പുഷ്കർ

ഊരുതെണ്ടികളുടെ കൂടെയിരുന്ന്,
ഒരു ഭാഗത്തു സീതയും മറ്റൊരു ഭാഗത്തു രാമനെയും നിർത്തിക്കൊണ്ട് ബ്രഹ്‌മാവിന്റെ ചിന്തകളിലൂടെയുള്ള മെൽവി ഭാഷയിലെ വരികൾ ഉരുവിടുമ്പോൾ,
രണ്ടു കുപ്പി ബിയറിന്റെ മന്ദിപ്പിൻറെ പുറത്തു എങ്ങോട്ടെന്ന് അറിയാതെ ഇറങ്ങിയത് മുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് നീറി വരുന്നുണ്ടായിരുന്നു.

പ്രിയപ്പെട്ടവളുടെ ഉണങ്ങാത്ത ചുംബനങ്ങൾ എന്നെ അത്രയേറെ മത്തുപിടിപ്പിക്കുന്നതായിരുന്നു.
ഡൽഹി അജ്മീർ ഹേവെയിൽ ഏതെങ്കിലും ഒരു വാഹനത്തിന്റെ സഹായം പ്രതീക്ഷിച്ചു കൈ നീട്ടി നിൽക്കുമ്പോൾ അവളുടെ കരയുന്ന കണ്ണുകൾ മാത്രമായിരുന്നു മനസ്സിൽ.
അതുകൊണ്ടു തന്നെയാവണം എങ്ങോട്ടേക്കെന്നു എല്ലാവരും ചോദിച്ചപ്പോൾ "ജയ്‌പൂർ" എന്ന് പറയേണ്ടി വന്നതും, കിട്ടിയ വാഹനത്തിൽ കയറി ജയ്‌പൂർ, അവിടുന്ന് രാജസ്ഥാൻ ട്രാൻസ്പോർട്ടിൽ കയറി ബാന്ദ്രസിന്ഡറി ഇറങ്ങിയതും.
അത്രയേറെ ഒറ്റപെട്ട നിമിഷങ്ങൾ.

പ്രിയപ്പെട്ടവളുടെ കൈപിടിച്ചു പുഷ്കറിലേക്ക് കിലോമീറ്റർ നടക്കുമ്പോൾ ഞാൻ എന്നെത്തന്നെ മറക്കുകയായിരുന്നു.
മൃഗത്തിന്റെ ചിന്തകൾ വിഗ്രഹമാക്കി വരാഹം എന്ന പേരിൽ അകത്തിരുത്തിയ കല്ലുകൾക്ക് അവൾ തൊഴുതു പ്രാർത്ഥിക്കാൻ കയറിയപ്പോൾ ഞാൻ എന്തുകൊണ്ട് തടഞ്ഞില്ല?
'പുരുഷന് സ്ത്രീയോടുള്ള ആധിപത്യം' അത് ഞാൻ മറന്നുപോയിരിക്കുന്നോ; എന്തൊരു ജന്മമാണിത്.

ഒടുവിൽ ബ്രഹ്‌മാവിന്റെ പത്നിയായ സാവിത്രിയുടെ മുന്നിൽ മണിയടിക്കാൻ അവളുടെ കൈകൾ എത്താതിരിക്കുമ്പോൾ അവൾക്ക് പകരം എന്റെ കൈകൾ മണികളിൽ ശബ്ദം നൽകുകയും, അവളുടെ കൈകൾ എത്തുംവിധത്തിൽ അവളെ ഉയർത്തുകയും ചെയ്തത് ഞാൻ ശ്രീരാമനെക്കാളും വലിയവൻ ആയതുകൊണ്ട് തന്നെയാവണം. അല്ലെങ്കിലും, പുരുഷൻ ഒരിക്കലും ശ്രീരാമനോളം തരാം താഴാൻ ശ്രമിക്കരുത്.

ചുട്ടുപൊള്ളുന്ന മരുഭൂയിലൂടെ ഒട്ടകങ്ങളെപോലെ കുതറിയോടുമ്പോഴും,
അസ്തമയ സൂര്യനെ നോക്കി സരോവരം തടാകത്തിൽ കാൽ നീട്ടി ഇരിക്കുമ്പോഴും,
ഒരു യാത്രയിലൂടെ പ്രണയത്തെയും - ഒരു പ്രണയത്തിലൂടെ യാത്രയെയും - സ്നേഹിക്കുന്നവനായി ഞാൻ മാറുകയായിരുന്നു.
അതുകൊണ്ടു തന്നെയാവണം, ഒരുഭാഗത്തെ രാമനെ ഒഴിവാക്കി അവിടെ - അച്ഛനെന്നോ, കാമുകനെന്നോ, പതിയെന്നോ അറിയാത്ത രാവണനെ രാമാനുപകരം സീതയ്ക്ക് വേണ്ടി വരികളിൽ പ്രതിഷ്ഠിക്കാൻ ഉജ്ജയിനിൽ നിന്നും ഭക്തിയുടെ മറവിൽ യാത്രകളെ സ്നേഹിക്കുന്ന കാവി വസ്ത്രധാരികളോട് പറയേണ്ടിവന്നത്.

പക്ഷെ അവൾ സീത തന്നെയായിരുന്നു.
പുഷ്കറിലെ ബ്രഹ്‌മാവിന്റെ ക്ഷേത്രത്തിനുമുന്നിൽ എല്ലാവരും നൂറുരൂപയുടെ താമരമൊട്ടുകൾ തടാകത്തിൽ എറിയുമ്പോൾ - വിശന്നുവലഞ്ഞ അമ്മയ്ക്ക്, തെരുവ് ഗായകർക്ക്, കയ്യിൽ ആകെയുള്ള പണം കൊണ്ട് ഭക്ഷണം വാങ്ങിക്കൊടുക്കാൻ തയാറായത്,
തിരിച്ചു മരുഭൂമിയിൽ നിന്നും ഇറങ്ങാൻ പണമില്ലാതെ വന്ന കാമുകന്റെ കൂടെ പിച്ചയെടുക്കാൻ ഇരുന്നത്,
മലയാളത്തിലെ കുറത്തിപെണ്ണുകളുടെ വരികൾ ഉജ്ജയിനിലെ നാടൻ സംഗീതത്തിന്റെ കൂടെ കൂട്ടികലർത്തിയത്, അവൾ സീതയായതുകൊണ്ട് തന്നെയാവണം.

ഒടുവിൽ,
ഉജ്ജയിനിലെ ഗായകർക്ക് മുഴുവൻ പണവും നൽകി പുഷ്കറിൽനിന്നുള്ള വറ്റിയ കുന്നുകൾ തിരിച്ചു കയറുന്ന നിമിഷത്തിൽ, കാമുകനുവേണ്ടി കരുതിവച്ച "Siddhartha  - Hermann Hesse " സമ്മാനിക്കുമ്പോൾ രാമനിൽ നിന്നും എന്നിലേക്കും എന്നിൽ നിന്നും ബുദ്ധനിലേക്കുമുള്ള ദൂരത്തെ കുറിച്ചുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലേക്ക് അവൾ എന്നെ കൊണ്ടെത്തിക്കുകയായിരുന്നു.

മുബൈയിൽ നിന്നും ആഗ്രയിലേക്കു പോകുന്ന ചരക്കുവണ്ടിക്കകത് ചെതാവണി ബീഡി വലിച്ചിരിക്കുമ്പോൾ "ഒരു തെണ്ടിയുടെ നിലവാരം" എന്ന് സ്വയം വിലയിരുത്തി ബനാറസിലേക്കുള്ള യാത്ര സ്വപ്നം കാണുകയായിരുന്നു.

പാറു, ഈ വർത്തമാനകാലത്തിൽ ഞാൻ നിന്നോളം മറ്റാരെയും പ്രണയിക്കുന്നില്ല എന്ന സത്യം എനിക്ക് മറച്ചുവയ്ക്കാൻ കഴിയുന്നില്ല.


No comments:

Post a Comment

വായിച്ചതിനു നന്ട്രി