അടുക്കളപുറം

കരിഞ്ഞ വിളക്ക് തിരിയുടെ മണം തെക്കുനിന്നടിച്ച സ്മശാനത്തിലെ കാറ്റിന്റെ കൂടെവന്നു മൂക്കിലേക്കടിച്ചു കയറിയപ്പോൾ, ഓർമകളുടെ ഭാണ്ടകെട്ടിൽ നിന്നും ഉത്തരം കിട്ടാതെ, മടക്കി വച്ച പല ചോദ്യങ്ങളും ഉയർന്നു വരുന്നപോലൊരു തോന്നൽ.

പുതിയ വീട്ടിന്റെ ഇറയത്തിരുന്നുകൊണ്ട് അടച്ചിട്ട തറവാട്ടിലേക്ക് നോക്കി, ആരോ ആ വാതിൽ തള്ളി തുറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ചിലപ്പോൾ ബാല്യകാല സ്മരണകൾ ആവാം.

അടുക്കളയിൽ ചാണം തേച്ചുപിടിപ്പിച്ച നിലത്ത് മരപലയിലിരുന്ന് ഒരു കോപ്പ നിറയെ ചക്കയും മണത്തു കൊണ്ട് എളെമ്മ വെച്ചുകൊണ്ടിരിക്കുന്ന മീൻ കറിയും കാത്തു നിൽക്കുമ്പോൾ, പടിഞ്ഞിറ്റകതു നിന്നും അമ്മമ്മയുടെ വിളി,

പിള്ളേരെ, മിറ്റത്ത്‌ തിരി തെളിയിക്കെട.!

കോപ്പയും താഴെ വച്ച്, പടിഞ്ഞിറ്റകതെക്ക് പോയി, സകല ദൈവങ്ങളുടെയും ചിത്രത്തിന് മുന്നിൽ അമ്മമ്മ തെളിയിച്ച തൂക്കു വിളക്കിലെ അഞ്ചു തിരികളിൽ നിന്നും ഒരു തിരി ഏന്തി വലിഞ്ഞെടുത്തുകൊണ്ട്, മുറ്റത്തുള്ള ചെറിയ കരിങ്കല്ലിന്റെ മുകളിൽ രാമനെയും ജപിച്ചു തെളിയിച്ചു.
ഇറയത്തെ കുറ്റ്യാരതിനു  മുകളിൽ ഒരു വലിയ കുപ്പി നിറയെ കള്ളും ചാക്കണയും കൊണ്ട് സായംസന്ധ്യ ആഘോഷിക്കുന്ന അച്ഛാച്ചന്റെ അടുത്ത് ഒട്ടിപിടിച് നിന്ന് കള്ള് വാങ്ങി കുടിക്കുന്ന കുട്ടൂനെയും, കൊട്ടാപ്പിയെയും ഇചുലുവിനും തലയ്ക്കിട്ടൊരു മേട്ട് കൊടുത്ത് അടുക്കളയിലേക്ക് പോയി.

നിലത്തു വച്ച കോപ്പയും എടുത്ത് അടുപ്പ് കല്ലിന്റെ അടുത്ത്  പോയി എളെമ്മയോട് ചോദിച്ചു, എന്തിനാ എളെമ്മ മിറ്റത് തിരി വെക്കണേ ദൈവങ്ങളൊക്കെ ആതെ ചുമരിൽ അല്ലെ ഉള്ളെ?

എളെമ്മ കേക്കാത്ത പോലെ എന്തൊക്കെയോ പണി എടുക്കുകയായിരുന്നു.
വീണ്ടും മാക്സി പിടിച് വലിച്ചു കൊണ്ട് ചോദിച്ചു; എന്തിനാ തിരി വെക്കണേന്നു..?

ഞാൻ ഇന്റെ ചോദ്യതിനുള്ള ഉത്തരം അന്വേഷിക്കണോ.. അതോ ഇങ്ങക്കെല്ലാർക്കും ഉള്ള ചോറ് വെക്കണോ..?

ഞാൻ ആപ്പനോട് ചോയ്ക്കും  എന്നും പറഞ്ഞു അടുക്കള വളപ്പിലെ വളപ്പിൽ നിന്നൊക്കെ പറിച്ചു കൊണ്ടന്ന കുഞ്ഞി കുറുന്തോട്ടി അമ്മിയിലിട്ട് അരച്ച് തലയ്ക്കു പിടിപ്പിക്കുന്ന ആപ്പനോട് പോയി ചോയ്ച്ചു.

എന്തിനാ ആപ്പ മുറ്റത്ത്‌ തിരി വെക്കണേ?

ആരാ ഇപ്പം മുറ്റത് തിരി വെച്ചേ..? ആപ്പന്റെ മറു ചോദ്യം.

ഞാൻ.?

'എന്നിട്ടാണോ എന്നോട് വന്നു ചോയ്ക്കുന്നെ' എന്നും പറഞ്ഞു തോർത്തും ചുറ്റി ആപ്പൻ വളപ്പിലേക്ക് പോയി.

ഇന്ന് ഒരു ദൈവം കൂട്ടില്ലാതെ, ഒരു വിളക്കിന്റെ വെട്ടം വേണ്ടാതെ, വലിയ സോഫയുടെ അരികിൽ ആ ചാര് കസേരയിൽ  അച്ഛാച്ചന്റെ ഓർമകളുമായി ഇരിക്കുന്ന അമ്മമ്മയുടെ കയ്യിൽ ഇചുലു അവളുടെ കുഞ്ഞിനെ കൊടുത്ത് ഒരു ഗ്ലാസ് ചായയുമായി പുറത്ത് വന്നു.

'എന്താ ഏട്ടാ ആലോചിക്കണേ?'

ആ പഴയ തിരി തെളിയിക്കണ കരിങ്കല്ലെവിടെ?

ഓ, അതോ!
അതൊക്കെ ഈ വീടിന്റെ മതില് കെട്ടുമ്പോൾ പൊളിച് മാറ്റി. ഇചുലുവിന്റെ മറുപടി.

മനുഷ്യൻ ഇന്ന് സ്നേഹിക്കുന്നത് മതിലുകളെയാണ്, എല്ലാരിൽ നിന്നും അകന്നു, സ്വാർതനായി, മതിലുകൾ കൊണ്ട് വേർതിരിച്ച ബന്ധനങ്ങൽ ഇല്ലാത്ത ജീവിതത്തെയും.. അവിടെ ദീപങ്ങൾക്കും തിരികൾക്കും എന്ത് പ്രസക്തി.

ശരീരം വെള്ളപുതച്ചു കിടത്തുമ്പോൾ, എവിടെയോ തെളിയുന്ന ആ രണ്ടു തിരികൾ മാത്രമാണ്, ഇന്ന് എല്ലാരുടെയും കാഴ്ചകളിൽ മുഴുവൻ.

ഏട്ടൻ എന്താ ഇ പറയുന്നേ..?

'നിനക്കിതൊന്നും മനസ്സിലാവില്ല ഇചിലു' എന്നും പറഞ്ഞു ആരൊക്കെയോ  കാത്തിരിക്കുന്ന ആ കറുത്ത നിറമുള്ള എന്തോ തേടി നടന്നു.

No comments:

Post a Comment

വായിച്ചതിനു നന്ട്രി