പാപ കർക്കിടകം

വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ഓണം.
ചിത്രയുടെ വീട്ടിലേക്കുള്ള ഓണക്കോടികളും ആട്ടിറച്ചിയും ഇന്നലെ ഉത്രാട പാച്ചലിനിറങ്ങിയപ്പോൾ വാങ്ങി വേറെത്തന്നെ പാക്ക് ചെയ്തു വച്ചിരുന്നു. രാവിലെ മാമാനത്തും പറശ്ശിനിയും തൊഴുതശേഷം അവളുടെ വീട്ടിലേക്കിറങ്ങാൻ നിൽക്കെയാണ് ക്ലബ്ബിൽ നിന്നും ചിത്രയ്ക്ക് രയിശന്റെ കോൾ.

'ചേച്ചി, നിങ്ങൾ വീട്ടിലേക്ക് പോകുന്നില്ലേ?'
 

'ഞങ്ങളിറങ്ങാൻ നിൽക്കുവാണ്, ചേട്ടൻ കാർ മുറ്റത്തേക്കിറക്കി തിരക്ക് കൂട്ടുന്നുണ്ട്.'


'എന്നാൽ ക്ലബ്ബിന്റെ അടുത്ത് നിർത്താൻ പറ, ഞാനും വരാം. ഓണക്കോടിയൊക്കെ നിങ്ങൾ വാങ്ങീട്ടുണ്ടാവുവല്ലോ.'


കല്ല്യാണം കഴിഞ് ഒരുവർഷത്തിന് ഇനി പന്ത്രണ്ട് ദിവസം. ഇതുവരേക്കും രയിശൻ മുന്നേ വരാമെന്ന് പറഞ്ഞു പറ്റിച്ച പലദിവസങ്ങളും ക്ലബ്ബെത്തുന്നതുവരെ ചിത്ര ഓർത്തു പറയുമ്പോൾ അത്ഭുതം സന്തോഷത്തിന്റെ വകഭേദങ്ങളോടെ മുഖത്തുകണ്ടു.

ചിത്രയുടെ വീട്ടിൽ പോയാൽ അകത്തേക്ക് കയറുന്ന പതിവ് കുറവാണ്.
കൂട്ടുകുടുംബമാണ്. എന്തുകരുതുമെന്ന ചിന്ത മാറാനുള്ള പരിചയം വന്നിട്ടില്ല. കാലുനീട്ടി തുരുമ്പുപിടിച്ച നൂൽ കസേരയിലിരിക്കും.


'ചായ എടുക്കട്ടേ? ചെത്താൻ പോയിട്ടില്ലേ? വിശേഷം വല്ലതും?' എന്നതിൽ കവിഞ്ഞുള്ള വർത്തമാനവും കുറവാണ്.


രയിശൻ അടുക്കളയിൽ കല്ല്യാണത്തിന് ശേഷംതൊട്ടുള്ള വിശേഷം പറച്ചിലാണ്.
കോട്ടത്തും, ആലക്കക്കാരുടെ പൂക്കളവും കണ്ട്  തിരിച്ചുവന്നപ്പോഴേക്കും മൂന്നു മണിക്കൂർ.

വീട്ടിലെത്തി അടുക്കളയിലെ ടേബിളിനു ചുറ്റും അഞ്ചുപേരും വട്ടത്തിലിരുന്നു.

ഓണവും വിഷുവും കർക്കിടവാവും മാത്രമാണ് എല്ലാവരും ഒരുമിച്ചിരിക്കുന്നതെന്ന് അപ്പോഴോർത്തു.
കഴിഞ്ഞ വാവിന് തിരുനെല്ലിയായിരുന്നു. അമ്മമ്മയുടെ ബലിപൂജ.

ഇനി വണ്ടിയെടുക്കാൻ എന്നെ വിളിക്കരുതെന്ന് ചിത്രയെ ഓർമിപ്പിച്ചശേഷം രയിശനു പിന്നാലെ രഞ്ജിത്തും ക്ലബ്ബിലേക്കിറങ്ങി.
എട്ട് ലിറ്റർ കള്ളും, രയിശൻ സംഘടിപ്പിച്ച രണ്ടു സ്ക്കോച്ചും പതിമൂന്നുപേരും.
ക്ലബ്ബിന്ന് മാറിയുള്ള പുഴക്കരയിൽ പിന്നെയൊരു ബഹളമായിരുന്നു. കഴിഞ്ഞയാഴ്ചത്തെ ഓണപ്പരിപാടികളുടെ കുറ്റവും കുറവുംതൊട്ട് എങ്ങോട്ടേക്കോ പോയി. പാട്ടും ആട്ടവും ബഹളവും.
മനസ്സറിഞ്ഞുള്ള ഏതോരുവന്റെ സന്തോഷത്തിന്റെ താക്കോൽ പൂട്ട് തുറന്നപോലെ പരമാനന്ദസുഖം പതിമൂന്നുപേരിലേക്കും മഞ്ഞുപോൽ മൂടിയിരുന്നു.

രാവിലെ ചെത്താൻ തെങ്ങിലേക്ക് എങ്ങനെ വലിഞ്ഞുകയറിയെന്ന് ഇപ്പോഴും ഓർമ്മയില്ല. ഡീഹൈഡ്രേഷൻ, ഭക്ഷണം അകത്തേക്ക് കയറാത്ത അവസ്ഥ.
ഉപ്പിട്ട നാരങ്ങാവെള്ളം കപ്പിൽ കലക്കി ഓണക്ഷീണം തീർക്കാൻ മുറ്റത്തിരുന്നു.

'രഞ്ജിത്തേ..രഞ്ജിത്തേ ..'
കുന്നിൻപുറത്തു നിന്നും നാരാണേട്ടൻ മുറ്റത്തേക്ക് ഓടിവരുന്നു. വിയർത്ത് വിറച്ച്. വായ തുറക്കാനാവാതെ പിന്നിലേക്ക് കൈ ചൂണ്ടി. പാമ്പിനെ വല്ലോം കണ്ടു പേടിച്ചിട്ടാവുമെന്ന് ഊഹിച്ചു. കാത് ചെരിച്ചുവച്ച് മുന്നിൽ നിന്നു.

'രയിശൻ തൂങ്ങി..'
ആദ്യം മനസ്സിലായില്ല. പലകുറി അയാളത് ആവർത്തിച്ചു.
അമ്മയും ചിത്രയും മുറ്റത്തേക്ക് പാഞ്ഞുവന്നു.
കണ്ണിൽ ഇരുട്ട് കേറി. കൈ വിറയ്ക്കാൻ തുടങ്ങി. അകത്തുകയറി രയിശന്റെ മുറിയുടെ വാതിലിനു മുട്ടി. തുറക്കാത്തതിനാൽ വാതിൽ തുറന്ന് അകത്തുകയറി. നെഞ്ചിൽ കാളിയാൻ മിന്നി.

കുന്നുംപുറത്തേക്ക് ഓടിക്കയറി. പ്ലാവിന്റെ കൊമ്പത്തു തൂങ്ങിയാടുന്ന രയിശന്റെ കാലുകളിലൂടെ ഇന്നലപെയ്ത മഴയുടെ ബാക്കി തുള്ളികൾ.

പുലർച്ചെ മൂന്നുമണിവരെ ഒരുമിച്ചിരുന്ന, പാട്ടുപാടിയ, ആഘോഷിച്ച ജീവനറ്റ അവന്റെ ശരീരം. കഴിഞ്ഞ ഇരുപത്തിയേഴു വർഷങ്ങളുടെ തയമ്പ് പറ്റിയ കൂടെപിറപ്പിന്റെ ജീവനില്ലാത്ത ശരീരം.
മരവിച്ച വിരലുകൾ, ഇരുട്ട് പിടിച്ച മുഖം.

ആരോവന്ന് കയറഴിച്ചപ്പോൾ അനക്കമില്ലാതെ താഴേക്ക് വീഴുന്ന അവന്റെ ശരീരം കണ്ടു.
പോലീസ് ജീപ്പും ആംബുലൻസും ആൾക്കൂട്ടവും.
കാഞ്ഞിരകൊള്ളിക്ക് തീ കൊളുത്തി ശ്മശാനത്തിൽ നിന്നിറങ്ങിവന്ന ശേഷം വാതിലടച്ചു.
രണ്ട്, മൂന്ന്, നാല് സിഗരറ്റുകൾ ആവർത്തിച്ച് കൊളുത്തി. സിഗററ്റിനൊപ്പം മൂന്നു ദിനരാത്രങ്ങൾ മാഞ്ഞുപോയി.

സഞ്ചയത്തിന് പുറത്തേക്കിറങ്ങി. 
വിശ്വസിക്കാനാവാതെ പതിനൊന്നുപേർ മുറ്റത്തിരിക്കുന്നുണ്ട്. മൂക്കറ്റം കുടിച്ചിട്ടുണ്ട്. സജീവന്റെയും വിത്തിന്റെയും നനഞ്ഞ കണ്ണുകൾ.
പോക്കറ്റിൽ നിന്നും കിട്ടിയ അഞ്ചുവരിയിൽ കാരണങ്ങളൊന്നുമില്ല.
മാപ്പപേക്ഷയെന്നപോലെ വെറും അഞ്ചുവരി. അച്ഛന്, ചിത്രയ്ക്ക്, അമ്മയ്ക്ക്, കൂട്ടുകാർക്ക്, പിന്നെ രഞ്ജിത്തിന്.
കാലത്തിന്റെ കൈകളിലേക്ക് ഓർമ്മയായി സ്വയം മാറിയൊരാളുടെ പിഴച്ച കണക്കുകൂട്ടലിനു പിന്നിലെ കാരണങ്ങൾ ആരും ചർച്ചചെയ്യാൻ തുനിഞ്ഞില്ല. അത്രയേറെ വിഷാദമാക്കുന്ന ഒന്നിനെക്കുറിച്ചും മനുഷ്യൻ ദീർഘകാലം ചിന്തിച്ചിരിക്കില്ലെങ്കിലും ബാക്കിയില്ലാത്ത മനുഷ്യരൊക്കെ കുറ്റബോധമെന്നപോൽ കണ്ണിനുമുന്നിൽ വന്നുനിൽക്കുമെന്ന് പോയവന് അറിയുമായിരുന്നിരിക്കണം.


ചിത്ര അദിതിയെ നാലുമാസം വയറ്റിൽ ചുമക്കുമ്പോഴാണ് അന്തിചെത്തിനിടെ തെങ്ങിൽ നിന്ന് വീഴുന്നത്, നട്ടെല്ലിനും വലതുകാലിനും സാരമായ പരിക്കോടുകൂടി മംഗലാപുരം കെഎംസിയിൽ ആറുമാസം. 


'ഷാപ്പിൽ കള്ളുകൊടുത്തു കഴിഞ്ഞാൽ നേരെ ഇങ്ങോട്ട് വരണം'

'വന്നിട്ട്?'

'എന്റെ വയറു തടവി ഇവിടിരിക്കണം'

'മുഴുവൻ സമയവുമോ?'

'ഉച്ചയ്ക്കും അന്തിക്കും ചെത്താൻ പോട്' ഞാൻ ചിരിച്ചു.

രണ്ടാമത്തെ മാസമാണ് വയറ്റിലുണ്ടെന്ന് അറിയുന്നത്. സന്തോഷം ഒരു പ്രഭാവലയം പോലെ അവളെ പൊതിഞ്ഞുനിന്നു. ആഹ്ലാദം ചിറകുനൽകി.
കുഞ്ഞാഗ്രഹങ്ങൾ പോലും സാധിക്കാതെ എന്ത് ഭാഗ്യംകെട്ട ജീവിതമാണ് എന്നോടെത്തെന്ന ചിന്തകൾ എന്നിലേക്ക് ചാഞ്ഞിറങ്ങി.

കീറിമുറിച്ച അടിവയറ്റിലെ വേദനയിൽ എനിക്കപ്പുറം കിടന്ന് അലമുറയിടുന്നത് നോക്കി പകലും രാത്രിയും ഞാൻ മുഖം പൊത്തി കരഞ്ഞു. ചിറകറ്റ് വീണുപിടയുന്ന ചിത്രയെ ഞാൻ കണ്ടു. അവളെ അനുഗ്രഹിക്കണമേ ദൈവങ്ങളേയെന്ന് ഞാൻ പ്രാർത്ഥിച്ചു.

നടുപൊന്തി വീൽചെയറിൽ മുറ്റത്തേക്കിറങ്ങാൻ പാകമാകുമ്പോഴേക്കും അദിതിക്ക് മൂന്നുമാസം കഴിഞ്ഞിരുന്നു.
സന്ദർശകരുടെ എണ്ണം പതിയെ കുറഞ്ഞുവന്നു. ചാപ്പയിലെ സത്യേട്ടൻ മുറതെറ്റാതെ അന്തിക്കേറി വരുമ്പോൾ കേറും. എന്തേലും പച്ചക്കറിയോ മറ്റോ ഞേറ്റിയാവും.

'സുരേശനും തെങ്ങിന്ന് വീണതോടെ ചെത്താൻ ആളില്ലടാ'

'സുരേശന് ഇപ്പൊ എങ്ങനെ?'

'വാരിയെല്ല് പൊട്ടീന് പോലും, മംഗലാപുരത്തന്നെ'

കൊല അഴിച്ചുവിടാൻ പറഞ്ഞു. സുരേശന്റെ വീട് എങ്ങനെ കഴിയുമോ എന്തോ. സത്യേട്ടനും ഞാനും അടക്കം പറഞ്ഞു.
ഇൻഷുറൻസ് ഇല്ല എന്നത് ചെത്തുകാരുടെ ഒരു ശാപമാണ്. പ്രീമിയത്തിന്റെ കണക്ക് നോക്കിയാൽ അതടക്കാൻ കള്ള് വെക്കുന്നത് പോലാവും.

ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംസാരം മുറ്റത്തുന്നു കേട്ടു.
വെളിച്ചെണ്ണയും ചില ബേക്കറി കവറുകളും ചിത്രയെ ഏൽപ്പിച്ചു. ചില പേപ്പറുകൾ നേരെ നീട്ടി, തുറന്നു നോക്കാതെ ടീവിയുടെ ശബ്ദം കുറച്ചു.

'കോ-ഓപ്പറേറ്റിവ് ബാങ്കിന്റെ കലക്ഷൻ ഏജന്റായി ഒരൊഴിവുണ്ട്, പിന്നെയൊന്ന് നീതിസ്റ്റോറിലും.' സെക്രട്ടറി പറയുമ്പോൾ ചിത്രയെ തിരിഞ്ഞു നോക്കി. അച്ഛനും അമ്മയും കട്ടിലിനടുത്തു വന്നുനിന്നു.

'എന്താ കുഞ്ഞിരാമാട്ട?' അച്ഛന് നേരെതിരിഞ്ഞ് സെക്രട്ടറി ആരാഞ്ഞപ്പോൾ ചിത്രയുടെ പുറത്തുതട്ടി അവൾക്ക് മാത്രമായി തീരുമാനം വിട്ടുകൊടുത്തു.

സന്ദേഹങ്ങൾ ഒന്നുമില്ലാതെതന്നെ അവൾ ബാങ്കിലെ കലക്ഷൻ ഏജന്റ് ജോലി ഉറപ്പിച്ചു. പണക്കണക്കും സുഖവും മറ്റും നോക്കിയാൽ നീതിസ്റ്റോറിലെ ജോലിയാണ് ഭേദമെന്ന ധാരണ ചിത്രയ്ക്കുണ്ടായിരുന്നു.

'കുഞ്ഞുള്ളതല്ലേ, കലക്ഷൻ ഏജന്റിനിറങ്ങാം. അതാവുമ്പോ സമയം നോക്കി ഇറങ്ങാലോ.' ചിത്ര അഭിപ്രായം പറഞ്ഞു. കട്ടിലിനോരത്തിരുന്നു. ചിത്രയുടെ വിരലുകൾ രഞ്ജിത്തിന്റെ തയമ്പ് പിടിച്ച കൈക്കുള്ളിലൊതുങ്ങി. ഇരുവർക്കിടയിലും മൗനഭാഷ ഒഴുകിനീങ്ങുന്നത് സെക്രട്ടറി കണ്ടു. രണ്ടുമൂന്ന് ഫോം ഒപ്പിട്ടു വാങ്ങി. 



വീൽചെയറും വാക്കറും ഒഴിവാക്കിയപ്പോഴേക്കും വലതുകാലിന്റെ മുടന്ത് തെളിഞ്ഞുവന്നു. പുറത്തേക്കിറങ്ങാൻ മടിയായിരുന്നു. നടക്കാൻ പറ്റിയത് ഭാഗ്യമെന്ന് ആലോചിച്ചു. ഗർഭകാലം ഉശിരോടെ കൂടെ നിൽക്കാൻ കഴിയാഞ്ഞത് ഒരുഗർഭകാലം ചിത്രയുടെ കൂടെ വൈകുന്നേരങ്ങളിൽ കലക്ഷന് നടന്നുതീർക്കാമെന്ന് കരുതി. അവളുടെ കൂടെ നടന്നു. അദിതിയെ തോളിലേറ്റി.
വൈകുന്നേരത്തെ പാർട്ടി ഓഫീസിലേക്കുള്ള നടത്തിനിറങ്ങുമ്പോൾ അച്ഛൻ വാതിൽ പൂട്ടി മീറ്റർപെട്ടിയിൽ വച്ചു. അമ്മ തൊഴിലുറപ്പുശേഷം വഴിയിൽ കാത്തു നിൽക്കും.

ഒരു ഗർഭകാലം.


താൽക്കാലികമായി വളംഡിപ്പോയിൽ കയറി. മുടന്തൻറെ വളം ഡിപ്പോയെന്ന് പേരുവീണത് ഞായറാഴ്ച്ച ചാപ്പയിൽ പോയിരിക്കെ ചെത്തുകാർ പറഞ്ഞറിഞ്ഞു. കുറുപ്പിന്റെ വളംഡിപ്പോ അങ്ങനെ മുടന്തൻറെ വളംഡിപ്പോയായി.

'സ്കൂട്ടർ വാങ്ങുന്നതിനെപ്പറ്റി എന്താ അഭിപ്രായം?' ഞാൻ ചിരിച്ചു. ജോലിക്കാർക്ക് എന്തും ആവാലോയെന്ന് തമാശ പറഞ്ഞു.

പൊടുന്നനെയെന്നപോലെ തുടരെത്തുടരെയുള്ള അച്ഛന്റെ വയറുവേദന.
മൂത്രാശയത്തിൽ പഴുപ്പ്, കാൻസർ നാലാം സ്റ്റേജ്. പലകുറി തലശ്ശേരി കാൻസർ സെന്ററിൽ. ഓണം കഴിഞ്ഞു റേഡിയേഷൻ തുടങ്ങണമെന്ന് തീരുമാനിച്ചു. 

'വൈകിപ്പിക്കേണ്ട, ശനിയാഴ്ച്ച ഓണം. അത് കഴിഞ്ഞ് തിങ്കളാഴ്ച പോകാമെന്ന്' ഞാനും പറഞ്ഞു. 
അച്ഛനെ മാനസികമായി ഒരുതരത്തിലും ബാധിച്ചില്ലെന്ന് കാണിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നെ. ദിവസവും പാർട്ടി ഓഫീസിൽ നാലാം സ്റ്റേജ് ക്യാൻസറിനെ പറ്റിയുള്ള ചർച്ചകളായിരുന്നു. ക്യാൻസറിനെക്കുറിച്ചുള്ള എന്തെങ്കിലും വീഡിയോകൾ ദിവസവും വാട്സാപ്പ് ഗ്രൂപ്പിലേക്കിടും. 
റേഡിയേഷന് മുന്നേ അത്രയേറെ തയ്യാറെടുപ്പ് നടത്തി. വായനശാല ഗ്രൂപ്പ് കാൻസർ പ്രതിരോധ ഗ്രൂപ്പായി മാറിയെന്ന് ബ്രാഞ്ച്‌സെക്രട്ടറി തമാശപറയും.

രയിശ് പോയ രണ്ടാമത്തെ ഓണം. 

മൂടുപടം പോലെ ആഘോഷങ്ങൾ വേണ്ടെന്ന്, ഇക്കുറിയും ഇങ്ങനെപോട്ടെന്ന് പറഞ്ഞത് ചിത്രയാണ്. പത്രത്തിൽ കൊടുക്കാനുള്ള ഫോട്ടോയും മാറ്ററും അയച്ചുകൊടുത്തു.

'റേഡിയേഷൻ നല്ല വേദനയുണ്ടാവും അല്ലെ' സോഫയിൽനിന്ന് തല ചെരിച്ച് അച്ഛന്റെ ചോദ്യം.

'വേദനയില്ലാതിരിക്കാനല്ലേ മരുന്ന്' ചിത്ര പറഞ്ഞു.

'യൂണിയന്റെ ഒരു വീടുണ്ട്, റേഡിയേഷന് വരുന്നവർക്ക് താമസിക്കാനുള്ളത്. മൂന്നാഴ്ച പോയിട്ട് വരാനാക്കണ്ട, നമുക്ക് അവിടെ നിൽക്കാം. ആഴ്ചയിൽ വന്നുപോകുന്നതാണ് ഭേദം.'
യാത്രാപ്രശ്നം അങ്ങനെ പരിഹരിച്ചു.
'മറ്റന്നാളല്ലേ പോണ്ടത്. തുണിയൊക്കെ എടുത്തു വെക്കണ്ടേ' മനസ്സിന് താങ്ങാനാവാത്ത ആകുലതകളിൽ ശരീരം വിറയ്ക്കുന്നത് അച്ഛന്റെ നടത്തത്തിൽ കണ്ടു. 

'വീട്ടീന്ന് ആദ്യമായി മാറിനിൽക്കുന്നതിന്റെയാണ്' അമ്മ അച്ഛന് പിന്നിൽ നടന്നു. ഒരു പാരമ്പര്യം പോലെ.

'നാലുദിവസം കഴിഞ്ഞാൽ അദിതിക്ക് ഒരുവയസ്സ് തികയും, നാലാളെ വിളിച്ച് ഭക്ഷണം ഒരുക്കണ്ടേ' കട്ടിലിൽ അടുത്ത ചിന്തകളുമായി ചിത്രയും വന്നു.

'വിളിക്കണം, ക്ഷണിക്കണം. മംഗലാപുരം കൂടെകിടന്നവരെയും,  പകരം ചെത്തിയവരെയും വിളിക്കണം. അച്ഛൻ പോകുന്നതിനുമുന്നെ ചെറിയൊരു കേക്ക് മുറിക്കാം.' കൂട്ടിമുട്ടാത്ത വരവുചിലവു കണക്കുകൾക്കിടയിൽ സ്നേഹപ്രകടനങ്ങൾക്ക് കുറവ് വരരുതല്ലോയെന്ന് കണക്കുകൂട്ടി.
സാധരണ കിടക്കാൻ നേരം അദിതിയുടെ ഉറങ്ങാതെയുള്ള കളിയുള്ളതാണ്, നേരത്തെ കിടന്നു. ചിത്ര എന്തൊക്കെയോ പറഞ്ഞു, മനസ്സ് ഒന്നും കേട്ടില്ല.

സത്യേട്ടന്റെ ഫോണിൽ പറയുന്ന ശബ്ദംകേട്ട് ഉറക്ക് ഞെട്ടി. 

'പ്ലാവിൻ കൊമ്പില്, പുലർച്ചെ ആണെന്ന് തോന്നുന്നു..' എഴുനേറ്റ് പുറത്തിറങ്ങിയപ്പോൾ ചിത്രയും അമ്മയും അടുക്കളപ്പടിയിൽ നിലത്തിരുന്നു കരയുന്നു.

'അച്ഛൻ പോയി' ചിത്ര പറഞ്ഞു.

'എങ്ങോട്ട് പോയി' കണ്ണീർ കവിളിലൊട്ടി. 
അമ്മയുടെ കരച്ചിൽ.
കുന്നുംപുറത്ത് ആൾക്കൂട്ട ബഹളം.

വെട്ടിത്തെളിച്ച കുന്നുംപുറത്തെ രയിശൻ തൂങ്ങിയ അതേ പ്ലാവിൽ. അതേ കൊമ്പിൽ തൂങ്ങിയാടുന്ന കാലുകൾക്കിടയിലൂടെ വെളിച്ചം അടുക്കളവാതിലിൽ തട്ടി. തൂങ്ങിയാടുന്ന ജഡം എനിക്കന്ന്യമല്ലാത്ത വളരെ പരിചിതമായ ഒന്നുപോലെ തോന്നി.

പോസ്റ്മാർട്ടത്തിനു ശേഷം അകത്തെടുത്തു കിടത്തി. 

'ഇനി വേദന സഹിക്കണ്ടല്ലോ' അമ്മയെ ആശ്വസിപ്പിച്ചു.
ഇന്നലെ രാത്രി ആകുലതകൾ പങ്കുവച്ച വറ്റിയുണങ്ങിയ ഒരു സാധാരണ മനുഷ്യൻ ജഡമായി ഓലപ്പായയിൽ വെള്ളപുതച്ചു കിടക്കുന്നു.
റേഡിയേഷന് പോകാനുള്ള തുണിയെടുത്തുവയ്ക്കുന്നത് ആലോചിച്ചുകിടന്ന ആ മനുഷ്യൻ ഏത് നേരത്തായിരിക്കും മരിക്കാനുള്ള തീരുമാനമെടുത്തു കാണുക. മകന്റെ ഓർമ്മകളും അവൻ പോയവഴിയും ഓർത്തെടുത്തു അതിലേതന്നെ പോകുവാൻ എന്ത് കാരണമായിരിക്കും കണ്ടെത്തിയിരിക്കുക.
ഓർമ്മകളിൽ രയിശൻ തൂങ്ങിയാടി, അപരിചിതമായൊരു വാതിൽ തുറന്ന് അകത്തു കടക്കുന്നതുപോലെ, മരണം പതിയെ പരിചിതമായിത്തീർന്നു.

ഓരോ ഓർമ്മയും ഒരു കല്ലായി ഹൃദയത്തിലേക്ക് പതിഞ്ഞു. കണ്ണിൽ നിന്നൊരൽപ്പം ബാഷ്പം അദിതിയുടെ മുഖത്തേക്കുറ്റി.
ജഡമായി ശൂന്യമായി വേദനകളറിയാതെ കിടക്കുന്നത് കണ്ണടച്ചുനോക്കി. അദിതിയുടെ മുഖം വന്ന് നെഞ്ചത്ത് ആഞ്ഞൊരു കുത്ത്. അവൾ കരച്ചിൽ നിർത്തിയിട്ടില്ല. ഉച്ചക്കുറങ്ങിയിട്ടില്ല, വൈകിട്ട് പുഴക്കുപോയിട്ടില്ല.


മൂന്നാം ദിനം സഞ്ചയനം. വിളിക്കാതെ പലരും വന്നു. 
തന്റെ ആദ്യ ജന്മദിനം പിണ്ഡബലികണ്ടുണരേണ്ടിവരുന്ന അദിതിയുടെ ദുരവസ്ഥയെക്കുറിച്ചു മാത്രമാണ് ഞാനന്നോർത്തത്.

ശേഷംവന്ന കുംഭം തെല്ലല്ലാത്ത ആവേശത്തോടെ മീനത്തെയും ഇടവത്തെയും വിളിച്ചപ്പോൾ അടുക്കളഭാഗം നിലംപതിച്ചു. ലോണെടുത്ത് അടുക്കള വാർത്തു. വർക്കേരിയ കൂട്ടിയെടുത്തു. ഞെരുക്കത്തിലും അത് അനിവാര്യമായിരുന്നു.
കാലചക്രം തിരിഞ്ഞു. മലയാളമാസം നോക്കി അച്ഛന്റെയും രയിശന്റെയും ഫോട്ടോ ഒരുമിച്ചു പത്രത്തിൽ കൊടുത്തു. ഒരേ ഛായയുള്ള രണ്ടുമുഖങ്ങൾ.'വേദനയോടെ കുടുംബാങ്ങങ്ങൾ'.

അച്ഛൻ പോയതിനു ശേഷം അമ്മ പുറത്തേക്കിറങ്ങിയിട്ടില്ല. ശൂന്യതയുടെ കനം ഒരു കരിമ്പടം പോലെ ഇറങ്ങിവന്നു. ചിത്രയും അദിതിയും പോലും അമ്മയ്ക്ക് അപരിചിതരാവുന്നതുപോലെ.

ഇംഗ്ലീഷ് കലണ്ടറിൽ അദിതിയുടെ രണ്ടാം ജന്മദിനത്തിലേക്ക് പതിമൂന്ന് ദിവസം.

ചിത്രയോട് കുറച്ചുദിവസം വീട്ടിൽപോയി നിൽക്കാൻ പറഞ്ഞു. വേണ്ടെന്ന് അവൾ തീരുമാനിച്ചെങ്കിലും നിർബന്ധപൂർവ്വം പറഞ്ഞയച്ചു, ഓർമ്മകൾ ബാധ്യതയാവരുതെന്ന് ഓർമ്മപ്പെടുത്തി. 
അമ്മയുടെ അടുത്ത് ചേർന്നു കിടന്നപ്പോൾ, അച്ഛന്റെ ഓർമ്മകൾ അടഞ്ഞ വാതിലുകൾക്കുള്ളിൽ ഒരു കൊടുങ്കാറ്റ് പോലെ അലറിവിളിച്ചു. അമ്മയുടെ ഓരോ തേങ്ങലും ആ കൊടുങ്കാറ്റിൽ ശൂന്യതയുടെ കനത്ത തിരശ്ശീലകളെ തട്ടിമറച്ചു, അവശേഷിപ്പിച്ചത് തണുത്ത നിസ്സഹായത മാത്രം.
പതിമൂന്നു ദിവസത്തിനിടയിൽ കലക്ഷനിടെ ചിത്ര ഇടയ്ക്ക് സ്‌കൂട്ടറിൽ വന്നുപോയി.

പതിനാലാം നാൾ ചിത്രയുടെ വീട്ടിൽ ചെന്നു. പ്ലാസ്റ്റിക് കസേരയിൽ കാലു നീട്ടിയിരുന്നു. 

'പാപകർക്കിടകത്തിനു വേണ്ടത് ചെയ്യണം' ചിത്രയുടെ അച്ഛൻ ഉപദേശിച്ചു. മൂലയിൽ തുരുമ്പുകൾക്കിടയിൽ നൂലു കസേര ഒരു സിംഹാസനം പോലെ കിടന്നു. അതെന്നെ നോക്കിയൊന്ന് ഞെരുങ്ങി.

'കർമ്മചക്രം സദാ ഭ്രമ്യം, പ്രകൃതി നിയമം അലംഘ്യം.

കർക്കിടകേ ദുരിതം ഛേദിപ്പാൻ.
മരുന്നുകഞ്ഞി മമ ദേഹത്തിൻ, ആയുസ്സേകിടുമെന്നെന്നും' അച്ഛനെ നോക്കി ചിരിച്ചു.
അച്ഛൻ തലയിൽ കൈവച്ചപ്പോൾ ദേഹമൊന്ന് വിറച്ചു.
ചിത്രയുടെ പിറകിൽ സ്‌കൂട്ടറിലിരിക്കുമ്പോൾ അച്ഛൻ തലയിൽ കൈവച്ചതിന്റെ അർത്ഥവകഭേദങ്ങൾ തിരഞ്ഞ് മനസ്സ് കുന്നുകയറി.

ഈ കുംഭക്കൂറിലും ഒന്ന് കുലുങ്ങി.

ബാങ്കിന്റെ ഓഡിറ്റിങ് നടക്കുന്നു. ബ്രാഞ്ച് മാനേജരും ഡയറക്ടർ ബോർഡിലെ രണ്ടുപേരും വീട്ടിലേക്ക് വന്ന് ചിത്രയുടെ പാസ്സ്ബുക്കുകൾ എല്ലാം എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്കെടുത്തു. രണ്ടുദിവസത്തിനുള്ളിൽ ബാങ്കിൽ ഹാജരാവാനുള്ള നോട്ടീസും. 


'പേടിക്കാനൊന്നുമില്ല, ഓഡിറ്റിങ് വെരിഫിക്കേഷനാണ്' കാര്യം മനസ്സിലായില്ല.
ചിത്രയെ അദൃശ്യമായൊരു കാറ്റ് പിടിച്ചുലച്ചു.

ബാങ്കിൽ ചെന്നു. 

'ഡേ ഡെപ്പോസിറ്റ് അക്കൗണ്ടിലെ പണം ടാലിയാവാത്തതിലുള്ള പ്രശ്നമാണ്. ബാങ്കിൽ അടച്ചതായി കാണുന്നില്ല.'
അങ്ങനെവരാൻ വഴിയില്ലെന്ന് ചിത്ര ആവർത്തിച്ചു പറയുന്നുണ്ട്. 

'നമുക്ക് നോക്കാം, ചിലപ്പോൾ ക്ലറിക്കൽ മിസ്റ്റേക്ക് വല്ലതുമായിരിക്കും.' ബാങ്ക് സെക്രട്ടറി ആശ്വസിപ്പിച്ചു.



ബ്രാഞ്ചിലെ ക്ലർക്ക് സൗമ്യ ലഡ്ജറിൽ കൃത്രിമം കാണിച്ചതാണ്. മൂന്നു കലക്ഷൻ ഏജന്റുമാർ ഏൽപ്പിച്ച പലരുടെയും പണം ലഡ്ജറിൽ മാർക്ക് ചെയ്യുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്തിട്ടില്ല. ഏജന്റുമാർ അറിയാതെ നടക്കില്ലെന്ന് ടെക്‌നിക്കലായി പറയാമെങ്കിലും വിശ്വസിക്കുന്നവരിൽ നിന്നും ആരെങ്കിലും വഞ്ചന പ്രതീക്ഷിക്കുന്നുണ്ടോയെന്ന വരട്ടുവാദം വിലപോകില്ലല്ലോ. സൗമ്യയെ സസ്പെൻഡ് ചെയ്തു. നിയമപരമായി പിരിച്ചിവിടും.
ബാങ്കിനെയോ കസ്റ്റമറെയോ ബാധിക്കുന്നില്ലെങ്കിലും മറുപടിപറയേണ്ടത് ഏജന്റുമാരാണ്.
സമാധാനത്തോടെ തിരിച്ചിറങ്ങിയെങ്കിലും അന്ന് രാത്രി ചിത്രയുടെ ടെമ്പറേച്ചർ അസാധാരണമാവിധം കൂടിവന്നു. ചുട്ടുപൊള്ളുന്ന പനിയോടെ രാത്രി ആശുപത്രിയിൽ.

ഫോണിന്റെ ഡിസ്പ്ളെ പോയതിനാൽ കുറച്ചുദിവസത്തെ കാര്യങ്ങൾ ആരെങ്കിലും നേരിട്ട് പറയാതെ അറിഞ്ഞിരുന്നില്ല. കളക്ഷന് പോകുന്നിടത്തൊക്കെ കുത്തിയുള്ള പറച്ചിലും, പണം തരാതിരിക്കാനുള്ള ഒഴിഞ്ഞുമാറലും ചിത്രയെ ദുർബലപ്പെടുത്തിയിരുന്നു. ജോലിക്കിറങ്ങാൻ മടിച്ചു. ചിത്രയാണ് കൃത്രിമം കാണിച്ചതെന്ന ഇല്ലാക്കഥ ചിലരെങ്കിലും വിശ്വസിച്ചു.

പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് ബാങ്ക് നോട്ടീസ് ബോർഡിൽ പതിച്ചെങ്കിലും ചിലത് പറയുന്നതിൽ ചിലർക്ക് കിട്ടുന്ന സുഖത്തിനുവേണ്ടി അത് തുടർന്നു.
ചിത്രയെയത് ചെറുതല്ലാതെ തന്നെ ബാധിച്ചു. ജോലി അവസാനിപ്പിച്ചു വെറുതെയിരിക്കാനുള്ള ആലോചനയിൽ ചിത്ര അമ്മയെപ്പോലെ, അമ്മയോടൊപ്പം അകത്തളത്തിൽ ഒതുങ്ങിക്കൂടി.


മഴ എന്നത്തേക്കാളും ശക്തിയായി പെയ്തു.
നിർത്താതെയുള്ള മഴ. ഉരുളുപൊട്ടിവരുന്ന വെള്ളത്തിൽ പുഴ ചുവന്നു. 
സാധാരണ പുഴയിൽ ഇങ്ങനെ വെള്ളം കയറാറില്ല.

ഈ മലവെള്ള പാച്ചലിലും നാരാണേട്ടൻ വന്ന് പ്ലാവ് മുറിക്കുന്നത് ഓർമ്മപ്പെടുത്തി.
മുന്നേയും ഒന്ന് രണ്ടുതവണ സൂചിപ്പിച്ചിരുന്നു.

'ഇതുവരെ പെയ്ത മഴയ്ക്ക് വീണില്ലേൽ ഇനി വീഴുവോ?' സംശയം ചോദിച്ചപ്പോൾ നാരാണേട്ടനോന്ന് പരുങ്ങി.

അന്ന് രാത്രി സ്‌കൂളിലെ ക്യാമ്പിലേക്ക് മാറി.

മിഥുനം, കർക്കിടകം, ചിങ്ങം. പലരും ഞങ്ങളെനോക്കി കണക്കുകൂട്ടി. പ്ലാവ് മുറിക്കാൻ നാരാണേട്ടൻ പറഞ്ഞ പൊരുൾ മനസ്സിലാക്കാൻ വൈകി.

പലരുടെയും നോട്ടം അനുതാപമായി ഞങ്ങളിൽ പതിച്ചു. ഇത്തവണ ആരായിരിക്കും തൂങ്ങിയാടുകയെന്ന ശങ്കയിൽ കുടുങ്ങിയ നിശ്വാസം ഞങ്ങളിലേക്ക് നേരിട്ടും അല്ലാതെയും പതിച്ചു.

രയിശൻ പോയത് ഓഗസ്ത് ഇരുപത്തിയൊമ്പതിനാണേൽ അച്ഛൻ പോയത് സപ്തംബർ ആറിന്.  രണ്ടും രണ്ടുവർഷ വ്യത്യാസത്തിലെ ചിങ്ങത്തിലെ തിരുവോണ രാത്രിയായിരുന്നു. ക്യാമ്പിൽ നിന്നും ഇറങ്ങുന്നതുവരെ പലരും അത് ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
അഗാധമായ ഒരു ഗർത്തത്തിലേക്ക് അതെന്നെ തള്ളിയിട്ടു.

അച്ഛൻ മരിച്ചതിനുശേഷം അമ്മ കൂടുതൽ മിണ്ടിയിട്ടില്ല. തൊഴിലുറപ്പിനു പോകുന്നതടക്കം വേണ്ടെന്നുവച്ചുള്ള ഇരിപ്പ് തന്നെ. കാണുമ്പോഴൊക്കെ പിന്നിലെ പ്ലാവിലെക്ക് നോക്കി അടുക്കളപ്പടിയിൽ നിൽക്കും. വേണ്ടെന്ന് പറയാൻ തോന്നിയിട്ടില്ല. അച്ഛനും രയിശനും പോയ വഴിയേ പോകാനുള്ള ചിന്തകൾ അമ്മയിലേക്ക് പാറിക്കൂടുന്നുണ്ടോ എന്ന് ഭയന്നു.

ചിത്രയും കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ആകെ മാറിയിരിക്കുന്നു. മരണത്തിനു തൊട്ടു മുന്നേവരെ രയിശനും അച്ഛനും ജീവിതം മടുത്തുവെന്ന് തോന്നിപ്പിച്ചിട്ടില്ല. പിന്നെ ചിത്രയെയും അമ്മയെയും സംശയിക്കുന്നതിൽ എന്തർത്ഥം. സ്വയം ആശ്വസിപ്പിച്ചു.

കർക്കിടകം പകുതിയോടുകൂടി പുഴയിലെ വെള്ളമിറങ്ങി. 

അച്ഛന്റെ ഓർമ്മകളുടെ ഗന്ധമില്ലാതെ ശ്വാസം മുട്ടലോടുകൂടി അമ്മ വീട്ടിലേക്കിറങ്ങിയോടി. അകത്തുകയറി വാതിലടച്ചു.
മഴ നിന്നിട്ടില്ല.

'നാരാണേട്ടൻ പ്ലാവ് മുറിക്കാൻ പറയുന്നുണ്ട്'

'അത് മുറിക്കണോടാ, ഓർമ്മയല്ലേടാ!' അമ്മ പറഞ്ഞത് എന്നെ തെല്ലൊന്ന് ഭയപ്പെടുത്തി. എന്തോർമ്മയെന്നാണ് അമ്മ പറഞ്ഞത്. തൂങ്ങിയാടുന്ന ജഡമായ ഓർമ്മകളോ. പിന്നിലേക്ക് നോക്കിയാൽ ജീവനറ്റ കാലുകളല്ലാതെ മറ്റെന്ത് ഓർമ്മയാണ്. അതൊരോർമ്മയായിപ്പോലും അവശേഷിക്കരുതെന്ന് തോന്നി, പ്ലാവ് മുറിക്കണമെന്ന് തീരുമാനിച്ചു.

നാരാണേട്ടന്റെ വീട്ടിലേക്ക് കുന്നുകേറി. 

ആരാച്ചാറിന്റെ കണ്മുന്നിലേക്കെന്നപോലെ പ്ലാവിന്റെ നീളൻ കൊമ്പുകൾ നാരാണേട്ടന്റെ വീട്ടുമുറ്റത്തേക്ക് ചെരിഞ്ഞു നിന്നു.

'മുറിക്കാൻ ഒരാളെ ഇപ്പൊ'

'നൗഫലിനോട് ഞാൻ പറഞ്ഞിട്ടുണ്ട്. നാളെ വിളിക്കട്ടെ എന്നാൽ?'

നൗഫൽ വന്നില്ല. മഴക്കെടുതിയുടെ ഒഴിവുകൾ പറഞ്ഞു. നാണുവിനെയും നവാസിനെയും വിളിച്ചു. ഓണം കഴിയാതെ ആർക്കും സമയമില്ലത്രേ.

നൗഫലിന്റെ ഹെൽപ്പർ ബിഹാറിയെ വിളിച്ചു.
കർക്കിടകം തീരുന്ന ദിവസം. പാപകർക്കിടകത്തിന്റെ ശാപമോക്ഷമായ പ്ലാവ് മുറിക്കുന്നതുകാണാൻ മഴയത്തും ചുറ്റിലും മനുഷ്യർ.
ശക്തിയായി പെയ്യുന്ന മഴയിൽ വരാന്തയിൽ പലതവണ കയറി നിന്നു. 

ഇരുണ്ടു. കർക്കിടകം അതിന്റെ സർവ്വ ശക്തിയിൽ പെയ്തു.
മടങ്ങാൻ നിന്ന ബിഹാറിക്ക് ആയിരം രൂപ അധികമെടുത്തു നീട്ടി. ഡീസൽ മെഷീൻ കറക്കി ആഴമുറിഞ്ഞ തന്റെ ജീവിതത്തിലേക്ക് നീട്ടിയ രണ്ടഞ്ഞൂറിന്റെ നോട്ടുകൾക്ക് നേരെ അവൻ അവജ്ഞയോടെ കാർക്കിച്ചുതുപ്പി, ചുമരിൽ അടക്കയുടെയും പാനിന്റെയും കറയുള്ള എച്ചിൽ ഒലിച്ചിറങ്ങി.

അന്ന് നാരാണേട്ടൻ ഉറങ്ങിയില്ല. ചുമച്ച് ചുമച്ച് തലയ്ക്കടുത്തേക്ക് നിഴൽ നീട്ടിനിന്ന പ്ലാവിൻ കൊമ്പിലേക്ക് ടോർച്ചടിച്ച് നേരം വെളുപ്പിച്ചു.
വഴിയിലൂടെ പോകുന്നവരൊക്കെ വീട്ടിലേക്ക് ഏന്തിനോക്കി, ചിലർ പിന്നിലെ പ്ലാവിലേക്ക്.രാത്രി വണ്ടി നിർത്തി ചിലർ ടോർച് പിന്നിലെ പ്ലാവിലേക്ക് നീട്ടിയടിക്കുന്നത് ജനലിലൂടെ കണ്ടു.
ഇടയ്ക്കിടെ അമ്മയെ നോക്കി, ഹാളിലെ അച്ഛന്റെ ഫോട്ടോനോക്കി ഉറങ്ങാതെ കിടക്കുന്ന അമ്മ.

ഉറങ്ങിയില്ല. ചിത്രയും ഉറങ്ങിയില്ല. ചിത്ര എന്തൊക്കെയോ പറയുന്നുണ്ട്, ഒന്നും സ്പഷ്ടമായിരുന്നില്ല. ചിന്തകൾ ജഡംപോലെ തൂങ്ങിയാടി. വലിയൊരു ചുഴിയിൽപ്പെട്ട് പ്ലാവിലകൾക്കൊപ്പം ശ്വാസംകിട്ടാതെ അലറി വിളിച്ചുകൊണ്ട് ചിത്രയും അമ്മയും അകപ്പെട്ട ചുഴി മുന്നിലൂടെ കടന്നുപോയി.
വാട്സാപ്പിലെ കുറ്റിയാട്ടൂർ വാർത്തകളിൽ മെസേജ് വന്നു.

'ബസ്സിടിച്ചു യുവതിക്ക് ദാരുണാന്ത്യം.' 
ചിത്രയുടെ ഫോട്ടോയും ചതഞ്ഞരഞ്ഞ സ്‌കൂട്ടറും.

'എന്റെ ദൈവങ്ങളെ..' രഞ്ജിത്ത് നീട്ടിവിളിച്ചുകൊണ്ട് മുട്ടുകുത്തിയിരുന്നു.
വായതുറന്ന് ശ്വാസംമുട്ടി അയാൾ ഉറക്കത്തിൽ നിലവിളിച്ചു. ചിത്ര തട്ടിവിളിച്ചു.
ചിത്രയെ കെട്ടിപ്പിടിച്ച് അന്ന് പുലരുംവരെ അയാൾ കരഞ്ഞു.

25 ജൂലൈ 2025

വർഷാഭിലാഷി

പ്രദീപന്റെ മെസേജുകൾകൊണ്ടുള്ള ശല്ല്യം സഹിക്കവയ്യാതെ പരാതിപറയാൻ മെസേജയച്ചതാണ്. പ്രദീപന്റെ ഭാര്യ മറ്റൊരാളുടെ കൂടെ ഓടിപ്പോയതാണ്, അന്വേഷിച്ചു പോയില്ല. ഭാര്യയെക്കാളേറെ എന്തോ ഒരിഷ്ടം തന്നോട് തോന്നുന്നെന്ന് പറഞ്ഞു തുടങ്ങിയ മെസേജ്, തുടരെ തുടരെ ഉമ്മ വെക്കാൻ തോന്നുന്നു, തൊടാൻ തോന്നുന്നു അങ്ങനെ നീണ്ടു. കോളേജിൽ നിന്നും ആദ്യ ലീവിന് വന്നപ്പോൾ  നേരംനോക്കി മുക്കിലെ പീടിയ്ക്ക് പ്രദീപന്റെ ബാർബർഷോപ്പിനു മുന്നിലുള്ള  ബസ്സ്റ്റോപ്പിൽ കാത്തുനിന്നു മറുപടിയയക്കാൻ പറഞ്ഞുള്ള ശല്ല്യം തുടർന്നപ്പോഴാണ് ഹിമ അർജുനോട് പരാതിയൂന്നി മെസേജയച്ചത്. 
ഒരിക്കൽ ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോൾ 'നിന്നെയും നോക്കാൻ ആളോ' എന്ന് പറഞ്ഞ് ഒഴിവാക്കിയത് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല. 
എല്ലാ ദിവസവും വാട്സാപ്പ് സ്റ്റാറ്റസുകളിൽ യുവജന സംഘടനകളുടെ ഏതെങ്കിലുമൊരു പരിപാടിയുടെ ഫോട്ടോ കാണാറുള്ള ബന്ധംമാത്രം വച്ച് പറഞ്ഞതാണ്.

'അവൾ കുഞ്ഞല്ലേ, നമുക്ക് പത്തു മുപ്പത് കഴിഞ്ഞില്ലെടാ.' അർജുൻ അന്നുതന്നെ പ്രദീപന്റെ കടയിൽ ചെന്നു. ആൾത്തിരക്കില്ലാത്ത നേരം നോക്കി സാമാന്യം മനസ്സിലാക്കാവുന്ന തരത്തിൽത്തന്നെ പറഞ്ഞു. ചെയ്യുന്നത് വൃത്തികേടാണെന്ന് ഓർമിപ്പിച്ചു. എന്നാൽ ശത്രുത തോന്നേണ്ടുന്ന രീതിയിൽ പെരുമാറിയതുമില്ല. ഇറങ്ങുമ്പോൾ അത് മറ്റാരോടും പറയരുതെന്ന് പ്രദീപൻ അപേക്ഷാസ്വരത്തിൽ കുനിഞ്ഞു നിന്ന് പറഞ്ഞത് തലയാട്ടി അംഗീകരിച്ചു.

ശേഷം മെഡിസിന് മംഗലാപുരം രണ്ടാംവർഷ സെമസ്റ്റർ പരീക്ഷ കഴിഞ്ഞുള്ള വെറുതേയിരിപ്പു രാത്രികളിൽ സകലരുമുള്ള നാട്ടുകാരുടെ ഗ്രൂപ്പിൽ അർജുൻ പാട്ട്പാടിയയച്ചുള്ള വീഡിയോ കണ്ടതുകൊണ്ട് പരിചയം പുതുക്കിക്കൊണ്ടുള്ളൊരു മെസേജയച്ചു.

'പ്രണയസുരഭിലമായ ഈ ലോകത്ത് സഖാവിന്റെ പ്രണയം എങ്ങനെ പോകുന്നു?'
'പുതിയ പ്രണയശല്യങ്ങൾ ഒന്നുമില്ലേ കുഞ്ഞേ' തമാശ രൂപേണ ചോദിച്ച ചോദ്യത്തിന് അതേ ഭാഷയിൽ തിരിച്ചൊരു ചോദ്യം.

സാധാരണ പെട്ടെന്ന് മറുപടി കൊടുക്കുന്ന ആളല്ല അർജുൻ. പാർട്ടി കാര്യങ്ങൾ പറഞ്ഞു മുഷിപ്പിച്ചകാരണം പിൻവലിഞ്ഞുപോയ കാമുകിക്ക് മെസേജയക്കാൻ നൽകിയ സമയവും വയസ്സും കുറ്റബോധത്തോടെ ഓർക്കുന്നതുകൊണ്ട് സ്ക്രീൻടൈം കുറച്ചുവച്ചുള്ള ശീലത്തിലാണ്. മാസത്തിൽ ഒരിക്കൽ ആരും കാണാതെയുള്ള രണ്ടുകുപ്പി ബിയർ ശീലമുണ്ട്. ഒറ്റയ്ക്ക്. ആരുമറിയാതെ. പ്രതിച്ഛായ ഭയം. അങ്ങനെയുള്ള ദിവസങ്ങളിൽ പാട്ടുപാടി ഗ്രൂപ്പിലോ ആർക്കെങ്കിലുമൊക്കെയൊ അയക്കുകയും പിറ്റേന്ന് കുറ്റബോധം തോന്നി ഡിലീറ്റ് ചെയ്യുകയും ചെയ്യും. അന്ന് അങ്ങനെയൊരു ദിവസമായിരുന്നു.

'നമ്മളെയൊക്കെ ആര് നോക്കാൻ ചേട്ടാ' കുറെയേറെ സമയമെടുത്ത് ടൈപ്പ് ചെയ്തുവന്ന മെസേജിനപ്പുറം ഹിമയുടെ മുഖത്തെ വൈകാരിക ഭാവം എന്തായിരിക്കുമെന്ന് അർജുൻ വെറുതേ ഒന്ന് ചിന്തിച്ചു.


'ശോകമാണോ അതോ?'

'മെസേജുകൾക്ക് അങ്ങനൊരു ഗുണമുണ്ടല്ലേ. പെട്ടെന്ന് ആളെ പിടികിട്ടില്ല.' 

'പിടികൊടുക്കണമെന്നു വച്ചാൽ പറ്റാതില്ലല്ലോ'

'എന്നെക്കണ്ടാൽ കാമുകനൊക്കെ ഉണ്ടാവുമെന്ന് തോന്നുണ്ടോ?' 


പ്രൊഫൈലിൽ ചെന്ന് നോക്കി കുതറിയോടുന്ന നായയുടെ പടം. വർഷങ്ങൾക്ക് മുന്നേ കണ്ടതാണ്. അന്ന് സാധാരണയിൽ കൂടുതൽ വണ്ണവും നീളവുമുണ്ട്. കൗമാരക്കാരിയുടെ വശ്യതയോർത്തുള്ള അപകർഷതയായിരിക്കാം എന്ന് തോന്നി.

'പ്രദീപന് തോന്നിയ പ്രേമം മറ്റുള്ളവർക്കും തോന്നാലോ.' 

'ഓഹ് തോന്നട്ടെ. നല്ല ഏതേലും ചെറുക്കൻ വരട്ടെ, എന്നിട്ട് വേണമൊന്ന് പ്രേമിക്കാൻ.'

'ഹിമയ്ക്ക് ആരോടും പ്രേമം തോന്നിയിട്ടില്ലേ?' കാര്യവിവരങ്ങൾക്കപ്പുറം നേരെ സ്വകാര്യതയിലേക്ക് കയറുന്നതിനുള്ള മടിയുണ്ടായില്ല.

'തോന്നിയ രണ്ടുമൂന്നുപേരോട് പറഞ്ഞായിരുന്നു. അയ്യേ! അതായിരുന്നു അവരുടെയൊക്കെ മറുപടി.' 

ഇത്രയൊക്കെ തുറന്നുപറയാനുള്ള ബന്ധം ഇല്ലായിരുന്നെന്ന് ഓർത്തു. ഒന്നും പറയാതെ തന്നെ മെസേജിന് ബാക്കിയായി അടുത്തതും വന്നു.


'പ്രദീപന് തോന്നിയത് പ്രേമമല്ലല്ലോ. പൊതുവെ കാണാൻ സൗന്ദര്യമില്ലാത്തവരെ അപ്പ്രോച് ചെയ്യുന്നത് മധ്യവയസ്കരുടെ ഒരു ടെക്നിക്കാണ്. അവർക്ക് പ്രണയമുണ്ടാവാനുള്ള ചാൻസ് കുറവാണ്. അപ്പോൾ വളയ്ക്കാനും റൂമെടുത്തു വിളിക്കാനും എളുപ്പമാണ്.'

ചിരിക്കുന്ന ഇമോജിയിൽ മറുപടികൊടുത്തു ചാറ്റ് ക്ലോസ് ചെയ്തു. ഗൗരവപരമായി അതിനെക്കുറിച്ചു ചിന്തിച്ചില്ല. ഫോൺ കിടക്കയുടെ വശത്തേക്ക് മാറ്റിവച്ചു. 


ഉറക്കം വന്നില്ല. നോട്ടിഫിക്കേഷൻ ബെൽ ഫോണെടുക്കാൻ പ്രേരിപ്പിച്ചു.


'പാട്ട് കൊള്ളാലോ' 
'ബിയറടിച്ചപ്പോൾ പറ്റിപ്പോയതാ'

'എനിക്കും ബിയർ വേണേനു' 
ഇരുപത്തിമൂന്ന് ആയിട്ടുണ്ടാകാൻ വഴിയില്ല. നിയമപ്രകാരം അതാണ് മദ്യപിക്കാനുള്ള വയസ്സ്.

'നാട്ടിൽ വന്നാൽ വാങ്ങിത്തരാം, മംഗലാപുരത്തേക്ക് എത്തിക്കാൻ നിർവാഹമില്ലല്ലോ കുഞ്ഞേ' തമാശയുടെ ഇമോജി ചേർത്തൊരു മറുപടി നൽകി.


'നിങ്ങടെ പ്രേമമൊക്കെ എങ്ങനെ പോണു? എന്തേ കല്ല്യാണം കഴിക്കാതെ?' ചോദ്യങ്ങൾ അങ്ങനെ തുടർന്നുകൊണ്ടേയിരുന്നത് അത്ര സുഖകരമായി തോന്നിയില്ല.

'നിങ്ങൾക്കൊക്കെ എല്ലാം പറ്റുന്നുണ്ടല്ലോ, എനിക്ക് ഇവിടെ ഒന്നും കിട്ടുന്നില്ല. ആർക്കോ വേണ്ടി ജീവിക്കുന്നു.' 
ശോകമാണോ തമാശയാണോ. ശബ്ദമില്ലാത്ത വാക്കുകൾ. തമാശയായി കണ്ട് മെസേജ് നൽകി.

'കുഞ്ഞിനെന്താ വിഷമം?' 
മറുപടി വന്നില്ല. അൽപ്പനേരം കാത്തു നിന്നു. ഫോൺ തലയണക്കരികിലേക്ക് വച്ചപ്പോഴേക്കും നോട്ടിഫിക്കേഷൻ ബെല്ലടിച്ചു.



'ഒന്നുമില്ല. ഞാൻ മുകളിലത്തെ ബെഡിലെ പാലാക്കാരി ഹോസ്റ്റൽമേറ്റ് കാമുകനെ ഫോൺ വിളിക്കുന്നത് കേക്കുവാരുന്നു.' മെസേജിനുകൂടെ ഹോസ്റ്റൽ മുറിയുടെ ഒരു ഫോട്ടോയും വന്നു. അട്ടിയട്ടിവച്ചുള്ള മൂന്നു ബങ്ക് കിടക്കകൾ.

'മുറിയിൽ എത്രപേരാ?' മറുപടി വന്നില്ല. ഫോൺ മാറ്റിവച്ചു. പള്ളിയിലെ വാങ്ക് കേട്ടു, കണ്ണടച്ച് കിടന്നു. പിന്നെ മാസങ്ങളോളം ആ ചാറ്റ്ബോക്സ് അടഞ്ഞു കിടന്നു.



മൂന്നാം വർഷവും ഓണം വെള്ളത്തിലാണ്. 

'വാങ്ങിത്തരാമെന്ന് പറഞ്ഞ ബിയർ?' റിലീഫ് ക്യാമ്പിൽ പച്ചക്കറിയെത്തിക്കുന്നതിനിടെയായിരുന്നു ഹിമയുടെ ഫോൺ വന്നത്. ചിരിച്ചു. 
നാട്ടിൽ വന്നിട്ടുണ്ടെന്നും മദ്യമില്ലെങ്കിലും ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.

ക്യാമ്പിൽ നിന്നും ആളുകൾ വീട്ടിലേക്ക് മടങ്ങിയപ്പോഴേക്കും ലീവ് കഴിഞ്ഞു ഹിമ മടങ്ങിയിരുന്നു. കാണാൻ മാത്രമുള്ള ഉത്സാഹവും ഉണ്ടായതുമില്ല.



വെള്ളമിറങ്ങിയശേഷം വീണ്ടും കർക്കിടകം തിമിർത്തു പെയ്യുന്നു.
ലീവിന് വന്നപ്പോൾ പ്രദീപനെ കണ്ടതും പ്രദീപൻ തന്നോട് മാപ്പ് പറഞ്ഞ കാര്യങ്ങളൊക്കെ ചാറ്റ് ബോക്സിൽ മെസേജുകളായി പറന്നുവന്നു.  


തനിക്ക് തന്റെ ബാച്ചിലെ ഒരുപയ്യനോട് അഗാധമായി പ്രണയം തോന്നുന്നുണ്ടെന്നും നേരിട്ട് പറയാൻ ബുദ്ധിമുട്ടാണെന്നും ഹിമ പറഞ്ഞപ്പോൾ അർജുൻ അവൾക്ക് പറ്റാവുന്ന ധൈര്യം നൽകി. തുടരാൻ പോകുന്ന പ്രണയ കാമ ലൗകീക സുഖങ്ങൾക്ക് ആശംസകൾ അറിയിച്ചു. ഒരു പ്രണയ കവിത അർജുൻ ഹിമയ്ക്ക് വേണ്ടി പാടിയയച്ചു. 

പയ്യനെ ഒറ്റയ്ക്ക് കിട്ടിയ പ്രാക്ടിക്കൽ സെഷനിൽ അയ്യേ എന്ന വാക്കോടുകൂടി നിരസിക്കപ്പെട്ട അന്നുരാത്രി ഹോസ്റ്റലിലെ തന്റെ കട്ടിലിനു മുകളിലുള്ള ബങ്ക് ബെഡിൽ കിടന്നതിന് 'ഇടിഞ്ഞു പൊളിഞ്ഞു താഴെവീഴുമെന്ന്' ഹോസ്റ്റൽ മേറ്റ് പരിഹസിച്ചത്, പാകമല്ലാത്ത ശരീരത്തെക്കുറിച്ചുള്ള അവളുടെ വേദനകളോടെ  അർജുനോട് വന്നു പറഞ്ഞു.

'നിങ്ങൾടെ പ്രേമം എങ്ങനെ?' 

'എന്നെ കാണുന്നവർക്ക് എന്നെ ഇഷ്ടപ്പെടൂലപ്പ, കാണാത്തവരോട് ഞാനൊട്ടു മിണ്ടാറുമില്ല.' 

അപരിചിതരോട് ചാറ്റിൽ മിണ്ടാനുള്ള പേടിയാണ് പ്രണയമില്ലാതെയുള്ള തന്റെ അവസ്ഥയ്ക്കും കാരണമെന്ന് അവൾക്കുമറിയാം. പ്രേമത്തിൽ അകപ്പെട്ടുകഴിഞ്ഞാൽ കുറച്ചു കാലത്തേക്കെങ്കിലും രൂപത്തിന് പ്രസക്തിയില്ലെന്ന് തോന്നിയിട്ടുള്ള പല പ്രണയങ്ങളും ഹോസ്റ്റലുകളിൽ കണ്ടിട്ടുണ്ട്. അങ്ങനെയും ശ്രമിച്ചു പരാജയപ്പെട്ടതാണ്.
നല്ലൊരു ഡോക്ടറായാൽ പ്രണയം താനേ വരുമെന്ന് അർജുൻ ആശ്വസിപ്പിച്ചു.

'ഡോക്ടറാവുന്നതിനുമുന്നെ പ്രണയം വേണം വിവാഹത്തിനു മുന്നെ സുരതമറിയണം' ഹിമയുടെ ആഗ്രഹം അൽപ്പം വിചിത്രമായി അർജുന് തോന്നിയെങ്കിലും തന്നോടത് പറഞ്ഞതിലാണ് അതിശയം തോന്നിയത്. എന്തോ തരിച്ചതുപോലെ ഇക്കിളിയായതുപോലെ.

'നമുക്കൊന്ന് പരീക്ഷിച്ചാലോ, ഫോണിലൂടെ?' കിട്ടിയ അവസരം പാഴാക്കേണ്ട എന്ന് കരുതിയപ്പോൾ മറ്റെല്ലാ ചിന്തകളും അപ്രത്യക്ഷ്യമായി.

'ഞാൻ നിങ്ങളെ അങ്ങനെ കണ്ടിട്ടില്ല' ഹിമ ലളിതമായി കാര്യങ്ങളെടുത്തുവെന്നത് അർജുന് മനസ്സിലായി, ആ ധൈര്യം അയാളെ ആവർത്തിച്ച് ചോദിക്കാൻ പ്രേരിപ്പിച്ചു.

'പരീക്ഷിക്കാം, പറ്റില്ലെങ്കിൽ വിടാം.' ഫോണിലൂടെയുള്ള സുരതം അയാൾ തുടങ്ങിവച്ചെങ്കിലും പാതിയിലെപ്പോഴോ മെസേജുകൾ മുറിഞ്ഞുപോയി. ഹിമയുടെ ചാറ്റ്ബോക്സ് ഓഫ്‌ലൈനിലേക്ക് മറഞ്ഞു.  വരാൻ പോകുന്ന ഭവിഷ്യത്തുകളോർത്തുകൊണ്ട് കണ്ണുകളടച്ചു.

ഇടയ്ക്ക് നോട്ടിഫിക്കേഷൻ ബെൽ വീണ്ടുമടിച്ചു.

'പ്രേമമില്ലാതെ സുരതമില്ലല്ലോ.' തന്റെ ആഗ്രഹങ്ങളെ തട്ടിക്കളഞ്ഞില്ല. ശ്രമങ്ങൾക്ക് അവൾ വഴങ്ങുന്നതുപോലെ തോന്നി. 'പ്രേമത്തോടെ ലൈംഗീകത വേണമെന്ന് നിർബന്ധമുണ്ടോ? ഏതായാലും സ്ത്രീകൾക്ക് കുറച്ചുകൂടെ എളുപ്പമാണത്, പുരുഷനാണെങ്കിൽ സ്വയംഭോഗമല്ലാതെ മറ്റെന്തു മാർഗം.'  മെസേജയച്ച ശേഷമാണ് അതിലൊരു വഷളത്തരമുണ്ടെന്ന് മനസ്സിലാക്കിയത്. ഡിലീറ്റ് ചെയ്തുവെങ്കിലും ഹിമ അത് കണ്ടിരുന്നു. കുറച്ചു സമയത്തേക്ക് ഹിമയുടെ മെസേജ് കാണാതെ വന്നപ്പോൾ വീണ്ടും പേടിതോന്നി. എന്തൊക്കെയോ ടൈപ്പ് ചെയ്യാൻ ശ്രമിച്ചുവെങ്കിലും രണ്ടുമൂന്നു തവണ ആലോചിച്ചു. ശേഷം വേണ്ടെന്നുവച്ചു.

'സ്ത്രീകൾക്കെങ്ങനെയാണത് എളുപ്പമാവുന്നെ?' 
താനയച്ച മെസേജ് കുറ്റമുള്ളതായി അവൾക്ക് തോന്നിയില്ലെന്നത് ആശ്വാസമായി.

'അങ്ങനെയാണല്ലോ' വിശദീകരിക്കാൻ നിന്നില്ല.  വാക്കു തെറ്റിയാലുള്ള കാര്യങ്ങളോർത്തപ്പോൾ ചുരുക്കി.

'അങ്ങനെയില്ല' 

'ഹിമ സ്വയംഭോഗം ചെയ്യാറുണ്ടോ?' അജ്ഞാതമായ ചില വികാരങ്ങൾ അകത്തുകിടന്നു പിടച്ചപ്പോൾ വാക്കുകൾ തെറ്റിപ്പോവുന്നത് സാരമാക്കിയില്ല. വരും വരായ്കകൾ ആലോചിച്ചില്ല.

'ഇടയ്ക്ക്കൊക്കെ'

ഇനിയെന്ത് ചോദിക്കണമെന്ന ധാരണ അയാൾക്കില്ല. കൈകൾ വിറയ്ക്കുന്നതിനോടൊപ്പം അകാലമായ സംഭ്രമം അനുഭവപ്പെടുന്നതറിഞ്ഞു. അവളാവട്ടെ ഉള്ളിലെ സ്ത്രീത്വം ഉണർത്തിയ നാണത്തോടെ മൂളലുകൾ മാത്രം ചാറ്റ് ബോക്‌സിലേക്കിട്ടു ലജ്ജയിൽ കണ്ണുകളടച്ചു.

'എനിക്കെപ്പോഴാ ബിയർ വാങ്ങിത്തരുന്നേ?

'എപ്പോഴാ വരുന്നേ?'

'അടുത്താഴ്‌ച്ച ദസറയുടെ ലീവ് തുടങ്ങും. നാട്ടിലേക്കില്ല.'

'എന്നാൽ ഞാൻ അങ്ങോട്ട് വരാം' വഴുതിപ്പോയതാണെങ്കിലും അവൾ എന്റെ വാക്കുകളെ നിഷേധിക്കാതെ മുന്നോട്ട് പോകുന്നത് അയാളുടെ വികാരങ്ങളെയും പ്രതീക്ഷകളെയും തുറന്നുവിട്ടു. അതിൽ സ്ത്രീയും പുരുഷനും മാത്രമായി ഒതുങ്ങി, പൊള്ളയായ ഉണക്കമരങ്ങൾ പോലെ പല തോന്നലുകളും പൊടുന്നനെയില്ലാതായി. പുലർച്ചെയുള്ള വാങ്ക് വിളി കഴിഞ്ഞശേഷവും മെസേജുകൾ തുടർന്നു. ഉറങ്ങാൻ കിടന്നപ്പോൾ മനസ്സു നിറയെ ലജ്ജ കലർന്ന സ്ത്രീയുടെ നാണം അവളുടെ വാക്കുകളിലുണ്ടോയെന്ന് പലകുറി ആലോചിച്ചു.
വരുന്ന ശനിയാഴ്ച്ച മംഗലാപുരത്തേക്കുള്ള യാത്ര ഉറപ്പിക്കുകയും, ബിയർ കുടിക്കാൻ ചെല്ലേണ്ടുന്ന കഫെയുടെയും താമസിക്കേണ്ട സ്ഥലവും തുടർച്ചയെന്നോളം തീരുമാനിച്ചു.

ഇതിനിടയിൽ ഹിമ പലകുറി അർജുനെയും അർജുൻ പലകുറി ഹിമയെയും ഫോണിൽ വിളിച്ചെങ്കിലും ചാറ്റ് ബോക്സിൽ മെസേജയക്കുന്നതു പോലെ സുഖകരമായ ഒന്നായിരുന്നില്ല അത്.  ഉറങ്ങാതെ നാനാകാര്യങ്ങൾ പറഞ്ഞറിയിക്കാനുള്ളത്ര കാമുകത്വം ഇരുവർക്കുമിടയിലുണ്ടായിരുന്നില്ല. 

ചാറ്റ് ബോക്സിലെ സുഖം വികാരങ്ങളറിയുന്ന ശബ്ദത്തിലൂടെ കിട്ടിയില്ല. സംസാരിക്കുമ്പോൾ അവർ തികച്ചും അന്യരായി നിന്നു.

വടകര മുതൽ മംഗലാപുരം വരെയുള്ള യാത്രയിൽ ഹിമയെ കാണാനുള്ള കലശലായ ആഗ്രഹം അർജുനുണ്ടായി, അത് ഹിമയ്ക്ക് മെസേജയച്ചു. കാരണം ചോദിച്ചെങ്കിലും പറയാൻ അയാൾക്കറിഞ്ഞില്ല.
അല്ലെങ്കിലും ശരീരത്തിന്റെ ചില തോന്നലുകൾ മനസ്സിന്റെ താളം തെറ്റിക്കുമെന്ന് കാലങ്ങൾ വൈകിമാത്രം മനസ്സിക്കാൻ പറ്റുന്ന സത്യമാണ്. കുറ്റബോധങ്ങളിൽ എത്രതവണ ഓരോ മനുഷ്യനും കണ്ണുകളടയ്ക്കുന്നു.

ഹിമയോടൊപ്പം കുദ്രോളിയിലെ ദസറ ഘോഷയാത്രയും പുലിക്കളിയും നോക്കി നിന്നു. ആദ്യമായാണ് അർജുൻ പുലിക്കളി കാണുന്നത്. നവമിയുടെ തിരക്കിൽ ഹമ്പൻകട്ടയും ബാൽമട്ടയും തിക്കിത്തിരക്കി. കഫേയിൽ ഇരിക്കണ്ടെന്നു തോന്നി നാല് ബിയർബോട്ടിൽ പാഴ്‌സൽ വാങ്ങി ഹോം സ്റ്റെയിലേക്ക് ഓട്ടോകയറി. ഹോംസ്റ്റേ എത്തുന്നതുവരെ കുറഞ്ഞ ചില വാക്കുകളല്ലാതെ അവർക്ക് ഒന്നുംതന്നെ സംസാരിക്കാനുണ്ടായില്ല. മണിക്കൂറുകൾ ദസറയ്ക്ക് വേണ്ടിയൊരുങ്ങിയ നഗരത്തെക്കണ്ടുകൊണ്ട് നീങ്ങി.

ഉള്ളാൾ ബീച്ചിലേക്ക് തുറക്കുന്ന വിശാലമായ ബാൽക്കണി, ഗ്ലാസ്സ് ചുവരുകൾ. അവൾ കടലിലേക്ക് നോക്കി ഒരു ബിയർബോട്ടിൽ കയ്യിലേക്കെടുത്തു അർജുനുനേരെ നീട്ടി. അർജുൻ പല്ലുകൊണ്ട് അടപ്പ് തെറിപ്പിച്ചു. ബാൽക്കണിയിലിട്ട കസേരയിൽ കാലുനീട്ടിവച്ച് അപരിചിതരായ രണ്ടുപേർ കടലിലേക്ക് നോക്കിയിരുന്നു. ചോദ്യങ്ങൾക്ക് ശ്രമിച്ചപ്പോഴൊക്കെ വാക്കുകൾ വിറയ്ക്കുന്നതുപോലെ തോന്നി.
അർജുൻ രണ്ടോ മൂന്നോ പാനത്തിൽതന്നെ  ബിയർബോട്ടിൽ കാലിയാക്കി ഓരംവച്ചു. പാടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അവളുടെ വലതുകൈ അർജുന്റെ ഇടതുകൈയിൽ കൂട്ടിപ്പിടിച്ചു, തണുത്ത വിരലുകൾ.  രക്തപ്രവാഹത്തിനെന്തോ മാറ്റം സംഭവിക്കുന്നതറിഞ്ഞു.

'എനിക്ക് പൂസാകുന്നില്ല. ഇതും എന്റെ ശരീരത്തിൽ പാകമാകുന്നില്ലേ?' 
അവൾ ചിരിച്ചു. അയാൾ അവസാന ബോട്ടിൽ അടപ്പ് തുറന്നു നൽകി.

മെസേജുകളിലൂടെ കണ്ട വാക്കുകളുടെ വൃത്താന്തങ്ങൾക്കപ്പുറമുള്ള വികാരം തനിക്കും അവൾക്കും ഒരുപോലെയാണോ എന്നൊരു സംശയം അപ്പോൾ ചിന്തയിലേക്ക് വന്നു. ഒരു പുരുഷനെ അവൾ പ്രതീക്ഷിക്കുന്നുവെന്ന തന്റെ തോന്നലുകൾ ശെരിവെക്കുന്നതായ ഒന്നും ഇതുവരെ കാണാനിടയായില്ല. അത് ചിലപ്പോൾ നഗരത്തിൽ, ആൾക്കൂട്ടത്തിൽപ്പെട്ടുപോയതിനാലാകുമോ. 
ഒരുപക്ഷെ എന്റെ ആദ്യ ക്ഷണത്തിനു വേണ്ടി കാത്തിരിക്കുകയാണോ. സ്ത്രീകളുടെ പ്രകൃതം വഴങ്ങിക്കൊടുക്കുന്നതാണ്, മുന്നേ പ്രവത്തിക്കാറില്ല.

അവൾ എഴുനേറ്റു. പരസ്പരം നോക്കി, തലകുനിച്ചു നിന്നു. ഒരുതരത്തിലുള്ള പേടിയും അവളുടെ മുഖത്തില്ല. സ്ത്രീയിലുള്ള ധൈര്യവും ക്ഷമയും പുരുഷനുണ്ടാവാറില്ലെന്ന് തോന്നി.

നനവാർന്ന ചുണ്ടുകൾകാട്ടി ചിരിച്ചുകൊണ്ട് അവൾ ബാൽക്കണിയിലൂടെ തലങ്ങും വിലങ്ങും നടന്നു. അവളുടെ ശരീരത്തിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല. വശ്യമായ അവളുടെ അരക്കെട്ട് നോക്കി അയാൾ തലയുയർത്തി. ഊരയുടെ തുളമ്പലുകൾ അയാളിൽ ഉദ്ധീപനമുണ്ടാക്കി.

'എന്തെങ്കിലും കഴിച്ചാലോ?'
അടുത്തുള്ള റെസ്റ്റോറന്റിലേക്ക് വിളിച്ച് അവൾ തന്നെ ഭക്ഷണം ഓർഡർ ചെയ്തു.

അവളുടെ വലതുകൈ തന്റെ ഇടതു കൈയ്യിലമരുന്നത് അയാളറിഞ്ഞു. തന്റെ ഉള്ളംകയ്യിൽ അവളുടെ കൈകൾ ഒതുങ്ങില്ലെന്ന് അയാൾക്കപ്പോൾ മനസ്സിലായി. തലകുനിച്ചു നിൽക്കുകയാണ്. എത്രനേരം അങ്ങനെനിന്നുവെന്നറിയില്ല. താൻ പാകപ്പെട്ടെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം അവളുടെ മുഖത്ത് സ്ത്രീയുടെ ലജ്ജ കയറിവരുന്നത് അവളറിഞ്ഞു. അയാളത് കണ്ടു. അവളുടെ പിന്നിൽ നിൽക്കുന്ന ഒരാൾക്ക് അപ്പോഴയാളെ കാണാൻ പറ്റില്ലെന്ന് തോന്നി. അയാളുടെ കഴുത്തു വേദനിച്ചു. ഏറെനേരം അവളുടെ മുഖത്തേക്ക് തലയുയർത്തി നോക്കിനിൽക്കാൻ കഴിഞ്ഞില്ല.
താനൊരു സ്ത്രീയെയും അവളൊരു പുരുഷനെയും ആഗ്രഹിക്കുന്നുവെന്നറിഞ്ഞ നിമിഷത്തിൽ സുന്ദരമായ ലജ്ജയോടുകൂടി ഇരുവരും പിണഞ്ഞു. അയാളുടെ കൈകൾ അവളുടെ അരക്കെട്ടിലും അവളുടെ കൈകൾ അയാളുടെ കഴുത്തിലൂടെയും വരിഞ്ഞു.

ഭക്ഷണം കൊണ്ടുവന്ന പയ്യൻ മുറിയുടെ ബെല്ലടിക്കുന്നതുവരെ അങ്ങനെ നിന്നു. അകത്തേക്ക് വാങ്ങിവച്ചു. വാതിലടച്ചു. തഴുതിട്ടു.
അവളെ അകത്തേക്ക് വിളിച്ചു. അവൾ സൂക്ഷ്മതയോടെ അയാളെ നോക്കി. അകത്തേക്ക്‌ വിളിച്ചത് അസഭ്യമെന്നപോലെ തോന്നിയിരിക്കുമോ. 
സഹജമായ ചോദനകളുള്ള മനുഷ്യ ശരീരമല്ലേ അതും. എങ്കിലും അതിലൊരു അപമര്യാദ അയാൾ കണ്ടു.
അവൾ വന്നു.


'ഇത് ശെരിയാണോ?' അവൾ സംശയപ്പെട്ടു. 
ഇതുവരെ കണ്ട മുഖമായിരുന്നില്ല അപ്പോഴവൾക്ക്. ചുണ്ടുകളിലെ നനവ് വറ്റിയിരുന്നു. കണ്ണുകൾ താളം തെറ്റുന്നു.
'ആരെങ്കിലും അറിഞ്ഞാൽ?'
'സേഫ്റ്റി ഇല്ലാതായാൽ' പലതരത്തിലുള്ള സംശയങ്ങൾ അഴിച്ചുവിട്ടപ്പോൾ തന്റെ ശരീരം തണുക്കാൻ തുടങ്ങിയത് അയാളും അവളും അറിഞ്ഞു. പൊടുന്നനെ പിന്നിലേക്ക് മാറി കട്ടിലിലിരുന്നു. 
അവൾ ബാൽക്കണിയിലേക്ക് നടന്നു. അരക്കെട്ട് കുലുങ്ങി. 
ഖേദിക്കാനുള്ള അനാവശ്യ ചിന്തകളാണ് തന്നിലേക്ക് കടന്നുവരുന്നതെന്ന തോന്നൽ അയാൾക്കുണ്ടായപ്പോൾ അവളെ നിർബന്ധപൂർവ്വം അകത്തേക്ക് വിളിച്ചു. അവൾ തിരിഞ്ഞുനോക്കി. അവളുടെ സുന്ദരമായ മുഖം.

'ഇറങ്ങിയാലോ?' അവൾ പറഞ്ഞു.

'പോകണമെങ്കിൽ പോകാം' വാക്കുകൾ തെറ്റിയത് അയാളറിഞ്ഞില്ല. കൊതിപിടിച്ച അയാളുടെ ശരീരം കാലുകളുയർത്തി അവളുടെ ചുണ്ടുകളിൽ ഉമ്മവയ്ക്കാൻ ശ്രമിച്ചെങ്കിലും കഴുത്തുവരെ മാത്രമേ ചുണ്ടെത്തിയുള്ളു. കഴുത്തിലും മുലകൾക്കിടയിലും ചുംബിച്ചു.
ചുറ്റിപ്പിടിച്ചു. കട്ടിലിലിരുത്തി.

വെള്ളിയരഞ്ഞാണവും പാദസരവും ഉരസി ശരീരത്തിൽ അങ്ങിങ്ങായി ചോരപൊടിഞ്ഞു.
അവളുടെ നഖപ്പാടുകൾ അയാളുടെ പുറത്തു പതിഞ്ഞു.  ആദ്യ മണിക്കൂറുകളിൽ ഊരയിലൂടെ പലവട്ടം അയാളുടെ ചുണ്ടുകൾ കടന്നുപോയി എന്നതൊഴിച്ചാൽ ആ ശരീരത്തിൽ എന്തുചെയ്യണമെന്ന് അയാൾക്കറിയില്ലായിരുന്നു. പാതിയിൽ രക്തം തണുത്തപ്പോൾ പ്രണയത്തിന്റെ ബാധ്യതകളില്ലാതെ മണിക്കൂറുകൾ അങ്ങിനെ കിടന്നു. അത്രമാത്രം.

അയാളുടെ മേനിയെ അവൾ കൈകാര്യം ചെയ്യാൻ തുടങ്ങിയ ശേഷം അയാളുടെ സിരകളിൽ എന്തെന്നില്ലാത്ത ചൂടനുഭവപ്പെട്ടു. 
അന്ന് രാത്രി നഗ്നമായ അവളുടെ മേനിയിൽ പാകമായിക്കൊണ്ട് ഒരു കുഞ്ഞിനെപ്പോലെ അയാൾ സുഖമായി കിടന്നുറങ്ങിയപ്പോൾ പൂർണ്ണതയിലേക്കെത്താൻ തനിക്കാകുമെന്ന് അവൾക്ക് ബോധ്യപ്പെട്ടു.

20 ജൂലൈ 2025

ആദിയിൽ കരുണ


'പുണ്ടച്ചി മോളെ, ഈടെ നിക്കണേൽ തൊടക്കോം ചെലപ്പോ തീട്ടം കോരുവേ ഒക്കെ വേണ്ടി വരും നായിയെ.' ഹാളിലെ ടീവിക്ക് മുന്നിൽ വിരിച്ച പായയിൽ മൂത്രൊഴിച്ച ശാന്തയുടെ വായിൽ നിന്നുള്ള നിർത്താതെയുള്ള തെറി കേട്ടാൽ ശരീരം നടുതളർന്നു കിടക്കപ്പായയിലൊടുങ്ങുന്നതാണെന്ന് വഴിയേ പോകുന്ന ആർക്കും തോന്നില്ല. തുണിയലക്കിനിടയിൽ ദേഷ്യത്തോടെ അകത്തേക്ക് കയറിവന്ന് ഹാളിലെ പുൽപ്പായ വലിച്ചു നീക്കി, അമ്മയുടുത്ത ലുങ്കി പറിച്ചെടുത്ത് ഷൈജ ടൈൽസിലൂടെ പരക്കുന്ന മൂത്രത്തിലേക്കിട്ട് കാലുകൊണ്ടുരച്ചു. 
ശാന്ത പായയുടെ പുറത്തേക്ക് തെറിച്ചു. 
അതേ ലുങ്കി വീണ്ടും നടുപൊന്തിച്ചു അരയിൽ ചുറ്റിക്കൊടുത്തു. ദാക്ഷണ്യമില്ലാതെ പായയിലേക്ക് വലിച്ചിട്ടു.

'ഒന്ന് ചത്ത് കിട്ടീനെൽ' ദേഷ്യം മുഴുവൻ അലക്കുകല്ലിൽ തുണിയോട് തീർത്തു. ഞങ്ങൾ മാത്രം എല്ലാം അനുഭവിക്കണം, അതിനു മാത്രം പാപമൊന്നും ഞാൻ ചെയ്തിട്ടില്ല. അമ്മയുടെ പേരിലെടുത്ത സർക്കാർ വീടല്ലേ, ആടെ നിർത്തിക്കൂടെ.'

മുറ്റത്തന്നെയുള്ള ഭർത്താവ് സുരേശന്റെ അനുജൻ സന്തോഷിന്റെ മോടിപിടിപ്പിച്ച അമ്മയുടെ പേരിൽ ലൈഫ് പദ്ധതിയിൽ നിന്നുകിട്ടിയ കോൺഗ്രീറ്റ് വീടിനകത്തേക്ക് ഇടയ്ക്കിടെ കണ്ണ്പായിച്ചുകൊണ്ട് പുലമ്പുമ്പോൾ കണ്ണിലും പെരുവിരലിലും സമാധാനക്കേടുപോലെ തന്നിലെന്തോ അരിച്ചിറങ്ങുന്നത് ഷൈജ അറിയുന്നുണ്ട്. 

'ഞാൻ ചാവണേൽ നിന്റെയൊക്കെ കടിപ്പ് മാറണം പുരിയാടിച്ചി' പുൽപ്പായയിൽ നിന്നുവന്ന വാക്കുകൾക്ക് നേരെ നീട്ടിനടന്നു. ചുരുണ്ടിരിക്കുന്ന ശാന്തയുടെ ചലനമറ്റ കാലുകളിൽ മാറിമാറി ചവിട്ടി പുറത്തേക്കിറങ്ങേയടച്ച വാതിലിന്റെ ശക്തിയിൽ അലമാരയിലെ പലതും താഴെ വീണു. ഇരുടുംവരെ ഷൈജ ദേഷ്യം തീർത്തത് മണ്ണിനോടാണ്. കഴിഞ്ഞുകൂടാനുള്ളത് തരുന്നതും പുറംപോക്കിലെ അതേ മണ്ണ്തന്നെ. കപ്പയും വാഴയും കിഴങ്ങും, സകലതിനോടും അരിശം തീർത്തു. ഇരുട്ടിയപ്പോൾ എപ്പോഴോ വാതിൽ തുറന്നു. 
നാലിലും രണ്ടിലും പഠിക്കുന്ന ചെക്കന്മാർ വൈകുന്നേരം കിട്ടിയത് കൊണ്ട് വിശപ്പടക്കി.
സുരേശന് തൊട്ടു മൂത്തചേട്ടന്റെ മകൻ കഴിഞ്ഞ വരവിന് കൊണ്ട്കൊടുത്ത ഫോണിലേക്ക് മുഖമമർത്തിയിരിക്കെ രണ്ടുപേരും വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഹാളിലെ പായയുടെ മൂലയിലിരുന്ന് തലയൊന്നുയർത്തി ഫോണിലേക്കും ക്ളോക്കിലേക്കും കണ്ണോടിച്ചു.

ഷൈജയെ കൂട്ടിവന്നശേഷം സുരേശൻ ഗൾഫിലേക്ക് മടങ്ങിയിട്ടില്ല. അന്ന് സന്തോഷും സുരേശനും താമസം ഒരുമിച്ചാണ്. ഒരു അമ്മായിയമ്മ പോരിനപ്പുറത്തേക്ക് പറയത്തക്ക ഒന്നും തന്നെയുണ്ടായിരുന്നില്ല. സുരേശന്റെ അച്ഛൻ രാഘവൻ വൈകുന്നേരം ഷാപ്പിന്ന് ഞേറ്റിവരുന്ന രണ്ടു ലിറ്റർ കള്ളു കുടിച്ച് മരിച്ചുമണ്ണടിഞ്ഞവരെ ചീത്തവിളിച്ച് മണിക്കൂറുകൾ കസേരയിലിരിക്കും. കേട്ടില്ലെന്ന് നടിച്ചാൽ ആർക്കും ഉപദ്രവമില്ല. അച്ഛൻ പോയപ്പോൾ സുരേശന്റെ ദേഹത്താണ് ആ ബാധ കേറിയത്.

പണിക്ക് ശേഷം മുക്കിലെ പീടിയക്ക് ചെന്ന് നൂറ്റമ്പതിന്റെ രണ്ടു കോട്ടർ ബീവറേജിന്റെ കീഴിൽ നിന്ന് തന്നെ അകത്താക്കിയ ശേഷം  അമേരിക്ക ചൈനയുടെ മേലേൽപ്പിച്ച നികുതി ഭാരത്തെക്കുറിച്ച് ശ്രദ്ധിച്ചാൽ മാത്രം മനസ്സിലാകുന്ന രൂപത്തിൽ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്ന സുരേശൻ.  കടയടയ്ക്കും വരെ അത് പതിവാണ്. രണ്ടു ബാർബർഷാപ്പും നാലഞ്ചു പലചരക്കു കടകളും പുതുതായി തുടങ്ങിയ മൊബൈൽ കടയിലേക്കും വന്നുപോകുന്നവർ സുരേശന്റെ ഏകാങ്ക നാടകരൂപത്തിലുള്ള പ്രകടനം അൽപ്പനേരം നോക്കി നിൽക്കും. ഹൈവേയിൽ നിന്നും ബീവറേജ് മുക്കിലപ്പീടിയക്ക് മാറ്റിയ ശേഷമാണ് സുരേശന്റെ കലാപരിപാടിക്ക് ആള് കൂടിതുടങ്ങിയത്. 
സ്ഥിരം വന്നുപോകുന്നവർ വിഷയത്തിൽ ഒന്ന് എത്തിനോക്കും. കേൾക്കാനാരുമില്ലെന്ന് തോന്നിയാൽ വീട്ടിലേക്ക് മടങ്ങും. മടങ്ങി.

'ഒരു മനുഷ്യന് സഹിക്കാൻ പറ്റുന്നതിലധികമായി, ഒന്ന് ഇതിനെ കൊന്ന് തരുവോ. തിന്നാണ്ട് ചത്താലും സാരൂല.' വന്നുകേറും മുന്നേ ഷൈജ സുരേശന്റെ മുന്നിലേക്ക് നീങ്ങി. കേട്ടില്ലെന്ന ഭാവത്തിൽ കുളിക്കാൻ കയറി. കുളിച്ചിറങ്ങി. നിലത്തു കിടന്ന അമ്മയെ നോക്കി.

'സാമാനത്തിനുറപ്പില്ലാത്ത നീയെല്ലാം എങ്ങനാ നായിന്റെ മോനെ എന്റെ വയറ്റില് വന്ന് പെറ്റത്, കെട്ടിത്തൂക്കി കൊല്ലെടാ അല്ലേൽ പൊഴേല് കൊണ്ട് മുക്ക്'

'ഒച്ചയാക്കല്ല പുണ്ടച്ചി' പറഞ്ഞത് നാലാംക്‌ളാസ്സിൽ പഠിക്കുന്ന മൂത്ത ചെക്കനാണ്. ഷൈജയുടെയും ശാന്തയുടെയും ശബ്ദം ഇരുട്ടിലും ഉയർന്നുകേട്ട് വയൽക്കരയിലെ ജന്തുക്കൾ എന്നത്തേയും പോലെ അന്നത്തെ രാത്രിയും കഴിച്ചുകൂട്ടി. 
സുരേശൻ കോൺഗ്രീറ്റ് പൊടിപാറുന്ന നിലത്തു കിടന്ന് കൂർക്കംവലിച്ചു. ഷൈജയും ചെക്കന്മാരും എപ്പോഴുറങ്ങിയെന്നറിയില്ല.

സന്തോഷ് കല്ല്യാണം കഴിച്ചതിന്റെ ഒരുമാസം കഴിഞ്ഞപ്പോൾ രാഘവൻ പോയി, ആർക്കും ബാധ്യതയില്ലാത്ത ഒരുദിവസം ഉറക്കത്തിലൂടെ ദേഹം വിട്ട് പോവുകയായിരുന്നു. ശാന്തയുടെ പോലും കരച്ചിൽ അന്ന് വീട്ടിൽ ഉയർന്നില്ല. മരണവിവരം അറിഞ്ഞുവന്ന പ്രമുഖർക്കൊക്കെ മരുമക്കളോട് തിട്ടൂരമിട്ട് കട്ടൻചായ കൊടുപ്പിച്ചത് ശാന്തയാണ്. ആള് കൂടിയപ്പോൾ പിന്നെ അത് വേണ്ടെന്ന് വച്ചു.

പിന്നീട് വന്ന കർക്കിടകത്തില് മുറ്റത്തെ സിമന്റിൽ വഴുക്കി ശാന്ത വീണു, കാലിനു സ്റ്റീലിട്ടു. തുടരെത്തുടരെ അകത്തു പഴുത്തു, അത് എല്ലിനെ ബാധിച്ചതോടുകൂടി എഴുനേൽക്കാൻ പറ്റാത്ത പരുവമായി. അതിനുശേഷമാണ് ശാന്തയുടെ പേരിൽ ലൈഫ് പദ്ധതിയിൽ സന്തോഷ് വീട്ടുമുറ്റത്തുതന്നെ മറ്റൊരു വീടെടുത്തു മാറുന്നത്. സൊയിര്യ ജീവിതത്തിനുള്ള സ്ഥലമൊന്നും അല്ലെങ്കിലും പഴയവീട്ടിലുണ്ടായിട്ടില്ല.
കോ-ഓപ്പറേറ്റിവ് ബാങ്കിന്ന് രാഘവന്റെ റിസ്ക് ഫണ്ട് വന്നപ്പോൾ വീട് പൊളിച്ചു പണിയുന്ന നേരമായതുകൊണ്ട് ഷൈജ അത് മുഴുവൻ അതിലേക്കിട്ടു. 
അത് ഇരുവരുടെയും ഭാര്യമാർ തമ്മിലുള്ള വാക്കേറ്റത്തിലെത്തിയതിനു ശേഷം കണക്കുകൾ അളന്നുകുറിച്ചുള്ള ഷൈജയും കവിതയും തമ്മിലുള്ള പ്രശ്നങ്ങൾ പതിവാണ്. അല്ലെങ്കിലും ഒരു വാക്കേറ്റം മതി ബന്ധങ്ങൾ നാറിത്തുടങ്ങാൻ.

പതിവുപോലെത്തന്നെ നേരം വെളുത്തു. സുരേശൻ എഴുന്നേൽക്കുന്ന സമയം കണക്കാക്കി മെമ്പർ വണ്ണത്താൻ വീട്ടുപടിക്കലെത്തി, ഇടത്തേതോ വലത്തേതോ സുരേശന്റെ വീട്. രണ്ടുവീട്ടിലേക്കും ഒരേ പടികൾ. സർക്കാർ കൊടുത്ത വീട് സുരേശന്റെയാണോ അതോ സന്തോഷിന്റേയോ. എപ്പോഴും സംശയമാണ്. 
ഷൈജ അടുക്കളവഴിയെ തല പുറത്തേക്കിടുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു, വലത്തേത്.  വശ്യതയോടെ അയാൾ ഷൈജയെ മതിമറന്നു നോക്കിനിൽക്കെ സുരേശൻ മുറ്റത്തേക്കിറങ്ങി. 

'പറമ്പിലെ ബയോഗ്യാസ് പ്ലാന്റ് വൃത്തിയാക്കാൻ ഏൽപ്പിക്കാനാണ്.' വണ്ണത്താൻ കാര്യം പറഞ്ഞു.

' വെറക് വെട്ടാൻ പറഞ്ഞാരുന്നു, മഴയല്ലേ വരുന്നേ.' സുരേശൻ ആകാശത്തേക്ക് തലയുയർത്തി.

'ഇന്ന് വൃത്തിയാക്കിയില്ലേൽ എല്ലാം നാശാവും'
'നനഞ്ഞാൽ വിറക് പിന്നെ ഉണങ്ങിക്കിട്ടാൻ ..'
മങ്ങിയ മുഖത്തോടെ വയൽക്കര കടക്കുംവരെ മുന്നിൽ നടന്നു. 
സുരേശനെ നാലഞ്ചു ചീത്ത മനസ്സിൽ പറഞ്ഞ ശേഷം തിരിഞ്ഞു നോക്കി. കണ്ടില്ല. ഷൈജയുടെ മുഖം വണ്ണത്താൻ വീണ്ടും ഓർത്തപ്പോൾ സുരേശനെ മറന്നു.

ശനിയാഴ്ച്ചത്തെ സ്‌കൂൾ ലീവ്, ഫോണിനുവേണ്ടിയുള്ള ചെക്കന്മാരുടെ അടിപിടി.

'നായ്ക്കൾക്ക് എല്ലു കഷ്ണം കിട്ടിയപോലല്ലേ, ഏതെങ്കിലും ഒന്നിന് ഇതൊന്ന് വച്ച് തന്നൂടെ, നിന്റെയൊന്നും അമ്മ വീട്ടീന്ന് കൊണ്ടന്നതല്ലല്ല.' 
ടീവി ഓൺ ചെയ്തു വെക്കാത്തതിന് ശാന്ത പുൽപ്പായയിൽ നിന്നും മുരണ്ടു.

ഉച്ചയൂണിനു ശേഷം സന്തോഷും ഭാര്യ കവിതയും അണിഞ്ഞൊരുങ്ങി പോകുന്നത് കണ്ട ഷൈജയുടെ കാൽ വിരൽ തൊട്ട് തലവരെ പെരുപ്പിച്ചു. 

'എന്റെ ചെക്കനെ വല്ലതും പറഞ്ഞാൽ ആ അണ്ണാക്കിൽ ഞാൻ തീക്കൊള്ളി വെക്കും.' ഏതോ ഒരു കാരണത്താൽ കൈ നിയന്ത്രിക്കാൻ പറ്റിയില്ല. ശാന്തയുടെ മുഖത്ത് പൊള്ളലേറ്റു. വായ തൽക്കാലത്തേക്കെങ്കിലും അടഞ്ഞു. ഷൈജയിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല എന്ന് മാത്രമല്ല, പൊള്ളൽ ഗൗനിച്ചതുമില്ല.

'എടീ പുണ്ടച്ചി മോളെ, എന്നെ പേടിപ്പിക്കാൻ നീ ആരെടി.' 
ഇരുവരും തിരിച്ചുവരുന്നുണ്ടോയെന്ന് ഷൈജ പലകുറി അടുക്കള വാതിലുവഴി പുറത്തേക്ക് ഏന്തിനോക്കി. ക്ഷമ നശിച്ചു.

'പുണ്ടച്ചി മക്കളെല്ലാം കാലകത്തി കൊടുത്ത പോലല്ല, നല്ലോണം നയിച്ചുണ്ടാക്കിയതാടി. എന്നെ ഭരിക്കാൻ വരുന്ന്. ത്ഫൂ!' വീടിന് തൊട്ടുരുമ്മി നിൽക്കുന്ന കാഞ്ഞിരയിലപോലെ നാവ് കയച്ചു.
അമ്മയെ രണ്ടുകൈകൊണ്ടും വാരിയെടുത്ത് സന്തോഷത്തിന്റെ ടൈൽസിട്ട ഇറയത്തു കൊണ്ടിരുത്തി. ചുവരിനോട് ചാർത്തിവച്ചു.

'ഇനി ഇവിടുന്ന് കൊണച്ചോളണം'  മാറിനിന്ന് നോക്കി.
കയ്യിൽ പറ്റിയ തീട്ടം, മുഖം എറ്റി. പൈപ്പ് തുറന്ന് കൈ വൃത്തിയാക്കി അടുക്കളയിൽ കയറി അടുപ്പിനു മുന്നിൽ നിന്നു.

സന്തോഷും കവിതയും തിരിച്ചുവരുന്നത് ജനൽ പാളിയിലൂടെ നോക്കി നിന്നു. കവിത എന്തിനെന്നില്ലാതെ സന്തോഷിനോട് ദേഷ്യം പൂണ്ടു. അമ്മയെ അതേപടി എടുത്ത് സുരേശന്റെ ഹാളിൽ കൊണ്ടിരുത്തി കവിത പറഞ്ഞു.

'ആ തള്ളേടെ വീടല്ലേ ഇത്. ഇവിടെത്തന്നെ കിടന്ന് ചാത്തോട്ട്.'
തിരിച്ചതേപടി കൊണ്ടിരുത്താൻ ഷൈജയ്ക്ക് അധിക നേരമെടുത്തില്ല. സന്തോഷിനെ കണ്ടെന്നോളം അമ്മയുടെ വായയിൽ നിന്നും ദയയോടെയും അപേക്ഷയോടെയുമുള്ള സ്വരങ്ങൾ മാത്രം പുറത്തേക്കു വന്നു.

'എന്റെ മോനെ, നീയെന്നെ കാണുന്നില്ലെടാ. എന്തിനാടാ അമ്മയോട് ഇങ്ങനെ...'

ശാന്തയെ ആദ്യകാലങ്ങളിലൊക്കെ ഷൈജ സഹിച്ചിരുന്നു. രാഘവന്റെ ബാധകൂടി വീടും പിള്ളേരെയും നോക്കാതെ ദിവസവും മദ്യപാനം തുടർന്നപ്പോഴാണ് ഷൈജയും മാറിത്തുടങ്ങിയത്.

കവിതയും ഷൈജയും വാക്കേറ്റവും കയ്യാങ്കളിയുമായി. 
സന്തോഷ് ഇരുവരെയും തടഞ്ഞു നിർത്താൻ ശ്രമിച്ചു. അതുവരെ അമ്മയുടെ വായ അടഞ്ഞു കിടന്നു. ചേട്ടന്മാരായ ധർമ്മനെയും വിജയനെയും  മെമ്പർ വണ്ണത്താനെയും സന്തോഷ് വിളിച്ചു. ഷാപ്പിൽ നിന്നിറങ്ങി പ്രശ്‌നപരിഹാരത്തിന് വരാൻ ധർമ്മന് തോന്നിയില്ല. അനുജന്മാരെന്ന പരിഗണനയിൽ തോട്ടിൻ കരയിലെ ചെത്തുകാരും മെമ്പർ വണ്ണത്താനും കൂടിനിൽക്കുന്ന സഭയിലേക്ക് പതുക്കെയെങ്കിലും വിജയൻ വന്നു.

'ഇതെന്ന ഓട്ടോറിക്ഷയാ' വഴുക്കുന്ന ടൈലിൽ ഇരിക്കാൻ പെടാപ്പാടുപെടുന്ന അമ്മയെ നോക്കി ചിരിച്ചുകൊണ്ട് വിജയൻ സന്തോഷിന്റെ മുറ്റത്തേക്ക് കയറി.

'കിടപ്പിലായാൽ മനുഷ്യരെ കൊന്ന് കളയാൻ പറ്റൂലല്ലോ. ആരേലും നോക്കണം.' 
വിജയൻ അമ്മയെ ദയനീയതയോടെ നോക്കി.

'ഏട്ടൻ കൊണ്ട് പൊയ്ക്കോ എന്നാൽ, ' ഷൈജയുടെ ശബ്ദം പൊന്തിയപ്പോൾ വിജയൻറെ മുഖത്തെ ദയനീയത മാഞ്ഞു.

'വിജയാ, മോനെ. ഞാൻ എന്ത് ചെയ്തിട്ടാടാ..!' ആളെക്കാണുമ്പോഴുള്ള അമ്മയുടെ കരയുന്ന മുഖഭാവം ഷൈജയ്ക്ക് പുതിയതായിരുന്നില്ല. തന്റെകൂടെ വീടുവിട്ടിറങ്ങിവന്ന പെണ്ണിനോട് കാണിച്ച കാര്യങ്ങളൊക്കെ ഒരു നിമിഷംകൊണ്ട് മനസ്സിലൂടെ മറഞ്ഞപ്പോൾ വിജയനിൽ ബാക്കിയായ സഹതാപം അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി.

'ഭാഗം വെപ്പ് കഴിഞ്ഞപ്പോൾ കൃത്യമായി എഴുതിയതാണ്, തറവാട് ആർക്കാണോ അവർ അമ്മയെ നോക്കുമെന്ന്.' 


'ഇത്രകാലം സഹിച്ചു, നോക്കി. ഇനിവയ്യ. ഒറ്റയ്ക്ക് പേറാൻ, അമ്മയുടെ പേരിലുള്ള വീടന്നെയല്ലെ നിങ്ങളതും.' സന്തോഷ് കാര്യം വണ്ണത്താനോട് സമാധാനപരമായി പറയും മുന്നേ ഷൈജ സ്ഥാപിച്ചു.

ശാന്തയുടെ ചുറ്റും തീട്ടനാറ്റം പരന്നു തുടങ്ങി, വിജയനും വണ്ണത്താനും കഴുകാൻ ആജ്ഞാപിച്ചെങ്കിലും ഷൈജ മുഖം തിരിഞ്ഞു നിന്നു. കവിത അകത്തേക്ക് കയറി വാതിലടച്ചു.
കോടിയ മുഖവുമായി ടൈലിലിരിക്കുന്ന അമ്മയ്ക്ക് ചുറ്റും സന്തോഷും വിജയനും കസേരയിട്ടിരുന്ന് തീരുമാനത്തിലെത്താനുള്ള ആശയക്കുഴപ്പത്തിൽ മുഖം താഴ്ത്തിവച്ചു. കസേലയിരുന്ന് മെമ്പർ വണ്ണത്താൻ ഇടംകണ്ണുകൊണ്ട് ഷൈജയെ നോക്കിക്കൊണ്ടിരുന്നു, മഴക്കാറിന്റെ എല്ലാ കോളും അയാളിലും കണ്ടുതുടങ്ങി.

നിന്ന് മടുക്കുന്നവരൊക്കെ ജാതിത്തടിയിൽ തീർത്ത നീളം ബെഞ്ചിൽ മാറിമാറി ചന്തിയുറപ്പിച്ചു. ചിലർ അഭിപ്രായങ്ങൾ പങ്കുവച്ചു. തീട്ടനാറ്റം സഹിക്കാൻ പറ്റാതെ ചിലർ വളപ്പിലെ തോട്ടിൻ വക്കത്തിറങ്ങി നിന്നു.

ഇരുടുമൂടിത്തുടങ്ങി. മഴക്കാറും. ചുറ്റും കൂടിനിന്നവർക്ക് മടുത്തു തുടങ്ങി. 
സുരേശൻ വീട്ടിലേക്കെത്തി. ചിലർ അടുത്തതെന്തെന്നുള്ള ആകാംക്ഷയിൽ എഴുനേറ്റ് നിന്നു. നേരത്തെ കുടിയടങ്ങിയ സുരേശനെ കണ്ടപ്പോഴാണ് ചിലർക്ക് ഒന്നാം തീയതിയാണെന്നും ബീവറേജ് അവധിയാണെന്നും ഓർമ്മവന്നത്.

'അമ്മയെ തിരിച്ചു സുരേശന്റെ വീട്ടിലേക്ക് തന്നെ കേറ്റുക. അല്ലാതെന്തു ചെയ്യാൻ. വാക്കാലല്ല, പ്രമാണം അങ്ങനെയല്ലേ.' രാവിലത്തെ ദേഷ്യം ഉള്ളിൽ തികട്ടിക്കൊണ്ട് വണ്ണത്താൻ കാര്യം പറഞ്ഞു. എല്ലാവരുടെയും മുഖത്തേക്ക് മാറി നോക്കി.
സുരേശന്റെ മറുപടിക്ക് കാത്തു നിന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് വീടിന്റെ പിന്നിൽ നിന്നും ഒരു ലിറ്ററിന്റെ പ്ലാസ്റ്റിക് കുപ്പിയെടുത്തുകൊണ്ട് സുരേശൻ വയലിലേക്കിറങ്ങി നടന്നു.

'ഉള്ളതൊക്കെ വിറ്റുപെറുക്കിയാണ് തറവാട് വീട് പൊളിച്ചു ഞാനിത് പണിതത്. സ്ഥലേ അങ്ങേർക്കുള്ളതുള്ളു. വീട് ഞാൻ നയിച്ച് പണിതത് തന്നെയാണ്. അത്രതന്നെ ഇവർക്കും കിട്ടീനല്ലോ, ഇവിടെ നിക്കട്ടെ.' ഷൈജ തന്റെ വാദം പറഞ്ഞു.

'എന്നോട് ചോദിച്ചിട്ടൊന്നും അല്ലല്ലോ ഭാഗവും വീതംവെപ്പും നടത്തിയത്. ഇനി ഇവിടേക്ക് കേറരുതെന്ന് വച്ചതാണ്. പിന്നെ ചെയ്യാണ്ട് നിക്കാൻ പറ്റൂലല്ലോ. ചോരയായിപോയില്ലേ' ദയനീയതയോടെ എല്ലാവരുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്ന അമ്മയെ നോക്കി അൽപ്പം ദേഷ്യം കനപ്പിച്ചുകൊണ്ട് വിജയൻ പറഞ്ഞൊപ്പിച്ചു.
'നിങ്ങള് പറയുന്നത്ര ഭീകരതയൊന്നും ഞാൻ കാണുന്നില്ലല്ലോ.' എല്ലാവരുടെയും നടുക്കിരിക്കുന്ന ശാന്തയെ വണ്ണത്താൻ സൂക്ഷിച്ചി നോക്കി. മോനെ എന്നവിളിയോടെ ശാന്ത വണ്ണത്താന്റെ കയ്യിൽപ്പിടിച്ചു.

'നിന്റെയും കൂടെ അമ്മയല്ലേ സന്തോഷേ' വണ്ണത്താൻ കസേരയിൽ നിന്നെഴുന്നേറ്റു. ഉത്തരമില്ലാതെ സന്തോഷ് ഫോണിൽ ഞെക്കി. കവിത വാതിൽ തുറന്നു.
'ഇവിടിപ്പോ ആര് നോക്കും. ഞങ്ങൾ രണ്ടുപേരും ഇവിടെ എല്ലാ നേരവും കാണില്ലല്ലോ. ആ വീട്ടിന് ടൈലിട്ടുകൊടുത്തത് ഞാനാ, പണി എടുപ്പിച്ചത് ഞാനാ. എന്റെ ഓള് അവിടെ കേറിക്കൂടാന്നു വച്ചാൽ. അതൊക്കെ ഞാൻ അമ്മയ്ക്ക് വേണ്ടി ചെയ്തില്ലേ.' സന്തോഷ് പറഞ്ഞു.

പ്രശ്നം പഴയകാര്യങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ കൂടിനിന്നവരുടെ മടുപ്പ് മാറി, തുമ്പത്തിരുന്നവർ എഴുനേറ്റ് ചന്തിക്കെ പൊടിതട്ടി. മുറ്റത്തേക്ക് നീങ്ങിയവർ തീട്ട നാറ്റം കൂടിയതിനാൽ പിന്നിലേക്ക് തന്നെ നീങ്ങി.

ഇരുട്ടി. മഴപൊടിയെ അവസാനമെന്തെന്നറിയാനുള്ള ആളുകളുടെ ത്വര സ്വന്തം വീട്ടുകാര്യങ്ങളിലേക്ക് നീങ്ങിയതുകൊണ്ടാണെന്ന് തോന്നുന്നു, ചിലരൊക്കെ വീടുകളിലേക്ക് തിരിച്ചു. ചിലർ തിരക്ക് കൂട്ടി. ഒരുലിറ്റർ കുപ്പിയിൽ നിറച്ചകള്ള് സുരേശൻ പിന്നാമ്പുറത്തു കൊണ്ടുവച്ചശേഷം എല്ലാവരെയും പോലെ മുന്നിൽ വന്നുനിന്നു.

'നിന്റെ അമ്മയല്ലേട, അകത്തേക്ക് കൊണ്ടുപോയാട്ടെ.' മാറി നിന്ന സുരേശനെ നോക്കി വിജയൻ പറഞ്ഞു. സുരേശൻ അമ്മയെ താങ്ങിയെടുത്തു, ഷൈജ കത്തിയുമായി മുന്നിൽനിന്ന് അമ്മയെ താഴെ വയ്ക്കാൻ ആംഗ്യം കാണിച്ചു. സുരേശൻ അമ്മയെ താഴെവച്ചു. ടൈൽസിൽ പരന്നുപിടിച്ച തീട്ടം ദേഹത്തെല്ലാം പറ്റി. സുരേശൻ നാറ്റം അറിഞ്ഞതേയില്ല.

'അമ്മയുടെ മരണശേഷം എന്നല്ലേ, പറ്റുന്നോൻ മാത്രം ഈ പറമ്പിലേക്ക് കയറിയാൽ മതി.' അവസാനയസ്ത്രമെന്നോളം വിജയൻ കടുപ്പിച്ചു. 
ദേഷ്യത്തോടെ സന്തോഷിനെയും ഷൈജയെയും നോക്കി കണ്ണുരുട്ടി.
സന്തോഷും ഷൈജയും ഭയമൊളിപ്പിക്കാനാവാതെ വാക്കുകൾ പരതി.  ചെത്തുകാർ അന്തിക്കേറാൻ പിരിഞ്ഞു. താൽപ്പര്യമില്ലാതെ വണ്ണത്താൻ ഷൈജയെ തിരിഞ്ഞുനോക്കിക്കൊണ്ട് ഇറങ്ങി നടന്നു. ആളൊഴിഞ്ഞു. എങ്ങുമെത്താതെ ചർച്ച മഴയ്‌ക്കൊപ്പം പിരിഞ്ഞുപോയി. കാലവർഷത്തെ ആദ്യത്തെ മഴ ശക്തിയായി പെയ്തിറങ്ങുന്നത് നോക്കി ആരോ സന്തോഷിന്റെ ഇറയത്തുവിരിച്ച പുൽപ്പായയിൽ ശാന്ത ചെരിഞ്ഞു കിടന്നു.

'പുണ്ടച്ചി മക്കളെ, എനിക്കൊരു പുതപ്പുതാടി' പറ്റാവുന്ന ശബ്ദത്തിൽ വിളിച്ചു ചോദിക്കുന്നുണ്ട്.

18 ജുലൈ 2025