ലവ് ലെറ്റേഴ്സ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ

പ്രിയപ്പെട്ട കാമുകി, 

ദി ഹിന്ദുവിന്റെ 'ലവ് ലെറ്റേഴ്സ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ' പരസ്യം കണ്ടപ്പോൾ വീണ്ടും എഴുതണമെന്ന് തോന്നി. എത്രകാലമായി എഴുതിയിട്ട്. സലീൽ ചൗധരിയുടെ ചില പാട്ടുകൾ കേൾക്കുമ്പോഴൊക്കെ എഴുതണമെന്ന് തോന്നും. അപ്പോൾ വലിക്കാൻ തോന്നും. 

സിഗരറ്റുവലിക്കാതെ റൊമാന്റിക്കാവാൻ കഴിയാത്തൊരു മനുഷ്യനാണ് ഞാൻ. 
വലിച്ചുകഴിഞ്ഞാൽ എഴുത് വേണ്ടെന്ന് വയ്ക്കും. 
ഇതിപ്പോ കുറച്ചായല്ലോ. !

ചിലപ്പോൾ തോന്നും അകലങ്ങളിലാണ് പ്രണയത്തിന് ഭംഗിയെന്ന്. 
ചിലപ്പോൾ പൊട്ടിക്കരച്ചലുകളിൽ, ഒച്ചപ്പാടുകളിൽ, തേങ്ങലുകളിൽ. 
ചില നേരത്ത് സൗമ്യമായ ഭാഷണങ്ങളിൽ, പങ്കുവയ്ക്കലുകളിൽ. 
ചിലപ്പോഴത് കാമാതുരമായ ചുംബനങ്ങളിൽ. ചേരലുകളിൽ. 
എവിടെയോ കൊതിക്കുന്ന ചേർത്തു നിർത്തലുകളിൽ. 

എനിക്കതറിയുന്നുണ്ട്. കൈ ചേർത്തുപിടിച്ചു നടക്കുന്ന വഴിവക്കിൽ, യാത്രകളുടെ അവസാനങ്ങളിലെ കെട്ടിപ്പിടിത്തിൽ. 
അരക്കെട്ട് ചേർത്തു പിടിച്ചിരുന്ന കടൽക്കരകളിൽ. 

ഇങ്ങനെയൊക്കെ നമുക്ക് നേരിട്ട് സംസാരിക്കാൻ കഴിയാത്തതെന്താണ്? 
പാതിമുറിഞ്ഞ വാക്കുകൾ എത്രെയോ നിനക്കുപിന്നിൽ വീണുപോയിരിക്കുന്നു. ചിലപ്പോഴൊക്കെ പിന്നിൽ ചുംബനങ്ങളായി മാറിയിരിക്കുന്നു. 
അതുകൊണ്ട് തന്നെയാവണം 'ഇറ്റ് വിൽ നെവർ ഗോ ഔട്ട് ഓഫ് ഫാഷൻ' ആവുന്നത്. 
അപ്പോഴും നിനക്കുവേണ്ടി നല്ലൊരു പ്രണയലേഖനം പോലും എഴുതാൻ കഴിയുന്നില്ലല്ലോ. പ്രണയാതുരമായ വാക്കുകളിത്തിരി കുറഞ്ഞാലും, വലതുകമ്മ്യുണിസ്റ്റുകാർക്കിടയിലകപ്പെട്ട നക്സലേറ്റിനെപോലെ പുകമണമില്ലാത്ത ഇത്തരം കത്തുകൾ നമുക്കിടയിൽ മഷിപുരളട്ടെ. 

എന്ന്, 
കാമുകൻ.

ഉൾക്കടൽ




സീൻ 1  

ഷോട്ട് 1 - Wide Angle (Pan)
ഇരുട്ടിൽ നിന്നും ചുവന്ന ഇരുണ്ട വെളിച്ചത്തിലേക്ക് വാതിൽ തുറന്നു.

പുറത്തുനിന്നും പാകമായൊരു സ്ത്രീ അകത്തേക്ക് കയറിവരുന്നു.
മങ്ങിയ വെളിച്ചത്തിൽ വാതിൽ തുറന്നുകൊണ്ട് മുറിയുടെ അകത്തേക്ക് അവൾ കടന്നുവന്നു.

അവൾ - കടൽ!
ഫ്രസ്‌ട്രേഷനിൽ അകപ്പെട്ടുപോയവൾ. തനിക്ക് ചുറ്റും സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും അവൾ ഫ്രസ്‌ട്രേഷനനുഭവിക്കുകയാണ്. കടലിന്റെ; ഉൾക്കടലിന്റെ അടിയൊഴുക്കുപോലെ.
നിരാശയുടെ മുഖഭാവം മാത്രം പേറിക്കൊണ്ട് ഓരോ ദിവസവും തിരക്കുള്ള നഗരത്തെ തന്റെ തന്നെ കണ്ണുകളിലൂടെ ഏച്ചുകെട്ടി നിരാശയുടെ ആഴത്തിലേക്ക്; ഇരുട്ടിലേക്ക് വീണുകൊണ്ടിരിക്കുന്നവൾ.

ഷോട്ട് 2 - Master Shot
ബാഗ് വാതിലിനരികിലുള്ള മേശയുടെ മുകളിൽ വച്ച് അകത്തേക്ക് കടന്നുവന്ന അതേ നിൽപ്പിൽ.
തന്നെ അവസാനമായി ഇറിറ്റേറ് ചെയ്ത നിമിഷം ഓർത്തെടുക്കുന്നതുപോലെ അവൾ കണ്ണുകളടയ്ക്കുന്നു.
(തിരയുടെ ശബ്ദം താഴ്ന്ന ശബ്ദം - മേശമുകളിൽ ബാർത്തിന്റെയും മറ്റു ചിന്തകളുയർത്തുന്ന പുസ്തകങ്ങളും മറ്റും. - കറുത്ത മേശവിരിയും, കാർട്ടനുകളും വ്യക്തം.)

ഷോട്ട് 3 - CloseUp
(ചിന്തകൾ കൊണ്ട് കണ്ണുകളടക്കുന്ന മുഖത്തേക്ക് ക്യാമറ അടുക്കുന്നു.)
ചുവന്ന ഇരുണ്ട വെളിച്ചത്തിൽ പാതിയെന്നോളം അവളുടെ മുഖം കാണുന്നു.

ഷോട്ട് 4 - Medium Track
നിശബ്ദതയിൽ വാർദ്ധക്യം നിറഞ്ഞ സെക്യൂരിറ്റി ഗൗരവത്തോടെ തന്നെ നോക്കുന്നു.
(മതാചാരങ്ങൾ നിറഞ്ഞ അദ്ദേഹത്തിന്റെ ചേഷ്ടകൾ വ്യക്തം. - പിന്നിൽ വാഹനത്തിന്റെ ഇറിറ്റേറ്റ് ചെയുന്ന ശബ്ദം.)

(സെക്യൂരിറ്റിയുടെ മുഖം ദൂരേക്ക് മറഞ്ഞുകൊണ്ട് ഇരുട്ട് പകരുന്നു.)

ഷോട്ട് 5 - Medium Shot
(മുഖത്ത് വെള്ളം തെറിക്കുന്നു - തിരകളുടെ ശബ്ദം ചുറ്റും മുഴങ്ങുന്നു. ചുവപ്പും, ചുവപ്പും, നീലയും വർണ്ണങ്ങളുള്ള തുണികൾ കണ്ണാടിക്കു സമീപം. വിരിയാത്ത ചുവന്ന പൂക്കളുടെ മൊട്ടുകളും.)
മുറിയിലെ ഇരുട്ടിനെ മാറ്റിനിർത്തികൊണ്ട് അവൾ കണ്ണാടിയിലേക്ക് ഉയരുന്നു. വെളിച്ചത്തിൽ അവളുടെ മുഖം കാണുന്നു.
ദേഷ്യത്തോടെ അടഞ്ഞ കണ്ണുകൾ തുറന്നു.
(ദേഷ്യത്തിന്റെ നിരാശയുടെ സങ്കടത്തിന്റെ ഭാവം മുഖത്തു പടരുന്നു.)

ഷോട്ട് 6 - Medium Shot - Mirror View
ഇരുട്ടിലും കണ്ണാടിക്കു മുന്നിലെ ചുവന്ന വെളിച്ചത്തിൽ അവളുടെ ദേഷ്യവും വിരക്തിയും വ്യക്തം.
വരവുകൾക്കും തിരക്കിട്ടിറങ്ങിപ്പോകലുകൾക്കുമിടയിൽ ശാന്തമാവുന്ന നിരാശാഭവത്തിലേക്ക് പതിയെ അവളുടെ മുഖഭാവം മാറുന്നു.

ഷോട്ട് 7 - Insert Shot
(അവളിൽ അടുത്തിരുന്ന ക്യാമറ അവളിൽ നിന്നും ദൂരേക്ക് ഒഴിഞ്ഞു മാറുന്നു, മുറികളിൽ ഇരുണ്ട ചുവന്ന വെളിച്ചം പതിയെ ഉയർന്നു പൊങ്ങുന്നു. കടലിന്റെ ശബ്ദത്തിന്റെ കൂടെ പ്രതിഷേധങ്ങളുടെ അലയൊലികൾ പിന്നിൽ മുഴങ്ങുന്നു.)

- ഉൾക്കടൽ -
(ടൈറ്റിൽ - ആ മുറികളിൽ അവളെ ചുറ്റികൊണ്ട് ക്യാമറ ചലിക്കുന്നു.)

ഷോട്ട് 8 - Medium Shot
ചുവപ്പും നീലയും കലർന്ന മങ്ങിയ വെളിച്ചത്തിൽ അവൾ തന്റെ മുഖം കണ്ണാടിയിൽ കണ്ടു ജയിലറകൾക്കുള്ളിൽ ഇട്ടതെന്നപോലെ.
(ജയിലഴികളുടെ പശ്ചാത്തലത്തിൽ അവൾ തന്റെ മുഖം കണ്ണാടിയിൽ കാണുന്നു. മുഖത്തെ ക്ഷീണം വ്യക്തം.)

ഷോട്ട് 9 - Insert - Closup
വാഷ് ബേസിലുള്ള പൈപ്പിൽ നിന്നും വീഴുന്ന വെള്ളത്തിലേക്ക് അവളുടെ കൈകൾ നീളുന്നു.

ഷോട്ട് 10 - Insert - Closup
(കണ്ണാടിക്ക് പുറത്തായി)
കൈകൾ കൊണ്ട് വെള്ളം മുഖത്തേക്ക് തെറിപ്പിക്കുന്നു.

ഷോട്ട് 11 - CloseUp - Mirror - Reaction Shot
തന്നെ തന്നെ നോക്കി നിൽക്കുന്നു.
(കണ്ണാടിയിൽ മുഖം വ്യക്തം. ഫ്രസ്‌ട്രേഷന്റെ സംഗീതം അവളുടെ കാതുകളിലേക്ക് കടന്നുവന്നുകൊണ്ട് കണ്ണാടിയിലെ അവളുടെ ദേഷ്യം കലർന്ന മുഖം അടുത്തേക്കായി വരുന്നു.)

ഷോട്ട് 12 - CloseUp - Mirror - Reaction Cut Shots
(അവളുടെ മുഖം അടുത്തേക്കായി വരുന്നതിനിടയിൽ)
ദേഷ്യം നിറഞ്ഞ മറ്റു പല പാതി മുഖങ്ങളും കണ്ണാടിയിൽ അവൾ കാണുന്നു.
ഫ്രസ്‌റ്റേഷനുകളുടെയും, ദേഷ്യത്തിന്റെയും, ഉപദ്രവത്തിന്റെയും, പീഡയുടെയും, അസഹ്യതയുടെയും കണ്ണുകൾ. തനിക്കു പരിചയമില്ലാത്ത പാതി മുഖങ്ങൾ.
ഫ്രസ്‌റ്റേഷനിൽ നിന്നും ഭയത്തിലേക്കു മാത്രമായി അവളുടെ കണ്ണുകൾ മാറി.

ഷോട്ട് 12 - CloseUp - Two Shot
ഫ്രസ്‌റ്റേഷനിൽ നിന്നും ഭയത്തിലേക്കു മാത്രമായി മാറിയ അവളുടെ കണ്ണുകൾ.

ഷോട്ട് 13 - Extreme CloseUp
കൈകളിൽ നിറഞ്ഞൊഴുകുന്ന വെള്ളം മുഖത്തേക്ക് ഒരു ഞെട്ടൽ പോലെ ഒഴുക്കി.
(കണ്ണാടിക്കു വെളിയിൽ)

ഷോട്ട് 14 - Extreme CloseUp - Zoom
വീണ്ടും അവൾ അവളുടെ കണ്ണുകൾ നോക്കി അൽപ്പനേരം കണ്ണാടിക്കുമുന്നിലായി തന്നെ നിൽക്കുന്നു.

ഷോട്ട് 15 - Extreme CloseUp - Zoom
"കടൽ" - അമ്മയുടെ പാകമാർന്ന വിളി.
നിശബ്ദതയിൽ ഉയർന്ന ശബ്ദത്തിൽ അവൾ ഞെട്ടുന്നു. കണ്ണുകൾ വിറങ്ങലിച്ചതു പോലെ.
അവളിലേക്ക് ക്യാമറ അടുക്കുന്നു.
(പിന്നിൽ നിശബ്ദമായി ഒഴുകുന്ന കടലിന്റെ ശബ്ദം - കണ്ണാടിക്കുള്ളിലേക്ക് ക്യാമറ കടന്നു ചെല്ലുന്നു.)

ഷോട്ട് 16 - Dutch Tilt
"കടൽ" - വീണ്ടും അമ്മയുടെ പാകമാർന്ന വിളി.
"ഉം" - അവൾ മൂളുന്നു. ഒരു തടവുകാരിയുടെ നിശ്വാസം.
(അവൾ തലയുയർത്തുന്നു.)

ഷോട്ട് 17 - Medium Shot - Back View
"കടൽ" - അമ്മ ആവർത്തിച്ച് വിളിക്കുന്നു.
"ഇനിയും മാറിയില്ലേ മോളെ പേടി..."

ഷോട്ട് 18 - CloseUp
"ഉം" - അവൾ മൂളുന്നു. (കണ്ണാടിക്കു വെളിയിൽ)
(കടൽ കണ്ണുകളടയ്ക്കുന്നു. തന്റെ ദിവസത്തെ പേടിപ്പെടുത്തുന്ന, ഫ്രസ്‌ട്രേഷനുണ്ടാക്കുന്ന യാത്രകളും മുഖങ്ങളും കടന്നുവരുന്നു.)

ഷോട്ട് 19
(കടലിന്റെ കണ്ണുകളിലൂടെ മാത്രം കാണുന്നു. - മെട്രോയിലെ കാഴ്ചകൾ)
അതികാലത്തുണരലുകൾക്കുശേഷമുള്ള യാത്രകൾക്കിടയിൽ എവിടെയോ!
തിരക്കുള്ള മെട്രോയിൽ തനിക്കു ചുറ്റും തന്നെ നോക്കുന്ന കണ്ണുകൾ. പല ഭാവങ്ങളിൽ തന്റെ നേർക്ക് പതിയുന്നു.
പുരുഷന്മാരും സ്ത്രീകളും. പല മുഖങ്ങളിൽ നിന്നും തന്റെ കണ്ണുകൾ മറ്റു കണ്ണുകളിലേക്ക് പറിച്ചു നടുന്നു.
എല്ലാം ഫ്രസ്‌റ്റേഷനുകളുടെയും, ദേഷ്യത്തിന്റെയും, ഉപദ്രവത്തിന്റെയും, പീഡയുടെയും, അസഹ്യതയുടെയും കണ്ണുകൾ, മുഖങ്ങൾ.

ഷോട്ട് 20 - CloseUp - POV Angle
തെരുവുകളിൽ നൃത്തം ചെയ്യുന്ന കാലുകൾ. 

ഷോട്ട് 21 - Wide 
കടുംവെളിച്ചം, ഉച്ചിയിലെത്തിയ സൂര്യൻ.
എങ്കിലും എല്ലായിടത്തും ഇരുട്ട്.

ഷോട്ട് 22 - Medium - POV Angle
മെട്രോയിൽ നിന്നും ഇറങ്ങുമ്പോൾ കയറാൻ നിൽക്കുന്നവരുടെ ഇടയിൽ നിന്നും ചിലരുടെ കണ്ണുകൾ കാണുന്നു.
തിരക്കുള്ള വെളിച്ചം വീഴാത്ത വഴികളിലും തന്റെ നേർക്ക് പതിക്കുന്ന കണ്ണുകൾ.

ഷോട്ട് 23 - CloseUp - Tilt - Mirror View
(കണ്ണാടിയിൽ)
"കടൽ" - വീണ്ടും അമ്മയുടെ പാകമാർന്ന വിളി.

ഷോട്ട് 24 - ClosUp
(കണ്ണാടിക്ക് പുറത്)
"ഉം" - അവൾ മൂളുന്നു. 

ഷോട്ട് 25 - CloseUp - Dutch Tilt - Mirror View
(കണ്ണാടിയിൽ)
"ഫ്രസ്‌ട്രേഷൻ മാത്രം ഉണ്ടായിട്ടു കാര്യമില്ലല്ലോ. പ്രതികരിക്കുകകൂടി വേണ്ടേ. എന്തിനോടായാലും. പ്രതികരിക്കാനൊക്കെ ശീലിക്കൂ, ഇനി അതൊരു ചെറു ചിരിയാണേൽ അങ്ങനെ."

ഷോട്ട് 26 - Medium Shot - Dolly
"മോളെ, ഈ ലോകത്ത്‌ സ്വയം ചിന്തിക്കാൻ കെൽപ്പില്ലാത്തവരുടെ കാട്ടിക്കൂട്ടലിൽ ആർക്കെങ്കിലും എന്തെങ്കിലും ഒക്കെ നഷ്ടപെട്ടിട്ടുണ്ടാവും."
(മുഖത്ത് സങ്കടം കലർന്ന ഭാവം)

അമ്മയൊരു കാര്യം കാര്യം പറയട്ടെ, തന്റെ ചെയ്തിയെയല്ലേ മറ്റുള്ളവർ പ്രതികരിക്കുക. നീയൊന്നു നിന്നെത്തന്നെ നോക്കി നോക്കൂ.."  - അമ്മ

ഷോട്ട് 27 - Dutch - Tilt 
അവൾ

ഷോട്ട് 28 - Medium Shot - Back View
"പ്രതികരിക്കേണ്ടത് നമ്മളാണ്. നമ്മളുടെ പ്രതികരണങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുന്ന സമയങ്ങളുണ്ട്. കണ്ണുകളിലെ ശാന്തതപോലും.

ഷോട്ട് 29 - Medium Shot - Out Door
എല്ലായിടത്തും തലകുനിഞ്ഞുകൊണ്ട് പേടിച്ചരണ്ട ഭാവത്തിൽ അവൾ നിൽക്കുന്നു.
(മറ്റു കണ്ണുകളുടെ കാഴ്ചയിലൂടെ തന്നെ കാണുന്നു.)
താൻ കണ്ട എല്ലാവരുടെയും കണ്ണുകളിലൂടെ കടൽ തന്നെ കാണുന്നു.
വികൃതമായ തന്റെ മുഖം കാണുന്നു. ദേഷ്യവും, ദുഖവും നിറഞ്ഞ തന്റെ കണ്ണുകൾ, കാണുന്നു.
ദേഷ്യവും, ദുഖവും നിറഞ്ഞ വാർദ്ധക്യം ഏറിയ മറ്റു പല കണ്ണുകളും തന്റേതെന്നപോലെ കാണുന്നു.

ഷോട്ട് 30 - Medium Tilt
(എന്തോ ചിന്തിക്കുന്നതെന്നപോലെ കടൽ കണ്ണാടിക്കുമുന്നിൽ പുറം തിരഞ്ഞു നിൽക്കുന്നു.)
"നമുക്കൊക്കെ ഫ്രസ്‌ട്രേഷൻ കാണിക്കാനുണ്ട്, പ്രതികരിക്കാനുണ്ട്. പക്ഷെ അതെവിടെയാണ്.?"
ഉൾക്കടലിന്റെ കൂടെ തിരയൊന്നാഞ്ഞടിച്ചാൽ തീരാവുന്നതേയുള്ളു ഈ ലോകം. പക്ഷെ..!"
(പിന്നിൽ പ്രതികരണങ്ങളുടെ ഒച്ചപ്പാടുകൾ - അവൾ സോഫയ്ക്കരികിലേക്കായി നടക്കുന്നു.)

ഷോട്ട് 31 - Medium Tilt
സോഫയിലേക്ക് നടന്നെത്തി മലർന്നുകിടന്നുകൊണ്ട് പതിയെ ചിരിക്കുന്നു.
(വിരിഞ്ഞ ചുവന്ന പൂക്കൾ സോഫയ്ക്കരികിൽ.)
ചുവന്ന പൂക്കളുള്ള സോഫയിലെ വരികളിൽ അവളുടെ ശരീരം സന്തോഷത്തിലേക്ക് ട്രാക്ക് ചെയുന്നു. 
(ഒറ്റപ്പെടലിന്റെ, ഫ്രസ്‌ട്രേഷന്റെ, പേടിയുടെ ദൂരത്തിൽ എന്തൊക്കെയോ അകലുന്നു.അവളുടെ മുഖം പതിയെ സന്തോഷവുമായി കൂടി കലരുന്നു. മുറിയിൽ ചുവന്ന വെളിച്ചം പടരുന്നു.)

ഷോട്ട് 31 - Medium Track
"അതെ കടൽ, നമ്മുടെയൊക്കെ ഒരേയൊരാസക്തി നമ്മൾ മാത്രമായി മാറരുത്".


ഷോട്ട് 32 - Wide - Zoom
ചോരയുടെ, കിനാവുകളുടെ, നഷ്ടപെടലിന്റെ നഗരമാവുന്ന ആ മുറിയിൽ നിന്നും തിരക്കുള്ള മറ്റൊരു നഗരം ആ കണ്ണുകളിൽ കയറിയിറങ്ങുന്നു.
വെളിച്ചം പരന്ന നഗരത്തിന്റെ കാഴ്ചകളിൽ മെട്രോ പായുന്നു.
സോഫയിൽ കിടന്ന് മങ്ങിയ രീതിയിൽ ചിരിച്ചുകൊണ്ട് ദൃഢമായ സന്തോഷത്തിലേക്ക് നീങ്ങുന്നു.
(പതുങ്ങിയ ശബ്ദത്തിൽ എവിടെയോ സംഗീതം മുഴങ്ങുന്നു.-പ്രതികരിക്കേണ്ടുന്ന, സന്തോഷിക്കേണ്ടുന്ന - സ്വാതന്ത്ര്യത്തിന്റെ വരികൾ.)

സീൻ 2 

ഷോട്ട് 33 - Wide - Track
(കടലിന്റെ കാഴ്ചയിൽ)
ചോരയുടെ, കിനാവുകളുടെ, നഷ്ടപെടലിന്റെ നഗരമാവുന്ന ആ  മുറിയിലെ സോഫയിൽ വാർദ്ധക്യം നിറഞ്ഞൊരു സ്ത്രീ ഇരിക്കുന്നു. സ്ത്രീയിൽ നിന്നും വാതിലിനു പുറത്തേക്ക് കാഴ്ചകൾ നീളുന്നു.
(മുന്നിലുള്ള ടീപ്പോയുടെ മുകളിൽ പുസ്തകങ്ങൾ വാരി വലിച്ചിട്ടിരിക്കുന്നു.)

ഷോട്ട് 34 - Middle - Track
നിശബ്ദതയിൽ വാർദ്ധക്യം നിറഞ്ഞ സെക്യൂരിറ്റി ചിരിക്കുന്നു. കടലിനോടുള്ള മറുപടിയെന്നപോലെ.
(മതാചാരങ്ങളുടെ ചേഷ്ടകളിൽ നിന്നും ഒഴിഞ്ഞുമാറിയ സെക്യൂരിറ്റിയുടെ രൂപം)
അയാൾ ദൂരേക്ക് മറയുന്നു. (കടൽ ദൂരേക്ക്‌ നടക്കുന്നത് പോലെ).

ഷോട്ട് 35 - Wide - Out
വീണ്ടും ഉച്ചിയിലെത്തിയ സൂര്യൻ.
"തന്റെ മൗനമേതുവിധമെന്നറിയുന്നതതുമാത്രം,
തന്റെ എളിയ വാക്കുകൾ വരുന്നതെവിടുന്നെന്നും.
അനന്തം അഗാധം സ്വയം "

-End-

വർഷം

കാമുകി ,

നീ എന്റേതല്ല. നീ നിന്റേതുതന്നെയാണ്. നീ നീയാണ്.
അതെ, നീ നീയായ് തന്നെ നിലകൊള്ളുക. കൈയെത്തുമിടത്തിരിക്കുമാനന്ദത്തിൽ നിന്നു
പിന്തിരിയേണ്ട.
ജീവിതത്തിലെ വേനലും, മഴയും, പൂക്കാലവും സ്വയം അനുഭവിക്കുക,
മാറി മറയുന്ന ഓരോ ഋതുവിലും ജീവിതത്തിന്റെ താളം കണ്ടെത്തി ശാന്തിയും സന്തോഷവും അനുഭവിച്ചറിയുക.

ആരും വഴിമാറി എങ്ങുമെത്തുന്നില്ല,
തിരഞ്ഞെടുക്കുന്ന വഴികളാണ് അനുഭവങ്ങളിലൂടെ ജീവിതമായി പ്രതിഫലിക്കുന്നത്. അനുഭവിക്കാത്ത വഴികളെക്കുറിച്ചു നമുക്ക് എങ്ങനെ പറയാൻ കഴിയും?
അനുഭവിക്കുന്ന വഴികളിലെ സംതൃപ്തിയിൽ നിന്റെ ഋതുക്കൾ സമയ നിബിഢമായി മാറിവരുന്നുണ്ടോ എന്ന് സാരം.
വർത്തമാനത്തിൽ നിന്നുകൊണ്ട് പ്രണയത്തിന്റെ കൊടുമുടിയിൽ കയറി പ്രണയത്തെകുറിച്ചുള്ള ഭാവി സ്വപ്നങ്ങളെ പിഴുതെറിയാൻ കഴിയേണ്ടതുണ്ട്.

വാക്കുകൾകൊണ്ട് പ്രണയത്തെ വർണിക്കാനേ കഴിയുകയുള്ളു.
എന്റെ പ്രണയം അത് നിന്നിലാണ്, പ്രണയംകൊണ്ട് നീ അതിനെ നേരിടുക, നിനക്ക് മടുക്കും വരെ.

ഒറ്റയ്ക്കൊരു മുന്തിരിപ്പഴമായിരുന്നതല്ലേ
നിങ്ങൾ?
ഇന്നു മധുരിക്കുന്ന മദിര നിങ്ങൾ-
പിന്നെയുമൊരു മുന്തിരിപ്പഴമാകണമെന്നുണ്ടോ
നിങ്ങൾ?
ഈ ചോദ്യം പല രീതിയിൽ പലകുറി റിൽക്കെയെ പോലെ നീ കേൾക്കും അപ്പോഴും ഈ ചങ്ങാത്തം വിട്ടുപോകാനൊരു മുടന്തൻന്യായവും തിരയേണ്ട.
വർഷങ്ങൾ ഇങ്ങനെ കഴിയും തോറും അറ്റമില്ലാത്ത ആകാശത്തിൽ പാറി പറക്കുന്ന പ്രണയത്തിൻ ഇന്ദ്രജാലത്തിലെ ആനന്ദപ്പറവ നമ്മൾ.

എന്ന്
കാമുകൻ.

കാമുകി - രാത്രി

14 കര്‍ക്കടകം 1193
ദില്ലി

പ്രിയപ്പെട്ട കാമുകി,


രാത്രിയായി കഴിഞ്ഞിരിക്കുന്നു. നീ ഉറങ്ങിയിരിക്കുന്നു.

ചിലന്തി വലകളിൽ നിന്നും രക്ഷപെടുന്ന കൊതുകുകളെ സൂക്ഷ്മമായി നോക്കി നിന്നുകൊണ്ട് ഞാൻ എന്നെ പോലും മറന്നുപോവുന്നു.
എന്നിട്ടും എവിടെനിന്നോ കാമുകാ എന്ന നിന്റെ വിളി ഞാൻ കേൾക്കുന്നു.
നീ വരില്ലെന്നറിഞ്ഞിട്ടും ഞാൻ നിനക്കായി കാത്തിരിക്കുന്നു.
അല്ലെങ്കിലും, നിശ്ശബ്ദതയ്ക്കും വാക്കുകൾക്കും അപ്പുറത്താണല്ലോ നിന്റെ പ്രണയത്തിന്റെ സൂക്ഷ്മതകൾ.

കൊടുമുടിയിൽ നിന്നുകൊണ്ട് പ്രണയിക്കാൻ വിടാത്ത, ആഗ്രഹം തോന്നുമ്പോൾ നിന്റെ ശബ്ദം കേൾക്കാൻ കഴിയാത്ത, ഒന്ന് തലോടാൻ കഴിയാത്ത ഈ ദൂരത്തോട് എനിക്ക് ദേഷ്യം തോന്നുന്നു.

ചേർത്തുപിടിച്ചുകൊണ്ട് കൂടെ ദൂരകാഴ്ചകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ആ ആഗ്രഹങ്ങൾകൊണ്ട് കഴിഞ്ഞ രാത്രികളിൽ തുടങ്ങിയ നിശബ്ദതയെ ഞാൻ കീറിമുറിക്കുന്നു.

അപ്പോഴും നീ നിശബ്ദമാണ്. നിന്നിൽ ദേഷ്യമാണ്.

ദേഷ്യം കൊണ്ട് പ്രണയം മറച്ചു വയ്ക്കുന്നു. സ്വയം സങ്കടപെടുന്നു.
ഒരു വഴിയേയുള്ളു, നീ എന്റെ ഉള്ളിലേക്കിറങ്ങുക.
എനിക്ക് നിന്നെ പ്രണയിക്കാനുള്ള പ്രചോദനമേതെന്ന് കണ്ടെത്തുക; നിന്റെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് അതിന്റെ വേരുകളോടിയിട്ടുണ്ടോയെന്ന് നോക്കുക.
ഇതെന്തൊരു ഗതി എന്നൊരവസ്ഥയിലേക്കു താനെത്തിയിട്ടുണ്ടോയെന്നു സ്വയം ചോദിക്കുക.

ശേഷം, തിരക്കുള്ള പ്രഭാതത്തിൽ മഴചാറുന്ന ബസ് സീറ്റിലിരുന്നുകൊണ്ട് ഇങ്ങനെ സ്വയം ചോദ്യം ചെയ്യുക 'ഞാൻ പ്രണയിക്കണോ?

സത്യസന്ധമായ ഒരുത്തരത്തിനായി തനിക്കുള്ളിലേക്ക് ആഴത്തിലാഴത്തിൽ കുഴിച്ചിറങ്ങുക. മുഴങ്ങുന്നൊരു സമ്മതമാണു മറുപടിയെങ്കിൽ,
ഗൗരവപൂർണ്ണമായ ആ ചോദ്യത്തെ ‘പ്രണയിക്കാം’ എന്ന ലളിതമായ പുഞ്ചിരിയോട് കൂടി ഇളം കാറ്റിനാൽ തന്നെപ്പോലും മറന്നുപോവുന്നുവെങ്കിൽ, നിനക്കതിന്മേൽ സ്വന്തം ജീവിതം പടുത്തുയർത്താം. ഇപ്പോഴതു നിന്റെ ജീവിതാവശ്യമായി മാറിയിരിക്കുന്നു.
അതിലുള്ള ത്വരയാണ് ഇനിയങ്ങോട്ടുള്ള നിന്റെ ജീവിതം.
ആ ജീവിതത്തിൽ തെറ്റും ശെരിയും ഒന്നുമില്ല. അതിരുവിട്ട അരിത്മെറ്റിക്സില്ല.
ഏതു നിമിഷവും ഉണങ്ങാവുന്നതോ അല്ലെങ്കിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാവുന്നതോ ആയ വേരുകൾ മാത്രം.

പ്രണയം ഒരിക്കലും ഒരു കാര്യവും അത്ര സൂക്ഷ്മമായി പരിശോധിക്കില്ല.

ഓരോ രാത്രികളും ആവർത്തനങ്ങളില്ലാതെ കഴിഞ്ഞ ദിവസങ്ങൾ പോലെ പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്നതാവാം.
ചില രാത്രികളിൽ പൊട്ടിച്ചിരികളും ചിലപ്പോൾ നിശബ്ദതയും ആവാം.
കാത്തിരിപ്പുകൊണ്ട് ഉറക്കം വീഴുന്ന രാത്രികളുമാവാം.
സ്വപ്നം കാണുന്ന മനുഷ്യരെന്ന കാരണം കൊണ്ട് പ്രവചിക്കാൻ പറ്റാത്ത വികാര പ്രവേശനങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ടല്ലോ.

മുഷിക്കാതെ ഞാൻ വീണ്ടും പറയുന്നു.

എനിക്ക് നിന്നെ അത്രയേറെ ഇഷ്ടമാണ്.
ദൃഢമായ സൗഹൃദമില്ലാതെ ഒരു പ്രണയത്തിനും എന്റെ ജീവിതത്തിലേക്കുള്ള ദീര്‍ഘകാലത്തേക്കുള്ള അടിത്തറ പാകാനാവില്ല എന്ന് ഞാൻ ഓർമിപ്പിക്കട്ടെ.

ഒരു കാര്യം കൂടിയുണ്ട്. ഇല്ല, ഒന്നുമില്ല, ഓമനച്ചുണ്ടുകളേ!


എന്ന്,

അനേകായിരം വസന്തത്തിൽ വിരിഞ്ഞ പ്രണയത്തോടെ
കാമുകൻ.

സ്വാതന്ത്ര്യം

ആകാശത്തിൽ ചുവപ്പു വീണു.
ആൾത്തിരക്കിനിടയിലും നഗരത്തിൽ ഏഴു നിറങ്ങളും മിന്നി തിളങ്ങുന്നു.
കച്ചവട കേന്ദ്രങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ സംഗീതം ചുവന്ന ആകാശത്തിലേക്ക് ഉയർന്നു പൊങ്ങുന്നു.

നീതി പൂർവമല്ലാതെ കഷ്ടിച്ച് നൃത്തം ചെയ്തുകൊണ്ട് ചുംബിച്ചു നടന്നു പോവുന്ന രണ്ടു പുരുഷന്മാർക്കിടയിലൂടെ അവൾ കടയ്ക്കരികിലേക്ക് നടന്നു പോയി സിഗരറ്റിനു തീ കൊളുത്തി. തീയുടെ വെളിച്ചത്തിൽ അവളുടെ ചിരിക്കുന്ന മുഖം പുകകൊണ്ട് മറഞ്ഞു.

ആകാശത്തേക്ക് പുകയൂതിവിട്ടുകൊണ്ട് അവൾ അയാൾക്കരികിലേക്കായി തിരിച്ചു നടന്നു.
കടയിൽ അടുക്കിവെച്ച ഹിന്ദു ദൈവങ്ങളുടെയും ചിരിക്കുന്ന ക്രിസ്തുവിന്റെ പാവകളും, ഹാസ്യ ചിത്രങ്ങളും നഗരത്തിന്റെ സ്വാതന്ത്ര്യത്തെ വിളിച്ചു പറയുന്നു. 

സിന്ധ്യ - (ചാര നിറമുള്ള ശരീരത്തിൽ ചുവന്ന ചുണ്ടുകൾ, തലയ്ക്കു ചുറ്റും ആഭരണം പോലെ ചുറ്റി നിറഞ്ഞൊഴുകുന്ന ചുരുള മുടികൾ. വെളുത്ത കണ്ണുകൾക്ക് ചുറ്റും പരന്നു കിടക്കുന്ന കറുത്ത കണ്മഷികൾ. സന്തോഷത്തിന്റെ മറ്റൊരു രൂപം. സിന്ധ്യ.)


ആർവി : സിദ്ധ്യാ, പലതവണ പറഞ്ഞിട്ടുണ്ട് എന്റെ അടുത്ത് വന്നു വലിക്കരുതെന്ന്.


സിന്ധ്യ : എടാ ഇനി അധിക കാലമൊന്നും വലിക്കാൻ പറ്റില്ലല്ലോ.


(സിഗരറ്റു കുറ്റി അടുത്തുള്ള ആസ്ട്രേയിൽ കുത്തിക്കെടുതികൊണ്ട് സിന്ധ്യ അയാളുടെ ചുണ്ടുകളെ ചുംബിക്കാനെന്നവണ്ണം അടുത്തേക്ക് നീങ്ങി.

അവളുടെ മുഖം തള്ളി മാറ്റി ഇരുന്നിടത്തു നിന്നും എഴുനേറ്റു ആർവി മറുപടി പറഞ്ഞു.)

ആർവി : അല്ലെങ്കിലും വലിക്കുന്നവർ അധിക കാലമൊന്നും പോവില്ല.


(സംസാരിച്ചുകൊണ്ട് സ്‌മോക്കിങ് സോണിൽ നിന്നും ആർവി എഴുന്നേൽക്കുന്നു.

നിറങ്ങൾ മിന്നിമറയുന്ന വഴിയിലൂടെ ആർവി നടന്നു, ആർവിയുടെ കൂടെയെന്നോളം സിന്ധ്യയും.)

ആഘോഷങ്ങളുടെ നഗരം. സ്വാതന്ത്ര്യത്തിന്റെ നഗരം. സംഗീതവും നിറങ്ങളും ചുവന്ന നഗരത്തിൽ പന്തലിച്ചു.

കുട്ടികൾ ചിരിച്ചുകൊണ്ട് പാട്ടു പാടുന്നു. വൃദ്ധരായ ജോഡികൾ ചിരി മുഴക്കുന്നു.

സിന്ധ്യ : ആർവി, നമുക്കതു ഒന്നുകൂടെ ചിന്തിക്കണം.


ആർവി : സിദ്ധ്യാ ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, മെന്റലി പ്രിപ്പേഡ്‌ അല്ലെങ്കിൽ നീ പ്രെഗ്നൻസിയെപ്പറ്റി ചിന്തിക്കരുതെന്ന്.


(ആർവിയുടെ മുഖത്ത് ചിരിച്ചുകൊണ്ടുള്ള ദേഷ്യം കടന്നുവരുന്നു. സിന്ധ്യ മറുപടിയൊന്നും പറയാതെ ആർവിയെ നോക്കി മുഖം കൊണ്ട് ഗോഷ്ടികൾ കാട്ടി ചിരിക്കുന്നു. അൽപ്പ സമയത്തിന് ശേഷം ആർവി സംഭാഷണം തുടരുന്നു.)


ആർവി : കുറച്ചു കാലം കൂടെ ഇങ്ങനെയൊക്കെ പോട്ടെന്നേ. ഇവിടെ വേനല് വീഴുമ്പോൾ നമുക്ക് ഗുൽമോർഗിലേക്ക് പോവാം. കുറച്ചു മാസം ഫ്രീ ആയി ഇതേ പോലെ പറക്കാം.


സംഗീതത്തിന്റെ ശബ്ദം കൂടി വരുന്നു.

നടന്നു പോകുന്ന വാർദ്ധക്യവും, യൗവനവും ഒരുപോലെ തന്റെ ശരീരം കൊണ്ട് ചുവടുകൾ വയ്ക്കുന്നു.


സിന്ധ്യയും പതിയെ നടന്നുകൊണ്ടു ചുവടുകൾ വയ്ക്കുന്നു.

ഓപ്പൺ ബാറിന്റെ മുന്നിൽ നൃത്തം ചെയുന്ന വലിയൊരു കൂട്ടത്തിനു മുന്നിലേക്കവർ എത്തിച്ചേരുന്നു. സംഗീതത്തിന്റെ ചുവടുപിടിച് സിന്ധ്യ ആൾക്കൂട്ടത്തിനിടയിലേക്ക് ചുവടുകൾ വച്ചുകൊണ്ട് ഇറങ്ങി ചെല്ലുന്നു.


സിന്ധ്യ ആർവിയെ നൃത്തം ചെയ്യാൻ എന്നോളം വലിക്കുന്നു, അൽപ്പ നേരം നൃത്തം ചെയ്തുകൊണ്ട് തനിക്കു മുന്നിലുള്ള ഓപ്പൺ ബാറിന്റെ ഡെസ്കിൽ നിന്നും ആർവി ഒരു പെഗ് മദ്യം നിറച്ച ഗ്ലാസ് കൈലേക്കെടുത്തുകൊണ്ട് സിന്ധ്യയുടെ കൂടെ വീണ്ടും നൃത്ത ചുവടുകൾ വയ്ക്കാൻ നീങ്ങുന്നു.

സിന്ധ്യയ്‌ക്ക്‌ നേരെ മദ്യം നീട്ടുന്നു, സന്തോഷത്തോടെ അവൾ നിരസിക്കുന്നു.

സംഗീതത്തിന്റെ ആവേശം കൂടി വരുന്നു.


ആർവി : വൺ മോർ ലാർജ് പ്ലീസ്.


(ആർവി നൃത്തം ചെയ്തു കൊണ്ട് വീണ്ടും ഓപ്പൺ ബാർ കൗണ്ടറിലേക്ക് ചെന്നു.)


ബാർ ബോയ് : ഇപ്പോൾ തരാം.


(ചിരിച്ചുകൊണ്ട്)


നിറങ്ങൾ നൃത്ത ചുവടുകൾ വയ്ക്കുന്ന കാലുകൾക്കുള്ളിലൂടെ തട്ടി മറയുന്നു.

നൃത്ത പെയ്ത്തിൽ നിന്നും ഒരാൾ വന്ന് ആർവിയുടെ പേര് ഉറക്കെ വിളിച്ചുകൊണ്ട് ആർവിയെ കെട്ടിപ്പിടിക്കുന്നു.

അപരിചിതൻ : സിന്ധ്യയെവിടെ.


ബാർ ബോയ് ആർവിയുടെ നേർക്ക് മദ്യമൊഴിച്ച ഗ്ളാസ് നീട്ടി, അയാൾ ഗ്ലാസ് കൈലേക്ക് വാങ്ങിക്കൊണ്ട് സിന്ധ്യയെ ചൂണ്ടി കാണിച്ചു.

രണ്ടുപേരും സിന്ധ്യയുടെ അടുത്തേക്കായി നീങ്ങുന്നു.

(സിന്ധ്യ - അയാളുടെ പേര് ഉറക്കെ വിളിച്ചു കെട്ടിപ്പിടിച്ചുകൊണ്ട് അയാളോടായി ചോദിക്കുന്നു.)


സിന്ധ്യ : ഇപ്പഴും ഒറ്റയ്ക്കാണോ?


(അയാൾ ചിരിക്കുന്നു.)


സിന്ധ്യ : ഒരു മാറ്റവും ഇല്ല.


ആർവി : ഇതൊക്കെ റെയർ പീസാണ്. ചിന്തകൾ മാറുമ്പോൾ ജീവിത രീതിയും മാറും. അല്ലെ മുരളി.


മുരളി : ആരും ഒറ്റയ്ക്കല്ലാത്ത ഈ കാലത്തു, ഒറ്റയ്ക്ക് നടക്കാനാണ് സുഖം.

പിന്നെയിതൊരു സ്വപ്‌നമല്ലേ, ബൗണ്ടറിക്ക് പുറത്തിറങ്ങിയാൽ മറ്റൊരു ലോകം നീ കാണും.

അയാൾ ചിരിക്കുന്നു. സംഗീതത്തിന്റെ ശബ്ദം ഉയർന്നു പൊങ്ങുന്നു. അൽപ്പനേരം നൃത്തം ചെയ്തു കൊണ്ട് മറ്റൊരു പരിചയക്കാരന്റെ അടുത്തേക്ക് മുരളി നീങ്ങുന്നു. സിന്ധ്യയും ആർവിയും നൃത്ത ചുവടുകളിൽ മതി മറക്കുന്നു.

സംഗീതത്തിന്റെ ശബ്ദം പതിയെ താഴുന്നു.

സിന്ധ്യ വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി. ആർവി തന്റെ ദേഷ്യം മുഖം കൊണ്ട് പ്രകടിപ്പിക്കുന്നു.

ആർവിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ എന്നോളം സിന്ധ്യ ചുംബിക്കാനായടുത്തു.

ആർവി പുറകോട്ടേക്കായി നീങ്ങി.

നിറങ്ങൾ കൊണ്ട് സ്വാതന്ത്ര്യം ആഘോഷിക്കുന്ന ലോകത്തു നിന്നും ഇരുട്ടിന്റെ ലോകത്തേക്ക് പതിയെ ആർവിയും സിന്ധ്യയും കടന്നു ചെല്ലുന്നു. ഇരുണ്ട ഖല്ലികൾ!

ഇരുട്ടിൽ ആർവിയുടെ മുഖത്തേക്ക് വെളിച്ചം വീണു, വെളിച്ചം സിന്ധ്യയുടെ മുഖത്തേക്ക് കൂടി നീങ്ങുന്നു.


ആർവി : കമോൺ സിന്ധ്യ, ക്രോസ്സ് ദിസ് ബൗണ്ടറി.


അങ്ങിങ്ങായി വെളിച്ചം വീണ ഇരുണ്ട ഖല്ലിയിലേക്ക് ആർവി നടന്നു നീങ്ങുന്നു.

ചിരിച്ചുകൊണ്ട് സിന്ധ്യയും അയാൾക്ക് പിന്നാലെയായി നടക്കുന്നു. വെളിച്ചം വീഴുന്ന ഒരു കോണിൽ വൃദ്ധയായ ഒരു സ്ത്രീ ആർവിയെയും സിന്ധ്യയെയും തുറിച്ചു നോക്കുന്നു. പതിയെ സ്ത്രീയുടെ മുഖത്ത് ചിരി വിടരുന്നു.

പച്ചയും കാവിയും മാത്രം മിന്നിമറയുന്നു. കണ്ണുകൾ തുറിച്ചുകൊണ്ട് മാത്രം മനുഷ്യരെ നോക്കുന്നവർ വെളിച്ചത്തിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കുന്നു. അവിടെ സംഗീതമോ ആഘോഷത്തിന്റെ നിറങ്ങളോ ഇല്ല. എല്ലാം അവനവനു മാത്രം പതിക്കപ്പെട്ട നിറങ്ങൾ മാത്രം.


(ശരീരത്തിൽ ചോരപ്പാടുകളോട് കൂടി ഇരുണ്ട നഗരത്തിൽ നിന്നും ഇറങ്ങിവരുന്ന ഒരാൾ ആർവിയോടായി പറയുന്നു. അയാൾ ഇരുട്ടിലേക്ക് ഓടിയൊളിക്കുന്നു.)


അപരിചിതൻ : മാൻ, ഡോണ്ട് ഗോ ടുഗെതെർ, ദേ ഡോണ്ട് ലൈക് പീപ്പിൾസ്. ദേ ബിലീവിങ് സംതിങ് എൽസ്.


ഭീതിയോടെ സിന്ധ്യയുടെ കണ്ണുകൾ ഖല്ലികൾക്കു ചുറ്റും ഗതിമാറി നീങ്ങിക്കൊണ്ടേയിരുന്നു.

വിശ്വാസങ്ങളുടെ ബലിപീഠങ്ങൾ അവിടെയിവിടെയായി സിന്ധ്യ മനസ്സിലാവാതെ കണ്ടു നിന്നു.

ഖല്ലിയിലെ ഒരു മുറിയിൽ നിന്നും ജനാലയിലൂടെ കറുത്ത പർദ്ദ ധരിച്ച സ്ത്രീ സിന്ധ്യയെ കണ്ടിട്ടെന്നോളം പർദ്ദയുടെ മുഖം തുറന്നു വച്ചുകൊണ്ട് മുഖത്ത് ചിരി വിടർത്തുന്നു.


നീളൻ രൂപത്തോടു കൂടി ഒരു ഭീകര ജീവിയായ മനുഷ്യൻ പുറത്തേക്കിറങ്ങി വരുന്നു. പർദ്ദ ധരിച്ച സ്ത്രീയെ ഭയാനകമായ രീതിയിൽ തുറിച്ചു നോക്കുന്നു. പർദ്ദകൊണ്ട് മുഖം മറച്ചു സ്ത്രീ ഇരുട്ടിലേക്ക് മറയുന്നു.


നിശബ്ദത നിറഞ്ഞ ഇരുട്ടിൽ പൊടുന്നനെ ആൾക്കൂട്ടത്തിന്റെ ഒച്ചപ്പാടുകൾ ഉയരുന്നു.

കൂട്ടം കൂടി നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ പേടിച്ചു വിറച്ചു നിൽക്കുന്ന മുരളിയും മറ്റൊരു സ്ത്രീയും. 

സിന്ധ്യ : ആർവി, ആർവി.. !


(സിന്ധ്യ പേടിയോടു കൂടി ആർവിയുടെ പേര് ആവർത്തിച്ചു വിളിക്കുന്നു.) 


പേടിച്ചുകൊണ്ട് സിന്ധ്യ ആർവിക്കരികിലേക്കായി ഓടുന്നു.


നിർവികാരികതയോടെ മുഖത്ത് ചോരപ്പാടുകളോടുകൂടി പെൺകുട്ടി ആർവിയെ നോക്കുന്നു. 


ജനാലയിലൂടെ കാണുന്ന രംഗങ്ങൾ കണ്ടു തരിച്ചു നിൽക്കുന്ന ആർവി; പേടിച്ചു വിറച്ചു തന്റെ കൈ ചേർത്ത് പിടിച്ച സിന്ധ്യയെ ശ്രദ്ധിച്ചില്ല.


ആർവിയുടെ ശ്രദ്ധ പോകുന്നിടതെന്നോളം സിന്ധ്യ ചെറുതായി മാറി ആർവിയിൽ നിന്നും അകലാതെ തുറന്നു വച്ച വാതിലിലൂടെ അകത്തേക്ക് നോക്കി.


എരിയുന്ന സിഗരറ്റ് ചുണ്ടിൽ പുകച്ചുകൊണ്ട് ഒരാൾ അഴിച്ചിട്ട വസ്ത്രങ്ങൾ കൈലേന്തി പുറത്തേക്ക് ഇറങ്ങാൻ തുനിയുന്നു.


(സിന്ധ്യ ആർവിയെ പിടിച്ചുവലിച്ചുകൊണ്ട് ഓടാൻ ശ്രമിച്ചു.)



ക്ഷേത്രത്തിനു മുന്നിൽ ഒരാൾ വിസർജിക്കാനിരിക്കുന്നു. തൊട്ടടുത്ത് നിന്നുകൊണ്ട്  ചിലർ ഭക്ഷണം കഴിക്കുന്നു.

സിന്ധ്യ : വാ ആർവി നമുക്ക് പോകാം.


ആർവിയെ വലിച്ചുകൊണ്ട് വിറയലോടെ സിന്ധ്യ വേഗത്തിൽ ഖല്ലികൾക്കു പുറത്തേക്ക് കടക്കുവാൻ എന്നോളം നടന്നു. അന്പല മണികൾ പിന്നിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.


പെൺകുട്ടിയുടെ മുഖത്ത് നിന്നും ആർവിയുടെ കണ്ണുകൾ തെന്നിയില്ല.


ആർവി : അവർക്ക് ശബ്ദമില്ല സിന്ധ്യ.


ക്ഷേത്രത്തിനു മുന്നിൽ വിസർജിക്കാനിരുന്നയാളെ മാന്യമായ വസ്ത്രം ധരിച്ചൊരാൾ കൈയിലുള്ള പേനകൊണ്ട്  ചൂണ്ടി സംസാരിക്കുന്നു.


മുറിയിലുണ്ടായിരുന്ന അഴിച്ചിട്ട വസ്ത്രം ധരിച്ച പുരുഷനും, മുരളിക്ക് ചുറ്റും കൂടിയിരുന്നവരും അയാളെ മർദ്ധിക്കാനായി അടുക്കുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ബാല്യങ്ങൾ എഴുനേറ്റു നിൽക്കുന്നു. മുരളിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും സിന്ധ്യയും ഖല്ലിയിൽ നിന്നും വെളിച്ചത്തിലേക്ക് ഓടാൻ ശ്രമിക്കുന്നു.


അക്രമത്തെ തടുക്കാൻ ആർവിയും മുരളിയും ശ്രമിക്കുന്നു.

ആർവിയെ നിർബന്ധപൂർവ്വം സിന്ധ്യ വലിച്ചുകൊണ്ട് ഖല്ലിക്കുപുറത്തുകാണുന്ന വെളിച്ചത്തിലേക്ക് ഓടുന്നു. 

കറുത്ത ഓവ് ചാലിലേക്ക് മുരളി വീഴുന്നു.

ചോദ്യം ചെയ്തയാളുടെ പേന മുരളിയുടെ തലയ്ക്കടുത്തായി ഓവ് ചാലിലേക്ക് വീഴുന്നു. കറുത്ത വെള്ളം വെളിച്ചത്തിനു നേരെ തെറിക്കുന്നു.
അന്പല മണികൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

പേടിച്ചുകൊണ്ട് സിന്ധ്യയും ആർവിയും മുരളിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും മങ്ങിയ വെളിച്ചത്തിൽ ഓടുന്നു.

നിറങ്ങൾ നിറഞ്ഞ സ്വാതന്ത്ര്യത്തിന്റെ ലോകത്ത്‌ അവർ കിതപ്പോടെ ചിരിച്ചുകൊണ്ട് ഓടി നിൽക്കുന്നു.
ഓവ് ചാലുകൾ ചുവക്കുകയും, അന്പല മണികൾ മുഴങ്ങുകയും ചെയുമ്പോൾ,
നിറങ്ങളുടെ ലോകത്ത്‌ മഴവില്ലിനെ കുറിച്ചുള്ള സംഗീതം ഉയർന്നു പൊങ്ങുന്നു.

കാമുകി

24 മേടം1193
ദില്ലി


പ്രിയപ്പെട്ട കാമുകി,


നിന്നെ കണ്ടുകൊണ്ട് ഉറങ്ങുകയും ഉണരുകയും ചെയുന്ന ഈ ക്ഷണത്തിൽ എനിക്ക് നിന്നെ അഗാധമായി പ്രണയിക്കാൻ കഴിയുന്നു.

പരസ്പരം സമർപ്പിക്കാതെ, വാക്കുകൾ കൊണ്ടുപോലും ചങ്ങലകൾ ആഗ്രഹിക്കാത്ത ഒരു കാമുകിയായി നീ ദൂരെ നിൽക്കുമ്പോഴും എനിക്ക് നിന്നെ എന്റെ ആത്മാവിനെക്കാളും പ്രണയിക്കാൻ കഴിയുന്നു.

സ്വപ്നങ്ങളുടെ വേവലാതികളിൽ ക്ഷയിച്ച രാത്രികളിലും നിന്റെ ശബ്ദവും മോഹിപ്പിക്കുന്ന നിന്റെ ഓരോ നോട്ടവും എന്നെ പ്രണയത്തിന്റെ നിഗൂഢമായൊരു ലോകത്തേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

എന്റെ ചുംബനങ്ങൾ മരവിച്ചു തുടങ്ങുന്ന വേളകളിൽ പ്രതീക്ഷകളില്ലാതെ നീയെന്നെ മുത്തമിടുമ്പോൾ  വരണ്ട ചുണ്ടുകളിൽ നനവുകൾ പകരുന്നു, ശരീരം തണുക്കുന്നു.
നിസ്സാരവും ക്ഷണികവുമായ സുഖത്തേക്കാൾ കൂടുതലായി ഉന്നതവും ഉത്കടവുമായ പ്രണയം എനിക്കാസ്വദിക്കാൻ കഴിയുന്നു.

ഓരോ രാത്രികളിലും ഓരോ ആത്മാക്കളെ സൃഷ്ടിക്കുന്ന യൗവ്വനത്തിലെ എന്റെ ഹൃദയത്തെ കുറിച്ച്  ഞാൻ ജനിക്കുന്നതിനു മുന്നേ ബോർഹേസ് ഇങ്ങനെയെഴുതി,


എന്റെ ഹൃദയമിരിക്കുന്നത്

ആർത്തി പിടിച്ച തെരുവുകളിലല്ല,
കാര്യമായിട്ടൊന്നും നടക്കാത്ത ഇടത്തെരുവുകളിൽ,
കണ്ടുകണ്ട് ഉണ്ടെന്നറിയാതായിപ്പോയവയിൽ,
അസ്തമയത്തിന്റെ പാതിവെളിച്ചത്തിൽ
നിത്യത ചാർത്തിക്കിട്ടിയവയിൽ;
പിന്നെ, അവയ്ക്കുമപ്പുറം,
ആശ്വസിപ്പിക്കാനൊരു മരമില്ലാത്ത,
മരണമില്ലാത്ത ദൂരങ്ങളിൽ മുങ്ങിപ്പോയ,
ആകാശത്തിന്റെയും സമതലത്തിന്റെയും വൈപുല്യത്തിൽ
സ്വയം നഷ്ടമായ തെരുവുകളിലും.
ഏകാകിയായ ഒരാൾക്കവ ഒരു പ്രതീക്ഷയാണ്‌;
ഒറ്റയൊറ്റയായ ആത്മാക്കൾ ആയിരക്കണക്കാണല്ലോ,
അവയിലധിവസിക്കുന്നത്,
തെരുവുകൾ ചുരുൾ നിവരുന്നു-
അവയും എന്റെ ദേശം തന്നെ.
ഞാൻ വരച്ചിടുന്ന ഈ വരികളിൽ
അവയുടെ പതാകകൾ പാറട്ടെ.

സ്വപ്‌നങ്ങൾ കാണുന്നൊരാളുടെ മാനസിക സംഘർഷങ്ങൾ എനിക്കെന്റെ കാമുകിയോട് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാതെ വരുന്നു, കൂടെ വന്നുപോയവർക്ക് അത് വിവരിച്ചുകൊടുക്കാൻ എനിക്ക് വാക്കുകൾ തികയാതെ വന്ന രാത്രികളിൽ ഞാൻ എന്നോട് തന്നെ കലഹിച്ചു; കരഞ്ഞു തീർത്തു.


ഏകാകിയായ ഒരാൾക്ക് പ്രണയം അത്രയേറെ പ്രതീക്ഷയാണ്; എങ്കിൽ കൂടിയും പ്രതീക്ഷകളില്ലാതെ എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നു.

സ്വപ്നങ്ങളുടെ ചങ്ങലകളിൽ കുടുങ്ങിപ്പോയ മനുഷ്യന് പ്രണയം നിരാശയുടെ മേൽ തീർത്ത സന്തോഷത്തിന്റെ കവചമാണ്. നിമിഷങ്ങളെ തരം തിരിക്കാൻ കഴിയാത്തവണ്ണം നീ എന്നിൽ സംഗമിച്ചു പോയത് ഞാനറിയുന്നു. സംഗമത്തിൽ ഒന്നിച്ചു ചേർന്ന നദികളെ പോലെ എനിക്കിന്ന് നിന്നോടൊത്തു ഒഴുകാൻ കഴിയുന്നു എന്നത് എനിക്കുപോലും വിശ്വസിക്കാൻ കഴിയാത്ത വണ്ണം സത്യമായിരിക്കുന്നു.

ആത്മപൂജയിൽ മുഴുകിയ വ്യക്തികളെ കണ്ടിട്ടുണ്ടോ എന്റെ കാമുകി?

അവർ അന്ധനും ബധിരനുമാണ്.
സ്വാർത്ഥതയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കി കാണുകയും, തനിക്കപ്പുറം മറ്റൊരു ലോകത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാൻ മടിക്കുകയും ചെയ്യുന്നവർ. അവർക്കൊരിക്കലും ബധിരനു സംഗീതവും, അന്ധന് പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ കഴിയാത്തതുപോലെയുള്ള ഈ വസ്തുത ബോധ്യമാവുകയില്ല. കുറ്റപ്പെടുത്തലുകളും അഭിനയവും കൊണ്ടവർ അരങ്ങിൽ തകർത്താടും.
വസ്തുതകളെ വളച്ചൊടിച്ചുകൊണ്ട് നമ്മുടെ മുന്നിൽ ഉത്തരങ്ങൾ ചോദ്യങ്ങളാക്കി എന്നും നിരാശപെടുത്തികൊണ്ടിരിക്കും.

അവിടെയാണ് കാമുകീ നീ എന്നെ അത്ഭുധപെടുത്തിയിരിക്കുന്നത്.

ശബ്ദത്തിനപ്പുറത്തേക്ക് നിന്നെ ഞാൻ പ്രണയിച്ചു പോയത്. എന്നിലെ നിരാശയും ദേഷ്യവും വാക്കുകളുടെ വികാരങ്ങളിൽ നിനക്ക് തളച്ചിടാൻ കഴിയുന്നു എന്ന് ഞാനറിയുന്നത്.
ആത്മപൂജയ്ക്കപ്പുറത്തേക്ക് ഒരു സ്ത്രീക്ക് ചിന്തിക്കാൻ കഴിയുന്നു എന്ന സത്യം എനിക്ക് ബോധ്യപ്പെടുന്നത്. നീയെന്നെ കേൾക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നത്.

ഓരോ രാത്രികളും നിന്നെകണ്ടുറങ്ങുമ്പോൾ വാർദ്ധക്യത്തെ പറ്റിയുള്ള ചിന്തകൾ എന്നിലേക്ക് കടന്നുവരുന്നു. വാർധക്യത്തിൽ വാടിപോകുന്ന മനുഷ്യന്റെ ശരീരത്തെ ഞാൻ സ്വപ്നം കാണുന്നു.

നാം അകന്നു കഴിയുന്നതിന്റെ യാഥാർഥ്യത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി പറ്റാതാവുന്നു.
ഓരോ നിമിഷവും ഈ നഗരം വിട്ടോടിവരാൻ വെമ്പുന്നു.

സംഗമിക്കുന്ന രണ്ടു നദികൾ പോലെ സ്വന്തമാക്കുക എന്ന നിർബന്ധ ബുദ്ധിയില്ലാതെ ഞാൻ നിന്നോടൊത്തൊഴുകികൊണ്ടിരിക്കുന്നു.

ഭാരമോ, ഏകാന്തതയെ ഒന്നും തന്നെയില്ലാതെ. വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കാതെ.
മടുക്കുന്ന ആവർത്തിക്കപ്പെടുന്ന വാക്കുകളോ ചുംബനങ്ങളോ ഇല്ലാതെ ഒരു കാമുകനായി എനിക്ക് നിന്റെ മുന്നിൽ നിൽക്കാൻ കഴിയുന്നു.
ഭോഗങ്ങളുടെ ആഗ്രഹങ്ങളിൽ കുടുങ്ങികിടക്കാതെ എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നു.

ഈ ലോകത്തോട് എനിക്ക് ഉറക്കെ വിളിച്ചു പറയാൻ തോന്നുന്നു;

'എത്രകാലം എന്നറിയില്ലെങ്കിലും ഞാനിപ്പോൾ എന്റെ കാമുകനെ പ്രണയിക്കുന്നുവെന്ന്' പറഞ്ഞുകൊണ്ട് എന്നെയൊരാൾ പ്രണയിക്കുന്നുവെന്ന്.
സ്വന്തമാക്കുക എന്ന അതിർവരമ്പിനെ ചോദ്യം ചെയ്യാൻ ധൈര്യമുള്ളൊരു സ്ത്രീയുടെ കാമുകനായിരിക്കുന്നുവെന്ന്.
ഞാനെന്റെ കാമുകിയുടെ കാമുകനായിരിക്കുന്നുവെന്ന്.
ഞാനെന്റെ കാമുകിയെ പ്രതീക്ഷകളുടെ വരമ്പുകളില്ലാതെ പ്രണയിക്കുന്നുവെന്ന്.

എന്ന്,

നിന്റെ കാമുകൻ.

ആകാശത്തിലെ അലകൾ

ഇരുട്ടൊരു സ്വപ്നമാണ്.
സ്വപ്നങ്ങളിൽ നിന്നും ഉറക്കം വരാത്ത ഈ രാത്രിയിൽ പുറത്തേക്കിറങ്ങി.
ഇരുട്ടിലും അലകളടിക്കുന്ന സമുദ്രത്തെ പോലെ അവൾ ആകാശത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഒഴുകുന്നു. ആകാശത്തു ആകാശമല്ലായിരുന്നു. അതിലും മനോഹരമായി ഒഴുകുന്നൊരു സമുദ്രമായിരുന്നു.

അന്ധമഹാസമുദ്രത്തിലെ അടിയൊഴുക്ക് പോലാണ് പ്രണയമെന്നു തോന്നിയിട്ടുണ്ടോ?

പരാക്രമത്തിനു വേണ്ടി ജനിക്കുന്ന മനുഷ്യന്റെ തോന്നലുകളായി ഒടുങ്ങും വരെ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന മനസ്സിന്റെ കൗശലമാണത്.

ശരീരത്തിൽ നിന്നും വ്യത്യസ്തമായി ഒരു ഞാൻ ഉണ്ടെന്നു തോന്നുന്ന നിമിഷം, മരുഭൂയിലൂടെ നടന്നു നീങ്ങുന്ന പഥികന്റെ ചുണ്ടുകളെന്നപോൽ തന്റെ ചുണ്ടുകൾ പോലും ദാഹിക്കുന്ന ഈ നിമിഷങ്ങളിൽ, ഒന്നിനെക്കുറിച്ചും ഓർക്കാതിരുന്നിട്ടുകൂടി ഉറക്കം നഷ്ടപെടുന്ന വേളയിൽ,

അറിയാത്ത ഉത്കണ്ഠയിൽ, സ്വയം മറന്നുപോകുന്ന ഈ നൈമിഷികങ്ങളിൽ എന്റെ കാതിൽ അവളുടെ ശബ്ദമുയരുന്നു. അലകൾ ആവർത്തിക്കുന്നു.
മരണം വാപിളർന്നു നിൽക്കുന്നിടത്തൊക്കെ വീണുപോയ നിമിഷങ്ങൾ ഓർത്തുകൊണ്ട് കരയാൻ കണ്ണുകളടയ്ക്കുന്ന നിമിഷം, ഞാൻ അവളിലെ നനവറിയുന്നു.

ആകാശത്തിൽ അലകളിടുന്ന സമുദ്രത്തിൽ നിന്നും അലിഞ്ഞു ചേർന്ന ശാന്തമായ പുഴപോലെ അരികുപറ്റിക്കൊണ്ടവൾ എന്നിലൂടെ ഒഴുകി നടക്കുന്നത് പോലെ തോന്നുന്നു.

ഓരായം നിന്ന സമുദ്രത്തിൽ നിന്നും അകന്നുമാറിയൊഴുകുന്ന നദിയെന്നപോൽ ശാന്തമാണ് പ്രണയം. നദിക്ക് അരികുപറ്റുന്ന ഇരു കരകളെന്നപോലെ ഒരു പ്രണയത്തിന്റെ ദൂരം മാത്രമാണ് നമുക്കിടയിൽ.

ലോകം ഉറങ്ങുമ്പോഴും,

ഞാനെന്റെ മനസ്സിനെ ജയിക്കുന്നു.
ലോകത്തെ ജയിക്കുന്നതു പോലെ എളുപ്പമായിരുന്നില്ല മനസ്സിനെ ജയിക്കുന്നതെന്നു മനസ്സിലാക്കുന്നു.

ഏപ്രിൽ 08

ഒരു രാത്രിയും പ്രഭാതവും നക്ഷത്രങ്ങളെ നോക്കി ഇങ്ങനെ ഈ ഇരുട്ടിൽ കിടക്കുമ്പോൾ എനിക്കെന്നോട് തന്നെ അറപ്പ് തോന്നുന്നു.

ഞാനെന്തൊരു മുരടനാണ്.
വർത്തമാനം പറയാൻ ആളില്ലാത്തൊരു മനുഷ്യൻ.
പ്രണയിക്കാൻ അറിയാത്തവൻ. സ്നേഹമില്ലാത്തവൻ. പ്രതിബദ്ധതയോ ബഹുമാനാവോ ഇല്ലാത്തവൻ.
പ്രിയപ്പെട്ടവരിൽ നിന്നും ഏറ്റുവാങ്ങിയ മനോഹരമായ അലങ്കാരങ്ങൾ എനിക്കിന്ന് നൽകുന്നത് ഉറക്കമില്ലാത്ത ഇങ്ങനെ കുറേ നക്ഷത്രങ്ങളെയാണ്.

സ്വപ്‌നങ്ങൾ കാണാൻ മാത്രം, നഷ്ടപ്പെടാതെ നെഞ്ചോട് ചേർത്തുവച്ച സ്വപ്നങ്ങളെയോർത്തു വീണ്ടും വീണ്ടും കരയാൻ മാത്രം എന്തൊരു വിഡ്ഢിയാണ് ഞാൻ.

ആ വേദനയിൽ, ആ സന്തോഷത്തിൽ,
യുഗങ്ങൾ മറയുമ്പോൾ സ്വയം കൃത്യമായ സങ്കൽപ്പങ്ങളിൽ അക്ഷരങ്ങൾ വാക്കുകളിൽ ഇണ ചേരുകയും, അതേ വാക്കുകൾ എന്നെ തിരസ്കരിക്കുകയും ചെയുന്നു.
ഞാൻ ഇരുട്ടിലിരുന്നു പകരം വീട്ടുന്നു. സ്മാരകങ്ങൾ ഇവിടെ ഉയരുന്നു.

അല്ലെങ്കിലും, മരിച്ചു തീരാൻ ഒരാൾക്കെത്രകാലം വേണം.

അബിദാമ്മ

എന്നെ നോക്കു,
അസ്വസ്ഥതകൾ കൊണ്ട് ക്രോധം കൊണ്ട് ആവേശവും അത്ഭുതവും കൊണ്ട് നാട്യവും വിവേകവും കൊണ്ട് ഒഴുകിനടക്കുന്നവനെ നോക്കു. എന്ത് വൃത്തികെട്ടവനാണ്.

നീതിബോധമുള്ള എന്റെ മനസ്സിന്റെ കോണിലേക്ക് നിങ്ങൾ നോക്കു,
വിശ്വാസവും, അന്തസ്സും, ശാന്തതയും സ്ഥിരതയും നിങ്ങൾക്ക് കാണുന്നില്ലേ?
ഉത്സാഹവും, അയവുള്ളതും, സത്യസന്ധതയും ബോധത്തോടുകൂടി രൂപപ്പെട്ടുവരുന്ന മനുഷ്യന്റെ ഹൃദയം നിങ്ങൾക്ക് കാണുന്നില്ലേ?

പക്ഷെ എനിക്ക് എന്നെ കാണാൻ കഴിയുന്നില്ല,
ക്രോധം കൊണ്ട് കാട്ടി കൂട്ടിയ പലതും ഇന്നെനിക്ക് ഓർമയില്ല. പകരം ഞാൻ കേൾക്കുന്നത് അമ്മയുടെ കരച്ചിലാണ്. നിസ്സഹായനായി നിൽക്കുന്ന അച്ഛന്റെ മുഖമാണ്.
എത്രപേർ നമുക്ക് ചുറ്റും കിളികളെ പോലെ ഉയർന്നെഴുനേറ്റു പറക്കുന്നു, സ്നേഹം കൊണ്ട് സ്വയം വേദനിക്കുന്നു.
അപ്പോഴും പാമ്പുകളെ പോലെ ഇഴഞ്ഞു വന്ന് കഴുത്തിൽ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന വഞ്ചനകളെ അങ്ങേ അറ്റം നമ്മൾ വിശ്വസിക്കുന്നില്ലേ.
വീണുപോവുമ്പോൾ ക്രോധം കൊണ്ട്, സ്നേഹിക്കുന്നവരെ പോലും വേദനിപ്പിക്കാറില്ലേ.

ചില മരണങ്ങൾ, ചില ഒച്ചപ്പാടുകൾ, ചില പ്രതീക്ഷകൾ.
ഋതു ഭേദങ്ങളുള്ള മനോഹരമായ മനസ്സിന്റകത്തേക്ക് യാത്ര പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?
തിരിച്ചു നടക്കാനും, തെറ്റിയ വഴികളിൽ വീണുപോയ വികാരങ്ങളെ, മാനസിക സംഘർഷങ്ങളെ, നോക്കി കാണാൻ കൊതിച്ചിട്ടുണ്ടോ?
കിളികളുടെ, അരുവിയുടെ, പൂങ്കുലകളുടെ ചുറു ചുറുക്കിന്റെ ഒച്ചപ്പാടുകളുള്ള ശാന്തവും മനോഹരവുമായ മനസ്സിലേക്ക്, അശാന്തിയും പേമാരിയും പേടിപ്പിക്കുന്ന മനസ്സിന്റെ ചുടുകാടുകളിലേക്ക് ഒരിക്കലെങ്കിലും എത്തിനോക്കിയിട്ടുണ്ടോ?
എത്ര മനോഹരമാണത്.

ഒറ്റപ്പെട്ടുപോയ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ ഞാൻ പ്രണയിക്കുന്നത് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.
അവരുടെ കൈ കുഞ്ഞുങ്ങളെ, പിന്നിലുള്ള അവരുടെ ജീവിതത്തെ മറന്നുകൊണ്ട് അവർ എന്നെ തിരിച്ചു പ്രണയിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഭയവും, ആകാംഷയും കൊണ്ട് അവർ സ്തംഭിച്ചു നിന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഏകാഗ്രതയെയും, ജാഗ്രതയെയും, ആസക്തികൾ കീഴടക്കുന്നത് എത്രപെട്ടെന്നാണ്.

ഒടുക്കം വിരക്തിയിൽ നിന്നുകൊണ്ട് ലോകത്തെ നോക്കികാണുമ്പോൾ,
എന്നിലെ ക്രോധവും പ്രണയവും പഴകി ദ്രവിച്ചിരുന്നു.
അവിടന്നങ്ങോട്ട് കലയുടെ കൂടെ - വിപ്ലവ കൂട്ടങ്ങളുടെ മുദ്രവാക്യങ്ങൾക്ക് പിന്നിൽ അണിനിരന്നപ്പോൾ കണ്ട ചോര പാടുകൾ,
യാത്രകൾ തീർത്ത വിഷം കലരാത്ത മണ്ണിന്റെ മണമുള്ള വാക്കുകൾ.
സത്യസന്തത, സുരക്ഷ, സ്നേഹം.

പിന്നീട് ശാന്തി തേടി നേപ്പാളിലും ഭൂട്ടാനിലും ബുദ്ധന്റെ പിന്മുറകാരോടൊപ്പം.
ശാന്തിയുടെ പേരിൽ സ്വയം ഒളിച്ചോടുന്ന മനുഷ്യർ. ഓർമകളെ മറന്നു വച്ചുകൊണ്ട് വർത്തമാനത്തിൽ ഒളിച്ചോടുന്നവർ.
അസംഗയും, അഭിനാട്ട സംഗയും, അട്ട സാളിനിയും ഉരുവിട്ടപ്പോഴേക്കും മാനസിക സംഘർഷങ്ങളെ ഏകാഗ്രതയും ജാഗ്രതയും പിടിച്ചു നിർത്താൻ പഠിച്ചിരുന്നു.

മഹാ ഭൂമികയും, തേരാവതയും എന്റെ ചിന്തകളെ ശരിപ്പെടുത്തുന്നു.
തന്റെ മനസ്സിലേക്ക് ശാന്തി കടത്തി വിടുമ്പോഴല്ല, സത്യസന്തതയും സ്നേഹവും കൊണ്ട് തന്നെ സ്നേഹിക്കുന്നവരുടെ മനസ്സിലേക്ക് സ്വമേധയാ കടന്നു ചെല്ലുമ്പോൾ ശാന്തിയറിയുന്നു.
തന്നെ സ്നേഹിക്കുന്നവരിൽ കാണാത്ത സ്നേഹവും കരുതലുമാണ് ഓരോ അസ്വസ്ഥയ്ക്കു പിന്നിലുമെന്ന് ആരൊക്കെയോ പറയുന്നു.
തലയിൽ വീഴുന്ന ബലമുള്ള കൈകളുടെ, മുലകൾക്കിടയിൽ ചേർത്ത് വയ്ക്കുന്ന മോഹത്തിന്റെ, തന്റെ തന്നെ കരുതലുകൾ.

അമ്മയുടെ - അച്ഛന്റെ അടുത്തേക്ക് ഞാൻ തിരിച്ചു നടക്കുന്നു. ഞാൻ അച്ഛനും അമ്മയുമാവുന്നു. ഞാൻ ദൈവമാകുന്നു.
കാമുകിയെ ഞാൻ തിരയുന്നു, അങ്ങനെയൊരു മോഹത്തിനായി ഈ യുഗം മുഴുവനും ഞാൻ കാത്തിരിക്കുന്നു.

പരിധികൾ നിർണ്ണയിക്കാതെ വികാരങ്ങളുടെ ഏറ്റകുറിച്ചിലുകളിൽ ഞാൻ നിൽക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ,
അതുപോലെ മാനസികമായുള്ള എല്ലാ ഘടകങ്ങങ്ങളും ഇന്ന് നിങ്ങൾ എന്നിൽ കാണണം. എല്ലാ മനുഷ്യരിലും കാണണം. കണ്ടില്ലെങ്കിൽ പരാതിയില്ല, അറിയാനും കാണാനുമുള്ള മനുഷ്യന്റെ ത്വര വർധിക്കുംതോറും ഓരോ മനുഷ്യനും പൂവുകൾ പോലെ അഴകുള്ളതാവുമെന്നു നിങ്ങൾ ഓർക്കുക.

സ്പർശം

നിറത്തിന്റെ കൺകെട്ടലുകളില്ലാതെ സമയമേതെന്നു ഓർത്തെടുക്കാതെ കണ്ണുകൾ അവൾക്കുമുന്നിലേക്ക് തുറന്നടുക്കുകയായിരുന്നു.
അവൾ കണ്ണുകൾക്കുള്ളിലേക്ക് നടന്നു കയറിയതാവണം. അത്രയേറെ നിശബ്ദമായിരുന്നു.

കണ്ണുകൾ പരസ്പരം സ്പർശിക്കുന്നത് പോലെ തോന്നി.
ശബ്ദമേതുമില്ലാതെ ആംഗ്യ ഭാഷ ശകലങ്ങളില്ലാതെ കണ്ണുകളിൽ - കാഴ്ചകളിൽ നിന്നുകൊണ്ട് സംസാരിക്കുന്നതു പോലെ.

കണ്ണുകളിൽ തണുത്ത കൈ വിരലുകൾ വീണു.
മഴ ചാറ്റലുകൾക്കിടയിൽ കണ്ണിലേക്കു വീഴുന്ന മഴ തുള്ളികളെ പോലെ. ഇരുട്ടിലും കാതുകൾ കൊണ്ടവൾ സ്പർശിച്ചുകൊണ്ടേയിരുന്നു. കാറുനിറഞ്ഞ പുതപ്പിനുള്ളിലെ നിശബ്ദതയെ തട്ടാതെ തന്നെ മാധുര്യമുള്ള ശബ്ദം കാറ്റുപോലെ സ്പർശിച്ചുകൊണ്ടേയിരുന്നു. ഒടുക്കം ഭേദിച്ചുകൊണ്ടെന്നോളം അവൾ ചോദിക്കുകയായിരുന്നു,

"ആർ യു ഹാപ്പി?"

എങ്ങനെ സന്തോഷവാനല്ലാതെയിരിക്കും.
രണ്ടു പകലുകളും രണ്ടു രാത്രികളും, അവളുടെ സ്പർശം എന്നിൽ നിന്നും പുറത്തേക്ക് പോയിട്ടില്ല. പ്രണയമില്ലാതെ ഒരു മനുഷ്യനെ സ്പർശം കൊണ്ട് കീഴടുക്കയാണവൾ.

അവളുടെ ചോദ്യം മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നപോലൊരു തോന്നൽ.
ഉള്ളത്തിൽ പോലും അവളെന്നെ തൊട്ടുകൊണ്ടേയിരിക്കുന്നു.

"സർവ - ഹൃദ്യമായൊരു കവിതയാണ് ഇന്നു നീ'
അവളുടെ മൂക്കിൻ തുമ്പ് എന്റെ കഴുത്തിൽ ഉരുമികൊണ്ടേയിരുന്നു. എന്റെ ഗന്ധത്തിലേക്ക് ഇറങ്ങി ചെല്ലുന്നതു പോലെ തോന്നി. തോന്നലുകളായിരിക്കില്ല, നമ്മൾ തമ്മിൽ തോന്നലുകളില്ല. നിഗൂഢമായി അവൾ ഒരു മായാജാലത്തിന്റെ തയാറെടുപ്പിലായിരിക്കണം, മനുഷ്യ സ്പര്ശനത്തിന്റെ പഠനത്തിലായിരിക്കണം.

"വിയർപ്പിനെയും വെളിച്ചെണ്ണയെയും തരം തിരിച്ചു വയ്ക്കാൻ നിങ്ങളുടെ ശരീരത്തിന് കഴിയുന്നുണ്ട്."

"വിയർപ്പ് നിന്റേതാണ് സർവ"

ഒരു ചെറു പുഞ്ചിരിയോടെ എന്റെ മുളയ്ക്കാത്ത ചിറകിനടുത്തേക്ക് അവൾ ഓടിയൊളിച്ചു.
എത്രപെട്ടെന്നാണ് ശരീരത്തിലെ വികാരങ്ങൾ ഒളിച്ചുവച്ച ഇടങ്ങൾ അവൾ കണ്ടെത്തിയിരിക്കുന്നത്.
അങ്ങനെ കിടക്കട്ടെ മതി വരുവോളം. ശരീരം മുഴുവൻ തണുപ്പ് പകരുന്ന സ്പർശം.
എത്ര മനോഹരമാണ്. എവിടേക്കാണ് സർവയെന്നെ കൊണ്ട് പോകുന്നത്. സ്പർശനത്തിന്റെ മായ ലോകം.

എപ്പോഴാണ് കണ്ണുകളടച്ചതെന്ന് ഓർമയില്ല, ചുവന്ന ചുണ്ടുകളുടെ ചൂട് എന്റെ പുകപിടിച്ച ചുണ്ടുകളിലേക്ക് ഇറങ്ങി വരുമ്പോൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അവൾ കണ്ണുകളെ അടുച്ചുപിടിച്ചു. പുകവലി പൂർണമായും ഒഴിവാക്കാൻ തോന്നുന്ന ചുംബനങ്ങൾ; ചുണ്ടുകൾ കൊണ്ട് അവൾ ചേർത്ത് വച്ചുകൊണ്ടേയിരുന്നു.

സർവയുടെ നാലാം സ്പർശം,
നാവുകൾക്ക് കൊടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം ശരീരം പങ്കു വയ്ക്കുകയായിരുന്നു.
കൂടെ പിണഞ്ഞിരിക്കുന്ന ശരീരങ്ങളെ ഇറക്കി വിട്ടുകൊണ്ട് ജാള്യതകളില്ലാതെ ചൂടും തണുപ്പും പങ്കു വയ്ക്കുകയായിരുന്നു, രണ്ടു പൂവുകൾ വിരിഞ്ഞ തണ്ടുപോലെ.

സ്പർശനം കൊണ്ടവൾ മറ്റൊരു ലോകത്തെ മുന്നിൽ വയ്ക്കുകയായിരുന്നു.
തെളിഞ്ഞതും സരസവുമായൊരു പ്രകൃതി. യാദൃച്ഛികത്വവും വിശിഷ്ടവുമായൊരു പ്രത്യക്ഷപെടൽ.

അനുപാതത്തിന്റെ കണക്കെടുക്കലുകളില്ല. വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല.
ആഘോഷങ്ങൾ മാത്രമല്ലാത്തൊരു ആവശ്യം കൂടിയാവുകയാണ്. മടുത്തു മാറ്റിവച്ച സർഗ്ഗ ശക്തിയിലേക്കുള്ള സർവയുടെ ആജ്ഞയാണ്. അവൾ തിരുത്തുകയാണ്, മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ പരിപാലനം വേണ്ടെന്ന്. മനോഹരമായുള്ള എന്തിലേക്കുമുള്ള ആകർഷണമാണ്; മനുഷ്യന്റെ ആജ്ഞയോ ജിജ്ഞാസയോ ആണ്, സ്പർശം!

"സർവ, ഉറങ്ങാതെ മായാജാലം കാണിക്കുന്നവളെ, എനിക്ക് വിശക്കുന്നു"

ആവർത്തനങ്ങളിൽ കണ്ണുകളുടെയും കാതുകളുടെയും, ചുണ്ടുകളുടെയും സ്പർശനങ്ങൾ,
ഉഴുതുമറിയുന്ന തണുപ്പിന്റെയും ചൂടിന്റെയും കൂടെ അവളുടെ മാറി മറയുന്ന ഗന്ധവും.
കഴുത്തിൽ ചുറ്റിയ കറുത്ത ചരടിന്റെ ഭംഗി കണ്ടിട്ടെന്നോളം, നാവുകൊണ്ട് ചുറ്റി വരിഞ്ഞെടുത്തു അറുത്തു കളഞ്ഞു.

"നാരുകളുടെ വിടവ് പോലും നമുക്കിടയിൽ വേണ്ട" എന്നവൾ അവളുടെയല്ലാത്ത ശബ്ദത്തിൽ കഴുത്തുകൾക്കിടയിൽ നിന്നും പറയുമ്പോഴേക്കും ഒരു നാരു ബന്ധമില്ലാതെ ശരീരം ഒന്ന് ചേർന്നിരുന്നു. ഞങ്ങൾ പൂർണ നഗ്നമാവുകയാണ്, മനസ്സുകൊണ്ടും ശരീരം കൊണ്ടും. സ്പർശനങ്ങൾകൊണ്ട് ശരീരം ഒന്നാവുകയാണ്.

എന്റെ മുഖം പൂർണമായും അവളുടെ കഴുത്തിൽ പതിഞ്ഞിരുന്നു. മുഖങ്ങൾ കാണാതെ തന്റെ ശരീരത്തിൽ നിന്നും അവളുടെ ശരീരത്തിലേക്കുള്ള ഒഴുക്കാണ് സ്പർശം. മനസ്സുകൾ തമ്മിലുള്ള ഏകീകരണമാണ്. പരസ്പരം അടുക്കാനുള്ള എളുപ്പഴിയാണ്.

ഇരു ശരീരങ്ങളും വിയർത്തൊഴുകിയപ്പോൾ പുതപ്പു ഭേദിച്ചു രണ്ടു ശരീരങ്ങളും പുറത്തേക്ക് കടന്നു. കണ്ണുകളിലേക്ക് ഇടിച്ചു കയറിയ വെളിച്ചത്തെ കൈകൊണ്ട് മറച്ചു വയ്ക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിച്ചിരികൾ കൊണ്ട് ചുവരുകൾ കുലുങ്ങിയതുപോലെ തോന്നി. മനസ്സുകൾ കൊണ്ട് സ്പർശിക്കാൻ എങ്ങനെയാണ് ഒരുവൾക്ക് കഴിയുന്നത് എന്നൊരു ചോദ്യം ബാക്കിയാക്കാതെ അത്ഭുതമെന്ന സർവയിലേക്ക് ഞാൻ കടന്നുപോവുകയായിരുന്നു.

സർവ

മനസ്സിന് സന്തോഷത്തിലും അപ്പുറം വരുന്നൊരു ആഹ്ലാദ നിമിഷങ്ങളുണ്ട്, പലപ്പോഴും അനുഭവിച്ചതാണ്.

അങ്ങനെയൊരു നിമിഷത്തിൽ ആകാശം നോക്കാതെ ഇരുട്ടിൽ കണ്ണാടി നോക്കി നിൽക്കുമ്പോൾ കണ്ണിൽ എന്റെ തന്നെ പല പൊട്ടിച്ചിരികളും നിലവിളികളും വിങ്ങി പൊട്ടലുകളും ഞാൻ കാണുന്നുണ്ട്. ആദ്യമായി അനുഭവിക്കുന്ന വികാരം. സങ്കൽപ്പമെന്നോ ലൗകികമെന്നോ വിളിക്കാം.

വിളിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്നൊരാൾ - സർവ.
അഞ്ചു ദല്ലാളികളുമായി ഇടിച്ചുകയറി ഒരു രാത്രിയെ ഉറക്കമില്ലാത്ത പല രാത്രികളുടെ താഴാക്കി മാറ്റിയവൾ. ആദ്യ രാത്രിയിലെ ഇരുട്ടിൽ ഞാനും സർവയും മാത്രം. വഴിമാറിത്തന്ന അഞ്ചു ദല്ലാളിമാർക്കു നന്ദി.

കാമവും പ്രണയവുമില്ലാത്ത വാക്കുകൾ അടുക്കിവയ്ക്കാൻ കഴിയാതെ; സംശയത്തിന്റെ നിഴലിൽ ബോധത്തിന്റെ ഉപാംഗവുമായി നിൽക്കേണ്ടി വന്നിട്ടുണ്ട് ഒരു കുറ്റവാളിയെ എന്നപോലെ. അപ്പോഴും പ്രണയവും കാമവും മാത്രമായിരുന്നു നിരാശയായി മാറിയിരുന്നത്.

ഇവിടെ സർവയിലൂടെ ഹൃദയത്തിൽ നിന്നും അസാധാരണമായ ഒന്നിന്റെ ഉദ്‌ഭവം സംഭവിക്കുകയാണ്.
ആലിംഗനത്തിൽ തുടങ്ങി ഏകാഗ്രതയിൽ അവസാനിക്കുന്ന ഒരു വലിയ സ്വപ്നം.
അത്ഭുതവും അവബോധവും ഇംഗിതവുമുള്ളൊരു രാത്രി സംഭവിക്കുകയാണ്. പ്രണയവും കാമവും നിരാശയുമില്ലാത്ത രണ്ടു നഗ്ന ശരീരങ്ങൾ ഇരുട്ടിൽ ഭ്രാന്തുകൾ വിളിച്ചുപറയുകയാണ്.
പൂർത്തിയാക്കാത്ത അനുഭവങ്ങളിലേക്ക് വലിച്ചു കൊണ്ടുപോവുകയാണ്, നിഷ്കർഷമായ ഏകാഗ്രതയോടെ. നിർകർഷയില്ലെങ്കിൽ എല്ലാ കർമ്മവും അജ്ഞാതമാണല്ലോ.

'ഈ രാത്രി കാഴ്ചയില്ലെങ്കിൽ വ്യക്തതയുള്ള നൈസർഗീകമായ സ്വപ്‌നങ്ങൾ ഇന്ദ്രിയങ്ങളാല്‍ സംവേദിക്കപെടില്ല' എന്നവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഇരുട്ടിൽ വീണ കാറ്റ് പോലെ മനസ്സൊന്നുലഞ്ഞു. ഇച്ഛയില്ലെങ്കിൽ കർമ്മത്തിലേക്കൊരു ചലനമില്ല എന്നത് സത്യം തന്നെ.

തണുത്ത കൈകൾക്കുള്ളിൽ ശരീരം മുഴുവൻ ചേർന്നിരുന്നു. കാമവും, ബുദ്ധിയില്ലായ്മയും, സാമര്‍ത്ഥ്യവും ഇരുട്ടിൽ അപ്രത്യക്ഷമായി. ഒരിക്കലും തിരിച്ചുവരാത്ത വണ്ണം.
ആ ചേർത്തുവയ്ക്കൽ സർവയുടെ തീരുമാനമായിരുന്നു. ദീർഘ നാളേക്കുള്ള കരുതലായിരുന്നു.
അവളുടെ പതിനൊന്നു പാതിവ്രത്യവും ആറ് അപഥ്യമായ വേരുകളും സുരക്ഷയായി നിൽക്കുന്ന കരുതൽ.

വിവേചനമില്ലാത്ത നിർബന്ധ ബുദ്ധിക്ക് മുന്നിൽ വഴങ്ങി കൊടുക്കാതെ; അയവുള്ള ജീവിതത്തിലേക്ക് വിളിച്ച രാത്രിയിൽ തണുത്ത കൈകളുടെ സ്പർശം എന്നെ ചിന്തകളുടെ പരമാനന്ദത്തിലേക്ക് നയിക്കുന്നു.

നിശിതബന്ധം

വർത്തമാനങ്ങളിൽ നിന്നുകൊണ്ട് എന്നോ എങ്ങോ വീണുപോയ ഒരാളെ വായിക്കും പോലെ അധ്യായങ്ങളുടെ ബൗണ്ടറി ഇല്ലാതെ വായിക്കാം.

എന്നെ ഞാൻ വെറുക്കാൻ തുടങ്ങിയ കാലങ്ങളിൽ നിന്നുകൊണ്ട് ചിലതു ഞാൻ പറയുമ്പോൾ അരങ്ങേറുന്ന നാടകീയതയും ആവർത്തന വിരസമായ ആഖ്യ വിഷയവും കൊണ്ട് പകലുകൾ പോലും ഇരുൾ മൂടുകയും വെറുക്കപ്പെടലുകൾ ആവർത്തിക്കപ്പെടുകയും ചെയുന്നു.

പാറു.
സർഗാത്മതയ്ക്ക് ആക്കം കൂട്ടാൻ എനിക്കുള്ളിൽ ഉയർന്നുവന്നൊരു ഉത്സാഹത്തിന്റെ കാറ്റ്.
വഴിതെറ്റിപ്പോയ; അല്ലെങ്കിൽ പ്രണയത്തിൽ വഞ്ചിക്കപ്പെട്ടപ്പോൾ ഞാൻ ആ സ്ത്രീക്ക് വിട്ടുകൊടുത്തത് വർഷങ്ങളായി സ്വരുക്കൂട്ടിവച്ച എന്റെ സർഗാത്മതയുടെ വിഗ്രഹമായിരുന്നു.

എന്റെ തെറ്റുകളായിരുന്നെന്നു കരുതി തലതാഴ്ത്തിയിരുന്ന ഇരുളുകൾ.
വിശ്വാസം നഷ്ടപെട്ട - നഷ്ടപെടലുകൾ ആഘോഷമാക്കിയ ഒരു കാലത്തിന്റെ അടയാളത്തിൽ നിന്നുകൊണ്ട് ഭ്രാന്ത് കണ്ണുകളെ വിറയ്പ്പിക്കുമ്പോൾ പലതവണ വീണുപോയൊരു മനുഷ്യൻ ഇങ്ങനെയല്ലാതെ എങ്ങനെ പെരുമാറാനാണ്.

വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് പറഞ്ഞത് ആ സ്ത്രീയുടെ ആദ്യത്തെ തെറ്റ്.
ജീവിതവസാനത്തിന്റെ കരാർ തീർത്തതും അവളുടെ തെറ്റ്.
അകലങ്ങളിൽ നിന്നുകൊണ്ട് അരികിലുണ്ടെന്ന് ഭാവിച്ചു തന്നിൽ നിന്ന് പലതും പിടിച്ചു വാങ്ങി അരങ്ങൊഴിയുമ്പോൾ ആക്രോശത്തിന്റെ മതിലുകൾ തീർക്കാതെ മൂകനായി നിന്നത് എന്റെയും തെറ്റ്.

ആദ്യം പ്രണയത്തെ വെറുത്തു.
പലതവണ സ്വയം ചങ്ങലകൾ തീർത്തും ഭ്രാന്താശുപത്രികൾ കയറി ഇറങ്ങുകയും ചെയ്തപ്പോഴും എനിക്ക് ആ സ്ത്രീയോട് പ്രണയമായിരുന്നു. ഓർമകളോട് പ്രണയമായിരുന്നു.
പിന്നീടെപ്പോഴോ മലകൾക്കു മുകളിൽ ആത്മഹൂതി ചെയ്തപ്പോൾ ഉണക്കമുന്തിരി മണമുള്ള മുടിയിഴകൾ പാറുന്ന ശരീരത്തിൽ നിന്നും വേർപെട്ട്  സർഗാത്മകതയുടെ വിഗ്രഹത്തെ മാത്രം കണ്ട് തുടങ്ങിയെങ്കിലും, ഒരു മനുഷ്യമനസ്സിന്; നിസ്സാരമായ വിഷയങ്ങളിൽ തിരയിലകപ്പെടുന്ന ഒരു മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വീണത് സ്വയം തീർത്തുവച്ച സർഗാത്മക സങ്കൽപ്പങ്ങളോടായിരുന്നു.
സ്വപ്നങ്ങളിൽ തീർത്ത മിഥ്യാ സങ്കല്പങ്ങളോടായിരുന്നു.

പ്രണയവും സർഗാത്മകതയും വെറുക്കപെടുമ്പോൾ അനുഭവങ്ങളുടെ പട്ടികയിൽ ബാക്കിയാവുന്നത് അപമാനം മാത്രമാണ്.

സ്വയം വെറുക്കാനുതകുന്ന സാഹചര്യങ്ങൾ.
അതിനു മുന്നേ അടുക്കാനും അകലാനും ഒരേ കാരണമായ 'താല്പര്യങ്ങളെയും',
കൃത്യമായ സ്വത്വം രൂപീകരിക്കാത്ത ഓരോ മനുഷ്യ രൂപത്തെയും വെറുക്കുന്നു. അവസാനം അയാൾ ആ സ്ത്രീയെയും, ഇരുളിൽ ഉയർന്നു പൊങ്ങിയ പരമാനന്ദവും വെറുക്കുന്നു.
കണ്ണടച്ചിരിക്കുമ്പോൾ ചെവിയിൽ കേൾക്കുന്ന ഏതോ ഒരു സ്ത്രീയുടെ മണിക്കൂറുകളുള്ള മുരൾച്ച ഓർമകളിൽ ശല്യം തീർക്കുമ്പോൾ കാപട്യങ്ങളിൽ വിരിയുന്ന വിശ്വാസ്യതയെ ഇഷ്ടപെട്ടുകൊണ്ട് സർവം മുഴുവനും വെറുക്കപെടുന്നു.

മിച്ചമായ അയാളെ കൂടി വെറുക്കുമ്പോൾ ശാന്തിയെന്തെന്ന് അറിയുന്നു.
ലക്ഷ്യമില്ലാത്ത, തടസ്സമില്ലാത്ത, വികാര പ്രലോഭനങ്ങളില്ലാത്ത യാത്രകൾ.
കാഴ്ചയിലകപ്പെടാത്ത യാത്രകൾ.
ഒറ്റപെടലിൻറെ ഗർത്തത്തിൽ ദിശയറ്റ് അനാധമാകുവാനാവാതെ മരണത്തിൻറെ തണുപ്പിലേക്ക്!