ലവ് ലെറ്റേഴ്സ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ

പ്രിയപ്പെട്ട കാമുകി, 

ദി ഹിന്ദുവിന്റെ 'ലവ് ലെറ്റേഴ്സ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ' പരസ്യം കണ്ടപ്പോൾ വീണ്ടും എഴുതണമെന്ന് തോന്നി. എത്രകാലമായി എഴുതിയിട്ട്. സലീൽ ചൗധരിയുടെ ചില പാട്ടുകൾ കേൾക്കുമ്പോഴൊക്കെ എഴുതണമെന്ന് തോന്നും. അപ്പോൾ വലിക്കാൻ തോന്നും. 

സിഗരറ്റുവലിക്കാതെ റൊമാന്റിക്കാവാൻ കഴിയാത്തൊരു മനുഷ്യനാണ് ഞാൻ. 
വലിച്ചുകഴിഞ്ഞാൽ എഴുത് വേണ്ടെന്ന് വയ്ക്കും. 
ഇതിപ്പോ കുറച്ചായല്ലോ. !

ചിലപ്പോൾ തോന്നും അകലങ്ങളിലാണ് പ്രണയത്തിന് ഭംഗിയെന്ന്. 
ചിലപ്പോൾ പൊട്ടിക്കരച്ചലുകളിൽ, ഒച്ചപ്പാടുകളിൽ, തേങ്ങലുകളിൽ. 
ചില നേരത്ത് സൗമ്യമായ ഭാഷണങ്ങളിൽ, പങ്കുവയ്ക്കലുകളിൽ. 
ചിലപ്പോഴത് കാമാതുരമായ ചുംബനങ്ങളിൽ. ചേരലുകളിൽ. 
എവിടെയോ കൊതിക്കുന്ന ചേർത്തു നിർത്തലുകളിൽ. 

എനിക്കതറിയുന്നുണ്ട്. കൈ ചേർത്തുപിടിച്ചു നടക്കുന്ന വഴിവക്കിൽ, യാത്രകളുടെ അവസാനങ്ങളിലെ കെട്ടിപ്പിടിത്തിൽ. 
അരക്കെട്ട് ചേർത്തു പിടിച്ചിരുന്ന കടൽക്കരകളിൽ. 

ഇങ്ങനെയൊക്കെ നമുക്ക് നേരിട്ട് സംസാരിക്കാൻ കഴിയാത്തതെന്താണ്? 
പാതിമുറിഞ്ഞ വാക്കുകൾ എത്രെയോ നിനക്കുപിന്നിൽ വീണുപോയിരിക്കുന്നു. ചിലപ്പോഴൊക്കെ പിന്നിൽ ചുംബനങ്ങളായി മാറിയിരിക്കുന്നു. 
അതുകൊണ്ട് തന്നെയാവണം 'ഇറ്റ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ' ആവുന്നത്. 
അപ്പോഴും നിനക്കുവേണ്ടി നല്ലൊരു പ്രണയലേഖനം പോലും എഴുതാൻ കഴിയുന്നില്ലല്ലോ. പ്രണയാതുരമായ വാക്കുകളിത്തിരി കുറഞ്ഞാലും, വലതുകമ്മ്യുണിസ്റ്റുകാർക്കിടയിലകപ്പെട്ട നക്സലേറ്റിനെപോലെ പുകമണമില്ലാത്ത ഇത്തരം കത്തുകൾ നമുക്കിടയിൽ മഷിപുരളട്ടെ. 

എന്ന്, 
കാമുകൻ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി