സ്വാർത്ഥൻ


എന്താണ് ഞാൻ?
ഞാൻ എന്താണെന്ന ഒരു വലിയ ചോദ്യത്തിന്റെ മുന്നിൽ തല കുനിച്ചിരിക്കുകയാണ്.
പലപ്പോഴും തോന്നിയിട്ടുണ്ട്, ഞാൻ പല മനുഷ്യൻ ആണോയെന്ന്.
ഒരു ശരീരത്തിന്റെയകത് കാലാകാലങ്ങളായി അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ചിന്താഗതികളല്ല, മറിച്ചു മാറി മാറി വരുന്ന വ്യത്യസ്ത മനുഷ്യരുടെ മനസ്സുകളുമായി പോരാട്ടം നടത്തുകയാണെന്ന്.

എന്റെ ചിന്തകൾ, വസ്ത്രത്തിനുള്ളിൽ നഗ്നമായ ശരീരം പോലെ എനിക്കുമാത്രം കാണാവുന്നവ.
വാതിലുകൾ തുറന്നിട്ടിട്ടും മറ്റാർക്കും കടന്നുവരാൻ കഴിയാതെ ഒറ്റപെട്ടുപോയവ.
തുറന്നു പറച്ചിലുകൾ നടത്തിയിട്ടും,
നുണകൾ കൊണ്ട് വേലികൾ കെട്ടാതിരുന്നിട്ടും,
ആർക്കും പിടികൊടുക്കാത്ത എന്റെ ചിന്തകൾ.

ഞാൻ രണ്ടുപേരാണ്.
ഒന്ന് ആർക്കും കാണാൻ കഴിയാത്ത, മനസ്സിലെവിടെയോ എനിക്കുവേണ്ടി ജീവിക്കാൻ കൊതിക്കുന്ന തോറ്റുപോയവൻ.
മറ്റേത് എല്ലാവർക്കും കാണാവുന്ന കുടുംബത്തിനുവേണ്ടി ജോലി ചെയുന്ന, നാടകം കൊണ്ട് മറച്ചു വച്ച നഷ്ടപ്രണയത്തിലേക്ക് വഴുതി വീഴുന്ന, എനിക്കറിയാത്ത മറ്റേതോ ഒരാൾ.

ആരും എന്നെ കാണുന്നില്ല, ആരും.
അതുകൊണ്ടു തന്നെയാവണം ബന്ധങ്ങളുടെയും, പ്രണയത്തിന്റെയും, സ്നേഹ നാടക രംഗങ്ങളുടെയും ഇടയിൽ ഒറ്റപ്പെട്ടത് പോലെ തോന്നുന്നത്.
നടനാണോ ഞാൻ?
ആർക്കെങ്കിലും അങ്ങനെ തോന്നി കാണുമോ?
അതോ എനിക്കുമുന്നിൽ മാത്രമാണോ ഞാൻ അഭിനയിക്കുന്നത്.

എന്താണ് ഞാൻ?
എന്തുകൊണ്ട് ഞാൻ ഇങ്ങനെയൊക്കെയാവുന്നു.
ചിന്തകൾ തമ്മിലുള്ള കൂട്ടിമുട്ടലുകളിലേക്കാണ് എല്ലാവരുടെയും നിഗമനങ്ങളും ചോദ്യങ്ങളും എന്നെ കൊണ്ടെത്തിക്കുന്നത്.
ആർക്കും വ്യക്തമായ ഉത്തരം കൊടുക്കാൻ കഴിയാതെ തലകുനിക്കേണ്ടി വരികയാണ്.
ഇനി സ്വത്വം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ വേലിയേറ്റവും ഇറക്കങ്ങളുമാവുമോ?
അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ചിന്തകൾ ഒറ്റപെട്ടുപോവുന്നു.
എന്റെ ചിന്തകളിൽ അൽപ്പനേരം ജീവിച്ചുകൊണ്ട് ഇറങ്ങി വന്നു കഴിയുമ്പോഴേക്കും നഷ്ടങ്ങളുടെ കണക്കെഴുതിവയ്ക്കുന്ന പട്ടികയുടെ നീളം കൂടുകയാണ്.
എന്താണ് അതിനർത്ഥം?
എന്നെ ഒരേസമയം ഉൾക്കൊള്ളാനും ഉൾക്കൊള്ളാതിരിക്കാനും പ്രിയപ്പെട്ടവർക്ക് തടസ്സമാവുന്ന രണ്ടു വ്യക്തിത്വങ്ങളായി ഞാൻ മാറാറുണ്ടെന്നല്ലേ?

വലിയ നഷ്ടങ്ങളുടെ കൂമ്പാരം സൃഷ്ടിക്കാൻ പോവുകയാണ് ഞാൻ.
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന എന്നെ ഞാൻ കൊല്ലാൻ പോവുകയാണ്.
അപമാനപെടുത്തുന്ന വാക്കുകളും, ചോദ്യം ചെയ്യലുകളും കേട്ടു മടുത്തു.
നാടകങ്ങളും, വികാര പ്രകടനങ്ങളും കണ്ട് മടുത്തു.

എന്റെ ചിന്തകളെ പുറത്തേക്ക് വലിച്ചിടാനുള്ള ശ്രമങ്ങളാണ് ഇനിയങ്ങോട്ട്,
ഉൾക്കൊള്ളാൻ കഴിയാത്തവർ വിട്ടുപോട്ടെ,
മരണംവരെ കൂടെയുണ്ടാവും എന്ന് ഉറക്കെ ശബ്‌ദിച്ച നാടകങ്ങൾക്കൊക്കെ തിരശീല വീഴട്ടെ.
എനിക്ക് എന്നെ കാണാനോ കേൾക്കാനോ കഴിയാതെ അന്ധനും ബധിരനുമായി ജീവിച്ചിട്ടെന്തു കാര്യം.
സ്വാർത്ഥതയാവാം, എനിക്ക് എന്നോട് പരിഭവം ഉണ്ടാവേണ്ട കാര്യമില്ലല്ലോ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി