ഹാളിലെ ടീവിക്ക് മുന്നിൽ വിരിച്ച പായയിൽ മൂത്രൊഴിച്ച ശാന്തയുടെ വായിൽ നിന്നുള്ള നിർത്താതെയുള്ള തെറി കേട്ടാൽ ശരീരം നടുതളർന്നു കിടക്കപ്പായയിലൊടുങ്ങുന്നതാണെന്ന് വഴിയേ പോകുന്ന ആർക്കും തോന്നില്ല.
തുണിയലക്കിനിടയിൽ ദേഷ്യത്തോടെ അകത്തേക്ക് കയറിവന്ന് ഹാളിലെ പുൽപ്പായ വലിച്ചു നീക്കി, അമ്മയുടുത്ത ലുങ്കി പറിച്ചെടുത്ത് ഷൈജ ടൈൽസിലൂടെ പരക്കുന്ന മൂത്രത്തിലേക്കിട്ട് കാലുകൊണ്ടുരച്ചു.
ശാന്ത പായയുടെ പുറത്തേക്ക് തെറിച്ചു. അതേ ലുങ്കി വീണ്ടും നടുപൊന്തിച്ചു അരയിൽ ചുറ്റിക്കൊടുത്തു. ദാക്ഷണ്യമില്ലാതെ പായയിലേക്ക് വലിച്ചിട്ടു.
'ഒന്ന് ചത്ത് കിട്ടീനെൽ' ദേഷ്യം മുഴുവൻ അലക്കുകല്ലിൽ തുണിയോട് തീർത്തു.
ഞങ്ങൾ മാത്രം എല്ലാം അനുഭവിക്കണം, അതിനു മാത്രം പാപമൊന്നും ഞാൻ ചെയ്തിട്ടില്ല. അമ്മയുടെ പേരിലെടുത്ത സർക്കാർ വീടല്ലേ, ആടെ നിർത്തിക്കൂടെ.'
'ഞാൻ ചാവണേൽ നിന്റെയൊക്കെ കടിപ്പ് മാറണം പുരിയാടിച്ചി' ദേഷ്യത്തിൽ ചെന്ന് വാതിൽ നീട്ടിയടച്ചു.
ഇരുട്ടിയപ്പോൾ എപ്പോഴോ വാതിൽ തുറന്നു. നാലിലും രണ്ടിലും പഠിക്കുന്ന ചെക്കന്മാർ വൈകുന്നേരം കിട്ടിയത് കൊണ്ട് വിശപ്പടക്കി.
സുരേശന് തൊട്ടു മൂത്ത ചേട്ടന്റെ മകൻ കഴിഞ്ഞ വരവിന് കൊണ്ട്കൊടുത്ത ഫോണിലേക്ക് മുഖമമർത്തിയിരിക്കെ രണ്ടുപേരും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഹാളിലെ പായയുടെ മൂലയിലിരുന്ന് തലയൊന്നുയർത്തി ഫോണിലേക്കും ക്ളോക്കിലേക്കും കണ്ണോടിച്ചു.
പണിക്ക് ശേഷം മുക്കിലെ പീടിയക്ക് ചെന്ന് നൂറ്റമ്പതിന്റെ രണ്ടു കോട്ടർ ബീവറേജിന്റെ കീഴിൽ നിന്ന് തന്നെ അടിച്ചശേഷം അമേരിക്ക ചൈനയുടെ മേലേൽപ്പിച്ച നികുതി ഭാരത്തെക്കുറിച്ച് ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന രൂപത്തിൽ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന സുരേശൻ. കടയടയ്ക്കും വരെ അത് പതിവാണ്. രണ്ടു ബാർബർഷാപ്പും നാലഞ്ചു പലചരക്കു കടകളും പുതുതായി തുടങ്ങിയ മൊബൈൽ കടയിലേക്കും വന്നുപോകുന്നവർ സുരേശന്റെ ഏകാങ്ക നാടകരൂപത്തിലുള്ള പ്രകടനം അൽപ്പനേരം നോക്കി നിൽക്കും. ഹൈവേയിൽ നിന്നും ബീവറേജ് മുക്കിലപ്പീടിയക്ക് മാറ്റിയ ശേഷമാണ് സുരേശന്റെ കലാപരിപാടിക്ക് ആള് കൂടിതുടങ്ങിയത്. സ്ഥിരം വന്നുപോകുന്നവർ വിഷയത്തിൽ ഒന്ന് എത്തിനോക്കും. കേൾക്കാനാരുമില്ലെന്ന് തോന്നിയാൽ വീട്ടിലേക്ക് മടങ്ങും. മടങ്ങി.
'ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്നതിലധികമായി, ഒന്ന് ഇതിനെ കൊന്ന് തരുവോ. തിന്നാണ്ട് ചത്താലും സാരൂല.' വന്നുകേറും മുന്നേ ഷൈജ സുരേശന്റെ മുന്നിലേക്ക് നീങ്ങി. കേട്ടില്ലെന്ന ഭാവത്തിൽ കുളിക്കാൻ കയറി. കുളിച്ചിറങ്ങി. നിലത്തു കിടന്ന അമ്മയെ നോക്കി.
'സാമാനത്തിനുറപ്പില്ലാത്ത നീയെല്ലാം എങ്ങനാ നായിന്റെ മോനെ എന്റെ വയറ്റില് വന്ന് പെറ്റത്, കെട്ടിത്തൂക്കി കൊല്ലെടാ അല്ലേൽ പൊഴേല് കൊണ്ട് മുക്ക്'
'ഒച്ചയാക്കല്ല പുണ്ടച്ചി' പറഞ്ഞത് നാലാംക്‌ളാസ്സിൽ പഠിക്കുന്ന മൂത്ത ചെക്കനാണ്. ഷൈജയുടെയും ശാന്തയുടെയും ശബ്ദം ഇരുട്ടിലും ഉയർന്നുകേട്ട് വയൽക്കരയിലെ ജന്തുക്കൾ എന്നത്തേയും പോലെ അന്നത്തെ രാത്രിയും കഴിച്ചുകൂട്ടി. സുരേശൻ കോൺഗ്രീറ്റ് പൊടിപാറുന്ന നിലത്തു കിടന്ന് കൂർക്കംവലിച്ചു. ഷൈജയും ചെക്കന്മാരും എപ്പോഴുറങ്ങിയെന്നറിയില്ല.
പതിവുപോലെത്തന്നെ നേരം വെളുത്തു. സുരേശൻ എഴുന്നേൽക്കുന്ന സമയം കണക്കാക്കി മെമ്പർ വണ്ണത്താൻ വീട്ടുപടിക്കലെത്തി, ഇടത്തേതോ വലത്തേതോ സുരേശന്റെ വീട്. രണ്ടുവീട്ടിലേക്കും ഒരേ പടികൾ.
സർക്കാർ കൊടുത്ത വീട് സുരേശന്റെയാണോ അതോ സന്തോഷിന്റേയോ. എപ്പോഴും സംശയമാണ്.
ഷൈജ അടുക്കളവഴിയെ തല പുറത്തേക്കിടുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു, വലത്തേത്. വശ്യതയോടെ അയാൾ ഷൈജയെ മതിമറന്നു നോക്കിനിൽക്കെ സുരേശൻ മുറ്റത്തേക്കിറങ്ങി.
'പറമ്പിലെ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാൻ ഏൽപ്പിക്കാനാണ്.' വണ്ണത്താൻ കാര്യം പറഞ്ഞു.
'
വെറക് വെട്ടാൻ പറഞ്ഞാരുന്നു, മഴയല്ലേ വരുന്നേ.' സുരേശൻ ആകാശത്തേക്ക് തലയുയർത്തി.
'ഇന്ന് വൃത്തിയാക്കിയില്ലേൽ എല്ലാം നാശാവും'
'നനഞ്ഞാൽ വിറക് പിന്നെ ഉണങ്ങിക്കിട്ടാൻ ..' മങ്ങിയ മുഖത്തോടെ വയൽക്കര കടക്കുംവരെ മുന്നിൽ നടന്നു.
സുരേശനെ നാലഞ്ചു ചീത്ത മനസ്സിൽ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കി. കണ്ടില്ല. ഷൈജയുടെ മുഖം വണ്ണത്താൻ വീണ്ടും ഓർത്തപ്പോൾ സുരേശനെ മറന്നു.
ശനിയാഴ്ച്ചത്തെ സ്‌കൂൾ ലീവ്, ഫോണിനുവേണ്ടിയുള്ള ചെക്കന്മാരുടെ അടിപിടി ഇടയ്ക്കിടെ ഹാളിൽ മുഴുകി. 'നായ്ക്കൾക്ക് എല്ലു കഷ്ണം കിട്ടിയപോലല്ലേ, ഏതെങ്കിലും ഒന്നിന് ഇതൊന്ന് വച്ച് തന്നൂടെ, നിന്റെയൊന്നും തറവാട്ടിന്ന് കൊണ്ടന്നതല്ലല്ല.' ടീവി ഓൺ ചെയ്തു വെക്കാത്തതിന് ശാന്ത പുൽപ്പായയിൽ നിന്നും മുരണ്ടു.
ഉച്ചയൂണിനു ശേഷം സന്തോഷും ഭാര്യ കവിതയും അണിഞ്ഞൊരുങ്ങി പോകുന്നത് കണ്ട ഷൈജയുടെ കാൽ വിരൽ തൊട്ട് തലവരെ പെരുപ്പിച്ചു.
'എന്റെ ചെക്കനെ വല്ലതും പറഞ്ഞാൽ ആ അണ്ണാക്കിൽ ഞാൻ തീക്കൊള്ളി വെക്കും.' ഏതോ ഒരു കാരണത്താൽ കൈ നിയന്ത്രിക്കാൻ പറ്റിയില്ല. ശാന്തയുടെ മുഖത്ത് പൊള്ളലേറ്റു. വായ തൽക്കാലത്തേക്കെങ്കിലും അടഞ്ഞു. ഷൈജയിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല, പൊള്ളൽ ഗൗനിച്ചതുമില്ല.
'എടീ പുണ്ടച്ചി മോളെ, എന്നെ പേടിപ്പിക്കാൻ നീ ആരെടി.' ഇരുവരും തിരിച്ചുവരുന്നുണ്ടോയെന്ന് ഷൈജ പലകുറി അടുക്കള വാതിലുവഴി പുറത്തേക്ക് ഏന്തിനോക്കി. ക്ഷമ നശിച്ചു.
'പുണ്ടച്ചി മക്കളെല്ലാം കാലകത്തി കൊടുത്ത പോലല്ല, നല്ലോണം നയിച്ചുണ്ടാക്കിയതാടി. എന്നെ ഭരിക്കാൻ വരുന്ന്. ത്ഫൂ!'
വീടിന് തൊട്ടുരുമ്മി നിൽക്കുന്ന കാഞ്ഞിരയിലപോലെ നാവ് കയച്ചു.
അമ്മയെ രണ്ടുകൈകൊണ്ടും വാരിയെടുത്ത് സന്തോഷത്തിന്റെ ടൈൽസിട്ട ഇറയത്തു കൊണ്ടിരുത്തി.
'ഇനി ഇവിടുന്ന് കൊണച്ചോളണം'
മാറിനിന്ന് നോക്കി.
കയ്യിൽ പറ്റിയ തീട്ടം, മുഖം എറ്റി. പൈപ്പ് തുറന്ന് കൈ വൃത്തിയാക്കി അടുക്കളയിൽ കയറി അടുപ്പിനു മുന്നിൽ നിന്നു.
സന്തോഷും കവിതയും തിരിച്ചുവരുന്നത് ജനൽ പാളിയിലൂടെ നോക്കി നിന്നു. കവിത എന്തിനെന്നില്ലാതെ സന്തോഷിനോട് ദേഷ്യം പൂണ്ടു. അമ്മയെ അതേപടി എടുത്ത് സുരേശന്റെ ഹാളിൽ കൊണ്ടിരുത്തി കവിത പറഞ്ഞു.
'ആ തള്ളേടെ വീടല്ലേ ഇത്. ഇവിടെത്തന്നെ കിടന്ന് ചാത്തോട്ട്.'
തിരിച്ചതേപടി കൊണ്ടിരുത്താൻ ഷൈജയ്ക്ക് അധിക നേരമെടുത്തില്ല. സന്തോഷിനെ കണ്ടെന്നോളം അമ്മയുടെ വായയിൽ നിന്നും ദയയോടെയും അപേക്ഷയോടെയുമുള്ള സ്വരങ്ങൾ മാത്രം പുറത്തേക്കു വന്നു.
'എന്റെ മോനെ, നീയെന്നെ കാണുന്നില്ലെടാ. എന്തിനാടാ അമ്മയോട് ഇങ്ങനെ...'
കവിതയും ഷൈജയും വാക്കേറ്റവും കയ്യാങ്കളിയുമായി.
സന്തോഷ് ഇരുവരെയും തടഞ്ഞു നിർത്താൻ ശ്രമിച്ചു. അതുവരെ അമ്മയുടെ വായ അടഞ്ഞു കിടന്നു.
ചേട്ടന്മാരായ ധർമനെയും വിജയനെയും മെമ്പർ വണ്ണത്താനെയും സന്തോഷ് വിളിച്ചു.
ഷാപ്പിൽ നിന്നിറങ്ങി പ്രശ്‌നപരിഹാരത്തിന് വരാൻ ധർമ്മന് തോന്നിയില്ല. അനുജന്മാരെന്ന പരിഗണനയിൽ തോട്ടിൻ കരയിലെ ചെത്തുകാരും മെമ്പർ വണ്ണത്താനും കൂടിനിൽക്കുന്ന സഭയിലേക്ക് പതുക്കെയെങ്കിലും വിജയൻ വന്നു.
'നിങ്ങളൊക്കെ അമ്മയെ നോക്കുമെന്ന് കരുതിയല്ലേ; ഈ പാവം അമ്മ എന്ത് ചെയ്തുവെന്ന പറയുന്നേ. കിടപ്പിലായാൽ മനുഷ്യരെ കൊന്ന് കളയാൻ പറ്റൂലല്ലോ. അല്ലേലും ഇതുവരെ ഒരാളെ ബുദ്ധിമുട്ടിച്ചിട്ടില്ല ഈ പാവം.' വിജയൻ അമ്മയെ ദയനീയതയോടെ നോക്കി.
'ഏട്ടൻ കൊണ്ട് പൊയ്ക്കോ എന്നാൽ, ' മുഖത്തെ ദയനീയത മാഞ്ഞു.
'വിജയാ, മോനെ. ഞാൻ എന്ത് ചെയ്തിട്ടാടാ..!' ആളെക്കാണുമ്പോഴുള്ള അമ്മയുടെ കരയുന്ന മുഖഭാവം ഷൈജയ്ക്ക് പുതിയതായിരുന്നില്ല. തന്റെകൂടെ വീടുവിട്ടിറങ്ങിവന്ന പെണ്ണിനോട് കാണിച്ച കാര്യങ്ങളൊക്കെ ഒരു നിമിഷംകൊണ്ട് മനസ്സിലൂടെ മറഞ്ഞപ്പോൾ വിജയനിൽ ബാക്കിയായ സഹതാപം അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി.
'ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ കൃത്യമായി എഴുതിയതാണ്, തറവാട് ആർക്കാണോ അവർ അമ്മയെ നോക്കുമെന്ന്.'
'ഇത്രകാലം സഹിച്ചു, നോക്കി. ഇനിവയ്യ. ഒറ്റയ്ക്ക് പേറാൻ, അമ്മയുടെ പേരിലുള്ള വീടന്നെയല്ലെ നിങ്ങളതും.'
സന്തോഷ് കാര്യം വണ്ണത്താനോട് സമാധാനപരമായി പറയും മുന്നേ ഷൈജ സ്ഥാപിച്ചു.
തീട്ടനാറ്റം പരന്നു തുടങ്ങി, വിജയനും വണ്ണത്താനും കഴുകാൻ ആജ്ഞാപിച്ചെങ്കിലും ഷൈജ മുഖം തിരിഞ്ഞു നിന്നു.
കവിത അകത്തേക്ക് കയറി വാതിലടച്ചു.
കോടിയ മുഖവുമായി ടൈലിലിരിക്കുന്ന അമ്മയ്ക്ക് ചുറ്റും സന്തോഷും വിജയനും കസേരയിട്ടിരുന്ന് തീരുമാനത്തിലെത്താനുള്ള ആശയക്കുഴപ്പത്തിൽ മുഖം താഴ്ത്തിവച്ചു. കസേലയിരുന്ന് മെമ്പർ വണ്ണത്താൻ ഇടംകണ്ണുകൊണ്ട് ഷൈജയെ നോക്കിക്കൊണ്ടിരുന്നു, മഴക്കാറിന്റെ എല്ലാ കോളും അയാളിലും കണ്ടുതുടങ്ങി.
നിന്ന് മടുക്കുന്നവരൊക്കെ ജാതിത്തടിയിൽ തീർത്ത നീളം ബെഞ്ചിൽ മാറിമാറി ചന്തിയുറപ്പിച്ചു. ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചു. തീട്ടനാറ്റം സഹിക്കാൻ പറ്റാതെ ചിലർ വളപ്പിലെ തോട്ടിൻ വക്കത്തിറങ്ങി നിന്നു.
ഇരുടുമൂടിത്തുടങ്ങി. മഴക്കാറും. ചുറ്റും കൂടിനിന്നവർക്ക് മടുത്തു തുടങ്ങി. സുരേശൻ വീട്ടിലേക്കെത്തി. ചിലർ അടുത്തതെന്തെന്നുള്ള ആകാംക്ഷയിൽ എഴുനേറ്റ് നിന്നു. നേരത്തെ കുടിയടങ്ങിയ സുരേശനെ കണ്ടപ്പോഴാണ് ചിലർക്ക് ഒന്നാം തീയതിയാണെന്നും ബീവറേജ് അവധിയാണെന്നും ഓർമ്മവന്നത്.
'അമ്മയെ തിരിച്ചു സുരേശന്റെ വീട്ടിലേക്ക് തന്നെ കേറ്റുക. അല്ലാതെന്തു ചെയ്യാൻ. വാക്കാലല്ല, പ്രമാണം അങ്ങനെയല്ലേ.' രാവിലത്തെ ദേഷ്യം ഉള്ളിൽ തികട്ടിക്കൊണ്ട് വണ്ണത്താൻ കാര്യം പറഞ്ഞു. എല്ലാവരുടെയും മുഖത്തേക്ക് മാറി നോക്കി.
ചുറ്റുമുള്ളവർ സുരേശന്റെ മറുപടിക്ക് കാത്തു നിന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വീടിന്റെ പിന്നിൽ നിന്നും ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയെടുത്തുകൊണ്ട് സുരേശൻ വയലിലേക്കിറങ്ങി നടന്നു.
'ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് തറവാട് വീട് പൊളിച്ചു ഞാനിത് പണിതത്. സ്ഥലേ അങ്ങേർക്കുള്ളതുള്ളു. വീട് ഞാൻ നയിച്ച് പണിതത് തന്നെയാണ്. അത്രതന്നെ ഇവർക്കും കിട്ടീനല്ലോ, ഇവിടെ നിക്കട്ടെ.' ഷൈജ തന്റെ വാദം പറഞ്ഞു.
'നിങ്ങള് പറയുന്നത്ര ഭീകരതയൊന്നും ഞാൻ കാണുന്നില്ലല്ലോ.' എല്ലാവരുടെയും നടുക്കിരിക്കുന്ന ശാന്തയെ വണ്ണത്താൻ സൂക്ഷിച്ചി നോക്കി. മോനെ എന്നവിളിയോടെ ശാന്ത വണ്ണത്താന്റെ കയ്യിൽപ്പിടിച്ചു.
വണ്ണത്താൻ കസേരയിൽ നിന്നെഴുന്നേറ്റു. ഉത്തരമില്ലാതെ സന്തോഷ് ഫോണിൽ ഞെക്കി. കവിത വാതിൽ തുറന്നു.
'ഇവിടിപ്പോ ആര് നോക്കും. ഞങ്ങൾ രണ്ടുപേരും ഇവിടെ എല്ലാ നേരവും കാണില്ലല്ലോ. ആ വീട്ടിന് ടൈലിട്ടുകൊടുത്തത് ഞാനാ, പണി എടുപ്പിച്ചത് ഞാനാ. എന്റെ ഓള് അവിടെ കേറിക്കൂടാന്നു വച്ചാൽ. അതൊക്കെ ഞാൻ അമ്മയ്ക്ക് വേണ്ടി ചെയ്തില്ലേ.' സന്തോഷ് പറഞ്ഞു.
പ്രശ്നം പഴയകാര്യങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ കൂടിനിന്നവരുടെ മടുപ്പ് മാറി, തുമ്പത്തിരുന്നവർ എഴുനേറ്റ് ചന്തിക്കെ പൊടിതട്ടി. മുറ്റത്തേക്ക് നീങ്ങിയവർ തീട്ട നാറ്റം കൂടിയതിനാൽ പിന്നിലേക്ക് തന്നെ നീങ്ങി.
ഇരുട്ടി. മഴപൊടിയെ അവസാനമെന്തെന്നറിയാനുള്ള ആളുകളുടെ ത്വര സ്വന്തം വീട്ടുകാര്യങ്ങളിലേക്ക് നീങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു, ചിലരൊക്കെ വീടുകളിലേക്ക് തിരിച്ചു. ചിലർ തിരക്ക് കൂട്ടി. ഒരുലിറ്റർ കുപ്പിയിൽ നിറച്ചകള്ള് സുരേശൻ പിന്നാമ്പുറത്തു കൊണ്ടുവച്ചശേഷം എല്ലാവരെയും പോലെ മുന്നിൽ വന്നുനിന്നു.
'നിന്റെ അമ്മയല്ലേട, അകത്തേക്ക് കൊണ്ടുപോയാട്ടെ.' മാറി നിന്ന സുരേശനെ നോക്കി വിജയൻ പറഞ്ഞു. സുരേശൻ അമ്മയെ താങ്ങിയെടുത്തു, ഷൈജ കത്തിയുമായി മുന്നിൽനിന്ന് അമ്മയെ താഴെ വയ്ക്കാൻ ആംഗ്യം കാണിച്ചു.
സുരേശൻ അമ്മയെ താഴെവച്ചു.
കാലവർഷത്തെ ആദ്യത്തെ മഴ ശക്തിയായി പെയ്തിറങ്ങുന്നത് നോക്കി ആരോ സന്തോഷിന്റെ ഇറയത്തുവിരിച്ച പുൽപ്പായയിൽ ശാന്ത ചെരിഞ്ഞു കിടന്നു. 'പുണ്ടച്ചി മക്കളെ, എനിക്കൊരു പുതപ്പുതാടി' പറ്റാവുന്ന ശബ്ദത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്.
18 ജുലൈ 2025
No comments:
Post a Comment
വായിച്ചതിനു നന്ട്രി