സ്നാനം

അജ്മീറും പുഷ്കറും പിങ്ക് സിറ്റിയുമൊക്കെ വല്ലാത്തൊരു അടുപ്പത്തിലാണ്.
നാലുകണ്ണുകൾ ഒരുമിച്ചു കണ്ടത് കാതുകളിൽ അങ്ങനെതന്നെ കിടക്കുന്നതുകൊണ്ടാവണം.
പോവുന്നിടത്തൊക്കെ നമ്മൾ നമ്മളുപോലുമറിയാതെ ചിലതു വിട്ടിട്ടു വരാറുണ്ടല്ലോ, അടുത്തയാത്രയിൽ കണ്ടേക്കാവുന്നവ.

അറിയാതെ തേടിയെത്തിയ എന്തൊക്കെയോ നീറ്റലുകൾ ഉള്ളതുകൊണ്ടാവണം.
അജ്മീറിൽ ദർഗയിൽ കയറാതെ മാർക്കെറ്റിലൂടെ നടന്നു തീർത്തത്,
പുഷ്കറിൽ മരുഭൂമി തേടിയലഞ്ഞതും, ബ്രഹ്മ മന്ദിറിൽ കയറാതെ പുഷ്കർ മാർക്കെറ്റിൽ നടന്നു തീർത്തതും. ഇസ്രായേൽ ഫോക് ആർട്ടിസ്റ്റുകളുടെ സംഗീതത്തിൽ കാതോർത്തു സരോവരത്തിൽ കാൽ നീട്ടി മെഡിറ്റേഷനിൽ ഇരിക്കാൻ ശ്രമിച്ചതും.
ചിലപ്പോൾ കഴിഞ്ഞതവണ കണ്ണുടക്കിയവ കൈവശമാക്കൻ ശ്രമിച്ചതായിരിക്കാം.

പകുതിക്ക് സഹിക്കാൻ പറ്റാത്ത തണുപ്പിൽ പോലും ബാന്ദ്ര സിന്ധറി ഇറങ്ങിയതും,
ട്രക്കിനു കൈ നീട്ടി ജൈപൂർക്ക് വന്നതും റയിൽവേ സ്റ്റേഷനിൽ ഉറങ്ങാതെ ഇറങ്ങിയതും. കാണുന്നതല്ല കണ്ണുകൾ പറയുന്നത് എന്നുള്ള ബോധമില്ലായ്മയുടെ ബോധത്തിലായിരുന്നു.

ഔസേപ്പച്ചന്റെ ചില സംഗീതമുണ്ട്, ഒരു പിടിയും തരാതെ അവസാനിക്കാതെ നമ്മുടെ യാത്രകളിൽ കൂടെ വന്നുപോകുന്നവ. അവിഗാ നഗർ ബാക്കിവച്ച വിങ്ങലുകൾ പോലെ. ആവശ്യമുള്ളവ.

അകാന്തം നിതാന്തം.

തന്നെത്തന്നെ കണ്ടുപിടിക്കട്ടെ,
തനിക്കെന്താണ് വേണ്ടാത്തതെന്നും വേണ്ടതെന്നും തിരിച്ചറിയട്ടെ.
ഒരു കടലായിത്തന്നെ നിറയട്ടെ, തിര നിരയായി ചിതറട്ടെ. ശുഭരാഗം കണ്ടെത്തട്ടെ.
അപ്പോൾ മാത്രമാണല്ലോ സന്തോഷങ്ങളിൽ മതിമറക്കാനാവുക.
അപ്പോഴും കാതമകലെനിന്നുമുള്ള ശബ്ദം എനിക്ക് കേൾക്കാം. അല്ലെങ്കിലും, കാത്തിരിപ്പിനും പ്രതീക്ഷകൾക്കും അൽപ്പം ബംഗിയതികമാണ്.
പൊഖാറയിലേക്കുള്ള യാത്രപോലെ, വാരാണസിയിലേക്കുള്ള യാത്രപോലെ. ഗംഗയിലെ നഗ്നമായ സ്നാനം പോലെ.

രാത്രയിൽ അതൊക്കെ മുട്ടുന്നത് കേൾക്കാം.
ബാഗ് പാക്ക് ചെയാം. പിന്നെയും കാത്തിരിക്കാം. സുരക്ഷയുടെ കൈകളും, ഉണക്കമുന്തിരി മണമുള്ള മുടിയിഴകളും, വാച്ചു പെട്ടിയിലെ രുദ്രാക്ഷവും പ്ലാസോയും മാത്രം കൂടെയുണ്ടായാൽ മതി.

അമ്മയ്ക്ക്

16 വൃശ്ചികം1193

ദില്ലി


പ്രിയപ്പെട്ട അമ്മയ്ക്ക്.

വാട്ടം തട്ടാത്ത യുവത്വമായി നെല്ലിന്റെയും അടുപ്പുകല്ലിന്റെയും മണത്തോടുകൂടിത്തന്നെ ഇരുപത്തേഴാമത്തെ വയസ്സ് തുടങ്ങുമ്പോൾ, അമ്മയ്‌ക്കെഴുതുന്ന ഇടവേളകളിലുള്ള കത്തിൽ ഇനി എന്താണ് എഴുതേണ്ടത് എന്നറിയില്ല.

എഴുത്തൊന്നും അമ്മയോളം അത്രയില്ല എന്നതും, മുറികൾക്ക് പുറത്തേക്ക് തെറിക്കുന്ന പുതിയ അല്ലെങ്കിൽ ഒളിപ്പിച്ചുവച്ച വിവരങ്ങൾ ഒന്നും തന്നെയില്ല എന്നതും തന്നെ കാരണം.

മറ്റൊന്നും തന്നെയില്ലെങ്കിലും പുകഞ്ഞു തീർന്നു എന്ന് പറയണം എന്നെനിക്കുണ്ട്. പക്ഷെ തീരില്ല. തിരുത്താൻ അമ്മയ്ക്ക് നിർബന്ധിക്കണം എന്നുണ്ടെങ്കിലും കടന്നു കയറാത്ത വാക്കുകളിൽ 'അമ്മ ഒളിപ്പിച്ചു വയ്ക്കുന്ന സങ്കടങ്ങൾ പോലെ. സുരക്ഷിതത്വത്തിന്റെ അലസമായ എന്തൊക്കെയോ.

പാതിരാ പൂമണങ്ങളും, പലരും കാണാത്ത തലമുറകളും കണ്ടുകൊണ്ട് കെട്ടിറങ്ങിയ ലഹരികളിൽ തന്നെയാണ് ഇത് കത്തെന്നപോലെ കടലാസിൽ പതിയുന്നത്. ചിട്ടപ്പെടുത്തലുകളില്ലാതെ.

മുകളിലെ രണ്ടുകാര്യങ്ങളും അമ്മയോട് പണ്ടത്തെപോലെയല്ലാതെ പറയാൻ കഴിയുന്നത് യുക്തിയിൽ അലസതയില്ലാതെ കാര്യങ്ങൾ കാണാറുണ്ടെന്ന് മക്കളെ ബോധ്യപ്പെടുത്തി എന്നുള്ളതുകൊണ്ടാണ്.
മനുഷ്യ ബുദ്ധിയുടെയും ലഹരികളുടെയും ഇടയിൽ ശ്വാസം മുട്ടുന്ന ഈ നഗരത്തിലെ നടുക്കളത്തിൽ നിന്ന് ഇതെഴുതുമ്പോൾ ഓരോ വൈഷമ്യവും സ്വപ്നങ്ങളായി പറക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആവേശം കൊള്ളുന്നതൊന്നും നമ്മളറിയില്ലല്ലോ. തലയിലെ നെല്ല് ചാക്കുപോലെ.

ഇടയ്ക്കിടെ ദൂരെ കണ്ണും നട്ടിരിക്കാൻ മഴവറ്റിയ വയലുകൾ പോലെ ഹിമാലയത്തിന്റെ ഓരോ വശവും കാണാനുള്ള ആഹൂതിമാത്രമാണ് മർത്യഹങ്കാരത്തെ നാനാവിധമാക്കിയ ലഹരിയുടെ താന്തോന്നിത്തമായി മാറുന്നത്.
അപ്പോഴും, ഫോൺ വിളികളിലെ പല വാക്കുകളും നിശബ്ദമാവുമ്പോൾ ഒരു കൽപ്പകാലമത്രയും നിശബ്ദമാവുകയാണ് എന്ന് തോന്നിയിട്ടുണ്ട്.

ഒളിച്ചുവച്ച പലതും കണ്ടിട്ടുണ്ടല്ലോ, പത്താം ക്‌ളാസിലെ പ്രണയം തൊട്ട് - ഒളിപ്പിച്ചുവച്ച ഡയറികളും സിഗരറ്റും വരെ. അതുപോലെ ഒളിപ്പിച്ചുവയ്ക്കുന്ന വാക്കുകൾ എങ്ങും തൊടാതെ കണ്ടെന്നുവരാം, നമുക്ക് പ്രിയപ്പെട്ടവർക്ക് മാത്രം മനസ്സിലാവുന്ന വാക്കുകൾ.

ഈ നൂറ്റാണ്ടിലും ആവർത്തിക്കുന്ന കത്തുകൾ!
ഭ്രാന്തമല്ലേ എന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടോ? തോന്നരുത്, കാരണം നമ്മളൊക്കെ മനുഷ്യന്റെ അകത്തുനിന്നുകൊണ്ട് സന്യസിക്കുന്നവരാണ്. സന്തോഷിക്കാനും സങ്കടങ്ങൾകൊണ്ട് സന്തോഷം അന്വേഷിക്കാനും ജനിച്ചവർ.

സൂര്യൻ മുകളിൽ വന്നു നിൽക്കുന്നു,
അച്ഛൻ അമ്മയ്ക്ക് പ്രണയഗീതങ്ങൾ പാടിത്തരട്ടെ. ഞാൻ എനിക്കുമൊരു പ്രണയഗീതം പാടട്ടെ. കാക്കകൾ വിരുന്നു വിളിക്കട്ടെ. വീട്ടിൽ ഒച്ചപ്പാടുകൾ മുറകട്ടെ.

എന്ന്,
മകൻ.

പൊസ്സസ്സീവ്നെസ്സ്

നിദ്രയുടെ നിയന്ത്രിച്ചുവച്ച വശ്യതയിൽ ഞാനവളുടെ വിയർപ്പിൻറെ ഗന്ധമറിയുന്നു. അടുപ്പുകല്ലിൻറെ ഗന്ധം. മുലകൾക്കിടയിലൂടെ ഒലിച്ചിറങ്ങി വറ്റിയ വിയർപ്പിൻറെ ഗന്ധം.

അവളുടെ ഉണക്കമുന്തിരി ഗന്ധമുള്ള മുടികൾ. ഇരുട്ടിൻറെ മറയുള്ള നിലാവിലെ പിടുത്തം തരാത്ത ചിന്തകൾ.
കാലിൽ കട്ടപിടിച്ച ചളികൾ, തലയിലെ പെരുക്കുന്ന കണക്കുകൾ.
ഹൃദയത്തിൽ കാടുപിടിച്ച പ്രണയം.

നീല പുതപ്പിനുള്ളിൽ ഒരു ദിവസത്തേക്കെങ്കിലും മനുഷ്യൻറെ ഗന്ധം പൂത്തു പെരുകട്ടെ. വിയർപ്പുകൾ നിശ്വാസത്തിൽ വറ്റി തീരട്ടെ.

ഒരേ സമയം ഞാൻ പുരുഷനും സ്ത്രീയുമാവുകയാണ്.
ഇരുട്ടിൽ ഞാനെന്ന പുരുഷന്റെ സുരത വാക്യങ്ങളിൽ ഞാനെന്ന സ്ത്രീ രതിമൂർച്ചകളിലെ നക്ഷത്രങ്ങളിൽ നഗ്ന നൃത്തമാടുന്നു.

അപ്പോൾ പുരുഷൻ?

തൻ്റെ സ്വന്തമാണെന്ന അഹങ്കാരത്തിൽ അയാൾ ആധിപത്യം ഉറപ്പിക്കുന്നു.
ആരോട്? തന്നോട് തന്നെ.

അയാളൊരു ഏകാധിപതിയാണ്. അധീനതയിൽ വിട്ടു വീഴ്ച ചെയ്യാതെ നീല പുതപ്പിനുള്ളിൽ അയാൾ വിയർത്തിരിക്കുന്നു. മുഖം മറച്ചിരിക്കുന്നു. അപ്പോഴും അയാൾ സ്വപ്നങ്ങളെ തൻ്റെ പരിധികൾക്കുള്ളിലേക്ക് ആർജ്ജിക്കാനുള്ള കരുത് നേടുകയാണ്.

ദി പൊസ്സസ്സീവ്നെസ്സ്. എന്തിനോട്?
തൻ്റെ സ്വപ്നങ്ങളോട് തന്നെ. സ്വപ്നങ്ങളോടല്ലാതെ എന്തിനോടാണ് പുരുഷൻ പൊസ്സസ്സീവ്നെസ്സ് കാണിക്കേണ്ടത്.

ഞാനെന്നെ പ്രണയിക്കുന്ന ഇരുട്ട്.
സൈന്ധാധിക സ്വയം ഭോഗത്തിൻ്റെ മഴവില്ല് തെളിയുന്ന ഇരുട്ട്.

ഓരോ മനസ്സും നഗ്നമാവുന്നത് വൃത്തികെട്ട തൻ്റെ മുഖം കാണാതെ, ഇരുട്ടിൽ തൻ്റെ തന്നെ മൂർഛിക്കുന്ന ശബ്ദം ശ്രവിക്കുമ്പോഴാണ്.

ചിതലുപിടിച്ച ചിന്തകളെ, എനിക്ക് നാണമാവുന്നു.


രാഗിണി

ആത്മാക്കളുടെ ചിരിയിൽ നിലാവ് വീഴുന്ന പുളിമരം കാട്ടിനിടയിലെ കൂരയിൽ ഇരുട്ട് പരന്നു.
ഒച്ചപ്പാടുകളോടെ കതകുകൾ കൊട്ടിയടഞ്ഞു. കർക്കിടത്തിലെ ചിത്തിര സൂര്യനെക്കാളും മുന്നേ നാളെയുയർന്നുവരും.

മുപ്പത്തിയെട്ടു വയസ്സ്.
കാലവും നാളുമറിയാത്ത ഭൂതകാല യാത്രകൾ. അല്ലെങ്കിലും അറിഞ്ഞിട്ടെന്തിനാണ്, നരകളുടെ എണ്ണം കണക്കുകൂട്ടാം എന്നല്ലാതെ. എന്നിട്ടും ഈ ദിവസം ഓർമിക്കപ്പെട്ടത്‌ എന്തിനായിരുന്നു.

മഴപെയ്തുണങ്ങിയ ആകാശത്തിൽ ആത്മാക്കളുടെ ചിരി പടർന്നു പൂത്തു. പൊട്ടിയ ഓടുകൾക്കിടയിലൂടെ മിന്നലുകളെ പോലെ ചിരികൾ താഴെവീണു. ഇരുട്ടിലും കൂട്ടായി ആത്മാക്കളുടെ സ്മരണ.
പുളിമരത്തിലേക്കുള്ള സ്‌കൂൾ കുട്ടികളുടെ കല്ലേറിൽ പൊടിമണലുകൾ ഊഴ്ന്നിറങ്ങി.
മണൽതരികൾ രാഗിണി ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി.
അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി കുട്ടികളെ ആട്ടിയോടിച്ചു.

തയ്യൽക്കടയിലേക്കെന്നോളം കുളിച്ചൊരുങ്ങി ഉമ്മറത്തേക്കു വന്നു.
വെയിലിനു ഉഷസന്ധ്യയുടെ ചുവപ്പ്.
പുളിച്ചപ്പുകൾ ചവറുകളായി. ആത്മാക്കൾ കാവൽ കിടന്നതായിരിക്കും.
ആത്മാക്കൾക്കു പുളിയുടെ മണമാണ്.
രാഗിണി തന്റെ കൈ മണത്തു; തനിക്കും പുളിയുടെ മണമാണ്. ചുണ്ടുകളിലെ ചിരി കണ്ണാടയിൽ തട്ടി പരിലസിച്ചു.
പുറത്തേക്കിറങ്ങിയ പല്ലുകൾ മോണകളിൽ ഒതുക്കുവാൻ ശ്രമിച്ചു, മുഖത്തെ വെള്ളപ്പാണ്ടുകളിൽ കണ്ണാടിയിൽ തിളങ്ങിയ ചിരി പ്രതിഫലിച്ചു. വെള്ളപ്പാണ്ടുകൾക്കു ചുറ്റും ഇരുട്ട് പരന്നു, ചിമ്മിണി വിളക്കിലെ കരി.

താനുമൊരു പ്രേതം തന്നെയാണ്.
രാഗിണി ചിരിച്ചു.

അകത്തുകയറി ഷെൽഫ് തുറന്നു,
മുന്നേ വാങ്ങിവെച്ച നീളമുള്ള സ്വർണ തൂക്കു കാതിൽ ചെവിയിൽ തൂക്കിയിട്ടു.
കണ്ണാടികൾ നോക്കി കാതിലുകൾ കിലുക്കി. ആലിലകളുടെ അനക്കമാണ്.
വെള്ള പാണ്ടുകൾ ഇഴഞ്ഞു കയറിയ കണ്ണുകൾക്ക് മുകളിലായി ഐ ലൈനർ കൊണ്ട് കറുപ്പിച്ചു.
പാണ്ടിലെ കറുത്ത വരകൾ ചിരട്ടകൾ പോലിഴഞ്ഞു.
സാരി അഴിച്ചുവച്ചു. പകരം ധൈര്യമില്ലാത്തതുകൊണ്ട് ഉടുക്കാതെ മാറ്റിവച്ച ടോപ്പും ജീൻസും ധരിച്ചു.
മൂന്നരയടി ശരീരത്തിൽ ആലിലകൾ ഇളകിമറിഞ്ഞു. ചിരട്ടകൾ കുതറിയോടി. പുറത്തേക്ക് തെറിച്ച വെള്ളപ്പല്ലുകൾ കാട്ടി രാഗിണി ഉറക്കെ ചിരിച്ചു.

കതകുകൾ കൊട്ടിയടച്ചുകൊണ്ട് പുറത്തേക്ക് തള്ളിയ പല്ലുകളിൽ ചിരിവിടർത്തി മുറ്റത്തേക്കിറങ്ങി, തയ്യൽക്കടയിലേക്കുള്ള നിത്യവഴിയിൽ പുളിയിലകളുടെ കൂടെ രാഗിണിയുടെ ശരീരത്തിൽ പൂശിയ മുല്ലപ്പൂ മണം ഇറങ്ങിച്ചെന്നു.

സ്‌കൂൾ ജനാലകളിൽ കുട്ടികൾ കൂട്ടം കൂടി.
എന്നും ഭയംകൊണ്ട് ഓടിയൊളിക്കാറുള്ള കുട്ടികളുടെ കണ്ണുകൾക്ക് ഇന്നൊരു കാഴ്ചവസ്തുവായി.
പൊട്ടിച്ചിരിയുടെ ഒച്ചപ്പാടുകൾ ജനാലകൾ താണ്ടി പുറത്തേക്കിറങ്ങിവന്നപ്പോൾ കാതുകളിൽ ആലിലകളുടെ അനക്കം കേട്ടു. സ്‌കൂൾ പറമ്പിലൂടെ നടക്കുമ്പോൾ കർക്കിട വെയിൽ മേനിയിൽ തറച്ചുകയറി. സ്റ്റാഫ് റൂമിൽ നിന്നും ക്‌ളാസുകളിൽ നിന്നും ടീച്ചർമാർ പുറത്തേക്കിറങ്ങി, പരസ്പരം മുഖം നോക്കി ചിരിച്ചു. ആശ്ചര്യവും പരിഹാസവും മൈതാനത്തേക്ക് പറന്നു. അകാല വാർദ്ധക്യത്തിലും ഒരോരോ കോപ്രായങ്ങളെന്ന് നളിനി ടീച്ചർ പറഞ്ഞത് കാതിലുകളെയനക്കി. കൗമാരവും യൗവനവും പരിഹാസ ചൂടിൽ മുറിക്കുള്ളിൽ പനിപിടിച്ചു കിടക്കുകയായിരുന്നെന്നു ടീച്ചർക്കറിയില്ലല്ലോ.
രാഗിണി മനസ്സിൽ പറഞ്ഞു.

തുണി സഞ്ചിയിൽ നിന്നും താക്കോൽ പുറത്തേക്കെടുത്തു ഷട്ടറിലേക്ക് നോക്കി, ഭൂതകാലത്തിലെ പനിപിടിച്ച ചിത്രങ്ങളാലോചിച്ചു നിശബ്ദമായി നിന്നു. കവലയിലെ ബസ്റ്റോപ്പിൽ ഹോണടിച്ചുവന്ന ബസ്സിന്റെ ചക്രങ്ങൾ ഉറച്ചു നിന്നു.
ബസ്സിൽ നിന്നും തലകൾ പുറത്തേക്കിറങ്ങി, കണ്ണുകൾ രാഗിണിക്ക് ചുറ്റും വട്ടമിട്ടു.

പാണ്ടത്തിക്ക് ഭ്രാന്തായെന്ന് ആരോ വിളിച്ചുപറഞ്ഞു. കാതുകളും ഷട്ടറിട്ടു.
മുപ്പത്തിയെട്ടാം പിറന്നാൾ. മുത്തപ്പന്റെ നടയിൽ ചെന്നാൽ തിരുവപ്പനയും വെള്ളാട്ടവും കാണാമെന്നു തീരുമാനിച്ചുകൊണ്ട് പറശ്ശിനിക്കടവിലേക്ക് നടന്നു.
വയലുകൾക്കിടയിലെ ഊടുവഴിയിലൂടെ കയറിയിറങ്ങി.
കുത്തിയൊഴുകുന്ന പുഴക്കരയിൽ മുല്ലപ്പൂവിന്റെ പണം പറന്നു.
ആഴിയിൽ നിന്നും തിരകൾ ഉയിർത്തെഴുന്നേറ്റു. പീച്ചാളികൾക്കു പോലും മനുഷ്യ ശരീരത്തെ കൊത്തിവലിക്കാൻ ഫലം നൽകുന്ന പുഴയാണ്. അമ്മയെ തിന്ന പുഴ.

അമ്മയെ പുഴതിന്നുന്നതു കണ്ടിട്ടുണ്ട്.
കരച്ചിൽ നിർത്താതെ പുഴയുടെ ഓരത്തിൽ നിന്നും മാടിലേക്ക് ഓടിവന്ന് നിസ്സഹായയായി അവൾ കരയുകയായിരുന്നു.
ഒന്നരവർഷം കഴിഞ്ഞു; മുത്തശ്ശി മരിക്കുംവരെ ചുവരുകൾക്കപ്പുറം കണ്ടിരുന്നില്ല. ഭീതിയുടെ ശബ്ദ കോലാഹളം.
വിശയ്ക്കുന്ന വയറാണ് ചുവരുകൾക്കപ്പുറത്തേക്ക് കൈപിടിച്ചിറക്കിയത്.
രാഗിണിക്ക് ഭ്രാന്താണെന്ന് പറയാത്ത നാവുകൾ ചുരുക്കം.
പരിഹാസവും ഒറ്റപ്പെടലും ശീലമായാൽപ്പിന്നെ എല്ലാത്തിനെയും ധൈര്യംകൊണ്ടു പക വീട്ടാൻ തോന്നും.

രാഗിണിക്ക് പക നാവുകളോടാണ്.
അമ്മയെ തിന്ന പുഴയോടാണ്.
വെളിച്ചമിറങ്ങിവരുന്ന പകലിനോടാണ്.
കണ്ടിട്ടില്ലാത്ത ആത്മാക്കളെ മാത്രം സ്നേഹിച്ചു. പ്രേതങ്ങളുടെ വഴിനടപ്പുകാണാൻ ജനാലകളുടെ മറകൾ അഴിച്ചുവച്ചു. നിലാവുകളിൽ കണ്ണുകൾ തുറന്നുറങ്ങി.

പുഴയിലേക്ക് കാലുകളിറക്കി വെയിൽ മറയ്ക്കുന്ന തെങ്ങിൻ ചുവട്ടിലിരുന്നു.
പുഴയിലേക്ക് കണ്ണുകൾ തട്ടുംപോഴൊക്കെ കൈകളുയർത്തി മുങ്ങിത്താവുന്ന അമ്മയുടെ മുഖമാണ്. ഒഴുകുന്ന പുഴയുടെ നിശബ്ദതയിൽ ഓളങ്ങൾ വട്ടമിട്ടു. നിഴൽപാടുകൾ വലയം തീർക്കുന്നു.
ഉച്ചയേറ്റിനായി ചെത്തുകാർ ഓലചാപ്പകൾ തുറക്കുവാൻ പുഴക്കരയിലേക്കിറങ്ങിക്കൊണ്ടിരിക്കുന്നു.
കാലുകൾ കരയിലേക്കുയർത്തി. ചെണ്ടമേളം മടപ്പുരയിലേക്ക് ക്ഷണിക്കുന്നു.
മടപ്പുരയും മുത്തപ്പനും ഓർമകളിൽ എവിടെയുമില്ല. കൂരയിലെ സന്യാസവും ചുവരുകൾ ഭേദിച്ചുകടന്നുവന്ന പരിഹാസങ്ങളുമല്ലാതെ.

വിശപ്പ് കരഞ്ഞു.
മുത്തപ്പനെ കാണുന്നതിനുമുന്നേ ഊട്ടുപുരയിൽ പലകയിലേക്കുള്ള വരിയ്ക്കു പുറകിലായി മുന്നിലും പിന്നിലും നിന്ന  സ്ത്രീകളുടെ അടച്ചചിരി വീർപ്പുമുട്ടി. പാണ്ടിനെയോ പുറത്തിറങ്ങിയ പല്ലുകളെയോ ഭയന്നിട്ടാവണം.

സമയം കീറി മുറിച്ചു.
മുഖം തിരിക്കാതെയുള്ള കണ്ണുകളുടെ ഒളിഞ്ഞുനോട്ടം. ഊണിനായി പലകയിൽ ഇരിക്കുമ്പോൾ ആരോ പതിയെ പറഞ്ഞു
"ഓൾക്ക് പ്രാന്താണ്, ബേണേൽ അങ്ങോട്ട് മാറിയിരുന്നോ"
ഊണ് വിളമ്പുന്നതിനു മുന്നേ മുന്നിൽ വിരിഞ്ഞു കിടക്കുന്ന ഇല മടങ്ങി. എഴുനേറ്റ് ഊട്ടുപ്പുരയ്ക്ക് പുറത്തേക്ക് കടന്നു.
യുക്തിയില്ലാത്ത പരിഹാസത്തിൽ വിരിയുന്ന ഭ്രാന്ത്. അതേ ഭ്രാന്തിൽ തന്നെയാണ് ഇത്രനാളും പിടിച്ചു നിന്നിട്ടുള്ളതും.
ചുറ്റുമുള്ളവരുടെ കണ്ണുകളിലേക്ക് നോക്കാതെ, ജീവനിൽ നോക്കാതെ മൗനത്തിൽ പരിഹാസം. യാഥാർഥ്യം, തല കുനിക്കേണ്ടയാവശ്യമില്ല. മനുഷ്യരിലേക്ക് നോക്കാതെ കണ്ണുകൾ പ്രകൃതിയിലേക്കിറങ്ങിയാൽ ലോകം സുന്ദരമാണ്.
രാത്രിയിൽ പ്രേതങ്ങൾ വഴി നടക്കുന്ന നിലാവുപോൽ മിഥ്യ! മിഥ്യയാണ് യാഥാർഥ്യം.

മേളങ്ങൾക്കിടയിൽ നിന്നുകൊണ്ട് മുത്തപ്പൻ കൈകൾ ചേർത്തുപിടിച്ചു ചോദിച്ചു.
"സന്യാസം സുന്ദരമാണ്, പക്ഷെ സന്തോഷമുണ്ടോ?"
ഓർമകളിലെവിടെയും ആരും തന്നെ ചേർത്തുപിടിച്ചിട്ടില്ല, ആദ്യമായി തന്റെ ബലിഷ്ഠമായ കൈകൾ മറ്റൊരു കൈക്കുള്ളിലേക്ക്. ദൈവത്തിന്റെ കൈകൾ. പൂതൽപിടിച്ച മരത്തിന്റെ കൈകളിൽ പച്ചിലകൾ.

മുടിയിൽ നിന്നും പറിച്ചെടുത്ത തുളസി കൈകളിലേക്ക് വച്ചുകൊണ്ടു മുത്തപ്പൻ ചോദ്യം ആവർത്തിച്ചു.
"മുത്തപ്പനുണ്ടായിരുന്നില്ലേ കൂടെ, വിളിക്കായിരുന്നില്ലേ.
വിളിക്കാത്ത ദൈവങ്ങൾ ആരുമുണ്ടായിരുന്നില്ല, മുത്തശ്ശി പറഞ്ഞുകേട്ട പേരുകളൊക്കെ വിളിച്ചിരുന്നു. ആരും പുളിമരങ്ങൾക്കിടയിലേക്ക് വന്നില്ല.
'എല്ലാം ഭേദമാകും കേട്ടോ.' അവസാനമായി വാക്കുകൾ ഉരുവിട്ടുകൊണ്ട് മുത്തപ്പൻ രാഗിണിയുടെ കൈകളെടുത്തുമാറ്റി.
അമ്പും വില്ലും കൈയിലേന്തിക്കൊണ്ട് ജനങ്ങൾക്കിടയിലേക്ക് ദൈവം നടന്നടുത്തു. സമാധാനത്തിനായി ഉറക്കെ കരഞ്ഞു.

രാഗിണിയുടെ കാലുകൾ പിന്നിലേക്ക് നീങ്ങി.
പുഴയിലേക്കിറങ്ങുന്ന പടികളിൽ കാലുകൾ പതിഞ്ഞു.
കൈപിടിച്ചിറങ്ങിപോയ അമ്മയുടെ മുഖമായിരുന്നു, ചുവരുകൾ തല്ലി അലറികരയുമ്പോൾ ചേർത്തുപിടിച്ച മുത്തശ്ശിയുടെ ഇടറാത്ത ശബ്ദമായിരുന്നു ദൈവത്തിന്.
കാലുകൾ പുഴയിലേക്കിറങ്ങി. തണുപ്പിൽ തലമുടിയോളം ഊളിയിട്ടു.
കാലുകളെ അകത്തേക്ക് വലിച്ചു. ഓളങ്ങളിൽ കാലുകൾ വളയംചെയ്യപ്പെട്ടു.
അമ്മയുടെയും മുത്തശ്ശിയുടെയും മുഖങ്ങൾ. കാലങ്ങളിൽ ഇരുട്ടുകയറി, പിന്നിലേക്ക് നടന്നു.
കർക്കിടകത്തിലെ ചിത്തിര മുപ്പതു തവണയും അത്യുച്ചത്തിൽ ആരവം മുളക്കി. പരമമായ ആനന്ദത്തിലേക്ക് കണ്ണുകളടച്ചു.
അടച്ച കണ്ണുകളിലും വളയം വയ്ക്കുന്ന ഓളങ്ങളിലേക്ക് തുളച്ചുകയറുന്ന വെയിൽതട്ടി.
കൊത്തിവലിക്കാൻ വന്ന പീച്ചാളികൾ പല്ലുകളിൽ അറ്റുവീണു. പെയ്തിറങ്ങുന്ന നിലാവിൽ പ്രേതങ്ങൾ വഴിനടക്കുന്നത് ആദ്യമായി രാഗിണി കണ്ടു.

ചിലപ്പോൾ മനസ്സും ഇതുപോലെ ചുഴിയിൽപെടാറുണ്ട്. പിന്നെ തലചുറ്റലുമായി എഴുനേൽക്കുന്നതുവരെ ഉറക്കമാണ്.
ഇതാണത്രേ ഭ്രാന്ത്. അമ്മയും മുത്തശ്ശിയും പറഞ്ഞു.
"ആനന്ദം ഞാനറിയുന്നു, സന്തോഷം ഞാനറിയുന്നു"
രാഗിണി ഉറക്കെ ചിരിച്ചു.


(25 July 2017)

ഇരുട്ടിലേക്ക്

മുറിക്കകത്തെ ഇരുട്ടിൽ ഒരു ഗ്ലാസ് വെള്ളത്തിനായി രാഘവൻ കട്ടിലിൽ നിന്നും വിളിച്ചു പറഞ്ഞു.
കൂരയ്ക്ക് താഴെ മനുഷ്യർ തിരക്കിട്ടോടിക്കൊണ്ടേയിരുന്നു.
കട്ടിലപ്പടികൾക്കിപ്പുറത്തേക്ക് തിരക്കിൻറെ കാലയടിയൊച്ചകൾ മാത്രം കടന്നുവന്നു.
കട്ടിലിൽ നിന്നും തല താഴേക്കുവീണു. അലറാൻ കഴിയാത്ത ശബ്ദം വീർപ്പുമുട്ടി.
കാലടിപ്പാടുകൾ മുറികൾക്കിപ്പുറത്തേക്ക് നിഴലുകളായി ഏന്തിനോക്കി.

അനിത ഭർത്താവിന്റെയും കുട്ടികളുടെയും തുണിയെടുത്ത് കുളക്കടവിലേക്ക് നടന്നു.
ഭർത്താവ് വരുമ്പോഴേക്കും പണികൾ തീർത്ത് പുറത്തേക്കുപോകാനുള്ള തിരക്കിൽ ശല്യങ്ങളായി ഉരളക്കല്ലുകൾ കാലിൽ തട്ടി.

രാഘവന്റെ അമ്മ പടിഞ്ഞിറ്റകത്തെ മുറിയിൽ വിളക്കുകൾ തുടച്ചു വയ്ക്കുന്നു.
കരിഞ്ഞ വെളിച്ചെണ്ണയുടെയും വിളക്കുതിരികളുടെയും മണം അയാളുടെ ശബ്ദത്തേക്കാൾ വേഗത്തിൽ സന്ധ്യയെ വിളിച്ചു.
അല്ലെങ്കിലും അയാളുടെ ശബ്ദം ആ വീട്ടിലെ ആരുടേയും ചെവികളിലേക്ക് എത്താറില്ല.
അലർച്ചയുടെ ആഘാതം കൂടുമ്പോൾ ചില നിഴലുകളുടെ തലകൾ വാതിലിനിപ്പുറത്തേക്ക് എത്തിനോക്കുന്നത് പോലെ.

കുന്നിനു കീഴിലേക്ക് മത്സരിച്ചോടികൊണ്ട് നിഷാദ് കുട്ടുവിനോപ്പം ഉമ്മറത്ത് വന്നിരുന്നു.

അലക്കി കഴിഞ്ഞ തുണികളുമായി  അനിത വരമ്പിലൂടെ നടന്നുവന്നു. തുണികൾ മുറ്റത്തെ അയലിലേക്ക് ഉങ്ങാനിട്ടുകൊണ്ട് പിറുപിറുത്തുകൊണ്ടിരുന്നു.
ബക്കറ്റു കമിഴ്ത്തിവച്ചുകൊണ്ട് കയറ്റികുത്തിയ മാക്സി വലിച്ചിട്ടു, അടുക്കളയിലേക്ക് കയറി.
പാത്രത്തിൽ കഴിക്കാനുള്ളതെടുത്ത് ഉമ്മറത്തേക്ക് വന്ന് കുട്ടുവിനു നേർക്ക് നീട്ടി.
കുപ്പിയിൽ നിന്നും കൈയിലേക്ക് വെളിച്ചെണ്ണയൊഴിച്ചു കുട്ടുവിന്റെ തലയിലും മുഖത്തും വാരിപിടിപ്പിച്ചുകൊണ്ട് പിറുപിറുത്തുകൊണ്ടേയിരുന്നു.

'എങ്ങോട്ടാ വല്യമ്മേ പോണേ?'
പടികളിൽ തന്നെയിരുന്നുകൊണ്ട് തലയുയർത്തി നിഷാദ് ചോദിച്ചു.
എഴുനേറ്റു കുറ്റൂട്ടിവിന്റെ കൈലുള്ള പാത്രത്തിലേക്ക് കൈകൾ നീട്ടി.

'എങ്ങോട്ടായാൽ ഇനക്കെന്താ, അന്വേഷിക്കാൻ വന്നേക്കണു.'
കൈകൾ തട്ടിമാറ്റി ദേഷ്യത്തോടെ മറുപടിപറഞ്ഞു.

നിരാനന്ദതയുടെ നനവുകൊണ്ട് കണ്ണുകൾ നനഞ്ഞു. കീറിയ ബാഗും കൈയിലെടുത്ത് തലകുനിച്ചുകൊണ്ട് അകത്തേക്ക് കയറിച്ചെന്നു. ഇരുട്ടിലേക്ക് ജനാലകൾ വഴി സന്ധ്യയെ വിളിച്ചുകയറ്റി.
സന്ധ്യയിലും തിരസ്കാരത്തിന്റെ വാക്കുകൾ തലയ്‌ക്കു മുകളിൽ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു.

കട്ടിലിൽ നിന്നും തെറ്റിക്കിടക്കുന്ന അച്ഛന്റെ ശരീരത്തെ അവൻ ചേർത്തുപിടിച്ചു.
ബലമില്ലാത്ത കൈകളിൽ താങ്ങി കട്ടിലിൽ കിടത്തി, തലയ്‌ക്കു താഴെ തലയണ ഉയർത്തി വച്ചു.
ചളിപുരണ്ട വലിപ്പം കുറഞ്ഞ നേർത്ത കൈകൾ തലോടലുകളായി രാഘവന്റെ നെറ്റിയിൽ പതിഞ്ഞു.

'വെള്ളം, വെള്ളം.'
പതിഞ്ഞ സ്വരത്തിൽ രാഘവൻ ആവർത്തിച്ചുകൊണ്ടേയിരുന്നു.
അടുക്കളയിൽ നിന്നും അച്ഛന്റെ വലിയ തൊണ്ടൻഗ്ലാസിൽ വെള്ളവുമായി വന്നു.
വായിൽ പതിയെ ഒഴിച്ചുകൊടുത്തു. ഇരുവശത്തുകൂടെയും കിടക്കയിലേക്ക് വെള്ളം വാർന്നൊലിച്ചു.
നൂലുകളുടെ വരയിളകിയ ചളിപുരണ്ട കുപ്പായത്തിൽ അവൻ തുടച്ചു.
നനഞ്ഞ തോർത്തിനാൽ അച്ഛന്റെ മുഖവും വായയും തുടച്ചു.
തുടയ്ക്കും തോറും കണ്ണുകൾ നനഞ്ഞു. അച്ഛന്റെ നെറ്റിയിൽ നെറ്റിയമർത്തി, നനഞ്ഞ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി. അമ്മയുടെ കൈകൾ തന്നെയും അച്ഛനെയും ചേർത്തുപിടിക്കാൻ വന്നിരുന്നെങ്കിലെന്നവൻ ആഗ്രഹിച്ചു.

സ്‌കൂളിലെ കഥകൾ അച്ഛനോടെന്നോളം ഉറക്കെ പറഞ്ഞു. ചുവന്ന മഷിപ്പാടുകളിൽ സ്വായത്തമാക്കിയ നേട്ടങ്ങൾ അച്ഛനുമുന്നിൽ തുറന്നുവച്ചു. നിശബ്ദതയുടെ കുപിതമായ ഗന്ധം അവന്റെ മുന്നിൽ മറഞ്ഞു.

'കുഞ്ഞേ' രാഘവൻ അടഞ്ഞസ്വരത്തിൽ വിളിച്ചു.
'എന്താ അച്ഛാ?'
'വഴിവെട്ടാൻ നീ പാകമായിട്ടില്ല, എങ്കിലും നിന്റെ വഴികൾ നീ തന്നെ വെട്ടിയെടുക്കണം. ഈ അച്ഛന് നോക്കി നിൽക്കാൻ മാത്രമേ കഴിയൂ.'

കണ്ണുകൾ ഉത്തരങ്ങളില്ലാതെ അച്ഛനിലേക്കിറങ്ങിച്ചെന്നു. സന്ധ്യയിൽ ചുവക്കുന്ന ആകാശം മുറിക്കകത്തേക്ക് കയറിവരുന്നത് നോക്കി അച്ഛന്റെ മുടികളിലും കൈകളിലും തടവി.
വിശന്ന വയറു തടവി അടുക്കളയിലേക്ക് നടന്നു.
കാലിയായ പാത്രങ്ങൾ പ്ലാവിൻ ചുവട്ടിലെ വെണ്ണീറുകൾക്കിടയിൽ കൂട്ടിമുട്ടുന്നു.
അടുക്കള വാതിൽപടികൾക്കുമേൽ വയറുതടവിയിരുന്നു.
വയലിലേക്ക് സൂര്യൻ ചുവന്നു താഴുന്നു.

മുഖത്തേക്ക് ഇളം ചൂടുവെള്ളം വന്നുവീണു.
വല്യമ്മ കിണറ്റിൻ പടവിൽ കുട്ടുവിനെ കുളിപ്പിക്കുന്നു. അവർ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ കടല് കാണാനും സിനിമയ്ക്കും പോവാറുണ്ട്.
ആഗ്രഹങ്ങൾ വറ്റിയതുകൊണ്ട് കണ്ണുകളുടഞ്ഞില്ല, വയലിലേക്ക് മരപ്പാലം കയറിയിറങ്ങി.
തോട്ടിലെ ഒഴുക്കിന് അച്ഛന്റെ ചിരിയുടെ ശബ്ദമായിരുന്നു. പാറയിലേക്കടിക്കുന്ന ഒഴുക്കിന്റെ ശബ്ദം.

താഴ്ന്നിറങ്ങുന്ന സൂര്യന്റെ വെയിൽ വയലിലേക്ക് വീണു.
സന്ധ്യയിലെ ചുവന്ന വെയിലിനു അമ്മയുടെമണമാണ്. അമ്മയുടെ വറ്റിയ വിയർപ്പിന്റെ മണമാണ്. ചുണ്ടുകൾ വിറച്ചു.
അമ്മയുടെ വറ്റിയ വിയർപ്പിൽ ഈ വരമ്പിലൂടെ നടന്നിട്ടുള്ളതുമാത്രമാണ് ഓർമ്മ.
ഇളവെയിൽ ശരീരത്തെ കെട്ടിപ്പുണർന്നു. അമ്മയുടെ സ്നേഹമാണ്.
വൈകുന്നേരത്തെ വെയിൽ വീഴുന്ന വയലുകളിൽ അമ്മയുടെ കാലൊച്ചകൾ കേൾക്കാം.
അമ്മയെ മണത്തറിയാം. തലയിൽ വെളിച്ചെണ്ണ തടവി കുളിപ്പിക്കാൻ വെയിൽ ഇറങ്ങി വന്നിരുന്നെങ്കിൽ.
ഇരുട്ടിൽ വീട്ടിൽ നിന്നും ബലിഷ്ഠമായ ദൈവ വിളി.

ഇരുട്ടിൽ വീട്ടുമുറ്റത്ത് രാഘവന്റെ അമ്മ തെളിയിക്കുന്ന വിളക്കിനു ചുറ്റും മഴപ്പാറ്റകൾ എരിഞ്ഞു വീണു.
'രാമഃ രാമഃ ' വീട്ടിൽ മുഴങ്ങിക്കേട്ടു.
ഇരുട്ട് വീഴാത്ത പടിഞ്ഞാറിലേക്ക് നോക്കി, വെയിലുകൾ വറ്റുന്ന വയലുകളെ നോക്കി അവൻ വീട്ടിലേക്ക് നടന്നു.
വല്യമ്മയും വല്യച്ഛനും കുട്ടുവും കുന്നിൻ മുകളിലേക്ക് കയറി പോകുന്നത് മങ്ങിയ ഇരുട്ടിലും അവൻ കണ്ടു. വല്യച്ഛന്റെ ചുവന്ന നീളമുള്ള ടോർച് മിന്നി.
കണ്ണുകളടച്ചു, അടച്ച കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ വയൽ വരമ്പിലേക്ക് വാർന്നു.
വറ്റുന്ന വെയിലിനോടൊപ്പം കണ്ണീരും വറ്റിത്തീർന്നു.
രാഘവന്റെ അലർച്ചയിൽ ഓടുകൾ പറന്നു. ഇരുട്ട് നഗ്നമായി.(24 July 2017)

ഒളി

ചെയ്‌കുട്ട്യേടത്തിയും ജാനുവേടത്തിയും കിണറ്റിൻ കരയിലിരുന്നുകൊണ്ട് ഓർമ്മകളയവിറക്കി.
ഓർമ്മകളിൽ നടന്നുകയറിയ കാവിലെ പടികളും ഉറക്കമളച്ചിരുന്ന് കണ്ടുതീർത്ത ഉറഞ്ഞാടിയ കോലങ്ങളും കേട്ട കഥകളും പങ്കുവച്ച വിശേഷങ്ങളും വാർദ്ധക്യത്തിലും യൗവനത്തെ വിളിച്ചുകൊണ്ടിരുന്നു.

മുട്ടിനു തടവിക്കൊണ്ട് ജാനുവേടത്തി പറഞ്ഞു
'ല്ലാം ത്ര കൊല്ലായി ന്റെ ചെയ്യേ'

ഓല ചൂട്ടയും കത്തിച്ചുകൊണ്ട് കാവിലേക്ക് നിഴലുകൾ വരിവരിയായി വയൽക്കരയിലൂടെ നടന്നു നീങ്ങുന്നു. കുട്ടികൾ മത്സരിക്കുന്നു. തിരിച്ചുവരുന്ന പന്തങ്ങൾക്കിടയിൽ നിന്നും കുട്ടികളലറി. കണ്ടകർണ്ണന്റെയും കോമരത്തിന്റെയും കഥകൾ കൊച്ചുവിന്റെ കാതിലേക്ക് ഇടതടവില്ലാതെ ചെന്നിറങ്ങി.

കലശത്തിന്റെ പിന്നാലെ കാവിലേക്ക് ചെല്ലാൻ ആർപ്പുവിളികൾ കാതോർത്തു കിണറ്റിൻ കരയിൽ നിന്നുകൊണ്ട്  ജാനുവേടത്തിയുടെ കഥകൾക്ക് ഭാഗീകമായി ചെവികൊണ്ടു.
ഉയർന്നുപൊങ്ങുന്ന ബലൂണുകൾ.
തീ തുപ്പുന്ന പൊട്ടാസ് തോക്കുകൾ
ഇരുമ്പു പെട്ടിയിൽ തണുപ്പിച്ച ഐസ്ക്രീമുകൾ.
കാത്തിരിപ്പിൽ ആവശ്യങ്ങളുടെ പട്ടിക കൂടിക്കൊണ്ടിരുന്നു. ട്രൗസർ കീശയിൽ നിന്നും ചില്ലറത്തുട്ടുകൾ കിലുങ്ങി.

ആർപ്പു വിളികളിൽ താളം ആകാശത്തിലേക്കുയർന്നു.
കിണറ്റിൻ കരയിൽ നിന്നും കൊച്ചു വയൽക്കരയിലേക്കോടി.

"കുഞ്ഞാണ്യേടത്തി, ധാ ചെക്കൻ കലശത്തിന്റൊപ്പം പാഞ്ഞേക്കണ്"
ചെയ്‌കുട്ട്യേടത്തി കിണറ്റിൻ കരയിൽ നിന്നും ഉമ്മറത്തേക്ക് വിളിച്ചു പറഞ്ഞു.

കലശം തലയിലേന്തി അച്ഛാച്ചൻ ഉറഞ്ഞു തുള്ളുകയാണ്.
മേളം കാരണം വിളിച്ചിട്ടു കേട്ടില്ല. വിളക്കുകളും താളങ്ങളും അച്ഛാച്ഛനിൽ നിന്നുള്ള ദൂരം കൂട്ടി.
ആർപ്പു വിളികളിൽ കുരുത്തോല പന്തങ്ങൾ കൈകളിൽ നിന്നും ആകാശത്തെ ഇരുട്ടിലേക്ക് ഉയർന്നു പൊങ്ങി. വലിയ താലങ്ങൾ കൈകളിൽ നിന്നും കൈകളിലേക്ക് മാറിക്കൊണ്ടിരുന്നു.

കാലുകൾക്ക് വേഗതയില്ല.
പൊള്ളുന്ന തീ വെളിച്ചം തലയ്ക്ക് മുകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.
കാലുകൾ മുന്നിലേക്ക് നിരനിരയായി കടന്നു.
പന്തങ്ങൾ ദൂരേക്ക് നീങ്ങി. ഇരുട്ട് കയറിയ കണ്ണുകളിൽ ആകാശം മുഴച്ചു നിന്നു.
കലശത്തിന്റെ ആർപ്പു വിളികൾ കാതിൽ നിന്നും ഒഴിഞ്ഞുമാറി.
ഇരുട്ടിലെ പരപ്പിൽ വരമ്പിൽ നിന്നും വയലിലേക്ക് വെളുത്ത കുഞ്ഞികാലുകൾ പൂണ്ടിറങ്ങി.
നനഞ്ഞ കാലുകളിൽ ചളിപ്പാടുകൾ മുകളിലേക്ക് കയറി. കീറിയ നീലട്രൗസർ ചളി തൊട്ടു.
കഴുത്തോളം ചളിയിൽ ആണ്ടപ്പോൾ പേടിച്ചരണ്ടുകൊണ്ട് കൊച്ചു ഉറക്കെ നിലവിളിച്ചു.
കാലുകൾക്കും കൈകൾക്കും അനക്കമില്ലാതെ ചളിയിൽ ഉയർന്ന തലകൾ ഇരുണ്ട ആകാശത്തിലേക്ക് നോക്കി നിലവിളിച്ചുകൊണ്ടേയിരുന്നു.

കലശം കാവിലെ പടികൾ കയറി ഭഗവതിയുടെ നടയിലേക്ക് ആർപ്പുവിളികളുമായി നീങ്ങി.
മേലരിയുടെ അടുത്തായി വട്ടമിട്ടുകറങ്ങിയ കലശകോലം താഴെയിറക്കി വച്ചുകൊണ്ട് രാഘവൻ നെടുവീർപ്പിട്ടു. 'അമ്മേ ഭഗവതി'.
നെറ്റിയിൽ നിന്നും വിയർപ്പ് ഊഴ്ന്നിറങ്ങി.
തോളിൽ നിന്നും തോർത്ത്മുണ്ടെടുത്ത് മുഖം തുടച്ചു.

ഓലപ്പടക്കങ്ങൾ ഉരുണ്ടുകൂടിയ തീ ചക്രവാളങ്ങൾക്കിടയിൽ നിന്നും പൊട്ടിത്തെറിച്ചു.
ശബ്ദം കാതുകളെയടപ്പിച്ചു. തീയ് പുകതുപ്പി.
കലശവും രാഘവനും ആകാശത്തേക്കുയർന്നു. രാഘവന്റെ കലശമേന്തിയ ഇരുകൈകളും തൊഴുകൈയ്യോടെ ഭഗവതിയുടെ മുന്നിൽ വന്നുവീണു. ഉടലും തലയും താഴേക്കിറങ്ങാതെ അപ്രത്യക്ഷമായി.

ചൂട്ടയും അറ്റുവീണ ശരീരങ്ങളും കാവിൽ ഉറഞ്ഞുതുള്ളി.
കോമരം നിറഞ്ഞാടി.
അരയാലിലകൾ ചുവന്നു. വിളക്കുകൾ എണ്ണയില്ലാതെ കത്തികൊണ്ടിരുന്നു.
കീറിയ ചെണ്ടയിൽ നിന്നും കോലുകൾ മേളമിട്ടു. മേളത്തിനൊപ്പം ഉടവാളുമായി തമ്പുരാട്ടി ഇറങ്ങിവന്നു.
ദൈവം ആകാശത്തേക്ക് രാഘവന്റെ തലയന്വേഷിച്ചു പറന്നുപോയി. മലയൻ ഭ്രാന്തുപിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളി. മുടിയും ഭാരവും താങ്ങാൻ കഴിയാതെ മലയൻ നിലത്തുവീണു പിടച്ചു.

കിണറ്റിൻ കരയിൽ കാല് നീട്ടി വച്ചുകൊണ്ട് ചെയ്‌കുട്ട്യേടത്തി പറഞ്ഞു,
'തമ്പുരാട്ടി ഇറങ്ങികാണും അല്ലേ ജാനു.'
അറ്റമില്ലാത്ത ഇരുട്ടിലേക്ക് ജാനുവേട്ടത്തിയും ചെയ്‍ക്കുട്ടേടത്തിയും കണ്ണുകൾ നീട്ടിവച്ചു.
അകത്തുനിന്നും ഇറങ്ങിവന്നുകൊണ്ട് കുഞ്ഞാണി ചോദിച്ചു,
'ചെക്കുട്ട്യേ, മ്മക്ക് കാവിലേക്ക് നടന്നാലോ?'
'ആവൂല കുഞ്ഞാണിയെ... ആ ബയല് മൊത്തം ചളിയല്ലേപ്പാ.'

ആകാശത്തു തീക്കൂന സ്ഫടികം തീർത്തു. പുക ഇരുണ്ടു കൂടി.
കിണറ്റിൻ കരയിൽ നിന്നും കുഞ്ഞാണിയേട്ടത്തിയും ചെയ്‌കുട്ട്യേടത്തിയും ജാനുവേട്ടത്തിയും കണ്ണുകൾ തുറന്നുപിടിച്ചു.

കഴുത്തറ്റം ചളിയിൽ താഴ്ന്നുകൊണ്ട് കൊച്ചു ഒളിയിൽ വയലിലേക്ക് കത്തിയമരുന്ന തലകൾ വീഴുന്നതുകണ്ടു. വരമ്പിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുമറഞ്ഞു.
കുത്തി കെടുത്തിയ ഓലച്ചൂട്ടുകൾ എരിഞ്ഞമർന്നു.

മലയന്റെ ഓള് വ്രതംനോറ്റ് മുറ്റത്തുകൂടെ ഉലാത്തി.
ആകാശത്തുയർന്നു പൊങ്ങിയ തീക്കൂനയിൽ ഇറയത്തു തൂങ്ങിയാടി തൂക്കുവിളക്കിന്റെ വെട്ടം കെട്ടടങ്ങി.
കാവ് ഉയർന്നുകത്തി. ഉറഞ്ഞുതുള്ളുന്ന തമ്പുരാട്ടിക്കായി കീറിയ ചെണ്ടകൾ താളമിട്ടുകൊണ്ടേയിരുന്നു.


(16 July 2017)
x

മിറാക്കിൾ

കാലറുത്തുമാറ്റി.
രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാമെന്നു ഡോക്ടർ പറഞ്ഞു.
അനുഭവങ്ങൾ മതിയാവാത്തൊരു ഊരുതെണ്ടിക്ക് ഇതില്പരം ശിക്ഷയുണ്ടോ.

ദിവസങ്ങൾ കഴിഞ്ഞു.
സ്വന്തമായി കക്കൂസിൽ പോവാൻ കഴിയുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ ആശ്വാസം.
ചങ്ങലകൾ പൊട്ടിച്ചെറിയാൻ പഠിപ്പിച്ച അമ്മ, സ്വയം ചങ്ങല കുരുക്കിടുന്നു.
ഞാനൊരു ചങ്ങലയാണ്.
അനുജന്റെ, അച്ഛന്റെ, അമ്മയുടെ, കട്ടിലിന്റെ, ശരീരത്തിലും സമയത്തിലും കുരുക്കിട്ട തുരുമ്പ് പിടിക്കുന്നൊരു ചങ്ങല.

ദില്ലി നഗരത്തിൽ ബാങ്ങും മദ്യവുമായി ഡാൻസ്ബാറുകളിൽ രാത്രിയെ വെളുപ്പിക്കുമ്പോൾ ഈ മിറാക്കിൾ പ്രതീക്ഷിച്ചിരുന്നില്ല.
പെണ്ണ് കിട്ടിയിരുന്നെങ്കിൽ അവളുടെ കൈകളിൽ മാത്രം പടർന്നു തുരുമ്പുപിടിച്ചാൽ മതിയായിരുന്നു.
ഇന്നൊരു ദിവസം, നാളെയൊരു ദിവസം. ദിവസങ്ങൾ ഓരോന്നും ഇഴഞ്ഞു നീങ്ങുന്നു.
മുറ്റത്തു കാക്കകളില്ല. ആത്മഹത്യ ചെയ്താൽ ബലിച്ചോറുകൾ പോലും എച്ചിലായി മുറ്റത്തു കിടക്കും.

സ്റ്റീൽ കാൽ ഘടിപ്പിച്ചു, കഷ്ടിച്ച് അഞ്ചാറടി നടക്കാം.
ഇന്നലെയൊരു ദിവസം, ഇന്നൊരു ദിവസം. മുറ്റത്തുമുഴുവൻ നടന്നുകൊണ്ടേയിരുന്നു.
മുറ്റത്തെ ഉരുള കല്ലുകളിൽ കാലുകൾ എടുത്തുവച്ചുകൊണ്ട് സ്വയം പറഞ്ഞു,
ശ്രീ നഗറിലേക്കുള്ള കുന്നുകൾ.

ചതുപ്പിൽ ചവിട്ടി.
ഹാട്ടുപീക്കിലെ മഞ്ഞുമലയിൽ കാലുകൾ ആഴ്ന്നിറങ്ങി.
ഇലകൾ കറുത്ത ദേവദോർ മരത്തിന്റെ അറ്റത്തേക്ക് നോക്കി.
കമ്പുകൾ വളച്ചുവച്ച കൂട്ടിൽ നിന്നും കാക്കകൾ ഉയർന്നു പറക്കുന്നു. ബലി കാക്കകൾ.

മലകൾക്കപ്പുറം, ഊരറിയാത്ത ദിക്കിലേക്കൊരു തൂക്കുപാലം തൂങ്ങിയാടുന്നു.
ഒരറ്റം അരയിലും മറ്റേയറ്റം പാലത്തിന്റെ കമ്പിയിലും തൂക്കിയിടാനുള്ള ബെൽറ്റ്‌ സെക്യൂരിറ്റി കൈയിൽ വച്ചു തന്നു.

അനുഭവങ്ങൾക്കായി പരക്കം പായുന്നവൻ.
ജീവിതത്തോട് നിർവികാരികത ആയതുകൊണ്ടുതന്നെ സേഫ്റ്റിയുടെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.
ബെൽറ്റ് വലിച്ചെറിഞ്ഞു, കാണാൻ പാകുന്ന ആഴം വരെ വീണു.
ഊരറിയാത്ത മലമുകളിലേക്ക് കയറിച്ചെല്ലണം എന്നൊരു ആഗ്രഹം മാത്രം ബാക്കി.

ബലമില്ലാത്ത വലതുകാൽ ഉലയുന്ന മരപ്പലകയിൽ ഉറപ്പിച്ചു വച്ചു. ഇരട്ടബലമുള്ള ഇടതുകാൽ മാറ്റിവച്ചു മുന്നോട്ടേക്ക് നടന്നു. കൈകൾ പതിയെ ഇരുമ്പു കമ്പികളിൽ നിന്നും മുന്നോട്ടേക്ക് നീങ്ങി. കൽപ്പിത കഥയിലെ കാടുകൾക്ക് മുകളിലൂടെ നരഭോജിയുടെ ശബ്ദങ്ങൾ ആക്രോശിച്ചു, തൂക്കുപാലം ആടിയുലഞ്ഞു.
ശ്രദ്ധ മരപ്പലകയിൽ മാത്രം തറച്ചു നിന്നു.

ഓരോ പലകയിലും ഉറച്ചു നിന്നു. മഞ്ഞുമൂടിയ അറ്റത്തേക്കും, അറ്റം കാണാതെ ഉയർന്നു നിൽക്കുന്ന മലമുകളിലേക്കും നോക്കി. ചങ്ങലകൾ തുരുമ്പിക്കാത്ത കിങ്കോർ പുഷ്പങ്ങൾ മൂടിയ ആകാശം.

പലകൾ മാറി മാറി ചവിട്ടി.
ബാധ്യതയാണെന്ന് ആരും പറഞ്ഞിരുന്നില്ല. വാക്കുകൾ കൊണ്ടുപോലും വെറുത്തിട്ടില്ല.
പക്ഷെ കാലത്തെ വെറുക്കേണ്ടിവരുന്നു.
കാലം മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. കാലുകൾ ഓർമകളിൽ തട്ടിയപ്പോൾ വേഗതകുറഞ്ഞു. പലകയിലേക്ക് നീട്ടാൻ പറ്റാതെ കാലുകൾ താഴേക്കുവീണു.
തലച്ചോറിൽ ശൂന്യത കടന്നുപിടിച്ച നിമിഷങ്ങൾ കഴിഞ്ഞു കണ്ണുകളിൽ പ്രകാശം പതിയുമ്പോഴേക്കും ശരീരം താഴേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. മലയുടെ തല കുനിഞ്ഞെന്നപോലെ ആകാശത്തിൽ നിന്നും കിങ്കോറുകൾ പെയ്തു.

മിറാക്കിൾ!

മൂന്നാമത്തെ ജീവിതം എന്ന് മാത്രം ചിന്തിച്ചു. നിലവിളിച്ചില്ല, കണ്ണുകളടച്ചില്ല.
തൂക്കുപാലത്തിലെ പലകകളിലെ ചോരപ്പാടുകളിലേക്ക് മഞ്ഞുമലയിൽ നിന്നും വെയില് വീഴുന്നു.
അവസാനിക്കാത്ത കാഴ്ചകളിലേക്ക് ഇറങ്ങിചെന്നുകൊണ്ടേയിരിക്കുന്നു.

ബലികാക്കകൾ സാക്ഷികളായി.
നരഭോജികൾ അട്ടഹസിച്ചു.
കാറ്റ് ചോരപ്പാടുകളുടെ കഥകൾ പറയുന്നു.


(11 July 2017)


കൗമാരം

നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നു.

എന്ത് മനോഹരമായ വികാരമാണ്.
പക്കുവതയില്ലാത്ത കൗമാരം പിറകെ വന്നുകൊണ്ട് മനസ്സിനെ തണുപ്പിച്ചു നിർത്തുകയാണ്.
മനസ്സ് ശാന്തം, കാരണങ്ങളില്ലാതെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നുകൊണ്ടിരിക്കുന്നു.
എപ്പോഴൊക്കെയോ മനസ്സിൽ മഴപെയ്തു തോർന്നു പോയിട്ടുണ്ട്,
പക്ഷെ ഇതുപോലെ ആഘോഷിച്ചുകൊണ്ട് പെയ്തിരുന്നോ എന്നറിയില്ല.

മനസ്സിൽ കുളിരു വീണിട്ടുണ്ട്,
ഓടിന്റെ മുകളിൽ അവസാനിക്കുന്ന മഴയുടെയും മരങ്ങളിൽ തട്ടി ഉലയുന്ന കാറ്റിന്റെയും ഒച്ചപ്പാടുകൾക്കിടയിലൂടെ ജനലിലൂടെ പുറത്തേക്ക് അറ്റമില്ലാതെ നോക്കി ഇരുന്നപ്പോഴൊക്കെ മനസ്സിൽ എവിടെയൊക്കെയോ കുളിരു വീണിട്ടുണ്ട്. സ്‌കൂൾ ഫോട്ടോയിൽ നിന്നും കീറിയെടുത്ത പേഴ്സിൽ ഒളിപ്പിച്ചുവച്ചൊരു ഫോട്ടോ അപ്പൊളാക്കെ കയ്യിലുണ്ടായിരുന്നു.

രാവിലെ വീഴുന്ന തണുപ്പും,
ബസിലെ തിരക്കും,
നീലയും വെള്ളയും നിറങ്ങളും,
ഒളിഞ്ഞു നോക്കാൻ പാകത്തിന് വരിതെറ്റി നിന്ന അസംബ്ലിയിലെ പിറു പിറുപ്പുകളും,
പിറകിലെ ബെഞ്ചിൽ നിന്നും പിന്നിലെ ജനലിലൂടെ പുറത്തേക്ക് ഓടി പോയിരുന്ന കണ്ണുകളും,
ഉച്ചയിലെ ലോങ്ങ് ബെല്ലിനു ശേഷമുള്ള ഒച്ചപ്പാടുകളും, മറ്റൊരു ലോങ്ങ് ബെല്ലിൽ തീർക്കുന്ന നിശബ്ദതയും ഒക്കെ കഴിഞ്ഞു അലോസരപ്പെടുത്തുന്ന ഒന്നുംതന്നെയില്ലാതെ താഴെ വീഴുന്ന മഴയെ നോക്കി ചാറലടിക്കുന്ന വരാന്തയിലും, പുഴയിലേക്ക് വീഴുന്ന സൂര്യനെ നോക്കി എത്രയോ നേരം പാലത്തിലും നേരം കൂട്ടിയിട്ടുണ്ട്.
ഓടിന്റെ മുകളിൽ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികൾ എണ്ണിയിരുന്നിട്ടുണ്ട്.
രാത്രിയിൽ നോട് ബുക്കിൽ ഒരു പേര് ആവർത്തിച്ചാവർത്തിച്ചു എഴുതിയിട്ടുണ്ട്.
അടിവയറ്റിൽ കുളിരു വീണിട്ടുണ്ട്.
മനസ്സ് മുഴുവൻ കുളിരുകൊണ്ട് തരിച്ചിട്ടുണ്ട്‌.

ഒരേ ഒരു 'ഹലോയിൽ' അതേ കൗമാരത്തിലേക്ക് ഇറങ്ങി ചെന്നതുപോലെ,
നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നത് പോലെ.

ഭാവനകളും, അനാവശ്യ ചിന്തകളും ഒന്നും ഒന്നും ഒന്നും ഇല്ലാതെ വർത്തമാനം നിശബ്ദമായി കൊണ്ടുപോവുകയായിരുന്നു. രാവിലെ ഉറക്കത്തിലെവിടെയോ വന്നൊരു ഓർമ്മയിൽ തീർത്ത ഫോൺ കോളിൽ വർത്താനങ്ങളൊന്നുമില്ലാതെ ഹലോയിൽ മാത്രം അവസാനിച്ച സംഭാഷണത്തിൽ തരിച്ചു നിന്നതിനു ശേഷം, തിമിർത്തു പെയ്യുന്ന മഴ. ആഞ്ഞു വീശുന്ന കുളിർ കാറ്റുകൾ.
വർത്തമാന ജീവിതം അല്ലെങ്കിൽ യൗവനം ഇത്രയും ഭാരമുള്ളതാക്കുന്നതെന്തിനെന്ന് ചോദിക്കുകയാണ്.

മറന്നുപോയ പല ഗാനങ്ങളും യൂടൂബിൽ തിരയുകയാണ്,
സംവാദങ്ങൾക്കവസാനം മറന്നു പോകുന്ന രാഷ്ട്രീയവും കാഴ്ചപാടുകളും എന്തായിരുന്നുവെന്ന് ഓർക്കുകയാണ്.
ആശുപത്രി കെട്ടിടത്തിന് പിന്നിലെ ഗസ്റ്ഹൗസ് വരാന്തയിലേക്ക് രണ്ടു വഴികളിലൂടെ ആരും കാണാതെ വന്നിരുന്ന വൈകുന്നേരങ്ങൾ. പലതും ആദ്യാനുഭവങ്ങൾ, എല്ലാത്തിലും ജിജ്ഞാസ അല്ലെങ്കിൽ കൗതുകം ഒളിപ്പിച്ചുവച്ച കൗമാരം.

യൗവനത്തിൽ നിന്നും ഒരു 'ഹലോ' കാലത്തെ പിന്നോട്ട് വലിച്ചിരിക്കുന്നു. കൗമാരത്തിൽ വന്നുപെട്ടിരിക്കുന്നു. താടിയും ചുണ്ടിൽ ഒട്ടിപ്പിടിച്ച കറുപ്പും ഒരു ഭാരം പോലെ, തലയിലെ നരച്ച മുടി തട്ടിയിട്ടും പോകുന്നില്ല. ഡെസ്റ്ററിൽ നിന്നും വീണ ചോക്കിന്റെ പൊടിയായിരിക്കും.

മുന്നിലെവിടെയോ ആരൊക്കെയോ
ഓർഗാനിക് കെമിസ്ട്രിയും, ചരിത്രവും കൂട്ടുപിടിച്ചു താരാട്ടുപാടുന്നു.
സൈനിനെയും കോസിനെയും കുറിച്ച് മനസ്സിലാവാത്ത പ്രാസങ്ങൾ.
കബീർദാസിന്റെ ഈരടികൾ, മലയാളം കവിതകൾ.
താളത്തിൽ വീഴുന്ന പ്രതിധ്വനിയുള്ള ബെല്ലടികൾ.
എല്ലാത്തിനുമപ്പുറം,
കടമ്പേരി ഉല്സവവും, ലാൻഡ് ഫോണിന്റെ അറ്റത്തു നിന്നും കേട്ടിരുന്ന പാട്ടുകളും.
നീളം കുറഞ്ഞ കറുത്ത പാവാടയും, നീല പാവാടയും.
ഓട്ടോഗ്രാഫിന്റെ കൂടെ ഷെൽഫിൽ പൊതിഞ്ഞു വച്ച ഇളം പച്ച ഷാളും.

ഓരോ രാത്രി മഴകളിലും
എത്രയെത്ര കുളിരോർമ്മകൾ ഒലിച്ചു പോയിക്കാണും,
എത്രയെത്ര പ്രണയങ്ങൾ പൂവിട്ടു കാണും,
എത്രയെത്ര ഓർമ്മകൾ നുരഞ്ഞു പൊന്തിക്കാണും.
എത്രയെത്ര കവിതകൾ ജനിച്ചുകാണും.
പ്രായത്തെ ഓർത്തു കാലത്തെ പിഴക്കുന്ന യൗവന - വാർദ്ധക്യങ്ങൾ അറ്റമില്ലാതെ മഴയിലേക്ക് നോക്കിയിരുന്നുകാണും.
അപ്പോഴും കഴിഞ്ഞുപോയ കാലത്തെ ഓർത്തുകൊണ്ട് അടിവയറ്റിലൊരു കുളിർ വീണു കാണണം.

നാളെയെ ഓർത്തു ഇന്നിനെ മടുപ്പിക്കാതെ - എന്ന് പറഞ്ഞുപോയ കൗമാരത്തിന്റെ ശബ്ദത്തിലെ 'ഹലോ'!
പിന്നെ, പ്രായം മറന്നു നമ്മുടെ മനസ്സിനെ ചെറുപ്പമാക്കാൻ കഴിയുന്ന സംഗീതവും മദ്യവും.

'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായി വിടരും നീ...'

തോല്‍വി

ഇവിടെ ഒരുമനുഷ്യൻ ഭ്രാന്തനാവുകയാണ്.
സ്വയം വിശ്വാസവും, സ്നേഹവും നഷ്ടപ്പെടുകയാണ്.

സ്നേഹവും പ്രണയവും ബന്ധങ്ങളുമൊക്കെ ഒരു ഇമാജിനേഷൻ അല്ലെങ്കിൽ ഒരു സർഗ്ഗശക്തിക്ക് അപ്പുറത്തേക്ക് കടന്നുവരുന്നില്ല. കാരണങ്ങളില്ലാതെ അഹംബോധത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ അതെപ്പോഴും അങ്ങനെ കുടിങ്ങി കിടക്കുന്നു.
കൂടുതൽ മെച്ചപ്പെട്ടതിലേക്ക് അതങ്ങനെ ചേക്കേറിക്കൊണ്ടിരിക്കുന്ന ഗണങ്ങളുടെ വെറും കാലിയായ വികാരങ്ങൾ മാത്രമാവുന്നു.

മാനസികമായോ, അല്ലെങ്കിൽ ആവശ്യങ്ങളുടെയോ, നിലനിൽപ്പിന്റെയോ ആശ്രയത്തിൽ പരസ്പരം സ്നേഹപ്രകടന മുഹൂർത്തങ്ങളുണ്ടാവുന്നു.
ആശ്രയത്തിന്റെ കയം കുറയുംതോറും സ്നേഹത്തിന്റെ ഗണങ്ങൾ പരിമിതമായി ഇല്ലാതാവുന്നു. അകൽച്ചയും അതിനപ്പുറത്തെ നിർവികാരതയിലേക്കും കടന്നു ചെല്ലുമ്പോൾ അവിടെ ഒരാൾ ഒറ്റപ്പെടുന്നു. ബന്ധങ്ങളുടെ കണ്ണിയറ്റുപോവുകയും, ബാധ്യതകളുടെ തലപ്പത്തു ജീവിച്ചിരുന്നൊരാൾക്ക് അയാൾതന്നെ ബാധ്യതയായി മാറുകയും ചെയുന്നു.

പ്രണയത്തിന്റെ അവസ്ഥയും ഇതുപോലുള്ള കൊടുക്കൽ വാങ്ങൽ ഗണങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുന്നു. കാരണമെന്തെന്ന് അന്വേഷിച്ചിറങ്ങാൻ ഇവിടെ ആർക്കും ഭ്രാന്തില്ലല്ലോ?
ഇനി ഭ്രാന്തിന്റെപുറത് അന്വേഷിക്കാം എന്നിരിക്കട്ടെ.

അപ്പോഴാണ് വിശ്വാസവും സൗഹൃദവും നഷ്ടപെട്ട ഒരു പ്രണയത്തിൽ താൻ തനിക്കുതന്നെ ബാധ്യതയായി മാറുന്ന തരത്തിലുള്ള വ്യതിയാനങ്ങളിലൂടെ നടക്കേണ്ടിവരിക.
തന്നെ മനസ്സിലാവാത്ത, ഉൾക്കൊള്ളാൻ കഴിയാത്ത, ഇഷ്ടപെടാത്ത മാറ്റങ്ങളിൽ ജീവിച്ചു തീർക്കേണ്ടിവരിക.
കൂടുതൽമെച്ചപ്പെട്ട പലതിലേക്കും തന്റെ പാതി കുടിയേറിപാർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും താൻ സ്വയം; പാതിയുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നിലനിൽപ്പിനായി മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും പ്രണയത്തിന്റെ നിലനിൽപ്പിനായി മുഖമൂടി അണിയേണ്ടിവരികയും, വിട്ടുപോവാനുള്ള ത്വരയും, അകലാനുള്ള പേടിയും ഒരേ സമയം സമ്മർദ്ദത്തിലാക്കുകയും ചെയുന്ന അവസ്ഥകളെ തരണം ചെയേണ്ടിവരിക.

ഇനി പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അളവെടുക്കാൻ ഏതെങ്കിലും ഒരു ഭ്രാന്തിന്റെ പുറത്തു ചിന്തിച്ചെന്നിരിക്കട്ടെ.

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും മൊത്തം തുകയായി ജീവിച്ചിരുന്ന പ്രണയത്തിലെ ഗണങ്ങൾ ഓരോന്നായി നശിക്കുകയും,
സ്നേഹവും വിശ്വാസവും സൗഹൃദവും ഇല്ലാതെ പ്രണയം മുന്നോട്ടുകൊണ്ടുപോവുകയും, അകൽച്ചകളിൽ ഉണ്ടാവുന്ന ഏകാന്തതക്കുള്ളിൽ കുടുങ്ങികിടക്കുമ്പോഴുണ്ടാകുന്ന വീർപ്പുമുട്ടലിൽ പ്രണയം നാടകമായി മാറുകയും, തനിക്ക് കിട്ടിക്കൊണ്ടിരുന്ന കരുതലുകളുടെയും സൗഹൃദത്തിന്റെയും, പ്രണയത്തിന്റെ മറ്റുപല ഗണങ്ങളുടെയും അഭാവത്തിൽ പ്രണയത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടിവരികയും ഏകാന്തതയുടെ കൂടെ വീർപ്പുമുട്ടലും അനാവശ്യ ചിന്തകളുടെയും വിഭ്രാന്തിയിലും സ്വയം ജീവിക്കുന്നു എന്ന് തിരിച്ചറിയാൻ പേടിയുള്ളതുകൊണ്ടും പ്രണയത്തിന്റെ കൊടുക്കൽ വാങ്ങൽ ഗണങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പോന്നത്ര ഭ്രാന്ത് ഉണ്ടാവാതിരിക്കാനുള്ള കാട്ടികൂട്ടലുകളിൽ പറ്റിപോവുന്ന തെറ്റുകുറ്റങ്ങൾ ചിന്തകളിലേക്കങ്ങനെ ഓരോ ഫ്രയിമുകളായി കടന്നുവരും.

ഇനി 'ഐ ഡോണ്ട് കെയർ' എന്ന് പറഞ്ഞുകൊണ്ട് തെറ്റ് കുറ്റങ്ങളെ - എക്സ്പീരിയൻസ്, അല്ലെങ്കിൽ അനുഭവങ്ങൾ എന്ന് വിളിച്ചുകൊണ്ട് മുന്നോട്ടേക്ക് നടക്കാൻ കഴിയുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോഴും നങ്കൂരം പോലെ പിടിച്ചുവലിക്കുന്ന ഏകാന്തതയിൽ ഒരിക്കലും ചിന്തകളെ സുനിശ്ചിതമായ ദിശയിലേക്ക് കൊണ്ടുചെന്നെത്തിക്കാൻ കഴിയാതെവരുന്നു.

ചിന്തകളെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാനിസരിച്ചുകൊണ്ട് മുന്നോട്ടേക്ക് നയിക്കാൻ കഴിയാതെ വരുന്നൊരു നേരത്തു, ആ ചിന്തകളിലേക്ക് ആവശ്യമാണെന്ന് തോന്നുന്ന സമയങ്ങളിലൊന്നും കടന്നുവരാത്ത സ്നേഹവും പ്രണയവും പൊള്ളയായ വെറും വികാരങ്ങളല്ലാതെ മറ്റെന്താണ്?
അതൊരു ഇമാജിനേഷൻ ക്യൂരിയോസിറ്റി മാത്രമല്ലാതെ സർഗ്ഗശക്തിയുടെ അപ്പുറത്തേക്ക് കടന്നു ചെല്ലുന്നതെങ്ങനെയാണ്.

പ്രതീക്ഷകളും ഇമാജിനേഷനും വ്യത്യസ്‌ത ദിശയിൽ സഞ്ചരിക്കുമ്പോൾ ഒരുമനുഷ്യൻ ഭ്രാന്തനാവാതിരിക്കുന്നതെങ്ങനെയാണ്?
അയാളുടെ ആവലാതികൾകൊണ്ട് അൽപ്പം സമാധാനത്തിനായി വാക്കുകൾ ഉരുവിടുമ്പോൾ ചിലരെയെങ്കിലും വേദനിപ്പിച്ചെന്നുവരാം.
ചിലപ്പോൾ കൗമാരവും യൗവനവും തനിക്കുവേണ്ടി ജീവിക്കാൻ കഴിയാത്തൊരു മനുഷ്യന്റെ അമിതമായ പ്രതീക്ഷകളുടെഫലമാവാം അയാളുടെ സ്നേഹ - പ്രണയ വികാരങ്ങൾ കാലിയായ വികാരങ്ങൾ മാത്രമായി ഒതുങ്ങാനുള്ള കാരണം.
ഇവിടെ അയാൾ തോറ്റുപോവുകയോ, തോൽപ്പിക്കപ്പെടുകയോ ചെയുന്നു.

ഹനിയ - കഥ

നൃത്ത ചുവടുകൾ വയ്ക്കുന്ന ഹീൽ ചെരുപ്പുകൾ.
മിന്നി മറിയുന്ന വർണ്ണങ്ങളിൽ ചാലിച്ച പ്രകാശങ്ങൾ.
മദ്യത്തിന്റെയും സ്ത്രീകളുടെയും സുഖന്ധങ്ങൾ പരക്കുന്ന അരണ്ട വെളിച്ചത്തിൽ ഡാൻസ് ബാറിലെ കോണിൽ ഒതുക്കിവച്ച സോഫയിൽ അയാൾ തല ചായ്ച്ചുവച്ചിരുന്നുകൊണ്ട് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

ഹിന്ദി ഫോക് സംഗീതങ്ങളുടെ ഇടയിൽ നിന്നും നൃത്ത ചുവടുകളുമായി 'ആത്മ' കടന്നുവന്നു.
കൈയിലുള്ള മദ്യം നിറച്ചു വച്ച വലിയൊരു വയിൻ ഗ്ളാസ് അയാൾക്ക് മുന്നിലുള്ള മേശയിലേക്ക് വച്ചുകൊണ്ട് അവളുടെ കൈകൾ അയാളുടെ തുടയിൽ തലോടി.
പതിയെ അയാളുടെ ചെവിയിലായി അവൾ ചോദിച്ചു.

"വാട്ട് യു തിങ്കിങ് എബൌട്ട് ഡിയർ?"

മേശമുകളിൽ വച്ച ഗ്ലാസിൽ നിന്ന് വീണ്ടും അൽപ്പം മദ്യമെടുത്തു കുടിച്ചുകൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു.
കണ്ണുകൾ തുറന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി.
കണ്ണുകൾ മദ്യകുപ്പിയിലേക്കും അവളുടെ കണ്ണുകളിലേക്ക് മാറി മാറി നോക്കികൊണ്ടിരുന്നു.

'നീ എത്ര ഭാഗ്യവതിയാണ്, നിനക്കതറിയുമോ?'
നിന്റെ ചുണ്ടുകൾക്ക് മദ്യത്തിന്റെ രസമറിയുന്നു, കാലുകൾ സംഗീതത്തിനൊത്തു ചുവടുകൾ വയ്ക്കുന്നു.'

അയാളുടെ ബന്ധമില്ലാത്ത ചോദ്യങ്ങൾ അവൾക്കു ശീലമുള്ളതായിരുന്നു.
"അടുത്ത സിനിമയ്ക്കുള്ള ത്രെഡ് കിട്ടിയെന്ന് തോന്നുന്നു?
നിങ്ങൾക്ക് മുറിയിലേക്ക് പോകണോ? എഴുതണോ?"

അവളുടെ ചോദ്യം കേട്ടുകൊണ്ട് അയാൾ അവളിലേക്ക് തന്നെ വീണ്ടും അൽപ്പ സമയം സൂക്ഷിച്ചു നോക്കി.
അയാൾ സോഫയിൽ കണ്ണുകളടച്ചുകൊണ്ട് വീണ്ടും തല ചാരി വയ്ക്കുന്നു.
ചുറ്റും  മിന്നിമറയുന്ന പ്രകാശങ്ങൾ കറങ്ങിക്കൊണ്ടിരുന്നു.
ലഹരികൾ അകത്തേക്ക് ചെന്നിട്ടും സ്വയം; ബോധത്തോടെ അവൾ അയാളോടായി പറഞ്ഞു കൊണ്ടിരുന്നു.

"നിങ്ങൾ കംഫേർട് അല്ലെങ്കിൽ നമുക്ക് മുറിയിലേക്ക് ചെല്ലാം, നിങ്ങൾക്ക് എഴുതാം."

'വേണ്ട, എനിക്കെഴുതാൻ തോന്നുന്നില്ല,'

മേശമുകളിൽ നിന്നും അയാൾക്ക് വേണ്ടി നിറച്ചുവച്ച  മദ്യം നിറച്ച ഗ്ളാസ് അയാൾക്ക് നൽകി.
അയാളത് മണത്തു നോക്കി.
'വോഡ്ക?' തന്റെ കൈയിലേക്ക് വാങ്ങിയെങ്കിലും ഗ്ളാസ് മേശമുകളിലേക്ക് തന്നെ തിരിച്ചുവച്ചു.

അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
കഴുത്തിന്റെ പുറകിലൂടെ കൈകൾ പിണഞ്ഞു, തന്റെ നെഞ്ചിനോട് അവളെ ചേർത്ത് വച്ചു.
നെറ്റിയിൽ പതിയെ ചുംബിച്ചുകൊണ്ട് കണ്ണുകളടച് അവളുടെ മുടികൾക്കിടയിൽ തല ചാരിവച്ചു.

'ആത്മ, നിന്നെ ഞാൻ എപ്പോഴെങ്കിലും എന്തിനെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ?
നീ എന്ന വ്യക്തിയുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിന്നിട്ടുണ്ടോ?'

അയാളുടെ ചോദ്യങ്ങൾ അവൾക്കൊന്നും മനസ്സിലാവാത്തത് കൊണ്ടാവണം.
അവൾ അയാളുടെ നെഞ്ചിൽ നിന്നും തലയുയർത്തു, മുഖത്തേക്കായി നോക്കി.
അയാൾ മത്തുപിടിപ്പിക്കുന്ന ചോദ്യങ്ങൾ ആവർത്തിച്ചു.

'നിന്റെ വസ്ത്രങ്ങളുടെ കാര്യത്തിൽ,
ജോലി, യാത്രകൾ, അങ്ങനെ ഏതെങ്കിലും കാര്യത്തിൽ ചട്ടക്കൂടുകൾക്കുളിൽ തളച്ചിടാൻ ഞാൻ ശ്രമിച്ചിട്ടുണ്ടോ ആത്മ?'

"ഇല്ല, ഞാൻ ഞാനാണ്. നിങ്ങൾ നിങ്ങളാണ്.
ആ ബോധം എന്നെക്കാളും കൂടുതൽ നിങ്ങൾക്കുണ്ടല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം."

'എങ്കിൽ നമ്മൾ തെറ്റാണ് ആത്മ.
നിന്നെ ഏതെങ്കിലും മതത്തിന്റെയോ, അല്ലെങ്കിൽ എന്റെ രീതിയുടെയോ ഉള്ളിൽ തളച്ചിടണമായിരുന്നു.
അടുക്കളയിൽ പൂട്ടിയിടണമായിരുന്നു.
നീയൊരു സ്ത്രീയല്ലേ, നീയൊരു ലൈംഗീക ഉപകരണം മാത്രമല്ലെ.
പുരുഷൻ ജന്മിയും സ്ത്രീ അടിയാനുമാണെന്നല്ലേ സമൂഹം നമ്മളെ പഠിപ്പിക്കുന്നത്.
പക്ഷെ, നമ്മുടെ പ്രണയം വിപരീതമായി സഞ്ചരിക്കുന്നത് നീ അറിയുന്നില്ലേ?'

വാക്കുകൾ, അയാളുടെ മിഥ്യാ ലോകത്തിൽ നിന്നും ഉതിരുന്നതായിരുന്നെന്നു ആത്മയ്ക്ക് അറിയാം. അതുകൊണ്ടു തന്നെയാവണം, അവൾ നിശബ്ദയായി കേട്ടിരുന്നു.

'നീയെന്തുകൊണ്ട് ഹനിയ - യാവുന്നില്ല.
ആത്മ, നീയും ഹനിയയും തമ്മിൽ എന്താണ് വ്യത്യാസം?
നിങ്ങൾ രണ്ടുപേരും സ്ത്രീകളല്ലേ?'

"ഹനിയ?
നിങ്ങൾ ഇതിനുമുന്നെ എന്നോട് ഹനിയയെപ്പറ്റി പറഞ്ഞിട്ടില്ലല്ലോ?"

ഹനിയ.
കണ്ണുകളടയ്ക്കുമ്പോൾ അവളുടെ ജീവിതം എന്റെ മുന്നിൽ തെളിഞ്ഞു വരികയാണ്.
റോള ഖൊമേനിയുടെ നഗ്നമായ ശരീരത്തിന്റെ താഴെ,
പ്രിയപ്പെട്ട തന്റെ നീല പുതപ്പിനു മുകളിലായി വീർപ്പു മുട്ടുകയാണവൾ.
പുലർച്ചെ ജോലിക്കു പോകും മുന്നേ അയാൾക്ക് തന്റെ കാമ ചേഷ്ടകൾ കാണിക്കാനുള്ള ഒരു സ്ത്രീ മാത്രമാണവൾ.
അവൾക്ക് സ്വപ്നങ്ങളില്ല. ആഗ്രഹങ്ങളോ താത്‌പര്യങ്ങളോ ഇല്ല.

ഹനിയ.
അവൾ കറുത്ത പർദ്ദയണിഞ്ഞുകൊണ്ട് അടിമയാവാൻ ഇഷ്ടപെടുന്നു.
അടിമത്വത്തിൽ ലഹരി കണ്ടെത്തിയിരിക്കുന്നു.
നിനക്ക് ഈ മദ്യത്തിൽ കിട്ടുന്ന അതേ ലഹരി.
എന്റെ പ്രണയത്തിലും എന്റെ ശരീരത്തിന്റെയും കൂടെ നീ കണ്ടെത്തുന്ന അതേ ലഹരി.
നമ്മുടെ യാത്രകളിൽ നീ കണ്ടെത്തുന്ന അതേ ലഹരി.

അവൾ അയാളുടെ നെഞ്ചിൽ ചേർന്നു കിടന്നു.
ഹിന്ദി ഫോകിൽ നിന്നും ഇംഗ്ലീഷ് ഡിജെ-യിലേക്ക് സംഗീതം മാറി.
നിറങ്ങളും ചുറ്റുപാടുകളും മാറി. പക്ഷെ അവൾ അയാളുടെ നെഞ്ചിൽ ചാഞ്ഞുകിടന്നു.
മദ്യം ഒഴിച്ചുവച്ച ഗ്ളാസ് മേശമുകളിൽ അനാഥമായി കിടന്നു.
സംഗീതത്തിന്റെ ശബ്ദത്താൽ ഇളകിമറിയുന്ന ഗ്ലാസ്സിലെ മദ്യത്തിലേക്ക് അവളുടെ കണ്ണുകൾ കേന്ത്രീകരിച്ചു.
സ്വാതന്ത്ര്യത്തിനുവേണ്ടി ചില്ലു ഗ്ലാസിൽ അലമുറയിടുന്ന വോഡ്ക.
ശബ്ദം ഒന്നുകൂടി കനത്താൽ ഗ്ലാസ്സിൽ നിന്നും പുറത്തേക്കവ ഒഴുകിയേക്കാം.
അവളുടെ ചിന്തകൾ അയാളുടെ ചിന്തകളിലേക്കെന്ന പോലെ ഹനിയയിലേക്ക് മാറി കൊണ്ടിരുന്നു. 

കണ്ണുകളടച്ചുകൊണ്ടു തന്നെ അയാൾ ചോദിച്ചു.
'ആത്മ, നിനക്ക് ഹനിയയെ കാണാമോ?'

"കാണാം.
ചങ്ങലയിൽ തളച്ചിട്ട ഒരു ഭ്രാന്തിയെ പോലെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കുകയാണ്.
നിയന്ത്രിക്കപ്പെട്ട കാറ്റും വെളിച്ചവും അവൾ ആവോളം ആസ്വദിക്കുന്നു.
ചുവരുകളിലെ മത ഭാഷകളും, തന്റെ കറുത്ത വസ്ത്രവും അവളെ വീർപ്പുമുട്ടിക്കുന്നു.
അടച്ചിരുന്നു മടുത്തു അവൾക്ക്. ഇനി ഇറങ്ങി നടക്കുമ്പോഴൊക്കെ ആ ചുവരുകൾ അവൾക്കു ചുറ്റും ഇറങ്ങി വരും.
അവൾക്കതിൽ നിന്നും ഒരു മോചനം ഉണ്ടാവുമോ?

പക്ഷെ,
അവളുടെ സ്വാതന്ത്ര്യം അയാൾ തടഞ്ഞു വച്ചിട്ടുണ്ടോ?"

ആത്മയുടെ ചോദ്യത്തിനുള്ള ഉത്തരം അയാൾക്കറിയില്ലെന്നു കണ്ണുകളുടെ ഞെട്ടൽ വ്യക്തമാക്കുന്നു.
അയാൾ കണ്ണുകളിൽ തിരുമ്മി ചുറ്റുപാടും കണ്ണുകൾ പായിച്ചു.
തന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നവളെ എഴുനേൽപ്പിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു.

'അതിനെനിക്കൊരു ഉത്തരമില്ല ആത്മ.
അവൾ സ്വയം തിരഞ്ഞെടുക്കുകയാണ് തന്റെ അടിമത്വം.
നിന്നെപോലൊരു സ്ത്രീയായി കാണാൻ അവളുടെ പുരുഷൻ 'റോള ഖൊമേനി' ആഗ്രഹിക്കുന്നുമില്ല.
തന്റെ ഭാര്യയുടെ സൊന്ദര്യം, അല്ലെങ്കിൽ ശരീരം അത് വസ്ത്രത്തിനുള്ളിൽ ആയാൾ മൂടിവച്ചിരിക്കുകയാണ്.
അത് മറ്റൊരാൾ കാണുവാൻ അയാൾ ആഗ്രഹിക്കുന്നില്ല.
അയാളുടെ പ്രണയം, അല്ലെങ്കിൽ ശീലിച്ചു ശീലമായ തന്റെ ജീവിതത്തിനപ്പുറം അവൾക്കൊന്നും അറിയില്ല. ചിലപ്പോൾ അറിയുമായിരിക്കാം. എങ്കിലും അവൾ ഒന്നും തന്നെയാഗ്രഹിക്കുന്നില്ല.

"അവൾക്ക് സ്വപ്നങ്ങളുണ്ടായിരുന്നിരിക്കില്ലേ?
കോളേജുകളിലെ പടികൾ കയറി പോയവൾക്ക് സ്വപ്‌നങ്ങൾ ഇല്ലാതിരിക്കുമോ?
അവൾ പറയുന്നുണ്ട്,
ഈ മതിലുകൾക്ക് പുറത്തേക്ക് ഒന്ന് പാറി പറക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്?
റോള ഖൊമേനിയുടെ കൂടെ യാത്രകൾ ചെയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്.
അവൾ രതിയെന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.
അയാളുടെ താല്പര്യങ്ങൾക്കും അയാളുടെ സംതൃപ്തിക്കും വേണ്ടി നഗ്നമാവുക,
തന്റെ ശരീരം നൽകുക, മാത്രമാണവൾ.
അവൾ ആയാളെയോ, അയാൾ അവളെയോ ഒന്ന് ചുംബിച്ചിട്ടുപോലുമില്ല.
അപ്പോഴും അവൾക്ക് അയാളോട് പ്രണയമാണ് സ്നേഹമാണ്. മറ്റൊരു പുരുഷനെ അവൾ ആശ്രയിക്കുന്നില്ല."

ആത്മയുടെ സ്ത്രീ സങ്കല്പങ്ങൾ ഹനിയയെ കുറിച്ചുള്ള ധാരണയ്ക്ക് ജീവൻ വെപ്പിക്കുകയാണ്.
ഹനിയ തന്റെ മനസ്സിൽ നിന്നും ആത്മയുടെ മനസ്സിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നുവെന്ന് അയാൾക്ക് തോന്നി.
അയാൾ ആത്മയോട് തന്റെ സംശയങ്ങൾ പങ്കു വയ്ക്കാൻ ആഗ്രഹിച്ചു.

'എങ്കിലും, സ്നേഹവും പ്രണയവുമായി മറ്റൊരു പുരുഷൻ അവളുടെ മുന്നിൽ വന്നാൽ,
മറ്റൊരു പുരുഷനെ അടുത്തറിയേണ്ടി വന്നാൽ,
അവൾ അയാളെ ആഗ്രഹിക്കാതിരിക്കുമോ?'

"ഇല്ല, അവളുടെ വിശ്വാസം ഖൊമേനിയിലാണ്.'
അയാളെ അവൾ പ്രണയിക്കുന്നു. ആ പ്രണയത്തിന്റെ അടിമത്വം അവൾക്ക് ലഹരിയാണ്.
എങ്കിലും, ലഹരിയുടെ കെട്ടിറങ്ങിയാൽ അവൾ പാറി പറന്നേക്കാം.
അവൾ യാത്രകളെ സ്വപ്നം കാണുന്നു. അവൾക്ക് നിഷേധിക്കപെട്ടതൊക്കെ നേടിയെടുക്കാൻ അവൾ പരിശ്രമിക്കുന്നു.
തന്നിൽ അടിച്ചേൽപ്പിക്കുന്ന ഭ്രാന്തൻ വിശ്വാസങ്ങളും രീതികളും പൊട്ടിച്ചെറിയാൻ അവളിൽ തന്നെ അവൾ പ്രതിഷേധങ്ങൾ തീർക്കുന്നു.'
അവളൊരു വിപ്ലവകാരിയാവുന്നു.
തവക്കുൾ കർമാനെ പോലെ, മലാലയെ പോലെ, ഉം ദാർഥയെ പോലെ, അവളൊരു വിപ്ലവകാരിയാവുകയാണ്."

ആത്മ, ഹനിയയ്ക്ക് ജീവൻ നൽകിയിരിക്കുന്നു.
അവൾ മറ്റുപലരെയും പോലെയെന്ന് വാദിക്കുന്നു.
ഹനിയയുടെ ജീവിതവും ചുറ്റുപാടുകളും ആത്മയിലൂടെ മെനഞ്ഞെടുക്കാൻ അയാളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

'ആത്മ?
മറ്റൊരു റോള ഖൊമേനി യെ കുറിച്ച് നീ കേട്ടിട്ടുണ്ടോ?
ലോകത്തിൽ ഇസ്‌ലാമിനെ ഏറ്റവും മോശമായ രീതിയിൽ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഇറാൻ രാജാവായ ഖൊമേനിയെ കുറിച്ച്.
അയാളുടെ പേരും സ്വഭാവവും തന്നെയാണ് ഹനിയയുടെ പുരുഷനും.
അയാൾ അവൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാവില്ലേ?
തന്റെ അടിമയായി മാത്രമാണോ അയാൾ അവളെ കാണുന്നത്?
ഹനിയയിൽ ഒരു സ്ത്രീയെ, ഭാര്യയെ, കാമുകിയെ, ഒന്നും അയാൾ കാണാൻ ശ്രമിക്കുന്നില്ല?

ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അയാൾ ഹീൽ ചെരുപ്പുകളുടെ നൃത്ത ചുവടുകളിലേക്ക് കണ്ണുകൾ ചലിപ്പിച്ചു.
സ്വാതന്ത്ര്യം നേടിയെടുത്ത സ്ത്രീകൾ!
ആത്മ ചിന്തകളിൽ മുഴുകിയിരുന്നു. അയാൾ ഹനിയയിലേക്ക് ആഴത്തിലേക്ക് ഇറങ്ങിക്കൊണ്ടിരുന്നു.

'തന്റെ പ്രണയത്തിനപ്പുറം,
നിഷേധിക്കപ്പെടുന്ന ജീവിതത്തെ അവൾ പൊട്ടിച്ചെറിയേണ്ടിയിരിക്കുന്നു.
ഖൊമേനിയുടെ മുന്നിൽ അവൾ ഇതുവരെ സംസാരിച്ചിട്ടില്ല. അവൾ സംസാരിക്കാൻ ശീലിക്കേണ്ടിയിരിക്കുന്നു.
ഒരുപക്ഷെ താൻ ശീലിച്ച, കണ്ടുവളർന്ന ജീവിതങ്ങൾ അങ്ങനെയൊക്കെ ആയതുകൊണ്ടാവാം.
എങ്കിലും ആ വീട്ടിലെ മറ്റു സ്ത്രീകൾ എന്തുകൊണ്ട് അവളുടെ വിലങ്ങുകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നില്ല?'
ഒരുപക്ഷെ സ്ത്രീകൾ മുഴുവനും വിലങ്ങുകളിലാവാം.
സംസ്കാരത്തിന്റെയും ശീലങ്ങളുടെയും മുന്നിൽ തുരുമ്പിച്ച വിലങ്ങുകൾ.'
അല്ലെ?

അയാൾ ആത്മയോടായി ചോദിച്ചുവെങ്കിലും ആത്മ മറുപടി പറഞ്ഞില്ല.
ആത്മ? നീ കേൾക്കുന്നുണ്ടോ?

"ഹനിയ, ഖൊമേനിയുടെ മുന്നിൽ ഒന്ന് സംസാരിച്ചാൽ, അയാളെ ഒന്ന് ചുംബിച്ചാൽ.
പ്രണയത്തിന്റെ മൊട്ടുകൾ അയാളിലും വിരിയാതിരിക്കില്ല.
സ്ത്രീയുടെ സ്പർശത്തിൽ കാമവും പ്രണയവും വേർതിരിച്ചെടുക്കാൻ നിനക്ക് കഴിയാറുണ്ടല്ലോ.
കാമത്തിന്റെ ചേഷ്ടകളിൽ അയാളും പ്രണയം ആഗ്രഹിച്ചിട്ടുണ്ടാവാം.'

'ആത്മ,
അപ്പോഴും ഹനിയയുടെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, നിഷേധിക്കപെടുകയല്ലേ?
അവൾ മതിലുകൾക്കുള്ളിൽ, കറുത്ത വസ്ത്രങ്ങൾക്കുള്ളിൽ അടിമയായി കഴിയേണ്ടി വരില്ലേ.'

"ഖൊമേനിയെ കുറിച്ച് കൂടുതലറിയാൻ അത് സഹായിക്കുമല്ലോ. അവൾക്ക് തീരുമാനിക്കാം,
അവൾക്കു മാത്രമല്ലേ അത് തീരുമാനിക്കാൻ കഴിയൂ.
അവൾ പുറത്തേക്കിറങ്ങട്ടെ, കറുത്ത വസ്ത്രങ്ങളിൽ നിന്നും. അടച്ചിട്ട മുറിയിൽ നിന്നും, ചുറ്റും തീർത്ത മതിലുകൾക്കുള്ളിൽ നിന്നുമൊക്കെ.
അവൾ പുറത്തേക്കിറങ്ങട്ടെ."

അയാൾ ഒന്നും മിണ്ടിയില്ല,
സോഫയിലേക്ക് തല ചാരിവച്ചു. മേശമുകളിൽ അനാദമായികിടക്കുന്ന ഗ്ളാസ് കയിലേക്കെടുത്തു.
കണ്ണുകളടച്ചുകൊണ്ടു പറഞ്ഞു.

'അവൾ ഇറങ്ങേണ്ടതുണ്ട്.
കറുത്ത വസ്ത്രത്തിൽ നിന്നും, മുറിയിൽ നിന്നും,
വെളിച്ചം വീഴുന്ന മണ്ണിലേക്ക് അവൾ ഇറങ്ങി വരേണ്ടതുണ്ട്.
ചങ്ങലകൾ പൊട്ടിച്ചെറിയേണ്ടതുണ്ട്.
ഓരോ സ്ത്രീക്കും കലാപം സൃഷ്ടിക്കാൻ പോന്നത്ര; നൃത്ത ചുവടുകൾ തീർക്കാനുള്ള ശക്തി ആ കാൽപാദങ്ങൾക്കുണ്ട്.
ഹനിയ ഇറങ്ങി വരേണ്ടതുണ്ട്. അവളുടെ ജീവിതത്തിലേക്ക്. 
അവൾ വാതിലുകൾ തുറക്കേണ്ടതുണ്ട്, അവളുടെ സ്വപ്നങ്ങളിലേക്ക്.'

പ്രിയപ്പെട്ടവനേ,
ചിലപ്പോഴൊക്കെ ഞാനൊരു ഹനിയയും നീയൊരു ഖൊമേനിയും ആണോ?
ആത്മ ആയാൾക്കു മുന്നിലേക്കായി ചിരിച്ചുകൊണ്ടൊരു ചോദ്യം എറിഞ്ഞു, നൃത്ത ചുവടുകൾ തീർക്കാൻ സോഫയിൽ നിന്നും എഴുനേറ്റുപോകുന്നു.
അയാൾ മദ്യം വലിച്ചു കുടിക്കുന്നു.
അല്ല ഞാനൊരു ഖൊമേനിയല്ല.
അവൾക്ക് ചിരിക്കാൻ കഴിയുന്നു. നൃത്തം ചെയാനും യാത്രകൾ ചെയാനും കഴിയുന്നു.
ഞാനൊരു ഖൊമേനിയല്ല.