കാടും പാട്ടും

പോഖാരയിലെ മഞ്ഞു പെയുന്ന കായലിൽ മുങ്ങി താവുന്നതിനു മുന്നേ,
നമുക്ക്, ബോധോതയം വന്ന അശോകനെ വാഴ്ത്തുന്ന ധോളിഗിരിയിലെ ശാന്തി സ്തൂപത്തിൽ പോയി തേങ്ങയുടക്കാം.
ത്രിപുരയിലെ അഗർത്തലയിൽ നിന്നും ഉനക്കൊട്ടി വരെയുള്ള താഴ്വരകളിൽ വിപ്ലവഗാനങ്ങൾ പാടി നാറാണത്ത് ഭ്രാന്തനെ പോലെ,
ശിവനെയും പാർവതിയും കൊത്തിവച്ച കരിങ്കല്ലുകൾ മലകൾക്ക് മുകളിലേക്ക് തള്ളി കയറ്റാം.
ഭക്തി സാന്ദ്രമായ നല്ല നാടൻ വാറ്റു കുടിച് ആർമാധിച് ഏതെങ്കിലും മരത്തിന്റെ മുകളിലെ ഊഞ്ഞാലിൽ കിടന്നുറങ്ങാം.

ബോധം വന്നാൽ,
ഖോനാമയിലെ നാഗ വിലേജിൽ ഒന്ന് പോയി വരാം.
അവിടെ എല്ലാ ഋതുക്കളിലും വിരിഞ്ഞു കിടക്കുന്ന പച്ച പരവതാനിയിൽ കിടന്ന്, കോട മഞ്ഞിന്റെ കൂടെ രാത്രി മുഴുവൻ ചൂട് കായാം.
പ്രഭാതത്തിൽ സൂര്യൻ വരുന്നത് മലകൾക്കപ്പുറത്തു നിന്നും വിളിച്ചു പാടുന്ന ട്രഗോപൻ പക്ഷികളോടൊത് പാട്ട് പാടാം.

'കാടാറു മാസം, നാടാറു മാസം.
കണ്ണീർ കടൽ കരയിൽ താമസം...
ഈ വഴിയംബലങ്ങളിൽ ചിറകറ്റു വീഴും,
വാനംബാടികളല്ലോ ഞങ്ങൾ...'

ഹോ, പാട്ട് പാടി..പാടി ചങ്കു പൊട്ടി ഇരിക്കുംപോൾ നല്ല കട്ടൻ ചായ കുടിച് നാഗ വില്ലേജിൽ നിന്നും തുടങ്ങുന്ന കാട്ടിലേക്ക് നടന്നു നീങ്ങാം.
കാടിനെ ചുവപ്പിക്കുന്ന റോടോണ്ട്രോൺ പുഷ്പങ്ങൾ കാണുംബോൾ,
വീട്ടു മുറ്റത്തെ മെയ്ഫ്ലവർ ഓർമ വരും, പിറകെ മാവും കണ്ണിമാങ്ങയും, പുളിമരവും ഒക്കെ ഓർക്കും.
അപ്പോൾ പിന്നെ നാടിനെ ഓർത്ത് കുറെ സമയം ഇരുന്ന് കരയേണ്ടി വരും.
ഈ യാത്ര വേണ്ടായിരുന്നു എന്ന് തോന്നും.

അപ്പോൾ ഞാൻ പറയും,
"നമ്മള് ഭ്രാന്തന്മാരല്ലേ, അങ്ങനെയൊന്നും തോന്നാൻ പാടില്ല എന്ന്."
എന്നിട്ട് നിനക്കൊരു പാട്ട് പാടിതരും,

'മറക്കും എല്ലാം മറക്കും
ഞാനൊരു മായാ ലോകത്തിൽ എത്തും..
രാജ ശില്പീ നീയെനിക്കൊരു പൂജാ വിഗ്രഹം തരുമോ..'

എന്നിട്ടും നിന്റെ മൂഡ്‌ മാറിയില്ലെങ്കിൽ, പിന്നെയും പാടും.

'ചിത്തിര തോണിയിൽ അക്കരെ പോകാൻ, എത്തിടാമോ പെണ്ണെ,
ചിരിയിൽ  ചിലങ്ക കെട്ടിയ പെണ്ണേ...'

ആ പാട്ടിൽ, നീ ലയിച്ചു തീരും,
പിന്നെ കാട്ടിലൂടെ ഇതുവരെ കാണാത്ത പുഷ്പങ്ങൾ തേടി പുഷ്പങ്ങളുടെ തെരുവായ ദുസൂക്കൂ വാലിയിലേക്ക് നിന്നെ എന്റെ ചുമലിൽ കയറ്റി, കൊണ്ട് പോകും.
ഒരു രാത്രിയും ഒരു പകലും മുഴുവൻ നാറുന്ന പുഷ്പങ്ങളുടെ കൂടെ കിടന്നുറങ്ങും.
പിന്നീട് നേരെ പോഖാരയിലെക്ക്.
നമ്മുടെ സ്വപ്ന യാത്രയിലേക്ക്, ജീവിതത്തിലേക്ക്.

പോഖാരയിൽ വച്ച് നമ്മൾ അറിയാതെ ഒരുമിച്ചു പാടി പോവും,
'ഇവിടെ കാറ്റിനു സുഗന്ധം...ഇതിലെ പോയതു വസന്തം
ഇവിടെ കാറ്റിനു സുഗന്ധം...'

No comments:

Post a Comment

വായിച്ചതിനു നന്ട്രി