ജാർസയെ തേടി

ഡൽഹി തെരുവുകളിൽ കമ്യൂണിസം പഠിക്കാൻ ഇറങ്ങിയൊരു കാലമുണ്ടായിരുന്നു.
ആട്ടും തുപ്പും കേട്ട് തുടങ്ങിയ കാലം.
എത്രയോപേരെ പരിചയപെട്ടു, പരിചയപെട്ടവരിൽ ഭൂരിഭാഗവും പരിചയക്കാർ മാത്രമായി ഒടുങ്ങി.
സൗഹൃദങ്ങളുമായ് കൂടെ നിന്നവരൊക്കെ ബാർ ടേബിളുകളിൽ അന്തിയുറങ്ങി നേരം വെളുപ്പിക്കുന്ന ഇന്റെലെക്ച്വൽ കലാകാരന്മാർ.
കലകൊണ്ട് ചോദ്യങ്ങൾ ഉന്നയിക്കുന്ന നോൺ സർട്ടിഫയ്‌ഡ്‌ കമ്മ്യൂണിസ്റ്റുകാർ.
അവിടുന്നങ്ങോട്ട് ബാറുകളിൽ നിന്നും ബാറുകളിലേക്കും, തെരുവുകളിൽ നിന്നും തെരുവുകളിലേക്കുമുള്ള യാത്രകളായിരുന്നു.

താടി വളർന്നു, മുടി നരച്ചു.
ഊരുതെണ്ടി തെണ്ടി തടി മെലിഞ്ഞു.
കഞ്ചാവും മയക്കുമരുന്നും കൊണ്ടാണെന്നു പാണന്മാർ പാടി.

ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് കലാകാരന്മാർ ചേക്കേറി,
കൂടെ പോയെങ്കിലും പട്ടിണി കിടക്കാൻ അറിയാത്ത, തെരുവുകളിൽ ഉറങ്ങാനാറിയാത്ത, ഭാഷയറിയാത്ത, ഊരറിയാത്ത, എനിക്കെന്ത് കമ്മ്യൂണിസം.
ഇങ്ങളെ കമ്മ്യൂണിസമൊക്കെ കൊച്ചമ്മമാരുടെ അടിപാവാടയിലും ബുൾഗാൻ താടിയിലും എസി കാറുകളിലും കൊണ്ട് നടക്കുന്ന കമ്മ്യൂണിസമെല്ലെ എന്ന് ബംഗാളി ഓട്ടോ ഡ്രൈവർമാരുടെ ചോദ്യങ്ങൾ കേട്ട് തുടങ്ങിയപ്പോൾ വണ്ടി ഗുർഗോണിലെക്ക് വച്ച് പിടിച്ചു.

തനിച് ബാർ ടേബിളുകളും പോലീസ് സ്റ്റേഷനുകളും നടന്നു മടുത്തപ്പോൾ
ഗംഗയുടെ കരയിൽ കാവി പുതയ്ക്കുന്നിടങ്ങൾ തേടി അലയാൻ തുടങ്ങിയ നാളുകൾ.
പിന്നെ മഞ്ഞപ്പിത്തം കൊണ്ടുവന്നൊരു ഋഷികേശ് യാത്രയിൽ നിന്നുമൊരു പ്രണയം വീണുകിട്ടുന്നു.
അവിടന്നങ്ങോട്ട് ചത്തവന്റെ സൈദ്ധാംധിക വാണമടിയായിരുന്നു.

ഇപ്പോൾ ജാർസയിൽ മഴപെയുന്നതും നോക്കി കറുത്ത മണ്ണിൽ ചവിട്ടി ശവപ്പെട്ടിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന നക്ഷത്രങ്ങളും നോക്കി ഇരിപ്പാണ്. ഗുരുവായൂരപ്പനെ കെട്ടിപ്പിടിച്ച പെന്താകോസ് പള്ളിയിലുറങ്ങുന്ന ആ ചുവന്ന നക്ഷത്രത്തെ കാത്തിരിപ്പാണ്.
പുലയന്റെ ഏഴഴകുള്ള കറുപ്പുകൊണ്ട് ചുവന്നു പോയവൾ, കൂടെ ശബ്ദം പുറത്തേക്കു വരാതെ വീർപ്പുമുട്ടി നക്ഷത്രങ്ങളായി മാറിയ മൂന്നു മിന്നാമിങ്ങുകൾ. കാമ കണികകളുടെ സ്‌ഫോടനത്തിൽ വെന്തുമരിച്ചവർ.
ജാർസയിൽ മഴപെയ്താൽ, ഉയിർത്തെഴുനേൽക്കാൻ കാത്തു നിൽക്കുന്നവർ.

ഇനി അവരെ അന്വേഷിച്ചുള്ള യാത്രകളാണ്. ജാർസയിലെ മഴയ്‌ക്കായുള്ള കാത്തിരുപ്പ്.
ചിലപ്പോൾ മരണത്തിലേക്കായിരിക്കാം, ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.
വാരാണസിയിലേക്കുള്ള യാത്രയിൽ അവരൊക്കെ കൂടെയുണ്ടാവും.
സുജാതയും, രേവുവും, രവിയും, റോയിയും, നോവയും ഒക്കെ ഉണ്ടാവും. മരണത്തിലാണ് കലാശിക്കുന്നതെങ്കിൽ അങ്ങനെ.
മരണവും ഒരു യാത്രയാണല്ലോ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി