രാത്രി

നഗരത്തിൽ ഒറ്റപെട്ടുപോയവന്റെ ഇരുണ്ട മുറിയിലേക്ക് വീക്കെന്റിൽ വന്നുപോകുന്ന ഒരു പ്രിയപ്പെട്ടവളുണ്ടായിരുന്നു.
തെറ്റി, പ്രിയപ്പെട്ടൊരു വേശിയുണ്ടായിരുന്നു, ദേവയാനി.
മറ്റൊരാളെ മറ്റൊരാളായി കാണാൻ ഞാൻ പ്രാപ്തനായതുകൊണ്ടാവണം, പുതിയ കാലഘട്ടത്തിലെ യുവാക്കളെ മയക്കാൻ അവൾ ധരിക്കുന്ന കൊസാബെല്ല ബ്രായുടെ ഇടയിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന അവളുടെ മുലകളിൽ കാമം കാണാൻ കഴിയാതിരുന്നത്.
അല്ലെങ്കിലും പ്രണയമില്ലാതെ, കൺപീലികൾ കൊണ്ടുള്ള കണ്ണുകളുടെ ഉമ്മവയ്‌ക്കലില്ലാതെ, കാമം എങ്ങനെയുണ്ടാവും. സിരകളിൽ കാമകണികകൾ എങ്ങനെ അപ്‌ഡേറ്റു ചെയ്യും?

ഒരിക്കൽ കൾട്ട് ഹിന്ദി ഗാനങ്ങൾക്കിടയിൽ മദ്യം തലയ്ക്കു പിടിച് നൃത്ത ചുവടുകൾ തീർക്കുന്നതിനിടയിൽ സിഗരറ്റിനു പകരമായി അവൾ കൈയിൽ തന്നൊരു പുകയുണ്ടായിരുന്നു.
'അമുഗ്‌ബോ'. മനസ്സും ശരീരവും തമ്മിൽ അന്തരമില്ലാത്ത അകലങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്ന ഒന്നാന്തരം നേപ്പാളിയൻ കഞ്ചാവ്.
പബ്ബിൽ ക്ഷീണിച് അവശനായി ബാത്റൂമിലേക്കുള്ള പടികളിൽ തലവച്ചു കിടന്നുകൊണ്ട് ഓരോ പുകയും ആഞ്ഞെടുത്തു.
തലക്കുപിടിച്ച മദ്യം ചുവന്ന ചോരത്തുള്ളികളായി മുന്നിലേക്ക് ഒഴുകി വന്നു.
ആരൊക്കെയോ കത്തിച്ചു ചാടിയ സിഗരറ്റു കുറ്റികൾ മുന്നിൽ കഥകൾ പറഞ്ഞു.
ഹിന്ദി കൾട്ട് സംഗീതങ്ങൾക്ക് തീ ചാമുണ്ഡിയും ബ്രഹ്മരക്ഷസും നൃത്ത ചുവടുകൾ തീർത്തു.
അണപൊട്ടിയ കൗമാരത്തിലെ ഓർമ്മകൾ നുരഞ്ഞു പൊങ്ങി.
എന്നോ ചത്ത് മണ്ണടിഞ്ഞവർ തിരിച്ചു വന്നു കാവിലെ തെയം കാണാൻ മതിലുകളിൽ കയറിയിരുന്നു.
യാഗ ക്രിയകൾ ചെയുന്ന ഋതുക്കൾ, അഗ്നീദ്രൻ തുടങ്ങിയ പതിനാറുപേരും പ്രത്യക്ഷപെട്ടു.

എഴുനേൽക്കാൻ ശക്തി കിട്ടിയപ്പോൾ,
മൂലയിലെ സോഫകളിൽ കാമ ചേഷ്ടകളുമായിരിക്കുന്ന ചുണ്ടുകളിൽ ചായം പൂശിയ ഏതോ സുന്ദരിയുടെ കവിളിൽ തലോടിക്കൊണ്ട് ചോദിച്ചു,
"ഇരുളിൽ ജരായുവിലമർന്നിരിക്കുന്നൊരീ
കുടമിനി പ്രാർഥിച്ചുണർത്താൻ ഒരു മന്ത്രമുണ്ടോ? രാമഃ മന്ത്രമുണ്ടോ?"
അവൾ 'അഞ്ഞൂറ്' എന്ന് മാത്രമേ മറുപടി പറഞ്ഞുള്ളു. അവളുടെ ഒരു സിറ്റിങ്ങിനുള്ള പണം.
പണം ചോദിക്കുന്ന വേശികളുടെ ഇടയിൽ നിൽക്കാൻ താല്പര്യമില്ലാതെ അവളെ തള്ളിമാറ്റി ദേവയാനിയെ തിരഞ്ഞു. കണ്ടെത്തിയില്ല.
ഒരു നഗരം മുഴുവൻ തിരഞ്ഞു. വേശ്യയുടെ ഒരു രാത്രിയുടെ ചൂടിനുവേണ്ടിയല്ല.
ചിന്തകളെ കൊന്നുകളയുന്ന, സ്വപ്നങ്ങളെ, ആകാംഷകളെ മുളപ്പിച്ചെടുക്കുന്ന അമുഗ്‌ബോയ്ക്കു വേണ്ടി.

ബോധമില്ലായ്‌മയുടെ ബോധത്തിൽ ഉത്തരാഖണ്ഡിലേക്ക് ബസ് കയറിയതും,
ട്രിയുഗിനാരായൺ ക്ഷേത്രത്തിന്റെ അടുത് ചെന്നെത്തിയതും അങ്ങനെയൊരു ലഹരിയ്ക്കു പുറത്താണ്.

ട്രിയുഗിനാരായൺ ക്ഷേത്രം - പാശ്ചാത്യ അഖണ്ഡധുനി.
ആരോ എഴുതിയ കഥയിലെ ശിവനും പാർവതിയും പ്രണയത്തിലേക്ക് കടന്നുചെന്ന മണ്ണ്.
പാഴ്‌നിഴൽ പുറ്റുകളല്ലാതെ മറ്റൊന്നും തന്നെ ക്ഷേത്രനടയിലുണ്ടായിരുന്നില്ല.
'എരിയാതെരിഞ്ഞ തിരിയായി നേരുചികയുന്ന'
എന്ന് കവി പറഞ്ഞതുപോലെ, ഭ്രാന്തൻ അവന്റെ കാഴ്ചകൾ തന്റെ കണ്ണിലൂടെ കാണാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

അവിടെ, ശിവൻ ശിവനെ പ്രണയിക്കുകയായിരുന്നു.
ഒരാൾ ഒരേ സമയം സ്ത്രീയും പുരുഷനുമായി മാറുകയായിരുന്നു.

അടച്ചിട്ട ക്ഷേത്ര നടയിൽ നിലാവ് വീഴാത്ത തണുപ്പുള്ള ഒരു രാത്രി മുഴുവൻ വെളുത്ത താടിക്കാരുടെ കൂടെ സ്വയം മറന്നു കിടന്നുറങ്ങി.
ദേവയാനിയോ, അമുഗ്‌ബോയോ ഒന്നും മനസ്സിലേക്ക് കടന്നുവന്നില്ല.
ഒരാൾ എങ്ങനെ അയാളെ പ്രണയിക്കുന്നു എന്നുമാത്രം ചിന്തകളിൽ അലമുറയിട്ടു.

'നമുക്കെന്തിനാന്യോന്യ ദൂരം വിതുമ്പും വികാരം?
നിറം പൂത്ത സങ്കൽപ്പ കാവ്യം?
നമുക്കെന്തിന് ആൺപൂവും പെൺപൂവും വേറെ വേറെ,
നമുക്കെന്തിനീയർത്ഥഹീനം പാദങ്ങൾ'

നരൻ നാരിയോട്

'നമുക്കെന്തിനീ രൂപം,
നമുക്കെന്തിനീ നമ്മളൊന്നെന്ന വാക്കും.'

നാരി നരനോട്

ശിവൻ ശിവനോട് പറയുന്ന സംഭാഷങ്ങൾ ഉറങ്ങിക്കിടന്ന ഭ്രാന്തന്റെ സ്വപ്നത്തിലേക്ക് കാതടിപ്പിച്ചുകൊണ്ട് കടന്നുവന്നു.
ഉറക്കം ഞെട്ടി, 
കുന്നിൻ മുകളിലേക്ക് സൂര്യൻ നടന്നുകയറി വരുന്നതുവരെ ഉറക്കമളച്ചുകൊണ്ടു ക്ഷേത്രത്തിനു കാവലിരുന്നു.
ഭക്തിയുടെ മറവിൽ കുടപിടിച്ചുകൊണ്ട് ആരും വരാത്തതാവാം ഈ കാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കാൻ കാരണം. ഭ്രാന്തന്റെ ചിന്താമണ്ഡലം പുറത്തേക്ക് കടന്നു.
ലഹരികൾ പാടെ ബോധംകെട്ട് വീണിരിക്കുന്നു.
എങ്കിലും ഒരാൾക്ക് അയാളെയെങ്ങനെ പ്രണയിക്കാൻ കഴിയും?
ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ അതുമാത്രമായിരുന്നു ചിന്ത.

പ്രിയപ്പെട്ട ദൈവമേ,
നീ സ്നേഹിക്കാനും പ്രണയിക്കാനും മാത്രമാണല്ലോ പറയുന്നത്,
നിന്റെ കൈയിൽ ശൂലവും ഹനിക്കുന്ന മൂന്നാം കണ്ണും എന്നുവന്നു പെട്ടു?
എന്നിട്ടും, സ്വയം സങ്കൽപ്പ കാവ്യങ്ങൾ രചിച്ചുകൊണ്ട് അവർ നിനക്കുവേണ്ടി സേനകളെ പടവെട്ടാൻ അയക്കുന്നത് കാണുന്നില്ലേ?
ആണിനേയും പെണ്ണിനേയും തരം തിരിക്കുന്നത് കാണുന്നില്ലേ?

No comments:

Post a Comment

വായിച്ചതിനു നന്ട്രി