ഹരിദ്വാർ

1191, തുലാം 27
ഹരിദ്വാർ


പ്രിയപ്പെട്ട പാറു,

കുടജാധ്രി ചിതമൂലയിൽ നിന്നും നീ എന്റെ ഒപ്പം തന്നെയുണ്ട്, പക്ഷെ ഇവിടെ ഈ ദുർഗന്ധങ്ങൾക്കിടയിൽ നിന്നെ ഞാൻ ഉപേക്ഷിക്കുകയാണ്. നീയും ഞാനും തമ്മിലുള്ള അകലം ഈ ഹരിദ്വാർ യാത്രകൊണ്ട് ഞാൻ തിരിച്ചറിയുകകയാണ്. നിന്റെ കൂടെയുള്ള യാത്രകളുടെ മുഴുവൻ ഓർമകളും ഇവിടം മുതൽ എനിക്ക് അന്യമാണ്. അതെ, ഇവിടെ ദുർഗന്ധങ്ങൾക്കിടയിൽ എനിക്ക് നിന്നെ ഉപേക്ഷിക്കേണ്ടി വരികയാണ്, നീ എന്നെ ശപിക്കുക.
കാവി വസ്ത്രം ധരിച്, എല്ലാ ഉത്തരവാധിതങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഈ മാനസ ദേവി ക്ഷേത്ര നടകളിൽ ഇവരുടെ കൂടെ വന്നിരിക്കാൻ എനിക്ക് കഴിയില്ല.
എന്റെ ഉത്തരവാധിതങ്ങളിൽ നിന്നും എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല, എനിക്ക് ഈ കാവി വസ്ത്രം ചേരില്ല; കാരണങ്ങൾ എന്തുമാവട്ടെ.

സ്വയം ജീവൻ ത്യജിച്ച സതി ദേവിയുടെ ക്ഷേത്രത്തിനു മുന്നിൽ, മുടന്തനായ അച്ഛനെ നോട്ടു മാലകൾ ചാർത്തിയ ശൂലതിന്റെ അരികിൽ നിർത്തി യാചിക്കുന്ന പന്ത്രണ്ടുകാരി അംബയെ നീയും കണ്ടതല്ലേ.
ആത്മഹത്യ ചെയ്ത് ദേവിയായി മാറിയ സതിയുടെ മുന്നിൽ നീ അടങ്ങുന്ന ആത്മീയതയിൽ മുങ്ങി കുളിച്ചവർ പണ കെട്ടുകളും, സ്വർണ നാണയങ്ങളും നിക്ഷേപിക്കുംബോൾ എനിക്ക് ദേവിയായി തോന്നിയത് അംബയെയാണ്, അംബയ്ക്  ഞാൻ എന്റെ മനസ്സിൽ വിഗ്രഹവും സൃഷ്ടിച്ചു കഴിഞ്ഞു.
അവൾ ദേവി പുത്രിയായി ജനിച്ചില്ല. അവൾക്കും അമ്മയുണ്ടായിരുന്നു, ചേച്ചിയും ചേട്ടനും അടങ്ങുന്ന കുടുംബമുണ്ടായിരുന്നു. ഇന്നവൾക്ക് മുടന്തനായ അച്ഛൻ മാത്രമേ ഉള്ളുവെങ്കിലും.
ഈ സ്വർണ മാളികയിൽ കുടിയിരിക്കുന്ന ദേവിയെക്കാളും  വികലാംഗനായ ഒരുവന് വേണ്ടി നിറ കണ്ണുകളോടെ യാചിക്കുന്ന അംബയെ പോലുള്ളവരെ സ്നേഹിക്കാൻ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
റോഡിൽ നിന്നും മലമുകളിൽ നിൽക്കുന്ന ദേവി ക്ഷേത്രത്തിൽ കാടുകളിലൂടെയുള്ള നടപ്പാതയിൽ കീർത്തനം മുഴക്കി പോകുന്ന കാവി വസ്ത്ര ധാരികൾക്ക് കൊടുക്കുന്ന കുടി വെള്ളം പോലും അംബയ്ക് കിട്ടാത്തത് ആത്മീയതയിലേക്ക് അവൾക്ക് കടന്നു ചെല്ലാനുള്ള പക്വത ഇല്ലാത്തതു കൊണ്ടല്ലേ. വിശപ്പിന്റെ  മുറ വിളികൾക്കിടയിൽ അവൾക്കെങ്ങനെ നിങ്ങളെ പോലെ മിഥ്യയായ ദേവിയിൽ വിശ്വാസം അർപ്പിക്കാൻ കഴിയും. അവൾ വിശ്വസിക്കുന്നത് സ്നേഹത്തിലും പണത്തിലുമാണ്, അത് അവൾ ജീവിതം കൊണ്ട് പഠിച്ചതാണ്. ആ പണം കണ്ടെത്താൻ അവൾക്ക് കയ് നീട്ടുക എന്നല്ലാതെ മറ്റു വഴികളില്ല, അത് അവളുടെ സാഹചര്യം, അവളെടുത്ത തീരുമാനം.

നിനക്കൊക്കെ ജോലി എടുത്ത് ജീവിച്ചോടെ എന്ന് പറഞ്ഞു അവളെ ആട്ടിയോടിച് , ക്ഷേത്രത്തിലേക്ക് കാട്ടിലൂടെയുള്ള വഴിയിലെ മരങ്ങളിൽ കെട്ടി തൂക്കിയ മണികൾ മുഴക്കി ആത്മീയ ഭ്രാന്ത് പ്രകടിപ്പിച്ച നീ ഭാരത് മാതായുടെ ആറു നിലയുള്ള ക്ഷേത്രത്തിലേക്ക് ആർപ്പു വിളിച്ചു കൊണ്ട് നീങ്ങുന്ന ഭക്തരുടെ കൂടെ നാല് കിലോമീറ്റർ കാട്ടിലൂടെ നടന്നു നേടിയതെന്താണ്.

അറിയാം, ജീവിതത്തിൽ നിന്ന് ഒളിച്ചോടി ഇവിടെ ഈ ദേവി സന്നിധിയിൽ വന്നിരിക്കുന്ന ആയിര കണക്കിന് കാവി ധാരികൾക്കും നിന്നെ പോലുള്ള ആത്മീയ വാധികൾക്കും ഇത് തിരിച്ചറിയാൻ കഴിയില്ല.
പക്ഷെ നീ മറ്റൊന്ന് കൂടിയറിയണം, ശാന്തികുഞ്ഞ് ആശ്രമാതിനടുത് ദേവി ഭക്തന്മാർ നടത്തുന്ന യോഗ കേമ്പിൽ നിന്നും ഭയം കൊണ്ട് നീ ഇറങ്ങി വരുംബോഴും,
കോയമ്പത്തൂരിൽ നിന്നും ഒളിച്ചോടി ഇവിടെ ശരീരം വിറ്റു ജീവിക്കുന്ന മൂന്നാം ലിംഗകാരിയായ മരുതയുടെ കൂടെ ഒരു ഭക്തരും പേടികൊണ്ട് ഇറങ്ങാത്ത ഗംഗയുടെ തനി സ്വരൂപം കാണിക്കുന്ന ഹരി കി പുരിയിലെ ഗംഗ തീരത്തോട് ചേർന്നുള്ള കാവി വസ്ത്ര ധാരികൾക്ക് ജീവിതത്തിലേക്ക് തിരിഞ്ഞു ചിന്തിക്കുമ്പോൾ അതൊഴിവാക്കാനായി ലഹരിയുടെ മറ പിടിക്കാൻ പുക ചുരുളുകൾ വിൽക്കുന്ന രാജസ്ഥാനിയുടെ കട തിണ്ണയിലാണ്  അംബ ജീവിക്കുന്നത്. അവൾ അവിടെ സുരക്ഷിതയാണ്, ആ വേശികൾക്കിടയിൽ അവളുടെ ശരീരവും സുരക്ഷിതമാണ്.

എന്നെങ്കിലുമൊരിക്കൽ നിനക്കേറ്റവും പ്രിയപ്പെട്ട വാരാണസിയിലോ ധനുഷ് കൊടിയിലോ നീ എന്നെ കണ്ടു മുട്ടിയേക്കാം, ആ ഒരു നിമിഷം ചിലപ്പോൾ ഞാൻ അന്ധനായി മാറിയേക്കും.
നീ ചുംബിച്ച, നിന്ടെ ചുണ്ടുകളുടെ നീര് വറ്റിയിട്ടില്ലാത്ത ചുവന്ന മണികൾക്ക് ചുറ്റും ഞാനും ചുംബിചിട്ടുണ്ട്, ആത്മീയത ഒട്ടും കലരാതൊരു ചുംബനം., അത് മാത്രമാണ് എനിക്ക് നിനക്കായ്‌ തരാനുള്ളത്‌.

എന്ന് സ്വന്തം
-

ഋഷികേശ്

1191, തുലാം 27
ഋഷികേശ്



പ്രിയപ്പെട്ട പാറു,

നിനക്കേറ്റവും പ്രിയപ്പെട്ടത് എന്ന് നീ പറയുന്ന കാവിവസ്ത്രധാരികൾ സ്വന്തമാക്കിയ ഋഷികേശിലേക്ക് നിന്നെയും കൂട്ടി അടുത്ത തണുപ്പ് കാലത്ത് ഞാൻ പോവാം.

പക്ഷെ, അവിടെ മലകൾക്ക് മുകളിലുള്ള നൂറു കണക്കിന് ക്ഷേത്രങ്ങളിൽ ഏതെങ്കിലും ക്ഷേത്രത്തിൽ നീ പോവണം. അല്ലെങ്കിൽ വേണ്ട, ഗംഗാ സ്‌നാനം കഴിഞ്ഞ് നിന്നെ പോലുള്ളവർക്ക് വൃബധ്ര ക്ഷേത്രമായിരിക്കും നല്ലത്.
ഞാനും നീയും ഒരു പാട് തവണ ശിവനും പാർവതിയുമായതല്ലെ. അത് കൊണ്ടുതന്നെ ശിവനും പാർവതിയും ഒരുമിച്ചുള്ള വൃബധ്രയിൽ തന്നെ നീ ചെന്നാൽ മതി.

നിൻറെ പ്രാർത്ഥന കഴിയുമ്പോഴേക്കും;
എല്ലാം നഷ്ടപെട്ട് ജീവിത ചിലവിനു വേണ്ടി അവിടെ രുദ്രാക്ഷം വിൽക്കുന്ന, ഏതെങ്കിലും ഉത്തരാഖണ്ഡ് മൂന്നാം ക്ലാസ് വേശിക്ക് ഞാൻ വില പറയാം.

അവളെ ഞാൻ ദേവയാനി എന്ന് വിളിക്കും. നിനക്ക് വെറുപ്പുള്ള ഒരേയൊരു പേര്.
എന്റെ കൈയിലുള്ള പണംകൊണ്ട് അവളുടെ കൈയിലുള്ള രുദ്രാക്ഷം മുഴുവൻ വാങ്ങി കാട്ടിലേക്ക് വലിച്ചു ചാടി മലയുടെ മുകളിലേക്ക്, കുടിയാലയിലെക്ക് കൊണ്ട് പോവും.

സംസാരിക്കും, ഋഷികേശിലെ നാറുന്ന തണുത്ത കാറ്റിനെ അനുഭവിക്കും, പരസ്യമായ് ഗംഗയെ ബലാൽക്കാരം ചെയുന്നത് നോക്കി നിൽക്കും. കാവിയുടെ മറവിൽ പൂർണ സ്വാതന്ത്ര്യം നേടിയിട്ടുള്ളവരുമായ് കലഹിക്കും.
അവളെ ഈ വൃത്തികെട്ട ജീവിതത്തിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും, വിദ്യാഭ്യാസം ദാനം ചെയും.
അപ്പോഴേക്കും അവൾക്കെന്നെ മടുക്കും. കാരണം, ഞാൻ അവൾക്ക് കൊടുത്ത പണം കാമിക്കാൻ വേണ്ടി മാത്രമാണ്  വിപ്ലവം സൃഷ്ടിക്കാൻ വേണ്ടിയല്ല എന്നവൾ തിരിച്ചറിയും.
ഒടുക്കം, എന്നിലെ നിശബ്ദതയിൽ നിന്നും അവൾ അകലം പാലിക്കും, കുടിയാലയിൽ നിന്നും അവൾ മലയിറങ്ങി രാമൻചൗളയിലെ നീല ഓട്ടോറിക്ഷയിൽ നിശബ്ദമല്ലാത്ത അവളുടെ ജീവിതത്തിലേക്ക് വീണ്ടും കുടിയേറും.

പക്ഷെ നീ തിരിച്ചറിയുന്നത്, ഗംഗാ സ്‌നാനം ചെയുമ്പോൾ മറഞ്ഞിരുന്ന് നിന്റെ ശരീരത്തെ കാമ വെറിയുമായ് നോക്കുന്ന കാവി വസ്ത്രധാരികളെയായിരിക്കും.
ഒരു നേരത്തെ വിശപ്പകറ്റാൻ കാവി വസ്ത്രധാരികൾ മലവിസർജനം നടത്തുന്ന ഗംഗയിലെ വെള്ളക്കല്ലുകൾ വിൽക്കുന്നവരെ നീ കാണും.
കണക്കില്ലാത്ത ഭിക്ഷാടകർ രാവിലെ ഇരിപ്പിടത്തിനു വേണ്ടി അടികൂടുന്നത് നീ കാണും.
ഭക്ഷണം തട്ടിയെടുത്തോടിയ ബാല്യങ്ങളെ മർധിക്കുന്ന ഹോട്ടലുടമകളെ നീ കാണും.

ഒടുക്കം മടുത്ത് ഋഷികേശിൽ നിന്നും തരിച്ചു പോകുവാൻ നീ എന്നെയും തിരഞ്ഞ് മലമുകളിലേക്ക് വരും, അവിടെ കമിതാക്കളും, കാമ വെറിയന്മാരും സൃഷ്ടിക്കാൻ ശ്രമിക്കുന്ന കലാ രൂപങ്ങൽക്കിടയിലൂടെ നീ കണ്ണടച്ചുകൊണ്ട് കുടിയാലയിലെക്ക് വരും, തിരിച്ചു പോകുവാൻ വേണ്ടി മാത്രം.
തിരിച്ചു മലയിറങ്ങുമ്പോൾ, നിന്നിലെ മതവും, ഭക്തിയും ഒക്കെ ഗംഗയിലേക്ക് വലിച്ചെറിഞ് നീ പരിശുദ്ധമായി തീരും.

എന്ന് സ്വന്തം,
-

ബാരാസ്-മെഹൽ

പാറു, എനിക്ക് നിന്നെ ചുംബിക്കണം.

ഇപ്പഴോ?

അല്ല, പുലർച്ചെ സൂര്യനെ സാക്ഷിയായ്‌!
ചുണ്ടിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞു തുള്ളികൾ ആ ചുംബനത്തിൽ പതിഞ്ഞ് വറ്റി തീരണം, ചുംബനത്തിന്റെ അവസാനം എനിക്ക് നിന്നെ കാമിക്കണം,
പ്രക്ര്തിയിൽ  അലിഞ്ഞ് അലിഞ്ഞ് മഞ്ഞിന്റെ കൂടെ നമ്മൾ ഒന്നായി മാറണം.
ആരുടേയും നോട്ടം പതിയാതെ, ഹാട്ടു പീക്കിലെ പേരറിയാത്ത ആ നീല പൂക്കളുടെ ഇടയിലൂടെ എനിക്ക് നിന്റെ കൈ പിടിച് നടക്കണം.
ദെവധൊർ മരത്തിന്റെ ചുവട്ടിൽ വയ്കുന്നേരങ്ങളിൽ പെയ്തിറങ്ങുന്ന ഹിമപാതത്തിൽ നിന്നെ കെട്ടിപിടിച് ഒരുപാട് നേരം കണ്ണടച്ചിരിക്കണം.

"അതെ, എനിക്കും ആൾക്കൂട്ടത്തിൽ നിന്നും മാറി, നിന്നെ പ്രണയിക്കണം.
പ്രണയിച്, പ്രണയിച് നീ എന്നിൽ, എന്റെ ഇരു മുലകൾക്കും ഇടയിൽ വന്നു ചേരണം."

പ്രഭാതത്തെ സാക്ഷിയാക്കി നാളെ ഞാൻ നിന്റെ കഴുത്തിൽ ബരാസ് പുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ മാല ചാർത്തി, നീ എന്റേത് മാത്രം എന്ന് ഈ ലോകത്തോട്‌ വിളിച്ചു പറയും.

"എങ്കിൽ, അവിടുത്തെ പാണ്ഡവരുടെ ക്ഷേത്രത്തിൽ എനിക്ക് തൊഴണം."

നിനക്ക് എന്തുമാവാം, ആ മാല നിന്റെ സ്വാതന്ത്ര്യത്തിനു മേലെയുള്ള വിലങ്ങുകളല്ല, പക്ഷെ നിന്നിലെ സ്നേഹം എനിക്ക് മാത്രം  എന്ന് നീ സത്യം ചെയ്യണം. അത് കേട്ട് ഹിമ പാതം പൊട്ടി വിരിയണം.

" നീ എന്നോട് മറച്ചു വയ്ക്കുന്നതെല്ലാം, ആ നിമിഷം തുറന്നു പറയുമോ?"

നിനക്കറിയാം, പാറു! ഞാൻ മറച്ചു വച്ചതായ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ മറന്നിരിക്കുന്നു.
എന്നിലെ കാമം മാത്രമാണ് ഞാൻ നീ അറിയാതെ സ്വയം ഭോഗിച് തീർത്തത്, നീ എന്റേത് മാത്രമാകുന്ന  നിമിഷം, ഞാൻ നിന്നെ കാമിക്കും.
മെഹൽ മരത്തിന്റെ മെത്തയിൽ നിന്നെ ഞാൻ നിന്നെ കാമിക്കും,  നിന്നിലെ ധ്രുവ ശരീരങ്ങൾ കൊടും തണുപ്പിലും വിയർതൊഴുകും, വിയർപ്പിനെ ബാരാസ് പുഷ്പ്പങ്ങൾ കൊണ്ട് ഒപ്പിയെടുത്ത് നിന്റെ ശരീരത്തിൽ മുഴുവനായും ഞാൻ ചുംബിക്കും, ചുണ്ടിലെ കരി പൂർണമായും ഇല്ലാതാവുന്നത് വരെ ചുംബിക്കും.

എന്നിട്ട്?

എന്നിട്ട്..
ഏതോ ഇരു പുഷ്പങ്ങൾ മുൻപൊരിക്കൽ പ്രണയിക്കാൻ വേണ്ടി തീർത്ത മെഹൽ ചെടികൾക്കിടയിലുള്ള കുടിലിൽ ഞാൻ നിന്നെ കൊണ്ടുപോവും,  അവിടെ ഒരു രാത്രി മുഴുവൻ തീ കൂനയുടെ അരണ്ട വെളിച്ചത്തിൽ നിന്റെ കണ്ണിലേക്ക് നോക്കി ഞാൻ പ്രണയിക്കും.

പുലർച്ചെ മെഹൽ പൂക്കളുടെ സുഗന്ധം പരക്കാൻ തുടങ്ങുന്ന നിമിഷം നിന്റെ ഇണയായി ഞാൻ മാറും, നീ എനിക്ക് സ്വന്തമായി മാറിയതിന്റെ ഓർമകളിൽ പിന്നീടുള്ള ഓരോ നിമിഷവും ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും, നിന്റെ മുലകളെ, കണ്ണുകളെ, നിന്റെ ശരീരത്തെ എല്ലാം ഞാൻ കാമിച്ചു കൊണ്ടേയിരിക്കും! ഞാൻ ബരാസ് പുഷ്പവും നീ മെഹൽ പുഷ്പവുമായി ഈ പ്രക്ര്തിയിൽ അലിഞ്ഞു തീരും.