രാഗിണി

ആത്മാക്കളുടെ ചിരിയിൽ നിലാവ് വീഴുന്ന പുളിമരം കാട്ടിനിടയിലെ കൂരയിൽ ഇരുട്ട് പരന്നു.
ഒച്ചപ്പാടുകളോടെ കതകുകൾ കൊട്ടിയടഞ്ഞു. കർക്കിടത്തിലെ ചിത്തിര സൂര്യനെക്കാളും മുന്നേ നാളെയുയർന്നുവരും.

മുപ്പത്തിയെട്ടു വയസ്സ്.
കാലവും നാളുമറിയാത്ത ഭൂതകാല യാത്രകൾ. അല്ലെങ്കിലും അറിഞ്ഞിട്ടെന്തിനാണ്, നരകളുടെ എണ്ണം കണക്കുകൂട്ടാം എന്നല്ലാതെ. എന്നിട്ടും ഈ ദിവസം ഓർമിക്കപ്പെട്ടത്‌ എന്തിനായിരുന്നു.

മഴപെയ്തുണങ്ങിയ ആകാശത്തിൽ ആത്മാക്കളുടെ ചിരി പടർന്നു പൂത്തു. പൊട്ടിയ ഓടുകൾക്കിടയിലൂടെ മിന്നലുകളെ പോലെ ചിരികൾ താഴെവീണു. ഇരുട്ടിലും കൂട്ടായി ആത്മാക്കളുടെ സ്മരണ.
പുളിമരത്തിലേക്കുള്ള സ്‌കൂൾ കുട്ടികളുടെ കല്ലേറിൽ പൊടിമണലുകൾ ഊഴ്ന്നിറങ്ങി.
മണൽതരികൾ രാഗിണി ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി.
അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി കുട്ടികളെ ആട്ടിയോടിച്ചു.

തയ്യൽക്കടയിലേക്കെന്നോളം കുളിച്ചൊരുങ്ങി ഉമ്മറത്തേക്കു വന്നു.
വെയിലിനു ഉഷസന്ധ്യയുടെ ചുവപ്പ്.
പുളിച്ചപ്പുകൾ ചവറുകളായി. ആത്മാക്കൾ കാവൽ കിടന്നതായിരിക്കും.
ആത്മാക്കൾക്കു പുളിയുടെ മണമാണ്.
രാഗിണി തന്റെ കൈ മണത്തു; തനിക്കും പുളിയുടെ മണമാണ്. ചുണ്ടുകളിലെ ചിരി കണ്ണാടയിൽ തട്ടി പരിലസിച്ചു.
പുറത്തേക്കിറങ്ങിയ പല്ലുകൾ മോണകളിൽ ഒതുക്കുവാൻ ശ്രമിച്ചു, മുഖത്തെ വെള്ളപ്പാണ്ടുകളിൽ കണ്ണാടിയിൽ തിളങ്ങിയ ചിരി പ്രതിഫലിച്ചു. വെള്ളപ്പാണ്ടുകൾക്കു ചുറ്റും ഇരുട്ട് പരന്നു, ചിമ്മിണി വിളക്കിലെ കരി.

താനുമൊരു പ്രേതം തന്നെയാണ്.
രാഗിണി ചിരിച്ചു.

അകത്തുകയറി ഷെൽഫ് തുറന്നു,
മുന്നേ വാങ്ങിവെച്ച നീളമുള്ള സ്വർണ തൂക്കു കാതിൽ ചെവിയിൽ തൂക്കിയിട്ടു.
കണ്ണാടികൾ നോക്കി കാതിലുകൾ കിലുക്കി. ആലിലകളുടെ അനക്കമാണ്.
വെള്ള പാണ്ടുകൾ ഇഴഞ്ഞു കയറിയ കണ്ണുകൾക്ക് മുകളിലായി ഐ ലൈനർ കൊണ്ട് കറുപ്പിച്ചു.
പാണ്ടിലെ കറുത്ത വരകൾ ചിരട്ടകൾ പോലിഴഞ്ഞു.
സാരി അഴിച്ചുവച്ചു. പകരം ധൈര്യമില്ലാത്തതുകൊണ്ട് ഉടുക്കാതെ മാറ്റിവച്ച ടോപ്പും ജീൻസും ധരിച്ചു.
മൂന്നരയടി ശരീരത്തിൽ ആലിലകൾ ഇളകിമറിഞ്ഞു. ചിരട്ടകൾ കുതറിയോടി. പുറത്തേക്ക് തെറിച്ച വെള്ളപ്പല്ലുകൾ കാട്ടി രാഗിണി ഉറക്കെ ചിരിച്ചു.

കതകുകൾ കൊട്ടിയടച്ചുകൊണ്ട് പുറത്തേക്ക് തള്ളിയ പല്ലുകളിൽ ചിരിവിടർത്തി മുറ്റത്തേക്കിറങ്ങി, തയ്യൽക്കടയിലേക്കുള്ള നിത്യവഴിയിൽ പുളിയിലകളുടെ കൂടെ രാഗിണിയുടെ ശരീരത്തിൽ പൂശിയ മുല്ലപ്പൂ മണം ഇറങ്ങിച്ചെന്നു.

സ്‌കൂൾ ജനാലകളിൽ കുട്ടികൾ കൂട്ടം കൂടി.
എന്നും ഭയംകൊണ്ട് ഓടിയൊളിക്കാറുള്ള കുട്ടികളുടെ കണ്ണുകൾക്ക് ഇന്നൊരു കാഴ്ചവസ്തുവായി.
പൊട്ടിച്ചിരിയുടെ ഒച്ചപ്പാടുകൾ ജനാലകൾ താണ്ടി പുറത്തേക്കിറങ്ങിവന്നപ്പോൾ കാതുകളിൽ ആലിലകളുടെ അനക്കം കേട്ടു. സ്‌കൂൾ പറമ്പിലൂടെ നടക്കുമ്പോൾ കർക്കിട വെയിൽ മേനിയിൽ തറച്ചുകയറി. സ്റ്റാഫ് റൂമിൽ നിന്നും ക്‌ളാസുകളിൽ നിന്നും ടീച്ചർമാർ പുറത്തേക്കിറങ്ങി, പരസ്പരം മുഖം നോക്കി ചിരിച്ചു. ആശ്ചര്യവും പരിഹാസവും മൈതാനത്തേക്ക് പറന്നു. അകാല വാർദ്ധക്യത്തിലും ഒരോരോ കോപ്രായങ്ങളെന്ന് നളിനി ടീച്ചർ പറഞ്ഞത് കാതിലുകളെയനക്കി. കൗമാരവും യൗവനവും പരിഹാസ ചൂടിൽ മുറിക്കുള്ളിൽ പനിപിടിച്ചു കിടക്കുകയായിരുന്നെന്നു ടീച്ചർക്കറിയില്ലല്ലോ.
രാഗിണി മനസ്സിൽ പറഞ്ഞു.

തുണി സഞ്ചിയിൽ നിന്നും താക്കോൽ പുറത്തേക്കെടുത്തു ഷട്ടറിലേക്ക് നോക്കി, ഭൂതകാലത്തിലെ പനിപിടിച്ച ചിത്രങ്ങളാലോചിച്ചു നിശബ്ദമായി നിന്നു. കവലയിലെ ബസ്റ്റോപ്പിൽ ഹോണടിച്ചുവന്ന ബസ്സിന്റെ ചക്രങ്ങൾ ഉറച്ചു നിന്നു.
ബസ്സിൽ നിന്നും തലകൾ പുറത്തേക്കിറങ്ങി, കണ്ണുകൾ രാഗിണിക്ക് ചുറ്റും വട്ടമിട്ടു.

പാണ്ടത്തിക്ക് ഭ്രാന്തായെന്ന് ആരോ വിളിച്ചുപറഞ്ഞു. കാതുകളും ഷട്ടറിട്ടു.
മുപ്പത്തിയെട്ടാം പിറന്നാൾ. മുത്തപ്പന്റെ നടയിൽ ചെന്നാൽ തിരുവപ്പനയും വെള്ളാട്ടവും കാണാമെന്നു തീരുമാനിച്ചുകൊണ്ട് പറശ്ശിനിക്കടവിലേക്ക് നടന്നു.
വയലുകൾക്കിടയിലെ ഊടുവഴിയിലൂടെ കയറിയിറങ്ങി.
കുത്തിയൊഴുകുന്ന പുഴക്കരയിൽ മുല്ലപ്പൂവിന്റെ പണം പറന്നു.
ആഴിയിൽ നിന്നും തിരകൾ ഉയിർത്തെഴുന്നേറ്റു. പീച്ചാളികൾക്കു പോലും മനുഷ്യ ശരീരത്തെ കൊത്തിവലിക്കാൻ ഫലം നൽകുന്ന പുഴയാണ്. അമ്മയെ തിന്ന പുഴ.

അമ്മയെ പുഴതിന്നുന്നതു കണ്ടിട്ടുണ്ട്.
കരച്ചിൽ നിർത്താതെ പുഴയുടെ ഓരത്തിൽ നിന്നും മാടിലേക്ക് ഓടിവന്ന് നിസ്സഹായയായി അവൾ കരയുകയായിരുന്നു.
ഒന്നരവർഷം കഴിഞ്ഞു; മുത്തശ്ശി മരിക്കുംവരെ ചുവരുകൾക്കപ്പുറം കണ്ടിരുന്നില്ല. ഭീതിയുടെ ശബ്ദ കോലാഹളം.
വിശയ്ക്കുന്ന വയറാണ് ചുവരുകൾക്കപ്പുറത്തേക്ക് കൈപിടിച്ചിറക്കിയത്.
രാഗിണിക്ക് ഭ്രാന്താണെന്ന് പറയാത്ത നാവുകൾ ചുരുക്കം.
പരിഹാസവും ഒറ്റപ്പെടലും ശീലമായാൽപ്പിന്നെ എല്ലാത്തിനെയും ധൈര്യംകൊണ്ടു പക വീട്ടാൻ തോന്നും.

രാഗിണിക്ക് പക നാവുകളോടാണ്.
അമ്മയെ തിന്ന പുഴയോടാണ്.
വെളിച്ചമിറങ്ങിവരുന്ന പകലിനോടാണ്.
കണ്ടിട്ടില്ലാത്ത ആത്മാക്കളെ മാത്രം സ്നേഹിച്ചു. പ്രേതങ്ങളുടെ വഴിനടപ്പുകാണാൻ ജനാലകളുടെ മറകൾ അഴിച്ചുവച്ചു. നിലാവുകളിൽ കണ്ണുകൾ തുറന്നുറങ്ങി.

പുഴയിലേക്ക് കാലുകളിറക്കി വെയിൽ മറയ്ക്കുന്ന തെങ്ങിൻ ചുവട്ടിലിരുന്നു.
പുഴയിലേക്ക് കണ്ണുകൾ തട്ടുംപോഴൊക്കെ കൈകളുയർത്തി മുങ്ങിത്താവുന്ന അമ്മയുടെ മുഖമാണ്. ഒഴുകുന്ന പുഴയുടെ നിശബ്ദതയിൽ ഓളങ്ങൾ വട്ടമിട്ടു. നിഴൽപാടുകൾ വലയം തീർക്കുന്നു.
ഉച്ചയേറ്റിനായി ചെത്തുകാർ ഓലചാപ്പകൾ തുറക്കുവാൻ പുഴക്കരയിലേക്കിറങ്ങിക്കൊണ്ടിരിക്കുന്നു.
കാലുകൾ കരയിലേക്കുയർത്തി. ചെണ്ടമേളം മടപ്പുരയിലേക്ക് ക്ഷണിക്കുന്നു.
മടപ്പുരയും മുത്തപ്പനും ഓർമകളിൽ എവിടെയുമില്ല. കൂരയിലെ സന്യാസവും ചുവരുകൾ ഭേദിച്ചുകടന്നുവന്ന പരിഹാസങ്ങളുമല്ലാതെ.

വിശപ്പ് കരഞ്ഞു.
മുത്തപ്പനെ കാണുന്നതിനുമുന്നേ ഊട്ടുപുരയിൽ പലകയിലേക്കുള്ള വരിയ്ക്കു പുറകിലായി മുന്നിലും പിന്നിലും നിന്ന  സ്ത്രീകളുടെ അടച്ചചിരി വീർപ്പുമുട്ടി. പാണ്ടിനെയോ പുറത്തിറങ്ങിയ പല്ലുകളെയോ ഭയന്നിട്ടാവണം.

സമയം കീറി മുറിച്ചു.
മുഖം തിരിക്കാതെയുള്ള കണ്ണുകളുടെ ഒളിഞ്ഞുനോട്ടം. ഊണിനായി പലകയിൽ ഇരിക്കുമ്പോൾ ആരോ പതിയെ പറഞ്ഞു
"ഓൾക്ക് പ്രാന്താണ്, ബേണേൽ അങ്ങോട്ട് മാറിയിരുന്നോ"
ഊണ് വിളമ്പുന്നതിനു മുന്നേ മുന്നിൽ വിരിഞ്ഞു കിടക്കുന്ന ഇല മടങ്ങി. എഴുനേറ്റ് ഊട്ടുപ്പുരയ്ക്ക് പുറത്തേക്ക് കടന്നു.
യുക്തിയില്ലാത്ത പരിഹാസത്തിൽ വിരിയുന്ന ഭ്രാന്ത്. അതേ ഭ്രാന്തിൽ തന്നെയാണ് ഇത്രനാളും പിടിച്ചു നിന്നിട്ടുള്ളതും.
ചുറ്റുമുള്ളവരുടെ കണ്ണുകളിലേക്ക് നോക്കാതെ, ജീവനിൽ നോക്കാതെ മൗനത്തിൽ പരിഹാസം. യാഥാർഥ്യം, തല കുനിക്കേണ്ടയാവശ്യമില്ല. മനുഷ്യരിലേക്ക് നോക്കാതെ കണ്ണുകൾ പ്രകൃതിയിലേക്കിറങ്ങിയാൽ ലോകം സുന്ദരമാണ്.
രാത്രിയിൽ പ്രേതങ്ങൾ വഴി നടക്കുന്ന നിലാവുപോൽ മിഥ്യ! മിഥ്യയാണ് യാഥാർഥ്യം.

മേളങ്ങൾക്കിടയിൽ നിന്നുകൊണ്ട് മുത്തപ്പൻ കൈകൾ ചേർത്തുപിടിച്ചു ചോദിച്ചു.
"സന്യാസം സുന്ദരമാണ്, പക്ഷെ സന്തോഷമുണ്ടോ?"
ഓർമകളിലെവിടെയും ആരും തന്നെ ചേർത്തുപിടിച്ചിട്ടില്ല, ആദ്യമായി തന്റെ ബലിഷ്ഠമായ കൈകൾ മറ്റൊരു കൈക്കുള്ളിലേക്ക്. ദൈവത്തിന്റെ കൈകൾ. പൂതൽപിടിച്ച മരത്തിന്റെ കൈകളിൽ പച്ചിലകൾ.

മുടിയിൽ നിന്നും പറിച്ചെടുത്ത തുളസി കൈകളിലേക്ക് വച്ചുകൊണ്ടു മുത്തപ്പൻ ചോദ്യം ആവർത്തിച്ചു.
"മുത്തപ്പനുണ്ടായിരുന്നില്ലേ കൂടെ, വിളിക്കായിരുന്നില്ലേ.
വിളിക്കാത്ത ദൈവങ്ങൾ ആരുമുണ്ടായിരുന്നില്ല, മുത്തശ്ശി പറഞ്ഞുകേട്ട പേരുകളൊക്കെ വിളിച്ചിരുന്നു. ആരും പുളിമരങ്ങൾക്കിടയിലേക്ക് വന്നില്ല.
'എല്ലാം ഭേദമാകും കേട്ടോ.' അവസാനമായി വാക്കുകൾ ഉരുവിട്ടുകൊണ്ട് മുത്തപ്പൻ രാഗിണിയുടെ കൈകളെടുത്തുമാറ്റി.
അമ്പും വില്ലും കൈയിലേന്തിക്കൊണ്ട് ജനങ്ങൾക്കിടയിലേക്ക് ദൈവം നടന്നടുത്തു. സമാധാനത്തിനായി ഉറക്കെ കരഞ്ഞു.

രാഗിണിയുടെ കാലുകൾ പിന്നിലേക്ക് നീങ്ങി.
പുഴയിലേക്കിറങ്ങുന്ന പടികളിൽ കാലുകൾ പതിഞ്ഞു.
കൈപിടിച്ചിറങ്ങിപോയ അമ്മയുടെ മുഖമായിരുന്നു, ചുവരുകൾ തല്ലി അലറികരയുമ്പോൾ ചേർത്തുപിടിച്ച മുത്തശ്ശിയുടെ ഇടറാത്ത ശബ്ദമായിരുന്നു ദൈവത്തിന്.
കാലുകൾ പുഴയിലേക്കിറങ്ങി. തണുപ്പിൽ തലമുടിയോളം ഊളിയിട്ടു.
കാലുകളെ അകത്തേക്ക് വലിച്ചു. ഓളങ്ങളിൽ കാലുകൾ വളയംചെയ്യപ്പെട്ടു.
അമ്മയുടെയും മുത്തശ്ശിയുടെയും മുഖങ്ങൾ. കാലങ്ങളിൽ ഇരുട്ടുകയറി, പിന്നിലേക്ക് നടന്നു.
കർക്കിടകത്തിലെ ചിത്തിര മുപ്പതു തവണയും അത്യുച്ചത്തിൽ ആരവം മുളക്കി. പരമമായ ആനന്ദത്തിലേക്ക് കണ്ണുകളടച്ചു.
അടച്ച കണ്ണുകളിലും വളയം വയ്ക്കുന്ന ഓളങ്ങളിലേക്ക് തുളച്ചുകയറുന്ന വെയിൽതട്ടി.
കൊത്തിവലിക്കാൻ വന്ന പീച്ചാളികൾ പല്ലുകളിൽ അറ്റുവീണു. പെയ്തിറങ്ങുന്ന നിലാവിൽ പ്രേതങ്ങൾ വഴിനടക്കുന്നത് ആദ്യമായി രാഗിണി കണ്ടു.

ചിലപ്പോൾ മനസ്സും ഇതുപോലെ ചുഴിയിൽപെടാറുണ്ട്. പിന്നെ തലചുറ്റലുമായി എഴുനേൽക്കുന്നതുവരെ ഉറക്കമാണ്.
ഇതാണത്രേ ഭ്രാന്ത്. അമ്മയും മുത്തശ്ശിയും പറഞ്ഞു.
"ആനന്ദം ഞാനറിയുന്നു, സന്തോഷം ഞാനറിയുന്നു"
രാഗിണി ഉറക്കെ ചിരിച്ചു.


(25 July 2017)

No comments:

Post a Comment

വായിച്ചതിനു നന്ട്രി