോയിയും അമലും നടന്നുവന്നു. ചിലർ മന്ത്രങ്ങളും സ്തോത്രങ്ങളും ഉരുവിടുമ്പോൾ സൂസനും എമിയും അന്നയും അവർക്ക് മുന്നിൽ ജപം നോക്കി നിന്നു. 
സൂസൻ റോയിക്കടുത്തു വന്നു. കുറച്ചു സമയം കഴിഞ്ഞു ലാബിലേക്ക് വരാൻ സൂസൻ ആവശ്യപ്പെട്ടപ്പോൾ റോയി മുഖം ചുളിച്ചു. 
ആൾക്കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്ന മണിപ്പൂരിയെ ആളുകൾ ആട്ടിയോടിക്കുന്നത് റോയി കണ്ടു.

'അഭയങ്കരനാമേദം കവചം പാർവതീപതേഃ. ഭക്ത്യാ ബിഭർതി യഃ കണ്ഠേ തസ്യ വശ്യം ജഗത്ത്രയം.' റോയി ജപത്തിൽ മയങ്ങി ആശ്വാസം കണ്ടെത്തി. 
ചുവന്ന സിൽക്കിൻ സാരിയാൽ അഴകൊത്ത സുന്ദരിയായ സുഹൃത് പ്രാച്ചി സൂസന്റെയടുത്തു വന്നു.

'ഇവരാണോ ആൾക്കാർ' ഹിന്ദിയിൽ ചിരിച്ചുകൊണ്ട് ചോദിച്ചു. 
അമലിന്റെ തോളിൽ കൈയിട്ടുകൊണ്ട് ചിരിച്ച മുഖത്തോടെ പ്രാച്ചി നിൽക്കുമ്പോൾ തീയിൽ നിന്നും തെറിച്ചുവീണ കനൽ ദേഹത്തു കിടക്കുന്നതെന്നപോലെ അമലിനു തോന്നി. അപ്പോഴും സൂസൻ റോയിയോടൊ റോയി സൂസനോടൊ മിണ്ടിയില്ല. തീക്കൂനയ്ക്ക് ചുറ്റും മന്ത്രങ്ങൾ ഉച്ചത്തിൽ മുഴുകിയപ്പോൾ പുകപടലങ്ങൾ ജാർസയെ പൂർണ്ണമായും മറച്ചു.

ലാബ് അടച്ചിട്ടതെന്നുകൊണ്ടെന്നോളം മുകളിലെ ക്‌ളാസ്സ് മുറിയിൽ കസേരയിലിരിക്കുന്ന റോയിക്ക് മുന്നിൽ സൂസൻ നിന്നു. 
സൂസനു പിന്നിൽ നിന്നും പ്രാച്ചി അമലിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ടേയിരുന്നപ്പോൾ അമൽ നാണിച്ചു. 
തന്നെ ഓർമ്മയുണ്ടോ എന്ന് ഹിന്ദിയിൽ ചോദിച്ചപ്പോൾ അമൽ ഇല്ലെന്ന് തലകൊണ്ട് ആംഗ്യം കാണിച്ചു. 
അമലിന്റെ പരുങ്ങലിൽ പ്രാച്ചി സൂസന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. സൂസനിൽ ദേഷ്യം കനത്തു.
'ഇന്ന് പബ്ബിലൊന്നും പോയില്ലേ?' സൂസന്റെ ദേഷ്യത്തിൽ അമൽ തലതാഴ്ത്തി.

പ്രാച്ചിയുടെ ചിരിയിൽ മന്ത്രങ്ങൾ നിശബ്ദമായപോലെ അമലിനു തോന്നി. പബ്ബിൽ അമൽ ചുവടുവച്ച പാട്ട് ഓർമിപ്പിക്കും വിധം മൂളിക്കൊണ്ട് പ്രാച്ചി ആംഗ്യം കാണിച്ചപ്പോൾ അമലും റോയിയും മുഖത്തോട് മുഖം നോക്കി. 
തന്റെ കൂടെ നൃത്തം ചവിട്ടിയ സുന്ദരിയുടെ ചാര നിറത്തിലുള്ള മുടിയഴകും ചുവന്ന ലിപ്സ്റ്റിക്കുകളും അയാൾ ഒരു നിമിഷം പ്രാച്ചിയുടെ മുഖത്ത് സങ്കൽപ്പിച്ചു. 
പ്രാച്ചി തന്നെയായിരുന്നു തന്റെ കഴുത്തിലും കവിളിലും ഉമ്മവച് ശവപ്പറമ്പിലെ മൂകതയിൽ തളം കെട്ടി നിന്ന അന്നത്തെ രാത്രി നിറം പിടിപ്പിച്ചതെന്ന് അയാൾ ഓർത്തെടുത്തു. 
അമൽ അവളുടെ കഴുത്തിൽ നോക്കി താൻ ഉമ്മവെച്ച മറുകുണ്ടെന്ന് ഉറപ്പുവരുത്തി. അയാളിലെ ആകസ്‌മികത്വം പ്രാച്ചിയെ വീണ്ടും ചിരിപ്പിച്ചു. നിൽക്കാനുള്ള ത്രാണി അയാൾക്കുണ്ടായിരുന്നില്ല, റോയിയുടെ അടുത്തിരുന്നു.

'ഇവള് സഹായിക്കും. പബ്ബിൽ എല്ലാവരും സെക്സ് ചെയ്യാൻ പോവാറില്ല, കുറച്ചു പേരെ ഉള്ളു. കൃത്യമായ ഐഡൻറ്റിറ്റി പറഞ്ഞു കൊടുത്താൽ ഇവൾക്ക് ഒരുപക്ഷെ കണ്ടുപിടിക്കാൻ സാധിച്ചേക്കും.' വാക്കുകളിലെ ഇഷ്ടക്കേടുകൾ അയാൾ ചുളിഞ്ഞ മുഖംകൊണ്ട് കാട്ടി.

'ഏത്? ഡോക്ടറെപ്പോലെ ഉപദേശം മാത്രം ആവും.' റോയി ദേഷ്യപ്പെട്ടപ്പോൾ അപരിചിതമായെന്നോളം പ്രാച്ചി സൂസനെ നോക്കി. തന്നെക്കാളും മുന്നേ സൂസൻ സഞ്ചരിക്കുന്നത് കണ്ടിട്ടെന്നോളം അയാളിലെ പൗരുഷം ഗർവ്വോടെ എഴുനേറ്റ് നിന്നു.

'ഇവർക്ക് വേണമെന്നില്ലെങ്കിൽ, നീ എന്തിനു സമയം കളയണം. നീ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് ഞാൻ വന്നത്.' റോയിയുടെ നിഷേധ ഭാവം മനസ്സിലാക്കിയ പ്രാച്ചി കരുണയോടെ ഹിന്ദിയിൽ സംസാരിക്കുമ്പോൾ അമലിന്റെ കണ്ണുകൾ അവളിൽ മാത്രം തറച്ചു നിന്നു.

'നിനക്ക് ഈ പബ്ബിലോക്കെ പോകുന്ന തേവിടിശ്ശികളെ എങ്ങനെയറിയാം?' സൂസനുമുന്നിൽ തങ്ങളുടെ സ്വകാര്യ അധീനതയിൽ തുറന്നുവിടുന്ന തന്നിലെ എല്ലാ അഹന്തയെയും റോയി ദേഷ്യത്തോടെ സഭയിലേക്ക് തുറന്നു വിട്ടു.

'ഞങ്ങൾ സംസാരിക്കുന്നത് അതല്ലല്ലോ. ഇവളെ കുറച്ചുകാലമായി എനിക്കറിയാം. ഇങ്ങനെ പിരിമുറുക്കത്തിൽ ജീവിക്കുന്നതിലും നല്ലതല്ലേ അത്' സങ്കടത്താൽ പ്രാച്ചിയെ നിർത്തി സൂസൻ തുടർന്നു' 

'ഇപ്പൊ ചെക്ക് ചെയ്യേണ്ടത് നിന്റെയും കൂടെ ആവശ്യം ആണല്ലോ. മറ്റവൻ പറഞ്ഞു കാണും അല്ലെ ചെക്ക് ചെയ്യാൻ' 
റോയി സൂസന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി; ചിരിച്ചു.

'ഏത് മറ്റവൻ? ഇതൊന്നും ഇപ്പോഴും ആരും അറിയില്ല. സഹായിക്കാൻ പറ്റുന്നവർ അല്ലാതെ.' 
സൂസന്റെ ശബ്ദം ഇടറിയത് മനസ്സിലാക്കിയ അമൽ റോയിയോട് നിർത്താനെന്ന രീതിയിൽ അയാളുടെ തോളിൽ കൈ അമർത്തി.

'വന്നാലും എനിക്ക് പ്രശ്നമില്ല. നീ വേണമെങ്കിൽ ചെക്ക് ചെയ്തോ'

'ചെക്ക് ചെയ്യണമെന്ന് ഞാൻ പറയില്ല. വരുന്നിടത്തുവച്ചു കാണാമെന്ന് ഞാൻ പറഞ്ഞിനല്ലോ. നിങ്ങൾ ഇങ്ങനെ സൈഡായി പോവുന്നത് കണ്ടതുകൊണ്ടാണ്.' സൂസന്റെ ശബ്ദമിടറി.

'ഇവളുമാർക്കൊക്കെ എന്തായാലും ഉണ്ടാവും. കുടുംബം പോറ്റാൻ ഒന്നുമല്ലല്ലോ പോകുന്നത്.' പ്രാച്ചിയുടെ മുഖത്തേക്ക് നോക്കി റോയി നിയന്ത്രണം വിട്ടു. അമൽ  റോയിയുടെ മുഖത്തേക്ക് പുച്ഛത്തോടെ നോക്കി. സൂസന്റെ ചുണ്ടുകൾ ഇടറി. കണ്ണിൽ നിന്നും വാർന്നൊലിക്കുന്ന കണ്ണുനീർ അവൾ തുടയ്ക്കെ റോയി തുടർന്നു.

'ഇവളെയൊക്കെ കൂട്ടി നടക്കുന്നുണ്ടല്ലോ. ഇങ്ങനെയുള്ളവരെ കൂട്ടി നടക്കാനും ഉളുപ്പ് വേണം. നീയും അതന്നെയല്ലേ ചെയ്യുന്നേ. ഹോം നഴ്സിംഗ്, പിന്നെ കുറേയെണ്ണത്തിന്റെ കൂടെ ട്രിപ്പും.' 
അയാൾ പറഞ്ഞു തീരും മുന്നേ പ്രാച്ചി റോയിയുടെ മുഖത്തേക്ക് ശക്തിയായി അടിക്കുമ്പോൾ അമലിന്റെ കണ്ണുകൾ പ്രാച്ചിയിൽ ഉടക്കി നിന്നു. 
പ്രാച്ചി പടികളിറങ്ങി പോവുമ്പോൾ അമൽ കൂടെയിറങ്ങി. സൂസനെ വൃത്തികെട്ട രീതിയിൽ റോയി ചീത്ത പറഞ്ഞു ഇറങ്ങിപ്പോരവേ താഴെ ലാബിൽ ഇതൊക്കെ കേട്ടുനിൽക്കുന്ന എബിയും അന്നയും നസ്രിയും റോയിയുടെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു നിന്നു.

'എല്ലാവനും കണക്കന്നെ.'എമി അയാളെ ദേഷ്യത്തോടെ നോക്കി. പിറുപിറുത്തു.
മുഖത്തോട് മുഖം നോക്കാതെ എല്ലാവരും ചുറ്റിലുമിരുന്നു. മുകളിലത്തെ മുറിയിലിരുന്ന് സൂസൻ കരഞ്ഞു.

റോയിയെ തിരിഞ്ഞു നോക്കി എമിയുടെയും നസ്രിയുടെയും കൂടെ സൂസൻ ജാർസയുടെ തിരക്കിലേക്ക് മറയുമ്പോൾ അവളുടെ കണ്ണീരിന് ഇടതടവില്ലെന്ന് ജാർസയിൽ റോയിയൊഴികെ മറ്റെല്ലാവരും ചിന്തിച്ചു കാണണം.


6
മുറിയിലെ നിശ്ശബ്ദതയിൽ അമൽ നിലത്തുവിരിച്ച കിടക്കയിൽ ആലോചനയിലാണ്ടു കിടക്കേ കട്ടിലിൽ കിടക്കുന്ന റോയിയെ ഇടയ്ക്കിടെ നോക്കി. 
ഇരുവർക്കിടയിലും നിശ്ശബ്ദത ബാക്കിയായി.

അമൽ പുറത്തേക്കിറങ്ങി. നേപ്പാളിയുടെ കട ലക്ഷ്യമാക്കി നടക്കുമ്പോൾ പള്ളിക്ക് മുന്നിൽ എബിയെ കണ്ടു. 
അമലും എബിയച്ചനും കെട്ടിടങ്ങൾക്കിടയിലൂടെ മുന്നോട്ടേക്ക് നടന്നു. ഷിതോഷ് ലാബിലെ പുതിയ സ്റ്റാഫിന്റെ കൂടെ അവളുടെ മുറിയിലേക്ക് പോകുന്നത് രണ്ടുപേരും കണ്ടെങ്കിലും ശ്രദ്ധകൊടുത്തില്ല.

'റോയി ഇവിടെങ്ങനെ വന്നു പെട്ടു.?'
'സൂസന്റെ കൂടെ പഠിച്ചതാണ്. ഇവിടെ ജോലി നോക്കാം എന്ന് പറഞ്ഞു കയറിയതാണ്.'
'കുറേ കാലമായോ?'
'രണ്ടുവർഷം '
'രണ്ടു വർഷം?' എബി ചിരിച്ചു.
'നീയോ?'

!'IT ട്രൈനിങ്ങിനു വന്നതാ, നാൽപ്പതിനായിരം അടച്ചു രണ്ടു ദിവസം പോയി. മൂന്നാമത്തെ ദിവസം കമ്പനി തന്നെ കാണാതായി. പിന്നെ കോൾ സെന്റർ, ബിപിഓ ഒക്കെ ആയിരുന്നു. AI വന്നപ്പോൾ അതും പോയി.'

'ഇക്കാലം ജോലിക്കൊന്നും സെക്യൂരിറ്റി ഇല്ലല്ലേ.?'

'അച്ചൻ പട്ടത്തിനുണ്ടല്ലോ' അമലിന്റെ മറുപടിയിൽ എബി ചൂളി നിന്നു.

ഓരോ പകൽ പിറക്കുമ്പോഴും ജാർസ എന്നത്തേക്കാളും വർണശബളമായി നിന്നു. എല്ലാ ഭാരങ്ങളും അഴിച്ചുവച്ച കാളയെപ്പോലെ റോയി സുഖമായി കിടന്നുറങ്ങുന്നത് കണ്ട് അമൽ തന്റെ ജീവിതം കണക്കുകൂട്ടുകയായിരുന്നു. 
ജാർസയിൽ നിന്നും രക്ഷപ്പെട്ട് പോകണമെന്ന് അയാൾക്ക് തോന്നിയിട്ടുണ്ടാവണം. ശിവ സ്തോത്രത്തിൽ അന്നത്തെ രാത്രി ജാർസയിലെ ഇരുട്ടിൽ നിശ്ശബ്ദത വീണില്ലെങ്കിലും എല്ലാവരും ആകുലതകളിൽ ഉറക്കത്തിലേക്ക് വീണു.

റോയി എഴുനേറ്റു. അമലിനെ കാണാത്തതുകൊണ്ടെന്നോളം ഫോണിൽ വിളിച്ചു. പുറത്തു നിന്നും അമൽ മുറിയിലേക്ക് കടന്നുവന്നു.
'നിനക്ക് വിശക്കുന്നില്ലേ? കഴിക്കാൻ പോയാലോ?' കഴിച്ചെന്ന് അമൽ മറുപടി പറഞ്ഞു ലാപ്ടോപ്പിന്റെ മുന്നിലിരുന്നു.

വിശപ്പിൽ മണിക്കൂറുകൾ കടന്നുപോയപ്പോൾ അമലിനോട് പണം ചോദിച്ചു. പക്ഷെ അയാളുടെ കയ്യിൽ കൊടുക്കാനൊട്ട് ഉണ്ടായിരുന്നില്ല താനും. 
റോയി താനകപ്പെടുന്ന ബലപരീക്ഷണത്തിന്റെ ആഴം അറിയാൻ തുടങ്ങിയതുകൊണ്ടെന്നോളം സൂസനെ ഫോണിൽ വിളിച്ചു. 
അവൾ ഫോണെടുത്തില്ല. ക്ഷമാപണം ഒഴികെയുള്ള മറ്റെല്ലാ മെസേജുകളും ആവർത്തിച്ചയച്ചുകൊണ്ടേയിരുന്നപ്പോൾ അവഗണനയുടെ എല്ലാ നോവും അയാളിലെ അരക്ഷിതത്വം വർദ്ധിപ്പിച്ചു.

വൈകുന്നേരത്തെ പിറുപിറുക്കലുകൾ ജാർസയിൽ തിക്കിത്തിരക്കി. അമൽ ഹോട്ടലിലേക്ക് നടക്കേ റോയിയേയും കൂടെ വിളിച്ചു. 
സൂസനും എമിയും നസ്രിയും ഷിനോജുമടങ്ങുന്ന ആശുപത്രിയിലെ മറ്റു നഴ്സിംഗ് സ്റ്റാഫും തലശ്ശേരി ഹോട്ടലിനുമുന്നിൽ കൂടിനിന്ന് ശബ്ദ കോലാഹലങ്ങൾ തീർത്തു. കാനഡയിലേക്ക് പോകുന്നതിനെക്കുറിച്ചുള്ള തമാശകൾ എല്ലാവരിലും പൊട്ടിച്ചിരികൾ തീർക്കുന്ന നിമിഷത്തിൽ; അമലും റോയിയും ബീഡി ചവിട്ടികെടുത്തി ഹോട്ടലിലേക്ക് കയറി, സൂസന്റെ കണ്ണുകൾ റോയിയെ കണ്ടു. മുഖം വാടി. റോയിയുടെ കണ്ണുകൾ സൂസനിൽ മാത്രം ഉടക്കി നിന്നപ്പോൾ അമൽ പെട്ടെന്നിറങ്ങാൻ അടുക്കളയിലേക്ക് ചെന്ന് ഓർഡർ ഓർമ്മപ്പെടുത്തി.

പുരോഹിതന് വേണ്ടുന്ന അച്ചടക്കത്തിനെക്കുറിച്ചുള്ള സീനിയറച്ചന്റെ മുറുമുറുപ്പിലെ നീരസത്തിൽ മുഖം വാടി നടന്നുവരുന്ന എബിയെ നോക്കി സൂസനും എമിയും ചിരിച്ചു. പക്ഷെ പരകോടി ചിന്തകളിലെ മറ്റേതോ ലോകത്തിലൂടെ കടന്നുപോവുന്ന അയാൾ കണ്ടില്ല. എമിയുടെ മുഖത്തു നിരാശ വീണു. എബി ജാർസയിലേക്ക് തിരിച്ചു വന്നതും എമി അയാളുടെ കണ്ണുകളിലുടക്കി. എബിയെ നോക്കി വീണ്ടും ചിരിച്ചു. എബി തിരിച്ചും.
സൂസൻ മുഖം താഴ്ത്തി വ്യസനതയിൽ നിശബ്ദമായി നിൽക്കുന്നത് എബിയെ പോലെ തന്നെ ഷിനോജ്ഉം അമലും ശ്രദ്ധിച്ചിരുന്നു. പ്രാച്ചിയും നസ്രിയും ആഘോഷ പരിപാടിയുടെ ചർച്ച ചെയ്യുന്ന ശബ്ദം ജാർസ മുഴക്കെ കേട്ടു.

അമലിന്റെ ശ്രദ്ധ പ്രാച്ചിയിലേക്ക് വീണതും അയാൾക്ക് അവിടുന്ന് ഇറങ്ങാൻ തോന്നിയില്ല. അമൽ പ്രാച്ചിയിലും എബി എമിയിലും റോയി സൂസനിലും ഉടക്കി നിന്നപ്പോൾ ജാർസയിലെ പ്രണയങ്ങളുടെ ആരംഭവും മധ്യവും ഒടുക്കവും ഇനിയെങ്ങോട്ടേക്കെന്ന് തീക്കൂനയ്ക്ക് ചുറ്റും കൂടിയിട്ടുള്ള ഹുക്ക വലിച്ചിരിക്കുന്ന വൃദ്ധന്മാർ വിളിച്ചുകൂകി.

'എന്തോ കാര്യമായ പരിപാടിയുണ്ടല്ലോ?'എബി എമിയോട് ചോദിച്ചു.

'ഞങ്ങളെല്ലാവരും റിസൈന്‍ ചെയ്തു. ഇനി കാനഡ!' എമി മറുപടി പറയുമ്പോൾ അമൽ പ്രാച്ചിയുമായി സൗഹൃദ സംഭാഷണത്തിൽ മാറി നിന്നു. 
ഇതൊക്കെ കേട്ടതിന്റെ വീർപ്പുട്ടലിൽ റോയി ഹോട്ടലിലെ മൂലയിൽ തലതാഴ്ത്തിയിരുന്നു.

'അഞ്ചു ദിവസം കൂടി ആശുപത്രിയിൽ പോകേണ്ടി വരും. കൊച്ചിയിൽ നിന്നാണ് ഫ്ലൈറ്റ്. നാട്ടിലേക്ക് എപ്പോഴാണെന്ന് തീരുമാനിച്ചില്ല. അതിന്റെ പാർട്ടിയുടെ ആലോചനയാണ്.' 
എമി കൂടുതൽ കാര്യങ്ങൾ എബിയോട് വിശദീകരിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. അയാളുടെ മുഖത്ത് നഷ്ടപ്പെടലുകളുടെ ഭയമുണ്ടായിരുന്നു.
തലശ്ശേരി ഹോട്ടലിന്റെ മുന്നിൽ നിന്നും അവർ നടന്നകന്നപ്പോൾ എബിയച്ചനും അമലും റോയിയും ഹോട്ടലിൽ നിന്നിറങ്ങി. 
മൂന്നുപേരും ജാർസയുടെ സംഗീതം കേട്ടു, പലവികാരങ്ങളിൽ !

സൂസന്റെ കെട്ടിടത്തിന് മുന്നിൽ റോയി അവൾക്ക് വേണ്ടി കാത്തു നിന്നു. 
അയാളുടെ ഓർമ്മകളെ പാടെ തട്ടിമാറ്റി സൂസൻ നടന്നകന്നപ്പോൾ എവിടെയെന്നറിയാത്ത വേദന അയാൾ അനുഭവിക്കാൻ തുടങ്ങി. 

റോയി സൂസന് പിന്നിൽ ഇറങ്ങിവരുന്ന എമിയോട് സംസാരിക്കാൻ ശ്രമിച്ചു.
'പറഞ്ഞതും ചെയ്തതും ഒന്നും പോരെ.' എമി കടുപ്പിച്ചു.

പള്ളിക്ക് മുന്നിലൂടെ നടന്നു, വഴിയിൽ നിന്നും കാണുന്ന കർത്താവിന്റെ ശിലയിലേക്ക് നോക്കി. റോയിയുടെ അരക്ഷിതത്വം കൊടുമുടി താണ്ടി. 
ജീവിതത്തിലെ താളം നഷ്ടപ്പെട്ടു. അധികാരത്തിന്റെ ശബ്ദത്തിനു പകരം അപേക്ഷകളിൽ ഓരോ നിമിഷവും മുന്നോട്ടേക്കു നീങ്ങപ്പെട്ടപ്പോൾ ഹൃദയം തകരുന്നതറിഞ്ഞുകൊണ്ട് ഒറ്റമുറിക്കുള്ളിൽ റോയി തളംകെട്ടി നിന്നു.

റോയി സൂസനെ ഫോണിൽ വിളിച്ചു. 
അവൾ ഫോണെടുക്കാത്തതു കൊണ്ടെന്നോളം അയാളിലെ ദേഷ്യം ആവർത്തിച്ചുകൊണ്ട് ഫോൺവിളിക്കാൻ പ്രേരിപ്പിച്ചു. 
സൂസൻ ഫോണെടുത്തു. അയാൾ പറയുന്നത് കേൾക്കാതെ അവൾ ഫോൺ കട്ട് ചെയ്തു. 

സൂസനുവേണ്ടി കാത്തു നിന്നു. തന്നെ അവോയ്ഡ് ചെയ്യുന്നതിൽ ഫോണെടുക്കുന്ന നിമിഷങ്ങളിലൊക്കെ സൂസനെ അയാൾ ചീത്തപറഞ്ഞുകൊണ്ടേയിരുന്നു. 
ഫോൺ ലൗഡ് സ്പീക്കറിൽ കേൾക്കുന്ന എമി സൂസനടുത്തിരുന്ന് അവളുടെ തോളിൽ കൈ ചേർത്തുവച്ചു. 
സൂസൻ പൊട്ടി കരഞ്ഞു. 
അപ്പോഴും അപമാനിക്കപ്പെട്ട ക്ഷീണത്തിൽ റോയി കിതച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് നേരിട്ട് ചെല്ലാൻ ശ്രമിച്ചു. 
എമി അയാളെ തടഞ്ഞു.

പടികൾക്കു കീഴെ സൂസനെ കാത്തു നിപ്പുണ്ടായിരുന്നെങ്കിലും അവൾ നടന്നകലുമ്പോൾ നിർദാക്ഷണ്യം തന്നെ അവഗണിച്ചത് അപമാനമായി റോയിക്ക് തോന്നിക്കൊണ്ടിരുന്നു. അയാൾ ഓരോ നിമിഷവും സൂസനെ ഫോണിൽ വിളിച്ചുകൊണ്ടേയിരുന്നു. റോയിയുടെ ഫോൺ കോൾ അസഹനീയമായതെന്നോളം സൂസന് തോന്നി. അവൾ ഫോൺ സ്വിച്ചോഫ്‌ലിട്ടു.

സൂസനെ നേരിൽ കാണുന്നതിനായി ആശുപത്രിയിൽ നിന്നും മടങ്ങിവരുന്ന സമയം കണക്കു കൂട്ടി റോയി അവളെ കാത്തു നിന്നു. 
പ്രതീക്ഷയുടെ അവശേഷിപ്പുകൾ വറ്റിയിട്ടില്ലെന്നപോലെ റോയിയെ കണ്ടതും അവൾ നിന്നു. അയാൾക്കടുത്തേക്ക് ചെന്നു. റോയി അവളോട് ചേർന്നു നിന്നു. വിരലുകളിൽ പിടിച്ചു. സൂസൻ വികാരമില്ലാതെ അയാളുടെ ചേഷ്ടകൾ ശ്രദ്ധിച്ചു.

'ഞാൻ എല്ലാം ക്ഷമിക്കാം' റോയി പതിയെ പറഞ്ഞു. അവളുടെ ചുണ്ടുകൾ ഉപ്പുരസത്തോടെ ചിരിച്ചു. റൂമിലേക്ക് വരാൻ തയ്യാറായി നിന്ന റോയിയെ അവൾ തടഞ്ഞു. റൂമിൽ കുറച്ചധികം പേരുണ്ടെന്നും അവർക്ക് ഇതൊന്നും അറിയില്ലെന്നും അവൾ ബോധ്യപ്പെടുത്തിയപ്പോൾ റോയിയുടെ മുഖം ദേഷ്യത്തിൽ തുടുത്തു.

'മറ്റവനെ കയറ്റി വച്ചുകാണും അല്ലെ' അയാളുടെ ക്രൂരമായ ശബ്ദത്തിൽ അമ്പുകൾ സൂസന്റെ നെഞ്ചിലേക്ക് തറച്ചുകയറുന്നതുപോലെ തോന്നിയതുകൊണ്ടെന്നോളം അവൾ പടികൾ കയറി മുറിയിലേക്ക് നടക്കുമ്പോൾ റോയി ദേഷ്യത്തോടെ ബീഡിക്ക് തീകൊളുത്തി.

ജാർസയിലെ അഫ്ഗാനികൾ നടത്തുന്ന കാബൂൾ ഹോട്ടലിൽ ഏഴുപേരടങ്ങുന്ന സൂസന്റെ ടീമിന്റെ പാർട്ടി നടക്കവേ ശബ്ദവും പൊട്ടിച്ചിരികളും കടന്നുവരാൻ പോകുന്ന നല്ല നാളെയുടെ സ്വപ്നങ്ങളെന്നോളം നിലത്തുവിരിച്ച പരവതാനിയിലിരുന്ന് റൊട്ടിയും അഫ്ഗാനി ചിക്കനും പങ്കിടവേ അവിടെയുയർന്നു. സൂസൻ മാത്രം വിഷാദത്തിലാണ്ടു.

'പിന്നെ സങ്കടപ്പെടാം. ഇപ്പോൾ ആഘോഷിക്കേണ്ട സമയമാണ്. മഴയ്ക്കപ്പുറം ഈയലുകൾ ഒഴിഞ്ഞുപോകുന്നപോലെ ഈ കാലവും പോകും.' എമി ഓർമ്മിപ്പിച്ചു. സൂസന്റെ കൈ ചേർത്തുപിടിച്ചു ഹോട്ടലിനകത്തുള്ള സ്‌മോക്കിങ് സോണിലേക്ക് നടന്നു. 
സൂസന്റെ വീട്ടിൽ നിന്നും അമ്മ ഫോണിൽ വിളിക്കുകയൂം കാര്യങ്ങൾ പറഞ്ഞറിഞ്ഞതിലുള്ള ആകുലതകൾ പങ്കുവയ്ക്കുകയും ചെയ്തപ്പോൾ നിർബന്ധങ്ങളും നിബന്ധനകളും ലിസ്റ്റ് ചെയ്യപ്പെട്ടു.

'മനസമ്മതം നടത്താതെ പോകുന്ന കാര്യം ചിന്തിക്കേണ്ട.' അമ്മയുടെ ശബ്ദം ഫോണിൽ നിന്നും പുറത്തേക്ക് വന്നു.

'പോകണമെന്ന് ആർക്കും നിർബന്ധമില്ല' ഗൗരവമുള്ള ശബ്ദം. അത് അപ്പച്ചന്റേതായിരുന്നു. സൂസന്റെ മുഖം ഭയത്തിൽ വിറച്ചു നിൽക്കെ സങ്കടത്തിലാണ്ടു. എമി അവൾക്കരികിലായിരിക്കുകയും സൂസനെ കേൾക്കുകയും ചെയ്തു.

'അതൊന്നും പെട്ടെന്ന് നടക്കൂല്ല' എമി സൂസനെ തിരിച്ചു കൊണ്ടുവന്നു. അഫ്ഗാനിയുടെ കാബൂൾ ഭക്ഷണത്തിൽ അവർ അന്നത്തെ രാത്രി ആഘോഷിച്ചു. കാബൂൾ ഹോട്ടലിലെ റുബാബി ശബ്ദം പിറകിലേക്ക് കടന്നുപോയി.
'ജാർസ വിട്ടുപോയാൽ മിസ്സ് ചെയ്യുന്നത് ഇതുമാത്രമായിരിക്കും. ആത്മാവിന്റെ ഭക്ഷണ സംഗീതം' ഷിനോജ് എമിയോട് പറഞ്ഞു.

അമൽ പ്രാച്ചിയോട് കൂടുതലടുത്തു. പ്രണയത്തിൽ ഇരുവരും ജാർസയിലെ ഓരോ കോണിലും നടന്നു. ജാർസയിലെ ഓരോ കെട്ടിടങ്ങൾക്കും താഴെയുള്ള ലോഹ്രി ഉത്സവ കാഴ്ച്ചകൾ അമലിൽ കുളിരും പ്രണയവും പാകി ജീവിതത്തിന്റെ ആസന്നമായ സ്വപ്നങ്ങൾ ഇരുവരും പങ്കുവച്ചു. 
പഴയ സുഹൃത്തിന്റെ കാരുണ്യത്തിൽ ജോലി തരപ്പെട്ടു. അയാളുടെ മാറ്റം രൂപത്തിലും ഭാവത്തിലും അനുഭവപ്പെട്ടപ്പോൾ താമസം പ്രാച്ചിയുടെ കൂടെയായത് റോയി അറിഞ്ഞു. അമലിന്റെ ദിവസങ്ങൾ പ്രാച്ചിയോടൊത്തു കഴിഞ്ഞുപോയി.

രാവിലെ അമൽ പ്രാച്ചിയുടെ കൂടെ ഇറങ്ങിപ്പോകുന്നത് റോയി നിരാശയോടെ നോക്കി.

'ഒരു ദിവസത്തേക്ക് അവൾ എത്രയാ വാങ്ങുന്നെ?' റോയിയുടെ ചോദ്യത്തിൽ സഹതാപം പേറിയ ചിരിയോടെ അമൽ റോയിയുടെ മുന്നിൽ നിന്നു.

ആൽമരത്തിനു കീഴെ കത്തിയമരുന്ന മരത്തടികളും ചാണകവരളികളും കണ്ടുനിൽക്കേ താനകപ്പെട്ടുപോയ ചുഴി അയാളിലെ ബോധത്തെ തിരിച്ചുകൊണ്ടുവരവേ ജാർസയിലെ പുകപിടിച്ച വഴിയിടുക്കിൽ റോയി സൂസനെ കണ്ടു. അയാൾ അവളോട് സംസാരിക്കാൻ തുനിയവെ സൂസൻ വേഗത്തിൽ നടന്നകന്നു. 
നീറ്റൽ വിത്തുപാകുന്നതുപോലെ നെഞ്ചിൽ അനുഭവപ്പെട്ടു. അയാളുടെ കണ്ണുകൾ അവൾ കെട്ടിടങ്ങൾക്കിടയിലേക്ക് മറയും വരെ അങ്ങനെ നിന്നു. സന്ധ്യ വീണു. സ്പീക്കറിൽ സംഗീതം ജാർസയെ നെറുപിരി കൊള്ളിച്ചു. ലോഹ്രി അടുത്തതിന്റെ എല്ലാ ലക്ഷണവും ശബ്ദത്തിലും വെളിച്ചത്തിലും നിറങ്ങളിലും ജാർസയിൽ തെറിച്ചു നിന്നു.

അമലിന്റെ പട്ടാളത്തിലെ സുഹൃത് അവധി ദിവസം ആഘോഷിക്കാനായി ഫരീദാബാദിൽ നിന്നും  ജാർസയിലേക്കെത്തി അമലിനെ ഫോണിൽ വിളിച്ചു. ആൽമരത്തിന്റെ മുന്നിലെ ദൈവീകതയിൽ നോക്കി നിൽക്കെ അമൽ അവിടേക്കെത്തി. രണ്ടുപേരും ആലിംഗനത്തിൽ മുഴുകി. 
അമൽ പ്രാച്ചിയെ സുഹൃത്തും സഹപാഠിയുമാണെന്ന് പരിചയപ്പെടുത്തി. പ്രാച്ചി കെട്ടിടങ്ങൾക്കിടയിൽ മറഞ്ഞു പോകവേ ഇരുവരും മുറിയിലേക്ക് നടന്നു.

ബാഗിലുള്ള മിലിറ്ററി കുപ്പി പുറത്തേക്കെടുത്തുവച്ചശേഷം അമലിനോട് ഭക്ഷണം ഓർഡർ ചെയ്യാൻ ആവശ്യപ്പട്ടു; കട്ടിലിൽ കിടക്കുന്ന റോയിയെ പരിചയപ്പെട്ടു. ബാത്രൂമിലേക്ക് കയറി. കുളിച്ചു പുറത്തേക്കിറങ്ങിയതും ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണത്തിന്റെ കൂടെ മൂവരും മദ്യപിച്ചു നിലത്തിരുന്നു. അമൽ റോയിയെ ഭയപ്പെടുന്നത് ഇടയ്ക്കൊക്കെ മുഴച്ചു നിന്നു.

'കമ്പിക്കഥ ഇപ്പോഴുമുണ്ടോ?' അമൽ സുഹൃത്തിനോട്.

'ഇല്ലെടാ, പോലീസ് ഒന്ന് വിരട്ടി, അതിനുശേഷം ഇതുവരെയില്ല.'അയാൾ ചിരിച്ചു.

അമലിനോട് നിർത്താനും ജോലിക്ക് പോയി ജീവിക്കന്നതിനും സുഹൃത് നിർദ്ദേശിക്കുകയും പോലീസ് പിടിച്ചാലുണ്ടാവുന്ന നാണക്കേടിനെക്കുറിച്ചു വിശദീകരിക്കുകയും ചെയ്യുമ്പോൾ ഉള്ളിലെവിടെയോ പേടി പതിയിരിക്കുന്നുണ്ടെന്ന് അയാളുടെ മുഖത്ത് തെളിഞ്ഞു വന്നു.

'പുതിയൊരു ജോലി സെറ്റായിട്ടുണ്ട്. ഇവിടുന്ന് മാറണം.'
റോയിയുടെ നിശ്ശബ്ദതയിൽ അയാളിലെ വിരഹ കഥ അമലിൽ നിന്നും കേട്ടറിഞ്ഞതുകൊണ്ടെന്നോളം തന്റെ നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ സുഹൃത്തു തുറന്നിട്ടു.

'ശാരി. ഓഹ്, ആ പാട്ട് നിനക്ക് ഓർമ്മയുണ്ടോടാ, ശാരീ മേരി രാജേശ്വരി..!' ഒരു പെഗ് ഒഴിച്ച് അമലിനോട് ചോദിച്ചു. അമൽ ചിരിച്ചു.

"പതിനെട്ടു കഴിഞ്ഞപ്പോള്‍ ആയിരം പ്രേമത്തിന്‍ പുഷ്‌പങ്ങള്‍ തട്ടി എറിഞ്ഞു നിങ്ങള്‍. പാവം.. വിഡ്ഢികള്‍..കാമുകന്മാര്‍ കെട്ടി തൂങ്ങി മരിച്ചപ്പോള്‍, അട്ടഹസിച്ചു, ചിരിച്ചു നിങ്ങള്‍" അവളുടെ ഓർമ്മകളിൽ രണ്ടുവരി പഴയ പാട്ട് മദ്യത്തിന്റെ കൂടെ കടന്നുവന്നു.

'നമ്മൾ ആകെ മൂഞ്ചി തെറ്റി നിൽക്കുമ്പോ അടുത്തുള്ളവന് സെറ്റാകുന്നത് അതിലും കഷ്ടമാണ്' ഈണത്തിൽ പാട്ട് പാടിയ ശേഷം ചിരിച്ചുകൊണ്ട് പറഞ്ഞു. സുഹൃത് റോയിയെ കെട്ടിപ്പിടിച്ചു. റോയിയുടെ ചുണ്ടിൽ ചിരിവിടർന്നു.

'ഒരു ബ്രേക്കപ് ഉണ്ടെങ്കിലേ മനുഷ്യൻ മനുഷ്യനാവുള്ളൂ. അതൊരു വല്ലാത്ത അവസ്ഥയാണ്. അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവുന്ന ഒന്ന്, കുറേയൊക്കെ നമ്മൾ ഇരന്നു വാങ്ങിയതാവും. എന്നാലും അത് വേണം. അതാണ് അതിന്റെയൊരു സുഖം. കുത്തിവലിക്കും. പക്ഷെ വികാര രഹിതമായി ആ നാളുകൾ മാറുമ്പോൾ നമ്മൾ എത്രത്തോളം തരം താണിരുന്നെന്നും നാവ് എത്രയഴുക്കുചാലിന്റെ നാറ്റമായിരുന്നെന്നും തിരിച്ചറിയും.'

അമൽ ചിരിച്ചു. സുഹൃത് പാട്ട് തുടർന്നു.

ജാർസയിൽ ഒരു രാത്രികൂടെ തികച്ചു. തലേന്നത്തെ ഹാങ്ങോവർ സന്തോഷം ആവരണം ചെയ്തപ്പോൾ മൂവരും ക്ഷീണമറിഞ്ഞില്ല. സുഹൃത് തിരിച്ചു പോകേ അമൽ ജാർസയിലെ ലോഹ്രി കഴിഞ്ഞു പോകാമെന്ന് ഓർമിപ്പിച്ചു.

'ഇതിലും വലിയ ആഘോഷമായിരിക്കും ക്യാമ്പിൽ.' സുഹൃത് ചിരിച്ചു.

'പബ്ബിൽ പോവാൻ ഒരു മൂഡ് ഉണ്ടായില്ല, അടുത്ത തവണ സെറ്റാക്കണം' ഇറങ്ങുന്നതിനു മുന്നെ റോയിയെ കെട്ടിപ്പിടിച്ചു.

'അത് വിട്ടുകള, ലീവ് ലേൺ ആൻഡ് ഗ്രോ' അയാൾ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി; നടന്നുപോകുന്നത് ഇരുവരും നോക്കി നിന്നു.

വൈകുന്നേരം വരെ റോയി മുറിയിൽ അടച്ചിരുന്നു. ഇടയ്ക്കൊക്കെ വയറു തടവി. അവധി ദിവസങ്ങളിൽ തന്നെ ക്ഷണിക്കാനും ഊട്ടാനും ആരുമില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു തുടങ്ങി. 
മനുഷ്യന്റെ ഏതവസ്ഥയിലും പരിധിക്കപ്പുറത്തേക്ക് കടക്കാൻ പറ്റാത്ത വിശപ്പിനാൽ റോയി വിത്സന്റെ കടയിലേക്കെത്തി. പതിവിലും കൂടുതൽ പറ്റു തരാൻ പറ്റില്ലെന്ന് വിത്സൺ ആവർത്തിച്ചു പറഞ്ഞപ്പോൾ റോയിയുടെ മുഖത്തെ നിസ്സഹായാവസ്ഥ വിത്സൺ കണ്ടു.

ജാർസയിലെ വിശ്വാസികളുടെ മുറികളിൽ വിത്സന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തുന്ന മനുഷ്യർക്കിടയിൽ റോയി ഒരിടം കണ്ടെത്തി. അസുഖം വന്നു മൂടി പുതച്ചുകിടക്കുന്ന വൃദ്ധയായ രോഗിയുടെ മുറിയിൽ ആദ്യ പ്രാർത്ഥനയ്ക്ക് ചെല്ലുമ്പോൾ റോയി പിന്നിൽ മുഖം മറച്ചു നിന്നു. പ്രാർത്ഥനയ്ക്ക് ശേഷം വിത്സന്റെ കയ്യിൽ വീട്ടുടമ കുറച്ചു നോട്ടുകൾ ചുരുട്ടി കയ്യിലേക്ക് വച്ചുകൊടുത്തു. തലശ്ശേരി ഹോട്ടലിൽ നിന്നും വിത്സന്റെ പറ്റിൽ അപ്പവും ചിക്കൻ കറിയും കഴിച്ചു. മുറിയിലേക്ക് പാഴ്സലും വാങ്ങി.

വിശപ്പിന്റെ അലമുറടയിൽ റോയിയെ വിത്സന്റെ എല്ലാ പ്രാർത്ഥനകളിലും കൊണ്ടെത്തിച്ചു. ജീവിതം കടന്നുപോകുന്ന വഴികൾ അയാൾ ആലോചിച്ചിരുന്നില്ല. ചിന്തകളും അധികാര ശബ്ദവും അയാളിൽ നിന്നും നഷ്ടമാകുന്ന പോലെ അയാളറിഞ്ഞു. വിത്സന്റെ കൂടെ അവധി ദിവസങ്ങളിൽ അയാൾ ബൈബിളിന്റെ ചെറിയ പുസ്തകരൂപം മെട്രോയിൽ വന്നിറങ്ങുന്നവർക്ക് മുന്നിലേക്ക് നീട്ടി. 
ജോലിക്കു പോയി തിരിച്ചുവരുന്ന അമൽ റോയിയെ കണ്ടെങ്കിലും സംസാരിക്കാനുള്ള ശ്രമം പാതിവഴിക്കുപേക്ഷിച്ചു. റോയി രാവന്തിയോളം പണിയെടുത്തു. വിശ്വാസികളെ കണ്ടെത്താൻ ശ്രമിച്ചു. വിത്സൺ കൊടുത്ത ലിസ്റ്റ് പ്രകാരം ജാർസയിലെ പല മുറികളിലേക്കും കടന്നു ചെന്നു. പ്രൊട്ടെസ്റ് സംഘത്തിലേക്ക് വരുന്നതിനുവേണ്ടി സംസാരിച്ചു. അയാളിലെ വിശപ്പണഞ്ഞു. 
തിരിച്ചുവരുന്ന രാത്രികളിൽ പബ്ബിന്റെ മുന്നിൽ ചെന്നു നിന്ന് താൻ ഒരിക്കൽ മാത്രം കണ്ട നീലമുടിയുള്ള സ്ത്രീയെ കണ്ടെത്താൻ ശ്രമിച്ചു.

രാത്രികളിൽ നാളത്തേക്ക് വേണ്ടി ബൈബിൾ വചനങ്ങൾ ഭക്ഷണത്തിനോടൊപ്പം മനഃപാഠമാക്കി. കലണ്ടറിൽ ദിവസങ്ങൾ എണ്ണി തീർത്തുകൊണ്ട് ശരീരത്തിലെ ഓരോ പാടും കുരുവും ചൊറിയും ശ്രദ്ധയോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ഫോൺ കയ്യിലേക്കെടുത്തു സെർച് ചെയ്തുവരുന്ന എയ്ഡ്സ് രോഗിയുടെ പാടും തന്റെ ശരീരത്തിലെ പാടുകളും തമ്മിൽ ഒത്തുനോക്കി.

രാവിലെ ആശുപത്രിയിലെ മോർച്ചറിയിലെ ശവത്തിനു മുന്നിൽ വിത്സന്റെ പെന്തക്കോസ് സംഘത്തിന്റെ കൂടെ പ്രാർത്ഥന നടത്തുന്ന റോയിയെ നസ്രി കണ്ടു. പ്രാർത്ഥനയ്ക്ക് ശേഷം ഇരുവരും ചിരിച്ചു. 
പെന്തക്കോസ് പ്രാർത്ഥനാ പുസ്തകവും വിശ്വാസത്തിൽ സംതൃപ്തിയില്ലാതെ മടുപ്പു പിടിച്ചിരിക്കുന്നവരെ കണ്ടെത്തി വിശ്വാസത്തിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി കയ്യിൽ കരുതിയ ബൈബിളും ഏന്തി ജാർസയിലേക്ക് നസ്രിയും റോയിയും ഒരുമിച്ചു നടന്നു.

'നിങ്ങൾക്ക് പഠിച്ച പണി നോക്കിക്കൂടെ?' നിശബ്ദതയിലെപ്പോഴോ നസ്രി പറഞ്ഞു.

റോയി ചിരിച്ചു. 'എത്ര കാലമായി. ഇനി എവിടെ കയറാനാണ്.'

'ഹോം നഴ്സിങ്ങിന് പോവാലോ, കുറച്ചു എക്സ്സ്‌പീരിയൻസ് ആയാൽ എവിടേലും കയറാം.'

'ഇതിപ്പോ?'

നസ്രി തന്റെയതേ പ്രഫഷണലിൽ പരാജയപ്പെട്ടുപോയ ഒരാളോടുള്ള അനുകമ്പ തുറന്നു കാണിച്ചു. 
ഷിതോഷിനോട് സംസാരിക്കാനും രണ്ടുപേർ പോകേണ്ടുന്ന ജോലിയാണ് കൂടുതലായും അയാൾക്ക് വരുന്നത്, അങ്ങനെ പോകാൻ പറ്റുമെങ്കിൽ ജോലി പെട്ടന്ന് തന്നെ എക്സ്സ്‌പീരിയൻസ് ചെയ്തെടുക്കാമെന്നും നസ്രി നിർദ്ദേശിച്ചു. 
ക്ലിനിക്കിൽ നിന്നും എക്സ്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ ഈ നാട്ടിൽ പാടൊന്നുമില്ലെന്ന് അറിയാമായിരുന്നു.

'ഒരു ദിവസം എത്ര കിട്ടും?'

'ആദ്യം ജോലി കിട്ടുവോ എന്ന് നോക്കിയിട്ട് പോരെ ഡിമാൻഡ്.'

സൂസൻ നാട്ടിലേക്ക് തിരിച്ചു പോകുന്നത് നസ്രി ഓർമ്മപ്പെടുത്തി. 
നസ്രിയെ ലാബിൽ ഉപേക്ഷിച്ചു മുന്നോട്ടേക്ക് നടക്കേ, പഠിച്ചിറങ്ങിയ കാലം തൊട്ട് ജോലിക്ക് കയറാത്തതിന്റെ കാരണങ്ങൾ അയാൾ സ്വയം അന്വേഷിച്ചെങ്കിലും വ്യാപ്തിയുള്ള ഒന്നും തന്നെ മനസ്സിലേക്ക് കടന്നുവന്നില്ല.

മുറിയിലേക്കെത്തും മുന്നേ ഷിതോഷിനെ വിളിച്ചു. 
അയാളുടെ ഫോൺകോളുകൾ ഷിതോഷിന്റെ തല്പരത്വത്തിൽ പെട്ടില്ല. ആവശ്യം തന്റേതാണെന്ന ബോധത്തിൽ ഇടവിട്ടുകൊണ്ട് കോളുകൾ ആവർത്തിച്ചു.

ലാബിലേക്ക് തിരിച്ചു നടന്നു. 
പുതിയ സ്റ്റാഫ് ലാബിന്റെ മൂലയിലിരിക്കുന്നത് കണ്ടു. രണ്ടുപേരും മുഖത്തോട് മുഖം നോക്കിയെങ്കിലും ചിരിച്ചില്ല. 
രണ്ടാമത്തെ നിലയിലുള്ള അന്നയുടെയും ഷിതോഷിന്റെയും മുറിയിലേക്ക് പടികൾ കയറി. കരഞ്ഞിരിക്കുന്ന അന്നയെ സമാധാനിപ്പിക്കുകയാണ് നസ്രിയും എമിയും.

'ഇനി ഇവിടെ നിന്നിട്ടെന്താണ് കാര്യം. ഞങ്ങൾ അടുത്താഴ്ചത്തേക്ക് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. നീയും പോര്' എമി അന്നയോട് പറഞ്ഞപ്പോൾ അന്ന നസ്രിയുടെ മുഖത്ത് നോക്കി.

'നാട്ടിലറിയില്ല' നസ്രി എമിയോട് പറഞ്ഞു.
'ഫേസ് ചെയ്തല്ലേ പറ്റുള്ളൂ.'
'നമുക്കെന്തായാലും നാട്ടിലേക്ക് പോവാം. ഇവിടുന്ന് രക്ഷപ്പെട്ടു പോവാം.' നസ്രി അന്നയെ ചേർത്ത് നിർത്തി.
'അപ്പൊ നിനക്കും കൂടി ടിക്കറ്റ് ബുക്ക് ചെയ്യും.' എമി തീർപ്പെടുത്തു. 
റോയി മുറിയിലേക്ക് കടന്നുവന്ന് ഷിതോഷിനെ അന്വേഷിക്കുമ്പോൾ മൂന്നുപേരുടെയും മുഖത്ത് ദേഷ്യം കനത്തു. 
നസ്രി പുറത്തേക്കിറങ്ങി. ലാബിലെ പുതിയ സ്റ്റാഫിന്റെ മുറിയിൽ പോയി അന്വേഷിക്കാൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

പടികൾ താഴെയിറങ്ങി, ഷിതോഷ് റോയിയെ കണ്ടു. തന്റെ മുറിയിൽ നിന്നും ഇറങ്ങിവരുന്ന റോയിയെ കണ്ടതുകൊണ്ടെന്നോളം റോയിയെ കുപിതനായി നോക്കി; കാര്യം തിരക്കി. 
തന്നെ അന്വേഷിച്ചു പോയതാണെന്ന് റോയി വിശദീകരിച്ചു. 
അയാൾ റോയിയോട് ദേഷ്യപ്പെട്ടു. 
നിർവികാരികതയോടെ റോയി തലകുനിച്ചു. ദേഷ്യപ്പെടുമ്പോൾ കാരണമെങ്കിലും അറിയാൻ ശ്രമിച്ചിരുന്നെങ്കിലെന്ന് അയാൾക്ക് തോന്നി.

ഞായറാഴ്ച പ്രാർത്ഥനയിൽ എല്ലാവരും പള്ളിയിലേക്ക് ഒത്തുകൂടി.

'എല്ലാ ഇറക്കങ്ങളും നല്ലതിനുവേണ്ടിയാണ്. നിനക്ക് ശെരിയെന്നു തോന്നുന്നത് ചെയ്യുക. അത്യന്ത്യം സന്തോഷവും ആത്മാഭിമാനവുമാണ് മനുഷ്യന് വലുത്.' സൂസൻ എബിയോട് യാത്ര പറയുമ്പോൾ അയാൾ തലയിൽ കൈവച്ചനുഗ്രഹിച്ചു.

'എപ്പോഴാ പോകുന്നെ?'
'നാളെ'
'സന്തോഷായിരിക്കൂ.'
'എമി എപ്പോഴാ ജാർസയിൽ നിന്നും ഇറങ്ങുന്നേ?'
'പൈസ വേണ്ടേ, ലോൺ എമൗണ്ട് വന്നില്ല.'
ഇരുവരും ഇറങ്ങവേ എബി എമിയെ തിരിച്ചു വിളിച്ചു. കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
'ദൈവ നാമത്തിൽ എനിക്കുള്ള പ്രണയം ഞാൻ തുറന്നു പറയുന്നു. അടക്കവും അച്ചടക്കവും എന്നെ ബാധിക്കുന്നില്ല. അടുത്ത പ്രാർത്ഥനയ്ക്ക് മുൻപായി ഇവളിൽ പ്രണയത്തിന്റെ മണിമുത്തുകൾ വിതറണമേ' 
എബി പറഞ്ഞു കഴിഞ്ഞ ശേഷം എമിയും സൂസനും മുഖത്തോട് മുഖം നോക്കി. എമി ചിരിച്ചു. എബിയും.
സീനിയറച്ചൻ പള്ളിക്കകത്തു നിന്നും എബിയും എമിയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിച്ചു.

റോയി നസ്രിയെ കാണാൻ ചെന്നു. താൻ സഞ്ചരിക്കുന്ന വഴികൾ സ്വയം മനസ്സിലാക്കിയത് കൊണ്ടായിരിക്കണം തനിക്കൊരു ജോലി അപേക്ഷിച്ചു. 
ജാർസയിൽ നിന്നും വിട്ടൊഴിഞ്ഞുപോവാൻ അവൾ നിർദ്ദേശം കൊടുത്തു. എവിടെയായാലും ജോലി ചെയ്യാമെന്നുള്ള തീരുമാനം പറഞ്ഞു.

'ഇനിയിവിടെ ഇബിലീസുകൾ മാത്രമേ കാണുള്ളൂ.'
റോയി ഒന്നും മിണ്ടിയില്ല.
'സൂസൻ വിട്ടതുകൊണ്ടായിരിക്കും, അങ്ങനെയെങ്കിലും നന്നായല്ലോ. അല്ലെങ്കിലും നിങ്ങൾ ആണുങ്ങൾക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ്.' നസ്രി ചിരിച്ചു.
'ഉള്ളവർക്ക് അതൊക്കെ പോവും. ചിലര് നേരത്തെ പഠിക്കും ചിലര് വൈകിയും.' റോയിയുടെ സംസാരത്തിൽ നസ്രി ചിരിച്ചു.
'ചെറിയ ഇൻജെക്ഷൻ കൊടുക്കാനുണ്ട് വരുന്നോ?'
റോയി മൂളി.
'പൈസയൊന്നും കിട്ടൂല, ലോഹ്രി തുടങ്ങിയതോണ്ട് നല്ല വെജിറ്റേറിയൻ ഫുഡ് കിട്ടാൻ ചാൻസുണ്ട്.'
നസ്രിയുടെ കൂടെ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നു.

'തനിക്കൊന്ന് ഷിതോഷിനോട് സംസാരിക്കാൻ കഴിയുമോ?'
അവളുടെ ഭാവം മാറി, ഗൗരവത്തോടെ ഇല്ലെന്നു തലയാട്ടി.

'ഞങ്ങൾ അയാൾക്ക് വേണ്ടിയുള്ള സേവനം നിർത്തി. നിങ്ങളെല്ലാവരും ഒരുപോലെയാണ്.'
സൂസനും ഷിനോജ്ഉം നടന്നുവരുന്നത് നസ്രിയുടെ കൂടെ നടക്കുന്ന റോയി കണ്ടെങ്കിലും അയാൾ അവളെ ഉപദ്രവിച്ചില്ല. വഴിയിലെ തിരക്കിനിടയിൽ ജോഡികളെന്നപോലെ രണ്ടുപേരും രണ്ടു ദിശയിലേക്കകന്നു. കുൽബീന്ദർ സിങ്ങിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

!പ്രാർത്ഥനയ്ക്ക് ശേഷം സംഘത്തിന്റെ കൂടെ മടങ്ങിവരുന്ന എബിയെ റോയി  കണ്ടെന്നോളം നിന്നു.
'എവിടെയായിരുന്നു ലുങ്കിനോസും പടയാളികളും ഇന്ന്?' എബി പുച്ഛത്തോടെ ചോദിച്ചു.

പ്രാർത്ഥനയ്ക്ക് പോകുന്ന കാര്യങ്ങൾ എബി തിരക്കിയപ്പോൾ നിസ്സഹായതയിൽ റോയി ചിരിച്ചു. അത് മനസ്സിലാവാൻ മാത്രം ജാർസയിലെ മനുഷ്യരെ അപ്പോഴേക്കും അയാൾ അടുത്തറിഞ്ഞിരുന്നു. എബി തന്റെ മുറിയിലേക്ക് റോയിയെ ക്ഷണിച്ചു. ഒരുമിച്ചു ഭക്ഷണം കഴിക്കാനിരുന്നു.

'നിനക്കും നാട്ടിലേക്ക് പൊയ്ക്കൂടേ, ചിലർക്ക് നശിക്കാനായി ചിലയിടങ്ങൾ കാണും.'

'എനിക്ക് പോകണമെന്നുണ്ട് അച്ചോ, ടിക്കറ്റിനു പോലും കയ്യിൽ പൈസയില്ല. പിന്നെ അവിടെപോയിട്ട് എന്ത് ചെയ്യാനാണ്. ഓരോ കുത്തുവാക്കുകൾ കേൾക്കാൻ. ജീവിക്കണോ വേണ്ടയോ എന്നതുതന്നെ ഇനിയുള്ള കുറച്ചുദിവസങ്ങൾ തീരുമാനിക്കും.' റോയി ചിരിക്കുമ്പോൾ എബി ഭയന്നു.

എബി റോയിയുടെ മുഖത്തേക്ക് ശ്രദ്ധകൊടുത്തപ്പോൾ അധികാരത്തിന്റെ ഗർവ്വ് അയാളിൽ നിന്നും കാതമകലേക്ക് കടന്നുപോയതുപോലെ അനുഭവപ്പെട്ടു. പാറക്കല്ല് പഞ്ഞിക്കെട്ടിലേക്ക് പരിണമിച്ചപോലെ റോയി മാറിയിരിക്കുന്നു.
'നാളെയല്ലേ സൂസൻ പോകുന്നത്. അവരുടെ കൂടെ കയറിയാലോ.?'

റോയി സമ്മതം മൂളി. 
മുന്നിലെ ഭക്ഷണം ആർത്തിയോടെ കഴിക്കുന്ന റോയിയെ കണ്ടു. വിശപ്പാണ് മുഖ്യമെന്നത് എബി മുന്നിൽ കണ്ടു. ചിരിച്ചു. 
അങ്ങനെ റോയിയും ജാർസയിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു. 
എബി അയാളെടുത്ത തീരുമാനത്തെ മികച്ചതെന്ന് അംഗീകരിച്ചു. 
ഷിനോജിനെ വിളിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ ഏജന്റിന് പൈസ അടക്കാത്തതുകൊണ്ട് അയാൾ പോകുന്നില്ലെന്ന് തീരുമാനിച്ചതിനാൽ ഷിനോജ് സൂസന്റെ കൂടെ പോകാനെടുത്ത ടിക്കറ്റ് എബിക്ക് കൈമാറി. 
എബിയത് റോയിക്കും. അയാൾക്കത് ദൈവാനുഗ്രഹമായി തോന്നി.

ജാർസയിലെ അവസാന രാത്രിയിൽ റോയി ഉറങ്ങിയില്ല. അയാൾ സൂസനുമൊത്തു ചിലവഴിച്ച ജാർസയുടെ ഓരോ മുക്കിലും ഓർമ്മകൾ അയവിറക്കി. 
അയാളിൽ പ്രതീക്ഷകളുയർന്നു.

തീഷ്ണതയില്ലാത്ത ഉച്ചനേരത് അമൽ ഓഫീസിൽ നിന്നും റോയിയുടെ മുറിയിലേക്ക് വന്നു. ബാഗ് പാക്ക് ചെയ്യുന്ന റോയിയെ അമൽ നോക്കി നിന്നു. 
ഒരു നിമിഷം കഴിഞ്ഞുപോയ കാലങ്ങൾ അയവിറക്കി. 
ഓരോ മനുഷ്യനും എത്രകണ്ട് അധപ്പതിക്കാമോ അത്രമാത്രം അധഃപ്പതിച്ചതായിരുന്നു ജാർസ. അമൽ ചിന്തിച്ചു.

'ഞാനും ജാർസയിൽ നിന്നും മാറുവാണ്. ഇല്ലെങ്കിൽ മുരിക്കിൽ തങ്ങിയ എട്ടുകാലിയുടെ അവസ്ഥയാവും' അമൽ റോയിയോട് പറഞ്ഞു. റോയി ചിരിച്ചു.
'വീട്ടു സാധനങ്ങളൊക്കെ മെല്ലെ ഒഴിവാക്കാം.'  അമൽ പാത്രങ്ങളും മറ്റും തട്ടി നോക്കി
'ഭക്ഷണം കഴിച്ചായിരുന്നോ?' അമലിന്റെ മുഖത്ത് നോക്കി റോയി ചിരിച്ചു. അമലിന്റെ കണ്ണുകൾ നനഞ്ഞു.

അമൽ പുറത്തേക്കിറങ്ങി അൽപ്പ നേരത്തിനുശേഷം തിരിച്ചുവന്നു. പ്രാച്ചിയുമുണ്ടായിരുന്നു കൂടെ. റോയിക്ക് ഗിഫ്റ്റെന്നോളം കുറച്ചു നോർത്ത് ഇന്ത്യൻ പേടയുടെ ബോക്സുകൾ അയാൾക്ക് കൈമാറി. റോയിയുടെ കണ്ണുകൾ നനഞ്ഞു. റോയിയത് ബാഗിലേക്ക് വൃത്തിയായി പൊതിഞ്ഞു.

'പബ്ബിലെ ഒരാൾക്ക് HIV പോസറ്റീവ് ആണ് പോലും.' അമൽ അൽപ്പം ബുദ്ധിമുട്ടിയെന്നോളം പറഞ്ഞു.
റോയി, നിരാശയും സങ്കടവും തങ്ങി നിൽക്കെ ഉമിനീർ തൊണ്ടയിലൂടെ ഭയം കൊണ്ടെന്നോളം താഴ്ന്നിറങ്ങി.

'നാട്ടിലെത്തി കുറച്ചൂസം കഴിഞ്ഞു അറിയുന്ന ആരുടെയെങ്കിലും ലാബിൽ ചെന്ന് ചെക്ക് ചെയ്‌താൽ മതി. ഒന്നും വരുവൊന്നും ഇല്ല.'
അമലിന്റെ ആശ്വാസ വാക്കുകൾ അയാളിൽ പ്രയോജകമായില്ല. നാട്ടിലേക്ക് ഈ ഭാരം താങ്ങിപ്പോകുന്നതിനെകുറിച്ചോ അവിടെ ചെക്ക് ചെയ്യുന്നതിലുള്ള സാധ്യതയെകുറിച്ചോ അയാൾക്ക് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല. അയാളുടെ കൈകൾ വിറയ്ക്കാനും ശരീരം തളരാനും തുടങ്ങി.

അമൽ സമയം നോക്കി. ആത്മവിശ്വാസത്തോടെ പറഞ്ഞു. 
'ഇവിടുന്ന് രാത്രിയല്ലേ ഇറങ്ങേണ്ടു. അയാളെയൊന്ന് കണ്ടാലോ?'

'ജാർസയിൽ തന്നെയാണ്. വീട്ടിലേക്ക് പോകണോ?' 
പ്രാച്ചി പറഞ്ഞു.

അമൽ ഉപയോഗിക്കുന്ന സുഹൃത്തിന്റെ ബൈക്കിൽ ജാർസയുടെ ഖല്ലികൾക്കിടയിലൂടെ പ്രാച്ചി പറയുന്ന വഴിയിലൂടെ അമൽ വണ്ടിയോടിച്ചു. 
വീടിന്റെ ദാരിദ്ര്യം ഉമ്മറക്കോലായിൽ വരവേറ്റു. കട്ടിലിൽ കിടക്കുന്ന പ്രാച്ചിയുടെ പരിചയക്കാരിയെ കണ്ടയുടനെ റോയി പരിഭ്രമിച്ചു. അയാൾ എഴുനേറ്റു. ശരീരത്തിന്റെ വണ്ണം മനസ്സിലളന്നുകൊണ്ട് അതല്ല എന്ന് അമലിനോട് ആംഗ്യം കാണിച്ചു. 

എയ്ഡ്സ്ന്റെ പുഴുവരിക്കുന്ന പുണ്ണുകൾ റോയി ശ്രദ്ധിച്ചു; അവിടെ ചിന്തയിലാണ്ടു നിന്നപ്പോൾ അമൽ റോയിയെ പുറത്തേക്ക് വലിച്ചു. മൂവരും അവരവരുടെ ലോകത്തേക്ക് പലചോദ്യങ്ങളും സ്വയം ചോദിച്ചുകൊണ്ടെന്ന കണക്കെ ബൈക്കിൽ ജാർസയിലൂടെ മുന്നോട്ടേക്ക് നീങ്ങി.
റൂമിലേക്ക് പോകുന്ന വഴി ലാബിന്റെ മുന്നിലെത്തിയതറിഞ്ഞ റോയി അമലിനോട് നിർത്താൻ പറഞ്ഞു. 

ലാബിലേക്ക് കയറി, ആലോചനയിൽ ലാബിലെ കസേരയിൽ ചികഞ്ഞിരിക്കുന്ന അന്നയെ റോയി തട്ടി വിളിച്ചു. HIV ആന്റിബോഡി ടെസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു.

'സൂസന്റെ കൂടെ പോകുന്നെന്ന് കേട്ടു.' അന്ന ചോദിച്ചു.
റോയി മൂളി.

'അവളെ വിട്ടേക്കട, കുറച്ചു സമാധാനം കിട്ടിക്കോട്ടെ.' അന്നയുടെ വാക്കുകളിൽ സൂചിമുന കയ്യിലേക്ക് കയറുന്നതിനൊപ്പം നൊന്തു. പിടച്ചു. 
അന്ന ബ്ലഡെടുത്തു തന്റെ മുന്നിൽ നിന്നും മാറുമ്പോഴും അയാൾ സൂസനെന്നപോലെ അന്നയെ കണ്ടു.
അവളുടെ വാക്കുകൾ സൂസന്റേതെന്നപോലെ കേട്ടു.

പുറത്തു നിൽക്കെ അമൽ പ്രാച്ചിയോട് ചോദിച്ചു.
'നമുക്കും ടെസ്റ്റ് ചെയ്താലോ?' പ്രാച്ചി ചിരിച്ചു.

'ഞാൻ സേഫ് സോണിലാണ്. ആൻഡ് ഐ ആം സ്റ്റിൽ വെർജിൻ' അമൽ സംശയത്തോടെ പ്രാച്ചിയെ നോക്കി. എയ്ഡ്സ്ന്റെ പരിണിതഫലം നേരിട്ട് കണ്ട ഭീതിയിൽ അമലും ലാബിലേക്ക് കയറി ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ലാബിൽ നിന്നും ഇറങ്ങിയ പ്രാച്ചി അമലിന്റെ മുഖത്തേക്ക് നോക്കി.

'യു ഡോണ്ട് ട്രസ്റ്റ് മി?'

'യെസ്, ഐ ട്രസ്റ്റ് യു. ആൻഡ് ഐ നീഡ് ടു കെയർ യു' അമൽ പ്രാച്ചിയുടെ തോളിലേക്ക് കൈ ചേർത്തുവച്ചു.

റോയി മുറിയിലേക്ക് ചെന്ന് പാക്ക് ചെയ്തുവച്ച ബാഗ് നീക്കി കട്ടിലിൽ കിടന്നു. ആലോചനയ്ക്കു ശേഷം അമലിന്റെ വണ്ടി കടമായെടുത്തു. 
നേരത്തെ പോയ എയ്ഡ്സ് രോഗിയുടെ വീട്ടിലേക്ക് ചെന്ന് പബ്ബിലേക്ക് പോവുന്ന വേശ്യകളുടെ ലിസ്റ്റും പേരും എഴുതിയെടുത്തു.

ചിലരെ കണ്ടു. ചിലരുടെ വീട്ടിൽ നിന്നും അടിച്ചിറക്കി. 
അപ്പോഴും അതാരാണെന്ന് അറിയാനും രൂപം കാണാനുമുള്ള തത്രപ്പാടുകൾ അയാൾ നടത്തി. ചിലയിടത്തു നിന്നും നാട്ടുകാർ ആട്ടിയോടിച്ചു. എയ്ഡ്സ് കൊണ്ടുവരുന്നവരെന്ന് തെറികേട്ടു. 
ലിസ്റ്റിലെ അവസാനത്ത സ്ത്രീയെ റോയി കണ്ടു. സംശയിച്ചു നിന്നു. പബ്ബിലെ നിമിഷങ്ങൾ കടന്നുവന്നു. മുഖം കാണാത്ത അവളുടെ ശരീരത്തിന്റെ എല്ലാ വശങ്ങളും ലഹരിയുടെ മന്ദിപ്പിൽ പബ്ബിലെ ഇരുണ്ട മുറിയിലൂടെ നടന്നുപോവുന്ന നിമിഷങ്ങളിലൂടെ അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. അവൾക്ക് പിന്നാലെ റോയി നടന്നു. 
ഇരുട്ട് വീഴുമ്പോൾ പബ്ബിലേക്ക് ലക്ഷ്യമാക്കിപ്പോവുന്ന മഞ്ഞ ഗ്യാസ് ഓട്ടോറിക്ഷയിൽ അവൾ കയറുന്നതുവരെ റോയി കാത്തുനിന്നു പിന്തുടരുമ്പോൾ ജാർസയിലെ ചെളിക്കുണ്ടിലെ പന്നികൾ മുരണ്ടു.

ഓട്ടോയിൽ നിന്നും മൂന്നുപേർ പുറത്തേക്കിറങ്ങി. മൂവരും മേക്കപ്പിൽ ഒരുപോലെ നിന്നു. പച്ചയും മഞ്ഞയും ചുവപ്പും നിറമുള്ള മുടികൾ. മൂവരും പബ്ബിലേക്ക് ഫയർ എക്സിറ്റ് വഴിയിലൂടെ കയറിപ്പോവുന്നത് നിരാശയോടെ നോക്കി നിന്നു. 
അലച്ചിലിൽ അയാൾ വീണ്ടും സങ്കടത്തോടെ പടുകുഴിയിലേക്ക് വീണു.

റോയി തനിച് വീണ്ടും താൻ വിശ്വാസം അർപ്പിച്ച ഡോക്ടറുടെ അടുത്തേക്ക് ചെന്നു. ഡോക്ടർ കസേരയിൽ ഇടം വലം തിരിഞ്ഞുകൊണ്ട് റോയിയെ സൂഷ്മതയോടെ നോക്കിയപ്പോൾ അയാളിൽ ഒളിച്ചുവച്ച ഭയത്തിന്റെ കൂടെ സങ്കടത്തിന്റെ നിഴൽപാടുകളും പുറത്തേക്ക് വിതുമ്പലായി വന്നു. 
പൈസയില്ലാതെ ഇനി ഒന്നും നടക്കില്ലെന്ന് ഡോക്ടർ ഹനുമാൻ വിഗ്രഹത്തിനു മുന്നിൽ തൊഴുതുകൊണ്ട് ഉറപ്പ് നൽകി. എയ്ഡ്സ്ന്റെ ലക്ഷണങ്ങളും വന്നുകഴിഞ്ഞാൽ ചെയ്യേണ്ടുന്ന കാര്യങ്ങളും കേട്ട് ക്ലിനിക്കിൽ നിന്നും തെരുവിലെ ആൾക്കൂട്ടത്തിലേക്കിറങ്ങുമ്പോൾ ശീതകാലത്തിലെ തണുപ്പിലും തന്റെ ശരീരം വിയർക്കുന്നത് അയാളറിഞ്ഞു.

ലോഹ്രി ആഘോഷം തുടങ്ങി. ജാർസ ആഘോഷത്തിൽ തുടുത്തു നിൽക്കെ മാനസിക സംഘർഷങ്ങളിലുലഞ്ഞുകൊണ്ട് റോയി നേപ്പാളിയുടെ സിഗരറ്റു കടയിൽ നിന്നും ബീഡി വലിച്ചു വരുന്നവഴി എമി ലാബിൽ നിന്നും വിളിച്ചു റിസൾട്ട് നൽകി.

'നെഗറ്റിവ് ആണ്. ഒരു പത്തു ദിവസം കൂടെ കഴിയട്ടെ അപ്പോഴേ വിൻഡോ പിരീഡ് ആവുകയുള്ളൂ. ഒന്നൂടെ ചെക്ക് ചെയ്തു നോക്ക്, അന്ന പറയാനും തരാനും പറഞ്ഞതാണ്.' എമി പറഞ്ഞു. 
അയാൾ നിരാശയുടെ പടുകുഴിയിലാണ്ടു. 
റോയിയുടെ ബാക്കിയായ ആത്മവിശ്വാസം നടക്കാൻ പോലും കഴിയാത്ത വിധത്തിൽ തകർന്നു തരിപ്പണമായി.

പള്ളിയിൽച്ചെന്നു മുട്ടുകുത്തി. 
മേശമുകളിൽ മൂട്ട ശല്യം കാരണം വാങ്ങിവെച്ച വിഷം അയാളുടെ കണ്ണുകളിൽ തടഞ്ഞു. ആലോചനയിൽ ആത്മഹത്യയെന്ന വഴിയിലേക്ക് റോയിയുടെ മനസ്സ് പതറുമ്പോൾ എബി പിന്നിൽ നിന്നും വിളിച്ചു. 
സൂസനും അന്നയും നസ്രിയും മുട്ടുകുത്തി കണ്ണീർ വാർക്കുന്ന റോയിയെ കണ്ടു.

7
ജാർസയിലെ അവസാന കണ്ടുമുട്ടൽ. രണ്ടുപേരും നിശബ്ദതയിൽ മുഖത്തോടു മുഖം നോക്കി നിൽക്കെ സൂസൻ സ്നേഹംകൊണ്ട് സ്വയം വേദനിച്ചു. 
അയാളിൽ നിന്നും ക്ഷമാപണം പ്രതീക്ഷിച്ചിരുന്ന സൂസനുമുന്നിൽ തന്റെ ഇപ്പോഴത്തെ മാനസിക സംഘർഷത്തിനുള്ള എല്ലാ കാരണവും അവളാണെന്നുള്ള പഴി കുറുകി കുറുകി തുറന്നു വിട്ടപ്പോൾ അയാളിൽ സമാധാനം ഉണ്ടാവുന്നതായി സൂസന് തോന്നി. അയാൾക്ക് മുന്നിൽ സൂസൻ ചിരിച്ചു.

താൻ ചെയ്ത ഏറ്റവും വലിയ തെറ്റ് ഇറങ്ങിപ്പോരേണ്ടുന്ന സമയവും പ്രണയത്തിൽ പ്രതീക്ഷയർപ്പിച്ചു നിന്നതാണെന്ന് അവൾ റോയിയോട് പറഞ്ഞു. വീണ്ടും വീണ്ടും അയാളെ തന്റെ മാറിടത്തിൽ ചേർത്ത് നിർത്തിയതും സൂഷ്മതയോടെ കടന്നുവരുന്ന അയാളിലെ സംശയങ്ങളെ ഗൗനിക്കാതെ വച്ചതും പ്രണയത്തിൽ നാളെയൊരു മാനം കണ്ടുകൊണ്ട് മാത്രമാണെന്ന് അവൾ തുറന്നുപറഞ്ഞു. എങ്കിലും നിന്നിലെ ഈ സമ്മർദ്ദത്തെ ഇവിടെവിട്ട് കടന്നുപോകാൻ ആഗ്രഹമില്ലെന്നും പക്ഷെ നിന്നിലേക്കടുക്കുമ്പോൾ ഞാൻ കൂടുതൽ വേദനിക്കുന്നുവെന്നും പോകേണ്ടവളാണെന്നും തുറന്നുപറയുമ്പോൾ സൂസന്റെ കണ്ണുകൾ നനഞ്ഞു. റോയിയുടെയും. ചുണ്ടുകൾ വിറച്ചു. ഒലിച്ചിറങ്ങിയ കണ്ണുനീർ ചുണ്ടുകളിൽ ഉപ്പ് പടർത്തി.

റോയി സൂസനെ അവസാനമായി ആലിഗനം ചെയ്തു മാറി നിന്നു. 
അയാളുടെ കണ്ണുകൾ സൂസന്റെ മുഖത്തേക്ക് നോക്കിയില്ല. 
സൂസൻ തിരിഞ്ഞു നടന്നു.

കെട്ടിടത്തിന് മുന്നിൽ പകച്ചു നിൽക്കുന്ന അയാൾക്കരികിലേക്ക് വീണ്ടും അവൾ നടന്നുവന്നു. 
മുഖത്തോടു മുഖം നോക്കി.

'പബ്ബിൽ എക്സ്പോഷർ ഉണ്ടായെന്നു കരുതുന്ന പെണ്ണ് മുകളിലത്തെ ക്ലാസ്സ് മുറിയിലുണ്ട്. വേണമെങ്കിൽ, വേണമെങ്കിൽ മാത്രം ചെക്ക് ചെയ്ത റിസൾട്ടും വാങ്ങി പെട്ടുപോകുന്നവർക്കും പെടുത്താൻ നിൽക്കുന്നവരും മാത്രമുള്ള ഇവിടുന്ന് പുറത്തു കടക്കാൻ നോക്ക്. ഞാനാണല്ലോ ഇവിടേക്ക് വിളിച്ചു വരുത്തിയത്, എനിക്ക് വേണ്ടിയാണല്ലോ വന്നത്. ഇനി അതില്ല.'

സൂസന്റെ കണ്ണുകൾ റോയിയുടെ കണ്ണുകളിലേക്ക് തറച്ചിറങ്ങുമ്പോൾ തനിക്ക് മുന്നിൽ മറ്റൊരു സൂസനെ അയാൾ കണ്ടു.

തന്നെ വിട്ട് മുന്നിലേക്ക് നടന്നുപോകുന്ന തനിക്ക് നഷ്ടപ്പെട്ട അധികാരത്തിന്റെ ഗർവ്വും തന്റെ സമാധാനം കണ്ടെത്താനുതകുന്ന മുകളിലത്തെ നിലയിലുള്ള യുവതിയാരെന്നുള്ള ജിജ്ഞാസയും ഒരേ നിമിഷം അയാളിലേക്ക് കടന്നുവന്നപ്പോൾ രണ്ടിടത്തേക്കും അയാൾ മാറി മാറി നോക്കി. 
ഹരിയാനി ഫോക്‌ലോർ സംഗീതം ജാർസയിലെ സ്പീക്കറുകളിൽ മുഴങ്ങി. ലോഹ്രി സമാപനത്തിൽ ചാണകവരളികളും കൂറ്റൻ പ്രതിമകളും കത്താൻ തുടങ്ങി. ജാർസയ്ക്ക് ചുറ്റും തീ കത്തിപിടിക്കുമ്പോൾ റോയി മുകളിലേക്ക് പടികൾ കയറി. നസ്രി പടികളിറങ്ങി.

അയാൾ വീണ്ടും പടികൾ കയറാൻ നിൽക്കേ അവൾ പറഞ്ഞു.
'മുകളിലേക്ക് പോകണ്ട, സൂസൻ പറഞ്ഞില്ലേ?' ഇടുങ്ങിയ കോണിയിൽ ഒരേ പടികളിലായി രണ്ടുപേരും നിന്നു.
റോയി നസ്രിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വിശ്വസ്സിക്കാൻ പറ്റാതെ തന്റെ മുന്നിലൂടെ ചുഴലി കടന്നുപോകുന്നതുപോലെ അനുഭവപ്പെട്ടു നിന്നു.

'അവൾക്കു വേണ്ടി പറയണമെന്ന് തോന്നി.'
നസ്രി സംസാരിക്കെ പടികളിൽ നിന്നും താഴേക്കിറങ്ങി. സൂസൻ ജാർസയിൽ നിന്നും മടങ്ങിപ്പോവാൻ ഓട്ടോയിലേക്ക് കയറുന്നത് അയാൾ കണ്ടു. ജാർസയിലെ ലോഹ്രി കൊടുമ്പിരികൊണ്ടു.

തന്റെ ജീവിതത്തിന് മുൻപും പിൻപുമെന്ന് അടയാളപ്പെടുത്താൻ പാകത്തിനുള്ള പബ്ബിലെ നിമിഷങ്ങൾ മുന്നിലേക്ക് കടന്നു വന്നു. തന്റെ കയ്യിലുയർത്തി പിടിച്ച കോണ്ടത്തിലെ പൊട്ടിയ ഭാഗത്തൂടെ ഒലിച്ചിറങ്ങുന്ന ശുക്ലത്തിൽ ലേസർ ലൈറ്റുകൾ പതിക്കുന്നത് റോയി നോക്കി നിൽക്കേ മേശമുകളിൽ നിന്നും എഴുനേറ്റ് പുറത്തേക്ക് ഓടി രക്ഷപ്പെടുന്ന തൂവലുകളാൽ തീർത്ത ക്യാറ്റ് വുമൺ മാസ്കിനാൽ പാതിമുഖം മറച്ച യുവതിയുടെ പിന്നാലെ അയാൾ നടന്നു. ജാർസയിൽ ചാണകവരളികള്‍ കത്തുന്ന തീജ്വാലക്ക് മുന്നിൽ വന്നു നിൽക്കുന്ന നസ്രിയുടെ മുഖത്തേക്ക് കത്തുന്ന തീയുടെ സ്ഫുലിംഗങ്ങൾ പതിച്ചു.

എന്തുചെയ്യണമെന്ന് റോയിക്ക് അറിയില്ലായിരുന്നു. രണ്ടുപേരും തീ കൂനയ്ക്ക് മുന്നിലുള്ള രണ്ടു കല്ലുകളുടെ മുകളിലിരുന്നു.

'എനിക്ക് ജാർസയിൽ നിന്നും പോണം. സഹായിക്കണം.'
'ജാർസയിൽ നിന്നും പുറത്തു കടക്കാനാഗ്രഹിക്കാത്ത മനുഷ്യരുണ്ടോ.?' രണ്ടുപേരും മുഖത്തോടു മുഖം നോക്കി.
'ഞാനെന്താ ചെയ്യേണ്ടത്?' നസ്രി ചോദിച്ചു.
'നാളെ ചെക്ക് ചെയ്യാൻ വരാവോ?'
'വരാം, പിന്നെ നമ്മൾ തമ്മിൽ കാണരുത്.'
'ഇല്ല'

നഗരത്തിലെ നസ്രിയുടെ ഹോം നഴ്സിങ്ങിടത്തേക്ക് റോയി ചെന്നു. 
ജോലി കഴിയുന്നതുവരെ കാത്തിരുന്നു. കിടക്കയിൽ സഹായം അനിവാര്യമാണെന്ന കണക്കെ വൃദ്ധയായ രോഗി രണ്ടു ദിവസം കൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ നസ്രി നാട്ടിലേക്ക് മടങ്ങിപ്പോവുകയാണെന്നും കുറച്ചൂടെ ജോലി തീർക്കാനുണ്ടെന്നും പറഞ്ഞു. മറ്റൊരാൾ വരുന്നുണ്ടെന്നറിയിച്ചു. 
മനസ്സലിവിന്റെ പാഠങ്ങൾ പഠിച്ചതുകൊണ്ടോ മറ്റോ അയാൾ നസ്രിയെ സഹായിച്ചു. വൃദ്ധയെ ശുസ്രൂഷിച്ചു.

റോയി സഹായിക്കുന്നതിൽ തൃപ്‌തിപൂണ്ട വൃദ്ധയായ രോഗി നസ്രിയയുടെ ഒഴിവിലേക്ക് നഴ്‌സായി വരുന്നതിന് അയാളോട് അപേക്ഷിച്ചു. അയാൾ ചിരിച്ചു.
ജോലികഴിഞ്ഞു. അടുത്ത ഷിഫ്റ്റെന്നോളം വന്ന നഴ്സിന് കാര്യങ്ങൾ വിശദീകരിച്ച ശേഷം റോയിയുടെ കൂടെ പുറത്തേക്കിറങ്ങി. 
നസ്രി റോയിയെ നോക്കി ചിരിച്ചു. 
തിരക്കിലൂടെ ഇരുവരും തിരിച്ചു നടക്കുമ്പോൾ താൻ കടന്നുപോവുന്നതും പോയതുമായ വഴികൾ അയാളോർത്തു.

മെട്രോയിൽ കയറി. 
തിരക്കില്ലാത്ത മെട്രോയിലിരുന്നു. നസ്രി ഇടയ്ക്കിടെ റോയിയെ നോക്കി.
'ഇപ്പൊ എത്രപേരെ മാർഗം കുടിച്ചു? നല്ല പൈസ കിട്ടിക്കാണുമല്ലേ.'
'ന്തേ, മാറുന്നോ? 'റോയി പുച്ഛത്തോടെ മറുപടി പറഞ്ഞു.
'മാറിയാലും ഇല്ലേലും നമ്മൾ മൂന്നാംകിട പൗരന്മാർ തന്നെ.'
'പിന്നെന്താ പ്രശ്നം. പകുതി തരാം.'
'ഒരുത്തി അവിടെകിടന്ന് അനുഭവിക്കുന്നുണ്ട്.'
സംഭാഷണത്തിനിടെ നസ്രിക്ക് എമിയുടെ ഫോൺ വന്നു. അനിശ്‌ചത്വത്തിൽ അവൾ തളർന്നു നിന്നു. തളരാൻ മാത്രമുള്ള കാര്യമറിയില്ലെങ്കിലും റോയി അവളെ ചേർത്ത് നിർത്തി.

നസ്രി ആശുപത്രിയുടെ അകത്തേക്ക് കുതിച്ചു. ആശുപത്രിയിലേക്ക് എത്തിയത് എങ്ങനെയെന്ന് ഓർമ്മയില്ലാതെ റോയി പുറത്തു നിന്നു. റോയി എബി യെ കണ്ടതും അടുത്ത് ചെന്നു കാര്യം തിരക്കി; എബി വിശദീകരിച്ചു.
'അന്ന! അറ്റാക്ക് വന്നതാണ്. പ്രശ്നമൊന്നുമില്ല ഒബ്സർവേഷനിലാണ്. ഷിതോഷ് പണി കൊടുത്തതാണോ എന്നൊരു സംശയം ഉണ്ടെന്ന് എമി പറഞ്ഞു.' എന്താണെന്ന കൂടുതൽ വിവരങ്ങളൊന്നുമില്ലാതെ ആശുപത്രി പടിയിൽ പുറത്തു നിൽക്കുന്ന റോയിയോട് എബി പതിയെ പറഞ്ഞു.

'അറ്റാക്കോക്കെ അങ്ങനെ ചെയ്യിക്കാൻ പറ്റുവോ?' റോയിയിൽ സംശയം ബാക്കിയായി.

'അവനെന്താ പറ്റാതെ?' എബി കൂട്ടിച്ചേർത്തു. ഇരുവരും തണുപ്പിന്റെ കാഠിന്യത്തിൽ അകത്തേക്ക് കയറുമ്പോൾ ഷിതോഷ് പുറത്തെ ചെയറിൽ ഫോൺ വിളിച്ചിരിക്കുന്നത് റോയി ശ്രദ്ധിച്ചു. വ്യാകുലതകളൊന്നുമില്ലാത്ത വിരസതയിൽ സമയം തള്ളിനീക്കുന്നതിലുള്ള ചേഷ്ടകൾ റോയി അയാളിൽ കണ്ടു.

ജീവിക്കാൻ ആഗ്രഹമില്ലാത്ത ഒരുവളുടെ പക്വമല്ലാത്ത പിടിവാശിയിൽ മൂന്നാമത്തെ ദിവസം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോൾ ഷിതോഷിൻ മേലുള്ള സംശയത്തിൽ എമിയും നസ്രിയും അന്നയെ കൂടെ നിർത്തുമ്പോൾ ഷിതോഷ് ഇടയ്ക്കിടെ അവർക്കിടയിലൂടെ കടന്നുപോയി. അയാളുടെ പരുക്കൻ ശബ്ദത്തിൽ ചില മൂളലുകൾ മാത്രം മുറിയിൽ കേട്ടു.
എബിയും റോയിയും സന്ദർശകരെപ്പോലെ അവിടേക്ക് കടന്നുവന്നു. അന്നയോട് ഒരു വികാരിയുടെ പ്രാർത്ഥനയെന്നപോലെ എബി സംസാരിച്ചിരിക്കെ എമി ഡ്യൂട്ടിക്ക് ആശുപത്രിയിലേക്കിറങ്ങി.

'ഇന്ന് അവസാന ദിവസമാണ് ആശുപത്രിയിൽ.' 
എബിയും എമിയും മുഖത്തോടു മുഖം നോക്കി.

'നമ്മൾ പോവാനുള്ള ടിക്കറ്റ് ചിലപ്പോൾ നാളെ ബുക്ക് ചെയ്യും'

'ഏജന്റിന് പൈസ കൊടുത്തോ?'

'കൊടുത്തു. നമുക്ക് വൈകുന്നേരം ഡൽഹി പോയാലോ?' എബി ചിരിച്ചു. അയാളുടെ മുഖത് കയറിവന്ന സന്തോഷം അന്നയുടെയും നസ്രിയുടെയും സാന്നിധ്യം അയാളെ മറച്ചു വയ്ക്കാൻ പ്രേരിപ്പിച്ചു. എമി ഇറങ്ങിയപ്പോൾ എബി അന്നയുടെ അടുത്തേക്ക് നീങ്ങി. റോയ് ഹാളിലിരുന്നു.

'ഷിതോഷ് വന്നില്ലേ?' 
ആരും മറുപടി പറഞ്ഞില്ല.

'നിങ്ങടെ ലാബിൽ നിന്നും ഒന്ന് ടെസ്റ്റ് ചെയ്തു തരാൻ പറ്റുമോ?' റോയിയുടെ ചോദ്യത്തിൽ കരുണയില്ലെന്ന അർത്ഥത്തിൽ നസ്രി അന്നയുടെ മുഖത്തേക്ക് നോക്കി. എല്ലാ പുരുഷന്മാരും കരുണയില്ലാത്ത വേട്ടമൃഗമാണെന്ന് നസ്രിക്ക് തോന്നി.
എബി റോയിയെ കൂട്ടി പുറത്തേക്കിറങ്ങി. പടികൾ ഇറങ്ങേ ദേഷ്യത്തോടെ പറഞ്ഞു.

'ഇതിനൊക്കെ ഒരു നേരവും കാലവുമില്ലേ? ഇപ്പോഴാണോ.! ഞാൻ ഇപ്പോഴ അറിയുന്നത്. അവൾക്ക് വേണ്ടുന്ന കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കാൻ നോക്കണം. അലിവ് തോന്നിയെങ്കിലും അവൾ ചെയ്തുതരട്ടെ. എന്നിട്ട് വേഗം ഈ നരകത്തിന്നു പുറത്തേക്ക് പോ.' എബിയുടെ ശബ്ദം കനത്തിരുന്നു.

ഷിതോഷിന്റെ അഭ്യർത്ഥനയിൽ വിത്സന്റെ നേതൃത്വത്തിൽ പെന്തക്കോസ് പ്രാർത്ഥന അന്നയുടെ മുറിയിൽ നടത്താനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ എബിയും എമിയും കടന്നുവന്നു. 
പതിവില്ലാതെ അണിഞ്ഞൊരുങ്ങിയ ഇരുവരെയും നോക്കി നസ്രി ചിരിച്ചു. പെന്തക്കോസ് വചനങ്ങൾ പ്രാർത്ഥനയായി ഉറക്കെ മുഴങ്ങുമ്പോൾ എമിയും എബിയും അന്നയെ കണ്ടശേഷം നസ്രിക്കൊപ്പം പുറത്തേക്ക് കടന്നു. പ്രാർത്ഥനയുടെ പിന്നിൽ നിൽക്കുന്ന റോയി ഇടം കണ്ണുകൊണ്ട് നസ്രിയെ നോക്കി; അവളുടെ മുഖത്ത് ദേഷ്യം കനത്തു.

'ആത്മാവിൽ പ്രാർത്ഥിക്കുക! ആത്മാവിൽ നടക്കുക! ആത്മാവിൽ ദൈവത്തെ ആരാധിക്കുക.!' ജാർസ മുഴുവൻ കൊടുമ്പിരികൊള്ളും ശബ്ദത്തിൽ പാസ്റ്റർ തുടങ്ങി.
'കഷ്ടകാലം, കഷ്ടകാലം, കഷ്ടകാലം. ഇത് ആർക്കും ഉണ്ടാവാം. എപ്പോഴും ഉണ്ടാവാം.'

എബിയും എമിയും നസ്രിയും പുറത് ആലോചനയിലാണ്ട്‌ പടികളിലിരിക്കെ അകത്തു നടക്കുന്ന പ്രാർത്ഥനാ സന്ദേശം പുറത്തേക്ക് കടന്നുവന്നു.

'എങ്ങനെ ഈ കാര്യത്തെ കൈകാര്യം ചെയ്യാൻ പറ്റും? ബൈബിളിനോട് ചോദിച്ചാൽ പറയുന്നത് കഷ്ടകാലത്തെ കൈകാര്യം ചെയ്യാൻ പറ്റുന്ന ഏക മാർഗം പ്രാർത്ഥനയാണ്. യഹോബ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുവതാകട്ടെ, ഒരു മഴയും തോരാതിരുന്നിട്ടില്ല, ദൈവത്തിനുമുന്നിൽ പ്രാർത്ഥനയ്ക്കകത്തേക്ക് കയറുമ്പോൾ എല്ലാം തോരും. എല്ലാവരും സ്തുതിച്ചാട്ടെ.'

മുറിയിലുള്ള എല്ലാവരും ഉറക്കെ വിളിച്ചുപറഞ്ഞു. 'പ്രൈസ് ദി ലോഡ്, പ്രൈസ് ദി ലോഡ്' ദൈവത്തിനെ തേടിയുള്ള വിളി കൊടുമ്പിരികൊണ്ടു. ശബ്ദം ചുവരുകൾക്കുള്ളിൽ തന്റെ കഴുത്തു പിടിച്ചമർത്തുന്നത് അന്ന കണ്ടു.
പ്രാർത്ഥനാ ശബ്ദം അസഹനീയമായതിനാൽ എബിയും എമിയും നസ്രിയും പടികൾക്കു താഴെയിറങ്ങി. ജാർസയിലെ ചിതറിപ്പോവുന്ന മനുഷ്യരെ നോക്കി. പ്രാർത്ഥന കഴിഞ്ഞിറങ്ങിപ്പോവുന്ന വിത്സനെയും ശിഷ്യന്മാരുടെയും മുന്നിൽ എബി ഷിതോഷിനോട് ദേഷ്യപ്പെട്ടു.

'റസ്റ്റ് വേണ്ടുന്ന ഒരു ജീവിയുടെ മുന്നിൽ പ്രാർത്ഥനയല്ല കരുണയാണ് വേണ്ടത്.'
അവിടേക്ക് കടന്നുവന്ന എബിയുടെ സീനിയറച്ചൻ എബിയെ ദേഷ്യത്തോടെ നോക്കി.
'പറയേണ്ടത് മാത്രം പറഞ്ഞാൽ മതി.' സീനിയറച്ചൻ
'സാദൃശ്യവാക്യം 24 :10 ഇൽ, കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്റെ ബലം നഷ്ടം തന്നെ, എന്ന് എബിയച്ചനറിയില്ലേ? വിത്സൺ പറഞ്ഞു.
'കഷ്ടതയുടെ നടുവിലും ദൈവത്തെ ഉയർത്തിപ്പിടിക്കുക, അതിനുള്ള കരുത്ത് പ്രാർത്ഥനയിലിരിക്കുമ്പോൾ അവിടുന്ന് നമ്മുടെ മേൽ പകരും. സ്തോത്രം.' വിത്സൺ പരിസരം മറന്ന് ഉറക്കെ പ്രാർത്ഥന മുഴക്കി.
'സ്തോത്രം സ്തോത്രം..' ശിഷ്യന്മാർ ഏറ്റുവിളിച്ചു.
'പ്രൊട്ടക്ഷനുണ്ട്, വിശുദ്ധ മന്ദിരത്തിൽ നിന്നും നിനക്ക് സഹയാമയക്കുവാറാകട്ടെ.' വിത്സൺ ഷിതോഷിനെ നോക്കി.

'ഗബധയിലെത്തുന്നതിനു മുൻപേ കർത്താവ് പ്രാർത്ഥിച്ചില്ലേ? യേശുവിന്റെ വായിൽ ശാപമില്ല, പ്രാർത്ഥനയാ' വിത്സൺ വീണ്ടും ദേഷ്യത്തോടെ എബിയോട് പറഞ്ഞു. പ്രാർത്ഥനാ സംഘത്തിന്റെ കൂടെ നടന്നു.

'മറ്റു സഭക്കാർ ഇടപെടേണ്ട' ഷിതോഷ് എബിയോട് പറയുന്നത് നസ്രി ദേഷ്യത്തോടെ കേട്ടു. റോയി പ്രാർത്ഥനാ സംഘത്തിൽ പിന്നിൽ നിശബ്ദനായി നിന്നു. വിശ്വാസികൾക്കിടയിൽ മുറുമുറുപ്പുണ്ടാക്കിക്കൊണ്ട് തർക്കം അവസാനിച്ചു.

നസ്രിക്ക് ബർഗർ വാങ്ങി അന്നയുടെ മുറിയിലേക്ക് നടന്നുപോവുന്ന റോയി അമലിനെ കണ്ടു. ഓഫീസിനടുത്തേക്ക് താമസം മാറുകയാണെന്ന കാര്യം അറിയിച്ചു. ഇരുവരും ആലിംഗനത്തിൽ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിൽ നല്ലതു സംഭവിക്കട്ടെയെന്ന് ആശംസിച്ചു നടന്നകന്നു. കണ്ണുകൾ നനഞ്ഞെങ്കിലും പുറത്തു കാണിച്ചില്ല.

അന്നയ്ക്ക് വേണ്ടുന്ന മരുന്ന് കൊടുത്ത ശേഷം നസ്രി റോയിയുടെ കൂടെ ഹാളിലിരുന്നു. സഹമുറിയന്മാർക്കു മാത്രമായി അയച്ച സൂസന്റെ മനസമ്മതത്തിന്റെ ഫോട്ടോ നസ്രി റോയിയെ കാണിച്ചു. ഫോണിൽ നനഞ്ഞ കണ്ണുകളുമായി അയവിറക്കി.
'അവൾക്ക് അതല്ലാതെ വേറെ വഴിയുണ്ടായി കാണില്ല.'നസ്രി പറഞ്ഞു. 
റോയി നസ്രിയുടെ ഫോൺ തിരിച്ചേൽപ്പിച്ചു, ചിരിച്ചു. ചിരിക്കുമ്പോഴും അയാളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു.

'അഹങ്കാരം കാണിച്ചിട്ടല്ലേ, ഒന്ന് പ്രാർത്ഥിച്ചു നോക്ക്.' 
നസ്രി കുറ്റപ്പെടുത്തി.

'സൂസന്റെ ഫോട്ടോ കണ്ടാരുന്നോ?'
എമി അന്നയുടെ മുറിയിലേക്ക് കടന്നുവന്നു. നസ്രി റോയിയുടെ മുഖത്തേക്ക് നോക്കി.

'മാറി ചിന്തിച്ചാൽ എല്ലാർക്കും കൊള്ളാം' 
റോയിയെ നോക്കി എമി ദേഷ്യം കടുപ്പിച്ചു.

'എല്ലാം എന്റെ തെറ്റ് തന്നെയായിരുന്നു. ആരും വഴിമാറി എങ്ങുമെത്തുന്നില്ല, കടന്നുവരേണ്ടവളും പോകേണ്ടവളുമാണെന്നു ഞാൻ തിരിച്ചറിയുന്നു.'

നസ്രിയും എമിയും അതിഭാവുകത്വത്തോടെ റോയിയെ നോക്കി. റോയി കണ്ണുകൾ തുടച് മുറിയിൽ നിന്നും ഇറങ്ങുന്നത് രണ്ടുപേരും നിരാശയോടെയും അൽപ്പം കുറ്റബോധത്തോടെയും കണ്ടു നിന്നു. നസ്രി അയാൾക്ക് പിറകെ ചെന്നു. അയാൾ ചിരിച്ചു. അയാളുടെ വിരലുകളിൽ പിടിച്ചു. അതയാളിൽ ആശ്വാസം നൽകി.

'റോയി നാട്ടിലേക്ക് പോവൂ' നസ്രി സമാധാനപ്പെടുത്തി.
'എനിക്ക് പേടിയില്ല, ഞാൻ പുറത്തുനിന്ന് എവിടുന്നെങ്കിലുമായി റിസൾട്ട് എടുത്തു തരാം.' റോയി മറുപടി പറയാതെ നടന്നകന്നു.
'കാനഡയിലേക്ക് വരുന്നോ?' നസ്രി ചോദിച്ചു.
'പൈസ വേണ്ടേ?'
'പകുതി പൈസ തന്നാൽ ഹസ്ബൻഡ് വിസ തരാം' നസ്രി ചിരിച്ചു. റോയിയും. രണ്ടുപേരുടെയും മുഖത്ത് പ്രണയപരവശതയുടെ പുഞ്ചിരി പൂത്തുലഞ്ഞു.

8
ജാർസ ഇരുട്ടി വെളുക്കും മുന്നേ രണ്ടാമത്തെ അറ്റാക്കിൽ അന്ന മരിച്ചു.
നസ്രിയും എമിയും ശോകാകുലമായിരിക്കെ ഷിതോഷ് അന്നയുടെ ശവശരീരം നോയിഡയിലെ ക്രിസ്ത്യൻ ശ്മശാനത്തിലടക്കി. 
പോസ്റ്റുമാർട്ടം വേണ്ടേയെന്ന എബിയുടെ ചോദ്യം പലകുറി ഉയർന്നു. 
വൈദികന്മാർ ക്രൂരതയുടെ പര്യായമായി എബിയെ കണ്ടു. 
വിത്സനും പാസ്റ്ററും പ്രാർത്ഥന ചൊല്ലി. 
പതറിപ്പോയ രണ്ടു സ്ത്രീശരീരങ്ങൾ എമിയുടെയും നസ്രിയുടെയും രൂപത്തിൽ സെമിത്തേരിയിൽ അലമുറയിട്ടു. റോയിക്കും എബിക്കും ഇരുവരെയും കൂടെ നിർത്താതിരിക്കാൻ കഴിഞ്ഞില്ല. കണ്ണീർ വറ്റി തളർന്നു വീഴുംവരെ റോയി നസ്രിയയെ താങ്ങി നിന്നു.

സെമിത്തേരിയിൽ നിന്നും തിരിച്ചു വന്ന എമിയും നസ്രിയും തങ്ങളുടെ മുറിയിലേക്ക് ചെന്നു. റോയി ഇരുവർക്കും ഹരിയാനിയുടെ ബർഗർ എത്തിച്ചു. 
നസ്രിയയുടെ കൂടെ ചേർന്നിരുന്നു. 
ബർഗറിന്റെ മണം ഇടക്കെപ്പോഴോ സൂസനെ ഓർമ്മപ്പെടുത്തി. തിരിച്ചറിയാതെ പോയ തന്റെ വൃത്തികേടുകളെ സഹിക്കാൻ സൂസൻ കാണിച്ച ക്ഷമയോർത്തു.

ഷിനോജ് മുറിയിലേക്ക് വന്നു.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനെക്കുറിച്ചോർമ്മപ്പെടുത്തി. 
അന്നയുടെ മുറിയിലവശേഷിച്ച നസ്രിയുടെ വസ്തുവകകൾ ബാഗിലാക്കി നസ്രിയയേൽപ്പിച്ചു. 
ബാഗ് പാക്ക് ചെയ്യുന്നതിനും ഏജന്റിനു കൊടുക്കാനുള്ള ബാക്കി തുകയുടെ ചെക്ക് കൈമാറുന്നതിനും നസ്രിയക്കുവേണ്ടി റോയി പകരക്കാരനായി. 
സൂസൻ തന്നെ ചേർത്തുനിർത്തിയ സഹതാപത്തിന്റെയും സ്നേഹത്തിന്റെയും ബാക്കിപത്രങ്ങൾ അയാളിൽ അവശേഷിക്കുന്നത് അയാൾ സ്വയമറിഞ്ഞു.
റോയി സ്നേഹത്തോടെ നസ്രിയെ ചേർത്തു നിർത്തി.

ഷിനോജ് എമിയെയും നസ്രിയെയും യാത്രയാക്കാൻ മുറിയിലേക്ക് വന്നു. 
നസ്രിയുടെ നിർദ്ദേശ പ്രകാരം അവളുടെ ബ്ലഡ് ചെക്ക് ചെയ്യുന്നതിനെടുത്തു. അന്നയുടെ വിയോഗത്തിൽ തളർന്നിരിക്കുന്ന നസ്രിയെ ഷിനോജ് ആശ്വസിപ്പിച്ചു. കൂടുതലൊന്നും ആരിൽ നിന്നും അവൾ പ്രതീക്ഷിച്ചിരുന്നില്ല.

'നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഒന്നും പെട്ടെന്ന് മറക്കാനാവില്ലെങ്കിലും മറ്റൊരിടം ഇപ്പോൾ ഗുണം ചെയ്യും, അടുത്തയാഴ്ചയല്ലേ ഫ്ലൈറ്റ്. നാട്ടിൽ പോയി കാര്യങ്ങളൊക്കെ വൃത്തിയായി ചെയ്യൂ.' 
ഷിനോജ് ആശ്വാസത്തിന്റെ കൂടെ ആശംസയും നേർന്നു. നസ്രി ഷിനോജിനെ കെട്ടിപിടിക്കുന്നത് സന്തോഷത്തോടെ റോയി കണ്ടു നിന്നു.

ഷിനോജ് ഇറങ്ങേ റോയി അടുത്തേക്ക് ചെന്നു.
'സോറി' തോളിൽ കൈവച്ചുപറഞ്ഞു.
ഷിനോജ് പഞ്ചിരിച്ചു; 
'കീപ് ഗ്രോ' റോയിയുടെ തോളിൽ തട്ടി നടന്നകന്നു.
പള്ളിയിൽ ആലോചനയിലും ആകുലതയിലും മുഴുകിയിരിക്കെ എബി വീട്ടിലേക്ക് വിളിച്ചു. തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് തോന്നുന്ന ചേച്ചിയോട് സംസാരിച്ചു. എബിയുടെ ശബ്ദം ഇടറിയിരുന്നു. യുക്തിസഹമെന്നു തോന്നുന്ന തീരുമാനം എടുക്കുന്നതിന് ചേച്ചി ഉപദേശിച്ചു.
'പരിപൂർണ്ണമായ ഒരു വികാരിയായി മാറാൻ തനിക്ക് കഴിയില്ല, ഞാൻ മടങ്ങലായി.'
'കയ്യിൽ പഠിപ്പ് ബാക്കിയില്ലേ, നമുക്ക് നോക്കാം. തിരിച്ചുവാ എന്നാൽ' പതറിയ എബിയോട് ചേച്ചി മറുപടിപറഞ്ഞു.

മുറിയിൽ നിന്നും പള്ളിയിലേക്ക് നടന്നു. 
സീനിയറച്ചന്റെ മുന്നിൽ നിന്നു. 
എബി അച്ചന്റെ കൈകളിൽ ചുംബനം നൽകി.

'ഒരു പ്രണയത്തിന്റെ നിരാശയിൽ തോന്നിപ്പോയതാണ് വൈദികനാവുകയെന്ന തീരുമാനം. എനിക്ക് പറ്റാത്തതോ, നടക്കാത്തതോ ആയ കാര്യങ്ങളിൽ തുടരുന്നതിലും അബദ്ധം മറ്റൊന്നില്ല. എന്റെ സന്തോഷം തിരിച്ചറിഞ്ഞു ഞാൻ പോവുകയാണ്. ശപിക്കരുത്.'

സീനിയറച്ചൻ പുഞ്ചിരിച്ചു.
'ചെയ്യുന്നതെന്തായാലും, അത് ആദരവോടെയും സന്തോഷത്തോടെയും ചെയ്യുക, നിന്നിലെ വിശ്വാസി വിശ്വാസിയായിരിക്കട്ടെ.' അച്ചൻ എബിയുടെ തോളിൽ തട്ടി ആശംസയറിച്ചു. എമിക്ക് മുന്നിൽ ചെന്നു. താൻ വൈദികനാവാനുള്ള ശ്രമം ഉപേക്ഷിച്ചെന്നറിയിച്ചു. എമിയുടെ കണ്ണുകൾ നനഞ്ഞു, വേണ്ടായിരുന്നെന്ന് മനസ്സു പറഞ്ഞു.

'ഇനി ഒരുമിച്ചു യാത്ര ചെയ്യാലോ' എബി പറപ്പോൾ പാക്ക് ചെയ്തുവച്ച ബാഗിൽ എമിയുടെ ശ്രദ്ധ പതിഞ്ഞു.

റോയി ജാർസയിലെ തന്റെ മുറിയിൽനിന്നുമിറങ്ങി. ഭാണ്ഡക്കെട്ടുകളൊക്കെ അവിടെയുപേക്ഷിച് നസ്രിയുടെ മുറിയിലേക്ക് കയറി.
പടികളിറങ്ങാൻ ബുദ്ധിമുട്ടിയ നസ്രിയുടെ കൈകളിൽ പിടിച്ചു. അവളുടെ ബാഗ് തന്റെ തോളിലേക്കിട്ടു. 
ജാർസ വിട്ടൊഴിയുകയാണെന്ന് റോയി പലകുറി നസ്രിയയോട് ആവർത്തിച്ചു പറഞ്ഞു.
പുരുഷനെ ജാർസ അത്രയേറെ മയക്കുന്നുണ്ടെന്ന് അപ്പോൾ നസ്രിയയ്ക്കും തോന്നിക്കാണണം. ജാർസ പുരുഷന്റെ ബലഹീനതയാണ്. ഇറങ്ങിപ്പോരുക അത്ര എളുപ്പമല്ല.

എമിയും എബിയും മുന്നിൽ നടക്കേ, റോയി ബർഗർ കടയിൽ നിന്നു. 
രണ്ടു ബർഗറിന് ഓർഡർ ചെയ്ത ശേഷം നസ്രിയെ നോക്കി. 
ഷിനോജ് ജാർസയുടെ തിരക്കിനിടയിൽ ആശുപത്രി ലാബിൽ നിന്നുള്ള പേപ്പർ നസ്രിക്ക് കൈമാറി കെട്ടിടങ്ങൾക്കുള്ളിൽ മറഞ്ഞു. 
ഒരു കയ്യിൽ ബർഗറും മറു കയ്യിൽ റിപ്പോർട്ടുമേന്തി നസ്ര റോയിയെ നോക്കി. 
റോയിക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും തുറന്നു നോക്കാതെ മടക്കി പോക്കറ്റിലിട്ടു.

'എന്തേ? നോക്കുന്നില്ല?'
'നോക്കണോ?'
നസ്രിയും റോയിയും ജാർസയിലെ തിരക്കിനിടയിലൂടെ പുറത്തേക്ക് കടക്കുമ്പോൾ പ്രാർത്ഥനയുടെയും ശിവസ്തോത്രത്തിന്റെയും സംഗീതത്തിനൊപ്പം പബ്ബിലെ സംഗീതവും റോയി കേട്ടൊഴിഞ്ഞു.
നേരം ഇരുണ്ടു. 
മെട്രോ സ്റ്റേഷനിലേക്കുള്ള ഓട്ടോയിൽ കയറെ ഷിതോഷ് ലാബിലെ സ്റ്റാഫിന്റെ കൂടെ അന്നയുടെ മുറിയിലേക്ക് കയറിപോകുന്നത് കണ്ട എബി ജാർസയിൽ നിന്നും പുറത്തേക്കിറങ്ങാൻ തിരക്കു കൂട്ടി. 
ഓട്ടോ ജാർസയിൽ നിന്നും റോഡിലേക്കിറങ്ങി. 
ജാർസയിലേക്ക് കടന്നുവരുമ്പോഴും ഇതേ ഇരുട്ടായിരുന്നെന്ന് എബി ഓർത്തു.

-END-

20 മാർച്ച്  2023

No comments:

Post a Comment

വായിച്ചതിനു നന്ട്രി