ഒരാൾ

തലയണകൾ മുഖത്തോട് ചേർത്ത് വച്ച് ശബ്ദം പുറത്തേക്ക് വരാതെ കരഞ്ഞിട്ടുണ്ടോ?
വിശപ്പ്‌ സഹിച്ച്, മൂന്നു ദിവസത്തിൽ കൂടുതൽ ആഹാരം കഴിക്കാതെ ജീവിച്ചിട്ടുണ്ടോ?
സ്വപ്നങ്ങൾ ചുറ്റുമുള്ളവർക്ക് വേണ്ടി അടക്കി വയ്ക്കേണ്ടി വന്നിട്ടുണ്ടോ?
പഠിക്കണം എന്ന ആഗ്രഹവുമായി ജോലിക്ക് ഇറങ്ങിയിട്ടുണ്ടോ?
രാവിലെ ആറു മണി മുതൽ രാത്രി പതിനൊന്നു മണി വരെ ദിവസവും കൂലിക്ക് പണിക്ക് പോയി തളർന്നു വന്ന് ഉറങ്ങിയിട്ടുണ്ടോ?
ജോലി ഭാരം താങ്ങാൻ കഴിയാതെ, കുഴഞ്ഞു വീണിട്ടുണ്ടോ?
സിമന്റ് കൊണ്ട് കൈകൾ പൊള്ളിയിട്ടും, ചോര പൊടിയുന്ന കൈകളുമായി ജോലി ചെയ്തിട്ടുണ്ടോ?

ഇല്ലെങ്കിൽ നിങ്ങൾ എന്നോട് സംസാരിക്കരുത്, നിങ്ങൾക്കൊരിക്കലും എന്റെ ഭാഷ മനസിലാവില്ല, അതൊരു വിചിത്രമായ ഭാഷയാണ്‌. കണ്ണീരിന്റെയും വിയർപ്പിന്റെയും ഉപ്പ് ചേർത്ത് പാകിചെടുതൊരു വൃത്തികെട്ട ഭാഷ.


കരയുംപോൾ കണ്ണീർ തുടച്ചുതന്ന പ്രണയിനി ഉണ്ടായിട്ടുണ്ടോ?
പ്രണയം കൺ മുന്നിൽ, ആശുപത്രി കിടയ്ക്കയിൽ ഇല്ലാതാവുന്നത് കണ്ടിട്ടുണ്ടോ?
ഒരുമിച്ച് ജീവിക്കാൻ തുനിഞ്ഞവൾക്ക് സ്മശാനത്തിൽ വച്ച്, അന്ത്യചുംബനം പോലും നൽകാൻ കഴിയാതെ നിന്നിട്ടുണ്ടോ?

കണക്കുകളുടെ എണ്ണം എടുത്ത് കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്ന പ്രണയം അനുഭവിച്ചിട്ടുണ്ടോ?
പ്രണയത്തിൽ ഒറ്റപെട്ടു എന്ന കുറ്റം ചുമത്തി നിന്നിട്ടുണ്ടോ?
കരഞ്ഞു വറ്റി തീർന്ന കണ്ണുകളെ വീണ്ടും വീണ്ടും കരയിപ്പിക്കാൻ ശ്രമിക്കുന്ന പ്രണയത്തിൽ ജീവിച്ചിട്ടുണ്ടോ?
പ്രിയപ്പെട്ടതൊക്കെ വലിച്ചെറിഞ്ഞ് പ്രണയത്തെ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുണ്ടോ?

ഇല്ലെങ്കിൽ, എന്നെ പ്രണയിക്കാൻ ശ്രമിക്കരുത്. നിങ്ങൾക്കെന്റെ പ്രണയം വിൽപ്പനയ്ക്ക് വച്ച വസ്തു പോലെ. തോന്നിയേക്കാം. പ്രണയത്തിന്റെ ആഴത്തിലേക്ക് ഒരുമിച്ച് കൈ പിടിച്ച ഇറങ്ങാൻ കഴിയാതെ പോയേക്കാം.


പണത്തിന്റെ പേരിൽ സ്വപ്നങ്ങൾക്ക് ചങ്ങല പൂട്ടിടെണ്ടി വന്നിട്ടുണ്ടോ?
സ്വപ്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ടോ?
സ്വപ്നം കാണുംപോൾ, പ്രിയപ്പെട്ടവരുടെ വിശപ്പിന്റെ നിലവിളി കാതിൽ മുഴങ്ങിയിട്ടുണ്ടോ?
ചതിയൻ സ്വപ്നങ്ങളെ സ്നേഹിച്ചുപോയിട്ടുണ്ടോ?

ഇല്ലെങ്കിൽ, എന്റെ ഏകാന്തതയിലേക്ക് കൈ കടതാതിരിക്കുക സ്വപ്നങ്ങളിൽ പോലും.
ഞാൻ ഒരാൾ ആണ്. ഒറ്റയ്കാകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ഒറ്റയ്കല്ലെന്നു വിശ്വസിക്കാൻ ശ്രമിക്കുന്ന ഒരാൾ.

No comments:

Post a Comment

വായിച്ചതിനു നന്ട്രി