Showing posts with label ഏഴിമലയിലേക്ക്. Show all posts
Showing posts with label ഏഴിമലയിലേക്ക്. Show all posts

ഏഴിമലയിലേക്ക്

ഭാഷയുടെ കടുപ്പം കാരണം ആഗ്രഹിച്ചു വാങ്ങിയ ജാക്ക് കുറുഒക്കിന്റെ 'ഓൺ ദി റോഡ്‌' വായിക്കാൻ പറ്റാത്ത സങ്കടത്തിൽ, എന്നാൽ വായിച്ചു തീർക്കാതെ ഒന്നും ചെയില്ലെന്ന വാശിയിൽ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളും പലരോടും ചോദിച്ചറിഞ്ഞു വായിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, 
ആരോ ഒരാൾ പറഞ്ഞു; നടന്നു കൊണ്ട് വായിച്ചു തീർക്കേണ്ട യാത്രകളാണ് അതിലെ കടലാസുകൾ നിറയെ എന്ന്.

ഈ കർക്കിട മാസത്തിൽ വീട്ടിലെ നാല് ചുവരുകൾക്ക് വെളിയിൽ എവിടെ പോയിരുന്നു വായിക്കും? എന്ന ചിന്തയിൽ ഓരോ കടലാസും മറിച്ചു നോക്കുന്നതിനിടെ എവിടെയോ കണ്ടു. 

"നതിംഗ് ബിഹൈണ്ട്  മി, എവരിതിംഗ് എഹെഡ് ഓഫ് മി, ഏസ് ഈസ് ഓവർ സൊ ഓൺ ദി റോഡ്‌!"

എനിക്ക് വേണ്ടി ഒഴിഞ്ഞു തന്നത് പോലെ മഴ കുറഞ്ഞ ആ ഒരു ദിവസം തന്നെ ഭ്രാന്തമായ ചില ഭ്രാന്തരുടെ ചിന്തകൾ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വരുംബോൾ പിന്നെ എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും.
പ്ലാസ്റ്റിക്‌ സഞ്ചിയിൽ ബുക്കും ക്യാമറയും പൊതിഞ്ഞു വീട്ടിന്നിറങ്ങി,
ആദ്യം പറശിനിയും, പിന്നെ പയാംബലവും ഒക്കെ മനസ്സില് വന്നെങ്കിലും പ്രിയപ്പെട്ട ഒരു ഭ്രാന്തന്റെ സഹായത്താൽ ചെന്നെത്തിയത് എഴിമലയിലാണ്.

തനിചിരിക്കാനും, നടക്കാനും ഒന്നും പാങ്ങില്ലാത്ത സ്ഥലം എന്ന് ഒറ്റ നോട്ടത്തിൽ വിലയിരുത്തിയെങ്കിലും തെറ്റ് പറ്റി!

"ആർക്കും ഞങ്ങളെ അറിയില്ല,
അതുകൊണ്ട് തന്നെ ആരുടെ മുന്നിലും അഭിനയിച്ചു തീർക്കേണ്ട ആവശ്യവും ഇല്ല. നടന്നിട്ടോ ഇരുന്നിട്ടോ കിടന്നിട്ടോ നിനക്ക് ഇവിടിരുന്ന്  വായിച്ചു കൂടെ"
കൂടെയുള്ള മറ്റൊരു ഭ്രാന്തന്റെ പൊട്ടിത്തെറിക്കുന്ന ചിന്തകളുടെ കൂടെ ആവുംബോൾ പിന്നെ പിന്നോട്ട് വിളിക്കാത്ത ഒരുതരം ധൈര്യമാണ്.

ഞങ്ങൾ നടന്നു, വായിച്ചു കൊണ്ട് തന്നെ നടന്നു.
അതിനിടയിൽ ആർക്കും വേണ്ടാത്ത ഒരു ഹനുമാൻ ക്ഷേത്രം, പച്ചപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന ഇളം നീല പ്രതിമയും!
വില്ലൻ വില്ലനെ കുറിച് കഥയെഴുതിയപ്പോൾ വില്ലൻ നായകനായി മാറി, വില്ലന്റെ വാലാട്ടി കുരങ്ങ് എല്ലാം പോന്നൊരു ദൈവവും.
അതല്ലേ ഹനുമാൻ!

"അനുഭവമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഗുരു, മറ്റുള്ളവരുടെ വീക്ഷണങ്ങളല്ല" ജാക്കിന്റെ  ഒരു സംഭാഷണത്തിൽ എവിടെയോ വായന തട്ടി നിന്നു.
രാമന്റെ അടിമയായ ഹനുമാന്റെ യാത്രകളിലും, ജാക്കിന്റെ ലഹരികളും, പിന്നെ എന്നോടൊത്ത് ഇറങ്ങി നടക്കുന്ന ജാക്കിന്റെ ഭ്രാന്തൻ ചിന്തകളും ഒക്കെ കൂടി ആകെ ഒരുതരം ഭ്രാന്തമായ അവസ്ഥ.
പുസ്തകം കരി വിളക്കിന്റെ മുകളിൽ വച്ച് ആർക്കും വേണ്ടാത്ത ഈ കല്ലുകളും, കരിവിളക്കുകളും, ചുറ്റി കണ്ടു, അല്ലെങ്കിലും ഓർമ്മകളുടെ ഭാണ്ട കെട്ടുകൾ തുറക്കാൻ പാകത്തിനുള്ള പഴമകൾ ആർക്കും വേണ്ടാത്ത ഇത് പോലുള്ള ക്ഷേത്രങ്ങളിൽ അല്ലാതെ മറ്റെവിടെ കാണാൻ.
നാട്ടിലുള്ള ക്ഷേത്രങ്ങൾ വരെ ഇപ്പോൾ ഹൈട്ടെക്കായ് മാറിയിരിക്കുന്നു.

വർഷങ്ങൾക്ക് ശേഷം ഒരു കരിവിളക്ക് കണ്ടതിന്റെ സന്തോഷത്തിൽ, ഹനുമാന്റെ കാൽക്കീഴിൽ കുറേ സമയമിരുന്നു.
'ജനാലകമ്പി എത്തിപിടിച്ച് വലിഞ്ഞു കയറാൻ ശ്രമികുമ്പോൾ പിന്നാലെ വരുന്ന അമ്മയുടെ ചിരട്ട കയിലിൻറെ അടിയൊഴിവാക്കാൻ ഇറങ്ങിയോടിയ ചാണം പാറ്റിയ പഴയ തറവാട്ടു മുറ്റത്ത്‌ ഇതുപോലൊന്ന് ഉണ്ടായിരുന്നു, ബന്ധങ്ങൾ വലുതാവുകയും ബന്ധനങ്ങളുടെ കണ്ണികൾ കൂടുകയും ചെയ്തപ്പോൾ തറവാടും, കരിവിളക്കും ഒന്നും ഇല്ലാതായി."

രാക്ഷസവംശത്തെ ലങ്കയുടെ കൊട്ടാരമോടിയിലേക്കെത്തിച്ച രാവണനെ പറ്റി കള്ളങ്ങൾ വിളിച്ചു പറഞ്ഞത് ഹനുമാനാണ്, ഇയാളുടെ കാൽക്കീഴിൽ ഞാനെന്തിനിരിക്കണം?

പുസ്തകവുമെടുത് നടന്നു,
ഹനുമാൻ ക്ഷേത്രത്തിനു പിന്നിൽ നീണ്ടു കിടക്കുന്ന കൊച്ചു കാട്ടിലേക്ക് ആർക്കും വേണ്ടാതെ വീണു കിടക്കുന്ന കുറേ നെല്ലിക്കകളും ഒരു വലിയ നെല്ലിക്കാ മുത്തശിയും.
ആസ്സാമിൽ എവിടെയോ വച്ച് കണ്ട ലിച്ച് പഴങ്ങളെയും മരതിനെയും ഓർമിപ്പിച്ചു.

കുറച്ചു സമയത്തേക്ക് ജാക്കിന്റെ ഓൺ ദി റോഡിനെ മറന്നു പോയി, അത്രത്തോളം സുന്ദരമായിരുന്നു, സന്ധ്യയോടടുക്കുംപോൾ ചിതറി വീഴുന്ന വെയിലിന്റെ ശാഖകൾ കാട്ടിലെ മരചില്ലകളുടെ കൂടെ വീഴുന്നത് കാണാൻ.
എന്ത് രസമാണ് നമ്മുടെ നാട്, പക്ഷെ അതാസ്വധിക്കാൻ എനിക്ക് കഴിഞ്ഞില്ല ഇത്ര നാളുമെന്ന് അറിയാതെ ചിന്തിച്ചു പോയി.

ഉയർന്നു നിൽക്കുന്ന നെല്ലിക്കാമരം ആദ്യമായി കാണുന്ന ഒരുത്തന്റെ ഭ്രാന്ത് അതിന്റെ മുകളിലേക്ക് എത്തിച്ചു.
കാട്ടിലെ മരച്ചില്ലകളിൽ ഇരുന്നുകൊണ്ട് ഓരോ നെല്ലിക്കയും പറിച്ചു കഴിച്ചുകൊണ്ട് പുസ്തക താളുകൾ മറിച്ചു തീർക്കുമ്പോൾ ജാക്കിന്റെ യാത്രകളിലായിരുന്നില്ല.
അവിടെ എന്റെ യാത്രകളുടെ സൌന്ദര്യം ജാക്കിന്റെ വാക്കുകൾ കൊണ്ട് അനുഭവിക്കുകയായിരുന്നു.

പ്രണയതെയോ, വിരഹതെയോ, അതോ മറ്റെന്തിനെയെങ്കിലും കൂടെ കൂട്ടി ഞാൻ ഇവിടേയ്ക്ക് വന്നിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ആസ്വദിക്കാൻ കഴിയുമായിരുന്നില്ല, ഇത്രയും മനോഹരമായ ദിവസം, ഓർമകളിൽ അടയാളപെടുതുമായിരുന്നില്ല.

ദൂരങ്ങളെയും, സ്ഥലങ്ങളെയും അളക്കാതെയുള്ള യാത്രകളായിരിക്കും എന്നും ജീവിതത്തിനെ മനോഹരമാക്കി മാറ്റുന്നത്.
ചിന്തിക്കാൻ ഒരുപാട് സമയം ഓരോ ദിവസവുമുണ്ട്, പക്ഷെ ആ ചിന്തകളുടെ വേലി തീർച്ചപെടുത്തിയ മതിലുകൾക്കപ്പുറതേക്ക് കടന്നു ചെന്ന്, ഭ്രാന്തമായി ചിന്തിക്കണമെങ്കിൽ, മറ്റൊരു ലോകത്തിൽ എതിപെടണമെങ്കിൽ യാത്രകൾ അനിവാര്യമാണ് ഓരോ ജീവിതത്തിലും.

ഓൺ ദി റോഡിലെ മറക്കാനാവാത്ത വാക്കുകൾ പോലെ!