പ്രിയപ്പെട്ട വേശ്യ

ഒറ്റ മുറിയിലെ ഇരുട്ട് എൻറെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ പുറത്തേക്കിറങ്ങി വഴിയരികിലെ ഭിക്ഷാടകരുടെ കൂടെയും, ചോളം കച്ചവടകാരുടെ കൂടെയും ഒരുമിച്ചിരുന്നു സംസാരിച്ചു, മനസ്സിലെ പിരിമുറക്കത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ചിന്തകൾ മുഴുവൻ പുറത്തേക്ക് തികട്ടിയോഴുകി.
സന്ധ്യ മയങ്ങും മുന്നേതന്നെ ഡാൻസ് ബാറിൻറെ അരണ്ട വെളിച്ചത്തിലേക്ക് കടന്നു ചെന്നു.
ആൾക്കൂട്ടത്തിൽ ഒറ്റപെടുന്നവന് അതല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
ഇരുട്ടിനെ കീറിമുറിച് ഇടയ്ക്കിടയ്ക്ക് കണ്ണിലേക്ക് കടന്നുവരുന്ന നിറമുള്ള വെളിച്ചം ലഹരിയായി മാറി, ആരുടേയും സഹായമില്ലാതെ ഞാൻ തന്നെ ക്യാബിനിൽ ചെന്ന്‌ ഗ്ലാസും മുഴു ബോട്ടിൽ വിസ്കിയും എടുത്ത് മേശയ്ക്കരികിൽ ചെന്നു.

പിന്നീടങ്ങോട്ട് യുദ്ധമായിരുന്നു, ലഹരിയും ചിന്തകളും തമ്മിലുള്ള യുദ്ധം.
നാല് പെഗ് അകത്തു ചെന്നത് ഓർമയുണ്ട്, തുണിയഴിച് കൾട്ട് സംഗീതത്തിനു നൃത്ത ചുവടുകൾ വയ്ക്കുന്ന, മൂന്നാം ക്ലാസ് വേശികളുടെ കൂടെ ബലമില്ലാത കാലുകൾ കൊണ്ട് നൃത്ത ചുവടുകൾ വയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, മുഖം കാണിക്കാതൊരുവർ കഴുത്തിൽ ശക്തിയായി പിടിച്ചു, അവൾ എൻറെ കണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കി, അതെൻറെ സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു, എൻറെ കൈകൾ പിടിച്ചു വലിച്ചു ബാറിലെ അരണ്ട വെളിച്ചം കടന്നു വരാത്ത പൂർണമായും ഇരുട്ട് നിറഞ്ഞ മൂലയിലെ സോഫയിലേക്ക് അവൾ എന്നെയും കൊണ്ട് ചെന്നു.

എതിർക്കാനോ, ആസ്വധിക്കാനോയുള്ള ഭോധം എന്നിൽ ഉണ്ടായിരുന്നില്ല, അവൾ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, പക്ഷെ എല്ലാം കൾട്ട് സംഗീതത്തിൻറെ ഇടയിൽ പെട്ട് തട്ടി തെറിച്ചു, എൻറെ കാതുകൾക്ക് അതൊന്നും കേൾക്കാനുള്ള ശക്തി ഇല്ലെന്ന ഭോധം അവൾ തിരിച്ചറിഞ്ഞു.
അല്ലെങ്കിലും അവൾ എന്ത് ചോദിക്കാൻ, ശരീരത്തിൻറെ വില നിർണയിക്കുക എന്നല്ലാതെ മറ്റൊരു സംഭാഷണങ്ങൾക്കും ഇവിടെ പ്രസക്തിയില്ല.

അൽപ്പ സമയം എൻറെ അടയുന്ന കണ്ണുകളിലേക്ക് നോക്കി അവളിരുന്നു, അനുവാദം കൂടാതെ എൻറെ ചുണ്ടുകളെ അവൾ ചുംബിക്കുവാൻ തുടങ്ങി.

കന്നി മഴ പെയ്ത വരണ്ട പാടത്ത് കൂടി ഞാൻ നടന്നു, കാലുകൾ ചളി പശകൾ ഒട്ടിപിടിച്ചു നടക്കാൻ കഴിയാതെയായി, വരമ്പിൻ കൂനയിൽ തളർന്നിരുന്നു, മഴ അത് എനിക്ക് ചുറ്റും മാത്രമാണ് പെയുന്നത്, അതെനിക്ക് കാണാം. ദൂരെയുള്ള തെങ്ങിൻ തോപ്പുകളിലോ, പാടത്തിൻറെ അറ്റത്തുള്ള പുഴയിലോ മഴ പൊടിയുന്നു പോലുമില്ല. ആരോടെങ്കിലും എനിക്കിത് ഉറക്കെ വിളിച്ചു പറയണം, എനിക്ക് വേണ്ടി മാത്രം പെയുന്നൊരു മഴ.
അല്ലെങ്കിലും എൻറെ സന്തോഷങ്ങളുടെ കൂടെ ചിരിക്കാൻ മനുഷ്യ കുലത്തിൽ പിറന്ന ആരും ഇതുവരെയുണ്ടായിട്ടില്ല.

പക്ഷെ കാലിൽ ഒട്ടി പിടിച്ച ചളിയുടെ ഭാരം കാരണം ഒരടി മുന്നോട്ടേക്ക് പോലും നീങ്ങാൻ കഴിയാതെ വരമ്പത്ത് ഇരിക്കേണ്ടി വന്നു. മഴ കാരണം മണ്ണിൻറെ ഉള്ളറകളിലെ ചൂട് സഹിക്കാൻ കഴിയാതെ ജീവികൾ ഓരോന്നായി പുറത്തേക്കിറങ്ങി വന്നു തുടങ്ങി, എൻറെ മുന്നിൽ നിരന്നു നിന്ന് അവർ എന്നെ തൊഴുന്നു, ഈ ഭൂമിയിൽ മഴ പെയ്യിച്ചത് ഞാനാണെന്ന തെറ്റി ധാരണയിൽ ആയിരിക്കാം.
അവരുടെ സന്തോഷ ന്രിതങ്ങളിൽ ഞാനും പങ്കു ചേർന്ന് നൃത്ത ചുവടുകൾ വച്ചു, പാടത്തെ ഉണങ്ങി കരിഞ്ഞ കതിരുകൾ തളിർത്തു, കൊച്ചകൾ കതിരുകൾ കൊത്തി തിന്നാൻ സംഗീതവുമായി ഞങ്ങൾക്ക് ചുറ്റും കാത്തിരുന്നു. ആസ്വാദ്യകരമായ നിമിഷങ്ങൾ; ഞാൻ മാത്രമാണല്ലോ ദൈവമേ ഇത് കാണുന്നുള്ളൂ.
ചുവടുകൾക്കിടയിൽ കാലിലെ ചളി പശകൾ ഓരോന്നായി അഴിഞ്ഞു പോയി, മഴയുടെ ശബ്ദം പൂർണമായും നിന്നു. ചുറ്റും ചുവടുകൾ വച്ചവരൊക്കെ മണ്ണിനടിയിലേക്ക് തിരിച്ചു.

അവളുടെ ചുംബനമായിരുന്നുവോ അത്! എന്റെ പ്രിയപ്പെട്ട വേശ്യ...!

ഭോധം തിരിച്ചു വരാൻ തുടങ്ങിയിരിക്കുന്നു, അവളുടെ മുഖം, അനന്തതയാർന്ന ചുംബനങ്ങൾക്കിടയിൽ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു പോയിരുന്നു.
ഒരു മുഴു ബോട്ടിൽ വിസ്കി കൂടി കൈലെടുതുകൊണ്ട്, പൂർണമായും അഭോധാവസ്തയിലേക്ക് വീഴാതെ, പ്രിയപ്പെട്ട വേശ്യയ്ക്ക് താൽക്കാലിക പ്രണയം നൽകാനുള്ള ബോധം എൻറെ ശരീരത്തിലും മനസ്സിലും നിലനിർത്തി അവളെ ഞാൻ തിരയാൻ തുടങ്ങി.

ലഹരി തലയ്ക്കു പിടിച്ചു ഭ്രാന്തമായി വേശികൾക്ക് പ്രണയം കൈമാറാൻ മധ്യവയസ്കർ തിരക്ക് കൂട്ടുന്ന ഇരുണ്ട മുറിയിലെ സോഫയുടെ അറ്റത് ഒരുവൾ കരഞ്ഞു കൊണ്ടിരിക്കുന്നു, അതെ അവൾ തന്നെ, എൻറെ പ്രിയപ്പെട്ട വേശ്യ.
അവളുടെ അടുത്ത്ചെന്നിരുന്നു, മുഖം ഇരു കൈകൾ കൊണ്ടും മറച്ചുപിടിച് അവൾ കരയുകയാണ്, ആ കൈകൾ തട്ടി മാറ്റി അവളുടെ ചുണ്ടുകൾ ഞാൻ സ്വന്തമാക്കി. അല്ലെങ്കിലും വേശ്യകളുടെ കണ്ണ്നീരിൻറെ കാരണം ആരെങ്കിലും അന്വേഷിക്കുമോ? പക്ഷെ, ചുംബനം എന്നിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല, സിരകളിലെ രക്തയോട്ടം പതിവിലും മന്ദഗതിയിൽ ആയാതായി തോന്നി.

അവളുടെ കൈവിരലുകൾ ഓരോന്നായി എൻറെ കൈവലയങ്ങൽക്കുള്ളിലാക്കി, ആ ശരീരത്തെ മുഴുവൻ പരിരംഭണം ചെയ്തു, അവൾ ഉറക്കെ പൊട്ടി കരഞ്ഞു, അപ്പോഴും അതിൻറെ കാരണങ്ങൾ ഞാൻ തിരഞ്ഞില്ല.
ബോട്ടിലിൽ ബാക്കിയുണ്ടായിരുന്ന മദ്യം മുഴുവൻ അവളുടെ നനവ്‌ തീർത്ത കണ്ണുകളിലേക്കു നോക്കി പതിയെ കുടിച്ചു തീർത്തു. ഇറങ്ങി വരാൻ അവൾ തയാറായി നിൽക്കുന്നത് പോലെ എനിക്ക് തോന്നി. എൻറെ ഇരുണ്ട ഒറ്റ മുറിയിലേക്ക് ഞാൻ അവളെ സാഗതം ചെയ്തു.
ക്യാബിനിൽ ബില്ലും ഏൽപ്പിച്ച് അവളെയും കൂട്ടി എൻറെ ചിന്തകൾ ചിതലരിച്ചു കിടക്കുന്ന മുറിയിലേക്ക് കൊണ്ട് ചെന്നു.

"പ്രിയപ്പെട്ടവളെ, ശരീരം പങ്കു വയ്ക്കുന്നതിനു മുന്നേ എന്ത് പേര് വിളിച്ചാണ് ഞാൻ നിന്നെ അഭിസംബോധന ചെയുക?"

എൻറെ വാക്കുകളുടെ ശൈലി, അവളെ അമ്പരപെടുത്തി എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാം.

"നിനക്ക് എന്ത് വേണമെങ്കിലും വിളിക്കാം"

നീ തന്നെ പറയു, ഈ രാത്രി മുഴുവൻ പ്രണയിച്ചു തീർക്കേണ്ടാവരാണ് നമ്മൾ.

"ദേവയാനി എന്ന് വിളിക്കാം"

നീ ഏറ്റവും വെറുക്കപെടുന്ന ഈ പേര് എവിടെ നിന്നാണ് നീ കേട്ടത്

ഉത്തരം ഒരു മൌനത്തിൽ ഒതുക്കി അവളെൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, മേശയ്ക്കു ഇരുപുറവുമായി ഞങ്ങളിരുന്നു, അവളെ കിടക്കയിലേക്ക് ക്ഷണിക്കാനുള്ള എൻറെ ധൈര്യം മുഴുവൻ ചോർന്നു പോയിരുന്നു.

താൻ എവിടുന്നു വരുന്നു? വിറയ്ക്കുന്ന ചുണ്ടുകളുടെ സഹായത്തോടെ ഞാൻ ചോദ്യങ്ങൾ ഉരുവിടാൻ ശ്രമിച്ചു.

"താങ്കൾ എന്തിനാണ് വിറയ്ക്കുന്നത്?" അവളുടെ ചോദ്യം.

പ്രണയം ഭയമായി മാറുന്ന നിമിഷത്തിൽ, ഭയം ഒളിപ്പിച്ചു വയ്ക്കാൻ സിഗിരറ്റ് കത്തിച്ചു പുകമറകൾ തീർത്തു.
ചോദ്യങ്ങൾ ഇടറും എന്ന് ഉറപ്പുള്ളത് കൊണ്ട് അത് ആവർത്തിക്കാൻ ഞാൻ തയാറായില്ല.
എൻറെ ഭയം തിരിച്ചറിഞ്ഞിട്ടാവണം, അവൾ ബാഗിൽ നിന്നും ഒരു കറുത്ത ചുരുട്ട് എൻറെ നേർക്ക് നീട്ടി.

"വേണെമെങ്കിൽ ഇത് വലിയ്ക്കൂ"

"എന്താണിത്?"

അവൾ തന്നെ കൊളുത്തി, പുക വലിച്ചെടുത്ത് കണ്ണടച്ച് അവൾ കുറച്ചു സമയം മുകളിലേക്ക് നോക്കിയിരുന്നു. പുകയുടെ മണം, എന്നെയും വലിക്കാൻ നിർഭന്തിച്ചു.

ആദ്യ പുക എൻറെ ശിരസ്സിലെക്ക് ഞാൻ ആഞ്ഞെടുത്തു..
ഞാനും അൽപ്പ സമയം കണ്ണടച്ചിരുന്നു. വീണ്ടും അത് തന്നെ ആവർത്തിച്ചു.
വിറയലും ഭയവും ഒക്കെ ഒരു നിമിഷം കൊണ്ടില്ലാതായ്, മാറ്റാരിലേക്കോ പരകായ പ്രവേശം ചെയ്തതുപോലെ.

എന്താണിത്.. അത് പറയു?
"അമുഗ്ബൊ"
അമുഗ്ബൊ?
അതെ, പക്ഷെ ഇ നഗരത്തിൽ ഇതിനെ ചിലർ "കറുത്ത പരിമളം" എന്ന് വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്.

വില കൂടിയ പല പുകകളും ഞാൻ വലിച്ചിട്ടുണ്ട്.. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ്.
ഞാൻ പതുക്കെ എഴുനേറ്റു, ബാൽക്കണിയിൽ പോയ്‌ അൽപ്പ സമയം ആകാശത്തേക്ക് നോക്കി നിന്നു..
എന്നും ഒരേ നിറത്തിൽ കാണുന്ന നക്ഷത്രങ്ങൽക്കിന്നു പല നിറങ്ങൾ, അവ എന്തൊക്കെയോ ചോദിക്കുന്നു..
എന്നും അമിത വേഗത്തിൽ മാത്രം ഓടി കൊണ്ടിരിക്കുന്ന റോഡിൽ, ഇപ്പോൾ വാഹനങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു.. ആൾക്കാർ ഒരേ വേഗത്തിൽ ഓടുകയും നിൽക്കുകയും ചെയുന്നു.

ഇ ലോകത്തിനു ഭ്രാന്താണ്, അവളോട് ഞാൻ പതുക്കെ പറഞ്ഞു,
"താങ്കൾക്കും,"അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

തനിക്കിത് എവിടുന്നു കിട്ടി?

"ഹരിദ്വാർ.. എന്നെ പോലെ പ്രായം കുറഞ്ഞവർക്ക്, യുവാക്കളെ മയക്കാൻ ഉപദേശം തരുന്ന നേപ്പാളിയായ ഒരു വൃദ്ധ തന്നതാണ്."

പക്ഷെ ഞാൻ അവിടെ ചെന്നപ്പോഴൊന്നും ഇതുവരെ ഇതിനെ പറ്റി കേട്ടിരുന്നില്ല.

ഇത് വലിക്കുമ്പോൾ തനിക്കെന്താണ്‌ തോന്നുന്നത്?

"വേദന അറിയാതിരിക്കാൻ ഇതിലും വലിയ മരുന്ന് ഞാൻ കണ്ടിട്ടില്ല" അവൾ ഒരു പുക ആഞ്ഞു വലിച്ചതിന് ശേഷം മറുപടി പറഞ്ഞു.

എൻറെ ചിന്തകളിൽ പൊട്ടിത്തെറികൾ സംഭവിക്കാൻ തുടങ്ങി, പുക ചുരുളുകൾ ചിന്തകൾക്ക് മോക്ഷം നൽകുന്നു.
ഞാൻ നിലത്ത് ഉരച്ചു കെടുത്തിയ സിഗിരറ്റു കുറ്റികളും, തീപെടി കോലുകളും എനിക്ക് ചുറ്റുമായി ഭ്രമണം ചെയുന്നു, ചുറ്റുമുള്ള വസ്തുക്കളൊക്കെ അതിൻറെ കൂടെ കറങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അതിൻറെ നടുവിൽ മരം പോലെ ജീവനോടെ എല്ലാം നോക്കി കാണുന്നു.
ഇന്നലെ വരെ ദിവസവും കേട്ട് കൊണ്ടിരുന്ന ഫോക് ഗാനങ്ങൾ കാതിൽ ഉറക്കെ മുഴങ്ങുന്നു.
ആർപ്പു വിളിയോടെ ചായം പൂശിയ തെയകോലങ്ങൾ മുന്നിൽ ചുവടു വെയ്ക്കുന്നു. കാവുകളിലെ ചെണ്ട മേളവും, വയലിലെ കൊയ്ത്തു പാട്ടും ഈ ഇരുണ്ട മുറിയിൽ ഞാൻ കേൾക്കുന്നു.
ഓരോ വർണ്ണങ്ങൾ തെളിയുന്ന തീ ചുരുളുകൾ മുന്നിലേക്ക്‌ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
ഞാൻ നരഗത്തിൽ അകപെട്ടിരിക്കുന്നു, മോക്ഷം കിട്ടാത്ത പ്രേതാത്മക്കൾ അട്ടഹസിക്കുന്നു. ഭയം, അത് വീണ്ടു കടന്നാക്രമിക്കാൻ തുടങ്ങിയിരിക്കുന്നു.

പ്രിയപ്പെട്ട വേശ്യ...

ഞാൻ പൊട്ടി കരയാൻ തുടങ്ങിയപ്പോഴേക്കും, പരിഹാസ രീതിയിൽ ഉറക്കെ ചിരിച്ചു കൊണ്ട്, അവൾ എന്നെ മാറോടു ചേർത്ത് വച്ചു.
'നീ സുരക്ഷിതനാണ്.' അവൾ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

അവൾ കിടയ്ക്കയിൽ എൻറെ കൂടെ ചേർന്നിരുന്നു, അവളുടെ മാറിനോട് ചേർന്ന് കണ്ണടച്ച് ഞാനും കിടന്നു, മണിക്കൂറുകൾക്കു ശേഷം ലഹരികൾ ഓരോന്നായി മസ്തിഷ്കത്തിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു.
അപ്പോഴും അവളെന്നെ മാറിനോട്ചേർത്ത് കിടക്കയിൽ കിടന്നിട്ടുണ്ട്,
അതെ ഞാൻ സുരക്ഷിതനാണ്.

ദേവയാനി, നിൻറെ മാറുകൾക്കിടയിലാണ് ഞാൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവിചിട്ടുള്ളത്‌ എന്ന സത്യം എനിക്ക് നിന്നോട് പറയാതെ വയ്യ.

അവളെൻറെ കണ്ണുകളെ ശ്രദ്ധിക്കുന്നു.

"നിൻറെ കണ്ണുകളിൽ വിരിയുന്ന പ്രണയം എനിക്ക് കാണാം, പക്ഷെ കാമത്തിൻറെ കണികകൾ രക്തത്തിൽ കലരാതിരിക്കുന്ന സമയം വരെ മാത്രമാണ് എനിക്ക് ഇവിടെ സുരക്ഷിതത്വം. കാമം നിന്നിലെ പ്രണയത്തെ ഒരു മൃഗമാക്കി മാറ്റും.

നിനെക്കെന്നെ പ്രണയിക്കാൻ കഴിയുമോ?
അവളുടെ കണ്ണുകൾ നോക്കി മറ്റൊരു ചോദ്യം എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല.
അവൾ നിശബ്ദമായി, അല്ലെങ്കിലും ഒരു വേശിയെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് ഭോഗങ്ങൾക്കിടയിലെ വെറും മൽപ്പിടുത്തങ്ങൾ മാത്രമായിരിക്കാം.

ദേവയാനി, നിൻറെ മാറിടത്തിൽ ചേർന്ന് കിടക്കുകയും, കണ്ണടച്ച് കൊണ്ടുള്ള നിൻറെ ചുംബനങ്ങൾക്കും അപ്പുറമായി നിന്നിൽ നിന്നും ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല, അതാണ്‌ ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രണയവും.

അവൾ എൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, അവളുടെ കണ്ണുകൾ നനയാൻ തുടങ്ങിയിരിക്കുന്നു,
ഒരു വേശിക്ക് വിധിക്കപെട്ട പ്രണയത്തിൻറെ അതിർവരമ്പുകളെ കുറിചോർതായിരിക്കാം ആ കണ്ണുകൾ ഇപ്പോൾ നനഞ്ഞു കാണുക.

നിമിഷങ്ങൾ നീണ്ട മൌനതിനൊടുവിൽ ഞാൻ കിടയ്ക്കയിൽ നിന്നും എഴുനേറ്റു, ഇരുണ്ട മുറിയിലെ ജനാലകൾ ആദ്യമായി ഞാൻ തുറന്നു, അത് വഴി കിഴക്ക് നിന്നുള്ള സൂര്യ പ്രകാശം ഇരുണ്ട മുറിയിലേക്ക് തറച്ചു കയറി.
പ്രകാശത്തിൻറെ രശ്മികൾ മുഖത്തേക്ക് വീണപ്പോൾ അവൾ കൂടുതൽ സുന്ദരിയായി.

ഒരു രാത്രിക്ക് നീ ഈടാക്കുന്ന പണം എത്രെയെന്നു വച്ചാൽ അത് നിനക്കെടുക്കാം. പക്ഷെ ഭോഗങ്ങൾക്കിടയിൽ ശ്വാസം മുട്ടുമ്പോൾ, പ്രണയത്തിൻറെ കണികകൾ വേണമെന്ന് തോന്നുമ്പോൾ നിനക്ക് ഈ മുറിയിലേക്ക് വരാം, അനുവാധങ്ങൾക്ക് കാത്തുനിൽക്കാതെ കടന്നു വരിക.

"ഈ ഒരു പകലും രാത്രിയും, നിൻറെകൂടെ ചിലവഴിക്കാൻ എന്നെ അനുവദിക്കുമോ?"

ഈ ചോദ്യം, അത് തുറന്നു ചോദിക്കാനുള്ള ഭയമാണ് എന്നിൽ തിളച്ചുമറിയുന്നത്. നിൻറെ മുഖത്തെ ചായം കഴുകി കളയൂ. വരൂ, നമുക്ക് പകൽ വെളിച്ചത്തിൽ ഈ തെരുവുകളിലൂടെ കൈപിടിച്ച് നടക്കാം.

"ഞാനൊരു വേശിയാണെന്ന് ഈ നഗരത്തിനു മുഴുവനറിയാം, അവർ നിന്നെ നോക്കി പല്ലിളിക്കും."

എൻറെ കൈകൾ മുറുകെ പിടിക്കുക, വരൂ നമുക്ക് നടക്കാം. ആൾക്കൂട്ടങ്ങൾ നിറഞ്ഞ തെരുവിൽ ഒറ്റപെടാതിരിക്കാനാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്, അത് തള്ളികളയാതിരിക്കുക. നിൻറെ കൈകളിലൂടെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പ്രണയത്തിൻറെ കണികകൾ എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നു.

ദേവയാനി, നീ പ്രണയിച്ചിട്ടുണ്ടോ? ശരീരം നോട്ടുകെട്ടുകൾക്ക് വേണ്ടി മറ്റൊരുവന് ഭോഗിക്കാൻ വിട്ടു കൊടുക്കുമ്പോൾ, നീ എപ്പോഴെങ്കിലും പ്രണയത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

"അതെൻറെ അമ്മയുടെ പേരാണ്, ഞാൻ ഏറ്റവും കൂടുതൽ വെറുക്കപെടുന്ന പേര്. ഇനി നീ ആ പേര് ഉപയോഗിക്കാതിരിക്കുക."

പിന്നെ ഞാൻ നിന്നെ എന്ത് വിളിക്കും.

"അൽക്ക, അതാണെൻറെ പേര്."

എന്റെ പ്രിയപ്പെട്ട അൽക്ക, നിൻറെ നനഞ്ഞ കണ്ണുകളും, ചായം തേച്ചു ചുവപ്പിചെടുത്ത ചുണ്ടുകളും, ഏതൊരു പുരുഷനെയും പോലെ എന്നെയും കീഴ്പെടുത്താൻ ശ്രമിക്കുന്നുണ്ട്, പക്ഷെ!

"അതെന്താണ്"

അറിയില്ല, നീ പ്രണയിച്ചിട്ടുണ്ടോ പെണ്ണേ?

"എൻറെ മനസിനുള്ളിൽ ഇപ്പോഴും സത്യമായ ഒരു പ്രണയമുണ്ട്, പക്ഷെ ഇതുവരെ എന്നെ ഭോഗിച്ച ഒരാൾക്കും, ആ പ്രണയത്തെ മുറിപെടുതാൻ കഴിഞ്ഞിട്ടില്ല, അവർ മുറിപ്പെടുതിയതൊക്കെ എൻറെ ശരീരത്തെ മാത്രമാണ്. എൻറെ പ്രണയം അത് ഇപ്പോഴും പരിശുധമാണ്."

നീ തീർത്ത ചുംബനങ്ങൾ പറയുന്നുണ്ടായിരുന്നു, നീ പ്രണയത്തിൻറെ തടങ്കലിൽ നിന്നും മോക്ഷം കിട്ടാതവളാണെന്ന്. പ്രണയത്തിൻറെ തടവറയിൽ നിന്നും നിനക്ക് ഞാൻ മോക്ഷം നേടിതരാം, പക്ഷെ ആ പ്രണയത്തെയും വ്യബിചരിച്ച്‌ നീ ഈ നഗരത്തിലെ മറ്റു കാമുകിമാരെപൊലെ തന്ത്രങ്ങൾ മെനയരുത്.

വരൂ, നമുക്ക് മുറിയിലെ ചുവരുകളിലേക്ക് തന്നെ മടങ്ങാം, നിൻറെ വഴികാട്ടിയായ വൃദ്ധ തന്ന പുക ചുരുളുകൾ കൊണ്ട്, ഒരു യാത്രാ പോവാം, ശരീരം അനങ്ങാതെയുള്ള യാത്ര. ഓർമകളിലേക്ക് വഴുതി വീണ് കണ്ണീരു പൊഴിച്ച് കൊണ്ടൊരു യാത്ര. ആ യാത്രകളിൽ നിനക്ക് ഞാനെൻറെ ബാല്യവും, കരഞ്ഞു തീർത്ത കൌമാരവും വരച്ചു തരാം. അതിനുശേഷവും എന്നെ ഒരു ഭയപ്പാടില്ലാതെ കാണാൻ കഴിയുന്നുവെങ്കിൽ നമുക്ക് പ്രണയിക്കാം.
ഗുൽമോർഗ് മല നിരകളിലെ ദേശാടന പക്ഷികളെകാളും ഭംഗിയായി ഈ ജീവിതം നമുക്ക് പ്രണയിച്ചു തീർക്കാം.

No comments:

Post a Comment

വായിച്ചതിനു നന്ട്രി