വേട്ടയ്ക്കാരനും പേടമാനും

നിലാവിന്റെ വെളിച്ചത്തിൽ പോലും തെളിഞ്ഞു കാണാത്ത എന്റെ കറുത്ത ശരീരം കാത്തിരുന്നവൾ,
പൌർണമിയിൽ പോലു ഉറക്കമൊഴിഞ്ഞ് ശരീരത്തെ തൊട്ടുകൊണ്ടിരിക്കാൻ കണ്ണും നട്ടിരുന്നവൾ, എന്റെ ഒരു നോട്ടം കൊണ്ട്, രതിയുടെ ആഴത്തിലേക്ക് ഇറങ്ങി ചെന്നവൾ.

കണ്ണിലെ കൃഷ്ണമണിയുടെ രുചി എന്റെ നാവിന് അറിയണം എന്ന് തോന്നിയപ്പോൾ ആദ്യം ചെന്ന് പറഞ്ഞത് അവളോടായിരുന്നു,
അവൾ എന്റെ ചോദ്യംകേട്ട് മിഴിച്ചു നിന്നു, പിന്നെ സ്വയം കണ്ണാടി നോക്കി കണ്ണിലെ ഉരുണ്ട ഗോളത്തെ ശ്രദ്ധിക്കാൻ തുടങ്ങി, പകൽ വെളിച്ചത്തിൽ മുഴുവൻ മറ്റൊരു ലോകത്ത് നിശബ്ദമായിരുന്നു.
ചിന്തകളുടെ പരലോകം. ആത്മഹത്യ ചെയ്ത ചിന്തകളിലേക്ക് ഇറങ്ങി, പലതും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടവളിരുന്നു.

രാത്രിയിൽ നഗ്നമായി കാമിക്കാൻ തയ്യാറായി അവളുടെ മുന്നിലേക്ക് ചെന്നപ്പോൾ,
വീണ്ടും പുനർജനിച്ച ഓർമകളെ കൂട്ടുപിടിച്ച് എന്റെ ശരീരത്തെ മാറ്റി നിർത്തി കൊണ്ടവൾ പറഞ്ഞു.

'അമ്പ്‌ കൊണ്ട് പിടഞ്ഞു വീണ മൃഗത്തെ ചവിട്ടി നിൽക്കുന്ന ഒരു വേട്ടകാരന്റെ അഹങ്കാരം പോലെയാണ്, നീ എന്റെ മുന്നിൽ നിൽക്കുന്നതെങ്കിൽ നിന്റെ നഗ്നത നിനക്ക് മറക്കാം'

"എന്റെ അനുരാഗം, അത് ഇനിയാണ് നീ അറിയാൻ പോവുന്നത്, വേട്ടയ്ക്ക് തയാറാവുന്ന ഒരു വേട്ടകാരനായിരുന്നു ഞാൻ ഇതുവരെ, ഇനിയാണ് ഞാൻ വേട്ടയാടുക. അല്ലാതെ വേട്ടയാടി കഴിഞ്ഞ് അതിനെ ഭക്ഷിക്കുന്ന ഒരു കാട്ടാളനായല്ല ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്."

അപ്പോഴും അവളുടെ മുഖത്തെ സന്ദേഹം വിട്ടുമാറിയിട്ടില്ല,
അവളുടെ മുന്നിൽ കണ്ണുകളുടെ മുന്നിൽ തന്നെ ഞാൻ നഗ്നത മറച്ചു,
പതിയെ മറ്റൊരു സ്ത്രീയെ കുറിച്, സോനാഗചിയിലെ തെരുവിലെവിടെയോ കേട്ടറിഞ്ഞ ഒരുവളുടെ കഥ എന്റേത് കണക്കെ പറഞ്ഞു തുടങ്ങി.
അവൾ കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അവളുടെ കണ്ണുകൾ എന്റെ ചുണ്ടുകളിലേക്ക് മാത്രമായിരുന്നു നോക്കികൊണ്ടിരുന്നത്.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും.

അവളുടെ കണ്ണിലെ കറുത്ത ഗോളങ്ങളുടെ അനക്കം എന്നെ മത്തുപിടിപ്പിച്ചു, ഞാൻ ചോദിച്ചു,
'"നീ കണ്ണുകളിലെ കറുത്ത ഗോളങ്ങളുടെ രുചിയറിഞ്ഞിട്ടുണ്ടോ?"
എന്റെ ചുണ്ടുകളിൽ നിന്നും അവളുടെ നോട്ടം കണ്ണുകളിലേക്ക് മാറി, രണ്ടു കണ്ണുകളിലേക്കും നോട്ടങ്ങലെറിഞ്ഞു.

'ഈ ഇരുണ്ട ഗോളങ്ങൾക്ക് എന്ത് രുചി?'

"എന്റെ ഇരുണ്ട ശരീരത്തിന്റെ വിയർപ്പിന്റെ രുചി അറിഞ്ഞിട്ടുണ്ടോ?"

കണ്ണുകൾ അടച്ച്, എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചുകൊണ്ട് അവൾ കഴുത്തിലേക്ക് മുഖമമർത്തി കിടന്നു.

"രണ്ടു ശരീരങ്ങളും പരിണമിച്ചു കഴിഞ്ഞ് വിയർതുകൊണ്ടിരിക്കുന്ന ശരീരത്തിന്റെ സുഗന്ധവും,
ഉപ്പു വറ്റിയ ചുണ്ടുകളുടെ രുചിയും, രതിയിൽ കണ്ണടച്ച് നിൽക്കേണ്ടി വന്നവളുടെ വികാരവും തളർന്നുറങ്ങുന്ന തിരമാലകളുടെ മുന്നിൽ നിന്നുകൊണ്ട് അനുഭവുക്കുക - അങ്ങനെ ഒന്ന്; എന്റെ ചുവന്ന കണ്ണുകളിലെ കറുത്ത ഗോളങ്ങൾക്ക് കഴിയും എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?

കണ്ണുകളിലേക്ക് മാറി മാറി അവൾ നോക്കി കൊണ്ടിരുന്നു,
ചുണ്ടുകൾ വറ്റി തുടങ്ങിയപ്പോൾ നാവു കൊണ്ട് നനവേകി, സിരകളിൽ പൊട്ടി തെറിക്കുന്ന കാമത്തിന്റെ കണികകളെ അവൾ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
പതിയെ നാവു പുറത്തേക്കിട്ട് ഇരതേടുന്ന പാംപുകളെ പോലെ എന്റെ കണ്ണിലേക്കവൾ കുതിച്ചു വന്നു.
ഞാൻ കണ്ണുകളടച്ചു.
നാവു പിൻവലിഞ്ഞപ്പോൾ വീണ്ടും കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി,
അവൾ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു, കറുത്ത ഗോളങ്ങളെ നാവുകൊണ്ടൊന്ന് സ്പർശിക്കുവാൻ.

എന്റെ കണ്ണുകൾ, അത് അടഞ്ഞുകൊണ്ടേയിരുന്നു.

"വേട്ടയാടി ക്ഷീണിചിരിക്കുന്നവനാണ് ഞാൻ എന്ന് പ്രിയപ്പെട്ടവൾ മൊഴിഞ്ഞിരിക്കുന്നു,
ആ ക്ഷീണത്തിന്റെ ഉറക്കം തികട്ടി വരുന്നുണ്ട്."

മൂക്കിൻ തുമ്പത്ത് വരെ ആ കോപം കാണാമായിരുന്നു ഒരു മറുപടിയെന്നോളം.

'പ്രണയത്തിൽ എവിടെയോ, എന്തോ നഷ്ടപെട്ടത് പോയതുപോലൊരു തോന്നൽ, എന്നോട് ക്ഷമിക്കുക. പുനർജനിച്ച ഓർമകളുടെ പ്രതികാരം.'

"ക്ഷമ, മാപ്പ് ഇതൊന്നും നമ്മുടെ പ്രണയത്തിലില്ല. ഞാനൊരു വേട്ടക്കാരനും, നീ കുതിച്ചോടുന്ന പേടമാനും തന്നെയാണ്, എന്റെ പ്രണയത്തിൽ നിന്നും നീ കുതിചോടുക, കാമത്തിന്റെ മരുന്ന് പുരട്ടിയ അമ്പുകൾ തറിക്കാതെ ഒഴിഞ്ഞുമാറുക. പരസ്പരം മത്സരിച്ചുകൊണ്ട് നമുക്ക് പ്രണയിക്കാം,
ചത്തുകിടക്കുന്ന ഇരയുടെ മേലെ കാലെടുത്തുവച്ച, വിജയിച്ചൊരു വേട്ടക്കാരനായി ഞാനും, വേട്ടക്കാരനെ ഓടി തോൽപ്പിച്ച പേടമാനായി നീയും മാറരുത്.
എന്റെ അനുരാഗത്തെ നീ കൊല്ലരുത്."

'അപ്പോൾ കണ്ണിലെ കറുത്ത ഗോളങ്ങളുടെ രുചി?'

"നീ അത് കണ്ടെത്താൻ ശ്രമിച്ചോളൂ, അതിനു നിനക്ക് കഴിയുന്നില്ലെങ്കിൽ,
എന്റെ നഗ്നമായ ശരീരത്തെ അറിയുക, കാമം കൊണ്ടും, നിനക്കിഷ്ടപെട്ട ചേഷ്ടകൾ കൊണ്ടും.
പതിയെ പതിയെ നമുക്ക് രുചിചെടുക്കാം.
വേട്ടയ്ക്കിറങ്ങിയ ഒരു മൂർഖനാണ് നീയിപ്പോൾ, വാലുകൾ അറുത്തുമാറ്റി പിടഞ്ഞോടുന്ന പല്ലിയായി എന്റെ കണ്ണുകൾ നിന്നെ പരിഹസിക്കും.'
ഇതിനിടയിൽ എപ്പോഴോ താളം തെറ്റി വരുന്ന രതിമൂർചയും, പ്രഭാതവും.
ദിവസങ്ങൾ മുഴുവൻ മത്തുപിടിച്ച രണ്ടു വേട്ട മൃഗങ്ങളും രണ്ടു കാട്ടളന്മാരുമായി സ്വയം മാറി കൊണ്ടിരിക്കുന്ന അനുരാഗവും."

No comments:

Post a Comment

വായിച്ചതിനു നന്ട്രി