മൂന്നാം കാമം

സ്നേഹവും വിശ്വാസവും ഒന്നും ലഭിക്കാതെ പരിഹാസപാത്രങ്ങളായ് പകലു മുഴുവൻ എവിടെയോ ഒളിച് രാത്രി നിവർത്തി കേടുകൊണ്ട് വിശപ്പിനെ പൊരുതി തോൽപ്പിക്കാൻ തെരുവുകളിലേക്ക് ലൈംഗീക തൊഴിലാളിയായി ഇറങ്ങുന്ന ഹിജടകളോട്  വെറുപ്പും ദേഷ്യവും കലർന്ന വികാരമായിരുന്നു ഇന്നലെ വരെ.

ഇന്നലെ ജോലി കുറവായത് കൊണ്ട് ഓഫിസിൽ നിന്നും വീട്ടിലേക്ക്  പോകുന്ന വഴി കുറച്ചു സമയം "ഇഫ്കൊ ചോവ്കിലെ" പാർക്കിൽ കയറി ഇരുന്നു.
പാർക്കിൽ ആരുടേയും ശല്യമില്ലാതെ കുറച്ചു സമയം അടുത്ത മാസത്തെ നിയന്ത്രിക്കാൻ പറ്റാത്ത ചിലവുകളെ ഓർത്തുകൊണ്ട് മുകളിലേക്ക് നോക്കി കിടന്നു, അറിയാതെ ഒന്ന് മയങ്ങുകയും ചെയ്തു.

ആരോ വന്നു തൊട്ടു വിളിച്ചതിനാലാണ് ഞെട്ടി എഴുനെറ്റത് ,പുരുഷനായി ജനിച്ച് വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ കൊതിക്കുന്നൊരു മനുഷ്യ രൂപം, അറിയാതെ മനസ്സിലെ വെറുപ്പ് കാരണം എന്നെ തൊട്ടതിന്റെ പേരിൽ ഒരുപാട് ദേഷ്യപെട്ട് അലറി.

നേരം ഇത്രയും ഇരുട്ടായി എന്നറിയുന്നത് ആ ഞെട്ടലിൽ മാത്രമായിരുന്നു.
ചുറ്റും അതുപോലെ ഒരുപാട് രൂപങ്ങൾ, എന്താണ് ഇ കുറഞ്ഞ സമയം കൊണ്ട് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇത്രയും നേരം ആരുമ്മിലാതെ വിജനമായി കിടന്ന സായാഹ്നം മാറി ഓട്ടോ റിക്ഷകളും ഭിക്ഷകാരാലും നിറഞ്ഞ ഒരു വൃത്തികെട്ട തെരുവിന്റെ പ്രതീതി.

ഞാൻ ബാഗും എടുത്ത് ആ കൂട്ടങ്ങൾക്കിടയിൽ നിന്നും അകലാൻ ശ്രമിച്ചു, പക്ഷെ പിന്നാലെ ഓരോരുത്തരായി എന്റെ അടുത്തേയ്ക്ക് വന്നു കൊണ്ടിരിക്കുന്നു, ഞാൻ പെട്ടന്ന് തന്നെ പുറത്തു കടന്നു, ഗെയ്റ്റിന്റെ പുറത്ത് അതുവരെ അവിടെ ഇല്ലാതിരുന്ന ഒരു ചോളം കച്ചവടകാരൻറെ  അടുത്ത് പോയി നിന്നു.

ഇതെന്താ ഇവിടെ ഇത്രയും നേരം ഇല്ലാത്ത ആൾക്കാർ?
"അതങ്ങനെയാ." അദ്ധേഹത്തിന്റെ മറുപടി.
"എന്ന് വച്ചാൽ" ഞാൻ തിരിച്ചു ചോദിച്ചു.
രാത്രിയായാൽ ഹിജടകൾ മുഴുവൻ ഇവിടെയാണ്‌ വരിക.
അതെന്തിന്?
"അവർക്കും ജീവിക്കണ്ടേ?
വേശ്യാലയങ്ങളും വേശ്യ തെരുവുകളും ദിനം പ്രതി കൂടി വരുന്ന ഇ തലസ്ഥാന നഗരിയിൽ, ജീവിക്കാനുള്ള പെടാ പാടുകൾക്കിടയിൽ, പകൽ മുഴുവൻ ഏതെങ്കിലും പാലത്തിന്റെ അടിയിൽ കഴിച്ചു കൂട്ടി, രാത്രിയാവുമ്പോൾ ഇ പാർക്കിലേക്ക് അവർ വരും. ആർക്കും വേണ്ടാത്ത ആ ശരീരം വിറ്റെങ്കിലും കാശാക്കാൻ.
കാമം മൂത്ത് നിൽക്കുന്ന ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത, തെരുവ് വാസികൾ, ദാരിദ്ര്യം കൊണ്ട് തെണ്ടി നടന്നു പണമുണ്ടാക്കുന്നവർ, ഇവർക്ക് ശരീരം വിറ്റ് കിട്ടുന്ന ഇരുപതോ, അമ്പതോ രൂപയാണ് ഓരോ ഹിജടയുടെയും ഇവിടങ്ങളിലെ വരുമാനം."

എന്നോട് ചോളം കച്ചവടക്കാരാൻ വിശദീകരിച്ചു തരുന്നത് കേട്ടുകൊണ്ട് തൊട്ടടുത്ത്‌ നിന്ന് ഒരു ഹിജഡ ചിരിക്കുന്നുണ്ടായിരുന്നു, നിസ്സഹമായ ചിരിയോടെ  അവർ എന്നെ പരിചെയപെടാൻ വന്നു.
കേരളത്തിൽ നിന്നാണെന്ന് കേട്ടപ്പോൾ  ഒന്ന് ഞെട്ടി, കാരണം ഹിജടയും ഒരു മലയാളിയായിരുന്നു.

നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ട ആവശ്യമുണ്ടോ? തിരിച്ചു കുടുംബങ്ങളിലേക്ക്‌ ചെന്നാൽ നിങ്ങളെ സ്വീകരിക്കില്ലെ?
എന്റെ ചോദ്യത്തിനു ചിരിച്ചുകൊണ്ടാണ് അവർ ഉത്തരം തന്നത്.

ഇവിടെ നിന്ന് മാറി നാട്ടിലേക്ക് പോകാൻ ഞങ്ങൾക്കും ആഗ്രഹമില്ലഞ്ഞിട്ടല്ല, നാട്ടിൽ പോയാൽ സ്ത്രീയായി ജീവിക്കാൻ ഞങ്ങളെ വീട്ടുകാരോ നാട്ടുകാരോ സമ്മതിക്കില്ല, കുടുംബങ്ങളിൽ നിന്നും തെരുവിലേക്ക് എത്തിപെട്ട ഹിജടകളെ എൻറെ അറിവിൽ ഉള്ളു, തെരുവുകളിൽ നിന്നും കുടുംബങ്ങളിലേക്ക് പോയവരാരും എന്റെ അറിവിൽ ഇല്ല. അദ്ദേഹം മറുപടി നല്കി.

നാട്ടുകാർ പെണ്ണായി ജീവിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ താങ്കൾക്കു ആണായി ജീവിച്ചു കൂടെ?

"ആണിന്റെ രൂപം ഉണ്ടെന്നല്ലാതെ, ഒരു പുരുഷന്റെ വികാരവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, എന്റെ മനസ്സ് ഒരു സ്ത്രീയുടെതാണ്.
കേരളത്തിൽ ഒരുപാട് ഹിജടകൾ ഉണ്ട്, കുറേപേർ അവിടുന്ന് പുറത്തു കടക്കുന്നു, മറ്റുള്ളവർ പുറത്തു കാണിക്കാതെ ഒളിച്ചു ജീവിക്കുന്നു.
ആണും പെണ്ണും അല്ലാത്ത ഞങ്ങൾക്ക് ആരെങ്കിലും ജോലി തരുമോ?"
അദ്ദേഹം തിരിച്ചു ചോദിച്ചു, പക്ഷെ ഞാനൊന്നും മിണ്ടിയില്ല.
ലൈംഗിക തൊഴിലാളികളായിട്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. പിന്നെ ഭിക്ഷ യാചിക്കും. കുട്ടികള്‍ ജനിക്കുമ്പോള്‍ അവരെ അനുഗ്രഹിക്കുന്നതിനുവേണ്ടി(ബതായ്) ഞങ്ങള്‍ വീടുകളില്‍ കയറി ചെല്ലും.. ഇതൊക്കെ കേരളത്തിലെ പ്രബുദ്ധ സമൂഹത്തിനു ഗ്രഹിക്കുമോ?
വെറും പരിഹാസ കഥാപാത്രങ്ങൾ മാത്രമല്ലേ ഞങ്ങൾ" എന്നും പറഞ്ഞു പാർക്കിലേക്ക് കടന്നുവരുന്ന ഏതോ ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തേക്ക് ആ ഹിജഡ അമ്പതു രൂപയുടെ പോലും വിലയില്ലാത്ത ആ ശരീരം വിൽക്കാൻ പോയി.

നഗരത്തിൻറെ ഓരോ കോണിലും ഓരോ മുഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, കഷ്ടപാടുകളും വേദനകളും മറച്ചു വെയ്ക്കുന്ന മുഗങ്ങൾ, അതൊക്കെ അറിയാതിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പോകും ചില സമയങ്ങളിൽ.

അപ്പിൾ മരങ്ങൾക്കിടയിലെ പെണ്‍കുട്ടി

കുത്തനെയുള്ള കിലോമീറ്റർ നീണ്ട ഹിമാലയ എക്സ്പ്രസ്സ്‌ ഹയ് വേ എന്ന ഷിംല ചുരത്തിലൂടെ കോടമഞ്ഞ്‌ വീണു റോഡ്‌ മൂടും മുന്നേ നാർഗണ്ടയിൽ നിന്നും ഷിംല കടന്നു കിട്ടാനുള്ള വെപ്രാളത്തിൽ അടിമറഞ്ഞു വീണ വാഹനങ്ങൾ,
ഒരു വശത്തുള്ള വലിയ താഴ് വരകളിൽ നിന്നും നിറങ്ങളാൽ അലങ്കരിച്ച വസ്ത്രങ്ങൾ ധരിച്ച നാടോടി സുന്ദരികൾ പുറത്തു കെട്ടി വെച്ച വലിയ കൊട്ടയിൽ വിറകു ശേകരിക്കുന്ന അപൂർവ കാഴ്ച,

ഭയവും ആകാംഷയും ഒരു പോലെ മനസിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്ന നിമിഷങ്ങളിലാണ് കോട മഞ്ഞിനാൽ മൂടപ്പെട്ടു മുന്നോട്ടേക്ക് പോവാൻ പറ്റാതെ ഞങ്ങൾ വണ്ടി മലയുടെ ഒരു വശത്തേക്ക് നിർത്തിയത്.

ഒരു ഭാഗത്ത്‌ വലിയ കരിങ്കൽ മല നിരകളും, മറ്റൊരു ഭാഗത്ത്‌ നിറയെ ആപ്പിൾ മരങ്ങളും. ആപ്പിൾ മരത്തിന്റെ മുകളിലായി വലിയ പായകൾ കൊണ്ട് മറച്ചു വച്ചിട്ടുണ്ട്. അരികിലായ് വലിയൊരു വടിയും പിടിച് ആപ്പിൾ പറിക്കുന്നത്‌ തടയാനൊരു വൃദ്ധനും.

കോട മാറികിട്ടാനുള്ള കാത്തു നിൽപ്പ് മുഷിപ്പായതിനാൽ ഞങ്ങൾ ആപ്പിൾ തോട്ടത്തിലേക്ക് ആ വൃദ്ധന്റെ കണ്ണ് വെട്ടിച് ഇറങ്ങി.
ഒരു ചെറിയ ഇട വഴി മാത്രമാണ് അതിന്റെ ഇടയിൽ ഉണ്ടായിരുന്നത്. അൽപ്പം മുന്നോട്ട് നീങ്ങിയതോടെ ഒരു പശുകുട്ടി ഞങ്ങളെ കണ്ട ഭയത്തിൽ എങ്ങോട്ടേക്ക് ഓടണം എന്നറിയാതെ നിൽക്കുന്നുണ്ടായിരുന്നു.
വിവേക് ഒരു വടിയെടുത്തു വീശി, പശുകുട്ടി ഭയത്തോടെ മുന്നോട്ടെക്കോടി.
കയ്യിലുള്ള ഭാഗിലെക്ക് അവൻ ആപ്പിളുകൾ പറിച്ചു നിറയ്ക്കാൻ തുടങ്ങി. ഞാൻ മുന്നോട്ടേക്ക് അൽപ്പം നടന്നു ആ മല നിരകളിൽ കോട മഞ്ഞു വീണു മറയുന്ന കാഴ്ചകളും നോക്കി.

"യെ ആപ് കോ ദേക് കെ ഭാഗ ത? (പശുക്കുട്ടി താങ്കളെ കണ്ടിട്ടാണോ ഓടിയത് )"
ഒരു കുട്ടിയുടെ ശബ്ദം കേട്ട് വിവേക് ഓടുന്നത് കണ്ടാണ്‌ ഞാൻ ആ മരങ്ങൾക്കിടയിലേക്ക് നോക്കിയത്. ഒരു വലിയ മുഷിഞ്ഞ ചൂടൻ കുപ്പായവും ധരിച് ഒരു കൊച്ചു പെണ്‍കുട്ടി.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, ആ പശു കുട്ടിയുടെ അതെ മണമായിരുന്നു അവൾക്കും, ചിലപ്പോൾ അത് ആ മുഷിഞ്ഞ വസ്ത്രങ്ങളുടെതായിരിക്കാം.
നെറ്റിയിൽ ചെറുതായ് ചുവന്ന കുറി വലിച്,  മുഗം തുടുത് ചുവന്ന്,മങ്ങിയ മുക്കുതിയുമായി ആ മരങ്ങളിലെ ആപ്പിളുകൾ പോലെ ഒരു കൊച്ചു പെണ്‍കുട്ടി.

"യെ ആപ് കോ ദേക് കെ ഭാഗ ത? യെ കിസ്ക ഹെ?"
അവളുടെ ചോദ്യങ്ങൾ വീണ്ടും.

"എനിക്കറിയില്ല, നീ ഈ കാട്ടിൽ എങ്ങനെ എത്തി പെട്ടു" ആ കൊച്ചു കുട്ടിയെ  തനിച് അവിടെ കണ്ടത് കൊണ്ട് ഞാൻ ചോദിച്ചു.

"ദേഖ് മേരാ ഗർ " എന്നും പറഞ്ഞു മണ്ണും കട്ടകൊണ്ട് കെട്ടി പൊക്കിയ കുത്തനെയുള്ള ഒരു വീട് അവൾ ചൂണ്ടി കാട്ടി ഒന്ന് പൊട്ടി ചിരിച്ചു, നനുത്ത മഞ്ഞു തുള്ളികൾ കണ്‍പീലികളിൽ  സ്പർശിക്കും പോലെ.
ഞങ്ങൾ തമ്മിലുള്ള സംഭാഷണം നീണ്ടു, ഈ കാട്ടിൽ ഒരാള് പോലും കൂടെയില്ലാതെ  അപരിചിതനായ ഒരാളുമായി സംസാരിക്കാനും ചോദ്യം ചെയ്യാനുമുള്ള ആ ധൈര്യവും നിഷ്കളങ്ങതയും എന്നെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആ പശുക്കുട്ടി ഞങ്ങള്ക്കിടയിലൂടെ മുകളിലേക്ക് ഓടി.. ഒരു വടിയും എടുത്ത് അവളും അതിനു പുറകെ.

കോട നീങ്ങി ചെറുതായ് മഞ്ഞു കട്ടകൾ വീഴാൻ തുടങ്ങി, ചാറ്റൽ മഴ പോലെ.
മുകളിലുണ്ടായിരുന്ന കുറേ വണ്ടികളെയും ആൾക്കാരെയും കണ്ടത് കൊണ്ട് അവൾക്ക് മുകളിലേക്ക് പോവാനുള്ള ധൈര്യം വന്നില്ല,
തിരിച്ചു വരുന്ന വഴി ഞാൻ അവളെ വാക്കുകൾ കൊണ്ട്  ഭയപ്പെടുത്തി, ചിരിച്ചു നിൽക്കുന്ന മുഖം ഭയത്തിലേക്ക് മാറാൻ അത്ര നേരം വേണ്ടി വന്നില്ല, ഒടുക്കം അവൾ കരഞ്ഞു, എന്നെ തള്ളി മാറ്റി ആ അപ്പിൾ മരങ്ങൾക്കിടയിലേക്ക് ഓടി.

ഞാൻ ഉറക്കെ ചിരിച്ചു, കോട പൂർണമായും മാറി കഴിഞ്ഞു, ഇരുട്ടുന്നതിനു മുന്നേ നാർഗണ്ട യിലേക്ക് എത്തുന്നതിനായ് ഞങ്ങൾ അവിടുന്ന് പെട്ടന്ന് തന്നെ പുറപ്പെട്ടു, രാത്രി ആകുമ്പോഴേക്കും നാർഗണ്ടയിൽ എത്തിച്ചേർന്നു.
നാർഗണ്ടയിലെ മൂടൽ മഞ്ഞും, അവളുടെ ഭയം നിറഞ്ഞ മുഖവും എന്നെ ഒരു പോലെ ഉറക്കം കെടുത്തി. പക്ഷെ രാവിലെയുള്ള യാത്രകളിൽ എവിടെയോ അവൾ മാഞ്ഞു പോയ്‌.

രണ്ടു ദിവസങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ്, എല്ലാവരെയും പോലെ കോട മൂടി വഴിയിൽ അകപെട്ടു പോകാതിരിക്കാൻ അമിത വേഗത്തിലായിരുന്നു., ഇടതു വശത്തെ കൊക്കയോട് ചേർന്ന്, ഒരു ചെറിയൊരു അശ്രദ്ധ മാത്രം മതി ജീവിതം എന്നന്നേക്കുമായി ഇല്ലാതാവാൻ.

ആ വെപ്രാളയോട്ടത്തിൽ  ഇന്നലെ മുതൽ മനസ്സിൽ കയറികൂടിയ ആ മുഖം ഞാൻ കണ്ടു. അതേ മുഷിഞ്ഞ വസ്ത്രങ്ങൾ,
ആദ്യം കണ്ട സന്തോഷം കൊണ്ട് പ്രസന്നമായ മുഖമായിരുന്നില്ല അവൾക്ക് അപ്പോൾ, ഭയന്ന് വിറച്ച പേടമാനിനെ പോലെയുമല്ല.
ചിതറി കിടയ്ക്കുന്ന ചോര പുരണ്ട വിറകിനരികെ  വിറകു കൂട പുറകിൽ കെട്ടി വെച്ച ഒരു സ്ത്രീ ശരീരം, ചുറ്റും രക്തത്തിന്റെ മണം ആസ്വദിച്ചു നിൽക്കുന്ന ഒരു വലിയ ആള്ക്കൂട്ടത്തിന് നടുവിൽ പകച്ചു നിൽക്കുകയായിരുന്നു അവൾ.

ഒരു പാട് ചോദ്യങ്ങൾ ഉണ്ടെങ്കിലും, ഒന്നും ചോദിക്കാനുള്ള ധൈര്യം ഞങ്ങൾക്കില്ലായിരുന്നു, ആ സ്ത്രീ അവളുടെ ആര്? ഇ രക്ത കറകൾ?..
ഒരു കാര്യം ഉറപ്പാണ്, ആ പകച്ചു നിൽക്കുന്ന കണ്ണുകൾ ഏതോ ഒരു നഷ്ട വേദനയെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നുണ്ട്.

ആ അപ്പിൾ മരങ്ങളുടെ ഇടയിലെ ചിരിക്കുന്ന മുഖമായ്‌ ആപ്പിളു പോലൊരു പെണ്‍കുട്ടിയായ്  ഓർമിക്കാനാണ് എനിക്കിഷ്ടം. ആൾക്കൂട്ടങ്ങൾക്കിടയിൽ ആരുടെയോ കൂടെ അവളും ഞങ്ങളുടെ കണ്‍വെട്ടത്  നിന്ന് മാറിയതിനു ശേഷം ഞങ്ങളും മൂടൽമഞ്ഞുകൽക്കിടയിലൂടെ, തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ.

ജലോരി പാസ്സിലെക്ക്

നാട്ടിലെ ആഗോഷങ്ങളുടെ ബഹളങ്ങളിൽ നിന്നും മാറി, ഒറ്റമുറി ജീവിതം അനുഭവിക്കാൻ തുടങ്ങിയ കാലം തൊട്ടാണ് സിനിമകളെയും പുസ്തകങ്ങളെയും സ്നേഹിച്ചു തുടങ്ങിയത്. ഭാഷകളുടെയും രാജ്യങ്ങളുടെയും അതിർവരമ്പ്‌ ഭേദിച് സിനിമകളെ സ്നേഹിക്കാൻ തുടങ്ങി.
ഒടുക്കം കഥാപാത്രങ്ങളെ ഞാൻ തന്നെ സൃഷ്ടിക്കാൻ തുടങ്ങി, ആ കഥാപാത്രങ്ങളായി ജീവിക്കാനും.

180 Degrees South,  Into the Cold: A Journey of the Soul,  Into the Wild,  The Painted Veil,  The Way
തുടങ്ങിയ സിനിമകൾ കൂടുതൽ ഇഷ്ടപെട്ടത് കൊണ്ടും, കുട്ടിക്കാലത്ത് യാത്രകൾ ചെയ്തു ശീലിച്ചതുകൊണ്ടും ആവാം എന്റെ കഥാപാത്രങ്ങൾക്കൊക്കെ യാത്രകൾ ബ്രാന്തമായിരുന്നു. കഥാപാത്രങ്ങളുടെ കൂടെയുള്ള യാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗവും.

എന്തിനോ വേണ്ടി ആരോ നടത്തിയ തിരച്ചിലാണ് എന്നെ കുടജാദ്രിയുടെ ഇരുട്ട് നിറഞ്ഞ ഗുഹയിൽ നിന്നും ധാരാവിയിലെ ചേരികളിലൂടെ നടയ്ക്കാൻ പ്രേരിപ്പിച്ചത്.
പിന്നെ ഭുദ്ധനെ കൂട്ട് പിടിച്ച് മധ്യപ്രദേശിലെ സാഞ്ചി വരെ, പാതി വഴിയിൽ മസൂരിയിൽ വച്ച് നിർത്തി വെച്ച ഹിമാലയ യായ്ത്ര, അങ്ങനെ അൽപ്പം.

നാളെ ഒരു യാത്രപോവുകയാണ്,  ആകാശത്തെ തൊട്ടുരുമ്മി കിടക്കുന്ന ജലൂരി പാസ് മല മുകളിലേക്ക്. ഷോജ, കുളു, നാർകണ്ട, ഷിംല, ബഞ്ഞാർ  തൊട്ടറിഞ്ഞു കൊണ്ട് അൽപ്പ ദിവസം നീളുന്ന ഒരു ടൂ വീലർ സവാരി, കൂടെ ഇ അടുത്ത കാലത്തായി വീണു കിട്ടിയ അൽപ്പം നല്ല സുഹ്ര്തുക്കളും.

കോട മഞ്ഞിന്റെ നനുത്ത സ്പർശം പ്രണയമായി ശരീരത്തെ അറിയട്ടെ,
മല മുകളിൽ ദേശാടന കിളികളുടെ ആഗോഷ തിമിർപ്പിൽ വീണുപോയ നഗക്ഷതങ്ങൾ കണ്ടറിയട്ടെ,
കണ്ണും കാതും പ്രകൃതിയെ തൊട്ടുരുമട്ടെ, താറുമാറുകൾ  പിടിച്ച ചിന്തകളുടെ വേരുകൾ പിഴുതെറിയട്ടെ,
ചിതൽ പിടിച്ച വാക്കുകൾ തുടചെടുക്കട്ടെ..

സ്വപ്നങ്ങളിൽ ചോരയുടെ ഒരു നീർകണം

അടുത്ത മാസത്തെ ശംബളം കയിൽ വരുബോൾ ആരുടെയൊക്കെ കടം തീർക്കണം, ബാങ്ക് കാരുടെ പലിശ പെട്ടിയിലേക്ക് എത്ര കൊണ്ടിടണം എന്നൊക്കെ കണക്കു കൂട്ടി വയ്ക്കുംപോൾ ആഗോഷങ്ങൾക്ക് വേണ്ടിയും അൽപ്പം തുക മാറ്റി എഴുതും.
പക്ഷെ ശംബളം കയിൽ കിട്ടിയാൽ ആ തുക കൂടെ ചേർത്ത് വീട്ടിലേക്ക് അയക്കും. ഇത് എന്റെ മാത്രം ആയിരിക്കില്ല, അന്യദേശത്തു ജോലിചെയയാൻ വിധിച്ച എല്ലാരുടെയും ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും.

മുന്നേ ഒക്കെ ആണെങ്കിൽ പണിയെടുത് അവസാനം ശനിയാഴ്ച കിട്ടുന്ന അഞ്ഞൂറ് രൂപയുമായി വീട്ടിലേക്ക് വരുംപോൾ അമ്മ അതിൽ നിന്നും ഒരു വിഹിതം ചോദിക്കും. വരാൻ ഇരിക്കുന്ന ഉത്സവ പരിപാടികൾക്ക് കുപ്പി വാങ്ങാനുള്ള ഷെയറും, റിലീസ് കാത്തിരിക്കുന്ന പടങ്ങളുടെ കണക്കും ഓർത്ത് നോക്കി അമ്മയ്ക്ക് കൊടുക്കാതെ ഒളിപ്പിച്ചു വയ്ക്കും.

ഒരു അഞ്ചു ഓണം മുന്നേ, സിനിമാ പഠിത്തം മോഹിച് ചെന്നയിലുള്ള SRS ഇൽ മാനേജുമെന്റിന്റെ കാലു പിടിച് ഡൊണേഷൻ  ഒഴിവാക്കി കിട്ടി, എന്നാലും കൊടുക്കണം അഡ്മിഷൻ ഫീയും ഒരു വർഷത്തെ ഫീസും ഒക്കെ ചേർത്ത് ഒരു വലിയ തുക , അതിനു ആവശ്യമായ സമയവും അവർ തന്നു. വീട്ടിൽ നിന്നും ആ ഒരു കാലം അഞ്ചുരൂപ പോലും കിട്ടില്ല. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കുന്ന സമയം.

ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു, അത് കൊണ്ട് തന്നെ നന്നായ് കഷ്ടപെടെണ്ടിയും വന്നു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മുതലാളി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഇറയത് ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.

പണത്തിനു വേണ്ടി ഒരുപാട് കഷ്ടപെടേണ്ടി വന്നിട്ടുണ്ട്, പക്ഷെ ഇതുവരെ പണത്തെ സ്നേഹിച്ചിട്ടില്ല.
മനുഷ്യർക്കിടയിൽ അയിത്തം സൃഷ്ടിക്കുന്ന, കുടുംബങ്ങളിലും ബന്ധങ്ങളിലും അഹംഭാവം വർധിപ്പിക്കുന്ന ആ നോട്ടുകെട്ടുകളെ സ്നേഹിക്കുന്നിടത് ഒടുങ്ങുന്നു ഓരോ മനുഷ്യന്റെയും പ്രതിപത്തി നിറഞ്ഞ ജീവിതം.

കറുത്ത പരിമളം

(പുകയിലയും മദ്യപാനവും ആരോഗ്യത്തിനു ഹാനീകരം)

ഹലോ മിസ്റ്റർ കാണ്ടി, അടുതാഴ്ച്ചതെ വീക്ക്‌ലി  റിപ്പോർട്ടിൽ വേശ്യകളെ കുറിച്ചാണ് താങ്കൾ എഴുതേണ്ടത്, വേശ്യകളുമായി ഇടപെഴുകാനുള്ള എല്ലാ സൌകര്യവും ഇന്ത്യൻ ഓഫിസിൽ നിന്നും ഏർപ്പാട് ചെയ്തു തരും.

"സാർ എന്നോട് ക്ഷമിക്കണം, എനിക്കതിനുള്ള പകുവത  ഉണ്ടെന്നു തോന്നുന്നില്ല. എന്നെ ദയവായി ഒഴിവാക്കു."

ഇന്ന് രാത്രി ഞാൻ പറയുന്നിടത്ത് താങ്കൾ ഒന്ന് പോകു.. മറ്റുള്ള കാര്യങ്ങൾ ഒക്കെ നമുക്ക് പിന്നീട് സംസാരിക്കാം.

രാത്രി ഏകദേശം എഴുമണിയായി കാണും. ഞാൻ അവിടെയെത്തി,
ഒരു വിദേശി എന്റെ അടുത്ത് വന്നു ചോദിച്ചു..
"ആർ   യു മിസ്റ്റർ കാണ്ടി?"
അതെ..
മെൽവിൻ പറഞ്ഞ പോലെ എല്ലാം ചെയ്തിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വരികയാണേൽ ചോദിച്ചു കൊള്ളൂ.
എന്റെ ഭയവും വിറയലും മാറ്റാൻ എനിക്കൽപ്പം മദ്യം വേണം, ഞാൻ ആവശ്യപെട്ടു.
പക്ഷെ ചിരിച്ചു കൊണ്ടയാൾ പറഞ്ഞു," മദ്യത്തിന്റെ മണം വേശികൾ ചൂഷണം ചെയും  എന്നറിയില്ലേ?"
ഇല്ല, ഞാൻ ആധ്യമായിട്ടാണ് ഒരു വേശിയുടെ മുന്നിൽ പോകുന്നത്.
ഒന്നും പറയാതെ അയാൾ റൂമിലേക്കുള്ള വഴി പറഞ്ഞ് തന്നിട്ട് എങ്ങൊട്ടെക്കൊ പോയി.

ഒരു മേശയുടെ ഇരുപുറമായി വച്ച രണ്ടു കസേരയിൽ ഒരു പെണ്‍കുട്ടി ഇരിക്കുന്നു, മറ്റേ കസേരയിൽ ഞാനും ഇരുന്നു.

"താൻ എവിടുന്നു വരുന്നു?" ഞാൻ പതുക്കെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"താങ്കൾ എന്തിനാണ് വിറയ്ക്കുന്നത്?" അവളുടെ ചോദ്യം.

കുറച്ചു സമയത്തേക്ക് ഞാൻ ഒന്നും മിണ്ടാതെ സിഗരറ്റ് പുകയിൽ എന്റെ ഭയം ഒളിപ്പിക്കാൻ ശ്രമിച്ചു,
ചോദ്യങ്ങൾ ഇടറും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അതിനു മുതിർന്നില്ല.
എന്റെ ഭയം കണ്ടിട്ടാവണം, അവൾ ബാഗിൽ നിന്നും ഒരു കറുത്ത ചുരുട്ട് എന്റെ നേർക്ക് നീട്ടി.
"വേണെമെങ്കിൽ ഇത് വലിയ്ക്കൂ"
"എന്താണിത്?"
അവൾ തന്നെ അത് കൊളുത്തി, പുക വലിച്ചെടുത്ത് കണ്ണടച്ച് അവൾ കുറച്ചു സമയം മുകളിലേക്ക് നോക്കി ഇരിക്കുന്നു.
പുകയുടെ മണം, എന്നെയും വലിക്കാൻ നിർഭന്തിച്ചു.

ആദ്യ പുക എന്റെ ശിരസ്സിലെക്ക് ഞാൻ ആഞ്ഞെടുത്തു..
ഞാനും അൽപ്പ സമയം കണ്ണടച്ചിരുന്നു. വീണ്ടും അത് തന്നെ ആവർത്തിച്ചു.
വിറയലും ഭയവും ഒക്കെ ഒരു നിമിഷം കൊണ്ടില്ലാതായ്, മാറ്റാരിലേക്കോ പരകായ പ്രവേശം ചെയ്തതുപോലെ.

എന്താണിത്.. അത് പറയു?
"അമുഗ്ബൊ"
അമുഗ്ബൊ?
അതെ, പക്ഷെ ഇ നഗരത്തിൽ ഇതിനെ ചിലർ "കറുത്ത പരിമളം" എന്ന് വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്.

വില കൂടിയ പല പുകകളും ഞാൻ വലിച്ചിട്ടുണ്ട്.. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ്.
ഞാൻ പതുക്കെ എഴുനേറ്റു, ബാൽക്കണിയിൽ പോയ്‌ അൽപ്പ സമയം ആകാശത്തേക്ക് നോക്കി നിന്നു..
എന്നും ഒരേ നിറത്തിൽ കാണുന്ന നക്ഷത്രങ്ങൽക്കിന്നു പല നിറങ്ങൾ, അവ എന്തൊക്കെയോ ചോദിക്കുന്നു..
എന്നും അമിത വേഗത്തിൽ മാത്രം ഓടി കൊണ്ടിരിക്കുന്ന റോഡിൽ, ഇപ്പോൾ വാഹനങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു.. ആൾക്കാർ ഒരേ വേഗത്തിൽ ഓടുകയും നിൽക്കുകയും ചെയുന്നു.

ഇ ലോകത്തിനു ഭ്രാന്താണ്,അവളോട് ഞാൻ പതുക്കെ പറഞ്ഞു,
താങ്കൾക്കും,അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

തനിക്കിത് എവിടുന്നു കിട്ടി..
ഹരിദ്വാർ.. എന്നെ പോലെ പ്രായം കുറഞ്ഞവർക്ക്, യുവാക്കളെ മയക്കാൻ ഉപദേശം തരുന്ന നേപ്പാളിയായ ഒരു വൃദ്ധ തന്നതാണ്.
"പക്ഷെ ഞാൻ പോയപ്പോൾ ഇതുവരെ ഇതിനെ പറ്റി കേട്ടിരുന്നില്ല.."

ഇത് വലിക്കുമ്പോൾ താങ്കൾക്കെന്താണ് തോന്നുന്നത്?
"വേദന അറിയാതിരിക്കാൻ ഇതിലും വലിയ മരുന്ന് ഞാൻ കണ്ടിട്ടില്ല" അവൾ ഒരു പുക ആഞ്ഞു വലിച്ചതിന് ശേഷം മറുപടി പറഞ്ഞു.

ഇ ചെറിയ പ്രായത്തിൽ താങ്കൾക്കെന്തു വേദനയാണ്, ഇ ഒരു രാത്രി സംസാരിക്കുന്നതിനു വേണ്ടി മാത്രം പത്തായിരം ഇന്ത്യൻ രൂപ താങ്കൾക്കു നല്കി എന്നാണ് മെൽവിൻ പറഞ്ഞത്.
ഇത്രയും വലിയ വരുമാനം ഉണ്ടായിട്ടും...

അവൾ ചിരിച്ചു കൊണ്ട് അകത്തുള്ള കസേരയിൽ ഇരുന്നു.

പതുക്കെ കയിലുണ്ടായിരുന്ന ഫോണ്‍ താഴെ വച്ചു, പക്ഷെ അത് മേശയുടെ മുകളിൽ നിൽക്കുന്നില്ല വായുവിൽ പറന്നു കളിക്കുന്നു..
അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്, ഞാൻ നിലത്ത് ഉരച്ചു കെടുത്തിയ സിഗിരറ്റു കുറ്റികളും, തീപെടി  കോലുകളും എനിക്ക് ചുറ്റുമായി ഭ്രമണം ചെയുന്നു, ചുറ്റുമുള്ള വസ്തുക്കളൊക്കെ അതിന്റെ കൂടെ കറങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അതിന്റെ നടുവിൽ മരം പോലെ ജീവനോടെ എല്ലാം നോക്കി കാണുന്നു.
ഇന്നലെ വരെ ദിവസവും കേട്ട് കൊണ്ടിരുന്ന ഫോക് ഗാനങ്ങൾ എന്റെ കാതിൽ ഉറക്കെ മുഴങ്ങുന്നു.
ആർപ്പു വിളിയോടെ ചായം പൂശിയ തെയകോലങ്ങൾ മുന്നിൽ ചുവടു വെയ്ക്കുന്നു.

ആരുടെയൊക്കെയോ സങ്കടങ്ങൾ ഞാൻ അറിയാതെ എനോട് തന്നെ ചോദിക്കുന്നു..
ഓരോ വർണ്ണങ്ങൾ തെളിയുന്ന തീ ചുരുളുകൾ എന്റെ മുന്നിലേക്ക്‌ ഇടയ്ക്ക് വന്നും പോയും കൊണ്ടിരിക്കുന്നു..

ഈ അധ്ഭുധങ്ങൾ ഒക്കെ കണ്ട് ഞെട്ടൽ മാറാതെ ഞാൻ എല്ലാം ആസ്വധിക്കുംബൊഴും, എന്റെ മുഗതേക്ക് മാത്രം നോക്കിക്കൊണ്ട് അവൾ എന്റെ മുന്നിലെ കസേരയിൽ ഇരിക്കുന്നുണ്ട്..

ആ വലിയ ലോകത്ത് നിന്നും പതുക്കെ ഞാൻ തിരിച്ചു വരുന്ന പോലൊരു തോന്നൽ,
ക്ലോക്കിലെ സൂചികൾ അനങ്ങുന്ന ശബ്ദം ഒഴിച്ച് മറ്റെല്ലാം നിശബ്ദമായി കഴിഞ്ഞു, എനിക്ക് ചുറ്റും ഭ്രമണം ചെയ്തിരുന്ന വസ്തുക്കളെല്ലാം വീണ്ടും പഴേ സ്ഥാനത്തേക്ക് വന്നു.

മുന്നിൽ അതെ കസേരയിൽ അവൾ എന്നെയും നോക്കി കൊണ്ടിരിപ്പാണ്.
അവളെ കൂടുതലായി പഠിക്കാനാണ് ഞാൻ വന്നത്.
ഞങ്ങൾക്കൊന്നു പുറത്തേക്ക് ഇറങ്ങി നടന്നാലോ, അവളോട്‌ ചോദിച്ചു.
വരൂ.. എന്നും പറഞ്ഞു ബ്രാന്ധമായ ആൾക്കാരുടെ ഇടയിലേക്ക് ഞങ്ങൾ ഇറങ്ങി ചെന്നു.

റോഡു സൈഡിൽ അടികൂടുന്ന ഒരു സ്ത്രീയെ ചൂണ്ടികാട്ടി, "അതെന്താണ്?" ഞാൻ ചോദിച്ചു.

ഇത് വ്യവസായത്തിന്റെ മാത്രം നഗരമല്ല, ലഹരികളുടെയും കാമത്തിന്റെയും നഗരമാണ് , അവൾ മറുപടി നൽകി.

മരണം

മകൻറെ ആട്ടും തുപ്പും കേട്ട് ജീവിതത്തോട് മടുപ്പ് തോന്നി ഈ കുളത്തിന്റെ പടികളിൽ നിന്ന് കൊണ്ട് അവസാന നിമിഷം നോക്കി കാണുമ്പോൾ, ശരീരം കൊണ്ട് അക്ഷരങ്ങൾ എഴുതി സ്നേഹം പങ്കിടുന്ന പരൽമീനുകൾക്ക് ആരുടെയൊക്കെയോ മുഖച്ഛായ ഉണ്ടായിരുന്നു.

കല്ല്യാണം കഴിഞ്ഞ ശേഷം, ഭാര്യയുടെ പിടി വാശിയുടെ മേൽ,
സ്വത്തിനു തർക്കിച്ചതും.. കുടുംബക്കാരെ അകറ്റിയതും, ഞാൻ ചെയ്ത വലിയൊരു തെറ്റായ്‌ ഇന്ന് അവശേഷിക്കുന്നു.

"എവിടേക്ക കിളവ, വയസ്സുകാലത്ത് ഇവിടെങ്ങാനം അടങ്ങി ഇരുന്നാൽ പോരെ. മാരണം."
ഞാനും വര മോനെ കൂടെ, ദാഹിച്ചാൽ ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പോലും ആരുമില്ലാതെ ഇവിടെ ഞാൻ..

"നിങ്ങളെയും നോക്കി ഇരിക്കലല്ലേ.. എനിക്ക് പണി.
ഇവിടെങ്ങാനും ചുരുണ്ട് കൂടി കിടന്നാപോരെ, ഇനി വെള്ളം കുടിക്കണം ന്നു വച്ച ആ കുളത്തിലേക്ക് ഇറങ്ങി ചെന്നോ.. അതാവുമ്പോ വേണ്ടോളം വെള്ളം കുടിച് തന്നെ ചാവാം."
ഭാഗം വയ്ക്കലിന് ശേഷം എന്റെ കൂടെ ഇറങ്ങാനിരുന്ന അച്ഛനോട് പറഞ്ഞ വാക്കുകളൊക്കെ ഇന്ന് നെഞ്ചിൽ പൊള്ളുകയാണ്.

ശരീരം മുഴുവൻ വീർത്ത്, ഈ പടികൽക്കുമേൽ ശവം വന്നടിഞ്ഞപ്പോൾ, മരിച്ചാലും സമാധാനം തരാത്ത ഒരു വൃത്തികെട്ട രൂപമായാണ് അച്ചനെ മനസ്സിൽ കണ്ടത്.
അവസാനം ജന്മം നൽകിയതിൻറെ പേരിൽ മാത്രം ആ ആത്മാവിനു വേണ്ടി അന്ധ്യ കർമ്മം ചെയ്തു തിരിച്ചു വരുമ്പോൾ ആരോക്കൊയോ പറയുന്നുണ്ടായിരുന്നു, അവസാന കുറെ നാളുകളിൽ അച്ഛൻ ദിവസവും ഇവിടെ വന്നിരിക്കാരുണ്ടായിരുന്നു എന്ന്.
ഒടുവിൽ അച്ഛൻ മകൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ജീവിതം ഒടുക്കി.

അച്ഛന്റെ അവസാന ശ്വാസം ഇ വെള്ളത്തിനടിയിൽ നിന്നും ഉയരുമ്പോൾ, ആ കുമിളകൾക്ക് ചുറ്റും പരമീനുകൾ വട്ടമിട്ടു കറങ്ങിയതും, ആരും കാണാത്ത ആ മനസ്സിന്റെ കെട്ടഴിച് പരമീനുകൾ കൊതിയെടുതതിൽ , മകനോടുള്ള മൂടിവെച്ച സ്നേഹവും , എന്നോ പാതി ചിതലരിച്ചു തീർത്ത സ്വപ്നങ്ങളും ആയിരുന്നുവെന്ന്, ഇന്ന് ഇ പടികളിൽ ഇരുന്നു കൊണ്ട് മരണം നോക്കി കാണുമ്പോൾ എനിക്ക് കാണാം.