കാമുകി - രാത്രി

14 കര്‍ക്കടകം 1193
ദില്ലി

പ്രിയപ്പെട്ട കാമുകി,


രാത്രിയായി കഴിഞ്ഞിരിക്കുന്നു. നീ ഉറങ്ങിയിരിക്കുന്നു.

ചിലന്തി വലകളിൽ നിന്നും രക്ഷപെടുന്ന കൊതുകുകളെ സൂക്ഷ്മമായി നോക്കി നിന്നുകൊണ്ട് ഞാൻ എന്നെ പോലും മറന്നുപോവുന്നു.
എന്നിട്ടും എവിടെനിന്നോ കാമുകാ എന്ന നിന്റെ വിളി ഞാൻ കേൾക്കുന്നു.
നീ വരില്ലെന്നറിഞ്ഞിട്ടും ഞാൻ നിനക്കായി കാത്തിരിക്കുന്നു.
അല്ലെങ്കിലും, നിശ്ശബ്ദതയ്ക്കും വാക്കുകൾക്കും അപ്പുറത്താണല്ലോ നിന്റെ പ്രണയത്തിന്റെ സൂക്ഷ്മതകൾ.

കൊടുമുടിയിൽ നിന്നുകൊണ്ട് പ്രണയിക്കാൻ വിടാത്ത, ആഗ്രഹം തോന്നുമ്പോൾ നിന്റെ ശബ്ദം കേൾക്കാൻ കഴിയാത്ത, ഒന്ന് തലോടാൻ കഴിയാത്ത ഈ ദൂരത്തോട് എനിക്ക് ദേഷ്യം തോന്നുന്നു.

ചേർത്തുപിടിച്ചുകൊണ്ട് കൂടെ ദൂരകാഴ്ചകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
ആ ആഗ്രഹങ്ങൾകൊണ്ട് കഴിഞ്ഞ രാത്രികളിൽ തുടങ്ങിയ നിശബ്ദതയെ ഞാൻ കീറിമുറിക്കുന്നു.

അപ്പോഴും നീ നിശബ്ദമാണ്. നിന്നിൽ ദേഷ്യമാണ്.

ദേഷ്യം കൊണ്ട് പ്രണയം മറച്ചു വയ്ക്കുന്നു. സ്വയം സങ്കടപെടുന്നു.
ഒരു വഴിയേയുള്ളു, നീ എന്റെ ഉള്ളിലേക്കിറങ്ങുക.
എനിക്ക് നിന്നെ പ്രണയിക്കാനുള്ള പ്രചോദനമേതെന്ന് കണ്ടെത്തുക; നിന്റെ ഹൃദയത്തിന്റെ അത്യഗാധതകളിലേക്ക് അതിന്റെ വേരുകളോടിയിട്ടുണ്ടോയെന്ന് നോക്കുക.
ഇതെന്തൊരു ഗതി എന്നൊരവസ്ഥയിലേക്കു താനെത്തിയിട്ടുണ്ടോയെന്നു സ്വയം ചോദിക്കുക.

ശേഷം, തിരക്കുള്ള പ്രഭാതത്തിൽ മഴചാറുന്ന ബസ് സീറ്റിലിരുന്നുകൊണ്ട് ഇങ്ങനെ സ്വയം ചോദ്യം ചെയ്യുക 'ഞാൻ പ്രണയിക്കണോ?

സത്യസന്ധമായ ഒരുത്തരത്തിനായി തനിക്കുള്ളിലേക്ക് ആഴത്തിലാഴത്തിൽ കുഴിച്ചിറങ്ങുക. മുഴങ്ങുന്നൊരു സമ്മതമാണു മറുപടിയെങ്കിൽ,
ഗൗരവപൂർണ്ണമായ ആ ചോദ്യത്തെ ‘പ്രണയിക്കാം’ എന്ന ലളിതമായ പുഞ്ചിരിയോട് കൂടി ഇളം കാറ്റിനാൽ തന്നെപ്പോലും മറന്നുപോവുന്നുവെങ്കിൽ, നിനക്കതിന്മേൽ സ്വന്തം ജീവിതം പടുത്തുയർത്താം. ഇപ്പോഴതു നിന്റെ ജീവിതാവശ്യമായി മാറിയിരിക്കുന്നു.
അതിലുള്ള ത്വരയാണ് ഇനിയങ്ങോട്ടുള്ള നിന്റെ ജീവിതം.
ആ ജീവിതത്തിൽ തെറ്റും ശെരിയും ഒന്നുമില്ല. അതിരുവിട്ട അരിത്മെറ്റിക്സില്ല.
ഏതു നിമിഷവും ഉണങ്ങാവുന്നതോ അല്ലെങ്കിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാവുന്നതോ ആയ വേരുകൾ മാത്രം.

പ്രണയം ഒരിക്കലും ഒരു കാര്യവും അത്ര സൂക്ഷ്മമായി പരിശോധിക്കില്ല.

ഓരോ രാത്രികളും ആവർത്തനങ്ങളില്ലാതെ കഴിഞ്ഞ ദിവസങ്ങൾ പോലെ പ്രതീക്ഷകളെ മങ്ങലേൽപ്പിക്കുന്നതാവാം.
ചില രാത്രികളിൽ പൊട്ടിച്ചിരികളും ചിലപ്പോൾ നിശബ്ദതയും ആവാം.
കാത്തിരിപ്പുകൊണ്ട് ഉറക്കം വീഴുന്ന രാത്രികളുമാവാം.
സ്വപ്നം കാണുന്ന മനുഷ്യരെന്ന കാരണം കൊണ്ട് പ്രവചിക്കാൻ പറ്റാത്ത വികാര പ്രവേശനങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റും കറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ടല്ലോ.

മുഷിക്കാതെ ഞാൻ വീണ്ടും പറയുന്നു.

എനിക്ക് നിന്നെ അത്രയേറെ ഇഷ്ടമാണ്.
ദൃഢമായ സൗഹൃദമില്ലാതെ ഒരു പ്രണയത്തിനും എന്റെ ജീവിതത്തിലേക്കുള്ള ദീര്‍ഘകാലത്തേക്കുള്ള അടിത്തറ പാകാനാവില്ല എന്ന് ഞാൻ ഓർമിപ്പിക്കട്ടെ.

ഒരു കാര്യം കൂടിയുണ്ട്. ഇല്ല, ഒന്നുമില്ല, ഓമനച്ചുണ്ടുകളേ!


എന്ന്,

അനേകായിരം വസന്തത്തിൽ വിരിഞ്ഞ പ്രണയത്തോടെ
കാമുകൻ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി