ആത്മഹത്യ ചെയ്തൊരു പ്രണയം

അരണ്ട വെളിച്ചത്തിൽ ശരീരത്തെ മൂടി പുതച്ച പുതപ്പെടുത്ത് കളഞ്ഞ് നഗ്നമായി ബാൽക്കണിയിലെ ചാര് കസേരയിൽ കാൽ നീട്ടി ഇരുന്നു,
പാക്കറ്റിൽ നിന്ന് ഒരു സിഗരെറ്റെടുത്ത്‌ കത്തിച്ചു, പുക ചുരുളുകൾ കണ്മുന്നിൽ നൃത്തം ചവിട്ടുന്നു. അതിനിടയിലൂടെ ഹൈവേയിൽ കൂടി പോകുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം തട്ടി തെറിക്കുന്നു. നിശബ്ദമായി നോക്കി കാണാൻ ഈ ലോകം എന്ത് സുന്ദരം.

പ്രിയപ്പെട്ടവളുടെ കണ്ണുകൾ പുതപ്പിനടിയിൽ നിന്നും എന്റെ ശരീരത്തെ ബലാൽക്കാരം ചെയുന്നു.
പകുതി മാത്രം വലിച്ചു തീർന്ന സിഗരറ്റ് ആസ്ട്രെയ്ക്ക് മുകളിലായി കിടത്തി വച്ച്, വീണ്ടും പുതപ്പിനിടയിലെക്ക്, അവളുടെ മാറുകളിലേക്ക്.

സിഗരറ്റിന്റെ മണം അവൾക്കിഷ്ടമല്ല, എന്നിൽ നിന്നും അൽപ്പം അകലെയായി അവൾ മാറി കിടന്നു.
ഒറ്റപെടലിന്റെ വേദനയാണത്, കൂടെ പ്രിയപ്പെട്ടവൾ ഉണ്ടായിട്ടുകൂടി, ഒറ്റപെടുകയാണ്. ചിലപ്പോൾ മുഖം വീർപ്പിച് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തോന്നുന്നതായിരിക്കാം.

എരിഞ്ഞു തീരാറായ സിഗിരറ്റ് കുറ്റി എടുത്തു വലിച്ചു, ചുണ്ടുകളിൽ അഗ്നി പടർന്നിറങ്ങി.
വേദനയോടെ ബാൽക്കണിയിൽ നിന്നു.

പിറകിലൂടെ വന്നവൾ എന്റെ അടിവയറ്റിൽ കൈകൾ കൊണ്ട് പിണയാൻ ശ്രമിച്ചു.
അവളുടെ കൈകൾ എടുത്തു മാറ്റി, കണ്ണുകളെ എന്റെ കണ്ണുകൾക്കടുതായി ചേർത്ത് വച്ച് ഞാൻ അവളോട്‌ പറഞ്ഞു.

"എന്റെ പ്രതീക്ഷകൾ ഓരോ നിമിഷവും എന്നെ കാർന്നു തിന്നുന്നു,
രണ്ടു ശരീരങ്ങൾ തമ്മിൽ പിണഞ്ഞിരിക്കുംപോൾ അവിടെ പ്രണയമുണ്ടാവണം, ആ പ്രണയത്തിൽ അവർ മതിമറന്നു രാത്രിയെയും പകലിനെയും മറക്കണം.
വിശപ്പ് സാങ്കൽപ്പികം മാത്രമാകണം.
അല്ലെങ്കിൽ അത് വെറും കാമം മാത്രമാണ്.
രണ്ടു ശരീരങ്ങളിൽ ഏതെങ്കിലും ഒരു ശരീരത്തിന്റെ ചേഷ്ടകൾക്കിടയിൽ മറ്റൊരു ശരീരം വീർപ്പുമുട്ടുന്നെന്നർത്ഥം."

നിശബ്ദമായി അവൾ കട്ടിലിൽ മലർന്നു കിടന്നു, അവൾ കരയുകയാണ്.
നനഞ്ഞ കണ്ണുകൾ ഒപ്പിയെടുത് കൊണ്ട് ഞാൻ പറഞ്ഞു.
"ഈ ലോകത്തിൽ എന്നെ സന്തോഷിപ്പിക്കാൻ കെൽപ്പുള്ളത് നിനക്ക് മാത്രമാണെന്ന്"

അവളുടെ ചുണ്ടുകൾ തണുത്തു,
കണ്ണുകൾ പുഞ്ചിരിക്കുന്ന ഭാവത്തോടെ എന്നെ നോക്കി.

എന്റെ സ്വത്വം മരിക്കുകയാണ്,
പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് സ്വപ്‌നങ്ങൾ കണ്ടിട്ടും, അവയ്ക്ക് ബലിചോറ് ഉണ്ടാക്കി കൊണ്ടിരിക്കയാണ് ഞാൻ.

അവൾ സന്തോഷവതിയാണ്,
എന്റെ പ്രിയപ്പെട്ടവൾ.
ഒരു പുരുഷന് ഇതിൽ കൂടുതൽ മറ്റെന്തു ചെയാൻ കഴിയും.

നിശബ്ധതയാർന്ന മണിക്കൂറുകൾ.
മനസ്സ് ചിലക്കാതെ, ചിന്തകൾ കൊണ്ട് അവളുടെ ആഗ്രഹങ്ങൾ കീറി മുറിക്കാതെ, വാക്കുകൾ കൊണ്ട് കുത്തി നോവിക്കാതെ!

അവൾക്ക് മുഷിഞ്ഞു കാണണം എന്റെ ഈ നിശബ്ധത.
എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങി.
പതിയെ ചുണ്ടുകൾ കഴുത്തിലൂടെ മാറിടതിലെക്ക് ഇഴഞ്ഞു നീങ്ങി.
അവളുടെ കണ്ണുകൾ വികാരം കൊണ്ട് അടഞ്ഞിരിക്കയാണ്, ഭാഗ്യം എന്റെ കണ്ണുനീർ അവൾ കാണില്ലല്ലോ.
പൊട്ടികരയും എന്ന ഗട്ടമായപ്പോൾ അവളുടെ മുലകൾക്കിടയിൽ ചേർന്ന് കിടന്നു.

കൈകൾ മുടികളെ തലോടും എന്ന് പ്രതീക്ഷിച്ചു, ഇല്ല! അവൾ വികാരത്തിന്റെ കൊടുമുടികളിൽ നിന്നും ഇറങ്ങി വന്നിട്ടില്ല.
എനിക്ക് ഓർമ വരികയാണ്, ദേവയാനി എന്ന വേശിയുടെ മുലകൾ,
പൊട്ടി കരഞ്ഞപ്പോൾ എന്റെ കണ്ണുകൾ മാറിടതോട് ചേർത്ത് വച്ച് നീ സുരക്ഷിതനാണ് എന്ന് പറഞ്ഞ ദേവയാനിയുടെ മുലകൾ.

അവളുടെ തണുത്ത ശരീരത്തിൽ നിന്നും വേർതിരിഞ്ഞ്‌ തനിച്ചായി കിടന്നു.
അവൾ എന്റെ നെഞ്ഞിനെ തേടി വന്നു, ചെക്കി പൂവിന്റെ മണമുള്ള അവളുടെ മുടിയിഴകൾ മുഖതേക്കിട്ട്, കൈകൾ കൊണ്ട് രോമങ്ങളിൽ തഴുകി എന്റെ നെഞ്ചത്ത് ചാഞ്ഞു കിടന്നു.
പ്രിയപ്പെട്ടവൾ, എനിക്കേറ്റവും പ്രിയപ്പെട്ടവൾ.

അവളുടെ മുടിയിഴകളിൽ പതിയെ തലോടികൊണ്ട് എന്റെ വാക്കുകൾ അവളെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു.

"പ്രിയപ്പെട്ടവളെ, നീ എന്നെ മറ്റെന്തിനെകാളും ഏറെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ, അതൊന്നും എന്നിലേക്ക് വന്നു ചേരുന്നില്ലെന്ന സത്യം നീ മനസിലാക്കേണ്ടിയിരിക്കുന്നു.
നിന്റെ ശരീരത്തിനും, മനസ്സിനും എന്റെ ശരീരത്തെയും, എന്റെ വാക്കുകളെയും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. വീർപ്പ്‌ മുട്ടുന്ന മറ്റെന്തോ എന്നിൽ തിളച്ചു മറിയുകയാണ്, അതെന്തേ നിനക്ക് കാണാൻ കഴിയാതെ പ്രിയേ."

'ഞാൻ സ്നേഹിക്കുന്നതിലേറെ നിന്നെ മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?'

"ഇല്ല, അങ്ങനെ ഒരാൾ ഈ ഭൂമിയില ജനിചിട്ടുണ്ടാവില്ല. നീ എന്നെ മനസിലാക്കിയിരിക്കുന്നു, മറ്റൊരാൾക്കും കഴിയാത്തത്."
ഇങ്ങനെ ഒരു മറുപടി പറയുംപോഴും, ദിവസങ്ങൾക്ക് മുന്നേ പരിചയപ്പെട്ട കൂട്ടുകാരിയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളും, ദേവയാനിയുടെ സമയത്തെ കൊല്ലുന്ന കണ്ണുകളും എന്റെ മുന്നിലേക്ക് വന്നു പോയിക്കൊണ്ടേയിരുന്നു..

ഇവൾ, എന്റെ പ്രിയപ്പെട്ടവളാണ്.  ഞാൻ പ്രണയം കൈമാറിയിട്ടുള്ള ഒരേഒരു പെൺകുട്ടി.

പ്രിയപ്പെട്ടവളെ,
എനിക്ക് നിന്നോട് പറയാതിരിക്കാൻ വയ്യ, നീ സ്വാർതയാണ്. ഞാനെന്ന പുരുഷന്റെ സ്വത്വത്തെ കൊലപെടുതിയവൾ. 
ഒരിക്കലെങ്കിലും നീ എന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് പുകച്ചുരുളുകൾക്കിടയിൽ ജീവിതം എരിഞ്ഞു തീരുംബോൾ ഞാൻ ആഗ്രഹിക്കാറുണ്ട്.

മറ്റേതോ വിരഹത്തിൽ നിന്നും ഒളിച്ചോടാൻ വേണ്ടി എന്നെ പ്രണയിക്കുംപോൾ നീ അത് എപ്പോഴെങ്കിലും ആലോജിചിട്ടുണ്ടോ?

രണ്ടു ശരീരങ്ങൾ പിണയുംപോൾ ഒരു ശരീരത്തിൽ കാമത്തിന്റെയും മറ്റൊരു ശരീരത്തിൽ വീർപ്പുമുട്ടലിന്റെയും കണികകൾ പെരുകുംപോൾ
പ്രണയം തളിർക്കുന്നതെങ്ങനെ?
പതിനൊന്നു മിനുട്ടിൽ തീരാവുന്ന ഭ്രാന്തമായ കാമം ഈ ജീവിതത്തെ സന്തോഷബരിതമാക്കില്ല എന്ന സത്യം തിരിച്ചറിയാൻ വൈകുന്നിടത്തോളം കാലം നാം തിരിച്ചറിയപെടാത്ത അകലങ്ങളിൽ തന്നെയായിരിക്കും.
നെറ്റിയിലെ ഒരു തലോടൽ, കരയുംപോൾ ചേർത്ത് പിടിച്ചൊരു ആശ്വാസ വാക്ക്, കണ്ണീർ മനുഷ്യ കുലത്തിൽ ജനിച്ച ഏതൊരാൾക്കും സ്വാഭാവികം എന്ന തിരിച്ചറിവ്. ഇതൊക്കെ അത്യാഗ്രഹങ്ങളുടെ പട്ടികയിൽ ചേർത്ത് വച്ചതാണെങ്കിൽ കൂടിയും.

പ്രതീക്ഷിക്കാത്ത ഏതെങ്കിലും ഒരു നിമിഷം എന്റെ പ്രണയം ആത്മഹത്യ ചെയപെട്ടേക്കാം, നിന്നെ സന്തോഷിപ്പിക്കുന്ന, നിന്നെ മാത്രം സന്തോഷിപ്പിക്കുന്ന മറ്റൊരു പ്രണയം തേടി പറക്കുവാൻ ചിറകു നെയ്ത് തുടങ്ങുക നീ.

നീ വായിക്കില്ലെങ്കിൽ കൂടിയും ആത്മഹത്യാ കുറിപ്പിൽ ഞാൻ എഴുതി വയ്കും,


"എന്റെ ജീവിതം നിനക്കും,
ആത്മഹത്യയ്ക് തയാറെടുക്കുന്ന നമ്മുടെ പ്രണയത്തിനും
ഇടയിൽ നൃത്തം ചെയുംപോഴും
പ്രിയപ്പെട്ടവളെ,
എന്റെ നെഞ്ചിൽ തലവച്ചു കിടന്ന, 
കണ്ണീർ മറച്ചു വെച്ച കണ്ണുകൾ കണ്ണാടി ചില്ലിനു മുന്നിൽ ഇമവെട്ടാതെ നോക്കി നിന്നതുമായ,
നിമിഷങ്ങളാണ്
ഈ ജീവിതത്തിൽ എനിക്ക്
ഏറ്റവും പ്രിയപ്പെട്ടത്."

അവൾ - പ്രതീക്ഷ

ഇന്ന് ഞാനൽപ്പം മദ്യപിച്ചു, അൽപ്പമല്ല ധാരാളം തന്നെ മദ്യപിച്ചു.
ലഹരിയിൽ അടിമപ്പെട്ട മനസ്സിനെ തിരിച്ചു കൊണ്ട് വരാൻ ശരീരത്തിൽ അൽപ്പം ലഹരി ആവശ്യമാണെന്ന് തോന്നി.

ശരീരത്തെ മറച്ചു വച്ച വസ്ത്രങ്ങൾ ഊരി എറിഞ്ഞ്, നിരാശ നിറഞ്ഞ ജീവിതത്തിൽനിന്നും ഒളിച്ചോടി വന്നവളെ എന്റെ രോമം നിറഞ്ഞ നെഞ്ചോടു ചേർത്ത് വച്ചു, നിശബ്ധത നിറഞ്ഞ ഹോട്ടൽ മുറിയിലെ ചുവന്ന സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ
അവളുടെ നെറ്റിതടത്തിലൂടെ മുടിയിഴകളിൽ പതിയെ തലോടി, വറ്റിയ തൊണ്ടയിൽ നിന്നും ഉമിനീർ താഴ്ന്നു പോകുന്ന ശബ്ദം കാതുകളിൽ പതിഞ്ഞപ്പോൾ ചന്ദന നിറമുള്ള, കാവിലെ ചെക്കി നിറത്തിന്റെ ഗന്ധമുള്ള, അവളുടെ വിറക്കുന്ന ശരീരത്തെ ചാരനിറമുള്ള എന്റെ ശരീരത്തോട് ചേർത്തുവച്ചു. വിറക്കുന്ന കഴുത്തിൽ എന്റെ ചുണ്ടുകളാൽ സ്പർശിച്ചു.
ശരീരം മുഴുവൻ ചുംബനങ്ങളാൽ എന്റെ ഇരു ചുണ്ടുകളും പെയ്തിറങ്ങി. ഒടുക്കം കന്നിമാസത്തിലെ മഴപോലെ ചുവന്ന എന്റെ കണ്ണുകൾ ഇരുണ്ടു, ആരവത്തോടെ പെയ്തിറങ്ങി.
അറിയില്ലായിരുന്നു, ഞാൻ ഇത്രമേൽ അവളെ പ്രണയിക്കുന്നുണ്ടായിരുന്നെന്ന്. പ്രണയത്തിന്റെ ആഴം എന്തായിരുന്നെന്ന്.

എന്റെ കണ്ണുകളിലെ നനവ്‌ അവളുടെ കാഴ്ച്ചകൾക്ക് മുന്നിൽ പെടാതിരിക്കാൻ ഞാൻ മാറി നിന്നു,
അവളുടെ മുഖം ചുവന്നു, കണ്ണുകൾ നിറയാനും തുടങ്ങി. നിരാശയുടെ ആഴങ്ങളിലേക്ക് വീണ്ടും.

എനിക്കാവില്ല,
മൈലുകൾ താണ്ടി ഒരുവൾ എന്റെ പ്രണയത്തെ വിശ്വസിച്ച് വന്നിരക്കയാണ്, അവളെ നിരാശയുടെ പടുകുഴിയിലേക്ക് വീണ്ടും തള്ളി വിടാൻ.
അതെ, എനിക്ക് ഓർമ്മകളുടെ അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യം നേടി തന്നവൾ, ഞാൻ അവളെ പ്രണയിക്കുകയാണ്‌.

ചിത്ര ശലഭങ്ങളുടെ ചുംബനം എന്റെ കൺ പീലികൾ കൊണ്ട് അവളുടെ ഇരുണ്ട മുലകണ്ണുകൾക്ക് പകർന്നു നൽകി.
അവളുടെ ചെവികളെ എന്റെ പല്ലുകൾ സ്നേഹിക്കാൻ തുടങ്ങി. വീണ്ടും, ശരീരം മുഴവൻ ചുണ്ടുകൾ പെയ്ത്തിറങ്ങി.
അവൾക്ക് എന്നെ ഞാൻ നൽകുകയായിരുന്നു.
അവൾ നിരാശയുടെ ലോകത്തിൽ നിന്നും തിരിച്ചു വന്നു, അവളുടെ സൌന്ദര്യത്തെ കുറിച് വർണിച്ചു കൊണ്ടേയിരുന്നു, അവളുടെ പ്രതീക്ഷകളെയും ഭാവിയെയും കുറിച് സ്വപ്‌നങ്ങൾ നെയ്തു.

മനസ്സിന്റെ നിയന്ത്രണം നഷ്ടപെട്ടിരിക്കുന്നു, മദ്യ കുപ്പികൾ കാലിയായി, ലഹരിക്കടിമപ്പെട്ട മനസ്സിനെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ ചില ഓർമ്മകൾ ആവർത്തന വിരസതയോടെ തികട്ടി വരുന്നു, വരും കാലത്തിൽ ഓമനിക്കാൻ വേണ്ടി മാത്രമുള്ള ചില ഓർമ്മകൾ.

മനസ്സിനെ ലഹരികൾ കൊന്നുകൊണ്ടിരിക്കുന്നു, ഇപ്പോൾ ശരീരത്തെയും.
ലഹരികൾക്കിടയിൽ ഞാൻ കാണുന്നു, അവൾ യാത്രയാവുന്നത്.
കണ്ണുകൾ നിറഞ്ഞുരിയാടാൻ കഴിയാതെ ഞാൻ മാറി നിന്നു, കൈകൾ കൊണ്ടെന്തോ ആങ്ങ്യം കാണിച്ച് അവൾ യാത്രയായി.

അടുത്ത കുപ്പി കൊറോണ ബിയർ തുറന്നിരിക്കുന്നു,
ഇത് തലച്ചോറിന്റെ നിയന്ത്രണം പൂർണമായും നശിപ്പിക്കും, അതിനു മുന്നേ എനിക്കെന്റെ മനസ്സിനോട് പറയണം.

കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കരഞ്ഞപ്പോഴൊക്കെ,
കാഴ്ചകൾ കണ്ടു നടക്കുന്ന അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കൊന്നു നോക്കിയിരുന്നെങ്കിൽ,
നെറ്റിയിൽ ഒന്ന് തലോടിയെങ്കിൽ,
എന്നെ ഒന്ന് ചുംബിചിരുന്നെങ്കിൽ
ബാധ്യതകൾക്കിടയിലെ മറ്റൊരു ബാധ്യതയായി മാറാതെ എനിക്കൊരു തണലായി മാറിയേനെ,

ഇപ്പോൾ ഞാൻ ഒന്നുമില്ലാതായിരിക്കുന്നു, സ്വന്തം മനസ്സ് പോലും കൂടെ ഇല്ല.
ഒന്നുറക്കെ കരയുവാൻ കൂടി കഴിയാതെ മറ്റാർക്കോ നൽകിയ എന്റെ മനസ്സിനെ തേടി കൊണ്ടിരിക്കുന്നു.
പൊട്ടി കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

ചിലപ്പോൾ ലഹരിയുടെ തോന്നലാവാം.
എന്തുമായി കൊള്ളട്ടെ,  ഞാനൊരു ഭാഗ്യം കെട്ടവനാണ്, പ്രണയിക്കപെടാൻ കൂടി അർഹത ഇല്ലാത്തവൻ.
മിഥ്യകളിൽ നിന്നും യാധാർത്യതിലേക്ക് ഇറങ്ങി വന്നതെന്റെ തെറ്റ്, മരണം തേടി അലയുന്നവനാണെന്ന് ഓർമ പെടിതിയവൾക്കൊരുപാട് നന്ദി.

പക്ഷെ അവൾ ഒരുനാൾ അറിയും,
അവളുടെ ചുണ്ടുകളിലെ ആ ചിരി അത് എന്റെ സമ്മാനമാണെന്ന്.

ഞാൻ മരിച്ചു.
ഇനി ഒന്നിലും പ്രസക്തിയില്ല.
കരയുന്ന കണ്ണുകൾ പോലും ചോദിക്കുന്നു, ഏന്തിനു വേണ്ടി എന്ന്.
എല്ലാം എന്റെ തെറ്റ്
പ്രതീക്ഷകളായിരുന്നു കണ്ണ്നീരിനെ എന്റെ കൂട്ടുകാരനാക്കിയത്, അതേ പ്രതീക്ഷകളായിരുന്നു എന്റെ മനസ്സിനെ കീറി മുറിച്ചതും.
ഇന്നും, അതേ പ്രതീക്ഷകൾ തന്നെയാണല്ലോ എന്റെ മരണത്തെ എനിക്ക് കാട്ടി തന്നത് എന്നോർക്കുംപോൾ സന്തോഷം!

ഹിമാലയം കണ്ടുറങ്ങിയവൻ

ഗോവയിൽ നിന്നും നാട്ടിലേക്കുള്ള വഴി, ആവശ്യത്തിലധികം മദ്യപിചിട്ടുണ്ട്. ബർത്തിൽ കയറി കിടന്നത് മാത്രമാണ് ഓർമ.
ബോധം വന്നപ്പോൾ, ഏതു സ്റ്റെഷൻ ആണെന്നറിയാൻ വേണ്ടി മാത്രം എഴുനേറ്റു, പയ്യന്നൂർ എത്തിയിരിക്കുന്നു, ഇനി കഷ്ടിച് ഒരു മണിക്കൂർ മാത്രം കണ്ണൂരേക്ക്. അതുകൊണ്ടുതന്നെ ബർത്തിലേക്ക് വലിഞ്ഞ് കയറാൻ നിൽക്കാതെ പുറത്തെ ചാറ്റൽ മഴയും കൊണ്ട് ഗ്രിഹാതുരത്വം അയവിറക്കി വാതിൽക്കൽ തന്നെ നിന്നു.

ബാത്രൂമിൻറെ വശത്ത് നിന്നും മുഷിഞ്ഞ കാവി വേഷം ധരിച് നീളൻ താടിയുള്ള ഒരാള് വന്നു ചോദിച്ചു,
"കണ്ണൂര് എത്താൻ ഇനി എത്ര നേരമെടുക്കും.?"
കഷ്ടിച് ഒരു മണിക്കൂർ എന്ന് പറഞ്ഞു.
കുളിചിട്ട് ഒരു മാസമെങ്കിലും കഴിഞ്ഞു കാണും, നാറ്റം സഹിക്കാൻ വായ്യാത്തതിനാൽ തൊട്ടടുത്ത കംബാർട്ട്മെന്റിലേക്ക് മാറി, വീണ്ടും മുറിഞ്ഞു പോയ ഗ്രിഹാതുരത്വം അയവിറക്കി.
പക്ഷെ, അപ്പോഴൊക്കെ ഗ്രിഹാതുരത്വതെ മുറിവേൽപ്പിച്ചു കൊണ്ട് ആ മനുഷ്യൻറെ നാറ്റവും, മുഖവും മാത്രം മനസ്സിൽ തങ്ങി നിന്നു.
ഒരു മണിക്കൂർ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.

വീട്ടിലെത്തി ഉമ്മറത്തുള്ള കണ്ണാടിയിലേക്ക് നോക്കി, വൃത്തികെട്ടൊരു രൂപം. അയാളെകാളും ദുർഗന്ധം എൻറെ ശരീരത്തിനുണ്ടായിരുന്നു.
പെട്ടന്ന് തന്നെ കുളിച്ചു മാറി.
കുളിച്ചു കഴിഞ്ഞപ്പോൾ ഇതുവരെ ശീലമില്ലാത്ത ഗന്ധവും , അറിയാത്ത രൂപവും.
കഴുകികളഞ്ഞ ദുർഗന്ധം തന്നെയല്ലേ ഏറ്റവും വലിയ തിരിച്ചടയാളം എന്ന് തിരിച്ചറിയുകയായിരുന്നു.
അയാളെ പഴിച്ച എൻറെ മനസ്സിനെ, ശപിക്കാൻ തോന്നിയ മനസ്സിൻറെ മുഖം മൂടിയെ പഴിച്ചു കൊണ്ടിരിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.

ഇടയ്ക്കിടയ്ക്ക്‌ ഇന്നലെ കുടിച്ച മദ്യം വയറ്റിൽ നിന്നും ശബ്ധമുണ്ടാക്കുന്നുണ്ട്, പക്ഷെ തലയ്ക് ശക്തിയില്ലാത്തതിനാൽ ഞാൻ എഴുനേൽക്കാൻ മുതിർന്നില്ല. പതിയെ ശബ്ധത്തിൽ വച്ച പഴയ ഗാനങ്ങളുടെ അകംബടിയോടെ മയക്കത്തിലേക്ക് വഴുതി വീണു.

മുത്തശി മുറ്റമൊക്കെ അടിച്ചു വാരി ചാണക വെള്ളം തെളിക്കുകയായിരുന്നു, ചാണക വെള്ളം തെളിച്ച മുറ്റതിലൂടെ കൊച്ചുവും ഇചിലുവും ഓടി കളിച്ചുകൊണ്ടിരിക്കുന്നു.
അമ്മ ആദ്യം എന്നെ കുളിപ്പിച്ചതുകൊണ്ട് എനിക്ക് ഇറങ്ങാൻ കഴിയില്ല, ഇറങ്ങിയാൽ കയിൽ പിടിയുടെ കല അതേപടി ചന്തിക്ക് വീഴും.
ഇചിലുവിനെ കൂട്ടി അമ്മ കിണറ്റിൻ കരയിലേക്ക് നീങ്ങി, പിന്നാലെ കൊച്ചുവും.
കൈ കഴുകി  മുത്തശി എന്റെ അടുത്ത് വന്നിരുന്നു.

തോട്ടിൻ വക്കതുകൂടെ പോകുന്ന ഗോവിന്ദൻ സാമിയെ മുത്തശി നീട്ടി വിളിച്ചു,

"എങ്ങോട്ട ഗോവിന്ദ ഇത്ര തിരക്കിട്ട്?"
'സന്ധ്യ മയങ്ങിയില്ലെ ജാനുവേട്ടത്തി, കുളിച് വിളക്ക് കത്തിച് വെക്കണ്ടേ, രാത്രിയെക്കുള്ള വകയും നോക്കണം.'

കാവി വസ്ത്രംധരിച്ച്, കഴുത്തിൽ ആവശ്യത്തിലധികം മാലയും തൂക്കി നാട് മുഴുവൻ അലയുക, കയിലെ കാശ് തീർന്നാൽ തിരിച്ചു വന്ന് കുറച്ചു കാലം ക്ഷേത്രത്തിലെ വല്ല ജോലിയും ചെയും, ആവശ്യത്തിനു കാശായെന്നു തോന്നിയാൽ വീണ്ടും യാത്ര.
നംബീശന്റെ തെങ്ങിൻ തോപ്പിൽ ഒരു ചെറിയ കൂരയുണ്ട്, അവിടെയാണ് ഗോവിന്ദൻ സാമിയുടെ താമസം. വീട്ടിന്റെ ഉമ്മറതിരുന്നാൽ ആ കട്ട പുര വൃത്തിയായി കാണാം.
ഇവിടുള്ള ദിവസം സന്ധ്യാനേരം വൃത്തിയായി അടിച്ചു വാരി മുറ്റത് സ്ഥാപിച്ച കരിങ്കൽ തൂണിൽ ആറു തിരികൾ കത്തിച്ചു വയ്ക്കാറുണ്ട്.
തിരികളുടെ വെളിച്ചം ദൂരെയുള്ള തെങ്ങുകളിൽ തട്ടി മുന്നിലേക്ക് എത്തുന്നത്‌ കാണാൻ നല്ല ഭംഗിയാണ്,  ഇറയത് പഠിക്കാൻ ഇരുന്ന സമയത്ത് തെളിഞ്ഞു നിൽക്കുന്ന തിരികളും നോക്കി പലപ്പോഴായി നിന്നിട്ടുണ്ട്.
തോട് മുറിച്ചു കടക്കേണ്ടത് കൊണ്ട് മാത്രമാണ് അവിടേക്ക് പോകുവാൻ തുനിയാതിരുന്നത്.

ഗോവിന്ദൻ സാമി മുത്തശിയുടെ താഴെ ചവിട്ടു പടിയിലായി ഇരുന്നു,
"എന്തുണ്ട് ഗോവിന്ദ വിശേഷം?"
'റിഷികേശ് വരെ ഒന്ന് പോയി വരണം എന്നുണ്ട്, പക്ഷെ വണ്ടി കൂലിക്കുള്ള കാശ് തികഞ്ഞില്ല, ഈ വാരം തന്നെ കയറണം.'
"നീ എത്തിപെടാത്ത ദേശം വല്ലത് ഇനി ഒഴിവുണ്ടോ, ഗോവിന്ദ?"
ഗോവിന്ദൻ സാമി ചെറുതായി ഒന്ന് ചിരിച്ചു, വിളക്ക് കൊളുതാനുള്ള തിരക്കിൽ, കൂടുതൽ വർത്തമാനത്തിനു നിൽക്കാതെ പോവുകയും ചെയ്തു.

ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട്, ഇവിടെ നിന്നും ധനുഷ്കൊടിയോളം നടന്നിട്ട്  പോവാൻ ഗോവിന്ദനല്ലാതെ വെരാർക്കാ കഴിയുക ഈ നാട്ടിൽ, എല്ലാം ഒരു ഭാഗ്യ.
എന്റെ മുഖതേക്ക് നോക്കി മുത്തശി ആത്മഗതം പറഞ്ഞു.

കഴിഞ്ഞ വർഷം നളിനി ടീച്ചർ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു, തനിച് യാത്രകൾ ചെയ്യുന്ന സഞ്ചാരികളെ കുറിച്ചും, ഹിമാലയത്തിലെ മഞ്ഞു വീഴ്ചയിലും കൂസലില്ലാതെ നടക്കുന്ന സന്യാസിമാരെ കുറിച്ചുമൊക്കെ.
സഞ്ചാരി എന്ന് പറയുംപോൾ ഇപ്പോൾ മനസ്സിൽ തെളിയുന്നത് ഗോവിന്ദൻ സാമിയുടെ മുഖമാണ്.
ഞാൻ ആകെ പോയിട്ടുള്ളത് അച്ഛന്റെ കൂടെ കടപ്പുറത്തും, പിന്നെ ഒരിക്കൽ കണ്ണിൽ രക്തം കട്ട പിടിച്ചപ്പോൾ  മംഗലാപുരത്ത് ആശുപത്രിയിലും മാത്രം.
ഒരിക്കൽ ഹിമാലയം കയറണം, കഴിഞ്ഞ പാഠത്തിലെ സമരങ്ങൾ ഒക്കെ നടന്ന കൊൽക്കത്ത തെരുവുകളും മഞ്ഞുമഴ പെയുന്ന ഉത്തരാഗണ്ടിലെ മലകളും ഒക്കെ കാണാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ പോകും. ഇത് വരെ ട്രെയിനിൽ കയറിയിട്ട് പോലുമില്ല.
അതെ എല്ലാം ഒരു ഭാഗ്യ. മുത്തശിയുടെ ആത്മഗതം ഞാനും ഓർത്തു.
ഗോവിന്ദൻ സാമി ഭാഗ്യവാന, ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട് ഈ നാട്ടിൽ.

ഇനി ഇവിടുതേക്ക് വരുംപോൾ, ഗോവിന്ദൻ സാമി പോയിട്ടുള്ള സ്ഥലങ്ങളെ കുറിച്ചൊക്കെ ചോദിച്ചറിയണം, എത്ര കാശാകും എന്ന് ചോദിച്ച് ഇനി മുതൽ കുടുക്കയിൽ അത്രയും കാശ് ശേഖരിച്ചു തുടങ്ങണം. എന്നിട്ട് ഒരുനാൾ എനിക്കും ഒരുപാട് യാത്രകൾ ചെയ്യണം. ഹിമാലയത്തിലെ മഞ്ഞു പൊഴിയുംപോൾ ഇറങ്ങി നടക്കണം.

പിന്നീടുള്ള ദിവസങ്ങളിൽ
രാത്രി കിടന്നുറങ്ങുംബോഴൊക്കെ ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന ഗോവിന്ദൻ സാമിയുടെയും, പിന്നിലായി മഞ്ഞു മഴകൊണ്ട് ഹിമാലയം കയറുന്ന എന്നെയും, മഞ്ഞിൽ വിരിയുന്ന നീല നിറത്തിലുള്ള പൂക്കളും, സ്വപ്നം കണ്ടു കൊണ്ടേയിരുന്നു.
അതൊരു ഹരമായിരുന്നു.
എനിക്ക് ഹിമാലയത്തിൽ പോകണം എന്ന് പറഞ്ഞപ്പോഴൊക്കെ അവിടെ മനുഷ്യർക്ക് പോകുവാൻ കഴിയില്ലെന്ന് പറഞ്ഞു അമ്മ കളിയാക്കി.
മനുഷ്യർക്ക് പോകുവാൻ കഴിയാതിടത്ത് പോയ ഗോവിന്ദൻ സാമി ഒരു വീര പുരുഷനായി മാറുകയായിരുന്നു.

ഓരോ സന്ധ്യാ നേരത്തും കട്ട പുരയ്ക്കു മുന്നിലായി തെളിയുന്ന തിരികൾ കാണുമെങ്കിലും ഗോവിന്ദൻ സാമിയെ കാണാൻ കഴിഞ്ഞില്ല. ദിവസങ്ങൾ കുറച്ച കഴിഞ്ഞു പോയി.
ഗോവിന്ദൻ സാമിയുടെ വീട്ടിൽ തിരി തെളിയാത്തത് കൊണ്ട് മുത്തശിയോടു ചോദിച്ചു.

ഗോവിന്ദൻ സാമി എവിടെയാ പോയെ മുത്തശി?

"അവൻ റിഷികേശു പോയി കാണും."

തിരിച്ചു വരുന്ന ഗോവിന്ദൻ സാമിയെ നോക്കി, തെളിയുന്ന തിരികൾ നോക്കി,  കുറേ ദിവസം വീട്ടു പടിക്കൽ തന്നെയിരുന്നു, പിന്നീടേതോ നിമിഷത്തിൽ മനസ്സ് വേറൊരു വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി.
വർഷങ്ങൾക്കു ശേഷം തെങ്ങിൻ തോപ്പിലുള്ള കട്ടപുര, നംബീശന്റെ ജോലിക്കാർ പൊളിച്ചു മാറ്റുംപോൾ വീണ്ടും റിഷികേശിൽ നിന്നും തിരിച്ചു വരാത്ത, ഒരു ഭാണ്ട കെട്ടുമായി ഹിമാലയം കയറുന്ന ഗോവിഗോവിന്ദൻ സാമിയെ ഓർത്തു.


തലേന്ന് അകത്തു ചെന്ന മദ്യം തുടരെ തുടരെ വയറ്റിൽ ബഹളങ്ങൾ സൃഷ്ടിക്കുന്നു. സംഗീതത്തിന്റെ ശബ്ദം അൽപ്പം ഉയർത്തി, കമിന്ന് കിടന്നു, അപ്പോഴും എഴുനേൽക്കാനുള്ള മടി തന്നെ കാരണം.

മഞ്ഞു മഴയിലൂടെ ഹിമാലയം കയറുന്ന ഗോവിന്ദൻ സാമി വീണ്ടും കിനാവിലേക്ക് കടന്നു വന്നു, കൂടെ ട്രെയിനിൽ ഒരുമാസമായി കുളിക്കാതെ നാറുന്ന നീളൻ താടിക്കാരനും,
രണ്ടു പേരും അടഞ്ഞ കണ്ണിന്റെ മുന്നിലേക്ക് മാറി മാറി വരുന്നു.
ഇനി ഒരു പക്ഷെ ഗോവിന്ദൻ സാമിയായിരിക്കുമോ അത്, എന്നിലെ യാത്രാ ബ്രമതിന് ആവേശമായ ഊര് തെണ്ടി.
ജോലി തേടി, ഡൽഹിയിലേക്ക് ട്രെയിൻ കയറാനും, ഹിമാലയത്തിലെ മഞ്ഞു മഴയിൽ പുറത്തിറങ്ങി നിൽക്കാനും എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച സഞ്ചാരി, മാസികയ്ക്ക് വേണ്ടി ഫോടോ എടുക്കാൻ ലോകം മുഴുവൻ സഞ്ചരിക്കുംബോഴൊക്കെ ഞാൻ ഗോവിന്ദൻ സാമിയെ ഓർക്കും, മുന്നിൽ ആറു തിരികൾ തെളിയും. എന്റെ ജീവിതത്തിനു നേർക്ക്‌ തെളിഞ്ഞ ആദ്യത്തെ തിരികൾ.
ഗോവിന്ദൻ സാമി ആയിരിക്കില്ല, ഞാൻ വിശ്വസിച്ചു, വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

ഹിമാലയത്തിലെ മഞ്ഞു പാളികൾക്കിടയിൽ തന്റെ മരണത്തെ ഞാൻ കണ്ടെത്തുമെന്ന് ഗോവിന്ദൻ സാമി മുത്തശിയോടു പറഞ്ഞിരുന്നു. അതെ, മരണത്തെ കണ്ടെത്തുന്നത് വരെ മഞ്ഞുപാളികൾ ഓരോന്നായി കയറികൊണ്ടിരിക്കുകയാവും അയാൾ.
ഹിമാലയത്തിന്റെ സുഗന്ധം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആർക്കാണ് തിരിച്ചു വരാൻ തോന്നുക, മനുഷ്യരുടെ കാതടുപ്പിക്കുന്ന ശബ്ദങ്ങൾ ഇല്ലാതെ, ചിതറി കിടക്കുന്ന പഞ്ചസാരകളിലെ ഉറുംബിനെ പോലെ അവർ അവിടെ ഇഴഞ്ഞു കൊണ്ടേയിരിക്കും, ഒടുക്കം ഏതോ ഒരു മഞ്ഞു പാളിയുടെ ഇടയിൽ മരണത്തെ കണ്ടെത്തും, ചിരിച്ചു കൊണ്ട് അവസാനമായി കണ്ണുകളടയ്കും

കണ്ടതാണ്, കുടുംബം എന്ന ചങ്ങല കണ്ണികൾ പൊട്ടിച്ചെറിഞ്ഞു തനിപ്പാട്ട് ഉറക്കെ ആലപിച്ചു മലകളും മരുഭൂമിയും നടന്ന് തീർതവരെ.
കഴിഞ്ഞ തവണ ലടാക്കിലുള്ള ഹെമിസ് ഫെസ്റ്റിവെലിന്റെ ഫോട്ടോസ് എടുക്കാൻ പോയപ്പോൾ നാടും വീടും കുടംബവും വിട്ട് സഞ്ചാരം ഒരു ധ്യാനമായി കണ്ട് ഇറങ്ങി തിരിച്ചു വന്നവരെ, അനുഭവങ്ങളുടെ നേർക്കാഴ്ചകൾ മാത്രമാണ് അവർ തേടുന്നത്, അനുഭവിക്കുക, ഈ ലോകവും പ്രക്രതിയും നമുക്ക് തന്നിട്ടുള്ളതൊക്കെ അനുഭവിച്ചു തീർക്കുക.
ലഹരികളിൽ മുഴുവൻ മനസ്സിനെ നിയന്ത്രിച്ച്‌ ഓരോ നിമിഷവും പുതതായി അനുഭവങ്ങൾ നേടിയെടുക്കാനുള്ള ത്വരയുമായി ഇറങ്ങി തിരിച്ചവരെ.

ഗോവിന്ദൻ സാമിയുടെ ജീവിതവും ഇതേ രീതിയിൽ തന്നെയാണല്ലോ, ചിലപ്പോൾ എവിടെ നിന്നെങ്കിലും യാത്രചെയ്ത് എത്തി ചേർന്നതായിരിക്കാം എന്നും കാണാറുള്ള ആ കട്ടപുരയിലെക്ക്. ഹിമാലയത്തിലെ ഏതെങ്കിലും ആപ്പിൾ മരങ്ങൾക്കിടയിലോ, കുന്നിൻ ചെരുവുകളിലോ മറ്റാരെങ്കിലും പുതിയൊരിടം സമ്മാനിച്ചു കാണും, അങ്ങനെയെങ്കിൽ പിന്നെന്തിന് നിശബ്ധമല്ലാത ഈ ഗ്രാമത്തെ കുറിച് ചിന്തിക്കണം.
അദ്ധേഹത്തെ കുറിച് ആർക്കും ഒന്നും അറിയില്ല. അൽപ്പമെങ്കിലും അറിയാവുന്നത് ക്ഷേത്രത്തിലെ നംബീശനും, മുത്തശിക്കും മാത്രം. അല്ലെങ്കിലും സ്വന്തമായി ഒരു നാടില്ലാതാവനെ കുറിച് അറിഞ്ഞിട്ടെന്തുകാര്യം.

മദ്യത്തിൻറെ കെട്ട് മാറി മുത്തശിയെ  കാണാൻ വൈകുന്നേരം തറവാട്ടിലേക്ക് ചെല്ലുംപോൾ, മതിലുകൾ കൊണ്ട് വേർതിരിച് വച്ച നട വഴിയിയ്ക് മുന്നിലായി നിന്ന് ഉയർന്നു വന്ന വീടുകൾക്ക് മുന്നിൽ, ട്രെയിനിൽ കണ്ട ആ കാവി വസ്ത്രക്കാരൻ എന്തോ തിരയുന്നുണ്ടായിരുന്നു.
തെങ്ങിൻ തോപ്പിലെ തന്റെ കട്ട പുരയിൽ സന്ധ്യാ നേരം തിരി തെളിയിക്കാൻ വന്ന ഗോവിന്ദൻ സാമി ആയിരിക്കുമോ അത്, ആയിരിക്കില്ല.
വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

പിൻഗാമി

ആരാണ് ഞാൻ?
സ്വന്തം നിഴലിനെ നോക്കി ഇങ്ങനൊരു ചോദ്യം ചോദിക്കാത്ത ദിവസമില്ല ആ അരവട്ടൻ.

മൂളിക്കൊണ്ട് മറുപടി കേൾക്കുന്നത് പോലെ അൽപ്പ നേരം അങ്ങനെ നിന്ന് ഉറക്കെ ഉറക്കെ അയാൾ ചിരിക്കും, അങ്ങനെ അയാൾ സമൂഹത്തിൽ അറിയപെടുന്ന ഒരു വട്ടനായി മാറി.

പക്ഷെ കഥ അങ്ങനെയല്ല എന്നാൽ കേട്ടോ,
നിഴൽ മറുപടി പറയുന്നത് അയാൾക്ക്‌ മാത്രമേ കേൾക്കാൻ കഴിയു, അതറിയാതെ വിഡ്ഢികളായ സമൂഹ വാസികൾ അയാളെ വട്ടൻ എന്ന് വിളിക്കുന്നു, സമൂഹ വാസികൾ മുഴുവൻ വിഡികളാണെന്ന്  അയാൾക്കറിയാം; അത് കൊണ്ടാണല്ലോ വട്ടൻ എന്ന് വിളിക്കുമ്പോഴൊക്കെ വിളിക്കുന്നവരെ നോക്കി കണ്ണുകളിൽ പരിഹാസം കലർത്തി അയാൾ ഉറക്കെ ചിരിക്കുന്നത്.

ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു,
അങ്ങനൊരു ചോദ്യത്തിനു സ്വന്തം നിഴൽ നിങ്ങൾക്ക് എന്ത് മറുപടിയാണ് തരുന്നത്?

ആരാണ് ഞാൻ? അയാൾ പതിയെ പറഞ്ഞു,
ആരാണ് ഞാൻ? അയാൾ മുകളിലേക്ക് കൈകൾ ഉയർത്തി ഉറക്കെ ചോദിച്ചു,

മുന്നിലെ ചുവരിൽ തെളിയുന്ന സ്വന്തം നിഴലിലേക്ക് വിരൽ ചൂണ്ടി അയാൾ വീണ്ടും പതിയെയായി ചോദിച്ചു "ആരാണ് ഞാൻ"

അയാളുടെ ശബ്ധത്തിൽ ഇപ്പോൾ അതെനിക്ക് കേൾക്കാം, ആരോ പറയുന്നത് ഏറ്റു പറയുന്നത് പോലെ അയാൾ പറഞ്ഞു.

"നീ പിൻഗാമി,
മറ്റാരുടെയോ നിശ്വാസം വലിച്ചെടുത്ത്‌, മുൻഗാമികളുടെ രണ്ടു രേതെസ്സാൽ തീർത്ത ശരീരവുമായി, ആരൊക്കെയോ ചവച്ചു തുപ്പിയ വാക്കുകൾ വീണ്ടും വീണ്ടും ഉരുവിട്ട്, യാതൊരുവിധ തീരുമാനങ്ങളുമില്ലാതെ ജീവിതത്തിലെവിടെയോ നടന്നകലുന്നവൻ."

ആർക്കും മനസിലാവാത്ത വാക്കുകൾ എൻറെ മുഖത്തേക്ക് ചവച്ചു തുപ്പി ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ, ആ വട്ടൻ, സ്വന്തം നിഴലിനു മുന്നിലേക്ക് നടന്നെത്താൻ ശ്രമിക്കുന്നു.