ഒളി

ചെയ്‌കുട്ട്യേടത്തിയും ജാനുവേടത്തിയും കിണറ്റിൻ കരയിലിരുന്നുകൊണ്ട് ഓർമ്മകളയവിറക്കി.
ഓർമ്മകളിൽ നടന്നുകയറിയ കാവിലെ പടികളും ഉറക്കമളച്ചിരുന്ന് കണ്ടുതീർത്ത ഉറഞ്ഞാടിയ കോലങ്ങളും കേട്ട കഥകളും പങ്കുവച്ച വിശേഷങ്ങളും വാർദ്ധക്യത്തിലും യൗവനത്തെ വിളിച്ചുകൊണ്ടിരുന്നു.

മുട്ടിനു തടവിക്കൊണ്ട് ജാനുവേടത്തി പറഞ്ഞു
'ല്ലാം ത്ര കൊല്ലായി ന്റെ ചെയ്യേ'

ഓല ചൂട്ടയും കത്തിച്ചുകൊണ്ട് കാവിലേക്ക് നിഴലുകൾ വരിവരിയായി വയൽക്കരയിലൂടെ നടന്നു നീങ്ങുന്നു. കുട്ടികൾ മത്സരിക്കുന്നു. തിരിച്ചുവരുന്ന പന്തങ്ങൾക്കിടയിൽ നിന്നും കുട്ടികളലറി. കണ്ടകർണ്ണന്റെയും കോമരത്തിന്റെയും കഥകൾ കൊച്ചുവിന്റെ കാതിലേക്ക് ഇടതടവില്ലാതെ ചെന്നിറങ്ങി.

കലശത്തിന്റെ പിന്നാലെ കാവിലേക്ക് ചെല്ലാൻ ആർപ്പുവിളികൾ കാതോർത്തു കിണറ്റിൻ കരയിൽ നിന്നുകൊണ്ട്  ജാനുവേടത്തിയുടെ കഥകൾക്ക് ഭാഗീകമായി ചെവികൊണ്ടു.
ഉയർന്നുപൊങ്ങുന്ന ബലൂണുകൾ.
തീ തുപ്പുന്ന പൊട്ടാസ് തോക്കുകൾ
ഇരുമ്പു പെട്ടിയിൽ തണുപ്പിച്ച ഐസ്ക്രീമുകൾ.
കാത്തിരിപ്പിൽ ആവശ്യങ്ങളുടെ പട്ടിക കൂടിക്കൊണ്ടിരുന്നു. ട്രൗസർ കീശയിൽ നിന്നും ചില്ലറത്തുട്ടുകൾ കിലുങ്ങി.

ആർപ്പു വിളികളിൽ താളം ആകാശത്തിലേക്കുയർന്നു.
കിണറ്റിൻ കരയിൽ നിന്നും കൊച്ചു വയൽക്കരയിലേക്കോടി.

"കുഞ്ഞാണ്യേടത്തി, ധാ ചെക്കൻ കലശത്തിന്റൊപ്പം പാഞ്ഞേക്കണ്"
ചെയ്‌കുട്ട്യേടത്തി കിണറ്റിൻ കരയിൽ നിന്നും ഉമ്മറത്തേക്ക് വിളിച്ചു പറഞ്ഞു.

കലശം തലയിലേന്തി അച്ഛാച്ചൻ ഉറഞ്ഞു തുള്ളുകയാണ്.
മേളം കാരണം വിളിച്ചിട്ടു കേട്ടില്ല. വിളക്കുകളും താളങ്ങളും അച്ഛാച്ഛനിൽ നിന്നുള്ള ദൂരം കൂട്ടി.
ആർപ്പു വിളികളിൽ കുരുത്തോല പന്തങ്ങൾ കൈകളിൽ നിന്നും ആകാശത്തെ ഇരുട്ടിലേക്ക് ഉയർന്നു പൊങ്ങി. വലിയ താലങ്ങൾ കൈകളിൽ നിന്നും കൈകളിലേക്ക് മാറിക്കൊണ്ടിരുന്നു.

കാലുകൾക്ക് വേഗതയില്ല.
പൊള്ളുന്ന തീ വെളിച്ചം തലയ്ക്ക് മുകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.
കാലുകൾ മുന്നിലേക്ക് നിരനിരയായി കടന്നു.
പന്തങ്ങൾ ദൂരേക്ക് നീങ്ങി. ഇരുട്ട് കയറിയ കണ്ണുകളിൽ ആകാശം മുഴച്ചു നിന്നു.
കലശത്തിന്റെ ആർപ്പു വിളികൾ കാതിൽ നിന്നും ഒഴിഞ്ഞുമാറി.
ഇരുട്ടിലെ പരപ്പിൽ വരമ്പിൽ നിന്നും വയലിലേക്ക് വെളുത്ത കുഞ്ഞികാലുകൾ പൂണ്ടിറങ്ങി.
നനഞ്ഞ കാലുകളിൽ ചളിപ്പാടുകൾ മുകളിലേക്ക് കയറി. കീറിയ നീലട്രൗസർ ചളി തൊട്ടു.
കഴുത്തോളം ചളിയിൽ ആണ്ടപ്പോൾ പേടിച്ചരണ്ടുകൊണ്ട് കൊച്ചു ഉറക്കെ നിലവിളിച്ചു.
കാലുകൾക്കും കൈകൾക്കും അനക്കമില്ലാതെ ചളിയിൽ ഉയർന്ന തലകൾ ഇരുണ്ട ആകാശത്തിലേക്ക് നോക്കി നിലവിളിച്ചുകൊണ്ടേയിരുന്നു.

കലശം കാവിലെ പടികൾ കയറി ഭഗവതിയുടെ നടയിലേക്ക് ആർപ്പുവിളികളുമായി നീങ്ങി.
മേലരിയുടെ അടുത്തായി വട്ടമിട്ടുകറങ്ങിയ കലശകോലം താഴെയിറക്കി വച്ചുകൊണ്ട് രാഘവൻ നെടുവീർപ്പിട്ടു. 'അമ്മേ ഭഗവതി'.
നെറ്റിയിൽ നിന്നും വിയർപ്പ് ഊഴ്ന്നിറങ്ങി.
തോളിൽ നിന്നും തോർത്ത്മുണ്ടെടുത്ത് മുഖം തുടച്ചു.

ഓലപ്പടക്കങ്ങൾ ഉരുണ്ടുകൂടിയ തീ ചക്രവാളങ്ങൾക്കിടയിൽ നിന്നും പൊട്ടിത്തെറിച്ചു.
ശബ്ദം കാതുകളെയടപ്പിച്ചു. തീയ് പുകതുപ്പി.
കലശവും രാഘവനും ആകാശത്തേക്കുയർന്നു. രാഘവന്റെ കലശമേന്തിയ ഇരുകൈകളും തൊഴുകൈയ്യോടെ ഭഗവതിയുടെ മുന്നിൽ വന്നുവീണു. ഉടലും തലയും താഴേക്കിറങ്ങാതെ അപ്രത്യക്ഷമായി.

ചൂട്ടയും അറ്റുവീണ ശരീരങ്ങളും കാവിൽ ഉറഞ്ഞുതുള്ളി.
കോമരം നിറഞ്ഞാടി.
അരയാലിലകൾ ചുവന്നു. വിളക്കുകൾ എണ്ണയില്ലാതെ കത്തികൊണ്ടിരുന്നു.
കീറിയ ചെണ്ടയിൽ നിന്നും കോലുകൾ മേളമിട്ടു. മേളത്തിനൊപ്പം ഉടവാളുമായി തമ്പുരാട്ടി ഇറങ്ങിവന്നു.
ദൈവം ആകാശത്തേക്ക് രാഘവന്റെ തലയന്വേഷിച്ചു പറന്നുപോയി. മലയൻ ഭ്രാന്തുപിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളി. മുടിയും ഭാരവും താങ്ങാൻ കഴിയാതെ മലയൻ നിലത്തുവീണു പിടച്ചു.

കിണറ്റിൻ കരയിൽ കാല് നീട്ടി വച്ചുകൊണ്ട് ചെയ്‌കുട്ട്യേടത്തി പറഞ്ഞു,
'തമ്പുരാട്ടി ഇറങ്ങികാണും അല്ലേ ജാനു.'
അറ്റമില്ലാത്ത ഇരുട്ടിലേക്ക് ജാനുവേട്ടത്തിയും ചെയ്‍ക്കുട്ടേടത്തിയും കണ്ണുകൾ നീട്ടിവച്ചു.
അകത്തുനിന്നും ഇറങ്ങിവന്നുകൊണ്ട് കുഞ്ഞാണി ചോദിച്ചു,
'ചെക്കുട്ട്യേ, മ്മക്ക് കാവിലേക്ക് നടന്നാലോ?'
'ആവൂല കുഞ്ഞാണിയെ... ആ ബയല് മൊത്തം ചളിയല്ലേപ്പാ.'

ആകാശത്തു തീക്കൂന സ്ഫടികം തീർത്തു. പുക ഇരുണ്ടു കൂടി.
കിണറ്റിൻ കരയിൽ നിന്നും കുഞ്ഞാണിയേട്ടത്തിയും ചെയ്‌കുട്ട്യേടത്തിയും ജാനുവേട്ടത്തിയും കണ്ണുകൾ തുറന്നുപിടിച്ചു.

കഴുത്തറ്റം ചളിയിൽ താഴ്ന്നുകൊണ്ട് കൊച്ചു ഒളിയിൽ വയലിലേക്ക് കത്തിയമരുന്ന തലകൾ വീഴുന്നതുകണ്ടു. വരമ്പിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുമറഞ്ഞു.
കുത്തി കെടുത്തിയ ഓലച്ചൂട്ടുകൾ എരിഞ്ഞമർന്നു.

മലയന്റെ ഓള് വ്രതംനോറ്റ് മുറ്റത്തുകൂടെ ഉലാത്തി.
ആകാശത്തുയർന്നു പൊങ്ങിയ തീക്കൂനയിൽ ഇറയത്തു തൂങ്ങിയാടി തൂക്കുവിളക്കിന്റെ വെട്ടം കെട്ടടങ്ങി.
കാവ് ഉയർന്നുകത്തി. ഉറഞ്ഞുതുള്ളുന്ന തമ്പുരാട്ടിക്കായി കീറിയ ചെണ്ടകൾ താളമിട്ടുകൊണ്ടേയിരുന്നു.


(16 July 2017)
x

No comments:

Post a Comment

വായിച്ചതിനു നന്ട്രി