ഞാൻ

എന്നെപ്പറ്റി ആർക്കും അറിയണ്ട ആവശ്യമില്ല.
ആർക്കും ആരെ കുറിച്ചും അറിയേണ്ട ആവശ്യമില്ല. എങ്കിലും ചിലരൊക്കെ മിഥ്യാ സങ്കൽപ്പങ്ങളിൽ നിന്നും ധാരണയുണ്ടാക്കി സൗഹൃദവുമായി അടുക്കാൻ ശ്രമിക്കുന്നതുകൊണ്ടുതന്നെ പറയാതിരിക്കാൻ വയ്യ.
ഈ പറഞ്ഞതിനെ ഏതു സ്വരത്തിലാണ് നിങ്ങൾ മനസ്സിലാക്കുന്നത് എന്നെനിക്കറിയില്ല. ഒരു അഹങ്കാരത്തിന്റെ അല്ലെങ്കിൽ സ്വയം വലിയവൻ എന്ന് കരുതുന്ന ഒരാളിലെ സ്വരമായി കാണരുത്.

ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട് വീണ്ടും പ്രതീക്ഷകളും സ്വപ്നങ്ങളുമായി തെരുവുകളിലേക്ക് ഇറങ്ങിയൊരാളായിരുന്നു ഞാൻ.
ആവർത്തിക്കപെട്ട തെറ്റുകൾ.

യാത്രകളും, അക്ഷരങ്ങളും, സ്നേഹവും, സഹൃദവും, സ്വപ്നങ്ങളും, പ്രണയവും, തീർത്ത വർണശബളമായ ജീവിതത്തിൽ നിന്നും പുറത്തേക്കിറങ്ങിയിട്ട് വർഷങ്ങളായി.
ചത്തുപോയിട്ട് വർഷങ്ങളായി. ഒരിക്കൽ ചത്തുപോയവനായതുകൊണ്ടുതന്നെ ജീവിക്കാനുള്ള ത്വര എപ്പോഴും ഉള്ളിൽ കിടന്നു വീർപ്പുമുട്ടുന്നുണ്ടായിരുന്നു.
മനോഹരമായ സ്നേഹ ബന്ധങ്ങളോട്,
നല്ല സൗഹൃദങ്ങളോട്,
മരണം വരെ പ്രണയിക്കാം എന്ന് പറയുന്ന കാമുകിയോട്,
പണത്തിന്റെ അതിർവരമ്പുകളില്ലാത്ത ബന്ധങ്ങളോട്, അങ്ങനെ എല്ലാത്തിനെയും പ്രതീക്ഷിച്ചുകൊണ്ട് ജീവിച്ചിരുന്ന നാളുകൾ കഴിഞ്ഞുപോയിരുന്നു ജീവിതത്തിൽ.

കാലങ്ങൾ ഒരുപാട് കഴിഞ്ഞു,
മുടി നരച്ചു, പുകവലി ദിവസം തോറും കൂടി വന്നു.
ചുണ്ടുകൾ കറുത്തു, മനസ്സ് മുരടിച്ചു.
പക്ഷെ, പ്രജീഷ് പ്രജീഷായി തന്നെ നിലകൊണ്ടു. ജീവിതത്തിൽ എന്നോട് സത്യസന്ധത പുലർത്താൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

വീണ്ടും ജീവിതത്തിലേക്ക് കടന്നു പോവുന്നു എന്നൊരു തോന്നലുണ്ടായത്,
യാത്രകൾക്കിടയിൽ കണ്ടുമുട്ടിയ ചില സൗഹൃദങ്ങൾ,
പൊടിതട്ടി മാറ്റി അടുത്തേക്ക് വന്ന അകറ്റി നിർത്തിയ ബന്ധങ്ങൾ,
മരണം വരെ പ്രണയിക്കാം എന്ന് പറയുന്ന കാമുകി,
തുടങ്ങിയവരൊക്കെ ജീവിതത്തിലേക്ക് കടന്നുവന്നതുകൊണ്ടായിരുന്നു. പക്ഷെ, ഒന്നിനും സ്ഥായിയായനിലനിൽപ്പില്ല.
കരണമെനിക്കറിയില്ല, ചിലപ്പോൾ ആർക്കും അടുക്കാൻ പറ്റാത്ത അറുബോറാനായിരുന്നിരിക്കാം.

പ്രജീഷ് പ്രജീഷാണ്.
പ്രജീഷിന് ഒരിക്കലും പ്രയാഗാവാൻ കഴിയില്ല.
പ്രജീഷിനൊരിക്കലും അതുൽ ആവാനും കഴിയില്ല.
പ്രയാഗിന് പ്രജീഷാവാനും കഴിയില്ല, പ്രയാഗിന് അതുൽ ആവാനും കഴിയില്ല.

ലഹരികളും, അക്ഷരങ്ങളും, സ്നേഹവും, പ്രതീക്ഷയും, സ്വപ്നവും, പ്രണയവും, സൗഹൃദവും ഇല്ലാത്ത യാന്ത്രികമായ ജീവിതത്തോട് പൊരുത്തപ്പെട്ടു.
എന്റെ ജീവിതം സന്തോഷങ്ങൾക്കും ആഗ്രഹങ്ങൾക്കും പുറത്താണ്. ചിന്തകൾക്കോ, ഓർമകൾക്കോ സ്ഥാനമില്ലവിടെ. പേടി എന്ന വികാരം മാത്രമാണ് മനസ്സ് നിറയെ, കാരണമെന്തെന്ന് എനിക്കറിയില്ല. കണ്ടെത്താൻ ഞാൻ ശ്രമിച്ചിട്ടില്ല, ആവശ്യമില്ലാത്ത കടന്നുകയറ്റത്തിന് ഞാൻ എന്നെ പോലും അനുവദിക്കാറില്ല.

അല്ലെങ്കിലും ഈ ലോകത്തു ആരും ആരെയും സ്നേഹിക്കുന്നത് ഞാൻ കണ്ടിട്ടില്ല, ആരും പ്രണയിച്ചിട്ടുമില്ല. സ്വാർത്ഥതയാണ് എല്ലായിടത്തും.
എന്നെ ആരെങ്കിലും പ്രണയിക്കുകയോ, സ്നേഹിക്കുകയോ ചെയ്തെങ്കിൽ അവർക്കു വേണ്ടി മാത്രമാണ്. അവർക്ക് ആരെയെങ്കിലും സ്നേഹിക്കുകയോ പ്രണയിക്കുകയോ ചെയേണ്ടതുകൊണ്ട് അവർ സ്നേഹിച്ചു. പ്രണയിച്ചു.
അപ്പോൾ അവർ എന്നെയെങ്ങനെ സ്നേഹിച്ചു, അവർ അവരെയല്ലേ സ്നേഹിച്ചത്.

എന്നെ ആരും സ്നേഹിച്ചിട്ടില്ല ഇതുവരെ.
അമ്മയും അച്ഛനും സ്നേഹിച്ചത് അവരുടെ മകനെയാണ്. എന്നെയല്ല. എന്നെ ആർക്കും അറിയില്ല.
ഞാൻ ഞാനാണ്. ഞാൻ പ്രജീഷാണ്.
പാറുവിനു പ്രജീഷ് ആവാൻ കഴിയില്ലല്ലോ. പ്രജീഷിന് പാറുവും ആവാൻ കഴിയില്ല.
അച്ഛനും അമ്മയ്ക്കും പ്രജീഷാവാൻ കഴിയില്ല. അച്ഛനും അമ്മയ്ക്കും പാറുവും ആകാൻ കഴിയില്ല.

പക്ഷെ,
പ്രജീഷിന് പ്രജീഷ് ആവാനും, അനുവിന് അനുവാകനും,
പ്രജീഷിന് അനുവും, അനുവിന് പ്രജീഷ് ആകാനും കഴിഞ്ഞൊരു കാലമുണ്ടായിരുന്നു.
ആ യുഗം അവസാനിച്ചു. ദിനോസറുകൾ നശിച്ചപോലെ നശിച്ചു പോയിരിക്കുന്നു.

ഞാൻ ആരെയും സ്നേഹിക്കുന്നില്ല പ്രണയിക്കുന്നില്ല.
ഞാൻ തെറ്റുകൾ ചെയുന്നതുകൊണ്ടാണ് മറ്റുള്ളവർ ചെയുന്ന തെറ്റുകൾ എനിക്ക് കാണുന്നത് എന്ന് ചിലർ പറയുന്നു. അപ്പോൾ, ഞാൻ തെറ്റ് എന്ന വാക്കു എടുത്തു കളയുന്നു, കൂടെ സ്നേഹവും, പ്രണയവും, വിശ്വാസവും, കള്ളവും അങ്ങനെ എല്ലാ വാക്കുകളും എടുത്തു കളഞ്ഞു.

ഞാൻ ഞാനായി.
പക്ഷെ എനിക്ക് എന്നെ നഷ്ടപ്പെട്ടു. സന്തോഷമോ, സങ്കടമോ, ഒന്നുമില്ലാതെ ജീവിക്കുന്ന ഒരുവനാണ് ഞാൻ. വർത്തമാനങ്ങളിൽ നിന്നും വർത്തമാനങ്ങളിലേക്ക് മാത്രമേ നോക്കാറുള്ളു. ഭൂതവും ഭാവിയും എനിക്ക് താത്പര്യമില്ല.

നഷ്ടപെടലുകളിൽ ഹരം കണ്ടെത്തുന്ന വികാരം മുളച്ചു പൊന്തിയിരിക്കുന്നു.
ഞാൻ എന്താണോ, അതുപോലെ എന്നെ ജീവിക്കാൻ അനുവദിക്കുക. കടന്നുകയറരുത്.
ചത്തവനാണ് ഞാൻ. വെറും ശവം. അടുക്കാൻ കൊള്ളാത്ത അറുബോറൻ.

നിങ്ങൾക്ക് നല്ലതു വരട്ടെ!



No comments:

Post a Comment

വായിച്ചതിനു നന്ട്രി