അപ്പിൾ മരങ്ങൾക്കിടയിലെ പെണ്‍കുട്ടി

കുത്തനെയുള്ള കിലോമീറ്റർ നീണ്ട ഹിമാലയ എക്സ്പ്രസ്സ്‌ ഹയ് വേ എന്ന ഷിംല ചുരത്തിലൂടെ കോടമഞ്ഞ്‌ വീണു റോഡ്‌ മൂടും മുന്നേ നാർഗണ്ടയിൽ നിന്നും ഷിംല കടന്നു കിട്ടാനുള്ള വെപ്രാളത്തിൽ അടിമറഞ്ഞു വീണ വാഹനങ്ങൾ,
ഒരു വശത്തുള്ള വലിയ താഴ് വരകളിൽ നിന്നും നിറങ്ങളാൽ അലങ്കരിച്ച വസ്ത്രങ്ങൾ ധരിച്ച നാടോടി സുന്ദരികൾ പുറത്തു കെട്ടി വെച്ച വലിയ കൊട്ടയിൽ വിറകു ശേകരിക്കുന്ന അപൂർവ കാഴ്ച,

ഭയവും ആകാംഷയും ഒരു പോലെ മനസിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്ന നിമിഷങ്ങളിലാണ് കോട മഞ്ഞിനാൽ മൂടപ്പെട്ടു മുന്നോട്ടേക്ക് പോവാൻ പറ്റാതെ ഞങ്ങൾ വണ്ടി മലയുടെ ഒരു വശത്തേക്ക് നിർത്തിയത്.

ഒരു ഭാഗത്ത്‌ വലിയ കരിങ്കൽ മല നിരകളും, മറ്റൊരു ഭാഗത്ത്‌ നിറയെ ആപ്പിൾ മരങ്ങളും. ആപ്പിൾ മരത്തിന്റെ മുകളിലായി വലിയ പായകൾ കൊണ്ട് മറച്ചു വച്ചിട്ടുണ്ട്. അരികിലായ് വലിയൊരു വടിയും പിടിച് ആപ്പിൾ പറിക്കുന്നത്‌ തടയാനൊരു വൃദ്ധനും.

കോട മാറികിട്ടാനുള്ള കാത്തു നിൽപ്പ് മുഷിപ്പായതിനാൽ ഞങ്ങൾ ആപ്പിൾ തോട്ടത്തിലേക്ക് ആ വൃദ്ധന്റെ കണ്ണ് വെട്ടിച് ഇറങ്ങി.
ഒരു ചെറിയ ഇട വഴി മാത്രമാണ് അതിന്റെ ഇടയിൽ ഉണ്ടായിരുന്നത്. അൽപ്പം മുന്നോട്ട് നീങ്ങിയതോടെ ഒരു പശുകുട്ടി ഞങ്ങളെ കണ്ട ഭയത്തിൽ എങ്ങോട്ടേക്ക് ഓടണം എന്നറിയാതെ നിൽക്കുന്നുണ്ടായിരുന്നു.
വിവേക് ഒരു വടിയെടുത്തു വീശി, പശുകുട്ടി ഭയത്തോടെ മുന്നോട്ടെക്കോടി.
കയ്യിലുള്ള ഭാഗിലെക്ക് അവൻ ആപ്പിളുകൾ പറിച്ചു നിറയ്ക്കാൻ തുടങ്ങി. ഞാൻ മുന്നോട്ടേക്ക് അൽപ്പം നടന്നു ആ മല നിരകളിൽ കോട മഞ്ഞു വീണു മറയുന്ന കാഴ്ചകളും നോക്കി.

"യെ ആപ് കോ ദേക് കെ ഭാഗ ത? (പശുക്കുട്ടി താങ്കളെ കണ്ടിട്ടാണോ ഓടിയത് )"
ഒരു കുട്ടിയുടെ ശബ്ദം കേട്ട് വിവേക് ഓടുന്നത് കണ്ടാണ്‌ ഞാൻ ആ മരങ്ങൾക്കിടയിലേക്ക് നോക്കിയത്. ഒരു വലിയ മുഷിഞ്ഞ ചൂടൻ കുപ്പായവും ധരിച് ഒരു കൊച്ചു പെണ്‍കുട്ടി.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, ആ പശു കുട്ടിയുടെ അതെ മണമായിരുന്നു അവൾക്കും, ചിലപ്പോൾ അത് ആ മുഷിഞ്ഞ വസ്ത്രങ്ങളുടെതായിരിക്കാം.
നെറ്റിയിൽ ചെറുതായ് ചുവന്ന കുറി വലിച്,  മുഗം തുടുത് ചുവന്ന്,മങ്ങിയ മുക്കുതിയുമായി ആ മരങ്ങളിലെ ആപ്പിളുകൾ പോലെ ഒരു കൊച്ചു പെണ്‍കുട്ടി.

"യെ ആപ് കോ ദേക് കെ ഭാഗ ത? യെ കിസ്ക ഹെ?"
അവളുടെ ചോദ്യങ്ങൾ വീണ്ടും.

"എനിക്കറിയില്ല, നീ ഈ കാട്ടിൽ എങ്ങനെ എത്തി പെട്ടു" ആ കൊച്ചു കുട്ടിയെ  തനിച് അവിടെ കണ്ടത് കൊണ്ട് ഞാൻ ചോദിച്ചു.

"ദേഖ് മേരാ ഗർ " എന്നും പറഞ്ഞു മണ്ണും കട്ടകൊണ്ട് കെട്ടി പൊക്കിയ കുത്തനെയുള്ള ഒരു വീട് അവൾ ചൂണ്ടി കാട്ടി ഒന്ന് പൊട്ടി ചിരിച്ചു, നനുത്ത മഞ്ഞു തുള്ളികൾ കണ്‍പീലികളിൽ  സ്പർശിക്കും പോലെ.
ഞങ്ങൾ തമ്മിലുള്ള സംഭാഷണം നീണ്ടു, ഈ കാട്ടിൽ ഒരാള് പോലും കൂടെയില്ലാതെ  അപരിചിതനായ ഒരാളുമായി സംസാരിക്കാനും ചോദ്യം ചെയ്യാനുമുള്ള ആ ധൈര്യവും നിഷ്കളങ്ങതയും എന്നെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആ പശുക്കുട്ടി ഞങ്ങള്ക്കിടയിലൂടെ മുകളിലേക്ക് ഓടി.. ഒരു വടിയും എടുത്ത് അവളും അതിനു പുറകെ.

കോട നീങ്ങി ചെറുതായ് മഞ്ഞു കട്ടകൾ വീഴാൻ തുടങ്ങി, ചാറ്റൽ മഴ പോലെ.
മുകളിലുണ്ടായിരുന്ന കുറേ വണ്ടികളെയും ആൾക്കാരെയും കണ്ടത് കൊണ്ട് അവൾക്ക് മുകളിലേക്ക് പോവാനുള്ള ധൈര്യം വന്നില്ല,
തിരിച്ചു വരുന്ന വഴി ഞാൻ അവളെ വാക്കുകൾ കൊണ്ട്  ഭയപ്പെടുത്തി, ചിരിച്ചു നിൽക്കുന്ന മുഖം ഭയത്തിലേക്ക് മാറാൻ അത്ര നേരം വേണ്ടി വന്നില്ല, ഒടുക്കം അവൾ കരഞ്ഞു, എന്നെ തള്ളി മാറ്റി ആ അപ്പിൾ മരങ്ങൾക്കിടയിലേക്ക് ഓടി.

ഞാൻ ഉറക്കെ ചിരിച്ചു, കോട പൂർണമായും മാറി കഴിഞ്ഞു, ഇരുട്ടുന്നതിനു മുന്നേ നാർഗണ്ട യിലേക്ക് എത്തുന്നതിനായ് ഞങ്ങൾ അവിടുന്ന് പെട്ടന്ന് തന്നെ പുറപ്പെട്ടു, രാത്രി ആകുമ്പോഴേക്കും നാർഗണ്ടയിൽ എത്തിച്ചേർന്നു.
നാർഗണ്ടയിലെ മൂടൽ മഞ്ഞും, അവളുടെ ഭയം നിറഞ്ഞ മുഖവും എന്നെ ഒരു പോലെ ഉറക്കം കെടുത്തി. പക്ഷെ രാവിലെയുള്ള യാത്രകളിൽ എവിടെയോ അവൾ മാഞ്ഞു പോയ്‌.

രണ്ടു ദിവസങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ്, എല്ലാവരെയും പോലെ കോട മൂടി വഴിയിൽ അകപെട്ടു പോകാതിരിക്കാൻ അമിത വേഗത്തിലായിരുന്നു., ഇടതു വശത്തെ കൊക്കയോട് ചേർന്ന്, ഒരു ചെറിയൊരു അശ്രദ്ധ മാത്രം മതി ജീവിതം എന്നന്നേക്കുമായി ഇല്ലാതാവാൻ.

ആ വെപ്രാളയോട്ടത്തിൽ  ഇന്നലെ മുതൽ മനസ്സിൽ കയറികൂടിയ ആ മുഖം ഞാൻ കണ്ടു. അതേ മുഷിഞ്ഞ വസ്ത്രങ്ങൾ,
ആദ്യം കണ്ട സന്തോഷം കൊണ്ട് പ്രസന്നമായ മുഖമായിരുന്നില്ല അവൾക്ക് അപ്പോൾ, ഭയന്ന് വിറച്ച പേടമാനിനെ പോലെയുമല്ല.
ചിതറി കിടയ്ക്കുന്ന ചോര പുരണ്ട വിറകിനരികെ  വിറകു കൂട പുറകിൽ കെട്ടി വെച്ച ഒരു സ്ത്രീ ശരീരം, ചുറ്റും രക്തത്തിന്റെ മണം ആസ്വദിച്ചു നിൽക്കുന്ന ഒരു വലിയ ആള്ക്കൂട്ടത്തിന് നടുവിൽ പകച്ചു നിൽക്കുകയായിരുന്നു അവൾ.

ഒരു പാട് ചോദ്യങ്ങൾ ഉണ്ടെങ്കിലും, ഒന്നും ചോദിക്കാനുള്ള ധൈര്യം ഞങ്ങൾക്കില്ലായിരുന്നു, ആ സ്ത്രീ അവളുടെ ആര്? ഇ രക്ത കറകൾ?..
ഒരു കാര്യം ഉറപ്പാണ്, ആ പകച്ചു നിൽക്കുന്ന കണ്ണുകൾ ഏതോ ഒരു നഷ്ട വേദനയെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നുണ്ട്.

ആ അപ്പിൾ മരങ്ങളുടെ ഇടയിലെ ചിരിക്കുന്ന മുഖമായ്‌ ആപ്പിളു പോലൊരു പെണ്‍കുട്ടിയായ്  ഓർമിക്കാനാണ് എനിക്കിഷ്ടം. ആൾക്കൂട്ടങ്ങൾക്കിടയിൽ ആരുടെയോ കൂടെ അവളും ഞങ്ങളുടെ കണ്‍വെട്ടത്  നിന്ന് മാറിയതിനു ശേഷം ഞങ്ങളും മൂടൽമഞ്ഞുകൽക്കിടയിലൂടെ, തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി