കുട്ടമ്മിലെ തീ

കുട്ടമ്മിൽ ജലീൽ മഴയത്തു നാട് കത്തിച്ച കഥയാണ് കുട്ടമ്മിൽ പള്ളി കവലയിലെയും, കുട്ടമ്മിൽ വായനശാലക്ക് മോളിലെയും, മിനി സ്റ്റേഡിയത്തിലെയും മദ്യപാന സഭയിലെ പ്രധാന ചർച്ച. കടലുകടന്ന് അറേബിയയിലെ മദ്യപാന സഭയിലും ചർച്ചയെത്തി. എന്തിനു പറയുന്നു, യുകെയിലെ ബിജേഷിന്റെ അവിടെയും ഇവിടെയും തൊടാതെയുള്ള വാട്സാപ്പ് ഓഡിയോ ഗ്രൂപ്പിൽ വന്നതുകൊണ്ടാണ് ഷിജു കാര്യത്തിൽ ചെവികൊടുത്തത് തന്നെ.

ഇരുപത്തിമൂന്ന് വർഷങ്ങൾക്കപ്പുറം രണ്ടു ദിവസം മാങ്ങാട്ടുപറമ്പ കെഎപി യിലെ നാലു ബസ്സ് പോലീസുകാരുടെ ഉറക്കം കളഞ്ഞ സംഭവമാണ് എന്നതിനപ്പുറമൊന്നും ഷിജുവിനറിയില്ല. അന്ന് മാങ്ങാട്ടുപറമ്പ ക്യാമ്പിലെ പോലീസ് ട്രെയിനിയായിരുന്നു. 
പോലീസിൽ നിന്നും ഓഡിറ്റിങ്ങിലേക്കുള്ള മാറ്റം, പരീക്ഷ, കല്ല്യാണം, കുട്ടികൾ - അങ്ങനെ നാട്ടുകാര്യത്തിലൊന്നും തലയിടാതെയുള്ള പോക്കായിരുന്നു. ഭാര്യയോടുള്ള പുതുമോടി തീർന്നതിനു ശേഷം നാട്ടിൽ തന്നെ ജോലി തരപ്പെടുത്തി. ഇന്ന് നാട്ടിൽ നടക്കുന്ന സകലകാര്യങ്ങളും അറിഞ്ഞില്ലേൽ ശ്വാസം മുട്ടല് പോലെ തോന്നുമെന്ന് മാത്രമല്ല ചിലതിലൊക്കെ ഇടപെട്ടാലേ പ്രധാനിയാവുള്ളു എന്ന ബോധവും കലശലാണ് ഷിജുവിന്.

ഇത്തരം തൊങ്ങലുകൾ കിട്ടുന്ന ദിവസം മാത്രമുള്ള ഇറക്കമുണ്ട് വായനശാല മോളിലെ മദ്യപാന സഭയിലേക്ക്, അന്ന് നാന്നൂറ് ഉറുപ്പ്യടെ അര ഷിജുവിന്റെ വക സ്പോൺസറാണ്. മദ്യം സ്പോൺസർ ചെയ്തിരിക്കുന്ന സഭയിൽ തമ്പ്രാന്റെ തരം അധികാരപ്പെടുത്തൽ ഒരുതരം സുഖമാണെന്ന ധാരണ അയാൾക്കുണ്ട്.

'ആ നായി അൽമക്ക് ന്തിന്റെ ചൊറിച്ചിലാണ്. പറയാനുള്ളത് നേരെ ചൊവ്വേ പറഞ്ഞാ പോരെ' പെഗ്ഗോഴിക്കുന്നതിനു മുന്നേ മാള ചർച്ച തുടങ്ങിയിട്ടു.

'അടിച്ചു ചാത്തോട്ടെ ന്നു വച്ചാൽ ഇതിപ്പോ ഉപദ്രവം നാട്ടുകാർക്കാണ്. നാട്ടുകാർക്ക് ഫേസ്ബുക്കിൽ കേറാൻ പറ്റാത്ത അവസ്ഥയായി. ഇത് നട്ടപാതിരാക്ക് ബെഡ്‌റൂമിൽ കണ്ട കഥയൊക്കെയല്ലേ ലൈവിൽ വന്ന് വിളിച്ചു പറയുന്നേ. ഇന്നലത്തെ ലൈവിൽ സജീവന്റെ ഭാര്യയുടെ പാന്റിയുടെ കളറ് വരെയുണ്ട്. പിന്നെ ഇടക്കിടക്ക് വന്നു പോകുന്നവരുടെ പേരും. സജീവനിനി ഫേസ്ബുക്കിൽ കേറാതിരിക്കുന്നതാ നല്ലേ.' മോനിച്ചൻ അൽമയുടെ ഫേസ്ബുക്കിലെ ലൈവ് വീഡിയോ സഭയിലേക്ക് നീട്ടി കാണിച്ചു.

'മടിയിൽ കനമുള്ളവരേ പേടിക്കേണ്ടു.' മാള ആദ്യത്തെ പെഗ്ഗ് കമിഴ്ത്തി ഗ്ലാസ്സ് നിലത്തുവച്ചു.

അൽമയെന്ന ഷിനോജ് വത്സനെ പൊതുശല്യമെന്ന അപേക്ഷയുണ്ടാക്കി നൂറുപേരുടെ ഒപ്പ് ശേഖരിച്ച് സ്ഥലം സിഐയുടെ സ്പെഷ്യൽ പെർമിഷനോട് കൂടി വയനാട് ഡീഹൈഡ്രേഷൻ സെന്ററിൽ എത്തിച്ചത് മോനിച്ചനാണ്. എത്തിച്ചതിന്റെ നാലാം നാൾ ഷിനോജ് വത്സനിട്ട ഫേസ്ബുക്ക് പോസ്റ്റാണ് നാട്ടുകാരെമൊത്തം കുട്ടമ്മിൽ ജലീൽ മഴയത്തു നാട് കത്തിച്ച കഥ വീണ്ടും ഓർമ്മിപ്പിച്ചത്. സത്യം പറഞ്ഞാൽ ഫേസ്ബുക് പോസ്റ്റിനും ആ സംഭവത്തിനും വലിയ ബന്ധമൊന്നുമില്ല.

ഉപദ്രവം ന്നു വച്ചാൽ ആള് കൂടുന്നിടത്ത് ദേഷ്യമുള്ളവരെ, പ്രത്യേകിച്ച് അയൽവാസികളെ തെറിവിളിക്കുക, പുലഭ്യം പറയുക. കയ്യാങ്കളിയോടടുക്കുമ്പോ 'എനിക്ക് സർട്ടിഫിക്കറ്റുണ്ടെടാ, തൊട്ടാൽ ജയില് കേറ്റും' ന്ന് പറഞ് ഭ്രാന്തിന്റെ സർട്ടിഫിക്കറ്റ് കാണിക്കുക, തന്നെപ്പറ്റി ആരെങ്കിലും സംസാരിക്കുന്നുണ്ടോയെന്ന് കൂട്ടങ്ങളിലും എന്തിന്, രാത്രി ബെഡ്‌റൂമിൽ വരെ ഒളിഞ്ഞു വീക്ഷിക്കുക. 
ഫോൺ വിളിക്കുന്നവരെ കണ്ടാൽ മാറാതെ പിന്തുടരുക. മദ്യമോ പണമോ ചോദിച്ചിട്ട് തരാത്തവരുടെ മക്കളെ വധഭീഷണി മുഴക്കുക, പോലുള്ള പൊതു ശല്യ പ്രവർത്തനങ്ങളാണ്. പക്ഷെ ബോധമുള്ളപ്പോൾ മാത്രമേ സത്യം വിളിച്ചു പറഞ്ഞുള്ള ഫേസ്ബുക് ലൈവുള്ളു, അന്നാണേൽ ഡീഹൈഡ്രേഷൻ സെന്ററിലായിരിക്കും.

'എല്ലാ ടീമിലും ഇപ്പൊ ഉമേശനുണ്ട്, കുടുംബം നോക്കിക്കോ നായ്ക്കളെ.' ഇതാണ് അൽമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതും കുട്ടമ്മിൽ ജലീലും തമ്മിലുള്ള ബന്ധമാണ് ഷിജുവിന് പിടികിട്ടാത്തത്.

'കുട്ടമ്മിൽ ജലീൽന്റെ ന്തോ ഇണ്ടല്ല ഇപ്പൊ ' ഇതൊക്കെ തനിക്കറിയാവുന്ന കാര്യങ്ങളാണ് എന്ന കണക്കെ അൽമയുടെ വിഷയം മാറ്റി ജലീലിന്റെ കാര്യമറിയാൻ ഷിജു ചൂണ്ടയിട്ടു. അതുകേട്ട മാള ആർത്തു ചിരിച്ചു. 'അതങ്ങനെ പട്പ്രാണിയായി. എന്തൊക്കെയാരുന്നു. ഇപ്പോയിതാ പട്ടി വട്ടം ചാടി ബൈക്കേന്ന് വീണ് ജീവച്ഛവമായി. ഓടുന്ന വണ്ടീന്ന് വാളുവീശാൻ പഠിക്കാൻ വെട്ടിയ പട്ടികളുടെ ശാപാണ്. അൽമക്ക് കള്ളു മൂത്തു ഭ്രാന്തായതാണ്. ജലീലിന് ധൈര്യം മുത്തും. എന്നാലും ഓന്റൊരു ധൈര്യം.!'

'പറഞ്ഞാ മതിയ, കഞ്ചാവ് കേസിൽ നാലഞ്ചു പോലീസ്കാര് വീട്ടില് കേറാൻ നോക്കിയപ്പോ മുറ്റത്തുകിടക്കുന്ന സൈക്കിൾ ചെയിൻ ഒറ്റവലിക്കൂരി പൊരേക്കറിയാൽ ഒറ്റൊരുത്തൻ തിരിച്ചെറങ്ങൂല ന്നു പറഞ്ഞു പൊലീസുകാരെവരെ പേടിപ്പിച്ചു വിട്ട കക്ഷിയാ.'

'അഞ്ചു പൊലീസുകാരെ ഓൻ തോളത്തിറുക്കി നടക്കൂലേ, എജ്ജാതി പൊതാ.'

'അൽമയും ഓനും കണക്കന്നെ. രണ്ടിനും ബോധുല്ല. ബോധുണ്ടെങ്കിലേ പേടിണ്ടാവു. ബോധുണ്ടെങ്കിലേ വെളിവുണ്ടാവൂ'

അൽമയുടെയും ജലീലിന്റെയും വളർച്ചയിൽ പരിതപിച്ചും തളർച്ചയിൽ ആശ്വാസം പ്രകടിപ്പിച്ചും അന്നത്തെ മദ്യപാനസഭ പിരിയുമ്പോൾ ഷിജുവിന് കാര്യമറിയാത്തതിലുള്ള നിരാശ കനത്തുനിന്നു. അൽമയുടെ ഫേസ്ബുക്ക് നോക്കിയിട്ടും കാര്യമൊന്നും മനസ്സിലായുമില്ല.
ഭാര്യ രേഷ്മയോട് പാത്രം കഴുകാതെ ഫോൺ നോക്കിയിരുന്നതിന് ദേഷ്യപ്പെട്ടു, അയലിൽ നിന്ന് കൊണ്ടുവച്ച തുണി മടക്കി ഷെൽഫിൽ വയ്ക്കാത്തതിനു ചീത്ത പറഞ്ഞു. അതൊന്നും മൈൻഡ് ചെയ്യാതെ രേഷ്മ സോഫയിൽ നടു നീട്ടിവച്ച് ഫോണിലേക്ക് മുഖമമർത്തി.

രണ്ടാം ശനിയാഴ്ച ലീവ്.
ഫോണ് നോക്കി സോഫയിൽ ഉറങ്ങിവീണ രേഷ്മയെ ചീത്തവിളിച്ചുകൊണ്ടുതന്നെ അന്നത്തെ തുടക്കം. ഫോണ് നീട്ടി ഒറ്റയേറ്, ബാത്റൂമിന്റെ അലൂമിനിയം ഫാബ്രിക്കേഷൻ ഡോർ കീറി അതിൽ തറച്ചു നിന്നു. 
ഉറക്കമറ്റ രേഷ്മ കുറച്ചുസമയം സ്ഥലകാല ബോധമില്ലാതെ എഴുന്നേറ്റപടി നിന്നു. കാല് തൂക്കി മുന്നോട്ടുവച്ചു; ഫോണെടുത്തു. ഇത്തവണ വലിയ പൊട്ടലൊന്നുമില്ല, കഴിഞ്ഞ തവണത്തെ ഏറിൽ പൊട്ടിയ ഡിസ്‌പ്ലെതന്നെ. മാക്സി തുമ്പുകൊണ്ട് തുടച്ചു. അടുക്കളയിലേക്ക് കയറി.

'ഒരു ഫുള്ള് കിട്ടീട്ടുണ്ട് രാവിലെത്തന്നെ നോക്കിയാലോ' പണിക്ക് പോകാനിറങ്ങിയ മാളയെ വിളിച്ചു പറഞ്ഞു. കേൾക്കേണ്ട താമസം പണിഡ്രെസ്സ്‌ വായനശാല ജനാലയിലിറുക്കി ഷിജുവിന്റെ വീട്ടുമുറ്റത്തെത്തി. പിന്നിലുള്ള റബ്ബറിലേക്ക് വെള്ളവും ഗ്ലാസ്സും കൊടുത്ത് മാളയെ പറഞ്ഞുവിട്ട ശേഷം നേരെ ബീവറേജിൽ ചെന്ന് ഫുള്ള് വാങ്ങി പിന്നാമ്പുറത്തൂടെ റബ്ബറിലേക്ക് കയറി. 
ദോശയും സാമ്പാറും, ഇന്നലെ വീട്ടിൽ സാമ്പാറായിരുന്നത് ഷിജു ഓർത്തു.  ദഹിക്കാതെ; ചോദിക്കാതെ വീട്ടിലേക്ക് പോയ മാളയെ നോക്കി ഫുള്ള് നീട്ടി.

'നീ ആ ജലീലിന്റെ കഥയൊന്നു പറഞ്ഞെ.' മൂടി തുറക്കും മുന്നേ ഷിജു തന്റെ ഉദ്ദേശം എടുത്തിട്ടു.

'ഏത് കുട്ടമ്മിൽ ജലീലാ' മാള ഗൗനിക്കാതെ പെഗൊഴിച്ചു. അകത്താക്കി. ഷിജുവിന് ഒന്നൊഴിച്ചു. കഥകേൾക്കാതെ ഷിജു വലിക്കില്ലെന്ന ബോധത്തിൽ മാള തുടങ്ങി.

'അഷ്‌റഫിന്റെ ഓള് മരിച്ചിട്ടില്ലേ, അതന്നെ.' അഷ്‌റഫിന്റെ ഓളും കുട്ടമ്മിലെ ജലീലും എന്തെന്ന കണക്കെ ഷിജു മാളയെ നോക്കി. മാള പെഗ്ഗ് ഗ്ളാസ്സിലേക്കും. ഗ്ലാസ്സൊഴിയുന്നതുവരെ മാള മിണ്ടിയില്ല. ഒഴിഞ്ഞ ശേഷം തുടർന്നു.

'ഫ്ലവർ മിൽ നടത്തുന്ന ഉമേശൻ, 
അഷ്‌റഫിന്റെ ഭാര്യയ്‌ക്ക് അയച്ച ന്തോ ഒരു മെസേജ്! 
നല്ല മഴില്ലൊരൂസം അഷ്‌റഫ് പൊരക്ക് പോമ്പോ ഓളെ ഫോണിലൊരു മെസേജ്. ന്തോ കണ്ടെന്ന മട്ടിൽ ഓൻ രണ്ടു പൊട്ടിച്ചു. ആ മൂച്ചിന് അവള് കേറി കഴുത്തിൽ കത്തികൊണ്ട് സ്വയമൊരു വരവരച്ചു. ചോരയൊലിപ്പിച്ച് നിക്കുന്ന ഓളെ ആശുപത്രീല് എത്തിച്ചെങ്കിലും! രണ്ടു പെൺ കുട്ടികൾക്ക് തള്ള ഇല്ലാണ്ടായി.'

ഈ കഥ പുതിയ അറിവാണേലും അറിയാതെ വായിന്നു വീണു. 'കുട്ടമ്മിൽ ജലീൽ?'

'ആയുധ പരീശലനം ആക്രമിക്കാൻ വരുന്ന നായ്ക്കളോട് കാണിക്കേ, കടി കിട്ടി ആശുപത്രിയിലെത്തിയ ജലീലാണ് കുടുംബത്തിന് പുറത്ത് ഇക്കാര്യം ആദ്യം അറിഞ്ഞത്. നിജസ്ഥിതിയറിയാതെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ന്തൊക്കെയോ മെസേജങ്ങയച്ചു.' മാള പറഞ്ഞതുപോലെ അതൊന്നും എന്തൊക്കെയോ മെസേജുകളായിരുന്നില്ല.

'അവൾ ഗുസൽ ചെയ്യട്ടെ,  അശ്ർ സമയത്തിന്റെ ആരംഭം മുതൽ നമ്മൾ ഇതിനുള്ള പ്രതികാരം തുടങ്ങിയിരിക്കുന്നു. ഫജ്ർ നു മുന്നേ നമുക്കിത് തീർക്കണം. അംസൈനാ വ-അംസ അൽ-മുൽകു ലില്ലാഹി വ-അൽ-ഹംദു ലില്ലാഹി ലാ ഇലാഹ ഇല്ലാ അള്ളാഹു വഹ്ദാഹു ലാ ശാരിക ലാഹു, ലാഹു അൽ-മുൽകു വ-ലാഹു അൽ-ഹംദു വ-ഹുവാലി ക്യാലിഖുൽ. (നാം വൈകുന്നേരത്തിലെത്തിയിരിക്കുന്നു, ഈ വൈകുന്നേരം എല്ലാ പരമാധികാരവും അല്ലാഹുവിനാണ്, എല്ലാ സ്തുതിയും അല്ലാഹുവിനാണ്.) 
ഈ രാത്രിയിലെ തിന്മയിൽ നിന്നും അതിനെത്തുടർന്നുള്ള നന്മയും ഞാൻ നിങ്ങളോട് ചോദിക്കുന്നു. ഈ രാത്രിയിലെ നന്മ ഞാൻ നിങ്ങളോട് ചോദിക്കുന്നു. നമ്മുടെ സഹോദരിക്ക് വേണ്ടി. അബൂ ഹുറൈറ.

'ജലീലിന്റെ കൂടൊരുത്തനുണ്ട്, ചാണ്ടി സുയിത്. 
അവൻ കൊടുത്ത കഞ്ചാവിൽ മുഴക്കിയ ആഹ്വാനത്തിന്റെ മാറ്റങ്ങൾ ദീനിൽപ്പെട്ടവർ കാര്യമറിയും മുന്നേ സംഭവിച്ചിരുന്നു. കഞ്ചാവ് വലിച്ചാൽ ജലീൽ സാധാരണയിലും കൂടുതൽ ദീനിയാണ്.' 
ഈ പറയുന്ന ചാണ്ടിയുടെ കയ്യിന്ന് ഷിജുവിന് ഇലക്ഷൻ ഡ്യൂട്ടിക്കിടയിൽ ഒന്ന് കിട്ടീട്ടുണ്ട്. മന്ത്രിയെ തെറിവിളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കേസിനും അകത്തായതാണ്. ഈ സമയം ഒതുങ്ങേണ്ടതോ ഒടുങ്ങേണ്ടതോ ആണ്.

'മരണം ഒറപ്പിച്ചയിന് ശേഷം പിന്നെ ഈടെ കത്തിക്കലും കത്തിക്കുത്തും ഒക്കെയാരുന്നു. കാര്യങ്ങളൊക്കെ പിന്നെ വാട്സാപ്പിലാരുന്നു പോക്ക്'

അറിയാവുന്ന കാര്യം കൂട്ടി അടുത്ത പെഗ്ഗിൽ ഷിജു മനസ്സിലൊരു കഥ രൂപപ്പെടുത്തി. 
സംഘം ചേരുന്നവരെ തടയണമെന്ന ഓർഡറിൽ പുഴക്കരയിലേക്ക് പോയ ബസ്സിലായിരുന്നു അന്ന് ഷിജു. അവിടെയെത്തുമ്പോഴേക്കും സുകുമാരന്റെ വീട് ആക്രമിക്കുന്നെന്ന് പറഞ്ഞ് ബസ്സിലെ മുപ്പത്തിയെട്ടു പോലീസുകാരും സംഭവസ്ഥലത്തെത്തി. സുകുമാരന്റെ മകനാണ് ഉമേശനെന്ന് അന്ന് അറിയില്ലാരുന്നു. 
ശവശരീരം ആശുപത്രിയിൽ നിന്നും വീടെത്തുന്നതിനു മുന്നേ ഉമേശന്റെ വീടിന്റെ ഒരുഭാഗം തകർക്കാൻ തുടങ്ങി. വീട്ടുമുറ്റത്തുള്ള ലോറി അടിച്ചു തകർത്തു. ഉമേശന്റെ സുഹൃത്തുക്കളായ സജീവന്റെയും ചുണ്ടൻ പ്രകാശന്റെയും വീടൊക്കെ അന്ന് അടിച്ചു തകർത്തു.
പോലീസ് പെട്ടെന്നെത്തിയതുകൊണ്ടും ജലീലിന്റെ പോരാളികളുടെ അംഗബലം കുറവായതുകൊണ്ടും വീട് പകുതി ബാക്കിയായി. 
അൽപ്പം ബുദ്ധിയുള്ളതും സാമൂഹിക ബോധമുള്ളതുമായ ദീനികളുണ്ടായതിനാൽ ആ പ്രവർത്തനം കത്താനവർ അനുവദിച്ചില്ല. എന്ന് മാത്രമല്ല ഉമേശന്‌ ജീവൻ കൈച്ചലാക്കി നാട് വിട്ട് പോകാനുള്ള സമയവുമുണ്ടായി. 
പുറം നാട്ടീന്നൊക്കെ ആള് വന്നത് അപ്പൊ ജലീലിന്റെ ഇറക്കുമതിയാണ്. വന്നതൊന്നും വെറുതേ വന്നവരല്ല. നാട് കത്തിക്കാനായി ഇറങ്ങിയ കാണ്ടാമൃഗ ജാതിക്കള് തന്നാരുന്നു. അതിലൊരുത്തനാണ് അന്ന് ഫ്ലവർമില്ലിന് തീയിട്ടതെന്ന് ക്യാമ്പിൽ പറയുന്നുണ്ടാരുന്നു. അതും കൂടെ ആയപ്പോൾ രണ്ടുപേരിൽ കൂടുതൽ ഒരുമിച്ചു റോഡിലേക്കിറങ്ങരുതെന്നുള്ള കർശന നിയമം അടുത്ത ദിവസം തൊട്ട് പോലീസ് പ്രഖ്യാപിച്ചു. ഇറങ്ങിയവരുടെ പിൻതുടകളിൽ ലാത്തി വീണു. 
പക്ഷെ വീടാക്രമണവും, മില്ല് കത്തിക്കലും കേസ് അഷ്‌റഫിന്റെ പേരിലാരുന്നു. അത് ഒത്തുതീർപ്പാക്കിയിട്ടുണ്ടാവണം. 
അന്ന് തന്നെ സജീവനും ചുണ്ടനും നാട്ടിലിറങ്ങിയെങ്കിലും പൊതുയിടത്തിൽ അധികം കൂടാറില്ല. ഒരു ഭീകരാന്തരീക്ഷം കുറച്ചുകാലം ഇവിടെ തളം കെട്ടിനിന്നിരുന്നു.

'അന്ന് ഉമേശനെവിടാ പോയെ?

'മംഗലാപുരം ' മൂളിപ്പാട്ട് പാടി വരുന്ന മോനിച്ചനാണ് അതിനുത്തരം കൊടുത്തത്. 'ഉം ..!' മോനിച്ചനെ കണ്ടതും മാള അടിമുടിയൊന്നു നോക്കി കനത്തിലൊന്ന് മൂളി.
'സ്റ്റേഷനിൽ നിന്നും ആദ്യം നീങ്ങുന്ന ട്രെയിനിൽ കയറി. മംഗലാപുരത്തേക്ക്.' ന്നാലും ഓന്റെ ഓക്ക് ന്ത് കേടിണ്ടായിട്ട കണ്ടൊന്റെ ..!' മാള - മോനിച്ചന് ഒരു പെഗ്ഗ് വച്ചുനീട്ടി. സാമ്പാറ് തൊട്ടുനക്കി മോനിച്ചനത് വലിച്ചു.

'പക്ഷെ അത് സ്വിച്ചിട്ട പോലെ നിന്നിനല്ല. രണ്ടൂസം കഴിഞ്ഞ ശേഷം ഫുൾ ഫോഴ്‌സിനെ ക്യാമ്പിലേക്ക് തിരിച്ചു വിളിച്ചാരുന്നു.'

'അത് അഷ്‌റഫിന്റെ കഴിവ്. ഖബറിടത്തു നിന്ന് തന്നെ അഷ്‌റഫ് പ്രഖ്യാപിച്ചു - ഓളുടെ മരണത്തിൽ ഓന് മാത്രമാണ് പങ്കെന്നും. അത് ഓന്റെയും കുടുംബത്തിന്റെയും മാത്രം നഷ്ടമായി ഉൾക്കൊള്ളുന്നെന്നും. ദീനികളാരും ഗുണ്ടകളുടെ കൂടെ ചേർന്ന് ദീനിനെ പറയിപ്പിക്കരുതെന്ന ശാസനയും നൽകി.'

'അല്ലേലും ഓൻ ഉശിരുള്ളോനാ'

'ന്നിട്ടാണ് ഓള് കണ്ടോന്റെ കൂടെ പോയത്.' ഷിജുവിന്റെ സംസാരം മാളയ്ക്ക് പിടിച്ചില്ല. പെഗ്ഗിന്റെ ബലവും കൂടെയായപ്പോ മാളയുടെ മട്ട് മാറി.

'അയിന് ഓളെന്ന ചെയ്തേ ന്ന് ആർക്കാ അറിയ. പോയോക്കല്ലേ അറിയൂ. 
നിന്റെ ഓള് പോന്നുണ്ടോ ന്ന് നിനക്കറിയാ?. ഇനിയിപ്പോ പോയാലെന്നാന്ന്. മനുഷ്യന്മാരല്ലേ ല്ലാം.' മാളയുടെ സംസാരത്തിൽ അമർഷം പൂണ്ട ഷിജു എഴുനേറ്റു. 
മോനിച്ചൻ സമാധാനപ്പെടുത്താൻ ശ്രമിച്ചെങ്കിലും, നിലത്തിരിക്കുന്ന മാളയുടെ നെഞ്ചത്തു നോക്കി ഒറ്റ ചവിട്ട്. കുപ്പിയും മാളയും നിലത്ത്.

മാള സർവ്വ സർവ്വശക്തനെപ്പോലെ എഴുനേറ്റു. 
ആദ്യമായി രണ്ടുപെഗ്ഗ്‌ കൂടുതലടിച്ചതാണ് ഷിജുവിന് പറ്റിയതെന്ന് പറഞ്ഞ് മാളയെ സമാധാനിപ്പിക്കാൻ മോനിച്ചൻ ശ്രമിച്ചെങ്കിലും പ്രതികാരം ചെയ്യാൻ തിരിഞ്ഞു നിന്നു, അപ്പോഴേക്കും ഷിജു വീട്ടിലെത്തി ഉമ്മറത്തെ കസേരയിൽ കയറിയിരുന്നിരുന്നു.

റബ്ബറിൽ നിന്നും ഷിജുവിന്റെ വീട്ടു മുറ്റത്തേക്ക് നടന്ന് മാള നടത്തുന്ന അസഭ്യ തെറി നിയന്ത്രിക്കാൻ മോനിച്ചൻ പാടുപെട്ടു. വായനശാലയിൽ വരുന്ന ഓരോരുത്തരും ഭാര്യയുടെ സാമ്പാറ് കണ്ടാണെന്നും ഷിജു ലിംഗഹീനനാണെന്ന് ഷിജുവിന്റെ ഭാര്യ മോനിച്ചനോട് പറഞ്ഞെന്നുമടക്കമുള്ള തരത്തിൽ അസഭ്യം ചൊരിഞ്ഞ് മാള മുറ്റത്ത് കാലുകളുറപ്പിച്ചു.

ദേഷ്യം കൊടുമ്പിരികൊണ്ട ഷിജു അകത്തേക്ക് ചെന്ന് രേഷ്മയുടെ മുടികുത്തിന് പിടിച്ചുവലിച്ച് ഇറയത്തേക്ക് കൊണ്ടുവന്നു. വാരിയെല്ലുനോക്കി ഒറ്റ ചവിട്ട്.
അതുകണ്ട് മാള കൈകൊട്ടി. മോനിച്ചൻ മാളയെ വിട്ട് കുട്ടമ്മൽ പുഴക്കരയിലേക്കിറങ്ങിപ്പോകുന്ന റോഡിലൂടെ കിതച്ചുകൊണ്ട് വേഗത്തിൽ നടന്നു.


മോഹിനീ വധം

'ഇരുപത്തിനാലുകാരിയായ കോളേജ് വിദ്യാർത്ഥിയാണ് വെടിയേറ്റ് മരിച്ചിട്ടുള്ളത്, സഹോദരിയുടെ മരണത്തിൽ എന്ത് തോന്നുന്നു' ചാനലുകാരന്റെ മൈക്ക് വാതോരാതെ കരഞ്ഞുകൊണ്ടിരിക്കുന്ന സഹോദരിയുടെ അടുത്തേക്ക് നീട്ടി. വെടിയേറ്റുവീണ യുവതിയുടെ വീഡിയോ എക്സ്ക്‌ളൂസീവ് ടൈറ്റിലും ത്രില്ലർ സിനിമകളുടെ സ്കോറും ചേർത്ത് കാണിച്ചുകൊണ്ടിരിക്കുന്നു. കയ്യിലുള്ള കഞ്ഞി വറ്റ് വായിലേക്ക് വെക്കാതെ വിഷ്ണു തരിച്ചുനിന്നു.

'കൊലപാതകി കാമുകനോ? ' ഫ്ലാഷ്.

സോഫയിലിരുന്ന അച്ഛൻ ഭയന്നെഴുനേറ്റു, തരിച്ചിരിക്കുന്ന വിഷ്ണുവിനെ തട്ടി. ഇന്ന് രാവിലെ നടന്ന സംഭവമാണ്, തന്റെ മകനാവാൻ സാധ്യതയില്ലെന്ന് അയാൾക്കുറപ്പായിരുന്നു, കഴിഞ്ഞ ദിവസങ്ങളിലൊക്കെ റിസർച് കംപ്ലീറ്റ് ചെയ്യാനുള്ള മകന്റെ ആവേശം കണ്ടതാണ്. മോഹിനിയുമായി ഒരുബന്ധവും ഇല്ലാതിരുന്നിട്ട് ആറര മാസത്തിനു മുകളിലായി. എങ്കിലും കണ്ണീർ തട്ടിയ കവിൾ അച്ഛന് നേർക്ക് തിരിച്ചു. ചാനലിലെ ഭീകരമാവിധമുള്ള ശബ്ദം അവർക്കിടയിലേക്ക് പേമാരിപോലെ പെയ്തിറങ്ങി.

പോലീസ് ശബ്ദം മുറ്റത്തു തട്ടി, മന്ദതയിൽ വിഷ്ണു അവർക്കൊപ്പം ഇറങ്ങി. രാഘവൻ ഷർട്ട് തോളത്തിട്ട് സ്‌കൂട്ടർ റോഡിലേക്കിറക്കി, പോലീസ് ജീപ്പ് കണ്ണെത്താ ദൂരത്തെത്തിയിരുന്നു. ഫോണെടുത്തു; ആരെയൊക്കെയോ വിളിച്ചു. ഇന്നലെ അവൻ ആവശ്യത്തിലധികം കുടിച്ചിട്ടാണ് വന്നത്, രാവിലെ ചോദിക്കാമെന്ന് കരുതിയിരുന്നതാണ്. കാഴ്ച്ച കണ്ണിലെ ഒരിറ്റ് നനവോടെ ആവിയിൽ മൂടി. വിറയലോടെ എന്ത് ചെയ്യണമെന്നറിയാതെ സ്റ്റേഷനിലേക്ക് രാഘവൻ തന്റെ സ്‌കൂട്ടർ തുഴഞ്ഞു.

ചോദ്യം ചെയ്യാനുള്ള മുറിയിലേക്ക് കൊണ്ട് പോകെ വിഷ്ണു നിയന്ത്രണം വിട്ട് വാവിട്ടു കരയാൻ തുടങ്ങിയിരുന്നു, തനിക്ക് അത്രയേറെ പ്രിയപ്പെട്ടൊരാൾ ഇല്ലാതെയാത് മനസ്സുൾക്കൊള്ളാനുള്ള ദൂരം. പോലീസുകാരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ കേൾക്കാതെ വാവിട്ടു കരഞ്ഞുകൊണ്ടിരുന്നു.

'രണ്ട് വെടി, ഒന്ന് മുഖത്തും ഒന്ന് നെഞ്ചിനും. ജനലിലൂടെയാണ്. ലോക്കൽ മേഡ് തോക്കും.' സംഭവ സ്ഥലത്തുനിന്നും വിഷ്ണുവിന്റെ മുന്നിലേക്ക് വന്നടുക്കെ സി ഐ തലക്കിട്ടൊന്ന് കൊട്ടി. ഒരു നിമിഷത്തേക്ക് കണ്ണിലെ കാഴ്ച മങ്ങി.

'നിങ്ങൾക്ക് എവിടുന്നാടാ തോക്ക് ?' എസ്ഐയുടെ വക കൈമുട്ടുമടക്കി കുറച്ചെണ്ണം പുറത്തുകിട്ടി. 'വെടിയേറ്റ് മരിച്ചത് നിന്റെ കാമുകിയാണ്. വെച്ചവനെ നിനക്കറിയാം, നിന്റെ കൂട്ടുകാരനല്ലേ. 
തോക്കെവിടുന്നു കിട്ടി? എന്തിന് കൊന്നു? ഇതിനുള്ള ഉത്തരം പറഞ്ഞാൽ കൂടുതൽ ഇടി വാങ്ങാതെ റിമാൻഡിൽ പോവാം.' 
സ്വാഭാവിക മനോനില തകരാൻ മാത്രം ആരോഗ്യമേ അയാളുടെ മനസ്സിനുണ്ടായുള്ളു. അതിനിടയിലെ ബൂട്ടിട്ട കാലുകൊണ്ടുള്ള വളഞ്ഞിട്ടാക്രമണം അറിഞ്ഞതേയില്ല.

'വളപട്ടണം പുഴയുടെ തെക്ക് മാറി മുന്നൂറു മീറ്റർ അകലെയുള്ള അമൃത് നിവാസിൽ ഹരിഹരന്റെ രണ്ടാമത്തെ മകൾ മോഹിനിയെ പ്രണയ നൈരാശ്യ കാരണം വെടിയുതിർത്തു കൊല്ലാൻ രാത്രി മദ്യപിക്കെ രാഘവൻ മകൻ വിഷ്ണുവും, സനത്കുമാർ മകൻ ഉമേഷും ഗൂഡാലോചന നടത്തുകയും, മദ്യപിച്ചതിനു ശേഷം ഉമേഷ് മോഹിനിയെ വീട്ടിലെത്തി രണ്ടു തവണ വെടിയുതിർത്ത് തിരിച്ചുപോവുകയും ..' സ്റ്റേഷൻ റൈറ്റർ എഫ് ഐ ആർ ഡ്രാഫ്റ്റ് വായിക്കുന്നതിനിടെ വിഷ്ണു ബോധത്തിലേക്ക് തിരിച്ചുവന്നു. പരിചിതമായ രൂപം റൈറ്ററുടെ പിന്നിൽ നിൽക്കുന്നത് കണ്ടു.

പൊടുന്നനെ സ്റ്റേഷൻ മൂകമാകും വിധം അയാൾ പൊട്ടിക്കരഞ്ഞു.  കാതിലെത്തിയ മകന്റെ അലർച്ച പോലീസുകാരുടെ മുന്നിൽ മകന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്ന രാഘവനെ മുന്നോട്ട് നീങ്ങാൻ കഴിയാത്തവിധം തറയിലിരുത്തി.. സ്റ്റേഷൻ പരിസരം മുഴുവൻ ആ അലർച്ചയ്ക്ക് ശേഷം നിശബ്ദമായി.

-

തന്റെ ചുണ്ടിൽ നിന്നും അനുവാദം കൂടാതെ സിഗററ്റെടുത്തു പോകുന്ന  ഉമേഷിന്റെ മുഖം മനസ്സിൽ തെളിഞ്ഞു. റിസർച്ചിനുള്ളവർക്കുള്ള ഹോസ്റ്റൽ മുറി തികയാതെ, യൂണിവേഴ്‌സിറ്റിക്ക് പുറത്തുള്ള പ്രൈവറ്റ് ഹോസ്റ്റൽ. മുറി വാടക ചുരുക്കാൻ നാലുപേരുള്ള മുറിയിലേക്ക് അഞ്ചാമനായി വന്ന പിജി ക്കു പഠിക്കുന്ന ഉമേഷ്.

ആൾക്കൂട്ടമില്ലാത്ത  ഒരവധി ദിവസം ചുണ്ടിൽ കത്തിച്ച സിഗററ്റെടുത്തുമാറ്റി ഉമേഷ് തന്റെ ചുണ്ടിനുമേൽ ചുണ്ടമർത്തി. 
ആദ്യമായി പുരുഷനോട് തോന്നിയ രതി. ബൈ സെക്ഷുവൽ ആണെന്ന തിരിച്ചറിവും, അത് പ്രകൃതിയാണെന്ന ബോധവും - തനിക്ക് ചുറ്റും പ്രകൃതിക്കെതിരെ നിയമങ്ങൾ തീർക്കുന്ന യൂണിവേഴ്‌സിറ്റിയിലെ മുനിമാർക്കെതിരെയുള്ള പ്രതിഷേധമെന്ന തോന്നലിൽ പ്രണയമില്ലാതെയുണ്ടാവുന്ന സുരതത്തിനോട് വേണ്ടെന്ന് പറയാൻ തോന്നിയില്ല. 
വ്യക്തമായ പുരുഷ സ്വവർഗാനുരാഗം. നഗ്നമായ അവന്റെ ശരീരവും ചുണ്ടുകളും ഞാനറിയുമ്പോൾ മോഹിനിയോടുള്ള പ്രണയത്തിന് വേര് മുളച്ചിരുന്നില്ല.

മോഹിനിയന്ന് പിജി വിദ്യാർത്ഥി. പോകെ പോകെ മോഹിനിയെ കാണാതിരിക്കാൻ പറ്റില്ലെന്നായി. എന്റെ ചേഷ്ടകൾ പൈങ്കിളി കൗമാരക്കാരന്റേതെന്ന് പറഞ്ഞു കളിയാക്കിയെങ്കിലും എങ്ങനെയാണ് ഉമേഷ് അവളെ പറഞ്ഞു ഫലിപ്പിച്ചതെന്ന് എനിക്കറിയില്ല. വലിയൊരു അപായസൂചനാ പ്രസംഗം നടത്തി, എന്റെ പ്രണയത്തിന്റെ ഒരംശം പോലും പാഴാക്കാതെ പ്രണയിക്കണമെന്നു പറഞ്ഞാണ്  ആദ്യത്തെ ഡേറ്റിങ്ങിന് ഇറങ്ങാൻ വണ്ടിയുടെ ചാവി തന്നത്. അയാൾ മോഹിനിയെ വെടിവച്ചു കൊന്നെന്ന് ചിരിച്ചുകൊണ്ട് സ്റ്റേഷൻ റൈറ്റർ വായിക്കുന്നു. മരീചിക പോലെന്തോ ഒന്ന്.

രണ്ടോ മൂന്നോ തവണ ഉമേഷുമായി സുരതത്തിൽ ഏർപ്പെട്ടുകാണും. മോഹിനി പ്രണയം തുറന്നുപറഞ്ഞതിനു ശേഷമില്ല. ഉമേഷിൽ നിന്നും അത്തരത്തിലുള്ള ഭാവ വ്യത്യാസം പിന്നീട് ഉണ്ടായിട്ടുമില്ല. പക്ഷെ മോഹിനിയോടൊപ്പം അല്ലാത്ത ഏതു സമയവും ഉമേഷ് എനിക്ക് ചുറ്റിലുമുണ്ടായിരുന്നു.

ക്യാന്റീനിൽ മോഹിനിയോടൊപ്പം ചിലവഴിച്ച സമയങ്ങളിലൊക്കെ, അവളുടെ സ്പർശവും, കണ്ണേറും, തലോടലും അനുഭവിച്ചു ഹോസ്റ്റൽ മുറിയിലേക്ക് നടന്നുവരുമ്പോഴൊക്കെ എന്റെ സ്പർശം അതിനുശേഷവും ഉമേഷിന് ഇതുപോലെയാണോ അനുഭവിക്കുന്നുണ്ടാവുക എന്ന തോന്നൽ എന്നെ വേട്ടയാടിയിട്ടുണ്ടായിരുന്നു. അന്നൊരുനാൾ സമയം നോക്കി ചോദിക്കുകയും ചെയ്തു.

'ഉമേഷ്, നീ ഓക്കെ അല്ലെ? ഞാൻ മോഹിനിയുമായി അത്രയേറെ ബോണ്ടിലാണ്. നീ അത് മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കട്ടെ'

'നീ എപ്പോഴും സന്തോഷമായിരുന്നാൽ മതി, അതുമതി' 
അത്രയും പറഞ്ഞ് അയാൾ നടന്നുപോകുമ്പോൾ വരാൻ വൈകിയതിൽ പരിഭവം കാണിച്ചു നടന്നുപോയ മോഹിനിയുടെ അതേ ശരീര ഭാഷയാണോ എന്ന് സംശയം തോന്നി.
പിന്നീട് ഉമേഷിനെ കണ്ടിട്ടില്ല. പാതിവഴിയിൽ പിജി പഠനം അയാൾ വിട്ടുപോയതറിഞ്ഞു. അയാൾ എങ്ങോട്ട് പോയെന്നോ എവിടേക്ക് പോയെന്നോ വാട്സാപ്പിൽ ഒരു മെസേജ് പോലും അയച്ചു ചോദിച്ചില്ല.
'ആ പയ്യനെ ഇറക്കിവിടടോ' നിലത്തിരുന്ന് ദയയോടെ എസ്ഐ യുടെ റൂമിലേക്ക് നോക്കുന്ന രാഘവന്റെ മുന്നിലേക്ക് തലചെരിച്ചു പറഞ്ഞു.
'അവൾക്ക് മൂന്നു കാമുകന്മാരുണ്ട്, പോരാത്തതിന് അന്ന് രാത്രി നിന്റെ മോനും വന്ന് പോയതിനു തൊട്ട് ശേഷം നടന്നതാണ് ഇത്.' എസ്ഐ യുടെ മുഖത്ത് തറപ്പിച്ചു നോക്കി.
'എല്ലാത്തിനെയും വിളിച്ചിട്ടുണ്ട്. അല്ലേൽ എന്തിനാണ് കൊന്നതെന്ന് ഇവൻ പറയണം. ഗൂഡാലോചന നടത്തിയതിനാണേൽ തെളിവും ഇല്ല. നമ്മൾ പെടും. കുത്തിച്ചികളൊക്കെ തീരട്ടെ.'  ഉമേഷിന്റെ മുഖത്ത് കൈവീശി ഒന്നടിച്ചു.
ഇന്നലെ പരിചിതമല്ലാത്ത ഒരു നമ്പറിൽ നിന്നും കോൾ. അലോഹ്യത്തിന്റെ അലോസരമൊന്നുമില്ലാത്ത പരിചിത ശബ്ദം. 
' ഡാ, ഞാൻ ഉമേഷാണെ, ഇന്നൊന്ന് ഇരുന്നാലോ?' 
വേണ്ടെന്ന് പറയാൻ തോന്നിയില്ല. ഒമ്പതരയോടടുക്കെ ടൗണിലെ കൈരളി ബാറിലേക്ക് ചെന്നു. കൂടെ വന്നവനെ തന്നെ മദ്യലഹരിയിൽ കുത്തുകയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്ന രണ്ടു മധ്യവയസ്കരുടെ കോപ്രായങ്ങൾ. രണ്ടു പെഗ് തീരുന്നതുവരെ അതുതന്നെയായിരുന്നു ചർച്ചാ വിഷയവും.

പ്രണയമെന്നു തോന്നിപ്പിച്ചു കടന്നുകളയുമ്പോഴുണ്ടാകുന്ന വേദന പലപ്പോഴും ഒരുതരം അരക്ഷിതത്വത്തിലേക്ക് തള്ളിവിടും, അവനവനെ ഒരു ചാക്കുനൂലിന്റെ വിലപോലും ഇല്ലെന്നുള്ള തോന്നലുകളിൽ അതങ്ങനെ കുടുങ്ങിക്കിടക്കും. കാലം ഉരുണ്ടുരുണ്ട് പോകുമ്പോൾ ഇതുപോലുള്ള നുറുങ്ങുകൾ പഠിക്കും, കാര്യമൊന്നുമില്ലെങ്കിലും.

ഉമേഷിനുണ്ടായിരുന്നേക്കാവുന്ന വേദന, ഭസ്മാസുരനെപ്പോലൊരുത്തൻ അവളുടെ സുഹൃത്തായി എന്നും കൂടെവരികയും അതിർവരമ്പുകളിലാതെ ഞങ്ങളുടെ പ്രണയത്തിനകത്തെ ഓരോ സ്വകാര്യതയിലും അഭിപ്രായം പറയുമ്പോൾ ഞാൻ അനുഭവിച്ചതിനു തുല്ല്യമായിരിക്കുമോ എന്നും  സംശയിച്ചു പോയിട്ടുണ്ട്.

ഒരിക്കൽ, 'വിഷ്ണു മോഹിനിയെ ഉമ്മവച്ചുകഴിഞ്ഞാൽ തുപ്പല് തുടക്കാൻ അവളൊരു ടവൽ അധികം കരുതാറുണ്ട്' എന്ന് പറഞ്ഞുള്ള ഭസ്മാസുരന്റെ തമാശ ആസ്വദിച്ചു ചിരിക്കുമ്പോൾ എനിക്കവളോട് സഹതാപം തോന്നി. അന്ന് ഭസ്മാസുരനെപ്പോലെ ആരോഗ്യമുള്ള മനുഷ്യനുമായി ഉമേഷ് കയ്യാങ്കളിയായത് ഹോസ്റ്റലിൽ ചർച്ചചെയ്യുന്നത് കേട്ടപ്പോഴാണ് അറിഞ്ഞത്. അത് എനിക്കും മോഹിനിക്കിടയിലുമുള്ള അകലത്തിന്റെ ആഴം മനസ്സിലാക്കാൻ ഉപകാരപ്പെട്ടുവെന്നത് സത്യം.
പിന്നീട് പലപ്പോഴായി മോഹിനിയോട് മാത്രം ഞാൻ തുറന്നു പറഞ്ഞ പലതും അയാൾ ലവലേശം മര്യാദയില്ലാതെ സഭയിലേക്ക് തമാശയായി വിളമ്പി. അതെന്നെ പ്രണയത്തിന്റെ അരക്ഷിതാവസ്ഥയിലേക്ക് കൂപ്പു കുത്തിച്ചു. 
എനിക്ക് പിൻവലിയണമെന്ന് തോന്നി. പക്ഷെ അതത്ര എളുപ്പമായിരുന്നില്ല.

അതിനുശേഷം മോഹിനി എനിക്ക് അതിർവരമ്പുകൾ തീർക്കാൻ തുടങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു. സമയക്രമങ്ങൾ, പാടുള്ളതും പാടില്ലാത്തതും.  രണ്ടുപേർ തമ്മിലുള്ള ബന്ധത്തിൽ ഒരാൾ മറ്റൊരാൾക്ക് മാത്രം അതിർത്തി നിശ്ചയിക്കുകയും ഒരാൾക്ക് ചോദ്യം ചോദിക്കാൻ പറ്റാതിരിക്കുകയും ദാസ്യവർത്തിത്വമാണ് എന്ന പ്രായോഗികമായ ധാരണ ഉണ്ടെങ്കിൽ പോലും പ്രണയത്തിലകപ്പെട്ടൊരാൾക്ക് പിൻവലിയുകയെന്നത് എളുപ്പമല്ല.
ബന്ധങ്ങൾ പലപ്പോഴും സ്നേഹവും, ദാസ്യവും, ഉദാസീനതയും കൂടുമ്പോൾ ഉണ്ടാവുന്നതാണ്. അതിൽ ദാസ്യവർത്തിത്വം മാത്രം ബാക്കിയാവുന്നത് ഒരാൾക്ക് മറ്റൊരാൾ നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന താത്ക്കാലിക വേദന അനുഭവിക്കാനുള്ള പേടികൊണ്ടാണെന്ന് കരഞ്ഞിരിക്കുമ്പോൾ ഉമേഷ് ഉപദേശിച്ചു. യൂണിവേഴ്‌സിറ്റിയിൽ മുനിമാർക്കെതിരെ വിളിച്ച മുദ്രാവാക്യങ്ങളുടെ സത്ത മറന്നുപോകുന്നൊരു സ്വത്വം എന്നിലേക്ക് കടന്നുവന്നു.

എനിക്ക് പേടിയായിരുന്നു, മോഹിനിയില്ലാതെയുള്ള ജീവിതാവസ്ഥയെപ്പറ്റി എനിക്ക് ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല. അതെന്നെ കൂടുതൽ അടിമത്വത്തിലേക്ക് നയിച്ചു. യൂണിവേഴ്‌സിറ്റിയുടെ പുതിയ പരിസരം പ്രണയത്തിൽ നിന്നും അകന്ന് - ശാരീരികാനുഗ്രഹം കൂടെയുണ്ടാകുന്ന സൗഹൃദ വലയത്തിലേക്ക് അവൾ ചേക്കേറിയിരുന്നു. അതിലെനിക്ക് ലവലേശം പരാതിയുണ്ടായിരുന്നില്ല. എന്നോട് ഇത്തിരി ദാക്ഷണ്യം കാണിക്കണമേയെന്നു മാത്രമായിരുന്നു എന്റെ അപേക്ഷ.
അതുണ്ടായില്ലെന്നു മാത്രമല്ല. വാശിയും, ആധിപത്യവും കാണിക്കാൻ മോഹിനി എപ്പോഴും പ്രണയത്തിന്റെ പേര് പറഞ് എന്നെ കൂടെ കൂട്ടുകയും ചെയ്തു.

എന്റെ മൂകമായ ചലനങ്ങളിൽ ഉമേഷ് സങ്കടപ്പെടുന്നത് ഞാനറിയുന്നുണ്ടായിരുന്നു. 
എന്റെ തുണിക്കളലക്കുന്നതും റിസർച് പാതിവഴിക്കിട്ടുപോകാതെ തടഞ്ഞു നിർത്തിയതുപോലും അവനാണ്. പക്ഷെ ഞങ്ങൾ തമ്മിൽ കൂടുതൽ സംസാരങ്ങളൊന്നും ഉണ്ടായില്ല. സ്പർശം ലവലേശമില്ലാതെ അയാൾ എന്നോടൊപ്പം ഉരുകിത്തീരുന്നത് ഞാൻ കണ്ടുകൊണ്ടേയിരുന്നു. അതെന്തിനായിരുന്നെന്ന് ആലോചിക്കാൻ പോലും വെറുത്തുപോയത്ര ചീഞ്ഞ കാലയളവായിരുന്നത്.

താൽക്കാലികമായി മറ്റേതെങ്കിലും ഹോസ്റ്റൽ മുറിയിലേക്ക് മാറി താമസിക്കാൻ നിർബന്ധിച്ചു. അവിടങ്ങളിലെ വിരഹമനുഭവിക്കുന്ന പുരുഷന്മാരുടെ നനഞ്ഞ കണ്ണുകളിലേക്ക് നോക്കുമ്പോഴേ കരച്ചില് വരും. പുരുഷനും സ്ത്രീയ്ക്കും പ്രണയവും കാമവും അനുഭവിക്കാതെ ധീർകകാല സൗഹൃദം സാധ്യമാകുമോ എന്നതിൽ ഓരോ മുറിയിലും ചേരിതിരിഞ്ഞുള്ള ചർച്ചകൾ അപ്പോഴൊക്കെ വീക്ഷിച്ചു. ഭസ്മാസുരന്മാർ അവർക്കിടയിലും ഉണ്ടായതുകൊണ്ടാവണം. ചിലർ യൂണിവേഴ്‌സിറ്റിക്ക് അകത്തുന്നു തന്നെ വെള്ളപ്പൊടികൾ ഉപയോഗിച്ച് മെലിഞ്ഞുണങ്ങി തീരുന്നത് കണ്ടപ്പോൾ പ്രായോഗികമായ തീരുമാനം എടുക്കണമെന്ന് തോന്നി തുടങ്ങിയിരുന്നു.
കാണുമ്പോഴൊക്കെ എന്റെ ഹാപ്പിനെസ്സ് മീറ്റർ ഉമേഷ് അളക്കും, റിസർച്ചിനെ കുറിച്ച് ചോദിക്കും. ചോദിക്കാതെ സഹായവുമായിവരും. ലൈബ്രറിയിൽ, ഹോസ്റ്റലിൽ, വീട്ടിൽ.

'ഉമേഷ്, എന്റെകയ്യിൽ നിന്നും ശെരിക്കും എന്താണ് പ്രതീക്ഷിക്കുന്നത്. അന്നങ്ങനെ പറ്റിപ്പോയതാണ്. അത് മറക്കണം.' എന്റെ സന്തോഷമാണ് ഉമേഷിന്റെ നിലനിൽപ്പെന്ന് തോന്നും വിധം അയാളെനിക്ക് ഭാരമാവാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു.

'നീ സന്തോഷമായിരുന്നാൽ മാത്രം മതി, അതുമാത്രം മതി' മറ്റൊന്നും പറയാതെ അയാൾ തോളത്തു തട്ടി പിന്നിലേക്ക് നടന്നു. വീണ്ടും കാണാമെന്നു പറഞ്ഞു മോഹിനി നടന്നകലുന്നതുപോലെ. എങ്കിലും എത്ര ലാഘവത്തോടെയാണ് പറ്റിപ്പോയതെന്ന് ഞാൻ പറഞ്ഞു മുഴുവിപ്പിച്ചത്.

മോഹിനി വീണ്ടും വന്നു. ഞങ്ങൾ മാത്രമുള്ള ജീവിതത്തിലേക്ക് പോകാമെന്നും മറ്റുള്ളതൊക്കെ സരസമായ താത്ക്കാലിക ഉന്മാദങ്ങളാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. മോഹിനിയുടെ മൃദുലമായ വിരലുകൾ എന്റെ മുടിയിഴകളിൽ വീണ്ടും മേഞ്ഞു നടക്കുന്നത് ഞാനറിഞ്ഞു. ഉമേഷിനെ പ്രസന്നതയോടെ അവിടെയെവിയൊക്കെയോ കാണാൻ തുടങ്ങി.
റിസർച്ചിന് ലൈബ്രറികളിൽ അവളെനിക്ക് കൂട്ടിരുന്നു. ഭസ്മാസുരന്മാരുടെ സാമീപ്യം മെസേജുകളിൽ ഒതുങ്ങിത്തീരുന്നത് എന്നിൽ പ്രത്യാശ പരത്തി. ഉമേഷിനുള്ളൊരിടം നൽകാതെ ഞാൻ പൂർണ്ണമായും ആ മായയിൽ അകപ്പെട്ടിരുന്നു.
മീഥെയിനിലേക്ക് പോകാതെ എന്നെ ഞാൻ പ്രണയത്തിലേക്ക് തളച്ചിട്ടതിൽ ഉമേഷ് വാട്സാപ്പിൽ അഭിനന്ദിച്ചത് ഞാനോർക്കുന്നു.

-

റൈറ്റർ വായിച്ച എഫ്ഐആർ ന്റെ ഡ്രാഫ്റ്റ് ഉള്ളടക്കത്തിനു പകരം കഴിഞ്ഞ രണ്ടുവർഷത്തെ ഭൂതകാലത്തിലെ ഉള്ളടക്കം വിഷ്ണു കഥപോലെ ഓർത്തെടുത്തു.

അതേ ഉമേഷ് തന്നെയാണ് മുന്നിൽ നിൽക്കുന്നതെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എസ്ഐ  എഴുനേറ്റ് അരകുലുക്കി പാന്റ് വലിച്ചുകേറ്റി ഉമേഷിനോട് കുനിഞ്ഞു നിൽക്കാൻ പറഞ്ഞു.

'നിനക്കൊക്കെ പൊടിയടിക്കുമ്പോൾ കഴപ്പ് അല്ലെടാ. അത് ഞാൻ മാറ്റിത്തരാടാ!'  അടിയുടെ ആവേശം കൂടെ എസ്ഐ കിതച്ചുകൊണ്ട് പറഞ്ഞു.
വാതിൽപ്പടിയിലൂടെ എസ്ഐ വിഷ്ണുവിനെ തുറിച്ചുനോക്കി, അടുത്തേക്ക് ആക്രോശത്തോടെ ചെന്ന് ലാത്തികൊണ്ട് ചുറ്റിലും വീശി. തലയ്ക്ക് കൊള്ളാതിരിക്കാൻ കൈകൊണ്ട് മറച്ചുപിടിച്ചു.

പുറത്തുപോയ സി ഐ മറ്റന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം സ്റ്റേഷനിലേക്ക് വന്നു.

ഉമേഷ് തലയുയർത്തിയില്ല.
സിഐ ഭാഷ്യം വിഷ്ണുവിന് അറപ്പുളവാക്കി.
രാഘവൻ വിഷ്ണുവിനെ പുറത്തേക്ക് വിളിച്ചു. നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്. ഉമേഷിനെ നോക്കി. ഉമേഷ് കുനിഞ്ഞുതന്നെ നിൽക്കുന്നു. ഭയന്നുകൊണ്ടുള്ള നിൽപ്പല്ലത്. സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങേ വിഷ്ണു അതുറപ്പിച്ചു.


'നീ അങ്ങ് മാറിയല്ലോടാ, വേറെയാരെയോ പോലെ' മറുപടി കൊടുക്കാതെ കേൾവിക്കാരനായി മാത്രം ഇരുന്നതുകൊണ്ടാവണം. 
'മാറ്റം നല്ലതല്ലേ' മുഷിപ്പിക്കേണ്ട എന്ന് കരുതി പറഞ്ഞതാണ്. 
'നീ എപ്പോഴും സന്തോഷത്തോടെയിരിക്കുന്നത് എനിക്ക് കണ്ടാൽ മതി' നിശ്ശബ്ദത ബാധ്യതയായപ്പോൾ എഴുനേറ്റ് കൗണ്ടറിൽ ചെന്ന് ബില്ല് കൊടുത്ത് നേരെ പുറത്തേക്കിറങ്ങിപ്പോവുന്ന ഉമേഷിനെ തിരിച്ചുവിളിക്കാതെ നടന്നകലുന്നത് നോക്കിയിരുന്നു. ശേഷം രണ്ടു പെഗ് കൂടി ഓർഡർ ചെയ്തു. 
പതിമൂന്ന് മാസം, ദിവസങ്ങൾക്കൊക്കെ ഇത്രയേ വിലയുള്ളുവെന്ന് തോന്നിപ്പോയി.

അയാൾ എവിടുന്ന് വന്നു, എവിടേക്ക് പോകുന്നു ഒന്നും ചോദിച്ചില്ല. ചോദിക്കാമായിരുന്നെന്ന് പിന്നീട് തോന്നി.
അയാളെൻറെ സുഹൃത്താണോ അയാൾക്ക് ഇപ്പോഴും എന്നിൽ പ്രണയത്തിന്റെ ചക്രങ്ങൾ ബാക്കിയുണ്ടോ എന്നൊന്നും ആലോചിച്ചിരുന്നില്ല. 
ഞാനും മോഹിനിയും പ്രണയിച്ചു. അമൃതുപാനം ചെയ്തപോലെ അത് ഞങ്ങളെ ഓജസ്സുള്ളവരാക്കി. എന്നിട്ട് എന്തുണ്ടായി? 
രണ്ടുമനസ്സുകൾ എത്ര കടഞ്ഞുകൊണ്ടിരുന്നാലും അതിലെ പ്രണയം വറ്റുക തന്നെ ചെയ്യുമെന്ന് എനിക്കന്ന് ബോധ്യപ്പെട്ടതാണ്.
പ്രണയത്തിൽ സ്വാഭാവികമായ ഒന്ന്.! പ്രണയിപ്പിക്കപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രം നിൽക്കുകയും,  അവരുടെ സാമീപ്യം ഒരു മായ മാത്രമെന്ന തോന്നലുമുണ്ടാവണം.

തിരിച്ചുകിട്ടില്ലെന്നറിഞ്ഞിട്ടും പ്രണയിക്കുന്ന മനുഷ്യർക്ക് ചിലപ്പോൾ അങ്ങനെയൊരു ധാരണയേ ഉണ്ടായിക്കൊള്ളണമെന്നില്ല. അവർ പ്രണയിക്കുന്നവരുടെ സുഖവും സന്തോഷവും കണ്ട് രമിക്കുന്നു. അതിൽ അവരുടെ ജീവൻ തന്നെ നിലനിർത്തുന്നു. അമരത്വമില്ലാത്ത മനുഷ്യനെപോലെ അവർ പെരുമാറുന്നുണ്ടെന്ന് തോന്നി.

മുടന്തി വീട്ടിലേക്ക് കയറേ രാഘവൻ വിഷ്ണുവിനോട് ചോദിച്ചു 
ഉമേഷ് എന്തിനത് ചെയ്തു? ഉമേഷ് തന്നാണോ ചെയ്തത്.?