ഋഷികേശ്

1191, തുലാം 27
ഋഷികേശ്



പ്രിയപ്പെട്ട പാറു,

നിനക്കേറ്റവും പ്രിയപ്പെട്ടത് എന്ന് നീ പറയുന്ന കാവിവസ്ത്രധാരികൾ സ്വന്തമാക്കിയ ഋഷികേശിലേക്ക് നിന്നെയും കൂട്ടി അടുത്ത തണുപ്പ് കാലത്ത് ഞാൻ പോവാം.

പക്ഷെ, അവിടെ മലകൾക്ക് മുകളിലുള്ള നൂറു കണക്കിന് ക്ഷേത്രങ്ങളിൽ ഏതെങ്കിലും ക്ഷേത്രത്തിൽ നീ പോവണം. അല്ലെങ്കിൽ വേണ്ട, ഗംഗാ സ്‌നാനം കഴിഞ്ഞ് നിന്നെ പോലുള്ളവർക്ക് വൃബധ്ര ക്ഷേത്രമായിരിക്കും നല്ലത്.
ഞാനും നീയും ഒരു പാട് തവണ ശിവനും പാർവതിയുമായതല്ലെ. അത് കൊണ്ടുതന്നെ ശിവനും പാർവതിയും ഒരുമിച്ചുള്ള വൃബധ്രയിൽ തന്നെ നീ ചെന്നാൽ മതി.

നിൻറെ പ്രാർത്ഥന കഴിയുമ്പോഴേക്കും;
എല്ലാം നഷ്ടപെട്ട് ജീവിത ചിലവിനു വേണ്ടി അവിടെ രുദ്രാക്ഷം വിൽക്കുന്ന, ഏതെങ്കിലും ഉത്തരാഖണ്ഡ് മൂന്നാം ക്ലാസ് വേശിക്ക് ഞാൻ വില പറയാം.

അവളെ ഞാൻ ദേവയാനി എന്ന് വിളിക്കും. നിനക്ക് വെറുപ്പുള്ള ഒരേയൊരു പേര്.
എന്റെ കൈയിലുള്ള പണംകൊണ്ട് അവളുടെ കൈയിലുള്ള രുദ്രാക്ഷം മുഴുവൻ വാങ്ങി കാട്ടിലേക്ക് വലിച്ചു ചാടി മലയുടെ മുകളിലേക്ക്, കുടിയാലയിലെക്ക് കൊണ്ട് പോവും.

സംസാരിക്കും, ഋഷികേശിലെ നാറുന്ന തണുത്ത കാറ്റിനെ അനുഭവിക്കും, പരസ്യമായ് ഗംഗയെ ബലാൽക്കാരം ചെയുന്നത് നോക്കി നിൽക്കും. കാവിയുടെ മറവിൽ പൂർണ സ്വാതന്ത്ര്യം നേടിയിട്ടുള്ളവരുമായ് കലഹിക്കും.
അവളെ ഈ വൃത്തികെട്ട ജീവിതത്തിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും, വിദ്യാഭ്യാസം ദാനം ചെയും.
അപ്പോഴേക്കും അവൾക്കെന്നെ മടുക്കും. കാരണം, ഞാൻ അവൾക്ക് കൊടുത്ത പണം കാമിക്കാൻ വേണ്ടി മാത്രമാണ്  വിപ്ലവം സൃഷ്ടിക്കാൻ വേണ്ടിയല്ല എന്നവൾ തിരിച്ചറിയും.
ഒടുക്കം, എന്നിലെ നിശബ്ദതയിൽ നിന്നും അവൾ അകലം പാലിക്കും, കുടിയാലയിൽ നിന്നും അവൾ മലയിറങ്ങി രാമൻചൗളയിലെ നീല ഓട്ടോറിക്ഷയിൽ നിശബ്ദമല്ലാത്ത അവളുടെ ജീവിതത്തിലേക്ക് വീണ്ടും കുടിയേറും.

പക്ഷെ നീ തിരിച്ചറിയുന്നത്, ഗംഗാ സ്‌നാനം ചെയുമ്പോൾ മറഞ്ഞിരുന്ന് നിന്റെ ശരീരത്തെ കാമ വെറിയുമായ് നോക്കുന്ന കാവി വസ്ത്രധാരികളെയായിരിക്കും.
ഒരു നേരത്തെ വിശപ്പകറ്റാൻ കാവി വസ്ത്രധാരികൾ മലവിസർജനം നടത്തുന്ന ഗംഗയിലെ വെള്ളക്കല്ലുകൾ വിൽക്കുന്നവരെ നീ കാണും.
കണക്കില്ലാത്ത ഭിക്ഷാടകർ രാവിലെ ഇരിപ്പിടത്തിനു വേണ്ടി അടികൂടുന്നത് നീ കാണും.
ഭക്ഷണം തട്ടിയെടുത്തോടിയ ബാല്യങ്ങളെ മർധിക്കുന്ന ഹോട്ടലുടമകളെ നീ കാണും.

ഒടുക്കം മടുത്ത് ഋഷികേശിൽ നിന്നും തരിച്ചു പോകുവാൻ നീ എന്നെയും തിരഞ്ഞ് മലമുകളിലേക്ക് വരും, അവിടെ കമിതാക്കളും, കാമ വെറിയന്മാരും സൃഷ്ടിക്കാൻ ശ്രമിക്കുന്ന കലാ രൂപങ്ങൽക്കിടയിലൂടെ നീ കണ്ണടച്ചുകൊണ്ട് കുടിയാലയിലെക്ക് വരും, തിരിച്ചു പോകുവാൻ വേണ്ടി മാത്രം.
തിരിച്ചു മലയിറങ്ങുമ്പോൾ, നിന്നിലെ മതവും, ഭക്തിയും ഒക്കെ ഗംഗയിലേക്ക് വലിച്ചെറിഞ് നീ പരിശുദ്ധമായി തീരും.

എന്ന് സ്വന്തം,
-

No comments:

Post a Comment

വായിച്ചതിനു നന്ട്രി