പാപ കർക്കിടകം

വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ഓണം.
ചിത്രയുടെ വീട്ടിലേക്കുള്ള ഓണക്കോടികളും ആട്ടിറച്ചിയും ഇന്നലെ ഉത്രാട പാച്ചലിനിറങ്ങിയപ്പോൾ വാങ്ങി വേറെത്തന്നെ പാക്ക് ചെയ്തു വച്ചിരുന്നു. രാവിലെ മാമാനത്തും പറശ്ശിനിയും തൊഴുതശേഷം അവളുടെ വീട്ടിലേക്കിറങ്ങാൻ നിൽക്കെയാണ് ക്ലബ്ബിൽ നിന്നും ചിത്രയ്ക്ക് രയിശന്റെ കോൾ.

'ചേച്ചി, നിങ്ങൾ വീട്ടിലേക്ക് പോകുന്നില്ലേ?'

'ഞങ്ങളിറങ്ങാൻ നിൽക്കുവാണ്, ചേട്ടൻ കാർ മുറ്റത്തേക്കിറക്കി തിരക്ക് കൂട്ടുന്നുണ്ട്.'

'എന്നാൽ ക്ലബ്ബിന്റെ അടുത്ത് നിർത്താൻ പറ, ഞാനും വരാം. ഓണക്കോടിയൊക്കെ നിങ്ങൾ വാങ്ങീട്ടുണ്ടാവുവല്ലോ.'

കല്ല്യാണം കഴിഞ് ഒരുവർഷത്തിന് ഇനി പന്ത്രണ്ട് ദിവസം. ഇതുവരേക്കും രയിശൻ മുന്നേ വരാമെന്ന് പറഞ്ഞു പറ്റിച്ച പലദിവസങ്ങളും ക്ലബ്ബെത്തുന്നതുവരെ ചിത്ര ഓർത്തു പറയുമ്പോൾ അത്ഭുതം സന്തോഷത്തിന്റെ വകഭേദങ്ങളോടെ മുഖത്തുകണ്ടു.

ചിത്രയുടെ വീട്ടിൽ പോയാൽ അകത്തേക്ക് കയറുന്ന പതിവ് കുറവാണ്.
കൂട്ടുകുടുംബമാണ്. എന്തുകരുതുമെന്ന ചിന്ത മാറാനുള്ള പരിചയം വന്നിട്ടില്ല. കാലുനീട്ടി തുരുമ്പുപിടിച്ച നൂൽ കസേരയിലിരിക്കും.

'ചായ എടുക്കട്ടേ? ചെത്താൻ പോയിട്ടില്ലേ? വിശേഷം വല്ലതും?' എന്നതിൽ കവിഞ്ഞുള്ള വർത്തമാനവും കുറവാണ്.

രയിശൻ അടുക്കളയിൽ കല്ല്യാണത്തിന് ശേഷംതൊട്ടുള്ള വിശേഷം പറച്ചിലാണ്.
കോട്ടത്തും, ആലക്കക്കാരുടെ പൂക്കളവും കണ്ട്  തിരിച്ചുവന്നപ്പോഴേക്കും മൂന്നു മണിക്കൂർ.

വീട്ടിലെത്തി അടുക്കളയിലെ ടേബിളിനു ചുറ്റും അഞ്ചുപേരും വട്ടത്തിലിരുന്നു.

ഓണവും വിഷുവും കർക്കിടവാവും മാത്രമാണ് എല്ലാവരും ഒരുമിച്ചിരിക്കുന്നതെന്ന് അപ്പോഴോർത്തു.
കഴിഞ്ഞ വാവിന് തിരുനെല്ലിയായിരുന്നു. അമ്മമ്മയുടെ ബലിപൂജ.

ഇനി വണ്ടിയെടുക്കാൻ എന്നെ വിളിക്കരുതെന്ന് ചിത്രയെ ഓർമിപ്പിച്ചശേഷം രയിശനു പിന്നാലെ രഞ്ജിത്തും ക്ലബ്ബിലേക്കിറങ്ങി.
എട്ട് ലിറ്റർ കള്ളും, രയിശൻ സംഘടിപ്പിച്ച രണ്ടു സ്ക്കോച്ചും പതിമൂന്നുപേരും.
ക്ലബ്ബിന്ന് മാറിയുള്ള പുഴക്കരയിൽ പിന്നെയൊരു ബഹളമായിരുന്നു. കഴിഞ്ഞയാഴ്ചത്തെ ഓണപ്പരിപാടികളുടെ കുറ്റവും കുറവുംതൊട്ട് എങ്ങോട്ടേക്കോ പോയി. പാട്ടും ആട്ടവും ബഹളവും.
മനസ്സറിഞ്ഞുള്ള ഏതോരുവന്റെ സന്തോഷത്തിന്റെ താക്കോൽ പൂട്ട് തുറന്നപോലെ പരമാനന്ദസുഖം പതിമൂന്നുപേരിലേക്കും മഞ്ഞുപോൽ മൂടിയിരുന്നു.

രാവിലെ ചെത്താൻ തെങ്ങിലേക്ക് എങ്ങനെ വലിഞ്ഞുകയറിയെന്ന് ഇപ്പോഴും ഓർമ്മയില്ല. ഡീഹൈഡ്രേഷൻ, ഭക്ഷണം അകത്തേക്ക് കയറാത്ത അവസ്ഥ.
ഉപ്പിട്ട നാരങ്ങാവെള്ളം കപ്പിൽ കലക്കി ഓണക്ഷീണം തീർക്കാൻ മുറ്റത്തിരുന്നു.

'രഞ്ജിത്തേ..രഞ്ജിത്തേ ..'
കുന്നിൻപുറത്തു നിന്നും നാരാണേട്ടൻ മുറ്റത്തേക്ക് ഓടിവരുന്നു. വിയർത്ത് വിറച്ച്. വായ തുറക്കാനാവാതെ പിന്നിലേക്ക് കൈ ചൂണ്ടി. പാമ്പിനെ വല്ലോം കണ്ടു പേടിച്ചിട്ടാവുമെന്ന് ഊഹിച്ചു. കാത് ചെരിച്ചുവച്ച് മുന്നിൽ നിന്നു.

'രയിശൻ തൂങ്ങി..'
ആദ്യം മനസ്സിലായില്ല. പലകുറി അയാളത് ആവർത്തിച്ചു.
അമ്മയും ചിത്രയും മുറ്റത്തേക്ക് പാഞ്ഞുവന്നു.
കണ്ണിൽ ഇരുട്ട് കേറി. കൈ വിറയ്ക്കാൻ തുടങ്ങി. അകത്തുകയറി രയിശന്റെ മുറിയുടെ വാതിലിനു മുട്ടി. തുറക്കാത്തതിനാൽ വാതിൽ തുറന്ന് അകത്തുകയറി. നെഞ്ചിൽ കാളിയാൻ മിന്നി.

കുന്നുംപുറത്തേക്ക് ഓടിക്കയറി. പ്ലാവിന്റെ കൊമ്പത്തു തൂങ്ങിയാടുന്ന രയിശന്റെ കാലുകളിലൂടെ ഇന്നലപെയ്ത മഴയുടെ ബാക്കി തുള്ളികൾ.

പുലർച്ചെ മൂന്നുമണിവരെ ഒരുമിച്ചിരുന്ന, പാട്ടുപാടിയ, ആഘോഷിച്ച ജീവനറ്റ അവന്റെ ശരീരം. കഴിഞ്ഞ ഇരുപത്തിയേഴു വർഷങ്ങളുടെ തയമ്പ് പറ്റിയ കൂടെപിറപ്പിന്റെ ജീവനില്ലാത്ത ശരീരം.
മരവിച്ച വിരലുകൾ, ഇരുട്ട് പിടിച്ച മുഖം.

ആരോവന്ന് കയറഴിച്ചപ്പോൾ അനക്കമില്ലാതെ താഴേക്ക് വീഴുന്ന അവന്റെ ശരീരം കണ്ടു.
പോലീസ് ജീപ്പും ആംബുലൻസും ആൾക്കൂട്ടവും.
കാഞ്ഞിരകൊള്ളിക്ക് തീ കൊളുത്തി ശ്മശാനത്തിൽ നിന്നിറങ്ങിവന്ന ശേഷം വാതിലടച്ചു.
രണ്ട്, മൂന്ന്, നാല് സിഗരറ്റുകൾ ആവർത്തിച്ച് കൊളുത്തി. സിഗററ്റിനൊപ്പം മൂന്നു ദിനരാത്രങ്ങൾ മാഞ്ഞുപോയി.

സഞ്ചയത്തിന് പുറത്തേക്കിറങ്ങി. 
വിശ്വസിക്കാനാവാതെ പതിനൊന്നുപേർ മുറ്റത്തിരിക്കുന്നുണ്ട്. മൂക്കറ്റം കുടിച്ചിട്ടുണ്ട്. സജീവന്റെയും വിത്തിന്റെയും നനഞ്ഞ കണ്ണുകൾ.
പോക്കറ്റിൽ നിന്നും കിട്ടിയ അഞ്ചുവരിയിൽ കാരണങ്ങളൊന്നുമില്ല.
മാപ്പപേക്ഷയെന്നപോലെ വെറും അഞ്ചുവരി. അച്ഛന്, ചിത്രയ്ക്ക്, അമ്മയ്ക്ക്, കൂട്ടുകാർക്ക്, പിന്നെ രഞ്ജിത്തിന്.
കാലത്തിന്റെ കൈകളിലേക്ക് ഓർമ്മയായി സ്വയം മാറിയൊരാളുടെ പിഴച്ച കണക്കുകൂട്ടലിനു പിന്നിലെ കാരണങ്ങൾ ആരും ചർച്ചചെയ്യാൻ തുനിഞ്ഞില്ല. അത്രയേറെ വിഷാദമാക്കുന്ന ഒന്നിനെക്കുറിച്ചും മനുഷ്യൻ ദീർഘകാലം ചിന്തിച്ചിരിക്കില്ലെങ്കിലും ബാക്കിയില്ലാത്ത മനുഷ്യരൊക്കെ കുറ്റബോധമെന്നപോൽ കണ്ണിനുമുന്നിൽ വന്നുനിൽക്കുമെന്ന് പോയവന് അറിയുമായിരുന്നിരിക്കണം.


ചിത്ര അദിതിയെ നാലുമാസം വയറ്റിൽ ചുമക്കുമ്പോഴാണ് അന്തിചെത്തിനിടെ തെങ്ങിൽ നിന്ന് വീഴുന്നത്, നട്ടെല്ലിനും വലതുകാലിനും സാരമായ പരിക്കോടുകൂടി മംഗലാപുരം കെഎംസിയിൽ ആറുമാസം. 


'ഷാപ്പിൽ കള്ളുകൊടുത്തു കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് വരണം'

'വന്നിട്ട്?'

'എന്റെ വയറു തടവി ഇവിടിരിക്കണം'

'മുഴുവൻ സമയവുമോ?'

'ഉച്ചയ്ക്കും അന്തിക്കും ചെത്താൻ പോട്' ഞാൻ ചിരിച്ചു.

രണ്ടാമത്തെ മാസമാണ് വയറ്റിലുണ്ടെന്ന് അറിയുന്നത്. സന്തോഷം ഒരു പ്രഭാവലയം പോലെ അവളെ പൊതിഞ്ഞുനിന്നു. ആഹ്ലാദം ചിറകുനൽകി.
കുഞ്ഞാഗ്രഹങ്ങൾ പോലും സാധിക്കാതെ എന്ത് ഭാഗ്യംകെട്ട ജീവിതമാണ് എന്നോടെത്തെന്ന ചിന്തകൾ എന്നിലേക്ക് ചാഞ്ഞിറങ്ങി.

കീറിമുറിച്ച അടിവയറ്റിലെ വേദനയിൽ എനിക്കപ്പുറം കിടന്ന് അലമുറയിടുന്നത് നോക്കി പകലും രാത്രിയും ഞാൻ മുഖം പൊത്തി കരഞ്ഞു. ചിറകറ്റ് വീണുപിടയുന്ന ചിത്രയെ ഞാൻ കണ്ടു. അവളെ അനുഗ്രഹിക്കണമേ ദൈവങ്ങളേയെന്ന് ഞാൻ പ്രാർത്ഥിച്ചു.

നടുപൊന്തി വീൽചെയറിൽ മുറ്റത്തേക്കിറങ്ങാൻ പാകമാകുമ്പോഴേക്കും അദിതിക്ക് മൂന്നുമാസം കഴിഞ്ഞിരുന്നു.
സന്ദർശകരുടെ എണ്ണം പതിയെ കുറഞ്ഞുവന്നു. ചാപ്പയിലെ സത്യേട്ടൻ മുറതെറ്റാതെ അന്തിക്കേറി വരുമ്പോൾ കേറും. എന്തേലും പച്ചക്കറിയോ മറ്റോ ഞേറ്റിയാവും.

'സുരേശനും തെങ്ങിന്ന് വീണതോടെ ചെത്താൻ ആളില്ലടാ'

'സുരേശന് ഇപ്പൊ എങ്ങനെ?'

'വാരിയെല്ല് പൊട്ടീന് പോലും, മംഗലാപുരത്തന്നെ'

കൊല അഴിച്ചുവിടാൻ പറഞ്ഞു. സുരേശന്റെ വീട് എങ്ങനെ കഴിയുമോ എന്തോ. സത്യേട്ടനും ഞാനും അടക്കം പറഞ്ഞു.
ഇൻഷുറൻസ് ഇല്ല എന്നത് ചെത്തുകാരുടെ ഒരു ശാപമാണ്. പ്രീമിയത്തിന്റെ കണക്ക് നോക്കിയാൽ അതടക്കാൻ കള്ള് വെക്കുന്നത് പോലാവും.

ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംസാരം മുറ്റത്തുന്നു കേട്ടു.
വെളിച്ചെണ്ണയും ചില ബേക്കറി കവറുകളും ചിത്രയെ ഏൽപ്പിച്ചു. ചില പേപ്പറുകൾ നേരെ നീട്ടി, തുറന്നു നോക്കാതെ ടീവിയുടെ ശബ്ദം കുറച്ചു.

'കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ കലക്ഷൻ ഏജന്റായി ഒരൊഴിവുണ്ട്, പിന്നെയൊന്ന് നീതിസ്റ്റോറിലും.' സെക്രട്ടറി പറയുമ്പോൾ ചിത്രയെ തിരിഞ്ഞു നോക്കി. അച്ഛനും അമ്മയും കട്ടിലിനടുത്തു വന്നുനിന്നു.

'എന്താ കുഞ്ഞിരാമാട്ട?' അച്ഛന് നേരെതിരിഞ്ഞ് സെക്രട്ടറി ആരാഞ്ഞപ്പോൾ ചിത്രയുടെ പുറത്തുതട്ടി അവൾക്ക് മാത്രമായി തീരുമാനം വിട്ടുകൊടുത്തു.

സന്ദേഹങ്ങൾ ഒന്നുമില്ലാതെതന്നെ അവൾ ബാങ്കിലെ കലക്ഷൻ ഏജന്റ് ജോലി ഉറപ്പിച്ചു. പണക്കണക്കും സുഖവും മറ്റും നോക്കിയാൽ നീതിസ്റ്റോറിലെ ജോലിയാണ് ഭേദമെന്ന ധാരണ ചിത്രയ്ക്കുണ്ടായിരുന്നു.

'കുഞ്ഞുള്ളതല്ലേ, കലക്ഷൻ ഏജന്റിനിറങ്ങാം. അതാവുമ്പോ സമയം നോക്കി ഇറങ്ങാലോ.' ചിത്ര അഭിപ്രായം പറഞ്ഞു. കട്ടിലിനോരത്തിരുന്നു. ചിത്രയുടെ വിരലുകൾ രഞ്ജിത്തിന്റെ തയമ്പ് പിടിച്ച കൈക്കുള്ളിലൊതുങ്ങി. ഇരുവർക്കിടയിലും മൗനഭാഷ ഒഴുകിനീങ്ങുന്നത് സെക്രട്ടറി കണ്ടു. രണ്ടുമൂന്ന് ഫോം ഒപ്പിട്ടു വാങ്ങി. 



വീൽചെയറും വാക്കറും ഒഴിവാക്കിയപ്പോഴേക്കും വലതുകാലിന്റെ മുടന്ത് തെളിഞ്ഞുവന്നു. പുറത്തേക്കിറങ്ങാൻ മടിയായിരുന്നു. നടക്കാൻ പറ്റിയത് ഭാഗ്യമെന്ന് ആലോചിച്ചു. ഗർഭകാലം ഉശിരോടെ കൂടെ നിൽക്കാൻ കഴിയാഞ്ഞത് ഒരുഗർഭകാലം ചിത്രയുടെ കൂടെ വൈകുന്നേരങ്ങളിൽ കലക്ഷന് നടന്നുതീർക്കാമെന്ന് കരുതി. അവളുടെ കൂടെ നടന്നു. അദിതിയെ തോളിലേറ്റി.
വൈകുന്നേരത്തെ പാർട്ടി ഓഫീസിലേക്കുള്ള നടത്തിനിറങ്ങുമ്പോൾ അച്ഛൻ വാതിൽ പൂട്ടി മീറ്റർപെട്ടിയിൽ വച്ചു. അമ്മ തൊഴിലുറപ്പുശേഷം വഴിയിൽ കാത്തു നിൽക്കും.

ഒരു ഗർഭകാലം.


താൽക്കാലികമായി വളംഡിപ്പോയിൽ കയറി. മുടന്തൻറെ വളം ഡിപ്പോയെന്ന് പേരുവീണത് ഞായറാഴ്ച്ച ചാപ്പയിൽ പോയിരിക്കെ ചെത്തുകാർ പറഞ്ഞറിഞ്ഞു. കുറുപ്പിന്റെ വളംഡിപ്പോ അങ്ങനെ മുടന്തൻറെ വളംഡിപ്പോയായി.

'സ്കൂട്ടർ വാങ്ങുന്നതിനെപ്പറ്റി എന്താ അഭിപ്രായം?' ഞാൻ ചിരിച്ചു. ജോലിക്കാർക്ക് എന്തും ആവാലോയെന്ന് തമാശ പറഞ്ഞു.

പൊടുന്നനെയെന്നപോലെ തുടരെത്തുടരെയുള്ള അച്ഛന്റെ വയറുവേദന.
മൂത്രാശയത്തിൽ പഴുപ്പ്, കാൻസർ നാലാം സ്റ്റേജ്. പലകുറി തലശ്ശേരി കാൻസർ സെന്ററിൽ. ഓണം കഴിഞ്ഞു റേഡിയേഷൻ തുടങ്ങണമെന്ന് തീരുമാനിച്ചു. 

'വൈകിപ്പിക്കേണ്ട, ശനിയാഴ്ച്ച ഓണം. അത് കഴിഞ്ഞ് തിങ്കളാഴ്ച പോകാമെന്ന്' ഞാനും പറഞ്ഞു. 
അച്ഛനെ മാനസികമായി ഒരുതരത്തിലും ബാധിച്ചില്ലെന്ന് കാണിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നെ. ദിവസവും പാർട്ടി ഓഫീസിൽ നാലാം സ്റ്റേജ് ക്യാൻസറിനെ പറ്റിയുള്ള ചർച്ചകളായിരുന്നു. ക്യാൻസറിനെക്കുറിച്ചുള്ള എന്തെങ്കിലും വീഡിയോകൾ ദിവസവും വാട്സാപ്പ് ഗ്രൂപ്പിലേക്കിടും. 
റേഡിയേഷന് മുന്നേ അത്രയേറെ തയ്യാറെടുപ്പ് നടത്തി. വായനശാല ഗ്രൂപ്പ് കാൻസർ പ്രതിരോധ ഗ്രൂപ്പായി മാറിയെന്ന് ബ്രാഞ്ച്‌സെക്രട്ടറി തമാശപറയും.

രയിശ് പോയ രണ്ടാമത്തെ ഓണം. 

മൂടുപടം പോലെ ആഘോഷങ്ങൾ വേണ്ടെന്ന്, ഇക്കുറിയും ഇങ്ങനെപോട്ടെന്ന് പറഞ്ഞത് ചിത്രയാണ്. പത്രത്തിൽ കൊടുക്കാനുള്ള ഫോട്ടോയും മാറ്ററും അയച്ചുകൊടുത്തു.

'റേഡിയേഷൻ നല്ല വേദനയുണ്ടാവും അല്ലെ' സോഫയിൽനിന്ന് തല ചെരിച്ച് അച്ഛന്റെ ചോദ്യം.

'വേദനയില്ലാതിരിക്കാനല്ലേ മരുന്ന്' ചിത്ര പറഞ്ഞു.

'യൂണിയന്റെ ഒരു വീടുണ്ട്, റേഡിയേഷന് വരുന്നവർക്ക് താമസിക്കാനുള്ളത്. മൂന്നാഴ്ച പോയിട്ട് വരാനാക്കണ്ട, നമുക്ക് അവിടെ നിൽക്കാം. ആഴ്ചയിൽ വന്നുപോകുന്നതാണ് ഭേദം.'
യാത്രാപ്രശ്നം അങ്ങനെ പരിഹരിച്ചു.
'മറ്റന്നാളല്ലേ പോണ്ടത്. തുണിയൊക്കെ എടുത്തു വെക്കണ്ടേ' മനസ്സിന് താങ്ങാനാവാത്ത ആകുലതകളിൽ ശരീരം വിറയ്ക്കുന്നത് അച്ഛന്റെ നടത്തത്തിൽ കണ്ടു. 

'വീട്ടീന്ന് ആദ്യമായി മാറിനിൽക്കുന്നതിന്റെയാണ്' അമ്മ അച്ഛന് പിന്നിൽ നടന്നു. ഒരു പാരമ്പര്യം പോലെ.

'നാലുദിവസം കഴിഞ്ഞാൽ അദിതിക്ക് ഒരുവയസ്സ് തികയും, നാലാളെ വിളിച്ച് ഭക്ഷണം ഒരുക്കണ്ടേ' കട്ടിലിൽ അടുത്ത ചിന്തകളുമായി ചിത്രയും വന്നു.

'വിളിക്കണം, ക്ഷണിക്കണം. മംഗലാപുരം കൂടെകിടന്നവരെയും,  പകരം ചെത്തിയവരെയും വിളിക്കണം. അച്ഛൻ പോകുന്നതിനുമുന്നെ ചെറിയൊരു കേക്ക് മുറിക്കാം.' കൂട്ടിമുട്ടാത്ത വരവുചിലവു കണക്കുകൾക്കിടയിൽ സ്നേഹപ്രകടനങ്ങൾക്ക് കുറവ് വരരുതല്ലോയെന്ന് കണക്കുകൂട്ടി.
സാധരണ കിടക്കാൻ നേരം അദിതിയുടെ ഉറങ്ങാതെയുള്ള കളിയുള്ളതാണ്, നേരത്തെ കിടന്നു. ചിത്ര എന്തൊക്കെയോ പറഞ്ഞു, മനസ്സ് ഒന്നും കേട്ടില്ല.

സത്യേട്ടന്റെ ഫോണിൽ പറയുന്ന ശബ്ദംകേട്ട് ഉറക്ക് ഞെട്ടി. 

'പ്ലാവിൻ കൊമ്പില്, പുലർച്ചെ ആണെന്ന് തോന്നുന്നു..' എഴുനേറ്റ് പുറത്തിറങ്ങിയപ്പോൾ ചിത്രയും അമ്മയും അടുക്കളപ്പടിയിൽ നിലത്തിരുന്നു കരയുന്നു.

'അച്ഛൻ പോയി' ചിത്ര പറഞ്ഞു.

'എങ്ങോട്ട് പോയി' കണ്ണീർ കവിളിലൊട്ടി. 
അമ്മയുടെ കരച്ചിൽ.
കുന്നുംപുറത്ത് ആൾക്കൂട്ട ബഹളം.

വെട്ടിത്തെളിച്ച കുന്നുംപുറത്തെ രയിശൻ തൂങ്ങിയ അതേ പ്ലാവിൽ. അതേ കൊമ്പിൽ തൂങ്ങിയാടുന്ന കാലുകൾക്കിടയിലൂടെ വെളിച്ചം അടുക്കളവാതിലിൽ തട്ടി. തൂങ്ങിയാടുന്ന ജഡം എനിക്കന്ന്യമല്ലാത്ത വളരെ പരിചിതമായ ഒന്നുപോലെ തോന്നി.

പോസ്റ്മാർട്ടത്തിനു ശേഷം അകത്തെടുത്തു കിടത്തി. 

'ഇനി വേദന സഹിക്കണ്ടല്ലോ' അമ്മയെ ആശ്വസിപ്പിച്ചു.
ഇന്നലെ രാത്രി ആകുലതകൾ പങ്കുവച്ച വറ്റിയുണങ്ങിയ ഒരു സാധാരണ മനുഷ്യൻ ജഡമായി ഓലപ്പായയിൽ വെള്ളപുതച്ചു കിടക്കുന്നു.
റേഡിയേഷന് പോകാനുള്ള തുണിയെടുത്തുവയ്ക്കുന്നത് ആലോചിച്ചുകിടന്ന ആ മനുഷ്യൻ ഏത് നേരത്തായിരിക്കും മരിക്കാനുള്ള തീരുമാനമെടുത്തു കാണുക. മകന്റെ ഓർമ്മകളും അവൻ പോയവഴിയും ഓർത്തെടുത്തു അതിലേതന്നെ പോകുവാൻ എന്ത് കാരണമായിരിക്കും കണ്ടെത്തിയിരിക്കുക.
ഓർമ്മകളിൽ രയിശൻ തൂങ്ങിയാടി, അപരിചിതമായൊരു വാതിൽ തുറന്ന് അകത്തു കടക്കുന്നതുപോലെ, മരണം പതിയെ പരിചിതമായിത്തീർന്നു.

ഓരോ ഓർമ്മയും ഒരു കല്ലായി ഹൃദയത്തിലേക്ക് പതിഞ്ഞു. കണ്ണിൽ നിന്നൊരൽപ്പം ബാഷ്പം അദിതിയുടെ മുഖത്തേക്കുറ്റി.
ജഡമായി ശൂന്യമായി വേദനകളറിയാതെ കിടക്കുന്നത് കണ്ണടച്ചുനോക്കി. അദിതിയുടെ മുഖം വന്ന് നെഞ്ചത്ത് ആഞ്ഞൊരു കുത്ത്. അവൾ കരച്ചിൽ നിർത്തിയിട്ടില്ല. ഉച്ചക്കുറങ്ങിയിട്ടില്ല, വൈകിട്ട് പുഴക്കുപോയിട്ടില്ല.


മൂന്നാം ദിനം സഞ്ചയനം. വിളിക്കാതെ പലരും വന്നു. 
തന്റെ ആദ്യ ജന്മദിനം പിണ്ഡബലികണ്ടുണരേണ്ടിവരുന്ന അദിതിയുടെ ദുരവസ്ഥയെക്കുറിച്ചു മാത്രമാണ് ഞാനന്നോർത്തത്.

ശേഷംവന്ന കുംഭം തെല്ലല്ലാത്ത ആവേശത്തോടെ മീനത്തെയും ഇടവത്തെയും വിളിച്ചപ്പോൾ അടുക്കളഭാഗം നിലംപതിച്ചു. ലോണെടുത്ത് അടുക്കള വാർത്തു. വർക്കേരിയ കൂട്ടിയെടുത്തു. ഞെരുക്കത്തിലും അത് അനിവാര്യമായിരുന്നു.
കാലചക്രം തിരിഞ്ഞു. മലയാളമാസം നോക്കി അച്ഛന്റെയും രയിശന്റെയും ഫോട്ടോ ഒരുമിച്ചു പത്രത്തിൽ കൊടുത്തു. ഒരേ ഛായയുള്ള രണ്ടുമുഖങ്ങൾ.'വേദനയോടെ കുടുംബാങ്ങങ്ങൾ'.

അച്ഛൻ പോയതിനു ശേഷം അമ്മ പുറത്തേക്കിറങ്ങിയിട്ടില്ല. ശൂന്യതയുടെ കനം ഒരു കരിമ്പടം പോലെ ഇറങ്ങിവന്നു. ചിത്രയും അദിതിയും പോലും അമ്മയ്ക്ക് അപരിചിതരാവുന്നതുപോലെ.

ഇംഗ്ലീഷ് കലണ്ടറിൽ അദിതിയുടെ രണ്ടാം ജന്മദിനത്തിലേക്ക് പതിമൂന്ന് ദിവസം.

ചിത്രയോട് കുറച്ചുദിവസം വീട്ടിൽപോയി നിൽക്കാൻ പറഞ്ഞു. വേണ്ടെന്ന് അവൾ തീരുമാനിച്ചെങ്കിലും നിർബന്ധപൂർവ്വം പറഞ്ഞയച്ചു, ഓർമ്മകൾ ബാധ്യതയാവരുതെന്ന് ഓർമ്മപ്പെടുത്തി. 
അമ്മയുടെ അടുത്ത് ചേർന്നു കിടന്നപ്പോൾ, അച്ഛന്റെ ഓർമ്മകൾ അടഞ്ഞ വാതിലുകൾക്കുള്ളിൽ ഒരു കൊടുങ്കാറ്റ് പോലെ അലറിവിളിച്ചു. അമ്മയുടെ ഓരോ തേങ്ങലും ആ കൊടുങ്കാറ്റിൽ ശൂന്യതയുടെ കനത്ത തിരശ്ശീലകളെ തട്ടിമറച്ചു, അവശേഷിപ്പിച്ചത് തണുത്ത നിസ്സഹായത മാത്രം.
പതിമൂന്നു ദിവസത്തിനിടയിൽ കലക്ഷനിടെ ചിത്ര ഇടയ്ക്ക് സ്‌കൂട്ടറിൽ വന്നുപോയി.

പതിനാലാം നാൾ ചിത്രയുടെ വീട്ടിൽ ചെന്നു. പ്ലാസ്റ്റിക് കസേരയിൽ കാലു നീട്ടിയിരുന്നു. 

'പാപകർക്കിടകത്തിനു വേണ്ടത് ചെയ്യണം' ചിത്രയുടെ അച്ഛൻ ഉപദേശിച്ചു. മൂലയിൽ തുരുമ്പുകൾക്കിടയിൽ നൂലു കസേര ഒരു സിംഹാസനം പോലെ കിടന്നു. അതെന്നെ നോക്കിയൊന്ന് ഞെരുങ്ങി.

'കർമ്മചക്രം സദാ ഭ്രമ്യം, പ്രകൃതി നിയമം അലംഘ്യം.

കർക്കിടകേ ദുരിതം ഛേദിപ്പാൻ.
മരുന്നുകഞ്ഞി മമ ദേഹത്തിൻ, ആയുസ്സേകിടുമെന്നെന്നും' അച്ഛനെ നോക്കി ചിരിച്ചു.
അച്ഛൻ തലയിൽ കൈവച്ചപ്പോൾ ദേഹമൊന്ന് വിറച്ചു.
ചിത്രയുടെ പിറകിൽ സ്‌കൂട്ടറിലിരിക്കുമ്പോൾ അച്ഛൻ തലയിൽ കൈവച്ചതിന്റെ അർത്ഥവകഭേദങ്ങൾ തിരഞ്ഞ് മനസ്സ് കുന്നുകയറി.

ഈ കുംഭക്കൂറിലും ഒന്ന് കുലുങ്ങി.

ബാങ്കിന്റെ ഓഡിറ്റിങ് നടക്കുന്നു. ബ്രാഞ്ച് മാനേജരും ഡയറക്ടർ ബോർഡിലെ രണ്ടുപേരും വീട്ടിലേക്ക് വന്ന് ചിത്രയുടെ പാസ്സ്ബുക്കുകൾ എല്ലാം എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്കെടുത്തു. രണ്ടുദിവസത്തിനുള്ളിൽ ബാങ്കിൽ ഹാജരാവാനുള്ള നോട്ടീസും. 


'പേടിക്കാനൊന്നുമില്ല, ഓഡിറ്റിങ് വെരിഫിക്കേഷനാണ്' കാര്യം മനസ്സിലായില്ല.
ചിത്രയെ അദൃശ്യമായൊരു കാറ്റ് പിടിച്ചുലച്ചു.

ബാങ്കിൽ ചെന്നു. 

'ഡേ ഡെപ്പോസിറ്റ് അക്കൗണ്ടിലെ പണം ടാലിയാവാത്തതിലുള്ള പ്രശ്നമാണ്. ബാങ്കിൽ അടച്ചതായി കാണുന്നില്ല.'
അങ്ങനെവരാൻ വഴിയില്ലെന്ന് ചിത്ര ആവർത്തിച്ചു പറയുന്നുണ്ട്. 

'നമുക്ക് നോക്കാം, ചിലപ്പോൾ ക്ലറിക്കൽ മിസ്റ്റേക്ക് വല്ലതുമായിരിക്കും.' ബാങ്ക് സെക്രട്ടറി ആശ്വസിപ്പിച്ചു.



ബ്രാഞ്ചിലെ ക്ലർക്ക് സൗമ്യ ലഡ്ജറിൽ കൃത്രിമം കാണിച്ചതാണ്. മൂന്നു കലക്ഷൻ ഏജന്റുമാർ ഏൽപ്പിച്ച പലരുടെയും പണം ലഡ്ജറിൽ മാർക്ക് ചെയ്യുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ഏജന്റുമാർ അറിയാതെ നടക്കില്ലെന്ന് ടെക്‌നിക്കലായി പറയാമെങ്കിലും വിശ്വസിക്കുന്നവരിൽ നിന്നും ആരെങ്കിലും വഞ്ചന പ്രതീക്ഷിക്കുന്നുണ്ടോയെന്ന വരട്ടുവാദം വിലപോകില്ലല്ലോ. സൗമ്യയെ സസ്പെൻഡ് ചെയ്തു. നിയമപരമായി പിരിച്ചിവിടും.
ബാങ്കിനെയോ കസ്റ്റമറെയോ ബാധിക്കുന്നില്ലെങ്കിലും മറുപടിപറയേണ്ടത് ഏജന്റുമാരാണ്.
സമാധാനത്തോടെ തിരിച്ചിറങ്ങിയെങ്കിലും അന്ന് രാത്രി ചിത്രയുടെ ടെമ്പറേച്ചർ അസാധാരണമാവിധം കൂടിവന്നു. ചുട്ടുപൊള്ളുന്ന പനിയോടെ രാത്രി ആശുപത്രിയിൽ.

ഫോണിന്റെ ഡിസ്പ്ളെ പോയതിനാൽ കുറച്ചുദിവസത്തെ കാര്യങ്ങൾ ആരെങ്കിലും നേരിട്ട് പറയാതെ അറിഞ്ഞിരുന്നില്ല. കളക്ഷന് പോകുന്നിടത്തൊക്കെ കുത്തിയുള്ള പറച്ചിലും, പണം തരാതിരിക്കാനുള്ള ഒഴിഞ്ഞുമാറലും ചിത്രയെ ദുർബലപ്പെടുത്തിയിരുന്നു. ജോലിക്കിറങ്ങാൻ മടിച്ചു. ചിത്രയാണ് കൃത്രിമം കാണിച്ചതെന്ന ഇല്ലാക്കഥ ചിലരെങ്കിലും വിശ്വസിച്ചു.

പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ബാങ്ക് നോട്ടീസ് ബോർഡിൽ പതിച്ചെങ്കിലും ചിലത് പറയുന്നതിൽ ചിലർക്ക് കിട്ടുന്ന സുഖത്തിനുവേണ്ടി അത് തുടർന്നു.
ചിത്രയെയത് ചെറുതല്ലാതെ തന്നെ ബാധിച്ചു. ജോലി അവസാനിപ്പിച്ചു വെറുതെയിരിക്കാനുള്ള ആലോചനയിൽ ചിത്ര അമ്മയെപ്പോലെ, അമ്മയോടൊപ്പം അകത്തളത്തിൽ ഒതുങ്ങിക്കൂടി.


മഴ എന്നത്തേക്കാളും ശക്തിയായി പെയ്തു.
നിർത്താതെയുള്ള മഴ. ഉരുളുപൊട്ടിവരുന്ന വെള്ളത്തിൽ പുഴ ചുവന്നു. 
സാധാരണ പുഴയിൽ ഇങ്ങനെ വെള്ളം കയറാറില്ല.

ഈ മലവെള്ള പാച്ചലിലും നാരാണേട്ടൻ വന്ന് പ്ലാവ് മുറിക്കുന്നത് ഓർമ്മപ്പെടുത്തി.
മുന്നേയും ഒന്ന് രണ്ടുതവണ സൂചിപ്പിച്ചിരുന്നു.

'ഇതുവരെ പെയ്ത മഴയ്ക്ക് വീണില്ലേൽ ഇനി വീഴുവോ?' സംശയം ചോദിച്ചപ്പോൾ നാരാണേട്ടനോന്ന് പരുങ്ങി.

അന്ന് രാത്രി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറി.

മിഥുനം, കർക്കിടകം, ചിങ്ങം. പലരും ഞങ്ങളെനോക്കി കണക്കുകൂട്ടി. പ്ലാവ് മുറിക്കാൻ നാരാണേട്ടൻ പറഞ്ഞ പൊരുൾ മനസ്സിലാക്കാൻ വൈകി.

പലരുടെയും നോട്ടം അനുതാപമായി ഞങ്ങളിൽ പതിച്ചു. ഇത്തവണ ആരായിരിക്കും തൂങ്ങിയാടുകയെന്ന ശങ്കയിൽ കുടുങ്ങിയ നിശ്വാസം ഞങ്ങളിലേക്ക് നേരിട്ടും അല്ലാതെയും പതിച്ചു.

രയിശൻ പോയത് ഓഗസ്ത് ഇരുപത്തിയൊമ്പതിനാണേൽ അച്ഛൻ പോയത് സപ്തംബർ ആറിന്.  രണ്ടും രണ്ടുവർഷ വ്യത്യാസത്തിലെ ചിങ്ങം രണ്ടായിരുന്നു. തിരുവോണം കഴിഞ്ഞ പ്രഭാതം. 
ക്യാമ്പിൽ നിന്നും ഇറങ്ങുന്നതുവരെ പലരും അത് ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
അഗാധമായ ഒരു ഗർത്തത്തിലേക്ക് അതെന്നെ തള്ളിയിട്ടു.

അച്ഛൻ മരിച്ചതിനുശേഷം അമ്മ കൂടുതൽ മിണ്ടിയിട്ടില്ല. തൊഴിലുറപ്പിനു പോകുന്നതടക്കം വേണ്ടെന്നുവച്ചുള്ള ഇരിപ്പ് തന്നെ. കാണുമ്പോഴൊക്കെ പിന്നിലെ പ്ലാവിലെക്ക് നോക്കി അടുക്കളപ്പടിയിൽ നിൽക്കും. വേണ്ടെന്ന് പറയാൻ തോന്നിയിട്ടില്ല. അച്ഛനും രയിശനും പോയ വഴിയേ പോകാനുള്ള ചിന്തകൾ അമ്മയിലേക്ക് പാറിക്കൂടുന്നുണ്ടോ എന്ന് ഭയന്നു.

ചിത്രയും കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ആകെ മാറിയിരിക്കുന്നു. മരണത്തിനു തൊട്ടു മുന്നേവരെ രയിശനും അച്ഛനും ജീവിതം മടുത്തുവെന്ന് തോന്നിപ്പിച്ചിട്ടില്ല. പിന്നെ ചിത്രയെയും അമ്മയെയും സംശയിക്കുന്നതിൽ എന്തർത്ഥം. സ്വയം ആശ്വസിപ്പിച്ചു.

കർക്കിടകം പകുതിയോടുകൂടി പുഴയിലെ വെള്ളമിറങ്ങി. 

അച്ഛന്റെ ഓർമ്മകളുടെ ഗന്ധമില്ലാതെ ശ്വാസം മുട്ടലോടുകൂടി അമ്മ വീട്ടിലേക്കിറങ്ങിയോടി. അകത്തുകയറി വാതിലടച്ചു.
മഴ നിന്നിട്ടില്ല.

'നാരാണേട്ടൻ പ്ലാവ് മുറിക്കാൻ പറയുന്നുണ്ട്'

'അത് മുറിക്കണോടാ, ഓർമ്മയല്ലേടാ!' അമ്മ പറഞ്ഞത് എന്നെ തെല്ലൊന്ന് ഭയപ്പെടുത്തി. എന്തോർമ്മയെന്നാണ് അമ്മ പറഞ്ഞത്. തൂങ്ങിയാടുന്ന ജഡമായ ഓർമ്മകളോ. പിന്നിലേക്ക് നോക്കിയാൽ ജീവനറ്റ കാലുകളല്ലാതെ മറ്റെന്ത് ഓർമ്മയാണ്. അതൊരോർമ്മയായിപ്പോലും അവശേഷിക്കരുതെന്ന് തോന്നി, പ്ലാവ് മുറിക്കണമെന്ന് തീരുമാനിച്ചു.

നാരാണേട്ടന്റെ വീട്ടിലേക്ക് കുന്നുകേറി. 

ആരാച്ചാറിന്റെ കണ്മുന്നിലേക്കെന്നപോലെ പ്ലാവിന്റെ നീളൻ കൊമ്പുകൾ നാരാണേട്ടന്റെ വീട്ടുമുറ്റത്തേക്ക് ചെരിഞ്ഞു നിന്നു.

'മുറിക്കാൻ ഒരാളെ ഇപ്പൊ'

'നൗഫലിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. നാളെ വിളിക്കട്ടെ എന്നാൽ?'

നൗഫൽ വന്നില്ല. മഴക്കെടുതിയുടെ ഒഴിവുകൾ പറഞ്ഞു. നാണുവിനെയും നവാസിനെയും വിളിച്ചു. ഓണം കഴിയാതെ ആർക്കും സമയമില്ലത്രേ.

നൗഫലിന്റെ ഹെൽപ്പർ ബിഹാറിയെ വിളിച്ചു.
കർക്കിടകം തീരുന്ന ദിവസം. പാപകർക്കിടകത്തിന്റെ ശാപമോക്ഷമായ പ്ലാവ് മുറിക്കുന്നതുകാണാൻ മഴയത്തും ചുറ്റിലും മനുഷ്യർ.
ശക്തിയായി പെയ്യുന്ന മഴയിൽ വരാന്തയിൽ പലതവണ കയറി നിന്നു. 

ഇരുണ്ടു. കർക്കിടകം അതിന്റെ സർവ്വ ശക്തിയിൽ പെയ്തു.
മടങ്ങാൻ നിന്ന ബിഹാറിക്ക് ആയിരം രൂപ അധികമെടുത്തു നീട്ടി. ഡീസൽ മെഷീൻ കറക്കി ആഴമുറിഞ്ഞ തന്റെ ജീവിതത്തിലേക്ക് നീട്ടിയ രണ്ടഞ്ഞൂറിന്റെ നോട്ടുകൾക്ക് നേരെ അവൻ അവജ്ഞയോടെ കാർക്കിച്ചുതുപ്പി, ചുമരിൽ അടക്കയുടെയും പാനിന്റെയും കറയുള്ള എച്ചിൽ ഒലിച്ചിറങ്ങി.

അന്ന് നാരാണേട്ടൻ ഉറങ്ങിയില്ല. ചുമച്ച് ചുമച്ച് തലയ്ക്കടുത്തേക്ക് നിഴൽ നീട്ടിനിന്ന പ്ലാവിൻ കൊമ്പിലേക്ക് ടോർച്ചടിച്ച് നേരം വെളുപ്പിച്ചു.
വഴിയിലൂടെ പോകുന്നവരൊക്കെ വീട്ടിലേക്ക് ഏന്തിനോക്കി, ചിലർ പിന്നിലെ പ്ലാവിലേക്ക്.രാത്രി വണ്ടി നിർത്തി ചിലർ ടോർച് പിന്നിലെ പ്ലാവിലേക്ക് നീട്ടിയടിക്കുന്നത് ജനലിലൂടെ കണ്ടു.
ഇടയ്ക്കിടെ അമ്മയെ നോക്കി, ഹാളിലെ അച്ഛന്റെ ഫോട്ടോനോക്കി ഉറങ്ങാതെ കിടക്കുന്ന അമ്മ.

ഉറങ്ങിയില്ല. ചിത്രയും ഉറങ്ങിയില്ല. ചിത്ര എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും സ്പഷ്ടമായിരുന്നില്ല. ചിന്തകൾ ജഡംപോലെ തൂങ്ങിയാടി. വലിയൊരു ചുഴിയിൽപ്പെട്ട് പ്ലാവിലകൾക്കൊപ്പം ശ്വാസംകിട്ടാതെ അലറി വിളിച്ചുകൊണ്ട് ചിത്രയും അമ്മയും അകപ്പെട്ട ചുഴി മുന്നിലൂടെ കടന്നുപോയി.
വാട്സാപ്പിലെ കുറ്റിയാട്ടൂർ വാർത്തകളിൽ മെസേജ് വന്നു.

'ബസ്സിടിച്ചു യുവതിക്ക് ദാരുണാന്ത്യം.' 
ചിത്രയുടെ ഫോട്ടോയും ചതഞ്ഞരഞ്ഞ സ്‌കൂട്ടറും.

'എന്റെ ദൈവങ്ങളെ..' രഞ്ജിത്ത് നീട്ടിവിളിച്ചുകൊണ്ട് മുട്ടുകുത്തിയിരുന്നു.
വായതുറന്ന് ശ്വാസംമുട്ടി അയാൾ ഉറക്കത്തിൽ നിലവിളിച്ചു. ചിത്ര തട്ടിവിളിച്ചു.
ചിത്രയെ കെട്ടിപ്പിടിച്ച് അന്ന് പുലരുംവരെ അയാൾ കരഞ്ഞു.

25 ജൂലൈ 2025

No comments:

Post a Comment

വായിച്ചതിനു നന്ട്രി