അകത്തളം

നനുത്ത ഓർമകൾക്ക് മുന്നിൽ ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വാരിയെറിഞ്ഞു കൊണ്ട് ഞാൻ മുറ്റത്ത്‌ നിന്നും കൌമാരതിലെക്ക് നടന്നു.

പക്ഷെ എങ്ങോട്ട് പോവും?

പൊട്ടിച്ചിരികൾ പങ്കിടുകയും, മതിൽകെട്ടുകൾ തീർക്കാതെ സ്വപ്‌നങ്ങൾ കാണുകയും ചെയ്‌ത ക്ലാസ് മുറികളിലേക്കൊ
അതോ ദാരിധ്ര്യം കൊണ്ട് കണ്ണ് നനക്കുകയും, സ്വപ്നങ്ങൾക്ക് നിയന്ത്രണം നൽകി പ്രാരാബ്ധങ്ങൾ മുഴുവൻ ഏറ്റു വാങ്ങുകയും ചെയ്‌ത പൊട്ടികരയാൻ പോലും കഴിയാതെ വന്ന അകതളങ്ങളിലേക്കൊ ,
അതോ, എന്നും കൂടെയുണ്ടായിരുന്നവൾ കത്തിയെരിയുന്നത് നോക്കി, ഉറക്കെ കരയാൻ പറ്റാതെ ആൾ കൂട്ടത്തിൽ തനിച്ചു നിൽക്കേണ്ടി വന്ന സ്മശാനതിലെക്കോ.

കാലു മുന്നോട്ടു വച്ചത് കരയാൻ പഠിപ്പിച്ച അകതളങ്ങളിലേക്കായിരുന്നു.
ചുവരിൽ ഒട്ടിച്ചു വച്ച ഒരു പിടി സിനിമാ പോസ്ററുകൾ, മേശയ്ക് മുകളിൽ പൊടി പിടിച്ചു കിടയ്ക്കുന്ന ലയ്ബ്രറിയിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ. പാഴായി പോയ സിനിമാ സ്വപ്നങ്ങളെ വീണ്ടും ഓർമപെടുതുകയാണ്.

അടുപ്പിൻ തട്ടിന്റെ അരികിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു
"സമയത്തെ പേടിക്കാതെ ഇനിയും നീ സ്വപ്നം കാണുക, ഇന്ന് നീ തനിച്ചാണ്, ഇനിയെങ്കിലും നിന്റെ സ്വപ്‌നങ്ങൾ പൊടി തട്ടിയെടുത് മുന്നിൽ വയ്ക്കുക."

അമ്മയുടെ ശബ്ദം എപ്പോഴും എനിക്ക് ദൈര്യമായിരുന്നു. അടുപ്പിന്റെ അരികിലേക്ക് ചെന്നു, ഇല്ല, കരിക്കട്ടയോ വെണ്ണീരോ ഒന്നുമില്ല.
ഇന്നും കണ്ണീരുണങ്ങാത്ത, ദിവസവും അമ്മ ഇരുന്നു കരയാറുള്ള അടുക്കള വാതിൽ പടികളിൽ കുറച്ചു സമയം ഇരുന്നു.

മുൻ ഭാഗത്ത്‌ നിന്നും അപ്പി കുട്ടൻ കയറി വന്നു, മുഖം കണ്ടാലറിയാം ഉള്ളിലെ വിശപ്പ്, അവൻ ചോറിനു വേണ്ടി കരഞ്ഞു. ഇന്നലെ രാത്രി അച്ഛൻ കഴിക്കാതെ വച്ച ചോറ് അമ്മ അവനു മുന്നിലേക്ക് നീട്ടി.
പിന്നാലെ കൊചൂട്ടനും. പക്ഷെ അവൻ ഒന്നും ചോദിച്ചില്ല, അടുക്കള പുറത്തെ കലത്തിൽ നിന്നും കുറച് വെള്ളം എടുത്തു കുടിച് അവൻ വിശപ്പകറ്റി. ഇത് കണ്ടു നിസ്സഹായനായി ഇരിക്കുന്ന എന്റെ മുഖത്തെ ദയനീയത ഞാൻ നേരിട്ട് കാണുന്നത് ആദ്യമായാണ്.

കൂടുതൽ ശബ്ദങ്ങൾ ഇല്ലാത്ത ആ അകത്തളത്തിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി, അല്ലെങ്കിലും വിശപ്പിന്റെ നിലവിളികൾക്കു മുന്നിൽ ആ അകത്തളം എപ്പോഴും നിശബ്ധമായിതന്നെ നിന്നിരുന്നു.
ഓണം അടുത്തതിനാൽ നാളെ മുതൽ തന്നെ മേസ്തരി വാർപ്പ പണിക്ക് വരാൻ പറഞ്ഞു. തീ ഇല്ലാത്ത അടുപ്പിൽ സ്വപ്‌നങ്ങൾ വലിച്ചെറിഞ്ഞ് സ്വന്തമായി ജോലി ചെയ്ത് പട്ടിണിയെ വെല്ലു വിളിച്ച നാളുകൾ ഒരു കൌമാരക്കാരന് എപ്പോഴും കണ്ണുനീരോടെയല്ലാതെ ഓർക്കാൻ കഴിയുമോ?

അടുക്കളയിൽ ബഹളം തുടങ്ങി, അടുപ്പിൽ നിന്ന് പുകയും, അമ്മയുടെ മുഖത് പുഞ്ചിരിയും വന്നു തുടങ്ങി. അപ്പിയെയും കൊച്ചുവിനെയും സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചു. അമ്മയ്ക്ക് പല വാഗ്ദ്ധനങ്ങളും നൽകി മുഖത്തെ സന്തോഷം നില നിർത്തി.

ഞാൻ ഇറയത്തെ ചവിട്ടു പടിയിൽ കുറച്ചു സമയം ഇരുന്നു. ഒരു നിമിഷം കണ്ണടച് കണ്ണീരിനെ ഒളിപ്പിക്കാൻ ശ്രമിച്ചു. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കാൻ ശ്രമിച്ച നാളുകൾ അനുവാദം കൂടാതെ ഓർമയിലേക്ക് കടന്നു വന്നു.

'ഏതോ ഒരു ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മേസ്തരി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഈ പടികളിൽ ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.'

ഈ ചവിട്ടു പടികളിൽ കൂടുതൽ സമയം ഇരുന്നാൽ ഓർമകളുടെ ഭാണ്ടകെട്ടുകൾ തുറന്നു വന്നേക്കും, ഞാനും അമ്മയും കൂടുതലും സംസാരിച്ചിട്ടുള്ളത് ഈ പടികളിലിരുന്നാണ്. ഞാനും അപ്പികുട്ടനും അടികഴിഞ്ഞിട്ടുള്ളതും, അച്ഛൻ കൊണ്ടുവരുന്ന ബെയ്ക്കറി പലഹാരങ്ങൾക്ക് വേണ്ടി കാത്തിരുന്നതും ഈ പടികളിലാണ്. എന്റെ ചോര ഒരുപാടുതവണ ആരും കാണാതെ കഴുകി കളഞ്ഞതും ഇതേ പടികളിൽ തന്നെ.

പിന്നിൽ നിന്ന് അമ്മ തൊട്ടു വിളിച്ചു കൊണ്ട് പറഞ്ഞു, പ്രണയത്തിന്റെ വേദനയിൽ ആരുംകാണാതെ രാത്രികളിൽ നീ ഒരു ഭ്രാന്തനെ പോലിരുന്ന് അവൾക്കു വേണ്ടി എഴുതി തീർത്ത കത്തുകൾ കട്ടിലിനടിയിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്. അതൊന്നു മറച്ചു നോക്കാതെ നിനക്ക് ഈ അകത്തളം വിട്ടിറങ്ങാൻ കഴിയുമോ എന്ന്.

പക്ഷെ, വേണ്ട. ആ കടലാസ് കഷണങ്ങൾക്ക് മരണത്തിന്റെ മണമാണ്. ഞാനത് എന്റെ തോൾ സഞ്ചിയിൽ എടുത്തു വച്ചു, ഹിമാലയത്തിന്റെ നെറുകയിൽ ചെന്ന് ഉറക്കെ നിർത്താതെ കരഞ്ഞു കൊണ്ട് മരിക്കാൻ എനിക്ക് ഈ കത്തുകൾ ചിലപ്പോൾ ആവിശ്യമായി വരും.

അമ്മയുടെയും, അച്ഛന്റെയും കൊച്ചുവിന്റെയും, അപ്പിയുടെയും ഓർമകളുള്ള; ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ പഠിപ്പിച്ച, കണ്ണീരിന്റെ, വിശപ്പിന്റെ വിലയെന്തെന്ന് പഠിപ്പിച്ച, സ്വപ്നങ്ങൾക്ക് വിശപ്പിനേക്കാളും വിലയില്ലെന്ന് തിരിച്ചറിഞ്ഞ ഈ അകത്തളം വിട്ട് ഞാൻ ഇറങ്ങുകയാണ്.

കൂട്ടിനു മരണത്തിന്റെ മണമുള്ള കടലാസ് കഷണങ്ങൾ മാത്രം.

No comments:

Post a Comment

വായിച്ചതിനു നന്ട്രി