കരി

യാത്രയുടെ അവസാനം വാരണാസി എന്ന് ഉറപ്പിച്ചുതന്നെയാണ് രവി ഈ മണ്ണിൽ,
വാരാണാസിയുടെ, ബനാറസിന്റെ, കാശിയുടെ മണ്ണിലെ കത്തിയെരിഞ്ഞ തീചൂളയുടെ കനലുകൾ ചവിട്ടി നിൽക്കുന്നത്.

എങ്ങനെ ഒരാൾക്ക് ഇത്രയും നേരം തീ കനലുകളുടെ മുകളിൽ നിൽക്കാൻ കഴിയും.

അയാൾ സ്വയം പരീക്ഷിക്കുകയായിരുന്നു.
കണ്ടിട്ടുണ്ട്, ചെണ്ടയുടെ താളത്തിനൊത്ത ചുവടുകൾ കൊണ്ട് കാവിലെ തീ ചാമുണ്ഡി കെട്ടിയാടുന്ന മലയൻ പണിക്കർ തീയുടെ മുകളിലൂടെ പായുന്നത്. അപ്പോഴും പൊള്ളിയ കാലുമായി വേഗത്തിൽ ഓടിയൊളിക്കാറാണ് പതിവ്. ജീവിതത്തിന്റെ താളം നശിച്ചതിനാലാവാം തീ കനലുകളൊന്നും പൊള്ളിക്കുന്നില്ല.
സ്വയം ചിന്തകളിലേക്ക് ആഴ്ന്നിറങ്ങി പുകയുന്ന കനലിന്റെ മുകളിൽ തന്നെ നിന്നു.

ചുറ്റും കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന അനാഥശവങ്ങൾ.

ചില ശവങ്ങൾക്കു മുന്നിൽ ആടുന്ന നാടകങ്ങൾ, വട്ടം കൂടി പറക്കുന്ന ശവം തീനികളായ കാക്കകൾ. ഉയർന്നു നിന്നിട്ടും കുനിഞ്ഞുപറക്കുന്ന കോണാകൃതിയിലുള്ള കാവി കൊടികൾ.
"ഓം ജയ് ജയ് ശൗരേ ഹരി ഓം ജയ് ജയ് ഭഗവാന്‍" മുഴക്കിക്കൊണ്ട് നടന്നു നീങ്ങുന്ന ജടധാരികൾ.

കറുത്തൊഴുകുകയാണ് ഗംഗ,

പുക മണക്കുന്ന വായു, ഇരുളുപിടിച്ച ആകാശം.
ഇതൊരു ശവപ്പറമ്പ് മാത്രമാണ്. കാലന്റെ കൊടികളാണ് ഇവിടെ പാറിപറക്കുന്നത്.
ഒരു സങ്കീർത്തനവും ഈ മണ്ണിലില്ല.

കനൽ അടങ്ങിയിരിക്കുന്നു. ഒന്ന് പുകയാൻ പോലും അവയ്ക്കാവുന്നില്ല.

രവി മുന്നോട്ടേക്ക് നടന്നു. കാശിയുടെ മണ്ണിൽ കാലെടുത്തുവച്ചപ്പോൾ അയാൾക്ക് പൊള്ളുന്നപോലെ തോന്നി. എങ്കിലും പതിയെ പതിയെ മുന്നോട്ടേക്ക് നടന്നു.

ശവങ്ങൾ കത്തിയെരിയുന്ന മണലുകൾക്കപ്പുറം വെള്ളക്കൊടികൾ ഉയർന്നു പറക്കുന്നു. താഴെ ഗംഗയൊഴുകിയൊളിക്കുന്നു.

വെള്ളക്കൊടി നാട്ടിയ പാറമുകളിലേക്ക് ചെല്ലണം; സ്വയം കരുതി.
കാലുകൾ വേദനകൊണ്ട് പുളഞ്ഞു.
ഓരോ കോശങ്ങളും എരിഞ്ഞുതീരുന്നതുപോലെ, കനലുകൾക്കില്ലാത്ത ചൂട് കാശിയുടെ മണ്ണിനോ.
അതെ, വിഷമാണ്, വിഷം തന്നെയാണ്. വേദന സഹിച്ചുകൊണ്ട് പാറയ്‌ക്കു മുകളിലേക്കായി നടന്നു.
ചുറ്റും ഉരുവിടുന്ന മന്ത്രങ്ങൾ കാതുകളിലേക്ക് വന്നു പതിക്കുമ്പോൾ കാതുകൾ പൊട്ടിത്തെറിക്കുന്നപോലെ തോന്നി. കണ്ണും കാതുമടച്ചു. മണ്ണുകൾ ഒഴിവാക്കി, കനലുകളിൽ മാത്രം; കത്തിയെരിയുന്ന ശവങ്ങൾക്കു മുകളിൽ കാലെടുത്തുവച്ചുകൊണ്ട് മുന്നോട്ടേക്കു നടന്നു.
ശവങ്ങളുടെ ഹൃദയമിടിപ്പിൽ കാലുകൾ ഉയർന്നു പൊങ്ങി.

ഭൈരവ, നീയാണെന്റെ അഭയം. ചെയ്തുപോയ പാപങ്ങളൊക്കെ ഗംഗയിൽ കഴുകിക്കളയാം,

ആയിരം ലിംഗങ്ങളിൽ അഭിഷേകമർപ്പിക്കാം,
എന്നും നിനക്ക് ചുറ്റുമിരുന്ന് ഒരു സങ്കീർത്തനമാവാം.
കാശിയുടെ മണ്ണിലേക്കെത്തിയ നിമിഷമോർത്തുകൊണ്ട് അയാൾ ഉറക്കെചിരിച്ചു.
ഉമിനീരുവറ്റിയ തൊണ്ടകൊണ്ട് കണ്ണുകൾ തുറന്നലറി.
എല്ലാവരുടെയും തുറിച്ചു നോട്ടം രവിയിലേക്ക് നീണ്ടു. വീണ്ടും വീണ്ടും അലറി.

കാശിയുടെ മണ്ണിലേക്ക് വരാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു.

രണ്ടു ദിവസം ഭക്ഷിച്ച ഭിക്ഷ ഛർദിച്ചുകളയാൻ തോന്നി. ഭക്തി!
ഭയമാണ് എല്ലാത്തിനും കാരണം. ജീവിതത്തിലെ കൗതുകങ്ങൾ അറിയാൻ നിൽക്കാതെ ഓടിയൊളിക്കുന്നു. ഭക്തിയുടെ മറവിൽ അഭയം കണ്ടെത്തുന്നു.
വസ്തുതകളിൽ നിന്നും മിഥ്യ സങ്കല്പങ്ങളിലേക്ക് ചേക്കേറുന്നു. തന്നിൽ വിശ്വാസമില്ലാതെ ആരുടെയൊക്കെയോ ഔദാര്യത്തിൽ, ഭക്തർ കൊടുക്കുന്ന ഭിക്ഷയിൽ കഴിയുന്ന ദൈവത്തിലേക്ക് എല്ലാ വിശ്വാസവും അർപ്പിക്കുന്നു.
എന്നാൽ ആ തിരുനടയിൽ കണ്ണ് തുറന്നുകൊണ്ടു നിന്നാൽ കാണാം സത്യം എന്താണെന്ന്.
മനുഷ്യരുടെ ഭക്തിയൊഴുകി കറുത്തുപോയതാണ് ഗംഗ. വാലുമുറിഞ്ഞ പട്ടികളെയും ഉറക്കെ കരയാത്ത കാക്കകളെയും മാത്രമേ കാണാൻ കഴിയു.
എന്തുകൊണ്ട്?
വാലാട്ടുന്ന പട്ടികളെവിടെ?
കരയുന്ന കാക്കകൾ എവിടെ?
നിശബ്ദ ജീവികളാണവർ ഇവിടെ. ഭയമാണ്.
കാശിയുടെമണ്ണിൽ ചിന്തകൾക്ക് വേരുണ്ടെങ്കിൽ ഭയവുമുണ്ടാവും. ഇനി ഉറക്കെ കരഞ്ഞാൽ, ചോദ്യങ്ങൾ ആവർത്തിച്ചാൽ തീക്കൂനയിലെ ചാരമായി അവശേഷിക്കും.
ഇതൊക്കെ ആരോടാണ് ഞാൻ പറയേണ്ടത്, പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
എല്ലാവരും എന്നെ ഭ്രാന്തൻ എന്ന് വിളിക്കും. ഹൃദയാന്തമായി ഭക്തിയിൽ വിശ്വസിക്കുകയാണ് മനുഷ്യർ. ചൂഷണപ്പെടുന്നതിൽ ലഹരികണ്ടെത്തുകയാണവർ. ആരും മോചിതറാവില്ല. മരണം എന്ന സത്യത്തിനുമുന്നിൽ ഒരിക്കലും അവർക്ക് ചിരിച്ചുകൊണ്ട് കീഴടങ്ങാൻ കഴിയില്ല.

കാലുകളിൽ നനവ് തട്ടി, രവി അൽപ്പനേരം നിന്നു.

പൊള്ളുന്ന മണ്ണിൽ നിന്നും പാറയ്ക്കടുത്തെത്തി, ഒഴുകുന്ന ഗംഗയിലേക്ക് കാലെടുത്തുവച്ചുകൊണ്ട് രവി നിന്നു. ചിന്തകൾ ശൂന്യമാക്കിക്കൊണ്ട് കറുത്ത ഗംഗയുടെ ചുംബനത്തിൽ കണ്ണുകളടക്കാതെ അകലങ്ങളിലേക്ക് നോക്കിനിന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ഗംഗ നിലവിളിക്കുന്നത് രവിക്ക് കാണാം. കൗസല്യയെപോലെ.

കൗസല്യ, അവൾ സുന്ദരിയായിരുന്നു. പക്ഷെ തേവർ എന്ന ജാതിപ്പേരുകൊണ്ട് അവളെ കറുപ്പിച്ചെടുത്തു, ഗംഗയെപോലെ. ശങ്കറിന്റെ കൂടെ നിൽക്കുമ്പോഴൊക്കെ കരിങ്കല്ലിന്റെ മുകളിരച്ചുവച്ച ചന്ദനംപോലെയായിരുന്നു കൗസല്യയെന്ന് തോന്നിയിട്ടുണ്ട്.

എങ്കിലും അവരുടെ പ്രണയം സത്യമുള്ളതായിരുന്നു. സ്വപ്നം കാണേണ്ട പത്തൊൻപതാം വയസ്സിൽ ശങ്കറിന്റെകൂടെ ഇറങ്ങിപോയതും; അവർ, ജാതി കോമരങ്ങൾ മുറവിളി കൂട്ടിയത് കൊണ്ടുതന്നെയായിരുന്നു. പ്രണയത്തിന്റെ രക്തസാക്ഷികളാവുന്നത് ഒരുമിച്ചു ജീവിച്ചു തുടങ്ങിയതിനു ശേഷം മതിയെന്നുള്ള നിശ്ചയദാർഢ്യത്തിന്മേലായിരുന്നു.

കൽപ്പടവുകളിൽ നിന്നുകൊണ്ട്,


"ആർക്കും എന്നെ വേണ്ട" എന്നുപറഞ്ഞു ശങ്കർ കരയുമ്പോഴൊക്കെ കൗസല്യ അയാളുടെ നെറ്റിയിൽ ചുംബിക്കുന്നത് കണ്ടിട്ടുണ്ട്.


എന്താണ് ആർക്കും എന്നെ വേണ്ടാത്തത്. എന്തായിരിക്കാം അതിന്റെ കാരണങ്ങൾ.

പുലയന്റെ ഏഴഴകാണോ? അതോ ഇനി വേറെ വല്ല കാരണങ്ങളും എന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടോ? ഇങ്ങനെയുള്ള ചോദ്യങ്ങളുടെ ആവർത്തനങ്ങളിലൊക്കെ കൗസല്യ അയാളുടെ കൈ മുറുകെ ചേർത്തു പിടിച്ചു.

ശങ്കറൊരു ദളിതനായിരുന്നു.

ചുംബനങ്ങൾ കൈമാറിയും, മയിൽപ്പീലികൾ കൊണ്ട് സമ്മാനങ്ങൾ തീർത്തും, പൊടിക്കാറ്റിൽ കെട്ടിപ്പിടിച്ചും പളനിയിലെ മണ്ണിൽ അവർ പ്രണയിച്ചു പാറിനടന്നു.
കാട്ടിലൂടെ ഒഴുകുന്ന ഗംഗയെപോലെ.
ഒരു ദളിതൻ ഒരിക്കലും ആരെയും പ്രണയിക്കരുതായിരുന്നു.
ജാതികൊണ്ട് ഉറഞ്ഞുതുള്ളിയ കോമരങ്ങൾ കൗസല്യയുടെ മുന്നിൽവച്ചു ഉദുമൽപേട്ടയിലെ ഒരു കറുത്ത നിലാവിൽ ശങ്കറിന്റെ ജീവനടുക്കുമ്പോൾ ആരും എന്തിനുവേണ്ടിയെന്നു ചോദിച്ചിരുന്നില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ടെന്തുകാര്യം എന്ന് കരുതിക്കാണണം.

ശങ്കറിന്റെ ജീവനായിരുന്നില്ല അവർക്കു വേണ്ടിയിരുന്നത്.

കഴിഞ്ഞ എട്ടുമാസക്കാലം ദളിതന്റെകൂടെ തേവർ സുന്ദരി ജീവിക്കുമ്പോഴുണ്ടായ ക്ഷതം മാറ്റുക എന്നത് മാത്രമായിരുന്നു.
മാറി, ആ ക്ഷതം മാറി. ശങ്കറിന് ഇന്ന് ജീവനില്ല. ഏതോ നക്ഷത്രമായി അവൻ ചിരിക്കുന്നുണ്ട്.
എന്നാൽ കൗസല്യ.
അറിയില്ല, അവളുടെമുന്നിൽ വച്ചായിരുന്നു അവർ മയിൽപ്പീലികൾ കൊണ്ട് സമ്മാനങ്ങൾ തീർത്ത, പൊടിക്കാറ്റിൽ ചേർത്ത് കെട്ടിപ്പിടിച്ച തന്റെ പ്രീയപ്പെട്ടവനെ ഇല്ലാതാക്കിയത്.
നിശ്ചലമായ ആ നിമിഷത്തിൽ അവൾ പഴനിയിലെ മുരുകനെ വിളിക്കുന്നത് കേട്ടിരുന്നു.
പഴനിയിലെ മുരുകൻ കോവിലിൽ നിന്നും തുടങ്ങിയിരുന്ന പ്രണയമായിരുന്നുവത്.
ദൈവത്തിന്റെ അനുവാദവും സുരക്ഷയും ഉണ്ടെന്നവർ വിശ്വസിച്ചു.
ഭയമായിരുന്നു, ഏതുനിമിഷവും കഴുത്തിൽ വീഴുമായിരുന്ന വാൾമുനകളോടുള്ള ഭയം.
പക്ഷെ, ജാതിയുടെ മാന സംരക്ഷകരായ കോമരങ്ങൾക്കിടയിൽ നിന്നും ജീവിതം സംരക്ഷിക്കാൻ അവർ വിശ്വസിച്ച ദൈവത്തിന് കഴിഞ്ഞില്ല. ജാതിയുടെയും മതത്തിന്റെയും ചൂടിൽ അവൾ വെന്തെരിഞ്ഞു കറുത്തിരിക്കുന്നു.

ഗംഗേ, നീയും കൗസല്യയെപോലെ കറുത്തുപോയവളാണല്ലോ.

അനുഭവിക്ക മാത്രമാണ് നിന്റെ വിധി. എനിക്ക് സങ്കടപെടാൻ മാത്രമേ കഴിയുകയുള്ളു.
ചോദ്യങ്ങൾ വീണുപോയാൽ പൊള്ളുന്ന കാശിയിലെ മണ്ണ് തിന്നുക എന്നതായിരിക്കും അവർ നൽകുന്ന ശിക്ഷ.
നദിയിൽ നിന്നും അൽപ്പം വെള്ളം കോരി തന്റെ മുഖം കഴുകി. കയ്‌പേറിയ വെള്ളം വായിൽ നിന്നും തുപ്പി കളഞ്ഞുകൊണ്ട് രവി പാറമുകളിലേക്ക് കയറി.
നീ മാത്രമല്ല ഗംഗേ, ധർമപുരിയിലെ ദിവ്യയും അങ്ങനെ കറുത്തുപോയവളായിരുന്നു. അങ്ങനെ കൗസല്യയെ പോലെ ദിവ്യയെ പോലെ എത്രയെത്രപേർ കറുത്തുപോയിരിക്കുന്നു.

വെള്ളക്കൊടി നാട്ടിയ പാറമുകളിലിരുന്നുകൊണ്ട് രവി കത്തിയെരിയുന്ന തീക്കൂനകളെ നോക്കിയിരുന്നു. ഇന്നലെ രാത്രി സംഭവിച്ചതൊക്കെ ഓർത്തെടുത്തു.

ഭൈരവന്റെ, കാശിനാഥന്റെ നടയിൽ, അവസാനത്തെ ആശ്രയമായി കണ്ടതാണവൻ കാശിനാഥനെ.
എന്തിനായിരിക്കും അവർ അയാളെ?
അവന്റെ കൈകൾ കെട്ടിയിരുന്നിട്ടു കൂടി അവർ അയാളെ അടിക്കുന്നുണ്ടായിരുന്നു.
അവരുടെയൊന്നും പകുതി നീളമോ വണ്ണമോ അവനുണ്ടായിരുന്നില്ല. തിരിച്ചടിക്കാൻ കഴിയാത്ത അവന്റെ കൈകൾ കെട്ടിയിടേണ്ടിയിരുന്നില്ലെന്ന് രവിക്ക് തോന്നി.
അവന്റെ കഴുത്തിലും ജനനേന്ദ്ര്യത്തിലും പിന്നിൽ കാവിക്കൊടി കെട്ടിയ ചൂരലുകൾ കൊണ്ട് അവർ അടിച്ചുകൊണ്ടേയിരുന്നു. എഴുനേൽക്കാൻ പറ്റാത്ത വിധത്തിൽ അവൻ നിലത്തു വീണു. നിലത്തു വീണപ്പോൾ അവൻ വിളിച്ചു.
'വിശ്വ മഹേശ്വര, രക്ഷിക്കൂ..രക്ഷിക്കൂ'
അവർ അവനെ അടിച്ചുകൊണ്ടിരുന്നു, അവർക്കറിയാമായിരുന്നിരിക്കണം ദൈവം ഒരു മിഥ്യാ സങ്കൽപ്പമാണെന്ന്.
പെട്ടന്നൊരാൾ നീളൻ താടിയും മുടിയും നീട്ടി വളർത്തിയ ജടാധാരി വന്നവനെ നെഞ്ചിൽ ചവിട്ടി. രാജാവിന്റെ പോലുള്ള ചെരുപ്പായിരുന്നു അയാൾക്ക്. അതുപോലെ മുൻ ഭാഗം കൂർത്ത ചെരുപ്പുകൾ ഇവിടെ കടകളിൽ നിരത്തിവച്ചിട്ടുള്ളത് രാവിലെ കണ്ടിരുന്നു.
രവി ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
നെഞ്ചിലും തലയിലുമായി അയാൾ മാറി മാറി ചവിട്ടി.
അപ്പോഴും അവൻ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു,
'വിശ്വ മഹേശ്വര, രക്ഷിക്കൂ..രക്ഷിക്കൂ'
മറ്റൊരാൾ വന്നു അവന്റെ തലയിൽ ഉരുണ്ടൊരു ദണ്ഡുകൊണ്ടടിക്കുന്നു. അതിനുശേഷം അവൻ ശബ്ധിച്ചിട്ടില്ല. എന്നിട്ടും മടുക്കും വരെ അവർ അവന്റെ ശരീരത്തിൽ ചവിട്ടിയും അടിച്ചും ഉന്മാദം കണ്ടെത്തി.
എന്തിനായിരുന്നു എന്നല്ല, അവനു ജീവൻ ഉണ്ടാകുമോ എന്നായിരുന്നു ആ നിമിഷം ചിന്തിച്ചിരുന്നത്. രവി ഓർത്തു.
വടികൾക്കു പിറകെ കെട്ടിയ കാവിക്കൊടികളൊക്കെ വലിച്ചു കീറി അവർ അവന്റെ മുകളിലേക്കിട്ടു. ആരോ ഒരാൾ എണ്ണയൊഴിക്കുന്നു.
എവിടുന്നാണെന്നറിയില്ല പെട്ടന്നൊരു തീ ആളിക്കത്തികൊണ്ട് മുകളിലേക്ക് പൊങ്ങുന്നു.
ചുവന്ന കുറേ തീ ഗോളങ്ങളടങ്ങിയ ഒരു വലിയ തീ കൂന മുന്നിലേക്ക് തെറിച്ചു.
എങ്ങനെ തീപിടിച്ചുവെന്നറില്ല, പക്ഷെ ആ തീ സ്‌ഫോടനത്തിൽ രവി പുറകിലേക്ക് വീണുപോയതും ആ വീഴ്ചയിൽ കൈമുട്ടിന്റെ മുകളിലായി മുറിഞ്ഞു ചോരവാർന്നതും ഓർമയിലേക്ക് വന്നു.
നീല നിറങ്ങളുള്ള വലിയൊരു സ്‌ഫോടനമായിരുന്നത്. അയാളുടെ ചോര തുള്ളികൾകൊണ്ട് ചുവന്നു പോവുകയാതായിരിക്കാം.
കൈകൊണ്ട് കൈമുട്ടിന്റെ മുകളിലേക്ക് അറിയാതെ തടവി.
'വിശ്വ മഹേശ്വര' രവി ഉറക്കെ അലറി.
അവസാന നിമിഷത്തിൽ അവൻ വിളിച്ചികൊണ്ടിരുന്ന ''വിശ്വ മഹേശ്വര' ആവർത്തിച്ചു വിളിച്ചുകൊണ്ട് രവി അലറി കൊണ്ടിരുന്നു.
കേൾക്കാനും തുറിച്ചു നോക്കാനും ആരുമുണ്ടായില്ല.
എന്തിനായിരിക്കാം അവർ അവനെ ചുട്ടു കൊന്നത്. പകൽ വെളിച്ചത്തിൽ ജീവനില്ലാത്ത ശരീരങ്ങൾക്ക് കർമ്മങ്ങൾ ചെയ്യാനറിയുന്നവർ എന്തുകൊണ്ട് ജീവനുള്ള അവന്റെ ശരീരത്തെ കർമ്മങ്ങളൊന്നും ചെയാതെ ഒരു അനാഥ പ്രേതമായി വിടുവാനെന്നോളം ചുട്ടു കരിച്ചത്.
ഇനി അവനും ഏതെങ്കിലും സവർണ ജാതി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നോ.
ഉത്തരങ്ങൾക്കായി രവി അലഞ്ഞില്ല, ഉത്തരങ്ങൾക്കവിടെ പ്രസക്തിയില്ലെന്ന് തോന്നി.

രവി എഴുനേറ്റു,

കൈലാസനാഥന്റെ ക്ഷേത്രത്തിനു നേരെ തിരിഞ്ഞു നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു.
'ജനങ്ങളെ, അത് വെറും കല്ലാണ്. കറുത്ത കല്ല്. പാലൊഴിച്ചിട്ട് വെളുക്കാത്തതും മഞ്ഞളിന്റെ വെള്ളം വീണിട്ടും കറുതിരിക്കുന്നത്,
ചുവന്ന പൂക്കളുടെ നീര് വാടിയുണങ്ങിയിട്ടും ചുവക്കാതെ നിൽക്കുന്നത് അത് വെറും കല്ലായതുകൊണ്ടാണ്. നല്ല കറുത്ത കല്ല്.
ആരോട് പറയാൻ, എല്ലാവരും ഭയം കൊണ്ട് സത്യങ്ങൾ മറച്ചു വയ്ക്കുന്നു.
കൈമുട്ടിൽ നിന്നും ചോരപൊറ്റകൾ പറിച്ചുകഴിഞ്ഞതിനാൽ ചോര വാർന്നൊലിക്കുന്നു.
രവിയത് തുടച്ചു.
ഇന്നലെയും ഇതുപോലെ തുടച്ചിരുന്നു.
തീ സ്‌ഫോഠത്തിൽ ഭയന്ന് ഓടി കയറിയ ശവങ്ങൾ വിലപറഞ്ഞു വാങ്ങുന്നവരുടെ ഓഫീസിൽ നിന്നും.

രവി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു.

ഗുഡ്ഗാവിൽ നിന്നും തിരിച്ചെത്തിയതുമുതൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.
അര കുപ്പി വിസ്കിയുടെ ബലത്തിൽ ഉറങ്ങാൻ കിടന്നതായിരുന്നു ഇന്നലെ.
ബോധം നഷ്ടപ്പെടാൻ വേണ്ടി ഇതുവരെ മദ്യത്തെ ആശ്രയിച്ചിട്ടില്ല, പക്ഷെ കുറച്ചുദിവസമായി ബോധം നഷ്ടപ്പെട്ട് ഉറങ്ങാൻ വേണ്ടി മാത്രമായിരുന്നു വിസ്കിയുടെ മുന്നിലിരിക്കുന്നത്.
ലഹരികൾക്ക് ശരീരത്തെയല്ലാതെ മനസ്സിനെ കീഴ്പ്പെടുത്താൻ കഴിയുകയില്ല.
ലഹരികൾക്ക് എത്തിപിടിക്കുന്നതിനും എത്രയോ ദൂരെയാണ് മനസ്സ്. വർത്തമാനങ്ങളിലെ സന്ദർഭങ്ങൾക്കതീതമായി അത് പാറിപറക്കും, കെട്ടഴിച്ചുവിട്ട പട്ടം പോലെ.
പൊരുത്തപ്പെടാൻ കഴിയുന്ന ഭൂതത്തോട് വർത്തമാനം ഒത്തു തീർപ്പാക്കും.
പുതിയ വർത്തമാനങ്ങൾ തേടി മനസ്സ് യാത്രയാകും.
കട്ടിലിൽ കിടന്ന് ഇരുമ്പു കമ്പികൊണ്ട് വേലികൾ തീർത്ത ജനാലയ്‌ക്കുള്ളിലൂടെ കാഴ്ചകൾക്കെത്താത്ത എങ്ങോട്ടോ നോക്കി രവി ചിന്തിച്ചുകൊണ്ടിരുന്നു.

ഉറക്കത്തിൽ പേടിപ്പെടുത്തുന്ന സ്വപ്നം എന്തോ കടന്നുപോയിരുന്നു. ഓർത്തെടുക്കാൻ കഴിയുന്നില്ല. കട്ടിലിൽ നിന്നും താഴെയിറങ്ങി, അടുത്തമുറിയിൽ കിടക്കുന്ന അച്ഛന്റെ കറുത്ത ചളിപിടിച്ച കാലുകൾ വാതിലില്ലാത്ത കട്ടില പടിയ്‌ക്കുള്ളിലൂടെ കണ്ടുകൊണ്ട് അടുക്കളമുറ്റത്തേക്ക് നടന്നു.

വീട് നിശബ്ദമാണ്. വർഷങ്ങളായി ഈ വീട് നിശബ്ദമായിരുന്നു. അപ്പോഴൊക്കെ പ്രതീക്ഷയുടെ നിശബ്ദത മാത്രമായിരുന്നു. ഇന്ന് അതിന്റെ മുകളിൽ ഇരുട്ട് വീണിരിക്കുന്നു.
അടുക്കള വാതിൽ പടിയിലൂടെ കടന്നു വരുന്ന നട്ടുച്ച സൂര്യന്റെ വെളിച്ചത്തിലും ആ ഇരുട്ട് വ്യക്തമായി കാണാം.

കരയാതെ പുകയാത്ത അടുപ്പിനു മുന്നിൽ 'അമ്മ നിൽപ്പുണ്ട്.

അമ്മയും എന്നെപോലെതന്നെ വാക്കുകൾക്ക് ദാരിദ്ര്യം അനുഭവിക്കുകയാണോ.
അടുത്തടുത്തായി കാണുന്നുവെങ്കിലും ഈ വീട്ടിലെ ആളുകൾ തമ്മിൽ ഒരുപാട് വാക്കുകളുടെ അകലെയാണെന്ന് രവിക്ക് തോന്നി.
അതുകൊണ്ടായിരിക്കണം ആരിൽ നിന്നും വാക്കുകൾ പരസ്പരം എത്താനാകാതെ വീർപ്പുമുട്ടുന്നത്.

കുട്യാര പടിയിലിൽ കയറിയിരുന്നു.

അടുക്കളമുറ്റത്തുള്ള കോഴിക്കൂട്ടിൽ നിന്നും വരുന്ന ഒച്ചപ്പാടുകൾ അലോസരമുണ്ടാക്കുന്നു.
ദിവസങ്ങളായി അവയെ ആരും ശ്രദ്ധിക്കാറില്ല. കൂട്ടിൽ തന്നെ അടച്ചിട്ടിരിക്കുകയായിരുന്നു.
അതിന്റെ മുറുമുറുപ്പാണ്‌ ഒച്ചപ്പാടുകളിലൂടെ വരുന്നതെന്ന് തോന്നി.
മുറ്റത്തേക്കിറങ്ങി കോഴിക്കൂടിന്റെ വാതിൽ തുറന്നിളക്കി പ്രഖ്യാപിച്ചു.
ഇനിമുതൽ നിങ്ങൾ സ്വതന്ത്രമാണ്. പക്ഷെ, ജീവന് ഭയം നേരിടുന്ന ഘട്ടം എങ്ങനെ തരണം ചെയ്യണമെന്ന് സ്വാതന്ത്രനാകുന്ന ഓരോ ജീവിയും ചിന്തിക്കേണ്ടതുണ്ട്.
നിങ്ങൾ ചിന്തിക്കൂ, ചിന്തകളുടെ കൂടെ ആകാവുന്ന ഉയരങ്ങൾ വരെ ചിറകിട്ടടിക്കൂ.

ഒച്ചപ്പാടുകൾ കേട്ടത് കൊണ്ടാവണം അമ്മ പുറത്തേക്കിറങ്ങി.

അടുക്കള വളപ്പിലേക്ക് സ്വാതന്ത്ര്യം കിട്ടിപായുന്ന കോഴികളെ നോക്കിനിന്നു.
അമ്മയുടെ കണ്ണുകൾ ഇടയ്‌ക്ക് എന്നിലേക്ക് പായുന്നുണ്ടായിരുന്നു, ആ നിമിഷങ്ങളിലൊക്കെ എന്റെ ശരീരം കത്തിയെരിയുന്നതുപോലെ അനുഭവപെട്ടു.
എന്നിലുള്ള പ്രതീക്ഷകളൊക്കെ അമ്മയ്ക്ക് നഷ്ടമായോ? അതോ സ്വയം സ്വാതന്ത്ര്യം നേടാത്തവൻ മറ്റുള്ളവയ്‌ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടെന്തു കാര്യം എന്ന് ചിന്തിച്ചു കാണുമോ?

മൗനം കനക്കുന്നു.

രവി അകത്തേക്ക് കയറിച്ചെന്നു.

'ചേട്ടാ'

നിശബ്ദമായൊരിടത്തെ കൊതിപ്പിക്കുന്ന ശബ്ദം കാതിലേക്ക് അനുവാദം കൂടാതെ കയറിവന്നു.
ശബ്ദം വന്നിടത്തേക്ക് തിരിഞ്ഞു നോക്കി, അമ്മയുടെ മുടിയിഴകൾക്കും കട്ടില പടികൾക്കും ഇടയിലൂടെയുള്ള വിടവിലൂടെ സൂര്യപ്രകാശം കണ്ണിലേക്കടിച്ചു. അറിയാതെ കണ്ണ് മൂടേണ്ടി വന്നു.
എങ്കിലും മനോഹരമായ ആ ശബ്ദത്തിന്റെ ശരീരത്തിനായി, സുജാതയ്‌ക്കായി മനസ്സും കണ്ണും ഒരുപോലെ തിരഞ്ഞു.

ഇല്ല അവൾക്കിനി അങ്ങനെ വിളിക്കാൻ കഴിയില്ല. ദൽഹി നഗരത്തിലെ ശവ കല്ലറയിൽ ഹൃദയമിടിപ്പിന്റെ ഒച്ചകേൾക്കാതെ അവൾ ഉറങ്ങുകയാണ്.

വസ്തുതകളിലിൽ നിന്നും ഒരുപാടകലെയാണ് ഞാൻ.
ഞാനൊരു പുരുഷനാണ്. ഞാനെന്തിന് വസ്തുതകളിൽ നിന്നും ഒളിച്ചോടണം.
കരയാതെ, കണ്ണുനീർ പൊഴിക്കാതെ വസ്തുതകൾ മനസിലാക്കി, കുടുംബത്തിന്റെ നെടും തൂണാവേണ്ടവൻ, വാക്കുകളുടെ നിയന്ത്രണത്തിൽ സ്ത്രീകളെ നിർത്തേണ്ടവൻ.
എന്നിട്ടും അമ്മയോട് മിണ്ടാൻ വാക്കുകളില്ലാതെ ദാരിദ്ര്യം അനുഭവിക്കുകയാണ്.

ഒരിക്കലെങ്കിലും അവൾ ഇവിടേക്ക് വന്നു കയറാതിരിക്കില്ല എന്നുള്ള വിശ്വാസത്തിൽ ജീവിച്ചിരുന്നതാണ് ഈ വീട്. വെള്ളിയാഴ്ച ശവപ്പെട്ടിയുടെ മുകളിൽ ഒരുപിടി മണ്ണുവാരിയിട്ട് തിരിച്ചെത്തിയത് മുതൽ പ്രതീക്ഷ നശിച്ചിരിക്കുകയാണ്. അവരോടൊക്കെ ഞാൻ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം.

എനിക്കെങ്ങനെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കാൻ പറ്റും?

ദൂരത്തേക്ക് പോകണ്ട, ഇവിടെയുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി മതിയെന്ന് അച്ഛൻ നിർബന്ധിച്ചതാണ്.

നാടും നഗരവും കാണട്ടെ, അനുഭവങ്ങൾ നേടിയെടുക്കട്ടെ എന്ന് കരുതിമാത്രമാണ് അവളുടെ വാശിക്ക് മുന്നിൽ അച്ഛനോട് എതിർക്കാൻ ഞാൻ കണ്ട കാരണങ്ങൾ.
ഒരുപാട് അനുഭവങ്ങൾ, വിശ്വസിക്കാൻ കഴിയാത്ത കാഴ്ചകൾ, നഗരത്തിലെ ജീവിത രീതികൾ.
അങ്ങനെ എല്ലാം അവൾ നേടിയെടുത്തു, പഠിച്ചെടുത്തു.
എന്നിട്ടെന്തുണ്ടായി. അവളിന്നു ജീവനോടെയുണ്ടോ?
അവൾ കണ്ട, പഠിച്ച, നേടിയെടുത്ത അനുഭവങ്ങൾ കൊണ്ട് ഇനി അവൾ എന്ത് ചെയ്യും. മണ്ണുകളോട് പോലും ഒന്നും പറയാൻ കഴിയാതെ, വിശ്വസിച്ച ദൈവങ്ങൾക്ക് മുന്നിൽ മനസ്സ് തുറന്നു സംസാരിക്കാൻ കഴിയാതെ പെന്താകോസ് പള്ളിയിലെ ശവക്കല്ലറയിൽ അലിഞ് ഇല്ലാതാവുകയാണ്.
വർത്തമാനത്തിന് മാത്രമാണ് വില.
ഒഴുകുന്ന പുഴപോലെ, വീശുന്ന കാറ്റുപോലെ വർത്തമാനത്തിൽ സന്തോഷമായിരിക്കാൻ ശ്രമിച്ചില്ല എന്നതായിരുന്നു അവൾ ചെയ്ത ബുദ്ധിമോശം.
ഇല്ലാത്ത ഭാവിയുടെ പിറകെ വർത്തമാനം നശിപ്പിച്ചുകൊണ്ട് ശവ കല്ലറയിൽ കിടന്നുറങ്ങുന്നൊരുവൾ ആണല്ലോ എന്റെ സഹോദരി നീ.. സുജാത.
മുറിയിൽ നിന്നും അയാൾ പുറത്തേക്കിറങ്ങി, മുറിയും തന്റെ കൂടെ ഇറങ്ങുന്നത് പോലെ അയാൾക്ക് തോന്നി.

പുറത്തെ ചുവരിൽ തൂക്കിയിട്ട കണ്ണാടിയിൽ മുഖം നോക്കാതെ നിശബ്ദമായ വീട്ടിൽ നിന്നും രവി ഇറങ്ങി നടന്നു.

വെള്ളം കുടിച്ചിട്ട് ഇറങ്ങെടാ എന്ന് പറഞ്ഞു കൊണ്ട് 'അമ്മ മുറ്റത്തേക്ക് വന്നില്ല,
നേരം ഇരുട്ടുന്നതിനുമുന്നെ തിരിച്ചു വരണമെന്ന് അച്ഛൻ കൽപ്പിച്ചില്ല.
രവി പതിയെ നടന്നു. കാറ്റിൽ പാറി പോകുന്ന ജാതി ചപ്പുകളെ പോലെ ബലം പിടിച്ചുകൊണ്ട്.
കാറ്റിന്റെയും മരങ്ങളുടെയും ശബ്ദം മാത്രം.
ഒരു കാടുപോലെ. എവിടെയും മനുഷ്യരില്ല.
കാഴ്ചയില്ലാത്തവനെ പോലെ സ്ഥിരം വഴിയിലൂടെ നടന്നു.
അമ്പലത്തിന്റെ മുന്നിലുള്ള ആൽത്തറയിൽ കിടന്നു. നീണ്ടു വരുന്ന ആൽ മരത്തിന്റെ നീളൻ വേരുകൾ മുകളിൽ തൂങ്ങിയാടുന്നു. രവി കണ്ണുകളടച്ചു. വേരുകൾ താഴേക്കിറങ്ങിവന്നു. കഴുത്തിൽ ചുറ്റിവരിഞ്ഞു.
വാരണാസിയിലെ തീക്കൂനകളിലേക്ക് വലിച്ചെറിഞ്ഞു.


(03 Feb 2017)


No comments:

Post a Comment

വായിച്ചതിനു നന്ട്രി