കൗമാരം

നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നു.

എന്ത് മനോഹരമായ വികാരമാണ്.
പക്കുവതയില്ലാത്ത കൗമാരം പിറകെ വന്നുകൊണ്ട് മനസ്സിനെ തണുപ്പിച്ചു നിർത്തുകയാണ്.
മനസ്സ് ശാന്തം, കാരണങ്ങളില്ലാതെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നുകൊണ്ടിരിക്കുന്നു.
എപ്പോഴൊക്കെയോ മനസ്സിൽ മഴപെയ്തു തോർന്നു പോയിട്ടുണ്ട്,
പക്ഷെ ഇതുപോലെ ആഘോഷിച്ചുകൊണ്ട് പെയ്തിരുന്നോ എന്നറിയില്ല.

മനസ്സിൽ കുളിരു വീണിട്ടുണ്ട്,
ഓടിന്റെ മുകളിൽ അവസാനിക്കുന്ന മഴയുടെയും മരങ്ങളിൽ തട്ടി ഉലയുന്ന കാറ്റിന്റെയും ഒച്ചപ്പാടുകൾക്കിടയിലൂടെ ജനലിലൂടെ പുറത്തേക്ക് അറ്റമില്ലാതെ നോക്കി ഇരുന്നപ്പോഴൊക്കെ മനസ്സിൽ എവിടെയൊക്കെയോ കുളിരു വീണിട്ടുണ്ട്. സ്‌കൂൾ ഫോട്ടോയിൽ നിന്നും കീറിയെടുത്ത പേഴ്സിൽ ഒളിപ്പിച്ചുവച്ചൊരു ഫോട്ടോ അപ്പൊളാക്കെ കയ്യിലുണ്ടായിരുന്നു.

രാവിലെ വീഴുന്ന തണുപ്പും,
ബസിലെ തിരക്കും,
നീലയും വെള്ളയും നിറങ്ങളും,
ഒളിഞ്ഞു നോക്കാൻ പാകത്തിന് വരിതെറ്റി നിന്ന അസംബ്ലിയിലെ പിറു പിറുപ്പുകളും,
പിറകിലെ ബെഞ്ചിൽ നിന്നും പിന്നിലെ ജനലിലൂടെ പുറത്തേക്ക് ഓടി പോയിരുന്ന കണ്ണുകളും,
ഉച്ചയിലെ ലോങ്ങ് ബെല്ലിനു ശേഷമുള്ള ഒച്ചപ്പാടുകളും, മറ്റൊരു ലോങ്ങ് ബെല്ലിൽ തീർക്കുന്ന നിശബ്ദതയും ഒക്കെ കഴിഞ്ഞു അലോസരപ്പെടുത്തുന്ന ഒന്നുംതന്നെയില്ലാതെ താഴെ വീഴുന്ന മഴയെ നോക്കി ചാറലടിക്കുന്ന വരാന്തയിലും, പുഴയിലേക്ക് വീഴുന്ന സൂര്യനെ നോക്കി എത്രയോ നേരം പാലത്തിലും നേരം കൂട്ടിയിട്ടുണ്ട്.
ഓടിന്റെ മുകളിൽ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികൾ എണ്ണിയിരുന്നിട്ടുണ്ട്.
രാത്രിയിൽ നോട് ബുക്കിൽ ഒരു പേര് ആവർത്തിച്ചാവർത്തിച്ചു എഴുതിയിട്ടുണ്ട്.
അടിവയറ്റിൽ കുളിരു വീണിട്ടുണ്ട്.
മനസ്സ് മുഴുവൻ കുളിരുകൊണ്ട് തരിച്ചിട്ടുണ്ട്‌.

ഒരേ ഒരു 'ഹലോയിൽ' അതേ കൗമാരത്തിലേക്ക് ഇറങ്ങി ചെന്നതുപോലെ,
നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നത് പോലെ.

ഭാവനകളും, അനാവശ്യ ചിന്തകളും ഒന്നും ഒന്നും ഒന്നും ഇല്ലാതെ വർത്തമാനം നിശബ്ദമായി കൊണ്ടുപോവുകയായിരുന്നു. രാവിലെ ഉറക്കത്തിലെവിടെയോ വന്നൊരു ഓർമ്മയിൽ തീർത്ത ഫോൺ കോളിൽ വർത്താനങ്ങളൊന്നുമില്ലാതെ ഹലോയിൽ മാത്രം അവസാനിച്ച സംഭാഷണത്തിൽ തരിച്ചു നിന്നതിനു ശേഷം, തിമിർത്തു പെയ്യുന്ന മഴ. ആഞ്ഞു വീശുന്ന കുളിർ കാറ്റുകൾ.
വർത്തമാന ജീവിതം അല്ലെങ്കിൽ യൗവനം ഇത്രയും ഭാരമുള്ളതാക്കുന്നതെന്തിനെന്ന് ചോദിക്കുകയാണ്.

മറന്നുപോയ പല ഗാനങ്ങളും യൂടൂബിൽ തിരയുകയാണ്,
സംവാദങ്ങൾക്കവസാനം മറന്നു പോകുന്ന രാഷ്ട്രീയവും കാഴ്ചപാടുകളും എന്തായിരുന്നുവെന്ന് ഓർക്കുകയാണ്.
ആശുപത്രി കെട്ടിടത്തിന് പിന്നിലെ ഗസ്റ്ഹൗസ് വരാന്തയിലേക്ക് രണ്ടു വഴികളിലൂടെ ആരും കാണാതെ വന്നിരുന്ന വൈകുന്നേരങ്ങൾ. പലതും ആദ്യാനുഭവങ്ങൾ, എല്ലാത്തിലും ജിജ്ഞാസ അല്ലെങ്കിൽ കൗതുകം ഒളിപ്പിച്ചുവച്ച കൗമാരം.

യൗവനത്തിൽ നിന്നും ഒരു 'ഹലോ' കാലത്തെ പിന്നോട്ട് വലിച്ചിരിക്കുന്നു. കൗമാരത്തിൽ വന്നുപെട്ടിരിക്കുന്നു. താടിയും ചുണ്ടിൽ ഒട്ടിപ്പിടിച്ച കറുപ്പും ഒരു ഭാരം പോലെ, തലയിലെ നരച്ച മുടി തട്ടിയിട്ടും പോകുന്നില്ല. ഡെസ്റ്ററിൽ നിന്നും വീണ ചോക്കിന്റെ പൊടിയായിരിക്കും.

മുന്നിലെവിടെയോ ആരൊക്കെയോ
ഓർഗാനിക് കെമിസ്ട്രിയും, ചരിത്രവും കൂട്ടുപിടിച്ചു താരാട്ടുപാടുന്നു.
സൈനിനെയും കോസിനെയും കുറിച്ച് മനസ്സിലാവാത്ത പ്രാസങ്ങൾ.
കബീർദാസിന്റെ ഈരടികൾ, മലയാളം കവിതകൾ.
താളത്തിൽ വീഴുന്ന പ്രതിധ്വനിയുള്ള ബെല്ലടികൾ.
എല്ലാത്തിനുമപ്പുറം,
കടമ്പേരി ഉല്സവവും, ലാൻഡ് ഫോണിന്റെ അറ്റത്തു നിന്നും കേട്ടിരുന്ന പാട്ടുകളും.
നീളം കുറഞ്ഞ കറുത്ത പാവാടയും, നീല പാവാടയും.
ഓട്ടോഗ്രാഫിന്റെ കൂടെ ഷെൽഫിൽ പൊതിഞ്ഞു വച്ച ഇളം പച്ച ഷാളും.

ഓരോ രാത്രി മഴകളിലും
എത്രയെത്ര കുളിരോർമ്മകൾ ഒലിച്ചു പോയിക്കാണും,
എത്രയെത്ര പ്രണയങ്ങൾ പൂവിട്ടു കാണും,
എത്രയെത്ര ഓർമ്മകൾ നുരഞ്ഞു പൊന്തിക്കാണും.
എത്രയെത്ര കവിതകൾ ജനിച്ചുകാണും.
പ്രായത്തെ ഓർത്തു കാലത്തെ പിഴക്കുന്ന യൗവന - വാർദ്ധക്യങ്ങൾ അറ്റമില്ലാതെ മഴയിലേക്ക് നോക്കിയിരുന്നുകാണും.
അപ്പോഴും കഴിഞ്ഞുപോയ കാലത്തെ ഓർത്തുകൊണ്ട് അടിവയറ്റിലൊരു കുളിർ വീണു കാണണം.

നാളെയെ ഓർത്തു ഇന്നിനെ മടുപ്പിക്കാതെ - എന്ന് പറഞ്ഞുപോയ കൗമാരത്തിന്റെ ശബ്ദത്തിലെ 'ഹലോ'!
പിന്നെ, പ്രായം മറന്നു നമ്മുടെ മനസ്സിനെ ചെറുപ്പമാക്കാൻ കഴിയുന്ന സംഗീതവും മദ്യവും.

'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായി വിടരും നീ...'

No comments:

Post a Comment

വായിച്ചതിനു നന്ട്രി