അഖണ്ഡധുനി (തിരക്കഥ)

അടുക്കും ചിട്ടയുമില്ലാത്ത മുറി,
ചുവരുകൾ നിറയെ കവിതകളും, ഭ്രാന്തൻ ചിന്തകളും, ചിത്രങ്ങളും.
വാരിവലിച്ചിട്ട പുസ്തങ്ങൾ കൊണ്ട് മുറി മുഴുവൻ നിറഞ്ഞിരിക്കുന്നു.
ചുവന്ന പൊട്ടുകൾ കൊണ്ട് നിറഞ്ഞ മേശമുകളിലെ ഒരു വലിയ കണ്ണാടി.
ഒരു വൃത്തികെട്ട ചുവന്ന മുറി.

ശരീരത്തിൽ നിന്നും അഴിഞ്ഞു വീണ കറുത്ത സാരിയാൽ നഗ്നത മറച്ചുകൊണ്ട് അവളുടെ പാതി ശരീരം. 
കറുത്ത സാരി മുട്ടോളം കയറ്റി വച് അയാൾ കൈയിൽ പുരണ്ട നിറങ്ങളാൽ അവളുടെ കാൽ പാദങ്ങളിൽ അയാൾക്ക്‌ മാത്രം മനസിലാകുന്ന ചിത്രങ്ങൾ വരയ്ക്കുന്നു, കടും നീല നിറത്തിലുള്ള മുണ്ട് മാത്രം ധരിച്ച, ശരീരം മുഴുവൻ രോമങ്ങൾ നിറഞ്ഞ പുരുഷരൂപം.

ത്രിനേത്രൻ - എപ്പോഴും പ്രകാശിക്കുന്ന കണ്ണുകളോട് കൂടി, ഇരുണ്ട നിറത്തിലുള്ള മുഖത്തിൽ ചിതറിക്കിടക്കുന്ന താടി രോമങ്ങൾ. ചിന്തകളിലെ ഭ്രാന്ത് നാവിൻ തുംബിലൂടെ എന്നും ഉറക്കെ പുറത്തേക്ക് പുറംതള്ളുന്നവൻ. പ്രണയത്തിനായി ദാഹിക്കുന്നവൻ. നിറങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ, ഈ നഗരത്തിലെ അടച്ചുറപ്പില്ലാത്ത മുറിയിൽ കാമ ചേഷ്ടകളുമായി ജീവിച്ചു തീർക്കുന്നവൻ. ത്രിനേത്രൻ.

പാർവതി - പുരുഷനിൽ നിന്നും സ്ത്രീയുടെ ശരീര പ്രകൃതിയിലേക്ക് ശരീരം പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ, പ്രണയവും വീടും നാടും വിട്ട് ഓടിപോരേണ്ടി വന്നവൾ.
വർഷങ്ങളായുള്ള ഈ നഗരത്തിലെ ജീവിതം മുഖത്തെ ചിരിയും, സ്വപ്നങ്ങളും പാടെ മായ്ച്ചു കളഞ്ഞിരിക്കുന്നു.
സ്ത്രീയായി മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവൾ, പാദസരവും, ചുവന്ന പൊട്ടും ധരിച്‌ സ്വയം സ്ത്രീയാണെന്ന് വിശ്വസിക്കാൻ കൊതിക്കുന്നവൾ.
കാലവും സമൂഹവും അടിച്ചമർത്തപ്പെടുത്താൻ ശ്രമിച്ചപ്പോൾ നഗരത്തിലെ ഏതോ കോണിൽ പകൽ മുഴുവൻ തള്ളി നീക്കി പുകയുന്ന വയറിനുള്ളുത്തരമായി ഇരുട്ടിൽ ശരീരം വിൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നവൾ.
വീണു കിട്ടിയ പ്രണയത്തിനോട് പ്രതിബദ്ധത പുലർത്തി, തന്റെ ജീവിതത്തിലേക്ക് സ്വയം കടന്നു ചെല്ലാൻ കൊതിക്കുന്നു. (ഭിന്ന ലിങ്കക്കാരി പാർവതി)

ത്രിനേത്രൻ : നീ  'വീലർ വിൽകോക്സിന്റെ - പ്രൊട്ടസ്റ്' വായിച്ചിട്ടുണ്ടോ?

പാർവതി : എനിക്കതിന് നിങ്ങളെ പോലെ ഭ്രാന്തില്ലല്ലോ

ത്രിനേത്രൻ :  "The precious one beneath her heart, until
                       God’s soil is rescued from the clutch of greed
                       And given back to labor, let no man
                       Call this the land of freedom."

കാലിലെ വര ഒഴിവാക്കിക്കൊണ്ട് അയാൾ ഉറക്കെ കവിതയുടെ വരികൾ മലർന്നു കിടന്നുകൊണ്ട് ചൊല്ലുന്നു.
അവൾ കാലുകൾ പിൻവലിച് കട്ടിലിൽ നിന്നും താഴേക്കിറങ്ങി.
അഴിഞ്ഞ സാരിയും വലിച്ചുകൊണ്ട് കണ്ണാടിക്കു മുന്നിലേക്കായി നടക്കുന്നു. 
പാദസരത്തിന്റെ ശബ്ദവും കവിതകളുടെ വരികളും കൂടി നിശബ്ദതയെ കീഴ്പ്പെടുത്തിയ തരത്തിലുള്ള ഒച്ചപ്പാടുകൾ.

മത്തു പിടിപ്പിക്കുന്ന കവിതയ്ക്കു ശേഷം മുണ്ട് മുറുക്കെ കെട്ടിക്കൊണ്ട് അയാളും കട്ടിലിൽ നിന്ന് കണ്ണാടിക്കടുത്തേക്കായി വരുന്നു.
കണ്ണാടിക്കു മുന്നിൽ നിന്നുകൊണ്ട് നേരെയിടാൻ ശ്രമിക്കുന്ന സാരിയാൽ മുഖം മറച് അവളുടെ അരക്കെട്ടിൽ മുറുകെ പിടിച്ചുകൊണ്ട് അയാൾ പകുതി പറഞ്ഞു നിർത്തി.

ത്രിനേത്രൻ : തുറന്നിട്ടതാണെങ്കിലും ഈ മുറിയിൽ നീയല്ലാതെ മൊറ്റൊരാൾ കടന്നു വരില്ലെന്ന് നിനക്കറിയാം, എന്നിട്ടും നീയെന്തിനു പെണ്ണേ..

അരക്കെട്ട് തന്റെ രോമം നിറഞ്ഞ ശരീരത്തിൽ ചേർത്ത് വയ്ക്കുമ്പോൾ അവളുടെ ശരീരത്തിൽ വേദനെയെന്ന വികാരത്തിന്റെ നേരിയ ഒച്ചപ്പാടുകൾ പുറം തള്ളി.
ചുവന്ന വലിയ പൊട്ടുവയ്ക്കാൻ ശ്രമിക്കുന്ന പുരുഷനാണോ സ്ത്രീയാണോ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവാത്ത അൽപ്പം താടി മീശ രോമങ്ങളോട് കൂടിയ ഒരു സ്ത്രീ രൂപം കണ്ണാടിയിൽ തെളിയുന്നു.
അയാൾ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ട് തോളിലേക്ക് ചാഞ്ഞു.
അയാളുടെ ചേഷ്ടകൾ അവളുടെ ചുണ്ടുകളിൽ മത്തുപിടിപ്പിക്കുന്ന പുഞ്ചിരിയായി വിരിഞ്ഞു.

പാർവതി : എന്തർത്ഥത്തിലാണ് വീണ്ടും വീണ്ടും നിങ്ങളെന്നെ പെണ്ണേ എന്ന് വിളിക്കുന്നത്

തന്റെ തോളിൽ ചുംബിച്ചു തല താഴ്ത്തിവച്ച അയാളുടെ മുടികൾ വലിച്ചുകൊണ്ട്, പതിയെ തലയാട്ടി അവൾ ചോദിക്കുന്നു.

അവളുടെ അരക്കെട്ട് മുറുകെ പിടിച്ചമർത്തി അയാൾ അൽപ്പസമയത്തിന് ശേഷം മറുപടി പറഞ്ഞു.

ത്രിനേത്രൻ : എനിക്കു മുന്നിൽ നീ പെണ്ണായി മാറുന്ന പോലെ,
നിന്റെ സ്വത്വത്തിലല്ലണെ; നിന്റെ പേരിലാണ് എനിക്കാശ്ചര്യം.

പാർവതി : ഓഹോ!

ത്രിനേത്രൻ :  ആരാ നിനക്കീ പേരിട്ടെ, 'പാർവതി'
കൊള്ളാം; ശിവനെ ചൊൽപ്പടിക്ക് നിർത്തിയവൾ. നിനക്ക് ചേരും."

പാർവതി : ഹ..ഹ.
അത് ഞാൻ ഒരിക്കൽ പറഞ്ഞിട്ടില്ലേ,
ശിവൻ പാർവതിയായ കഥ.
ശരീരത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങിയപ്പോൾ നാട്ടിൽ നിൽക്ക വയാൺടായി,
എങ്ങനെയൊക്കെയോ ഇവിടെ വന്നു പെട്ടു.
ഒരു പെണ്ണായി ജീവിക്കണം എന്ന് തോന്നിയപ്പോൾ, ശിവനെ തിരുത്തി പാർവതിയാക്കി.

കണ്ണാടിക്കു മുന്നിൽ നിന്നും നടന്നകലാൻ ശ്രമിക്കുന്ന അവളുടെ കൈകൾ പിടിച്ചു വലിച്, തന്റെ പിറകിലായി അയാൾ നിർത്തി.
അവൾ അയാളുടെ ചുമലിൽ മുഖം താഴ്‌ത്തി വച്ചു.
കണ്ണാടിയിൽ തന്റെ മുഖം അൽപ്പനേരം സൂക്ഷിച്ചു നോക്കി, കൈയിൽ പുരണ്ട മഷിയാൽ നെറ്റിയിൽ ഒരു മൂന്നാം കണ്ണ് വരച് അയാൾ അവളോടായി പറഞ്ഞു.

ത്രിനേത്രൻ : ത്രിനേത്രൻ, മൂന്നു കണ്ണുള്ളവൻ - ശിവൻ.
നമ്മുടെ പേരുകൾ പോലും, ഒരു വലിയ പ്രണയ കഥയിലെ കഥാപാത്രങ്ങൾ..അല്ലെ!
ത്രിനേത്രൻ - പാർവതി"

പാർവതി : ഹ..ഹ

മത്തു പിടിപ്പിക്കുന്ന അവളുടെ ചിരികേട്ട് അയാൾ അവളിലേക്ക് സൂക്ഷിച്ചു നോക്കി.

ത്രിനേത്രൻ : അവരടുത്തതും, പ്രണയിച്ചതും എന്തിനാണെന്നറിയോ നിനക്ക്?"

പാർവതി : ഉം

ത്രിനേത്രൻ : ദേവന്മാരെ നശിപ്പിക്കാൻ ശ്രമിച്ച രാക്ഷസനായ തരകാസുരനെ വധിക്കാൻ വേണ്ടിയൊരു കുഞ്ഞിന് ജന്മം നൽകാൻ.

പാർവതി : എങ്കിൽ അതുപോലൊരു വിപ്ലവകാരി കുഞ്ഞിനെ നമുക്ക് കണ്ടെത്തണം, ഒന്നല്ല കുറേ കുഞ്ഞുങ്ങളെ.
എനിക്കുമുന്നിൽ വന്നു നിൽക്കുന്നവരൊക്കെ തരകാസുരന്മാരാണ്.
ഓരോ നോട്ടങ്ങൾ കാണണം...!

പുഞ്ചിരി വിരിഞ്ഞ ചുണ്ടുകൾ വിറയ്ക്കുന്നു, ചിലപ്പോൾ സങ്കടം കൊണ്ടാവാം അല്ലെങ്കിൽ അറപ്പാവാം. ആർക്കറിയാം.

കണ്ണാടിയിൽ നിന്ന് തന്റെ മുഖത്തെ പിൻവലിച്, വിറയ്ക്കുന്ന അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് വയ്ക്കാൻ ശ്രമിക്കുന്നു. വിറയ്ക്കുന്ന ചുണ്ടുകളെ കീഴ്‌പ്പെടുത്താനുള്ള എല്ലാ പുരുഷന്റെയും അവസാന ശ്രമം പോലെ.
അവളുടെ കണ്ണുകൾ തനിയെ അടഞ്ഞു, വികാരത്തിന്റെ കൊടുമുടിയിലേക്ക് സങ്കടത്തിന്റെ ആഴങ്ങളിൽ നിന്ന് കടന്നു വന്നുവെന്ന് തോന്നും പോലെ

ത്രിനേത്രൻ : അതെ, നമ്മുടെ പ്രണയം കണ്ടുകൊണ്ട്, ജീവിതം കണ്ടുകൊണ്ട് ഒരു വിപ്ലവകാരിയെങ്കിലും ജനിച്ചു വീഴാതിരിക്കില്ല ഈ മണ്ണിൽ.
ശിവന് പാർവതിയിലുണ്ടായത് പോലെ...!
മാറ്റാം..! ഈ മുറിയെ നമുക്കൊരു അഖണ്ഡദുനിയാക്കി മാറ്റം.

അയാളുടെ കഴുത്തിനു പിന്നിലായി കൈകൾ കോർത്ത് വച്ചുകൊണ്ട് അവൾ പൊട്ടി ചിരിച്ചു.
കരഞ്ഞുകൊണ്ട് ചിരിക്കുന്നവൾ.

പാർവതി : ഹ... ഹ, അതിന് നമ്മളിങ്ങനെ എത്രകാലം പ്രണയിക്കും?"

ത്രിനേത്രൻ : എല്ലാരേയും പോലെ, മരണം വരെ പ്രണയിക്കാം എന്ന് പറയണോ ഞാൻ!
I will always enjoy whatever you give me, and I will never have desires from any other woman.
You will always be with me as my partner, as I with you.

അവളെ തന്റെ ശരീരത്തോട് ചേർത്ത് വച്ച് കൊണ്ട് അയാൾ ഉച്ചത്തിൽ ഒരു ഭ്രാന്തനെ പോലെ അലറി.

വികാരങ്ങൾ തിളച്ചു മറിയുന്ന അയാളുടെ ശരീരത്തിന്റെ ചൂടിൽ നിന്ന് കൊണ്ട് ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങുന്നു
ഓർമകളുടെ ഗൃഹാതുരത്വം ചിന്തകളിലെവിടെയോ മിന്നിമറയുന്നതാവാം..

പാർവതി : എനിക്കൊരു പ്രണയമുണ്ടായിരുന്നു, പണ്ട്..!
എന്നിൽ മാറ്റങ്ങളൊക്കെ ഉണ്ടാവുന്നതിനു മുന്നേ, നാട്ടിൽ വച്..
ഫാഷൻ ഫ്രൂട്ട് വള്ളിയുടെ ഇടയിൽ കുരുങ്ങികിടന്നൊരു പ്രണയം.
ഞാൻ പറിച്ചു കൊടുക്കുന്ന ഫാഷൻ ഫ്രൂട്ടിനായി കാത്തു നിന്നൊരു പാവം പൊട്ടി പെണ്ണ്.

ത്രിനേത്രൻ : ബാല്യകാല സ്മരണകൾ തട്ടി തുറക്കുവാണല്ലോ പെണ്ണ്.

തെറ്റായ തന്റെ ശരീരത്തെ പഴിച്ചു കൊണ്ടാണോ എന്നറിയില്ല, അവൾ കണ്ണാടിക്കു മുന്നിലായി നിന്നു.

പാർവതി : അന്നോളു പറയും, കല്യാണംവരെ പ്രണയിക്കൂന്നൊക്കെ.
അവളുടെ പ്രണയത്തെക്കുറിച് ഞാൻ ഇടയ്ക്ക് ചിന്തിക്കും,
പ്രണയവും വികാരങ്ങളും എന്തെന്ന് പോലും അറിയാത്ത പ്രായത്തിലെ ഒരു പ്രണയമല്ലാതെ എനിക്ക് ഓർക്കാൻ മറ്റൊന്നും ഉണ്ടായിട്ടില്ല.
പ്രണയമെന്നു വിളിക്കാൻ പറ്റുമോ എന്ന് പോലും അറിയില്ല.

അയാളുടെ മുഖത്ത് സൂക്ഷിച്ചു നോക്കികൊണ്ട്‌, താൻ സ്വന്തമാക്കിയ പ്രണയത്തിന്റെ അഹങ്കാരത്തോടെ അവൾ ചോദിച്ചു

പാർവതി : പ്രണയം ഒരുതരം ഭ്രാന്ത് തന്നെയാണല്ലേ?

ത്രിനേത്രൻ : ഭ്രാന്തില്ലാത്ത വികാരങ്ങളുണ്ടോ?

കണ്ണാടിയിലൂടെ രണ്ടുപേരും ചുണ്ടുകളിലൂടെ പ്രണയം കൈമാറാൻ ശ്രമിക്കുന്നുണ്ടെന്ന് കണ്ണുകൾ പറയുന്നു. മനസ്സുകൾ അകലങ്ങളിലേക്ക് പോയിട്ടുണ്ടാവാം, ചിലപ്പോൾ ഓർമകളിലേക്കാവാം.
അവളുടെ ചുവന്ന പൊട്ടിന്റെ മുകളിൽ അയാൾ ചുംബിച്ചു.
കണ്ണുകൾ അടച്ചുകൊണ്ടു തന്നെ അൽപ്പ നേരം അവർ ചുംബനങ്ങൾ കൈമാറി.

അയാളുടെ ചുണ്ടുകളിൽ നിന്നും അവൾ അൽപ്പം മുന്നിലേക്കായി മാറി.
വികാരങ്ങൾക്കിടയിലുള്ള മതിലുകൾ.
വെളുത്ത കണ്ണുകളും, ഷേവ് ചെയ്തു പറ്റിപിടിച്ചു കിടക്കുന്ന ചെറിയ മീശയും, നെറ്റിയിലെ ചുവന്ന വലിയ പൊട്ടും.
അവളുടെ മുഖത്തു അയാളുടെ കൈകളിൽ നിന്നും പറ്റിപ്പിടിച്ച നിറങ്ങൾ കാണാം. കാലിൽ ചിത്രം വരയ്‌ക്കാൻ ഉപയോഗിച്ച അതേ നിറങ്ങൾ.
അൽപ്പം വൃത്തികെട്ട രീതിയിൽ പുഞ്ചിരി കൈമാറി അവൾ കട്ടിലിലേക്ക് പിൻതിരിഞ്ഞു നടന്നു, പാദസരത്തിന്റെ ശബ്ദം ഏതോ ഗസൽ നാദം പോലെ അയാൾ ശ്രവിച്ചു.

കണ്ണടച്ചുകൊണ്ടു അവൾ കട്ടിലിൽ കിടന്നു. പിന്നിലായി വന്നുകൊണ്ട് കൂടെ അയാളും.

ത്രിനേത്രൻ : നിനക്ക് വേണമെങ്കിൽ ഇപ്പോളൊരു വിപ്ലവം സൃഷ്ടിക്കാം, എന്നെ വിവാഹം കഴിച്ചുകൊണ്ട്.. എന്താ വേണോ?

പാർവതി : കാട്ടിൽ നിന്നും നഗരത്തിലേക്ക് വിപ്ലവം കൊണ്ട് വരാൻ ശ്രമിക്കുന്ന വിപ്ലവകാരിയിലൂടെയുള്ള വിപ്ലവം, അല്ലെ?

പാർവതി : വേണ്ട, നമുക്ക് പ്രണയിക്കാം.. മരണംവരെ!
പ്രണയം മരിക്കുമ്പോൾ ഒന്നിന്റെയും അടയാളങ്ങളില്ലാതെ മറക്കാം.
ഇതും ഒരുതരം വിപ്ലവമാണല്ലോ.
എന്റെ കൈ പിടിച്ചുകൊണ്ട് ഈ നഗരത്തിലൂടെ നിങ്ങൾ നടക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ കണ്ണുകളിൽ ഞാൻ കാണാറുണ്ട് - നിങ്ങളോട് ഈ സമൂഹത്തിനുള്ള അറപ്പ്.

ചിന്തകളുടെ ആഴങ്ങളിലേക്ക് വീഴാൻ ശ്രമിച്ചു അവളുടെ മുഖം, തന്റെ ഇരു കൈകളിലും ചേർത്ത് പിടിച് അയാൾ പറഞ്ഞു. 

ത്രിനേത്രൻ : പെണ്ണേ, നിന്നോളം വിപ്ലവം സൃഷ്ടിക്കാൻ ഈ ലോകത്തിൽ വേറെ ആർക്കാ കഴിയുക, അത്രത്തോളം അടിച്ചമർത്തപ്പെട്ടവളല്ലേ നീ.

ചുവരുകളിൽ ഭ്രാന്തൻ ചിന്തകളിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ഇരുവരും മുറിയിൽ നിശബ്ദതയറിയിച്ചു.

ത്രിനേത്രൻ : പെണ്ണേ, നമുക്ക് പ്രണയിക്കാം;
മരിക്കാത്ത പ്രണയമായി മരണം വരെ പ്രണയിക്കാം.
ആരോ എഴുതിയ കഥയിലെ ത്രിനേത്രനും പാർവതിക്കും, അല്ലെങ്കിൽ വ്രിഭദ്രയിലെ കൽപ്രതിമകൾക്ക്.. നമുക്ക് നമ്മുടെ ശരീരങ്ങൾ കൊണ്ട് ജീവൻ കൊടുക്കാം.

പാർവതി : ഉം

പാട്ടുപാടിക്കൊണ്ടയാൾ വീണ്ടും അവളുടെ കാലുകൾക്കിടയിൽ വരച്ചു പകുതിയാക്കിയ ചിത്രം മുഴുവിപ്പിക്കാൻ ശ്രമിക്കുന്നു.
പ്രണയത്തിന്റെ വിപ്ലവത്തിന്റെ - ഭ്രാന്തൻ ചിത്രം.

ത്രിനേത്രൻ : "യജ്ഞ സ്വരൂപയാ ജട ധാരയാ 
പിനാക ഹസ്തയാ സനാതനായ
ദിവ്യായാ ദേവായ ദിഗംബരായാ
തസ്മൈ യകരായ നമ!"
ഹ... ഹ... ഹ

പരമശിവന്റെ രൂപത്തെ വർണ്ണിക്കുന്ന നാലുവരി ശ്ലോകം ചൊല്ലിയിട്ട് അയാൾ ഉറക്കെ ചിരിക്കുന്നു.
ചിലപ്പോൾ ഒരു പരിഹാസം എന്നോളമായിരിക്കാം

-

സിനിമ കാണാൻ  - https://www.youtube.com/watch?v=7Ix-hTvzYtY&t=13s

രാത്രി

നഗരത്തിൽ ഒറ്റപെട്ടുപോയവന്റെ ഇരുണ്ട മുറിയിലേക്ക് വീക്കെന്റിൽ വന്നുപോകുന്ന ഒരു പ്രിയപ്പെട്ടവളുണ്ടായിരുന്നു.
തെറ്റി, പ്രിയപ്പെട്ടൊരു വേശിയുണ്ടായിരുന്നു, ദേവയാനി.
മറ്റൊരാളെ മറ്റൊരാളായി കാണാൻ ഞാൻ പ്രാപ്തനായതുകൊണ്ടാവണം, പുതിയ കാലഘട്ടത്തിലെ യുവാക്കളെ മയക്കാൻ അവൾ ധരിക്കുന്ന കൊസാബെല്ല ബ്രായുടെ ഇടയിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ മുലകളിൽ കാമം കാണാൻ കഴിയാതിരുന്നത്.
അല്ലെങ്കിലും പ്രണയമില്ലാതെ, കൺപീലികൾ കൊണ്ടുള്ള കണ്ണുകളുടെ ഉമ്മവയ്‌ക്കലില്ലാതെ, കാമം എങ്ങനെയുണ്ടാവും. സിരകളിൽ കാമകണികകൾ എങ്ങനെ അപ്‌ഡേറ്റു ചെയ്യും?

ഒരിക്കൽ കൾട്ട് ഹിന്ദി ഗാനങ്ങൾക്കിടയിൽ മദ്യം തലയ്ക്കു പിടിച് നൃത്ത ചുവടുകൾ തീർക്കുന്നതിനിടയിൽ സിഗരറ്റിനു പകരമായി അവൾ കൈയിൽ തന്നൊരു പുകയുണ്ടായിരുന്നു.
'അമുഗ്‌ബോ'. മനസ്സും ശരീരവും തമ്മിൽ അന്തരമില്ലാത്ത അകലങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്ന ഒന്നാന്തരം നേപ്പാളിയൻ കഞ്ചാവ്.
പബ്ബിൽ ക്ഷീണിച് അവശനായി ബാത്റൂമിലേക്കുള്ള പടികളിൽ തലവച്ചു കിടന്നുകൊണ്ട് ഓരോ പുകയും ആഞ്ഞെടുത്തു.
തലക്കുപിടിച്ച മദ്യം ചുവന്ന ചോരത്തുള്ളികളായി മുന്നിലേക്ക് ഒഴുകി വന്നു.
ആരൊക്കെയോ കത്തിച്ചു ചാടിയ സിഗരറ്റു കുറ്റികൾ മുന്നിൽ കഥകൾ പറഞ്ഞു.
ഹിന്ദി കൾട്ട് സംഗീതങ്ങൾക്ക് തീ ചാമുണ്ഡിയും ബ്രഹ്മരക്ഷസും നൃത്ത ചുവടുകൾ തീർത്തു.
അണപൊട്ടിയ കൗമാരത്തിലെ ഓർമ്മകൾ നുരഞ്ഞു പൊങ്ങി.
എന്നോ ചത്ത് മണ്ണടിഞ്ഞവർ തിരിച്ചു വന്നു കാവിലെ തെയം കാണാൻ മതിലുകളിൽ കയറിയിരുന്നു.
യാഗ ക്രിയകൾ ചെയുന്ന ഋതുക്കൾ, അഗ്നീദ്രൻ തുടങ്ങിയ പതിനാറുപേരും പ്രത്യക്ഷപെട്ടു.

എഴുനേൽക്കാൻ ശക്തി കിട്ടിയപ്പോൾ,
മൂലയിലെ സോഫകളിൽ കാമ ചേഷ്ടകളുമായിരിക്കുന്ന ചുണ്ടുകളിൽ ചായം പൂശിയ ഏതോ സുന്ദരിയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു,
"ഇരുളിൽ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ ഒരു മന്ത്രമുണ്ടോ? രാമഃ മന്ത്രമുണ്ടോ?"
അവൾ 'അഞ്ഞൂറ്' എന്ന് മാത്രമേ മറുപടി പറഞ്ഞുള്ളു. അവളുടെ ഒരു സിറ്റിങ്ങിനുള്ള പണം.
പണം ചോദിക്കുന്ന വേശികളുടെ ഇടയിൽ നിൽക്കാൻ താല്പര്യമില്ലാതെ അവളെ തള്ളിമാറ്റി ദേവയാനിയെ തിരഞ്ഞു. കണ്ടെത്തിയില്ല.
ഒരു നഗരം മുഴുവൻ തിരഞ്ഞു. വേശ്യയുടെ ഒരു രാത്രിയുടെ ചൂടിനുവേണ്ടിയല്ല.
ചിന്തകളെ കൊന്നുകളയുന്ന, സ്വപ്നങ്ങളെ, ആകാംഷകളെ മുളപ്പിച്ചെടുക്കുന്ന അമുഗ്‌ബോയ്ക്കു വേണ്ടി.

ബോധമില്ലായ്‌മയുടെ ബോധത്തിൽ ഉത്തരാഖണ്ഡിലേക്ക് ബസ് കയറിയതും,
ട്രിയുഗിനാരായൺ ക്ഷേത്രത്തിന്റെ അടുത് ചെന്നെത്തിയതും അങ്ങനെയൊരു ലഹരിയ്ക്കു പുറത്താണ്.

ട്രിയുഗിനാരായൺ ക്ഷേത്രം - പാശ്ചാത്യ അഖണ്ഡധുനി.
ആരോ എഴുതിയ കഥയിലെ ശിവനും പാർവതിയും പ്രണയത്തിലേക്ക് കടന്നുചെന്ന മണ്ണ്.
പാഴ്‌നിഴൽ പുറ്റുകളല്ലാതെ മറ്റൊന്നും തന്നെ ക്ഷേത്രനടയിലുണ്ടായിരുന്നില്ല.
'എരിയാതെരിഞ്ഞ തിരിയായി നേരുചികയുന്ന'
എന്ന് കവി പറഞ്ഞതുപോലെ, ഭ്രാന്തൻ അവന്റെ കാഴ്ചകൾ തന്റെ കണ്ണിലൂടെ കാണാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അവിടെ, ശിവൻ ശിവനെ പ്രണയിക്കുകയായിരുന്നു.
ഒരാൾ ഒരേ സമയം സ്ത്രീയും പുരുഷനുമായി മാറുകയായിരുന്നു.

അടച്ചിട്ട ക്ഷേത്ര നടയിൽ നിലാവ് വീഴാത്ത തണുപ്പുള്ള ഒരു രാത്രി മുഴുവൻ വെളുത്ത താടിക്കാരുടെ കൂടെ സ്വയം മറന്നു കിടന്നുറങ്ങി.
ദേവയാനിയോ, അമുഗ്‌ബോയോ ഒന്നും മനസ്സിലേക്ക് കടന്നുവന്നില്ല.
ഒരാൾ എങ്ങനെ അയാളെ പ്രണയിക്കുന്നു എന്നുമാത്രം ചിന്തകളിൽ അലമുറയിട്ടു.

'നമുക്കെന്തിനാന്യോന്യ ദൂരം വിതുമ്പും വികാരം?
നിറം പൂത്ത സങ്കൽപ്പ കാവ്യം?
നമുക്കെന്തിന് ആൺപൂവും പെൺപൂവും വേറെ വേറെ,
നമുക്കെന്തിനീയർത്ഥഹീനം പാദങ്ങൾ'

നരൻ നാരിയോട്

'നമുക്കെന്തിനീ രൂപം,
നമുക്കെന്തിനീ നമ്മളൊന്നെന്ന വാക്കും.'

നാരി നരനോട്

ശിവൻ ശിവനോട് പറയുന്ന സംഭാഷങ്ങൾ ഉറങ്ങിക്കിടന്ന ഭ്രാന്തന്റെ സ്വപ്നത്തിലേക്ക് കാതടിപ്പിച്ചുകൊണ്ട് കടന്നുവന്നു.
ഉറക്കം ഞെട്ടി, 
കുന്നിൻ മുകളിലേക്ക് സൂര്യൻ നടന്നുകയറി വരുന്നതുവരെ ഉറക്കമളച്ചുകൊണ്ടു ക്ഷേത്രത്തിനു കാവലിരുന്നു.
ഭക്തിയുടെ മറവിൽ കുടപിടിച്ചുകൊണ്ട് ആരും വരാത്തതാവാം ഈ കാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ കാരണം. ഭ്രാന്തന്റെ ചിന്താമണ്ഡലം പുറത്തേക്ക് കടന്നു.
ലഹരികൾ പാടെ ബോധംകെട്ട് വീണിരിക്കുന്നു.
എങ്കിലും ഒരാൾക്ക് അയാളെയെങ്ങനെ പ്രണയിക്കാൻ കഴിയും?
ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ അതുമാത്രമായിരുന്നു ചിന്ത.

പ്രിയപ്പെട്ട ദൈവമേ,
നീ സ്നേഹിക്കാനും പ്രണയിക്കാനും മാത്രമാണല്ലോ പറയുന്നത്,
നിന്റെ കൈയിൽ ശൂലവും ഹനിക്കുന്ന മൂന്നാം കണ്ണും എന്നുവന്നു പെട്ടു?
എന്നിട്ടും, സ്വയം സങ്കൽപ്പ കാവ്യങ്ങൾ രചിച്ചുകൊണ്ട് അവർ നിനക്കുവേണ്ടി സേനകളെ പടവെട്ടാൻ അയക്കുന്നത് കാണുന്നില്ലേ?
ആണിനേയും പെണ്ണിനേയും തരം തിരിക്കുന്നത് കാണുന്നില്ലേ?

ഞാൻ

എന്നെപ്പറ്റി ആർക്കും അറിയണ്ട ആവശ്യമില്ല.
ആർക്കും ആരെ കുറിച്ചും അറിയേണ്ട ആവശ്യമില്ല. എങ്കിലും ചിലരൊക്കെ മിഥ്യാ സങ്കൽപ്പങ്ങളിൽ നിന്നും ധാരണയുണ്ടാക്കി സൗഹൃദവുമായി അടുക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ പറയാതിരിക്കാൻ വയ്യ.
ഈ പറഞ്ഞതിനെ ഏതു സ്വരത്തിലാണ് നിങ്ങൾ മനസ്സിലാക്കുന്നത് എന്നെനിക്കറിയില്ല. ഒരു അഹങ്കാരത്തിന്റെ അല്ലെങ്കിൽ സ്വയം വലിയവൻ എന്ന് കരുതുന്ന ഒരാളിലെ സ്വരമായി കാണരുത്.

ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട് വീണ്ടും പ്രതീക്ഷകളും സ്വപ്നങ്ങളുമായി തെരുവുകളിലേക്ക് ഇറങ്ങിയൊരാളായിരുന്നു ഞാൻ.
ആവർത്തിക്കപെട്ട തെറ്റുകൾ.

യാത്രകളും, അക്ഷരങ്ങളും, സ്നേഹവും, സഹൃദവും, സ്വപ്നങ്ങളും, പ്രണയവും, തീർത്ത വർണശബളമായ ജീവിതത്തിൽ നിന്നും പുറത്തേക്കിറങ്ങിയിട്ട് വർഷങ്ങളായി.
ചത്തുപോയിട്ട് വർഷങ്ങളായി. ഒരിക്കൽ ചത്തുപോയവനായതുകൊണ്ടുതന്നെ ജീവിക്കാനുള്ള ത്വര എപ്പോഴും ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നുണ്ടായിരുന്നു.
മനോഹരമായ സ്നേഹ ബന്ധങ്ങളോട്,
നല്ല സൗഹൃദങ്ങളോട്,
മരണം വരെ പ്രണയിക്കാം എന്ന് പറയുന്ന കാമുകിയോട്,
പണത്തിന്റെ അതിർവരമ്പുകളില്ലാത്ത ബന്ധങ്ങളോട്, അങ്ങനെ എല്ലാത്തിനെയും പ്രതീക്ഷിച്ചുകൊണ്ട് ജീവിച്ചിരുന്ന നാളുകൾ കഴിഞ്ഞുപോയിരുന്നു ജീവിതത്തിൽ.

കാലങ്ങൾ ഒരുപാട് കഴിഞ്ഞു,
മുടി നരച്ചു, പുകവലി ദിവസം തോറും കൂടി വന്നു.
ചുണ്ടുകൾ കറുത്തു, മനസ്സ് മുരടിച്ചു.
പക്ഷെ, പ്രജീഷ് പ്രജീഷായി തന്നെ നിലകൊണ്ടു. ജീവിതത്തിൽ എന്നോട് സത്യസന്ധത പുലർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

വീണ്ടും ജീവിതത്തിലേക്ക് കടന്നു പോവുന്നു എന്നൊരു തോന്നലുണ്ടായത്,
യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ ചില സൗഹൃദങ്ങൾ,
പൊടിതട്ടി മാറ്റി അടുത്തേക്ക് വന്ന അകറ്റി നിർത്തിയ ബന്ധങ്ങൾ,
മരണം വരെ പ്രണയിക്കാം എന്ന് പറയുന്ന കാമുകി,
തുടങ്ങിയവരൊക്കെ ജീവിതത്തിലേക്ക് കടന്നുവന്നതുകൊണ്ടായിരുന്നു. പക്ഷെ, ഒന്നിനും സ്ഥായിയായനിലനിൽപ്പില്ല.
കരണമെനിക്കറിയില്ല, ചിലപ്പോൾ ആർക്കും അടുക്കാൻ പറ്റാത്ത അറുബോറാനായിരുന്നിരിക്കാം.

പ്രജീഷ് പ്രജീഷാണ്.
പ്രജീഷിന് ഒരിക്കലും പ്രയാഗാവാൻ കഴിയില്ല.
പ്രജീഷിനൊരിക്കലും അതുൽ ആവാനും കഴിയില്ല.
പ്രയാഗിന് പ്രജീഷാവാനും കഴിയില്ല, പ്രയാഗിന് അതുൽ ആവാനും കഴിയില്ല.

ലഹരികളും, അക്ഷരങ്ങളും, സ്നേഹവും, പ്രതീക്ഷയും, സ്വപ്നവും, പ്രണയവും, സൗഹൃദവും ഇല്ലാത്ത യാന്ത്രികമായ ജീവിതത്തോട് പൊരുത്തപ്പെട്ടു.
എന്റെ ജീവിതം സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും പുറത്താണ്. ചിന്തകൾക്കോ, ഓർമകൾക്കോ സ്ഥാനമില്ലവിടെ. പേടി എന്ന വികാരം മാത്രമാണ് മനസ്സ് നിറയെ, കാരണമെന്തെന്ന് എനിക്കറിയില്ല. കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടില്ല, ആവശ്യമില്ലാത്ത കടന്നുകയറ്റത്തിന് ഞാൻ എന്നെ പോലും അനുവദിക്കാറില്ല.

അല്ലെങ്കിലും ഈ ലോകത്തു ആരും ആരെയും സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ആരും പ്രണയിച്ചിട്ടുമില്ല. സ്വാർത്ഥതയാണ് എല്ലായിടത്തും.
എന്നെ ആരെങ്കിലും പ്രണയിക്കുകയോ, സ്നേഹിക്കുകയോ ചെയ്തെങ്കിൽ അവർക്കു വേണ്ടി മാത്രമാണ്. അവർക്ക് ആരെയെങ്കിലും സ്നേഹിക്കുകയോ പ്രണയിക്കുകയോ ചെയേണ്ടതുകൊണ്ട് അവർ സ്നേഹിച്ചു. പ്രണയിച്ചു.
അപ്പോൾ അവർ എന്നെയെങ്ങനെ സ്നേഹിച്ചു, അവർ അവരെയല്ലേ സ്നേഹിച്ചത്.

എന്നെ ആരും സ്നേഹിച്ചിട്ടില്ല ഇതുവരെ.
അമ്മയും അച്ഛനും സ്നേഹിച്ചത് അവരുടെ മകനെയാണ്. എന്നെയല്ല. എന്നെ ആർക്കും അറിയില്ല.
ഞാൻ ഞാനാണ്. ഞാൻ പ്രജീഷാണ്.
പാറുവിനു പ്രജീഷ് ആവാൻ കഴിയില്ലല്ലോ. പ്രജീഷിന് പാറുവും ആവാൻ കഴിയില്ല.
അച്ഛനും അമ്മയ്ക്കും പ്രജീഷാവാൻ കഴിയില്ല. അച്ഛനും അമ്മയ്ക്കും പാറുവും ആകാൻ കഴിയില്ല.

പക്ഷെ,
പ്രജീഷിന് പ്രജീഷ് ആവാനും, അനുവിന് അനുവാകനും,
പ്രജീഷിന് അനുവും, അനുവിന് പ്രജീഷ് ആകാനും കഴിഞ്ഞൊരു കാലമുണ്ടായിരുന്നു.
ആ യുഗം അവസാനിച്ചു. ദിനോസറുകൾ നശിച്ചപോലെ നശിച്ചു പോയിരിക്കുന്നു.

ഞാൻ ആരെയും സ്നേഹിക്കുന്നില്ല പ്രണയിക്കുന്നില്ല.
ഞാൻ തെറ്റുകൾ ചെയുന്നതുകൊണ്ടാണ് മറ്റുള്ളവർ ചെയുന്ന തെറ്റുകൾ എനിക്ക് കാണുന്നത് എന്ന് ചിലർ പറയുന്നു. അപ്പോൾ, ഞാൻ തെറ്റ് എന്ന വാക്കു എടുത്തു കളയുന്നു, കൂടെ സ്നേഹവും, പ്രണയവും, വിശ്വാസവും, കള്ളവും അങ്ങനെ എല്ലാ വാക്കുകളും എടുത്തു കളഞ്ഞു.

ഞാൻ ഞാനായി.
പക്ഷെ എനിക്ക് എന്നെ നഷ്ടപ്പെട്ടു. സന്തോഷമോ, സങ്കടമോ, ഒന്നുമില്ലാതെ ജീവിക്കുന്ന ഒരുവനാണ് ഞാൻ. വർത്തമാനങ്ങളിൽ നിന്നും വർത്തമാനങ്ങളിലേക്ക് മാത്രമേ നോക്കാറുള്ളു. ഭൂതവും ഭാവിയും എനിക്ക് താത്പര്യമില്ല.

നഷ്ടപെടലുകളിൽ ഹരം കണ്ടെത്തുന്ന വികാരം മുളച്ചു പൊന്തിയിരിക്കുന്നു.
ഞാൻ എന്താണോ, അതുപോലെ എന്നെ ജീവിക്കാൻ അനുവദിക്കുക. കടന്നുകയറരുത്.
ചത്തവനാണ് ഞാൻ. വെറും ശവം. അടുക്കാൻ കൊള്ളാത്ത അറുബോറൻ.

നിങ്ങൾക്ക് നല്ലതു വരട്ടെ!



സ്വാർത്ഥൻ


എന്താണ് ഞാൻ?
ഞാൻ എന്താണെന്ന ഒരു വലിയ ചോദ്യത്തിന്റെ മുന്നിൽ തല കുനിച്ചിരിക്കുകയാണ്.
പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാൻ പല മനുഷ്യൻ ആണോയെന്ന്.
ഒരു ശരീരത്തിന്റെയകത് കാലാകാലങ്ങളായി അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ചിന്താഗതികളല്ല, മറിച്ചു മാറി മാറി വരുന്ന വ്യത്യസ്ത മനുഷ്യരുടെ മനസ്സുകളുമായി പോരാട്ടം നടത്തുകയാണെന്ന്.

എന്റെ ചിന്തകൾ, വസ്ത്രത്തിനുള്ളിൽ നഗ്നമായ ശരീരം പോലെ എനിക്കുമാത്രം കാണാവുന്നവ.
വാതിലുകൾ തുറന്നിട്ടിട്ടും മറ്റാർക്കും കടന്നുവരാൻ കഴിയാതെ ഒറ്റപെട്ടുപോയവ.
തുറന്നു പറച്ചിലുകൾ നടത്തിയിട്ടും,
നുണകൾ കൊണ്ട് വേലികൾ കെട്ടാതിരുന്നിട്ടും,
ആർക്കും പിടികൊടുക്കാത്ത എന്റെ ചിന്തകൾ.

ഞാൻ രണ്ടുപേരാണ്.
ഒന്ന് ആർക്കും കാണാൻ കഴിയാത്ത, മനസ്സിലെവിടെയോ എനിക്കുവേണ്ടി ജീവിക്കാൻ കൊതിക്കുന്ന തോറ്റുപോയവൻ.
മറ്റേത് എല്ലാവർക്കും കാണാവുന്ന കുടുംബത്തിനുവേണ്ടി ജോലി ചെയുന്ന, നാടകം കൊണ്ട് മറച്ചു വച്ച നഷ്ടപ്രണയത്തിലേക്ക് വഴുതി വീഴുന്ന, എനിക്കറിയാത്ത മറ്റേതോ ഒരാൾ.

ആരും എന്നെ കാണുന്നില്ല, ആരും.
അതുകൊണ്ടു തന്നെയാവണം ബന്ധങ്ങളുടെയും, പ്രണയത്തിന്റെയും, സ്നേഹ നാടക രംഗങ്ങളുടെയും ഇടയിൽ ഒറ്റപ്പെട്ടത് പോലെ തോന്നുന്നത്.
നടനാണോ ഞാൻ?
ആർക്കെങ്കിലും അങ്ങനെ തോന്നി കാണുമോ?
അതോ എനിക്കുമുന്നിൽ മാത്രമാണോ ഞാൻ അഭിനയിക്കുന്നത്.

എന്താണ് ഞാൻ?
എന്തുകൊണ്ട് ഞാൻ ഇങ്ങനെയൊക്കെയാവുന്നു.
ചിന്തകൾ തമ്മിലുള്ള കൂട്ടിമുട്ടലുകളിലേക്കാണ് എല്ലാവരുടെയും നിഗമനങ്ങളും ചോദ്യങ്ങളും എന്നെ കൊണ്ടെത്തിക്കുന്നത്.
ആർക്കും വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിയാതെ തലകുനിക്കേണ്ടി വരികയാണ്.
ഇനി സ്വത്വം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വേലിയേറ്റവും ഇറക്കങ്ങളുമാവുമോ?
അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ചിന്തകൾ ഒറ്റപെട്ടുപോവുന്നു.
എന്റെ ചിന്തകളിൽ അൽപ്പനേരം ജീവിച്ചുകൊണ്ട് ഇറങ്ങി വന്നു കഴിയുമ്പോഴേക്കും നഷ്ടങ്ങളുടെ കണക്കെഴുതിവയ്ക്കുന്ന പട്ടികയുടെ നീളം കൂടുകയാണ്.
എന്താണ് അതിനർത്ഥം?
എന്നെ ഒരേസമയം ഉൾക്കൊള്ളാനും ഉൾക്കൊള്ളാതിരിക്കാനും പ്രിയപ്പെട്ടവർക്ക് തടസ്സമാവുന്ന രണ്ടു വ്യക്തിത്വങ്ങളായി ഞാൻ മാറാറുണ്ടെന്നല്ലേ?

വലിയ നഷ്ടങ്ങളുടെ കൂമ്പാരം സൃഷ്ടിക്കാൻ പോവുകയാണ് ഞാൻ.
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന എന്നെ ഞാൻ കൊല്ലാൻ പോവുകയാണ്.
അപമാനപെടുത്തുന്ന വാക്കുകളും, ചോദ്യം ചെയ്യലുകളും കേട്ടു മടുത്തു.
നാടകങ്ങളും, വികാര പ്രകടനങ്ങളും കണ്ട് മടുത്തു.

എന്റെ ചിന്തകളെ പുറത്തേക്ക് വലിച്ചിടാനുള്ള ശ്രമങ്ങളാണ് ഇനിയങ്ങോട്ട്,
ഉൾക്കൊള്ളാൻ കഴിയാത്തവർ വിട്ടുപോട്ടെ,
മരണംവരെ കൂടെയുണ്ടാവും എന്ന് ഉറക്കെ ശബ്‌ദിച്ച നാടകങ്ങൾക്കൊക്കെ തിരശീല വീഴട്ടെ.
എനിക്ക് എന്നെ കാണാനോ കേൾക്കാനോ കഴിയാതെ അന്ധനും ബധിരനുമായി ജീവിച്ചിട്ടെന്തു കാര്യം.
സ്വാർത്ഥതയാവാം, എനിക്ക് എന്നോട് പരിഭവം ഉണ്ടാവേണ്ട കാര്യമില്ലല്ലോ.

ഉയിർത്തെഴുന്നേൽപ്പ്

നാം തനിച്ചാണ് കുഞ്ഞേ
നമ്മുടേതല്ലാത്തൊരു മണ്ണും മണ്ണിൻറുടയൊര-
വരുമെന്നാരോ ചൊല്ലീടുമ്പോൾ
നാമിതെങ്ങോട്ടു പൊകുമെൻ കുഞ്ഞേ
കാവി പുതപ്പിച്ചൊരുകൂട്ടം മുന്നിലിരുന്നെങ്ങനെ
തിന്നണമെന്നുമെന്തറിയണമെന്നു മുറക്കെയലറുമ്പോളി-
തെങ്ങോട്ടു പോകുമെൻ കുഞ്ഞേ
കാഹളം മുഴക്കിയിരുന്നൊഴുകുന്ന പുഴകളിലെ
ചുവപ്പിന്നോരംശമതെവിടെലും കാണുന്നുവോ നീ.

കൊന്നുതള്ളുമ്പോൾ മിണ്ടാതിരുന്നച്ഛനെന്തിനിവിടെ
കരയുന്നേനച്ച
കല്ലിലും മൂർദ്ധന്യമാംവിധം കയറ്റിയ ശൂലത്തിൻ
മുന്നിലും കേഴുമ്പോഴാ
ചുവന്ന കോടിയുടെ കാലൊന്നെടുത്തിരുന്നേലാ
മണ്ണും മണ്ണിനുടയോരുമെല്ലാം നാമാവില്ലേനച്ച.

അവസാന കലാപമതെരിയുമ്പോളെന്നെ
യകക്കളത്തിലടച്ചിരുന്നില്ലേങ്കിലതു
ഞാനെങ്കിലുമൊന്നു ചോദിച്ചേനച്ച,
നാടേറി വീടേറി കൊന്നുതളുമ്പോളതു
ഞാനേലും ചോദിച്ചേനച്ച!

നിനക്കിനിയൊന്നുമെന്നില്ലയെൻ
യീ പിതാവിന് നൽകീടുവാൻ
എന്നതോർതിരിക്കാനാവില്ലെൻ കുഞ്ഞേ,
അടുക്കള പുറത്തിരിക്കുമാ വലിയ മീൻവെട്ടിയും
കത്തികരിഞൊരാ വിപ്ലവകാരിതൻ ചുവന്ന
ധ്വജവുമെടുത്തുകൊണ്ടേയിറങ്ങുക നീ
നെഞ്ചിലണയാത്തോരാ നേരുകൾക്കൊപ്പമീ
കാലയളവില്ലാത്തൊരു നാളെയുടെ ശബ്ധമായി.

ജാർസയെ തേടി

ഡൽഹി തെരുവുകളിൽ കമ്യൂണിസം പഠിക്കാൻ ഇറങ്ങിയൊരു കാലമുണ്ടായിരുന്നു.
ആട്ടും തുപ്പും കേട്ട് തുടങ്ങിയ കാലം.
എത്രയോപേരെ പരിചയപെട്ടു, പരിചയപെട്ടവരിൽ ഭൂരിഭാഗവും പരിചയക്കാർ മാത്രമായി ഒടുങ്ങി.
സൗഹൃദങ്ങളുമായ് കൂടെ നിന്നവരൊക്കെ ബാർ ടേബിളുകളിൽ അന്തിയുറങ്ങി നേരം വെളുപ്പിക്കുന്ന ഇന്റെലെക്ച്വൽ കലാകാരന്മാർ.
കലകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്ന നോൺ സർട്ടിഫയ്‌ഡ്‌ കമ്മ്യൂണിസ്റ്റുകാർ.
അവിടുന്നങ്ങോട്ട് ബാറുകളിൽ നിന്നും ബാറുകളിലേക്കും, തെരുവുകളിൽ നിന്നും തെരുവുകളിലേക്കുമുള്ള യാത്രകളായിരുന്നു.

താടി വളർന്നു, മുടി നരച്ചു.
ഊരുതെണ്ടി തെണ്ടി തടി മെലിഞ്ഞു.
കഞ്ചാവും മയക്കുമരുന്നും കൊണ്ടാണെന്നു പാണന്മാർ പാടി.

ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് കലാകാരന്മാർ ചേക്കേറി,
കൂടെ പോയെങ്കിലും പട്ടിണി കിടക്കാൻ അറിയാത്ത, തെരുവുകളിൽ ഉറങ്ങാനാറിയാത്ത, ഭാഷയറിയാത്ത, ഊരറിയാത്ത, എനിക്കെന്ത് കമ്മ്യൂണിസം.
ഇങ്ങളെ കമ്മ്യൂണിസമൊക്കെ കൊച്ചമ്മമാരുടെ അടിപാവാടയിലും ബുൾഗാൻ താടിയിലും എസി കാറുകളിലും കൊണ്ട് നടക്കുന്ന കമ്മ്യൂണിസമെല്ലെ എന്ന് ബംഗാളി ഓട്ടോ ഡ്രൈവർമാരുടെ ചോദ്യങ്ങൾ കേട്ട് തുടങ്ങിയപ്പോൾ വണ്ടി ഗുർഗോണിലെക്ക് വച്ച് പിടിച്ചു.

തനിച് ബാർ ടേബിളുകളും പോലീസ് സ്റ്റേഷനുകളും നടന്നു മടുത്തപ്പോൾ
ഗംഗയുടെ കരയിൽ കാവി പുതയ്ക്കുന്നിടങ്ങൾ തേടി അലയാൻ തുടങ്ങിയ നാളുകൾ.
പിന്നെ മഞ്ഞപ്പിത്തം കൊണ്ടുവന്നൊരു ഋഷികേശ് യാത്രയിൽ നിന്നുമൊരു പ്രണയം വീണുകിട്ടുന്നു.
അവിടന്നങ്ങോട്ട് ചത്തവന്റെ സൈദ്ധാംധിക വാണമടിയായിരുന്നു.

ഇപ്പോൾ ജാർസയിൽ മഴപെയുന്നതും നോക്കി കറുത്ത മണ്ണിൽ ചവിട്ടി ശവപ്പെട്ടിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന നക്ഷത്രങ്ങളും നോക്കി ഇരിപ്പാണ്. ഗുരുവായൂരപ്പനെ കെട്ടിപ്പിടിച്ച പെന്താകോസ് പള്ളിയിലുറങ്ങുന്ന ആ ചുവന്ന നക്ഷത്രത്തെ കാത്തിരിപ്പാണ്.
പുലയന്റെ ഏഴഴകുള്ള കറുപ്പുകൊണ്ട് ചുവന്നു പോയവൾ, കൂടെ ശബ്ദം പുറത്തേക്കു വരാതെ വീർപ്പുമുട്ടി നക്ഷത്രങ്ങളായി മാറിയ മൂന്നു മിന്നാമിങ്ങുകൾ. കാമ കണികകളുടെ സ്‌ഫോടനത്തിൽ വെന്തുമരിച്ചവർ.
ജാർസയിൽ മഴപെയ്താൽ, ഉയിർത്തെഴുനേൽക്കാൻ കാത്തു നിൽക്കുന്നവർ.

ഇനി അവരെ അന്വേഷിച്ചുള്ള യാത്രകളാണ്. ജാർസയിലെ മഴയ്‌ക്കായുള്ള കാത്തിരുപ്പ്.
ചിലപ്പോൾ മരണത്തിലേക്കായിരിക്കാം, ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.
വാരാണസിയിലേക്കുള്ള യാത്രയിൽ അവരൊക്കെ കൂടെയുണ്ടാവും.
സുജാതയും, രേവുവും, രവിയും, റോയിയും, നോവയും ഒക്കെ ഉണ്ടാവും. മരണത്തിലാണ് കലാശിക്കുന്നതെങ്കിൽ അങ്ങനെ.
മരണവും ഒരു യാത്രയാണല്ലോ.

എന്നോ എഴുതിവച്ചൊരു മനസ്സ്.

17 ധനു 1192
ദില്ലി



പ്രിയപ്പെട്ടവളെ പാറു,

എന്റെ ഹൃദയം ചിരിക്കുകയാണ്, പ്രണയം സിരകളിലേക്ക് നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
നിന്നോളം ഞാൻ ഒന്നിനെയും സ്നേഹിച്ചിട്ടില്ല. ജാലകങ്ങളൊക്കെ അടഞ്ഞു പോയൊരു മനസ്സായിരുന്നു എന്റേത്. ഇന്ന് ജീവിതം ഒരു പ്രതീക്ഷയാണ്.

അറ്റം കാണാത്ത വഴികളിലൂടെ എന്നും നിന്റെ കൈകൾ ചേർത്ത് പിടിച്ചുകൊണ്ട് നടന്നു നീങ്ങുക എന്ന സ്വപ്നം മാത്രമായി ജീവിതം മാറുകയാണ്. ഇണക്കങ്ങളും പിണക്കങ്ങളും കൊണ്ട് മരിക്കാത്തൊരു പ്രണയമായി ജീവിതാവസാനം വരെ നിന്റെ കൂടെ ഉണ്ടാവണം എന്നുള്ളൊരു അടങ്ങാത്ത ആസക്തി നുരഞ്ഞു പൊന്തുകയാണ്.

ആദ്യമായി നിന്റെ വിരലുകൾ എന്റെ വിരലുകളിൽ കോർത്തുവച്ച നിമിഷവും, ഇടതടവില്ലാതെ ചുംബനങ്ങൾ കൈമാറിയ നിലാവില്ലാത്ത രാത്രിയിലെ ഓർമകളും പുഴയൊഴുകുന്ന ഈ വഴിയരികിൽ കണ്ണാടി ചില്ലു പോലെ പതിയുകയാണ്.
നിന്റെ മുലകൾക്കിടയിൽ ശ്വാസം മുട്ടി കരയുമ്പോഴും, ചേർത്ത് വച്ച് കൂടെ കിടക്കുമ്പോഴും,
കാലുകൾ കൊരുത്തുവച് പുതപ്പിനുള്ളിൽ മറ്റൊരു ലോകത്തെ കുറിച്ചു സ്വപ്നം കാണുമ്പോഴും
എന്നിലെ അണപൊട്ടിയൊഴുകുന്ന നിയന്ത്രിക്കാനാവാത്ത ഒരു പ്രണയത്തിന്റെ സാക്ഷിയായി മാറിയ എന്നെ ഞാൻ ചികഞ്ഞെടുക്കുകയാണ്.
ഓരോ നോക്കിലും ഓരോ വാക്കിലും ആയിരമായിരം അർഥങ്ങൾ കൈമാറിയ നിമിഷങ്ങളല്ലാതെ ഒന്നും തന്നെ ചികഞ്ഞെടുക്കാൻ ഈ കുഞ്ഞുമനസ്സിലില്ല.

എന്നിലെ പുരുഷന്റെ സ്വാർത്ഥതയിൽ ഒരിക്കലും നിന്നെയൊതുക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല,
മനസ്സുകൾ തുറന്നുവച്ചുകൊണ്ട്  തടവറകളില്ലാതെ നീ പാറിപറക്കണം.
ഭാവിയുടെ ചിന്തകൾ അലോസരപ്പെടുത്താതെ വർത്തമാനത്തിൽ നിന്നും വർത്തമാനത്തിലേക്കുള്ള പ്രയാണം.
ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്കുള്ള പ്രയാണം.
എങ്കിലും മനസ്സിലെ ഏതോ കോണിൽ അടിഞ്ഞു കൂടിയ സ്വാർത്ഥതയുടെ ഒരംശം ആഗ്രഹിച്ചു പോവുകയാണ് എന്നും കൂടെ ഉണ്ടായിരുന്നെങ്കിലെന്ന്. എനിക്ക് മാത്രം സ്വന്തമായിരുന്നെങ്കിലെന്ന്.

കാതങ്ങൾ ദൂരെ നിന്നും നിന്റെ കണ്ണീർ വീഴുന്ന ശബ്ദം ആഴത്തിൽ പതിഞ്ഞിരുന്നതൊക്കെ എന്റെ ഹൃദയത്തിലേക്കായിരുന്നു.
അലോസരപ്പെടുത്തി കൊണ്ടിരുന്ന ചിന്തകളുടെ കൂടെ അലങ്കോലപ്പെട്ടുകിടന്ന ജീവിതത്തിലേക്ക് ചന്ദന ജാലകം തുറന്നു വന്നവൾക്ക്, പ്രണയത്തിന്റെ വിത്ത് പാകിയെടുത് മുളപ്പിച്ചെടുത്തവൾക്ക് ഞാൻ കണ്ണുനീർ മാത്രമാണ് നൽകിയതെന്നുള്ള നീറ്റൽ ഇപ്പോഴും മനസ്സിൽ കിടന്നു മുരളുകയാണ്.
സ്വപ്നങ്ങളും മിഥ്യ സങ്കൽപ്പങ്ങളിൽ ഉയിർത്തെഴുന്നേറ്റ കഥാപാത്രങ്ങളും മാത്രമുള്ളൊരു യാത്രയായിരുന്നു എന്റെ ജീവിതം. ഒരിക്കലും എന്നെ തിരുത്താൻ നീ ശ്രമിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടു പോലുമില്ല.
അറിയില്ല, എനിക്കറിയില്ല നിനക്ക് ഞാൻ എന്താണ് നൽകേണ്ടതെന്ന്.
എങ്ങനെയാണ് ഓരോ നിമിഷം എന്റെ സിരകളിലൂടെ അണപൊട്ടിയൊഴുകുന്ന നിന്നോടുള്ള പ്രണയത്തെ ഞാൻ തുറന്നു കാണിക്കേണ്ടതെന്ന്.
എന്നെ ഭീതിപ്പെടുത്തുന്നതും അത് മാത്രമാണ്. അതോർത്തു മാത്രമാണ് കഴിഞ്ഞ നാളുകൾ മുഴുവൻ ഞാൻ ഇരുന്നു കരഞ്ഞിട്ടുള്ളതും. അപ്പോഴും ആ കണ്ണുനീർ എനിക്ക് മധുരമുള്ളതായിരുന്നു.

എനിക്കറിയാം,
നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നെന്നുവെന്ന്, എത്രത്തോളം ഈ നെഞ്ചത്തെ ചൂടിൽ വന്നണയാൻ കൊതിക്കുന്നുവെന്ന്. വെറുതേയിരിക്കാൻ, വെറുതെ കാണാൻ, വെറുതെ മിണ്ടാൻ രാവും പകലും എണ്ണിത്തീർക്കുന്നുവെന്ന്.
കണ്ണുനീരും പിണക്കങ്ങളുമാണ് നിന്നിലെ നിഷ്കളങ്ക പ്രണയത്തിന്റെ പ്രീണനം എന്നിരിക്കെ ഈ കത്തിന്റെ ആവശ്യകതയെന്തെന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ മനസ്സ് തുറന്നു വച്ച് എഴുതുകയാണ്.
എന്റെ പ്രിയപ്പെട്ടവൾക്കുവേണ്ടി. എനിക്കൊരിക്കലും അകലാൻ കഴിയാത്ത എന്റെ ദേഹിക്കുവേണ്ടി.

പറയാൻ വാക്കുകൾ പോരാതെ വരികയാണ്. എങ്കിലും ആവർത്തിക്കുന്നു.
പെണ്ണേ, നിന്നോടെനിക്ക് പ്രണയമാണ് മറ്റെന്തിക്കാളും.


എന്ന്,
നിന്റെ സ്വന്തം
ഉലുക