Showing posts with label ഹരിദ്വാർ. Show all posts
Showing posts with label ഹരിദ്വാർ. Show all posts

ഹരിദ്വാർ

1191, തുലാം 27
ഹരിദ്വാർ


പ്രിയപ്പെട്ട പാറു,

കുടജാധ്രി ചിതമൂലയിൽ നിന്നും നീ എന്റെ ഒപ്പം തന്നെയുണ്ട്, പക്ഷെ ഇവിടെ ഈ ദുർഗന്ധങ്ങൾക്കിടയിൽ നിന്നെ ഞാൻ ഉപേക്ഷിക്കുകയാണ്. 
നീയും ഞാനും തമ്മിലുള്ള അകലം ഈ ഹരിദ്വാർ യാത്രകൊണ്ട് ഞാൻ തിരിച്ചറിയുകകയാണ്. നിന്റെ കൂടെയുള്ള യാത്രകളുടെ മുഴുവൻ ഓർമകളും ഇവിടം മുതൽ എനിക്ക് അന്യമാണ്. അതെ, ഇവിടെ ദുർഗന്ധങ്ങൾക്കിടയിൽ എനിക്ക് നിന്നെ ഉപേക്ഷിക്കേണ്ടി വരികയാണ്, നീ എന്നെ ശപിക്കുക.
കാവി വസ്ത്രം ധരിച്, എല്ലാ ഉത്തരവാധിതങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഈ മാനസ ദേവി ക്ഷേത്ര നടകളിൽ ഇവരുടെ കൂടെ വന്നിരിക്കാൻ എനിക്ക് കഴിയില്ല.
എന്റെ ഉത്തരവാധിതങ്ങളിൽ നിന്നും എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല, എനിക്ക് ഈ കാവി വസ്ത്രം ചേരില്ല; കാരണങ്ങൾ എന്തുമാവട്ടെ.

സ്വയം ജീവൻ ത്യജിച്ച സതി ദേവിയുടെ ക്ഷേത്രത്തിനു മുന്നിൽ, മുടന്തനായ അച്ഛനെ നോട്ടു മാലകൾ ചാർത്തിയ ശൂലതിന്റെ അരികിൽ നിർത്തി യാചിക്കുന്ന പന്ത്രണ്ടുകാരി അംബയെ നീയും കണ്ടതല്ലേ.
ആത്മഹത്യ ചെയ്ത് ദേവിയായി മാറിയ സതിയുടെ മുന്നിൽ നീ അടങ്ങുന്ന ആത്മീയതയിൽ മുങ്ങി കുളിച്ചവർ പണ കെട്ടുകളും, സ്വർണ നാണയങ്ങളും നിക്ഷേപിക്കുംബോൾ എനിക്ക് ദേവിയായി തോന്നിയത് അംബയെയാണ്, അംബയ്ക്  ഞാൻ എന്റെ മനസ്സിൽ വിഗ്രഹവും സൃഷ്ടിച്ചു കഴിഞ്ഞു.
അവൾ ദേവി പുത്രിയായി ജനിച്ചില്ല. അവൾക്കും അമ്മയുണ്ടായിരുന്നു, ചേച്ചിയും ചേട്ടനും അടങ്ങുന്ന കുടുംബമുണ്ടായിരുന്നു. ഇന്നവൾക്ക് മുടന്തനായ അച്ഛൻ മാത്രമേ ഉള്ളുവെങ്കിലും.
ഈ സ്വർണ മാളികയിൽ കുടിയിരിക്കുന്ന ദേവിയെക്കാളും  വികലാംഗനായ ഒരുവന് വേണ്ടി നിറ കണ്ണുകളോടെ യാചിക്കുന്ന അംബയെ പോലുള്ളവരെ സ്നേഹിക്കാൻ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
റോഡിൽ നിന്നും മലമുകളിൽ നിൽക്കുന്ന ദേവി ക്ഷേത്രത്തിൽ കാടുകളിലൂടെയുള്ള നടപ്പാതയിൽ കീർത്തനം മുഴക്കി പോകുന്ന കാവി വസ്ത്ര ധാരികൾക്ക് കൊടുക്കുന്ന കുടി വെള്ളം പോലും അംബയ്ക് കിട്ടാത്തത് ആത്മീയതയിലേക്ക് അവൾക്ക് കടന്നു ചെല്ലാനുള്ള പക്വത ഇല്ലാത്തതു കൊണ്ടല്ലേ. വിശപ്പിന്റെ  മുറ വിളികൾക്കിടയിൽ അവൾക്കെങ്ങനെ നിങ്ങളെ പോലെ മിഥ്യയായ ദേവിയിൽ വിശ്വാസം അർപ്പിക്കാൻ കഴിയും. അവൾ വിശ്വസിക്കുന്നത് സ്നേഹത്തിലും പണത്തിലുമാണ്, അത് അവൾ ജീവിതം കൊണ്ട് പഠിച്ചതാണ്. ആ പണം കണ്ടെത്താൻ അവൾക്ക് കയ് നീട്ടുക എന്നല്ലാതെ മറ്റു വഴികളില്ല, അത് അവളുടെ സാഹചര്യം, അവളെടുത്ത തീരുമാനം.

നിനക്കൊക്കെ ജോലി എടുത്ത് ജീവിച്ചോടെ എന്ന് പറഞ്ഞു അവളെ ആട്ടിയോടിച് , ക്ഷേത്രത്തിലേക്ക് കാട്ടിലൂടെയുള്ള വഴിയിലെ മരങ്ങളിൽ കെട്ടി തൂക്കിയ മണികൾ മുഴക്കി ആത്മീയ ഭ്രാന്ത് പ്രകടിപ്പിച്ച നീ ഭാരത് മാതായുടെ ആറു നിലയുള്ള ക്ഷേത്രത്തിലേക്ക് ആർപ്പു വിളിച്ചു കൊണ്ട് നീങ്ങുന്ന ഭക്തരുടെ കൂടെ നാല് കിലോമീറ്റർ കാട്ടിലൂടെ നടന്നു നേടിയതെന്താണ്.

അറിയാം, ജീവിതത്തിൽ നിന്ന് ഒളിച്ചോടി ഇവിടെ ഈ ദേവി സന്നിധിയിൽ വന്നിരിക്കുന്ന ആയിര കണക്കിന് കാവി ധാരികൾക്കും നിന്നെ പോലുള്ള ആത്മീയ വാധികൾക്കും ഇത് തിരിച്ചറിയാൻ കഴിയില്ല.
പക്ഷെ നീ മറ്റൊന്ന് കൂടിയറിയണം, ശാന്തികുഞ്ഞ് ആശ്രമാതിനടുത് ദേവി ഭക്തന്മാർ നടത്തുന്ന യോഗ കേമ്പിൽ നിന്നും ഭയം കൊണ്ട് നീ ഇറങ്ങി വരുംബോഴും,
കോയമ്പത്തൂരിൽ നിന്നും ഒളിച്ചോടി ഇവിടെ ശരീരം വിറ്റു ജീവിക്കുന്ന മൂന്നാം ലിംഗകാരിയായ മരുതയുടെ കൂടെ ഒരു ഭക്തരും പേടികൊണ്ട് ഇറങ്ങാത്ത ഗംഗയുടെ തനി സ്വരൂപം കാണിക്കുന്ന ഹരി കി പുരിയിലെ ഗംഗ തീരത്തോട് ചേർന്നുള്ള കാവി വസ്ത്ര ധാരികൾക്ക് ജീവിതത്തിലേക്ക് തിരിഞ്ഞു ചിന്തിക്കുമ്പോൾ അതൊഴിവാക്കാനായി ലഹരിയുടെ മറ പിടിക്കാൻ പുക ചുരുളുകൾ വിൽക്കുന്ന രാജസ്ഥാനിയുടെ കട തിണ്ണയിലാണ്  അംബ ജീവിക്കുന്നത്. അവൾ അവിടെ സുരക്ഷിതയാണ്, ആ വേശികൾക്കിടയിൽ അവളുടെ ശരീരവും സുരക്ഷിതമാണ്.

എന്നെങ്കിലുമൊരിക്കൽ നിനക്കേറ്റവും പ്രിയപ്പെട്ട വാരാണസിയിലോ ധനുഷ് കൊടിയിലോ നീ എന്നെ കണ്ടു മുട്ടിയേക്കാം, ആ ഒരു നിമിഷം ചിലപ്പോൾ ഞാൻ അന്ധനായി മാറിയേക്കും.
നീ ചുംബിച്ച, നിന്ടെ ചുണ്ടുകളുടെ നീര് വറ്റിയിട്ടില്ലാത്ത ചുവന്ന മണികൾക്ക് ചുറ്റും ഞാനും ചുംബിചിട്ടുണ്ട്, ആത്മീയത ഒട്ടും കലരാതൊരു ചുംബനം., അത് മാത്രമാണ് എനിക്ക് നിനക്കായ്‌ തരാനുള്ളത്‌.

എന്ന് സ്വന്തം
-