ഒളി

ചെയ്‌കുട്ട്യേടത്തിയും ജാനുവേടത്തിയും കിണറ്റിൻ കരയിലിരുന്നുകൊണ്ട് ഓർമ്മകളയവിറക്കി.
ഓർമ്മകളിൽ നടന്നുകയറിയ കാവിലെ പടികളും ഉറക്കമളച്ചിരുന്ന് കണ്ടുതീർത്ത ഉറഞ്ഞാടിയ കോലങ്ങളും കേട്ട കഥകളും പങ്കുവച്ച വിശേഷങ്ങളും വാർദ്ധക്യത്തിലും യൗവനത്തെ വിളിച്ചുകൊണ്ടിരുന്നു.

മുട്ടിനു തടവിക്കൊണ്ട് ജാനുവേടത്തി പറഞ്ഞു
'ല്ലാം ത്ര കൊല്ലായി ന്റെ ചെയ്യേ'

ഓല ചൂട്ടയും കത്തിച്ചുകൊണ്ട് കാവിലേക്ക് നിഴലുകൾ വരിവരിയായി വയൽക്കരയിലൂടെ നടന്നു നീങ്ങുന്നു. കുട്ടികൾ മത്സരിക്കുന്നു. തിരിച്ചുവരുന്ന പന്തങ്ങൾക്കിടയിൽ നിന്നും കുട്ടികളലറി. കണ്ടകർണ്ണന്റെയും കോമരത്തിന്റെയും കഥകൾ കൊച്ചുവിന്റെ കാതിലേക്ക് ഇടതടവില്ലാതെ ചെന്നിറങ്ങി.

കലശത്തിന്റെ പിന്നാലെ കാവിലേക്ക് ചെല്ലാൻ ആർപ്പുവിളികൾ കാതോർത്തു കിണറ്റിൻ കരയിൽ നിന്നുകൊണ്ട്  ജാനുവേടത്തിയുടെ കഥകൾക്ക് ഭാഗീകമായി ചെവികൊണ്ടു.
ഉയർന്നുപൊങ്ങുന്ന ബലൂണുകൾ.
തീ തുപ്പുന്ന പൊട്ടാസ് തോക്കുകൾ
ഇരുമ്പു പെട്ടിയിൽ തണുപ്പിച്ച ഐസ്ക്രീമുകൾ.
കാത്തിരിപ്പിൽ ആവശ്യങ്ങളുടെ പട്ടിക കൂടിക്കൊണ്ടിരുന്നു. ട്രൗസർ കീശയിൽ നിന്നും ചില്ലറത്തുട്ടുകൾ കിലുങ്ങി.

ആർപ്പു വിളികളിൽ താളം ആകാശത്തിലേക്കുയർന്നു.
കിണറ്റിൻ കരയിൽ നിന്നും കൊച്ചു വയൽക്കരയിലേക്കോടി.

"കുഞ്ഞാണ്യേടത്തി, ധാ ചെക്കൻ കലശത്തിന്റൊപ്പം പാഞ്ഞേക്കണ്"
ചെയ്‌കുട്ട്യേടത്തി കിണറ്റിൻ കരയിൽ നിന്നും ഉമ്മറത്തേക്ക് വിളിച്ചു പറഞ്ഞു.

കലശം തലയിലേന്തി അച്ഛാച്ചൻ ഉറഞ്ഞു തുള്ളുകയാണ്.
മേളം കാരണം വിളിച്ചിട്ടു കേട്ടില്ല. വിളക്കുകളും താളങ്ങളും അച്ഛാച്ഛനിൽ നിന്നുള്ള ദൂരം കൂട്ടി.
ആർപ്പു വിളികളിൽ കുരുത്തോല പന്തങ്ങൾ കൈകളിൽ നിന്നും ആകാശത്തെ ഇരുട്ടിലേക്ക് ഉയർന്നു പൊങ്ങി. വലിയ താലങ്ങൾ കൈകളിൽ നിന്നും കൈകളിലേക്ക് മാറിക്കൊണ്ടിരുന്നു.

കാലുകൾക്ക് വേഗതയില്ല.
പൊള്ളുന്ന തീ വെളിച്ചം തലയ്ക്ക് മുകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.
കാലുകൾ മുന്നിലേക്ക് നിരനിരയായി കടന്നു.
പന്തങ്ങൾ ദൂരേക്ക് നീങ്ങി. ഇരുട്ട് കയറിയ കണ്ണുകളിൽ ആകാശം മുഴച്ചു നിന്നു.
കലശത്തിന്റെ ആർപ്പു വിളികൾ കാതിൽ നിന്നും ഒഴിഞ്ഞുമാറി.
ഇരുട്ടിലെ പരപ്പിൽ വരമ്പിൽ നിന്നും വയലിലേക്ക് വെളുത്ത കുഞ്ഞികാലുകൾ പൂണ്ടിറങ്ങി.
നനഞ്ഞ കാലുകളിൽ ചളിപ്പാടുകൾ മുകളിലേക്ക് കയറി. കീറിയ നീലട്രൗസർ ചളി തൊട്ടു.
കഴുത്തോളം ചളിയിൽ ആണ്ടപ്പോൾ പേടിച്ചരണ്ടുകൊണ്ട് കൊച്ചു ഉറക്കെ നിലവിളിച്ചു.
കാലുകൾക്കും കൈകൾക്കും അനക്കമില്ലാതെ ചളിയിൽ ഉയർന്ന തലകൾ ഇരുണ്ട ആകാശത്തിലേക്ക് നോക്കി നിലവിളിച്ചുകൊണ്ടേയിരുന്നു.

കലശം കാവിലെ പടികൾ കയറി ഭഗവതിയുടെ നടയിലേക്ക് ആർപ്പുവിളികളുമായി നീങ്ങി.
മേലരിയുടെ അടുത്തായി വട്ടമിട്ടുകറങ്ങിയ കലശകോലം താഴെയിറക്കി വച്ചുകൊണ്ട് രാഘവൻ നെടുവീർപ്പിട്ടു. 'അമ്മേ ഭഗവതി'.
നെറ്റിയിൽ നിന്നും വിയർപ്പ് ഊഴ്ന്നിറങ്ങി.
തോളിൽ നിന്നും തോർത്ത്മുണ്ടെടുത്ത് മുഖം തുടച്ചു.

ഓലപ്പടക്കങ്ങൾ ഉരുണ്ടുകൂടിയ തീ ചക്രവാളങ്ങൾക്കിടയിൽ നിന്നും പൊട്ടിത്തെറിച്ചു.
ശബ്ദം കാതുകളെയടപ്പിച്ചു. തീയ് പുകതുപ്പി.
കലശവും രാഘവനും ആകാശത്തേക്കുയർന്നു. രാഘവന്റെ കലശമേന്തിയ ഇരുകൈകളും തൊഴുകൈയ്യോടെ ഭഗവതിയുടെ മുന്നിൽ വന്നുവീണു. ഉടലും തലയും താഴേക്കിറങ്ങാതെ അപ്രത്യക്ഷമായി.

ചൂട്ടയും അറ്റുവീണ ശരീരങ്ങളും കാവിൽ ഉറഞ്ഞുതുള്ളി.
കോമരം നിറഞ്ഞാടി.
അരയാലിലകൾ ചുവന്നു. വിളക്കുകൾ എണ്ണയില്ലാതെ കത്തികൊണ്ടിരുന്നു.
കീറിയ ചെണ്ടയിൽ നിന്നും കോലുകൾ മേളമിട്ടു. മേളത്തിനൊപ്പം ഉടവാളുമായി തമ്പുരാട്ടി ഇറങ്ങിവന്നു.
ദൈവം ആകാശത്തേക്ക് രാഘവന്റെ തലയന്വേഷിച്ചു പറന്നുപോയി. മലയൻ ഭ്രാന്തുപിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളി. മുടിയും ഭാരവും താങ്ങാൻ കഴിയാതെ മലയൻ നിലത്തുവീണു പിടച്ചു.

കിണറ്റിൻ കരയിൽ കാല് നീട്ടി വച്ചുകൊണ്ട് ചെയ്‌കുട്ട്യേടത്തി പറഞ്ഞു,
'തമ്പുരാട്ടി ഇറങ്ങികാണും അല്ലേ ജാനു.'
അറ്റമില്ലാത്ത ഇരുട്ടിലേക്ക് ജാനുവേട്ടത്തിയും ചെയ്‍ക്കുട്ടേടത്തിയും കണ്ണുകൾ നീട്ടിവച്ചു.
അകത്തുനിന്നും ഇറങ്ങിവന്നുകൊണ്ട് കുഞ്ഞാണി ചോദിച്ചു,
'ചെക്കുട്ട്യേ, മ്മക്ക് കാവിലേക്ക് നടന്നാലോ?'
'ആവൂല കുഞ്ഞാണിയെ... ആ ബയല് മൊത്തം ചളിയല്ലേപ്പാ.'

ആകാശത്തു തീക്കൂന സ്ഫടികം തീർത്തു. പുക ഇരുണ്ടു കൂടി.
കിണറ്റിൻ കരയിൽ നിന്നും കുഞ്ഞാണിയേട്ടത്തിയും ചെയ്‌കുട്ട്യേടത്തിയും ജാനുവേട്ടത്തിയും കണ്ണുകൾ തുറന്നുപിടിച്ചു.

കഴുത്തറ്റം ചളിയിൽ താഴ്ന്നുകൊണ്ട് കൊച്ചു ഒളിയിൽ വയലിലേക്ക് കത്തിയമരുന്ന തലകൾ വീഴുന്നതുകണ്ടു. വരമ്പിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുമറഞ്ഞു.
കുത്തി കെടുത്തിയ ഓലച്ചൂട്ടുകൾ എരിഞ്ഞമർന്നു.

മലയന്റെ ഓള് വ്രതംനോറ്റ് മുറ്റത്തുകൂടെ ഉലാത്തി.
ആകാശത്തുയർന്നു പൊങ്ങിയ തീക്കൂനയിൽ ഇറയത്തു തൂങ്ങിയാടി തൂക്കുവിളക്കിന്റെ വെട്ടം കെട്ടടങ്ങി.
കാവ് ഉയർന്നുകത്തി. ഉറഞ്ഞുതുള്ളുന്ന തമ്പുരാട്ടിക്കായി കീറിയ ചെണ്ടകൾ താളമിട്ടുകൊണ്ടേയിരുന്നു.


(16 July 2017)
x

മിറാക്കിൾ

കാലറുത്തുമാറ്റി.
രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാമെന്നു ഡോക്ടർ പറഞ്ഞു.
അനുഭവങ്ങൾ മതിയാവാത്തൊരു ഊരുതെണ്ടിക്ക് ഇതില്പരം ശിക്ഷയുണ്ടോ.

ദിവസങ്ങൾ കഴിഞ്ഞു.
സ്വന്തമായി കക്കൂസിൽ പോവാൻ കഴിയുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ ആശ്വാസം.
ചങ്ങലകൾ പൊട്ടിച്ചെറിയാൻ പഠിപ്പിച്ച അമ്മ, സ്വയം ചങ്ങല കുരുക്കിടുന്നു.
ഞാനൊരു ചങ്ങലയാണ്.
അനുജന്റെ, അച്ഛന്റെ, അമ്മയുടെ, കട്ടിലിന്റെ, ശരീരത്തിലും സമയത്തിലും കുരുക്കിട്ട തുരുമ്പ് പിടിക്കുന്നൊരു ചങ്ങല.

ദില്ലി നഗരത്തിൽ ബാങ്ങും മദ്യവുമായി ഡാൻസ്ബാറുകളിൽ രാത്രിയെ വെളുപ്പിക്കുമ്പോൾ ഈ മിറാക്കിൾ പ്രതീക്ഷിച്ചിരുന്നില്ല.
പെണ്ണ് കിട്ടിയിരുന്നെങ്കിൽ അവളുടെ കൈകളിൽ മാത്രം പടർന്നു തുരുമ്പുപിടിച്ചാൽ മതിയായിരുന്നു.
ഇന്നൊരു ദിവസം, നാളെയൊരു ദിവസം. ദിവസങ്ങൾ ഓരോന്നും ഇഴഞ്ഞു നീങ്ങുന്നു.
മുറ്റത്തു കാക്കകളില്ല. ആത്മഹത്യ ചെയ്താൽ ബലിച്ചോറുകൾ പോലും എച്ചിലായി മുറ്റത്തു കിടക്കും.

സ്റ്റീൽ കാൽ ഘടിപ്പിച്ചു, കഷ്ടിച്ച് അഞ്ചാറടി നടക്കാം.
ഇന്നലെയൊരു ദിവസം, ഇന്നൊരു ദിവസം. മുറ്റത്തുമുഴുവൻ നടന്നുകൊണ്ടേയിരുന്നു.
മുറ്റത്തെ ഉരുള കല്ലുകളിൽ കാലുകൾ എടുത്തുവച്ചുകൊണ്ട് സ്വയം പറഞ്ഞു,
ശ്രീ നഗറിലേക്കുള്ള കുന്നുകൾ.

ചതുപ്പിൽ ചവിട്ടി.
ഹാട്ടുപീക്കിലെ മഞ്ഞുമലയിൽ കാലുകൾ ആഴ്ന്നിറങ്ങി.
ഇലകൾ കറുത്ത ദേവദോർ മരത്തിന്റെ അറ്റത്തേക്ക് നോക്കി.
കമ്പുകൾ വളച്ചുവച്ച കൂട്ടിൽ നിന്നും കാക്കകൾ ഉയർന്നു പറക്കുന്നു. ബലി കാക്കകൾ.

മലകൾക്കപ്പുറം, ഊരറിയാത്ത ദിക്കിലേക്കൊരു തൂക്കുപാലം തൂങ്ങിയാടുന്നു.
ഒരറ്റം അരയിലും മറ്റേയറ്റം പാലത്തിന്റെ കമ്പിയിലും തൂക്കിയിടാനുള്ള ബെൽറ്റ്‌ സെക്യൂരിറ്റി കൈയിൽ വച്ചു തന്നു.

അനുഭവങ്ങൾക്കായി പരക്കം പായുന്നവൻ.
ജീവിതത്തോട് നിർവികാരികത ആയതുകൊണ്ടുതന്നെ സേഫ്റ്റിയുടെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.
ബെൽറ്റ് വലിച്ചെറിഞ്ഞു, കാണാൻ പാകുന്ന ആഴം വരെ വീണു.
ഊരറിയാത്ത മലമുകളിലേക്ക് കയറിച്ചെല്ലണം എന്നൊരു ആഗ്രഹം മാത്രം ബാക്കി.

ബലമില്ലാത്ത വലതുകാൽ ഉലയുന്ന മരപ്പലകയിൽ ഉറപ്പിച്ചു വച്ചു. ഇരട്ടബലമുള്ള ഇടതുകാൽ മാറ്റിവച്ചു മുന്നോട്ടേക്ക് നടന്നു. കൈകൾ പതിയെ ഇരുമ്പു കമ്പികളിൽ നിന്നും മുന്നോട്ടേക്ക് നീങ്ങി. കൽപ്പിത കഥയിലെ കാടുകൾക്ക് മുകളിലൂടെ നരഭോജിയുടെ ശബ്ദങ്ങൾ ആക്രോശിച്ചു, തൂക്കുപാലം ആടിയുലഞ്ഞു.
ശ്രദ്ധ മരപ്പലകയിൽ മാത്രം തറച്ചു നിന്നു.

ഓരോ പലകയിലും ഉറച്ചു നിന്നു. മഞ്ഞുമൂടിയ അറ്റത്തേക്കും, അറ്റം കാണാതെ ഉയർന്നു നിൽക്കുന്ന മലമുകളിലേക്കും നോക്കി. ചങ്ങലകൾ തുരുമ്പിക്കാത്ത കിങ്കോർ പുഷ്പങ്ങൾ മൂടിയ ആകാശം.

പലകൾ മാറി മാറി ചവിട്ടി.
ബാധ്യതയാണെന്ന് ആരും പറഞ്ഞിരുന്നില്ല. വാക്കുകൾ കൊണ്ടുപോലും വെറുത്തിട്ടില്ല.
പക്ഷെ കാലത്തെ വെറുക്കേണ്ടിവരുന്നു.
കാലം മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. കാലുകൾ ഓർമകളിൽ തട്ടിയപ്പോൾ വേഗതകുറഞ്ഞു. പലകയിലേക്ക് നീട്ടാൻ പറ്റാതെ കാലുകൾ താഴേക്കുവീണു.
തലച്ചോറിൽ ശൂന്യത കടന്നുപിടിച്ച നിമിഷങ്ങൾ കഴിഞ്ഞു കണ്ണുകളിൽ പ്രകാശം പതിയുമ്പോഴേക്കും ശരീരം താഴേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. മലയുടെ തല കുനിഞ്ഞെന്നപോലെ ആകാശത്തിൽ നിന്നും കിങ്കോറുകൾ പെയ്തു.

മിറാക്കിൾ!

മൂന്നാമത്തെ ജീവിതം എന്ന് മാത്രം ചിന്തിച്ചു. നിലവിളിച്ചില്ല, കണ്ണുകളടച്ചില്ല.
തൂക്കുപാലത്തിലെ പലകകളിലെ ചോരപ്പാടുകളിലേക്ക് മഞ്ഞുമലയിൽ നിന്നും വെയില് വീഴുന്നു.
അവസാനിക്കാത്ത കാഴ്ചകളിലേക്ക് ഇറങ്ങിചെന്നുകൊണ്ടേയിരിക്കുന്നു.

ബലികാക്കകൾ സാക്ഷികളായി.
നരഭോജികൾ അട്ടഹസിച്ചു.
കാറ്റ് ചോരപ്പാടുകളുടെ കഥകൾ പറയുന്നു.


(11 July 2017)


കൗമാരം

നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നു.

എന്ത് മനോഹരമായ വികാരമാണ്.
പക്കുവതയില്ലാത്ത കൗമാരം പിറകെ വന്നുകൊണ്ട് മനസ്സിനെ തണുപ്പിച്ചു നിർത്തുകയാണ്.
മനസ്സ് ശാന്തം, കാരണങ്ങളില്ലാതെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നുകൊണ്ടിരിക്കുന്നു.
എപ്പോഴൊക്കെയോ മനസ്സിൽ മഴപെയ്തു തോർന്നു പോയിട്ടുണ്ട്,
പക്ഷെ ഇതുപോലെ ആഘോഷിച്ചുകൊണ്ട് പെയ്തിരുന്നോ എന്നറിയില്ല.

മനസ്സിൽ കുളിരു വീണിട്ടുണ്ട്,
ഓടിന്റെ മുകളിൽ അവസാനിക്കുന്ന മഴയുടെയും മരങ്ങളിൽ തട്ടി ഉലയുന്ന കാറ്റിന്റെയും ഒച്ചപ്പാടുകൾക്കിടയിലൂടെ ജനലിലൂടെ പുറത്തേക്ക് അറ്റമില്ലാതെ നോക്കി ഇരുന്നപ്പോഴൊക്കെ മനസ്സിൽ എവിടെയൊക്കെയോ കുളിരു വീണിട്ടുണ്ട്. സ്‌കൂൾ ഫോട്ടോയിൽ നിന്നും കീറിയെടുത്ത പേഴ്സിൽ ഒളിപ്പിച്ചുവച്ചൊരു ഫോട്ടോ അപ്പൊളാക്കെ കയ്യിലുണ്ടായിരുന്നു.

രാവിലെ വീഴുന്ന തണുപ്പും,
ബസിലെ തിരക്കും,
നീലയും വെള്ളയും നിറങ്ങളും,
ഒളിഞ്ഞു നോക്കാൻ പാകത്തിന് വരിതെറ്റി നിന്ന അസംബ്ലിയിലെ പിറു പിറുപ്പുകളും,
പിറകിലെ ബെഞ്ചിൽ നിന്നും പിന്നിലെ ജനലിലൂടെ പുറത്തേക്ക് ഓടി പോയിരുന്ന കണ്ണുകളും,
ഉച്ചയിലെ ലോങ്ങ് ബെല്ലിനു ശേഷമുള്ള ഒച്ചപ്പാടുകളും, മറ്റൊരു ലോങ്ങ് ബെല്ലിൽ തീർക്കുന്ന നിശബ്ദതയും ഒക്കെ കഴിഞ്ഞു അലോസരപ്പെടുത്തുന്ന ഒന്നുംതന്നെയില്ലാതെ താഴെ വീഴുന്ന മഴയെ നോക്കി ചാറലടിക്കുന്ന വരാന്തയിലും, പുഴയിലേക്ക് വീഴുന്ന സൂര്യനെ നോക്കി എത്രയോ നേരം പാലത്തിലും നേരം കൂട്ടിയിട്ടുണ്ട്.
ഓടിന്റെ മുകളിൽ നിന്നും ഉറ്റി വീഴുന്ന മഴത്തുള്ളികൾ എണ്ണിയിരുന്നിട്ടുണ്ട്.
രാത്രിയിൽ നോട് ബുക്കിൽ ഒരു പേര് ആവർത്തിച്ചാവർത്തിച്ചു എഴുതിയിട്ടുണ്ട്.
അടിവയറ്റിൽ കുളിരു വീണിട്ടുണ്ട്.
മനസ്സ് മുഴുവൻ കുളിരുകൊണ്ട് തരിച്ചിട്ടുണ്ട്‌.

ഒരേ ഒരു 'ഹലോയിൽ' അതേ കൗമാരത്തിലേക്ക് ഇറങ്ങി ചെന്നതുപോലെ,
നിശബ്ദമായി നെഞ്ചിലൊരു മഴ തിമിർത്തു പെയ്യുന്ന പോലെ,
എവിടെയൊക്കെയോ നിറങ്ങൾ പൊട്ടി തെറിക്കുന്നത് പോലെ.

ഭാവനകളും, അനാവശ്യ ചിന്തകളും ഒന്നും ഒന്നും ഒന്നും ഇല്ലാതെ വർത്തമാനം നിശബ്ദമായി കൊണ്ടുപോവുകയായിരുന്നു. രാവിലെ ഉറക്കത്തിലെവിടെയോ വന്നൊരു ഓർമ്മയിൽ തീർത്ത ഫോൺ കോളിൽ വർത്താനങ്ങളൊന്നുമില്ലാതെ ഹലോയിൽ മാത്രം അവസാനിച്ച സംഭാഷണത്തിൽ തരിച്ചു നിന്നതിനു ശേഷം, തിമിർത്തു പെയ്യുന്ന മഴ. ആഞ്ഞു വീശുന്ന കുളിർ കാറ്റുകൾ.
വർത്തമാന ജീവിതം അല്ലെങ്കിൽ യൗവനം ഇത്രയും ഭാരമുള്ളതാക്കുന്നതെന്തിനെന്ന് ചോദിക്കുകയാണ്.

മറന്നുപോയ പല ഗാനങ്ങളും യൂടൂബിൽ തിരയുകയാണ്,
സംവാദങ്ങൾക്കവസാനം മറന്നു പോകുന്ന രാഷ്ട്രീയവും കാഴ്ചപാടുകളും എന്തായിരുന്നുവെന്ന് ഓർക്കുകയാണ്.
ആശുപത്രി കെട്ടിടത്തിന് പിന്നിലെ ഗസ്റ്ഹൗസ് വരാന്തയിലേക്ക് രണ്ടു വഴികളിലൂടെ ആരും കാണാതെ വന്നിരുന്ന വൈകുന്നേരങ്ങൾ. പലതും ആദ്യാനുഭവങ്ങൾ, എല്ലാത്തിലും ജിജ്ഞാസ അല്ലെങ്കിൽ കൗതുകം ഒളിപ്പിച്ചുവച്ച കൗമാരം.

യൗവനത്തിൽ നിന്നും ഒരു 'ഹലോ' കാലത്തെ പിന്നോട്ട് വലിച്ചിരിക്കുന്നു. കൗമാരത്തിൽ വന്നുപെട്ടിരിക്കുന്നു. താടിയും ചുണ്ടിൽ ഒട്ടിപ്പിടിച്ച കറുപ്പും ഒരു ഭാരം പോലെ, തലയിലെ നരച്ച മുടി തട്ടിയിട്ടും പോകുന്നില്ല. ഡെസ്റ്ററിൽ നിന്നും വീണ ചോക്കിന്റെ പൊടിയായിരിക്കും.

മുന്നിലെവിടെയോ ആരൊക്കെയോ
ഓർഗാനിക് കെമിസ്ട്രിയും, ചരിത്രവും കൂട്ടുപിടിച്ചു താരാട്ടുപാടുന്നു.
സൈനിനെയും കോസിനെയും കുറിച്ച് മനസ്സിലാവാത്ത പ്രാസങ്ങൾ.
കബീർദാസിന്റെ ഈരടികൾ, മലയാളം കവിതകൾ.
താളത്തിൽ വീഴുന്ന പ്രതിധ്വനിയുള്ള ബെല്ലടികൾ.
എല്ലാത്തിനുമപ്പുറം,
കടമ്പേരി ഉല്സവവും, ലാൻഡ് ഫോണിന്റെ അറ്റത്തു നിന്നും കേട്ടിരുന്ന പാട്ടുകളും.
നീളം കുറഞ്ഞ കറുത്ത പാവാടയും, നീല പാവാടയും.
ഓട്ടോഗ്രാഫിന്റെ കൂടെ ഷെൽഫിൽ പൊതിഞ്ഞു വച്ച ഇളം പച്ച ഷാളും.

ഓരോ രാത്രി മഴകളിലും
എത്രയെത്ര കുളിരോർമ്മകൾ ഒലിച്ചു പോയിക്കാണും,
എത്രയെത്ര പ്രണയങ്ങൾ പൂവിട്ടു കാണും,
എത്രയെത്ര ഓർമ്മകൾ നുരഞ്ഞു പൊന്തിക്കാണും.
എത്രയെത്ര കവിതകൾ ജനിച്ചുകാണും.
പ്രായത്തെ ഓർത്തു കാലത്തെ പിഴക്കുന്ന യൗവന - വാർദ്ധക്യങ്ങൾ അറ്റമില്ലാതെ മഴയിലേക്ക് നോക്കിയിരുന്നുകാണും.
അപ്പോഴും കഴിഞ്ഞുപോയ കാലത്തെ ഓർത്തുകൊണ്ട് അടിവയറ്റിലൊരു കുളിർ വീണു കാണണം.

നാളെയെ ഓർത്തു ഇന്നിനെ മടുപ്പിക്കാതെ - എന്ന് പറഞ്ഞുപോയ കൗമാരത്തിന്റെ ശബ്ദത്തിലെ 'ഹലോ'!
പിന്നെ, പ്രായം മറന്നു നമ്മുടെ മനസ്സിനെ ചെറുപ്പമാക്കാൻ കഴിയുന്ന സംഗീതവും മദ്യവും.

'മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ മലരായി വിടരും നീ...'

തോല്‍വി

ഇവിടെ ഒരുമനുഷ്യൻ ഭ്രാന്തനാവുകയാണ്.
സ്വയം വിശ്വാസവും, സ്നേഹവും നഷ്ടപ്പെടുകയാണ്.

സ്നേഹവും പ്രണയവും ബന്ധങ്ങളുമൊക്കെ ഒരു ഇമാജിനേഷൻ അല്ലെങ്കിൽ ഒരു സർഗ്ഗശക്തിക്ക് അപ്പുറത്തേക്ക് കടന്നുവരുന്നില്ല. കാരണങ്ങളില്ലാതെ അഹംബോധത്തിന്റെ ചട്ടക്കൂടുകൾക്കുള്ളിൽ അതെപ്പോഴും അങ്ങനെ കുടിങ്ങി കിടക്കുന്നു.
കൂടുതൽ മെച്ചപ്പെട്ടതിലേക്ക് അതങ്ങനെ ചേക്കേറിക്കൊണ്ടിരിക്കുന്ന ഗണങ്ങളുടെ വെറും കാലിയായ വികാരങ്ങൾ മാത്രമാവുന്നു.

മാനസികമായോ, അല്ലെങ്കിൽ ആവശ്യങ്ങളുടെയോ, നിലനിൽപ്പിന്റെയോ ആശ്രയത്തിൽ പരസ്പരം സ്നേഹപ്രകടന മുഹൂർത്തങ്ങളുണ്ടാവുന്നു.
ആശ്രയത്തിന്റെ കയം കുറയുംതോറും സ്നേഹത്തിന്റെ ഗണങ്ങൾ പരിമിതമായി ഇല്ലാതാവുന്നു. അകൽച്ചയും അതിനപ്പുറത്തെ നിർവികാരതയിലേക്കും കടന്നു ചെല്ലുമ്പോൾ അവിടെ ഒരാൾ ഒറ്റപ്പെടുന്നു. ബന്ധങ്ങളുടെ കണ്ണിയറ്റുപോവുകയും, ബാധ്യതകളുടെ തലപ്പത്തു ജീവിച്ചിരുന്നൊരാൾക്ക് അയാൾതന്നെ ബാധ്യതയായി മാറുകയും ചെയുന്നു.

പ്രണയത്തിന്റെ അവസ്ഥയും ഇതുപോലുള്ള കൊടുക്കൽ വാങ്ങൽ ഗണങ്ങളിൽ മാത്രം ഒതുങ്ങിപ്പോവുന്നു. കാരണമെന്തെന്ന് അന്വേഷിച്ചിറങ്ങാൻ ഇവിടെ ആർക്കും ഭ്രാന്തില്ലല്ലോ?
ഇനി ഭ്രാന്തിന്റെപുറത് അന്വേഷിക്കാം എന്നിരിക്കട്ടെ.

അപ്പോഴാണ് വിശ്വാസവും സൗഹൃദവും നഷ്ടപെട്ട ഒരു പ്രണയത്തിൽ താൻ തനിക്കുതന്നെ ബാധ്യതയായി മാറുന്ന തരത്തിലുള്ള വ്യതിയാനങ്ങളിലൂടെ നടക്കേണ്ടിവരിക.
തന്നെ മനസ്സിലാവാത്ത, ഉൾക്കൊള്ളാൻ കഴിയാത്ത, ഇഷ്ടപെടാത്ത മാറ്റങ്ങളിൽ ജീവിച്ചു തീർക്കേണ്ടിവരിക.
കൂടുതൽമെച്ചപ്പെട്ട പലതിലേക്കും തന്റെ പാതി കുടിയേറിപാർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും താൻ സ്വയം; പാതിയുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും നിലനിൽപ്പിനായി മാറ്റങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും പ്രണയത്തിന്റെ നിലനിൽപ്പിനായി മുഖമൂടി അണിയേണ്ടിവരികയും, വിട്ടുപോവാനുള്ള ത്വരയും, അകലാനുള്ള പേടിയും ഒരേ സമയം സമ്മർദ്ദത്തിലാക്കുകയും ചെയുന്ന അവസ്ഥകളെ തരണം ചെയേണ്ടിവരിക.

ഇനി പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അളവെടുക്കാൻ ഏതെങ്കിലും ഒരു ഭ്രാന്തിന്റെ പുറത്തു ചിന്തിച്ചെന്നിരിക്കട്ടെ.

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും മൊത്തം തുകയായി ജീവിച്ചിരുന്ന പ്രണയത്തിലെ ഗണങ്ങൾ ഓരോന്നായി നശിക്കുകയും,
സ്നേഹവും വിശ്വാസവും സൗഹൃദവും ഇല്ലാതെ പ്രണയം മുന്നോട്ടുകൊണ്ടുപോവുകയും, അകൽച്ചകളിൽ ഉണ്ടാവുന്ന ഏകാന്തതക്കുള്ളിൽ കുടുങ്ങികിടക്കുമ്പോഴുണ്ടാകുന്ന വീർപ്പുമുട്ടലിൽ പ്രണയം നാടകമായി മാറുകയും, തനിക്ക് കിട്ടിക്കൊണ്ടിരുന്ന കരുതലുകളുടെയും സൗഹൃദത്തിന്റെയും, പ്രണയത്തിന്റെ മറ്റുപല ഗണങ്ങളുടെയും അഭാവത്തിൽ പ്രണയത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടിവരികയും ഏകാന്തതയുടെ കൂടെ വീർപ്പുമുട്ടലും അനാവശ്യ ചിന്തകളുടെയും വിഭ്രാന്തിയിലും സ്വയം ജീവിക്കുന്നു എന്ന് തിരിച്ചറിയാൻ പേടിയുള്ളതുകൊണ്ടും പ്രണയത്തിന്റെ കൊടുക്കൽ വാങ്ങൽ ഗണങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ പോന്നത്ര ഭ്രാന്ത് ഉണ്ടാവാതിരിക്കാനുള്ള കാട്ടികൂട്ടലുകളിൽ പറ്റിപോവുന്ന തെറ്റുകുറ്റങ്ങൾ ചിന്തകളിലേക്കങ്ങനെ ഓരോ ഫ്രയിമുകളായി കടന്നുവരും.

ഇനി 'ഐ ഡോണ്ട് കെയർ' എന്ന് പറഞ്ഞുകൊണ്ട് തെറ്റ് കുറ്റങ്ങളെ - എക്സ്പീരിയൻസ്, അല്ലെങ്കിൽ അനുഭവങ്ങൾ എന്ന് വിളിച്ചുകൊണ്ട് മുന്നോട്ടേക്ക് നടക്കാൻ കഴിയുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അപ്പോഴും നങ്കൂരം പോലെ പിടിച്ചുവലിക്കുന്ന ഏകാന്തതയിൽ ഒരിക്കലും ചിന്തകളെ സുനിശ്ചിതമായ ദിശയിലേക്ക് കൊണ്ടുചെന്നെത്തിക്കാൻ കഴിയാതെവരുന്നു.

ചിന്തകളെ സ്വന്തം ഇഷ്ടാനിഷ്ടങ്ങൾക്കാനിസരിച്ചുകൊണ്ട് മുന്നോട്ടേക്ക് നയിക്കാൻ കഴിയാതെ വരുന്നൊരു നേരത്തു, ആ ചിന്തകളിലേക്ക് ആവശ്യമാണെന്ന് തോന്നുന്ന സമയങ്ങളിലൊന്നും കടന്നുവരാത്ത സ്നേഹവും പ്രണയവും പൊള്ളയായ വെറും വികാരങ്ങളല്ലാതെ മറ്റെന്താണ്?
അതൊരു ഇമാജിനേഷൻ ക്യൂരിയോസിറ്റി മാത്രമല്ലാതെ സർഗ്ഗശക്തിയുടെ അപ്പുറത്തേക്ക് കടന്നു ചെല്ലുന്നതെങ്ങനെയാണ്.

പ്രതീക്ഷകളും ഇമാജിനേഷനും വ്യത്യസ്‌ത ദിശയിൽ സഞ്ചരിക്കുമ്പോൾ ഒരുമനുഷ്യൻ ഭ്രാന്തനാവാതിരിക്കുന്നതെങ്ങനെയാണ്?
അയാളുടെ ആവലാതികൾകൊണ്ട് അൽപ്പം സമാധാനത്തിനായി വാക്കുകൾ ഉരുവിടുമ്പോൾ ചിലരെയെങ്കിലും വേദനിപ്പിച്ചെന്നുവരാം.
ചിലപ്പോൾ കൗമാരവും യൗവനവും തനിക്കുവേണ്ടി ജീവിക്കാൻ കഴിയാത്തൊരു മനുഷ്യന്റെ അമിതമായ പ്രതീക്ഷകളുടെഫലമാവാം അയാളുടെ സ്നേഹ - പ്രണയ വികാരങ്ങൾ കാലിയായ വികാരങ്ങൾ മാത്രമായി ഒതുങ്ങാനുള്ള കാരണം.
ഇവിടെ അയാൾ തോറ്റുപോവുകയോ, തോൽപ്പിക്കപ്പെടുകയോ ചെയുന്നു.

ഹനിയ - കഥ

നൃത്ത ചുവടുകൾ വയ്ക്കുന്ന ഹീൽ ചെരുപ്പുകൾ.
മിന്നി മറിയുന്ന വർണ്ണങ്ങളിൽ ചാലിച്ച പ്രകാശങ്ങൾ.
മദ്യത്തിന്റെയും സ്ത്രീകളുടെയും സുഖന്ധങ്ങൾ പരക്കുന്ന അരണ്ട വെളിച്ചത്തിൽ ഡാൻസ് ബാറിലെ കോണിൽ ഒതുക്കിവച്ച സോഫയിൽ അയാൾ തല ചായ്ച്ചുവച്ചിരുന്നുകൊണ്ട് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

ഹിന്ദി ഫോക് സംഗീതങ്ങളുടെ ഇടയിൽ നിന്നും നൃത്ത ചുവടുകളുമായി 'ആത്മ' കടന്നുവന്നു.
കൈയിലുള്ള മദ്യം നിറച്ചു വച്ച വലിയൊരു വയിൻ ഗ്ളാസ് അയാൾക്ക് മുന്നിലുള്ള മേശയിലേക്ക് വച്ചുകൊണ്ട് അവളുടെ കൈകൾ അയാളുടെ തുടയിൽ തലോടി.
പതിയെ അയാളുടെ ചെവിയിലായി അവൾ ചോദിച്ചു.

"വാട്ട് യു തിങ്കിങ് എബൌട്ട് ഡിയർ?"

മേശമുകളിൽ വച്ച ഗ്ലാസിൽ നിന്ന് വീണ്ടും അൽപ്പം മദ്യമെടുത്തു കുടിച്ചുകൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു.
കണ്ണുകൾ തുറന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി.
കണ്ണുകൾ മദ്യകുപ്പിയിലേക്കും അവളുടെ കണ്ണുകളിലേക്ക് മാറി മാറി നോക്കികൊണ്ടിരുന്നു.

'നീ എത്ര ഭാഗ്യവതിയാണ്, നിനക്കതറിയുമോ?'
നിന്റെ ചുണ്ടുകൾക്ക് മദ്യത്തിന്റെ രസമറിയുന്നു, കാലുകൾ സംഗീതത്തിനൊത്തു ചുവടുകൾ വയ്ക്കുന്നു.'

അയാളുടെ ബന്ധമില്ലാത്ത ചോദ്യങ്ങൾ അവൾക്കു ശീലമുള്ളതായിരുന്നു.
"അടുത്ത സിനിമയ്ക്കുള്ള ത്രെഡ് കിട്ടിയെന്ന് തോന്നുന്നു?
നിങ്ങൾക്ക് മുറിയിലേക്ക് പോകണോ? എഴുതണോ?"

അവളുടെ ചോദ്യം കേട്ടുകൊണ്ട് അയാൾ അവളിലേക്ക് തന്നെ വീണ്ടും അൽപ്പ സമയം സൂക്ഷിച്ചു നോക്കി.
അയാൾ സോഫയിൽ കണ്ണുകളടച്ചുകൊണ്ട് വീണ്ടും തല ചാരി വയ്ക്കുന്നു.
ചുറ്റും  മിന്നിമറയുന്ന പ്രകാശങ്ങൾ കറങ്ങിക്കൊണ്ടിരുന്നു.
ലഹരികൾ അകത്തേക്ക് ചെന്നിട്ടും സ്വയം; ബോധത്തോടെ അവൾ അയാളോടായി പറഞ്ഞു കൊണ്ടിരുന്നു.

"നിങ്ങൾ കംഫേർട് അല്ലെങ്കിൽ നമുക്ക് മുറിയിലേക്ക് ചെല്ലാം, നിങ്ങൾക്ക് എഴുതാം."

'വേണ്ട, എനിക്കെഴുതാൻ തോന്നുന്നില്ല,'

മേശമുകളിൽ നിന്നും അയാൾക്ക് വേണ്ടി നിറച്ചുവച്ച  മദ്യം നിറച്ച ഗ്ളാസ് അയാൾക്ക് നൽകി.
അയാളത് മണത്തു നോക്കി.
'വോഡ്ക?' തന്റെ കൈയിലേക്ക് വാങ്ങിയെങ്കിലും ഗ്ളാസ് മേശമുകളിലേക്ക് തന്നെ തിരിച്ചുവച്ചു.

അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
കഴുത്തിന്റെ പുറകിലൂടെ കൈകൾ പിണഞ്ഞു, തന്റെ നെഞ്ചിനോട് അവളെ ചേർത്ത് വച്ചു.
നെറ്റിയിൽ പതിയെ ചുംബിച്ചുകൊണ്ട് കണ്ണുകളടച് അവളുടെ മുടികൾക്കിടയിൽ തല ചാരിവച്ചു.

'ആത്മ, നിന്നെ ഞാൻ എപ്പോഴെങ്കിലും എന്തിനെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ?
നീ എന്ന വ്യക്തിയുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിന്നിട്ടുണ്ടോ?'

അയാളുടെ ചോദ്യങ്ങൾ അവൾക്കൊന്നും മനസ്സിലാവാത്തത് കൊണ്ടാവണം.
അവൾ അയാളുടെ നെഞ്ചിൽ നിന്നും തലയുയർത്തു, മുഖത്തേക്കായി നോക്കി.
അയാൾ മത്തുപിടിപ്പിക്കുന്ന ചോദ്യങ്ങൾ ആവർത്തിച്ചു.

'നിന്റെ വസ്ത്രങ്ങളുടെ കാര്യത്തിൽ,
ജോലി, യാത്രകൾ, അങ്ങനെ ഏതെങ്കിലും കാര്യത്തിൽ ചട്ടക്കൂടുകൾക്കുളിൽ തളച്ചിടാൻ ഞാൻ ശ്രമിച്ചിട്ടുണ്ടോ ആത്മ?'

"ഇല്ല, ഞാൻ ഞാനാണ്. നിങ്ങൾ നിങ്ങളാണ്.
ആ ബോധം എന്നെക്കാളും കൂടുതൽ നിങ്ങൾക്കുണ്ടല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം."

'എങ്കിൽ നമ്മൾ തെറ്റാണ് ആത്മ.
നിന്നെ ഏതെങ്കിലും മതത്തിന്റെയോ, അല്ലെങ്കിൽ എന്റെ രീതിയുടെയോ ഉള്ളിൽ തളച്ചിടണമായിരുന്നു.
അടുക്കളയിൽ പൂട്ടിയിടണമായിരുന്നു.
നീയൊരു സ്ത്രീയല്ലേ, നീയൊരു ലൈംഗീക ഉപകരണം മാത്രമല്ലെ.
പുരുഷൻ ജന്മിയും സ്ത്രീ അടിയാനുമാണെന്നല്ലേ സമൂഹം നമ്മളെ പഠിപ്പിക്കുന്നത്.
പക്ഷെ, നമ്മുടെ പ്രണയം വിപരീതമായി സഞ്ചരിക്കുന്നത് നീ അറിയുന്നില്ലേ?'

വാക്കുകൾ, അയാളുടെ മിഥ്യാ ലോകത്തിൽ നിന്നും ഉതിരുന്നതായിരുന്നെന്നു ആത്മയ്ക്ക് അറിയാം. അതുകൊണ്ടു തന്നെയാവണം, അവൾ നിശബ്ദയായി കേട്ടിരുന്നു.

'നീയെന്തുകൊണ്ട് ഹനിയ - യാവുന്നില്ല.
ആത്മ, നീയും ഹനിയയും തമ്മിൽ എന്താണ് വ്യത്യാസം?
നിങ്ങൾ രണ്ടുപേരും സ്ത്രീകളല്ലേ?'

"ഹനിയ?
നിങ്ങൾ ഇതിനുമുന്നെ എന്നോട് ഹനിയയെപ്പറ്റി പറഞ്ഞിട്ടില്ലല്ലോ?"

ഹനിയ.
കണ്ണുകളടയ്ക്കുമ്പോൾ അവളുടെ ജീവിതം എന്റെ മുന്നിൽ തെളിഞ്ഞു വരികയാണ്.
റോള ഖൊമേനിയുടെ നഗ്നമായ ശരീരത്തിന്റെ താഴെ,
പ്രിയപ്പെട്ട തന്റെ നീല പുതപ്പിനു മുകളിലായി വീർപ്പു മുട്ടുകയാണവൾ.
പുലർച്ചെ ജോലിക്കു പോകും മുന്നേ അയാൾക്ക് തന്റെ കാമ ചേഷ്ടകൾ കാണിക്കാനുള്ള ഒരു സ്ത്രീ മാത്രമാണവൾ.
അവൾക്ക് സ്വപ്നങ്ങളില്ല. ആഗ്രഹങ്ങളോ താത്‌പര്യങ്ങളോ ഇല്ല.

ഹനിയ.
അവൾ കറുത്ത പർദ്ദയണിഞ്ഞുകൊണ്ട് അടിമയാവാൻ ഇഷ്ടപെടുന്നു.
അടിമത്വത്തിൽ ലഹരി കണ്ടെത്തിയിരിക്കുന്നു.
നിനക്ക് ഈ മദ്യത്തിൽ കിട്ടുന്ന അതേ ലഹരി.
എന്റെ പ്രണയത്തിലും എന്റെ ശരീരത്തിന്റെയും കൂടെ നീ കണ്ടെത്തുന്ന അതേ ലഹരി.
നമ്മുടെ യാത്രകളിൽ നീ കണ്ടെത്തുന്ന അതേ ലഹരി.

അവൾ അയാളുടെ നെഞ്ചിൽ ചേർന്നു കിടന്നു.
ഹിന്ദി ഫോകിൽ നിന്നും ഇംഗ്ലീഷ് ഡിജെ-യിലേക്ക് സംഗീതം മാറി.
നിറങ്ങളും ചുറ്റുപാടുകളും മാറി. പക്ഷെ അവൾ അയാളുടെ നെഞ്ചിൽ ചാഞ്ഞുകിടന്നു.
മദ്യം ഒഴിച്ചുവച്ച ഗ്ളാസ് മേശമുകളിൽ അനാഥമായി കിടന്നു.
സംഗീതത്തിന്റെ ശബ്ദത്താൽ ഇളകിമറിയുന്ന ഗ്ലാസ്സിലെ മദ്യത്തിലേക്ക് അവളുടെ കണ്ണുകൾ കേന്ത്രീകരിച്ചു.
സ്വാതന്ത്ര്യത്തിനുവേണ്ടി ചില്ലു ഗ്ലാസിൽ അലമുറയിടുന്ന വോഡ്ക.
ശബ്ദം ഒന്നുകൂടി കനത്താൽ ഗ്ലാസ്സിൽ നിന്നും പുറത്തേക്കവ ഒഴുകിയേക്കാം.
അവളുടെ ചിന്തകൾ അയാളുടെ ചിന്തകളിലേക്കെന്ന പോലെ ഹനിയയിലേക്ക് മാറി കൊണ്ടിരുന്നു. 

കണ്ണുകളടച്ചുകൊണ്ടു തന്നെ അയാൾ ചോദിച്ചു.
'ആത്മ, നിനക്ക് ഹനിയയെ കാണാമോ?'

"കാണാം.
ചങ്ങലയിൽ തളച്ചിട്ട ഒരു ഭ്രാന്തിയെ പോലെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കുകയാണ്.
നിയന്ത്രിക്കപ്പെട്ട കാറ്റും വെളിച്ചവും അവൾ ആവോളം ആസ്വദിക്കുന്നു.
ചുവരുകളിലെ മത ഭാഷകളും, തന്റെ കറുത്ത വസ്ത്രവും അവളെ വീർപ്പുമുട്ടിക്കുന്നു.
അടച്ചിരുന്നു മടുത്തു അവൾക്ക്. ഇനി ഇറങ്ങി നടക്കുമ്പോഴൊക്കെ ആ ചുവരുകൾ അവൾക്കു ചുറ്റും ഇറങ്ങി വരും.
അവൾക്കതിൽ നിന്നും ഒരു മോചനം ഉണ്ടാവുമോ?

പക്ഷെ,
അവളുടെ സ്വാതന്ത്ര്യം അയാൾ തടഞ്ഞു വച്ചിട്ടുണ്ടോ?"

ആത്മയുടെ ചോദ്യത്തിനുള്ള ഉത്തരം അയാൾക്കറിയില്ലെന്നു കണ്ണുകളുടെ ഞെട്ടൽ വ്യക്തമാക്കുന്നു.
അയാൾ കണ്ണുകളിൽ തിരുമ്മി ചുറ്റുപാടും കണ്ണുകൾ പായിച്ചു.
തന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നവളെ എഴുനേൽപ്പിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു.

'അതിനെനിക്കൊരു ഉത്തരമില്ല ആത്മ.
അവൾ സ്വയം തിരഞ്ഞെടുക്കുകയാണ് തന്റെ അടിമത്വം.
നിന്നെപോലൊരു സ്ത്രീയായി കാണാൻ അവളുടെ പുരുഷൻ 'റോള ഖൊമേനി' ആഗ്രഹിക്കുന്നുമില്ല.
തന്റെ ഭാര്യയുടെ സൊന്ദര്യം, അല്ലെങ്കിൽ ശരീരം അത് വസ്ത്രത്തിനുള്ളിൽ ആയാൾ മൂടിവച്ചിരിക്കുകയാണ്.
അത് മറ്റൊരാൾ കാണുവാൻ അയാൾ ആഗ്രഹിക്കുന്നില്ല.
അയാളുടെ പ്രണയം, അല്ലെങ്കിൽ ശീലിച്ചു ശീലമായ തന്റെ ജീവിതത്തിനപ്പുറം അവൾക്കൊന്നും അറിയില്ല. ചിലപ്പോൾ അറിയുമായിരിക്കാം. എങ്കിലും അവൾ ഒന്നും തന്നെയാഗ്രഹിക്കുന്നില്ല.

"അവൾക്ക് സ്വപ്നങ്ങളുണ്ടായിരുന്നിരിക്കില്ലേ?
കോളേജുകളിലെ പടികൾ കയറി പോയവൾക്ക് സ്വപ്‌നങ്ങൾ ഇല്ലാതിരിക്കുമോ?
അവൾ പറയുന്നുണ്ട്,
ഈ മതിലുകൾക്ക് പുറത്തേക്ക് ഒന്ന് പാറി പറക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്?
റോള ഖൊമേനിയുടെ കൂടെ യാത്രകൾ ചെയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്.
അവൾ രതിയെന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.
അയാളുടെ താല്പര്യങ്ങൾക്കും അയാളുടെ സംതൃപ്തിക്കും വേണ്ടി നഗ്നമാവുക,
തന്റെ ശരീരം നൽകുക, മാത്രമാണവൾ.
അവൾ ആയാളെയോ, അയാൾ അവളെയോ ഒന്ന് ചുംബിച്ചിട്ടുപോലുമില്ല.
അപ്പോഴും അവൾക്ക് അയാളോട് പ്രണയമാണ് സ്നേഹമാണ്. മറ്റൊരു പുരുഷനെ അവൾ ആശ്രയിക്കുന്നില്ല."

ആത്മയുടെ സ്ത്രീ സങ്കല്പങ്ങൾ ഹനിയയെ കുറിച്ചുള്ള ധാരണയ്ക്ക് ജീവൻ വെപ്പിക്കുകയാണ്.
ഹനിയ തന്റെ മനസ്സിൽ നിന്നും ആത്മയുടെ മനസ്സിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നുവെന്ന് അയാൾക്ക് തോന്നി.
അയാൾ ആത്മയോട് തന്റെ സംശയങ്ങൾ പങ്കു വയ്ക്കാൻ ആഗ്രഹിച്ചു.

'എങ്കിലും, സ്നേഹവും പ്രണയവുമായി മറ്റൊരു പുരുഷൻ അവളുടെ മുന്നിൽ വന്നാൽ,
മറ്റൊരു പുരുഷനെ അടുത്തറിയേണ്ടി വന്നാൽ,
അവൾ അയാളെ ആഗ്രഹിക്കാതിരിക്കുമോ?'

"ഇല്ല, അവളുടെ വിശ്വാസം ഖൊമേനിയിലാണ്.'
അയാളെ അവൾ പ്രണയിക്കുന്നു. ആ പ്രണയത്തിന്റെ അടിമത്വം അവൾക്ക് ലഹരിയാണ്.
എങ്കിലും, ലഹരിയുടെ കെട്ടിറങ്ങിയാൽ അവൾ പാറി പറന്നേക്കാം.
അവൾ യാത്രകളെ സ്വപ്നം കാണുന്നു. അവൾക്ക് നിഷേധിക്കപെട്ടതൊക്കെ നേടിയെടുക്കാൻ അവൾ പരിശ്രമിക്കുന്നു.
തന്നിൽ അടിച്ചേൽപ്പിക്കുന്ന ഭ്രാന്തൻ വിശ്വാസങ്ങളും രീതികളും പൊട്ടിച്ചെറിയാൻ അവളിൽ തന്നെ അവൾ പ്രതിഷേധങ്ങൾ തീർക്കുന്നു.'
അവളൊരു വിപ്ലവകാരിയാവുന്നു.
തവക്കുൾ കർമാനെ പോലെ, മലാലയെ പോലെ, ഉം ദാർഥയെ പോലെ, അവളൊരു വിപ്ലവകാരിയാവുകയാണ്."

ആത്മ, ഹനിയയ്ക്ക് ജീവൻ നൽകിയിരിക്കുന്നു.
അവൾ മറ്റുപലരെയും പോലെയെന്ന് വാദിക്കുന്നു.
ഹനിയയുടെ ജീവിതവും ചുറ്റുപാടുകളും ആത്മയിലൂടെ മെനഞ്ഞെടുക്കാൻ അയാളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

'ആത്മ?
മറ്റൊരു റോള ഖൊമേനി യെ കുറിച്ച് നീ കേട്ടിട്ടുണ്ടോ?
ലോകത്തിൽ ഇസ്‌ലാമിനെ ഏറ്റവും മോശമായ രീതിയിൽ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഇറാൻ രാജാവായ ഖൊമേനിയെ കുറിച്ച്.
അയാളുടെ പേരും സ്വഭാവവും തന്നെയാണ് ഹനിയയുടെ പുരുഷനും.
അയാൾ അവൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാവില്ലേ?
തന്റെ അടിമയായി മാത്രമാണോ അയാൾ അവളെ കാണുന്നത്?
ഹനിയയിൽ ഒരു സ്ത്രീയെ, ഭാര്യയെ, കാമുകിയെ, ഒന്നും അയാൾ കാണാൻ ശ്രമിക്കുന്നില്ല?

ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അയാൾ ഹീൽ ചെരുപ്പുകളുടെ നൃത്ത ചുവടുകളിലേക്ക് കണ്ണുകൾ ചലിപ്പിച്ചു.
സ്വാതന്ത്ര്യം നേടിയെടുത്ത സ്ത്രീകൾ!
ആത്മ ചിന്തകളിൽ മുഴുകിയിരുന്നു. അയാൾ ഹനിയയിലേക്ക് ആഴത്തിലേക്ക് ഇറങ്ങിക്കൊണ്ടിരുന്നു.

'തന്റെ പ്രണയത്തിനപ്പുറം,
നിഷേധിക്കപ്പെടുന്ന ജീവിതത്തെ അവൾ പൊട്ടിച്ചെറിയേണ്ടിയിരിക്കുന്നു.
ഖൊമേനിയുടെ മുന്നിൽ അവൾ ഇതുവരെ സംസാരിച്ചിട്ടില്ല. അവൾ സംസാരിക്കാൻ ശീലിക്കേണ്ടിയിരിക്കുന്നു.
ഒരുപക്ഷെ താൻ ശീലിച്ച, കണ്ടുവളർന്ന ജീവിതങ്ങൾ അങ്ങനെയൊക്കെ ആയതുകൊണ്ടാവാം.
എങ്കിലും ആ വീട്ടിലെ മറ്റു സ്ത്രീകൾ എന്തുകൊണ്ട് അവളുടെ വിലങ്ങുകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നില്ല?'
ഒരുപക്ഷെ സ്ത്രീകൾ മുഴുവനും വിലങ്ങുകളിലാവാം.
സംസ്കാരത്തിന്റെയും ശീലങ്ങളുടെയും മുന്നിൽ തുരുമ്പിച്ച വിലങ്ങുകൾ.'
അല്ലെ?

അയാൾ ആത്മയോടായി ചോദിച്ചുവെങ്കിലും ആത്മ മറുപടി പറഞ്ഞില്ല.
ആത്മ? നീ കേൾക്കുന്നുണ്ടോ?

"ഹനിയ, ഖൊമേനിയുടെ മുന്നിൽ ഒന്ന് സംസാരിച്ചാൽ, അയാളെ ഒന്ന് ചുംബിച്ചാൽ.
പ്രണയത്തിന്റെ മൊട്ടുകൾ അയാളിലും വിരിയാതിരിക്കില്ല.
സ്ത്രീയുടെ സ്പർശത്തിൽ കാമവും പ്രണയവും വേർതിരിച്ചെടുക്കാൻ നിനക്ക് കഴിയാറുണ്ടല്ലോ.
കാമത്തിന്റെ ചേഷ്ടകളിൽ അയാളും പ്രണയം ആഗ്രഹിച്ചിട്ടുണ്ടാവാം.'

'ആത്മ,
അപ്പോഴും ഹനിയയുടെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, നിഷേധിക്കപെടുകയല്ലേ?
അവൾ മതിലുകൾക്കുള്ളിൽ, കറുത്ത വസ്ത്രങ്ങൾക്കുള്ളിൽ അടിമയായി കഴിയേണ്ടി വരില്ലേ.'

"ഖൊമേനിയെ കുറിച്ച് കൂടുതലറിയാൻ അത് സഹായിക്കുമല്ലോ. അവൾക്ക് തീരുമാനിക്കാം,
അവൾക്കു മാത്രമല്ലേ അത് തീരുമാനിക്കാൻ കഴിയൂ.
അവൾ പുറത്തേക്കിറങ്ങട്ടെ, കറുത്ത വസ്ത്രങ്ങളിൽ നിന്നും. അടച്ചിട്ട മുറിയിൽ നിന്നും, ചുറ്റും തീർത്ത മതിലുകൾക്കുള്ളിൽ നിന്നുമൊക്കെ.
അവൾ പുറത്തേക്കിറങ്ങട്ടെ."

അയാൾ ഒന്നും മിണ്ടിയില്ല,
സോഫയിലേക്ക് തല ചാരിവച്ചു. മേശമുകളിൽ അനാദമായികിടക്കുന്ന ഗ്ളാസ് കയിലേക്കെടുത്തു.
കണ്ണുകളടച്ചുകൊണ്ടു പറഞ്ഞു.

'അവൾ ഇറങ്ങേണ്ടതുണ്ട്.
കറുത്ത വസ്ത്രത്തിൽ നിന്നും, മുറിയിൽ നിന്നും,
വെളിച്ചം വീഴുന്ന മണ്ണിലേക്ക് അവൾ ഇറങ്ങി വരേണ്ടതുണ്ട്.
ചങ്ങലകൾ പൊട്ടിച്ചെറിയേണ്ടതുണ്ട്.
ഓരോ സ്ത്രീക്കും കലാപം സൃഷ്ടിക്കാൻ പോന്നത്ര; നൃത്ത ചുവടുകൾ തീർക്കാനുള്ള ശക്തി ആ കാൽപാദങ്ങൾക്കുണ്ട്.
ഹനിയ ഇറങ്ങി വരേണ്ടതുണ്ട്. അവളുടെ ജീവിതത്തിലേക്ക്. 
അവൾ വാതിലുകൾ തുറക്കേണ്ടതുണ്ട്, അവളുടെ സ്വപ്നങ്ങളിലേക്ക്.'

പ്രിയപ്പെട്ടവനേ,
ചിലപ്പോഴൊക്കെ ഞാനൊരു ഹനിയയും നീയൊരു ഖൊമേനിയും ആണോ?
ആത്മ ആയാൾക്കു മുന്നിലേക്കായി ചിരിച്ചുകൊണ്ടൊരു ചോദ്യം എറിഞ്ഞു, നൃത്ത ചുവടുകൾ തീർക്കാൻ സോഫയിൽ നിന്നും എഴുനേറ്റുപോകുന്നു.
അയാൾ മദ്യം വലിച്ചു കുടിക്കുന്നു.
അല്ല ഞാനൊരു ഖൊമേനിയല്ല.
അവൾക്ക് ചിരിക്കാൻ കഴിയുന്നു. നൃത്തം ചെയാനും യാത്രകൾ ചെയാനും കഴിയുന്നു.
ഞാനൊരു ഖൊമേനിയല്ല.

സർഗാത്മകത - സ്വയംഭോഗം

സർഗാത്മകമായി സ്വയംഭോഗിച്ചു തീർത്ത രാത്രികളിൽ. ആർക്കും മനസിലാവത്തൊരു ഇതിവൃത്തം. മടുപ്പിക്കുന്ന ജീവിതം നാടകമായി മാറുമ്പോൾ അക്ഷരങ്ങൾകൊണ്ട് എന്ത് തുന്നി ചേർക്കാനാണ്. കേൾക്കാൻ ആരെങ്കിലുമുണ്ടോ? ഇല്ല, ഉണ്ടാവില്ല. എങ്കിലും ഉറക്കെ ചോദിച്ചു പോവും. ഈസ് ദാറ്റ് എനിബടി ലിസണിങ് മൈ വോയ്‌സ്? എന്തൊക്കെയോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്താണെന്ന് കണ്ടെത്താൻ മാത്രം കഴിയുന്നില്ല. തുന്നിച്ചേർത്ത അക്ഷരങ്ങളും, പകുതി ചൊല്ലി തീർത്ത കവിതകളും, കാമവും, പ്രണയവും, വികാര സ്നേഹ പ്രകടനങ്ങളും എല്ലാം നഷ്ടപെടലുകളോടുള്ള ഭയത്തിനുപുറത്തുള്ള കാട്ടിക്കൂട്ടലുകൾ മാത്രം. ഒരുകാലമുണ്ടായിരുന്നു, അടച്ചിട്ട ജനാലകൾ ശബ്ദമുണ്ടാക്കാതെ തുറന്നിട്ടുകൊണ്ട്, ഇരുട്ടിനെ കീറിമുറിച്ചു താഴേക്കു വീഴുന്ന നിലാവിനാൽ, കാമത്തിന്റെ ആസക്തിയിൽ നാണം വഴിതടയുമ്പോൾ നഗ്നമായ ശരീരത്തെ പുതപ്പു കൊണ്ടുമൂടി ആകാശത്തെ പൂർണ നഗ്നമായ ചന്ദ്രനിലേക്ക് മാത്രം കണ്ണുകളെറിഞ്ഞുകൊണ്ട് സ്വയംഭോഗം ചെയ്‌തുതീർത്ത രാത്രികൾ. മൂർച്ഛയിലേക്കെത്തിയ ഓരോ സിരകളിലും ചുവന്ന രക്തത്തിന്റെ കൂടെ അപ്‌ഡേറ്റു ചെയ്ത കാമകണികകൾ ശരീരത്തിലേക്കാകമാനം ചപ്പാത്തു തീർക്കുന്ന നിമിഷങ്ങൾ. തുറന്നിട്ട ജനാലകൾക്കുള്ളിൽകൂടി തണുത്ത കാറ്റ് വീശുമ്പോഴും വിയർത്തൊഴുകാൻ തിടുക്കം കൂട്ടുന്ന ദീർഗ്ഗമല്ലാത്ത ചില നിമിഷങ്ങൾ. കൂടു വിട്ട് കൂടുമാറി ഇണയെത്തേടി പോവുന്ന രാത്രി സഞ്ചാരികളായ കിളികളുടെ ശല്യപ്പെടുത്തുന്ന ചിറകടി ശബ്ദവും, വാർദ്ധക്യം മൂലം ത്രാണിയില്ലാതെ കൊഴിഞ്ഞു വീഴുന്ന ഇലകളുടെ വേർപാടിൽ, തളിർത്ത കുഞ്ഞിലകൾ പൊഴിക്കുന്ന കണ്ണീരില്ലാത്ത കൂട്ട കരച്ചിലുകളുടെ ശല്യപെടുത്തലുകളിലും ശ്രദ്ധ നഷ്ടപ്പെടാതെ സ്വയംഭോഗിച്ചുകൊണ്ട് മനസ്സിനെയും ചിന്തകളുടെ സ്മരണകളെയും ഉദ്ധീപിപ്പിച്ച രാത്രികൾ. ഏകതാനമായ ശബ്ദത്തിനപ്പുറത്തേക്ക് മറ്റൊരു ശബ്ദം കാതുകളിൽ സെൻസർ ചെയ്യപ്പെടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്ന നിമിഷങ്ങൾ. കൈയുടെ വേഗത കുറയുകയും ക്രമാതീതമായി പുതപ്പിന്റെ നില ഉറക്കത്തിന്റെ അഭിനയ ആംഗ്യത്തിലേക്ക് ഒതുക്കികൊണ്ട്, അടക്കാത്ത കതകിന്റെ അരികിലേക്ക് ഏതെങ്കിലും ആൾരൂപം പ്രത്യക്ഷപെടുന്നുണ്ടോ എന്ന് ഹൃദയമിടിപ്പുകൊണ്ട് കേട്ടിരുന്ന നിമിഷങ്ങൾ. ഉത്തരവാദിത്വത്തിന്റെ കണ്ണുകൾ ഈ ഇരുട്ടിലും എന്റെ ശരീരത്തിനുമുകളിലേക്ക് വീഴുന്നുണ്ടോ എന്ന് ഹൃദയമടക്കിപ്പിടിച്ചുകൊണ്ട് ശ്രദ്ധിച്ചിരുന്ന നിമിഷങ്ങൾ. വീണ്ടും സർഗ്ഗശക്തിയുടെയും, സങ്കൽപ്പത്തിന്റെയും, സദാചാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു ചന്ദ്രനിലേക്ക് കണ്ണുകളെത്തുന്ന നിമിഷങ്ങൾ. ഏതോ ഒരു നിമിഷത്തിൽ എല്ലാ ശല്യപ്പെടുത്തുന്ന ഒച്ചപ്പാടുകളും നിശബ്ദമാവുന്നു. കണ്ണുകൾ തനിയെയടയുന്നു. കൈയുടെ വേഗത കൂടുന്നതോടുകൂടി സിരകൾ അന്യോന്യം മത്സരിക്കുന്നു. തലയണയിൽ ഉറപ്പിച്ചുവച്ച തല തനിയെ കുടഞ്ഞുകൊണ്ട് അൽപ്പം ഉയരുന്നു. രക്തപ്രവാഹം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. അൽപ്പ സമയം ചേർന്നുപിടിച്ച രണ്ടു പുരികങ്ങളും അകലങ്ങളിലേക്ക് തെന്നിമാറുന്നു, കാലുകളും കൈകളും ശാന്തമാക്കികൊണ്ട് പുറകിലേക്ക് തെന്നിവീണ ശരീരം നിലാവിലൂടെ അൽപ്പ നിമിഷത്തേക്ക് തെന്നിമാറിയ ചന്ദ്രനെ തിരയുന്നു. ശല്യപ്പെടുത്തിയ ഒച്ചപ്പാടുകൾ ആശ്വാസവാക്കുകൾ പോലെ കാതുകളിലേക്ക് വന്നു കയറുന്നു. വിയർത്ത ശരീരത്തിലെ ഓരോ തുള്ളികളും ജനാലയിലൂടെ വീശുന്ന കാറ്റ് ഒപ്പിയെടുക്കുന്നു. മുറ്റത്തു വിരിയാൻ കൊതിക്കുന്ന മുല്ലപ്പൂ മൊട്ടിന്റെ മണം മൂക്കിലേക്കടിച്ചു കയറുമ്പോൾ, തന്റെ മുഖമില്ലാത്ത കാമുകിയുടെ ഉണക്കുമുന്തിരിയുടെ മണമുള്ള മുടിയിഴകൾ മനസ്സ് മുഴുവൻ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. ഈ കാറ്റിന് അവളുടെ വിയർപ്പിന്റെ മണമായിരുന്നെങ്കിൽ, ഈ തലയണകൾ അവളുടെ മുലക്കണ്ണില്ലാത്ത മുലകളായിരുന്നെങ്കിൽ. ഈ പുതപ്പ് മുഖമില്ലാത്ത അവളുടെ ശരീരമായിരുന്നെങ്കിൽ, ദൂരെ, അങ്ങ് ദൂരെ കാണുന്ന ചന്ദ്രനെ നോക്കികൊണ്ട് പറയുമായിരുന്നു, മിന്നിമറയുന്ന ഈ നക്ഷത്രങ്ങളൊക്കെ എന്റെ ഓരോ രാത്രികളായിരുന്നെന്ന്. ഊറി ചിരിക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവയ്ക്കാൻ അപ്പോഴെങ്കിലും അവൾക്ക് മുഖമുണ്ടായിരുന്നെങ്കിൽ എന്നൊന്ന് ഞാൻ ആഗ്രഹിക്കുമായിരിക്കും! -

പ്രിയപ്പെട്ട സ്വപ്നങ്ങൾക്ക്.

22 മകരം 1192
ദില്ലി


പ്രിയപ്പെട്ടവളെ,

പെണ്ണെ, നിന്റെ ഒഴിവാക്കപ്പെടൽ സഹിക്കാൻ ത്രാണിയില്ലാത്ത ലഹരികളുമായി മല്ലടിച്ചു തീർത്തൊരു രാത്രിയുടെ പര്യവസാനം ആകാശത്തു കണ്ടുകൊണ്ട് നിനക്കിതെഴുതുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നു. എഴുതാനാവുന്നില്ല.
ഒഴുക്കിൽ പെടാതെയും വയ്യ ഒഴുകാതെയും വയ്യ എന്നപോലെ.
മിഥ്യാ സങ്കൽപ്പത്തിന് പുറത്തേക്ക് ഒരു പ്രണയലേഖനം ഇതാദ്യം.
പ്രണയലേഖനം എന്ന് വിളിക്കാൻ പറ്റുമോ? പ്രണയ ലേഖനമല്ലാതെ ഇത് മറ്റെന്താണ്. അല്ലെ?

അൽപ്പമാണെങ്കിലും നനയിപ്പിക്കുന്ന ഓർമകളുണ്ട്.
അകലാൻ ശ്രമിക്കേണ്ടുന്ന ദൂരം താണ്ടിയിരിക്കുന്നു.

ഒരുവളെ കാണാതെ, അറിയാതെ എങ്ങനെ പ്രണയിക്കും?
അവർത്തനങ്ങളിൽ മുഴുകി സ്വയം ചോദ്യങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്ന നാല് രാത്രികളും നാല് പകലുകളും. ഉത്തരങ്ങളില്ല അവയ്‌ക്കു തരാൻ.
എന്തിനു പ്രണയിക്കണം, എങ്ങനെ പ്രണയിക്കണം?
അതിനും എനിക്ക് തരാൻ ഉത്തരങ്ങളില്ല.

ഈ ഒരു രാത്രി,
മദ്യത്തിന്റെ ലഹരികളിലേക്ക് കടന്നു ചെല്ലാതെ തെരുവുകളിൽ നടന്നു തീർത്ത പ്രണയത്തിന്റെ സുന്ദരസുരഭിലമായ ഈ രാത്രി,
കൈയിലെ ഗ്രീൻ ടീയും, പിന്നണിയിൽ സംഗീതത്തിന്റെ ശാന്തമായ നിശബ്ദതയും വെളിച്ചത്തിലേക്ക് വഴുതിവീഴുന്ന ഇരുട്ടും.
മനസ് മുഴുവൻ നിന്റെ മുഖമാണ്.
എവിടുന്ന് വന്നുപെട്ടുവെന്നെനിക്കറിയില്ല. ചിലപ്പോൾ സങ്കൽപ്പത്തിൽ ഞാൻ നൽകിയ മുഖമായിരിക്കാം.
എങ്കിലും പ്രിയ വാക്കുകളുടെ അക കണ്ണുകൾ കൊണ്ട് ഇന്നെനിക്കു നിന്നെ കാണാം.
ആ കാഴ്ചയിലോ,
മിഥ്യാ സങ്കല്പത്തിന്റെ ധാരണയില്ലാത്ത ബോധങ്ങളിലോ ആണോ ഞാൻ നിന്നെ പ്രണയിക്കുന്നത് എന്ന മറ്റൊരു ചോദ്യം ആവർത്തിക്കുന്നുണ്ട്?
അങ്ങനെയെങ്കിൽ നിന്റെ ചുറ്റുപാടുകളെ കുറിച്ചും നിന്റെ വർത്തമാന കാല ജീവിതത്തെ കുറിച്ചും ഞാൻ ചിന്തിക്കേണ്ട ആവശ്യമെന്ത്. നിന്റെ ദുഃഖങ്ങളോർത്തു വേവലാതിപെടുന്നതെന്തിന്.

നിന്നെ ഞാൻ പ്രണയിക്കുന്നു.
നിന്നിൽ നിന്നും കേട്ടറിഞ്ഞ നിന്റെ ജീവിതത്തോട് തോന്നുന്ന, നീ ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന ഒരാളായി, നിന്നിലെ ശോക മുഖങ്ങൾ പാടെ മായ്ച്ചു കളയാൻ വെമ്പുന്ന ഒരാളായി ഓരോ രാത്രിയും ഉറക്കമൊഴിഞ്ഞു നിന്റെ വരികൾ ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുമ്പോൾ മനോഹരമായ ഏതോ നിമിഷങ്ങളിലേക്കാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ജീവിതം ശാന്തമാവുകയാണ്.
നീയെന്റെ ആത്മാവായി മാറുകയാണ്.
ഈ കെട്ടിടങ്ങൾക്കിടയിൽ ആരുമില്ലെങ്കിൽ ഞാൻ ഉറക്കെ പൊട്ടിചിരിച്ചേനെ, അത്രയേറെ പൊട്ടിത്തെറിക്കുന്നൊരു സന്തോഷമുണ്ട് മനസ്സ് നിറയെ.

ഇനി ഇതാണോ പ്രണയം എന്ന് ചോദിച്ചാൽ എനിക്കറിയില്ല.
ഇതാണ് പ്രണയമെങ്കിൽ ഈ പ്രണയത്തെ നീ ഭയപെടുന്നതിന്റെ കാരണവും എനിക്കറിയില്ല.
എത്ര മനോഹരമായ, ശാന്തമായ അനുഭൂതിയാണത്.
ചത്തവൻ എന്ന് സ്വയം കരുതിയ ഒരാൾ ജനിച്ചിരിക്കുന്നു. പുനർജന്മം

ഒരേ ശ്വാസത്തോടെ, മരണം വരെ; പുലരിക്കും സന്ധ്യയ്ക്കും ദീപം കൊളുത്തുവാൻ ഞാൻ നിന്നെ ആഗ്രഹിക്കുന്നു.
ഓരോ ഋതുവിലും ഓരോ യാത്രകളാകുവാൻ പെണ്ണെ ഞാൻ നിന്നെയാഗ്രഹിക്കുന്നു.
പ്രണയസുരഭിലമായ ഈ ലോകത്തു നിന്നിൽ എന്റെ കാമുകിയെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.
നിന്റെ നിഴൽ കെട്ടുകൾ നിന്റെ മാറിലേക്ക് തന്നെ കൊണ്ടുതരുവാൻ ഞാൻ ആഗ്രഹിക്കുന്നു.
മരണംവരെ കൂടെയുണ്ടാവാൻ ആഗ്രഹിക്കുന്നു.

ഒരിക്കലും ഒന്നിനും ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല,
എന്റെ പ്രണയം അതൊരു നാടകമായി തോന്നുന്നുവെങ്കിൽ ദൂരേക്ക് പറന്നൊഴിഞ്ഞു പോകുവാൻ ഞാൻ തയാറാണ്. നേടാനാവാത്തതിലും സന്തോഷം കണ്ടെത്താൻ ഞാൻ ശീലിച്ചിരിക്കുന്നു.
പക്ഷെ അരികിൽ നിന്നുകൊണ്ട് അകലത്തേക്ക് മാറ്റി നിർത്തരുതേ പെണ്ണേ.

"പൂവുതേടി കടൽ താണ്ടിയ
മോഹമല്ലേ നീ, പാഴേ
കാവുതെറ്റിപെയ്തുപോയൊരു
മേഘമല്ലേ നീ?
ഉടൽ തേടിയുടൽ വിട്ടൊരു
പ്രാണല്ലേ നീ, സ്വന്തം
തുടയിൽത്തന്നിടം വിട്ടൊരു
താളമല്ലേ നീ"

എന്ന് നിന്റെ,
സഖാ!

കരി

യാത്രയുടെ അവസാനം വാരണാസി എന്ന് ഉറപ്പിച്ചുതന്നെയാണ് രവി ഈ മണ്ണിൽ,
വാരാണാസിയുടെ, ബനാറസിന്റെ, കാശിയുടെ മണ്ണിലെ കത്തിയെരിഞ്ഞ തീചൂളയുടെ കനലുകൾ ചവിട്ടി നിൽക്കുന്നത്.

എങ്ങനെ ഒരാൾക്ക് ഇത്രയും നേരം തീ കനലുകളുടെ മുകളിൽ നിൽക്കാൻ കഴിയും.

അയാൾ സ്വയം പരീക്ഷിക്കുകയായിരുന്നു.
കണ്ടിട്ടുണ്ട്, ചെണ്ടയുടെ താളത്തിനൊത്ത ചുവടുകൾ കൊണ്ട് കാവിലെ തീ ചാമുണ്ഡി കെട്ടിയാടുന്ന മലയൻ പണിക്കർ തീയുടെ മുകളിലൂടെ പായുന്നത്. അപ്പോഴും പൊള്ളിയ കാലുമായി വേഗത്തിൽ ഓടിയൊളിക്കാറാണ് പതിവ്. ജീവിതത്തിന്റെ താളം നശിച്ചതിനാലാവാം തീ കനലുകളൊന്നും പൊള്ളിക്കുന്നില്ല.
സ്വയം ചിന്തകളിലേക്ക് ആഴ്ന്നിറങ്ങി പുകയുന്ന കനലിന്റെ മുകളിൽ തന്നെ നിന്നു.

ചുറ്റും കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന അനാഥശവങ്ങൾ.

ചില ശവങ്ങൾക്കു മുന്നിൽ ആടുന്ന നാടകങ്ങൾ, വട്ടം കൂടി പറക്കുന്ന ശവം തീനികളായ കാക്കകൾ. ഉയർന്നു നിന്നിട്ടും കുനിഞ്ഞുപറക്കുന്ന കോണാകൃതിയിലുള്ള കാവി കൊടികൾ.
"ഓം ജയ് ജയ് ശൗരേ ഹരി ഓം ജയ് ജയ് ഭഗവാന്‍" മുഴക്കിക്കൊണ്ട് നടന്നു നീങ്ങുന്ന ജടധാരികൾ.

കറുത്തൊഴുകുകയാണ് ഗംഗ,

പുക മണക്കുന്ന വായു, ഇരുളുപിടിച്ച ആകാശം.
ഇതൊരു ശവപ്പറമ്പ് മാത്രമാണ്. കാലന്റെ കൊടികളാണ് ഇവിടെ പാറിപറക്കുന്നത്.
ഒരു സങ്കീർത്തനവും ഈ മണ്ണിലില്ല.

കനൽ അടങ്ങിയിരിക്കുന്നു. ഒന്ന് പുകയാൻ പോലും അവയ്ക്കാവുന്നില്ല.

രവി മുന്നോട്ടേക്ക് നടന്നു. കാശിയുടെ മണ്ണിൽ കാലെടുത്തുവച്ചപ്പോൾ അയാൾക്ക് പൊള്ളുന്നപോലെ തോന്നി. എങ്കിലും പതിയെ പതിയെ മുന്നോട്ടേക്ക് നടന്നു.

ശവങ്ങൾ കത്തിയെരിയുന്ന മണലുകൾക്കപ്പുറം വെള്ളക്കൊടികൾ ഉയർന്നു പറക്കുന്നു. താഴെ ഗംഗയൊഴുകിയൊളിക്കുന്നു.

വെള്ളക്കൊടി നാട്ടിയ പാറമുകളിലേക്ക് ചെല്ലണം; സ്വയം കരുതി.
കാലുകൾ വേദനകൊണ്ട് പുളഞ്ഞു.
ഓരോ കോശങ്ങളും എരിഞ്ഞുതീരുന്നതുപോലെ, കനലുകൾക്കില്ലാത്ത ചൂട് കാശിയുടെ മണ്ണിനോ.
അതെ, വിഷമാണ്, വിഷം തന്നെയാണ്. വേദന സഹിച്ചുകൊണ്ട് പാറയ്‌ക്കു മുകളിലേക്കായി നടന്നു.
ചുറ്റും ഉരുവിടുന്ന മന്ത്രങ്ങൾ കാതുകളിലേക്ക് വന്നു പതിക്കുമ്പോൾ കാതുകൾ പൊട്ടിത്തെറിക്കുന്നപോലെ തോന്നി. കണ്ണും കാതുമടച്ചു. മണ്ണുകൾ ഒഴിവാക്കി, കനലുകളിൽ മാത്രം; കത്തിയെരിയുന്ന ശവങ്ങൾക്കു മുകളിൽ കാലെടുത്തുവച്ചുകൊണ്ട് മുന്നോട്ടേക്കു നടന്നു.
ശവങ്ങളുടെ ഹൃദയമിടിപ്പിൽ കാലുകൾ ഉയർന്നു പൊങ്ങി.

ഭൈരവ, നീയാണെന്റെ അഭയം. ചെയ്തുപോയ പാപങ്ങളൊക്കെ ഗംഗയിൽ കഴുകിക്കളയാം,

ആയിരം ലിംഗങ്ങളിൽ അഭിഷേകമർപ്പിക്കാം,
എന്നും നിനക്ക് ചുറ്റുമിരുന്ന് ഒരു സങ്കീർത്തനമാവാം.
കാശിയുടെ മണ്ണിലേക്കെത്തിയ നിമിഷമോർത്തുകൊണ്ട് അയാൾ ഉറക്കെചിരിച്ചു.
ഉമിനീരുവറ്റിയ തൊണ്ടകൊണ്ട് കണ്ണുകൾ തുറന്നലറി.
എല്ലാവരുടെയും തുറിച്ചു നോട്ടം രവിയിലേക്ക് നീണ്ടു. വീണ്ടും വീണ്ടും അലറി.

കാശിയുടെ മണ്ണിലേക്ക് വരാൻ തോന്നിയ നിമിഷത്തെ അയാൾ ശപിച്ചു.

രണ്ടു ദിവസം ഭക്ഷിച്ച ഭിക്ഷ ഛർദിച്ചുകളയാൻ തോന്നി. ഭക്തി!
ഭയമാണ് എല്ലാത്തിനും കാരണം. ജീവിതത്തിലെ കൗതുകങ്ങൾ അറിയാൻ നിൽക്കാതെ ഓടിയൊളിക്കുന്നു. ഭക്തിയുടെ മറവിൽ അഭയം കണ്ടെത്തുന്നു.
വസ്തുതകളിൽ നിന്നും മിഥ്യ സങ്കല്പങ്ങളിലേക്ക് ചേക്കേറുന്നു. തന്നിൽ വിശ്വാസമില്ലാതെ ആരുടെയൊക്കെയോ ഔദാര്യത്തിൽ, ഭക്തർ കൊടുക്കുന്ന ഭിക്ഷയിൽ കഴിയുന്ന ദൈവത്തിലേക്ക് എല്ലാ വിശ്വാസവും അർപ്പിക്കുന്നു.
എന്നാൽ ആ തിരുനടയിൽ കണ്ണ് തുറന്നുകൊണ്ടു നിന്നാൽ കാണാം സത്യം എന്താണെന്ന്.
മനുഷ്യരുടെ ഭക്തിയൊഴുകി കറുത്തുപോയതാണ് ഗംഗ. വാലുമുറിഞ്ഞ പട്ടികളെയും ഉറക്കെ കരയാത്ത കാക്കകളെയും മാത്രമേ കാണാൻ കഴിയു.
എന്തുകൊണ്ട്?
വാലാട്ടുന്ന പട്ടികളെവിടെ?
കരയുന്ന കാക്കകൾ എവിടെ?
നിശബ്ദ ജീവികളാണവർ ഇവിടെ. ഭയമാണ്.
കാശിയുടെമണ്ണിൽ ചിന്തകൾക്ക് വേരുണ്ടെങ്കിൽ ഭയവുമുണ്ടാവും. ഇനി ഉറക്കെ കരഞ്ഞാൽ, ചോദ്യങ്ങൾ ആവർത്തിച്ചാൽ തീക്കൂനയിലെ ചാരമായി അവശേഷിക്കും.
ഇതൊക്കെ ആരോടാണ് ഞാൻ പറയേണ്ടത്, പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?
എല്ലാവരും എന്നെ ഭ്രാന്തൻ എന്ന് വിളിക്കും. ഹൃദയാന്തമായി ഭക്തിയിൽ വിശ്വസിക്കുകയാണ് മനുഷ്യർ. ചൂഷണപ്പെടുന്നതിൽ ലഹരികണ്ടെത്തുകയാണവർ. ആരും മോചിതറാവില്ല. മരണം എന്ന സത്യത്തിനുമുന്നിൽ ഒരിക്കലും അവർക്ക് ചിരിച്ചുകൊണ്ട് കീഴടങ്ങാൻ കഴിയില്ല.

കാലുകളിൽ നനവ് തട്ടി, രവി അൽപ്പനേരം നിന്നു.

പൊള്ളുന്ന മണ്ണിൽ നിന്നും പാറയ്ക്കടുത്തെത്തി, ഒഴുകുന്ന ഗംഗയിലേക്ക് കാലെടുത്തുവച്ചുകൊണ്ട് രവി നിന്നു. ചിന്തകൾ ശൂന്യമാക്കിക്കൊണ്ട് കറുത്ത ഗംഗയുടെ ചുംബനത്തിൽ കണ്ണുകളടക്കാതെ അകലങ്ങളിലേക്ക് നോക്കിനിന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി ഗംഗ നിലവിളിക്കുന്നത് രവിക്ക് കാണാം. കൗസല്യയെപോലെ.

കൗസല്യ, അവൾ സുന്ദരിയായിരുന്നു. പക്ഷെ തേവർ എന്ന ജാതിപ്പേരുകൊണ്ട് അവളെ കറുപ്പിച്ചെടുത്തു, ഗംഗയെപോലെ. ശങ്കറിന്റെ കൂടെ നിൽക്കുമ്പോഴൊക്കെ കരിങ്കല്ലിന്റെ മുകളിരച്ചുവച്ച ചന്ദനംപോലെയായിരുന്നു കൗസല്യയെന്ന് തോന്നിയിട്ടുണ്ട്.

എങ്കിലും അവരുടെ പ്രണയം സത്യമുള്ളതായിരുന്നു. സ്വപ്നം കാണേണ്ട പത്തൊൻപതാം വയസ്സിൽ ശങ്കറിന്റെകൂടെ ഇറങ്ങിപോയതും; അവർ, ജാതി കോമരങ്ങൾ മുറവിളി കൂട്ടിയത് കൊണ്ടുതന്നെയായിരുന്നു. പ്രണയത്തിന്റെ രക്തസാക്ഷികളാവുന്നത് ഒരുമിച്ചു ജീവിച്ചു തുടങ്ങിയതിനു ശേഷം മതിയെന്നുള്ള നിശ്ചയദാർഢ്യത്തിന്മേലായിരുന്നു.

കൽപ്പടവുകളിൽ നിന്നുകൊണ്ട്,


"ആർക്കും എന്നെ വേണ്ട" എന്നുപറഞ്ഞു ശങ്കർ കരയുമ്പോഴൊക്കെ കൗസല്യ അയാളുടെ നെറ്റിയിൽ ചുംബിക്കുന്നത് കണ്ടിട്ടുണ്ട്.


എന്താണ് ആർക്കും എന്നെ വേണ്ടാത്തത്. എന്തായിരിക്കാം അതിന്റെ കാരണങ്ങൾ.

പുലയന്റെ ഏഴഴകാണോ? അതോ ഇനി വേറെ വല്ല കാരണങ്ങളും എന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാൻ കഴിയുന്നുണ്ടോ? ഇങ്ങനെയുള്ള ചോദ്യങ്ങളുടെ ആവർത്തനങ്ങളിലൊക്കെ കൗസല്യ അയാളുടെ കൈ മുറുകെ ചേർത്തു പിടിച്ചു.

ശങ്കറൊരു ദളിതനായിരുന്നു.

ചുംബനങ്ങൾ കൈമാറിയും, മയിൽപ്പീലികൾ കൊണ്ട് സമ്മാനങ്ങൾ തീർത്തും, പൊടിക്കാറ്റിൽ കെട്ടിപ്പിടിച്ചും പളനിയിലെ മണ്ണിൽ അവർ പ്രണയിച്ചു പാറിനടന്നു.
കാട്ടിലൂടെ ഒഴുകുന്ന ഗംഗയെപോലെ.
ഒരു ദളിതൻ ഒരിക്കലും ആരെയും പ്രണയിക്കരുതായിരുന്നു.
ജാതികൊണ്ട് ഉറഞ്ഞുതുള്ളിയ കോമരങ്ങൾ കൗസല്യയുടെ മുന്നിൽവച്ചു ഉദുമൽപേട്ടയിലെ ഒരു കറുത്ത നിലാവിൽ ശങ്കറിന്റെ ജീവനടുക്കുമ്പോൾ ആരും എന്തിനുവേണ്ടിയെന്നു ചോദിച്ചിരുന്നില്ല. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ടെന്തുകാര്യം എന്ന് കരുതിക്കാണണം.

ശങ്കറിന്റെ ജീവനായിരുന്നില്ല അവർക്കു വേണ്ടിയിരുന്നത്.

കഴിഞ്ഞ എട്ടുമാസക്കാലം ദളിതന്റെകൂടെ തേവർ സുന്ദരി ജീവിക്കുമ്പോഴുണ്ടായ ക്ഷതം മാറ്റുക എന്നത് മാത്രമായിരുന്നു.
മാറി, ആ ക്ഷതം മാറി. ശങ്കറിന് ഇന്ന് ജീവനില്ല. ഏതോ നക്ഷത്രമായി അവൻ ചിരിക്കുന്നുണ്ട്.
എന്നാൽ കൗസല്യ.
അറിയില്ല, അവളുടെമുന്നിൽ വച്ചായിരുന്നു അവർ മയിൽപ്പീലികൾ കൊണ്ട് സമ്മാനങ്ങൾ തീർത്ത, പൊടിക്കാറ്റിൽ ചേർത്ത് കെട്ടിപ്പിടിച്ച തന്റെ പ്രീയപ്പെട്ടവനെ ഇല്ലാതാക്കിയത്.
നിശ്ചലമായ ആ നിമിഷത്തിൽ അവൾ പഴനിയിലെ മുരുകനെ വിളിക്കുന്നത് കേട്ടിരുന്നു.
പഴനിയിലെ മുരുകൻ കോവിലിൽ നിന്നും തുടങ്ങിയിരുന്ന പ്രണയമായിരുന്നുവത്.
ദൈവത്തിന്റെ അനുവാദവും സുരക്ഷയും ഉണ്ടെന്നവർ വിശ്വസിച്ചു.
ഭയമായിരുന്നു, ഏതുനിമിഷവും കഴുത്തിൽ വീഴുമായിരുന്ന വാൾമുനകളോടുള്ള ഭയം.
പക്ഷെ, ജാതിയുടെ മാന സംരക്ഷകരായ കോമരങ്ങൾക്കിടയിൽ നിന്നും ജീവിതം സംരക്ഷിക്കാൻ അവർ വിശ്വസിച്ച ദൈവത്തിന് കഴിഞ്ഞില്ല. ജാതിയുടെയും മതത്തിന്റെയും ചൂടിൽ അവൾ വെന്തെരിഞ്ഞു കറുത്തിരിക്കുന്നു.

ഗംഗേ, നീയും കൗസല്യയെപോലെ കറുത്തുപോയവളാണല്ലോ.

അനുഭവിക്ക മാത്രമാണ് നിന്റെ വിധി. എനിക്ക് സങ്കടപെടാൻ മാത്രമേ കഴിയുകയുള്ളു.
ചോദ്യങ്ങൾ വീണുപോയാൽ പൊള്ളുന്ന കാശിയിലെ മണ്ണ് തിന്നുക എന്നതായിരിക്കും അവർ നൽകുന്ന ശിക്ഷ.
നദിയിൽ നിന്നും അൽപ്പം വെള്ളം കോരി തന്റെ മുഖം കഴുകി. കയ്‌പേറിയ വെള്ളം വായിൽ നിന്നും തുപ്പി കളഞ്ഞുകൊണ്ട് രവി പാറമുകളിലേക്ക് കയറി.
നീ മാത്രമല്ല ഗംഗേ, ധർമപുരിയിലെ ദിവ്യയും അങ്ങനെ കറുത്തുപോയവളായിരുന്നു. അങ്ങനെ കൗസല്യയെ പോലെ ദിവ്യയെ പോലെ എത്രയെത്രപേർ കറുത്തുപോയിരിക്കുന്നു.

വെള്ളക്കൊടി നാട്ടിയ പാറമുകളിലിരുന്നുകൊണ്ട് രവി കത്തിയെരിയുന്ന തീക്കൂനകളെ നോക്കിയിരുന്നു. ഇന്നലെ രാത്രി സംഭവിച്ചതൊക്കെ ഓർത്തെടുത്തു.

ഭൈരവന്റെ, കാശിനാഥന്റെ നടയിൽ, അവസാനത്തെ ആശ്രയമായി കണ്ടതാണവൻ കാശിനാഥനെ.
എന്തിനായിരിക്കും അവർ അയാളെ?
അവന്റെ കൈകൾ കെട്ടിയിരുന്നിട്ടു കൂടി അവർ അയാളെ അടിക്കുന്നുണ്ടായിരുന്നു.
അവരുടെയൊന്നും പകുതി നീളമോ വണ്ണമോ അവനുണ്ടായിരുന്നില്ല. തിരിച്ചടിക്കാൻ കഴിയാത്ത അവന്റെ കൈകൾ കെട്ടിയിടേണ്ടിയിരുന്നില്ലെന്ന് രവിക്ക് തോന്നി.
അവന്റെ കഴുത്തിലും ജനനേന്ദ്ര്യത്തിലും പിന്നിൽ കാവിക്കൊടി കെട്ടിയ ചൂരലുകൾ കൊണ്ട് അവർ അടിച്ചുകൊണ്ടേയിരുന്നു. എഴുനേൽക്കാൻ പറ്റാത്ത വിധത്തിൽ അവൻ നിലത്തു വീണു. നിലത്തു വീണപ്പോൾ അവൻ വിളിച്ചു.
'വിശ്വ മഹേശ്വര, രക്ഷിക്കൂ..രക്ഷിക്കൂ'
അവർ അവനെ അടിച്ചുകൊണ്ടിരുന്നു, അവർക്കറിയാമായിരുന്നിരിക്കണം ദൈവം ഒരു മിഥ്യാ സങ്കൽപ്പമാണെന്ന്.
പെട്ടന്നൊരാൾ നീളൻ താടിയും മുടിയും നീട്ടി വളർത്തിയ ജടാധാരി വന്നവനെ നെഞ്ചിൽ ചവിട്ടി. രാജാവിന്റെ പോലുള്ള ചെരുപ്പായിരുന്നു അയാൾക്ക്. അതുപോലെ മുൻ ഭാഗം കൂർത്ത ചെരുപ്പുകൾ ഇവിടെ കടകളിൽ നിരത്തിവച്ചിട്ടുള്ളത് രാവിലെ കണ്ടിരുന്നു.
രവി ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
നെഞ്ചിലും തലയിലുമായി അയാൾ മാറി മാറി ചവിട്ടി.
അപ്പോഴും അവൻ കരഞ്ഞുകൊണ്ട് പറയുന്നുണ്ടായിരുന്നു,
'വിശ്വ മഹേശ്വര, രക്ഷിക്കൂ..രക്ഷിക്കൂ'
മറ്റൊരാൾ വന്നു അവന്റെ തലയിൽ ഉരുണ്ടൊരു ദണ്ഡുകൊണ്ടടിക്കുന്നു. അതിനുശേഷം അവൻ ശബ്ധിച്ചിട്ടില്ല. എന്നിട്ടും മടുക്കും വരെ അവർ അവന്റെ ശരീരത്തിൽ ചവിട്ടിയും അടിച്ചും ഉന്മാദം കണ്ടെത്തി.
എന്തിനായിരുന്നു എന്നല്ല, അവനു ജീവൻ ഉണ്ടാകുമോ എന്നായിരുന്നു ആ നിമിഷം ചിന്തിച്ചിരുന്നത്. രവി ഓർത്തു.
വടികൾക്കു പിറകെ കെട്ടിയ കാവിക്കൊടികളൊക്കെ വലിച്ചു കീറി അവർ അവന്റെ മുകളിലേക്കിട്ടു. ആരോ ഒരാൾ എണ്ണയൊഴിക്കുന്നു.
എവിടുന്നാണെന്നറിയില്ല പെട്ടന്നൊരു തീ ആളിക്കത്തികൊണ്ട് മുകളിലേക്ക് പൊങ്ങുന്നു.
ചുവന്ന കുറേ തീ ഗോളങ്ങളടങ്ങിയ ഒരു വലിയ തീ കൂന മുന്നിലേക്ക് തെറിച്ചു.
എങ്ങനെ തീപിടിച്ചുവെന്നറില്ല, പക്ഷെ ആ തീ സ്‌ഫോടനത്തിൽ രവി പുറകിലേക്ക് വീണുപോയതും ആ വീഴ്ചയിൽ കൈമുട്ടിന്റെ മുകളിലായി മുറിഞ്ഞു ചോരവാർന്നതും ഓർമയിലേക്ക് വന്നു.
നീല നിറങ്ങളുള്ള വലിയൊരു സ്‌ഫോടനമായിരുന്നത്. അയാളുടെ ചോര തുള്ളികൾകൊണ്ട് ചുവന്നു പോവുകയാതായിരിക്കാം.
കൈകൊണ്ട് കൈമുട്ടിന്റെ മുകളിലേക്ക് അറിയാതെ തടവി.
'വിശ്വ മഹേശ്വര' രവി ഉറക്കെ അലറി.
അവസാന നിമിഷത്തിൽ അവൻ വിളിച്ചികൊണ്ടിരുന്ന ''വിശ്വ മഹേശ്വര' ആവർത്തിച്ചു വിളിച്ചുകൊണ്ട് രവി അലറി കൊണ്ടിരുന്നു.
കേൾക്കാനും തുറിച്ചു നോക്കാനും ആരുമുണ്ടായില്ല.
എന്തിനായിരിക്കാം അവർ അവനെ ചുട്ടു കൊന്നത്. പകൽ വെളിച്ചത്തിൽ ജീവനില്ലാത്ത ശരീരങ്ങൾക്ക് കർമ്മങ്ങൾ ചെയ്യാനറിയുന്നവർ എന്തുകൊണ്ട് ജീവനുള്ള അവന്റെ ശരീരത്തെ കർമ്മങ്ങളൊന്നും ചെയാതെ ഒരു അനാഥ പ്രേതമായി വിടുവാനെന്നോളം ചുട്ടു കരിച്ചത്.
ഇനി അവനും ഏതെങ്കിലും സവർണ ജാതി പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നോ.
ഉത്തരങ്ങൾക്കായി രവി അലഞ്ഞില്ല, ഉത്തരങ്ങൾക്കവിടെ പ്രസക്തിയില്ലെന്ന് തോന്നി.

രവി എഴുനേറ്റു,

കൈലാസനാഥന്റെ ക്ഷേത്രത്തിനു നേരെ തിരിഞ്ഞു നിന്നുകൊണ്ട് ഉറക്കെ പറഞ്ഞു.
'ജനങ്ങളെ, അത് വെറും കല്ലാണ്. കറുത്ത കല്ല്. പാലൊഴിച്ചിട്ട് വെളുക്കാത്തതും മഞ്ഞളിന്റെ വെള്ളം വീണിട്ടും കറുതിരിക്കുന്നത്,
ചുവന്ന പൂക്കളുടെ നീര് വാടിയുണങ്ങിയിട്ടും ചുവക്കാതെ നിൽക്കുന്നത് അത് വെറും കല്ലായതുകൊണ്ടാണ്. നല്ല കറുത്ത കല്ല്.
ആരോട് പറയാൻ, എല്ലാവരും ഭയം കൊണ്ട് സത്യങ്ങൾ മറച്ചു വയ്ക്കുന്നു.
കൈമുട്ടിൽ നിന്നും ചോരപൊറ്റകൾ പറിച്ചുകഴിഞ്ഞതിനാൽ ചോര വാർന്നൊലിക്കുന്നു.
രവിയത് തുടച്ചു.
ഇന്നലെയും ഇതുപോലെ തുടച്ചിരുന്നു.
തീ സ്‌ഫോഠത്തിൽ ഭയന്ന് ഓടി കയറിയ ശവങ്ങൾ വിലപറഞ്ഞു വാങ്ങുന്നവരുടെ ഓഫീസിൽ നിന്നും.

രവി ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു.

ഗുഡ്ഗാവിൽ നിന്നും തിരിച്ചെത്തിയതുമുതൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.
അര കുപ്പി വിസ്കിയുടെ ബലത്തിൽ ഉറങ്ങാൻ കിടന്നതായിരുന്നു ഇന്നലെ.
ബോധം നഷ്ടപ്പെടാൻ വേണ്ടി ഇതുവരെ മദ്യത്തെ ആശ്രയിച്ചിട്ടില്ല, പക്ഷെ കുറച്ചുദിവസമായി ബോധം നഷ്ടപ്പെട്ട് ഉറങ്ങാൻ വേണ്ടി മാത്രമായിരുന്നു വിസ്കിയുടെ മുന്നിലിരിക്കുന്നത്.
ലഹരികൾക്ക് ശരീരത്തെയല്ലാതെ മനസ്സിനെ കീഴ്പ്പെടുത്താൻ കഴിയുകയില്ല.
ലഹരികൾക്ക് എത്തിപിടിക്കുന്നതിനും എത്രയോ ദൂരെയാണ് മനസ്സ്. വർത്തമാനങ്ങളിലെ സന്ദർഭങ്ങൾക്കതീതമായി അത് പാറിപറക്കും, കെട്ടഴിച്ചുവിട്ട പട്ടം പോലെ.
പൊരുത്തപ്പെടാൻ കഴിയുന്ന ഭൂതത്തോട് വർത്തമാനം ഒത്തു തീർപ്പാക്കും.
പുതിയ വർത്തമാനങ്ങൾ തേടി മനസ്സ് യാത്രയാകും.
കട്ടിലിൽ കിടന്ന് ഇരുമ്പു കമ്പികൊണ്ട് വേലികൾ തീർത്ത ജനാലയ്‌ക്കുള്ളിലൂടെ കാഴ്ചകൾക്കെത്താത്ത എങ്ങോട്ടോ നോക്കി രവി ചിന്തിച്ചുകൊണ്ടിരുന്നു.

ഉറക്കത്തിൽ പേടിപ്പെടുത്തുന്ന സ്വപ്നം എന്തോ കടന്നുപോയിരുന്നു. ഓർത്തെടുക്കാൻ കഴിയുന്നില്ല. കട്ടിലിൽ നിന്നും താഴെയിറങ്ങി, അടുത്തമുറിയിൽ കിടക്കുന്ന അച്ഛന്റെ കറുത്ത ചളിപിടിച്ച കാലുകൾ വാതിലില്ലാത്ത കട്ടില പടിയ്‌ക്കുള്ളിലൂടെ കണ്ടുകൊണ്ട് അടുക്കളമുറ്റത്തേക്ക് നടന്നു.

വീട് നിശബ്ദമാണ്. വർഷങ്ങളായി ഈ വീട് നിശബ്ദമായിരുന്നു. അപ്പോഴൊക്കെ പ്രതീക്ഷയുടെ നിശബ്ദത മാത്രമായിരുന്നു. ഇന്ന് അതിന്റെ മുകളിൽ ഇരുട്ട് വീണിരിക്കുന്നു.
അടുക്കള വാതിൽ പടിയിലൂടെ കടന്നു വരുന്ന നട്ടുച്ച സൂര്യന്റെ വെളിച്ചത്തിലും ആ ഇരുട്ട് വ്യക്തമായി കാണാം.

കരയാതെ പുകയാത്ത അടുപ്പിനു മുന്നിൽ 'അമ്മ നിൽപ്പുണ്ട്.

അമ്മയും എന്നെപോലെതന്നെ വാക്കുകൾക്ക് ദാരിദ്ര്യം അനുഭവിക്കുകയാണോ.
അടുത്തടുത്തായി കാണുന്നുവെങ്കിലും ഈ വീട്ടിലെ ആളുകൾ തമ്മിൽ ഒരുപാട് വാക്കുകളുടെ അകലെയാണെന്ന് രവിക്ക് തോന്നി.
അതുകൊണ്ടായിരിക്കണം ആരിൽ നിന്നും വാക്കുകൾ പരസ്പരം എത്താനാകാതെ വീർപ്പുമുട്ടുന്നത്.

കുട്യാര പടിയിലിൽ കയറിയിരുന്നു.

അടുക്കളമുറ്റത്തുള്ള കോഴിക്കൂട്ടിൽ നിന്നും വരുന്ന ഒച്ചപ്പാടുകൾ അലോസരമുണ്ടാക്കുന്നു.
ദിവസങ്ങളായി അവയെ ആരും ശ്രദ്ധിക്കാറില്ല. കൂട്ടിൽ തന്നെ അടച്ചിട്ടിരിക്കുകയായിരുന്നു.
അതിന്റെ മുറുമുറുപ്പാണ്‌ ഒച്ചപ്പാടുകളിലൂടെ വരുന്നതെന്ന് തോന്നി.
മുറ്റത്തേക്കിറങ്ങി കോഴിക്കൂടിന്റെ വാതിൽ തുറന്നിളക്കി പ്രഖ്യാപിച്ചു.
ഇനിമുതൽ നിങ്ങൾ സ്വതന്ത്രമാണ്. പക്ഷെ, ജീവന് ഭയം നേരിടുന്ന ഘട്ടം എങ്ങനെ തരണം ചെയ്യണമെന്ന് സ്വാതന്ത്രനാകുന്ന ഓരോ ജീവിയും ചിന്തിക്കേണ്ടതുണ്ട്.
നിങ്ങൾ ചിന്തിക്കൂ, ചിന്തകളുടെ കൂടെ ആകാവുന്ന ഉയരങ്ങൾ വരെ ചിറകിട്ടടിക്കൂ.

ഒച്ചപ്പാടുകൾ കേട്ടത് കൊണ്ടാവണം അമ്മ പുറത്തേക്കിറങ്ങി.

അടുക്കള വളപ്പിലേക്ക് സ്വാതന്ത്ര്യം കിട്ടിപായുന്ന കോഴികളെ നോക്കിനിന്നു.
അമ്മയുടെ കണ്ണുകൾ ഇടയ്‌ക്ക് എന്നിലേക്ക് പായുന്നുണ്ടായിരുന്നു, ആ നിമിഷങ്ങളിലൊക്കെ എന്റെ ശരീരം കത്തിയെരിയുന്നതുപോലെ അനുഭവപെട്ടു.
എന്നിലുള്ള പ്രതീക്ഷകളൊക്കെ അമ്മയ്ക്ക് നഷ്ടമായോ? അതോ സ്വയം സ്വാതന്ത്ര്യം നേടാത്തവൻ മറ്റുള്ളവയ്‌ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടെന്തു കാര്യം എന്ന് ചിന്തിച്ചു കാണുമോ?

മൗനം കനക്കുന്നു.

രവി അകത്തേക്ക് കയറിച്ചെന്നു.

'ചേട്ടാ'

നിശബ്ദമായൊരിടത്തെ കൊതിപ്പിക്കുന്ന ശബ്ദം കാതിലേക്ക് അനുവാദം കൂടാതെ കയറിവന്നു.
ശബ്ദം വന്നിടത്തേക്ക് തിരിഞ്ഞു നോക്കി, അമ്മയുടെ മുടിയിഴകൾക്കും കട്ടില പടികൾക്കും ഇടയിലൂടെയുള്ള വിടവിലൂടെ സൂര്യപ്രകാശം കണ്ണിലേക്കടിച്ചു. അറിയാതെ കണ്ണ് മൂടേണ്ടി വന്നു.
എങ്കിലും മനോഹരമായ ആ ശബ്ദത്തിന്റെ ശരീരത്തിനായി, സുജാതയ്‌ക്കായി മനസ്സും കണ്ണും ഒരുപോലെ തിരഞ്ഞു.

ഇല്ല അവൾക്കിനി അങ്ങനെ വിളിക്കാൻ കഴിയില്ല. ദൽഹി നഗരത്തിലെ ശവ കല്ലറയിൽ ഹൃദയമിടിപ്പിന്റെ ഒച്ചകേൾക്കാതെ അവൾ ഉറങ്ങുകയാണ്.

വസ്തുതകളിലിൽ നിന്നും ഒരുപാടകലെയാണ് ഞാൻ.
ഞാനൊരു പുരുഷനാണ്. ഞാനെന്തിന് വസ്തുതകളിൽ നിന്നും ഒളിച്ചോടണം.
കരയാതെ, കണ്ണുനീർ പൊഴിക്കാതെ വസ്തുതകൾ മനസിലാക്കി, കുടുംബത്തിന്റെ നെടും തൂണാവേണ്ടവൻ, വാക്കുകളുടെ നിയന്ത്രണത്തിൽ സ്ത്രീകളെ നിർത്തേണ്ടവൻ.
എന്നിട്ടും അമ്മയോട് മിണ്ടാൻ വാക്കുകളില്ലാതെ ദാരിദ്ര്യം അനുഭവിക്കുകയാണ്.

ഒരിക്കലെങ്കിലും അവൾ ഇവിടേക്ക് വന്നു കയറാതിരിക്കില്ല എന്നുള്ള വിശ്വാസത്തിൽ ജീവിച്ചിരുന്നതാണ് ഈ വീട്. വെള്ളിയാഴ്ച ശവപ്പെട്ടിയുടെ മുകളിൽ ഒരുപിടി മണ്ണുവാരിയിട്ട് തിരിച്ചെത്തിയത് മുതൽ പ്രതീക്ഷ നശിച്ചിരിക്കുകയാണ്. അവരോടൊക്കെ ഞാൻ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം.

എനിക്കെങ്ങനെ അച്ഛന്റെയും അമ്മയുടെയും മുഖത്തു നോക്കാൻ പറ്റും?

ദൂരത്തേക്ക് പോകണ്ട, ഇവിടെയുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി മതിയെന്ന് അച്ഛൻ നിർബന്ധിച്ചതാണ്.

നാടും നഗരവും കാണട്ടെ, അനുഭവങ്ങൾ നേടിയെടുക്കട്ടെ എന്ന് കരുതിമാത്രമാണ് അവളുടെ വാശിക്ക് മുന്നിൽ അച്ഛനോട് എതിർക്കാൻ ഞാൻ കണ്ട കാരണങ്ങൾ.
ഒരുപാട് അനുഭവങ്ങൾ, വിശ്വസിക്കാൻ കഴിയാത്ത കാഴ്ചകൾ, നഗരത്തിലെ ജീവിത രീതികൾ.
അങ്ങനെ എല്ലാം അവൾ നേടിയെടുത്തു, പഠിച്ചെടുത്തു.
എന്നിട്ടെന്തുണ്ടായി. അവളിന്നു ജീവനോടെയുണ്ടോ?
അവൾ കണ്ട, പഠിച്ച, നേടിയെടുത്ത അനുഭവങ്ങൾ കൊണ്ട് ഇനി അവൾ എന്ത് ചെയ്യും. മണ്ണുകളോട് പോലും ഒന്നും പറയാൻ കഴിയാതെ, വിശ്വസിച്ച ദൈവങ്ങൾക്ക് മുന്നിൽ മനസ്സ് തുറന്നു സംസാരിക്കാൻ കഴിയാതെ പെന്താകോസ് പള്ളിയിലെ ശവക്കല്ലറയിൽ അലിഞ് ഇല്ലാതാവുകയാണ്.
വർത്തമാനത്തിന് മാത്രമാണ് വില.
ഒഴുകുന്ന പുഴപോലെ, വീശുന്ന കാറ്റുപോലെ വർത്തമാനത്തിൽ സന്തോഷമായിരിക്കാൻ ശ്രമിച്ചില്ല എന്നതായിരുന്നു അവൾ ചെയ്ത ബുദ്ധിമോശം.
ഇല്ലാത്ത ഭാവിയുടെ പിറകെ വർത്തമാനം നശിപ്പിച്ചുകൊണ്ട് ശവ കല്ലറയിൽ കിടന്നുറങ്ങുന്നൊരുവൾ ആണല്ലോ എന്റെ സഹോദരി നീ.. സുജാത.
മുറിയിൽ നിന്നും അയാൾ പുറത്തേക്കിറങ്ങി, മുറിയും തന്റെ കൂടെ ഇറങ്ങുന്നത് പോലെ അയാൾക്ക് തോന്നി.

പുറത്തെ ചുവരിൽ തൂക്കിയിട്ട കണ്ണാടിയിൽ മുഖം നോക്കാതെ നിശബ്ദമായ വീട്ടിൽ നിന്നും രവി ഇറങ്ങി നടന്നു.

വെള്ളം കുടിച്ചിട്ട് ഇറങ്ങെടാ എന്ന് പറഞ്ഞു കൊണ്ട് 'അമ്മ മുറ്റത്തേക്ക് വന്നില്ല,
നേരം ഇരുട്ടുന്നതിനുമുന്നെ തിരിച്ചു വരണമെന്ന് അച്ഛൻ കൽപ്പിച്ചില്ല.
രവി പതിയെ നടന്നു. കാറ്റിൽ പാറി പോകുന്ന ജാതി ചപ്പുകളെ പോലെ ബലം പിടിച്ചുകൊണ്ട്.
കാറ്റിന്റെയും മരങ്ങളുടെയും ശബ്ദം മാത്രം.
ഒരു കാടുപോലെ. എവിടെയും മനുഷ്യരില്ല.
കാഴ്ചയില്ലാത്തവനെ പോലെ സ്ഥിരം വഴിയിലൂടെ നടന്നു.
അമ്പലത്തിന്റെ മുന്നിലുള്ള ആൽത്തറയിൽ കിടന്നു. നീണ്ടു വരുന്ന ആൽ മരത്തിന്റെ നീളൻ വേരുകൾ മുകളിൽ തൂങ്ങിയാടുന്നു. രവി കണ്ണുകളടച്ചു. വേരുകൾ താഴേക്കിറങ്ങിവന്നു. കഴുത്തിൽ ചുറ്റിവരിഞ്ഞു.
വാരണാസിയിലെ തീക്കൂനകളിലേക്ക് വലിച്ചെറിഞ്ഞു.


(03 Feb 2017)