സ്വാതന്ത്ര്യം

ആകാശത്തിൽ ചുവപ്പു വീണു.
ആൾത്തിരക്കിനിടയിലും നഗരത്തിൽ ഏഴു നിറങ്ങളും മിന്നി തിളങ്ങുന്നു.
കച്ചവട കേന്ദ്രങ്ങളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ സംഗീതം ചുവന്ന ആകാശത്തിലേക്ക് ഉയർന്നു പൊങ്ങുന്നു.

നീതി പൂർവമല്ലാതെ കഷ്ടിച്ച് നൃത്തം ചെയ്തുകൊണ്ട് ചുംബിച്ചു നടന്നു പോവുന്ന രണ്ടു പുരുഷന്മാർക്കിടയിലൂടെ അവൾ കടയ്ക്കരികിലേക്ക് നടന്നു പോയി സിഗരറ്റിനു തീ കൊളുത്തി. തീയുടെ വെളിച്ചത്തിൽ അവളുടെ ചിരിക്കുന്ന മുഖം പുകകൊണ്ട് മറഞ്ഞു.

ആകാശത്തേക്ക് പുകയൂതിവിട്ടുകൊണ്ട് അവൾ അയാൾക്കരികിലേക്കായി തിരിച്ചു നടന്നു.
കടയിൽ അടുക്കിവെച്ച ഹിന്ദു ദൈവങ്ങളുടെയും ചിരിക്കുന്ന ക്രിസ്തുവിന്റെ പാവകളും, ഹാസ്യ ചിത്രങ്ങളും നഗരത്തിന്റെ സ്വാതന്ത്ര്യത്തെ വിളിച്ചു പറയുന്നു. 

സിന്ധ്യ - (ചാര നിറമുള്ള ശരീരത്തിൽ ചുവന്ന ചുണ്ടുകൾ, തലയ്ക്കു ചുറ്റും ആഭരണം പോലെ ചുറ്റി നിറഞ്ഞൊഴുകുന്ന ചുരുള മുടികൾ. വെളുത്ത കണ്ണുകൾക്ക് ചുറ്റും പരന്നു കിടക്കുന്ന കറുത്ത കണ്മഷികൾ. സന്തോഷത്തിന്റെ മറ്റൊരു രൂപം. സിന്ധ്യ.)


ആർവി : സിദ്ധ്യാ, പലതവണ പറഞ്ഞിട്ടുണ്ട് എന്റെ അടുത്ത് വന്നു വലിക്കരുതെന്ന്.


സിന്ധ്യ : എടാ ഇനി അധിക കാലമൊന്നും വലിക്കാൻ പറ്റില്ലല്ലോ.


(സിഗരറ്റു കുറ്റി അടുത്തുള്ള ആസ്ട്രേയിൽ കുത്തിക്കെടുതികൊണ്ട് സിന്ധ്യ അയാളുടെ ചുണ്ടുകളെ ചുംബിക്കാനെന്നവണ്ണം അടുത്തേക്ക് നീങ്ങി.

അവളുടെ മുഖം തള്ളി മാറ്റി ഇരുന്നിടത്തു നിന്നും എഴുനേറ്റു ആർവി മറുപടി പറഞ്ഞു.)

ആർവി : അല്ലെങ്കിലും വലിക്കുന്നവർ അധിക കാലമൊന്നും പോവില്ല.


(സംസാരിച്ചുകൊണ്ട് സ്‌മോക്കിങ് സോണിൽ നിന്നും ആർവി എഴുന്നേൽക്കുന്നു.

നിറങ്ങൾ മിന്നിമറയുന്ന വഴിയിലൂടെ ആർവി നടന്നു, ആർവിയുടെ കൂടെയെന്നോളം സിന്ധ്യയും.)

ആഘോഷങ്ങളുടെ നഗരം. സ്വാതന്ത്ര്യത്തിന്റെ നഗരം. സംഗീതവും നിറങ്ങളും ചുവന്ന നഗരത്തിൽ പന്തലിച്ചു.

കുട്ടികൾ ചിരിച്ചുകൊണ്ട് പാട്ടു പാടുന്നു. വൃദ്ധരായ ജോഡികൾ ചിരി മുഴക്കുന്നു.

സിന്ധ്യ : ആർവി, നമുക്കതു ഒന്നുകൂടെ ചിന്തിക്കണം.


ആർവി : സിദ്ധ്യാ ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്, മെന്റലി പ്രിപ്പേഡ്‌ അല്ലെങ്കിൽ നീ പ്രെഗ്നൻസിയെപ്പറ്റി ചിന്തിക്കരുതെന്ന്.


(ആർവിയുടെ മുഖത്ത് ചിരിച്ചുകൊണ്ടുള്ള ദേഷ്യം കടന്നുവരുന്നു. സിന്ധ്യ മറുപടിയൊന്നും പറയാതെ ആർവിയെ നോക്കി മുഖം കൊണ്ട് ഗോഷ്ടികൾ കാട്ടി ചിരിക്കുന്നു. അൽപ്പ സമയത്തിന് ശേഷം ആർവി സംഭാഷണം തുടരുന്നു.)


ആർവി : കുറച്ചു കാലം കൂടെ ഇങ്ങനെയൊക്കെ പോട്ടെന്നേ. ഇവിടെ വേനല് വീഴുമ്പോൾ നമുക്ക് ഗുൽമോർഗിലേക്ക് പോവാം. കുറച്ചു മാസം ഫ്രീ ആയി ഇതേ പോലെ പറക്കാം.


സംഗീതത്തിന്റെ ശബ്ദം കൂടി വരുന്നു.

നടന്നു പോകുന്ന വാർദ്ധക്യവും, യൗവനവും ഒരുപോലെ തന്റെ ശരീരം കൊണ്ട് ചുവടുകൾ വയ്ക്കുന്നു.


സിന്ധ്യയും പതിയെ നടന്നുകൊണ്ടു ചുവടുകൾ വയ്ക്കുന്നു.

ഓപ്പൺ ബാറിന്റെ മുന്നിൽ നൃത്തം ചെയുന്ന വലിയൊരു കൂട്ടത്തിനു മുന്നിലേക്കവർ എത്തിച്ചേരുന്നു. സംഗീതത്തിന്റെ ചുവടുപിടിച് സിന്ധ്യ ആൾക്കൂട്ടത്തിനിടയിലേക്ക് ചുവടുകൾ വച്ചുകൊണ്ട് ഇറങ്ങി ചെല്ലുന്നു.


സിന്ധ്യ ആർവിയെ നൃത്തം ചെയ്യാൻ എന്നോളം വലിക്കുന്നു, അൽപ്പ നേരം നൃത്തം ചെയ്തുകൊണ്ട് തനിക്കു മുന്നിലുള്ള ഓപ്പൺ ബാറിന്റെ ഡെസ്കിൽ നിന്നും ആർവി ഒരു പെഗ് മദ്യം നിറച്ച ഗ്ലാസ് കൈലേക്കെടുത്തുകൊണ്ട് സിന്ധ്യയുടെ കൂടെ വീണ്ടും നൃത്ത ചുവടുകൾ വയ്ക്കാൻ നീങ്ങുന്നു.

സിന്ധ്യയ്‌ക്ക്‌ നേരെ മദ്യം നീട്ടുന്നു, സന്തോഷത്തോടെ അവൾ നിരസിക്കുന്നു.

സംഗീതത്തിന്റെ ആവേശം കൂടി വരുന്നു.


ആർവി : വൺ മോർ ലാർജ് പ്ലീസ്.


(ആർവി നൃത്തം ചെയ്തു കൊണ്ട് വീണ്ടും ഓപ്പൺ ബാർ കൗണ്ടറിലേക്ക് ചെന്നു.)


ബാർ ബോയ് : ഇപ്പോൾ തരാം.


(ചിരിച്ചുകൊണ്ട്)


നിറങ്ങൾ നൃത്ത ചുവടുകൾ വയ്ക്കുന്ന കാലുകൾക്കുള്ളിലൂടെ തട്ടി മറയുന്നു.

നൃത്ത പെയ്ത്തിൽ നിന്നും ഒരാൾ വന്ന് ആർവിയുടെ പേര് ഉറക്കെ വിളിച്ചുകൊണ്ട് ആർവിയെ കെട്ടിപ്പിടിക്കുന്നു.

അപരിചിതൻ : സിന്ധ്യയെവിടെ.


ബാർ ബോയ് ആർവിയുടെ നേർക്ക് മദ്യമൊഴിച്ച ഗ്ളാസ് നീട്ടി, അയാൾ ഗ്ലാസ് കൈലേക്ക് വാങ്ങിക്കൊണ്ട് സിന്ധ്യയെ ചൂണ്ടി കാണിച്ചു.

രണ്ടുപേരും സിന്ധ്യയുടെ അടുത്തേക്കായി നീങ്ങുന്നു.

(സിന്ധ്യ - അയാളുടെ പേര് ഉറക്കെ വിളിച്ചു കെട്ടിപ്പിടിച്ചുകൊണ്ട് അയാളോടായി ചോദിക്കുന്നു.)


സിന്ധ്യ : ഇപ്പഴും ഒറ്റയ്ക്കാണോ?


(അയാൾ ചിരിക്കുന്നു.)


സിന്ധ്യ : ഒരു മാറ്റവും ഇല്ല.


ആർവി : ഇതൊക്കെ റെയർ പീസാണ്. ചിന്തകൾ മാറുമ്പോൾ ജീവിത രീതിയും മാറും. അല്ലെ മുരളി.


മുരളി : ആരും ഒറ്റയ്ക്കല്ലാത്ത ഈ കാലത്തു, ഒറ്റയ്ക്ക് നടക്കാനാണ് സുഖം.

പിന്നെയിതൊരു സ്വപ്‌നമല്ലേ, ബൗണ്ടറിക്ക് പുറത്തിറങ്ങിയാൽ മറ്റൊരു ലോകം നീ കാണും.

അയാൾ ചിരിക്കുന്നു. സംഗീതത്തിന്റെ ശബ്ദം ഉയർന്നു പൊങ്ങുന്നു. അൽപ്പനേരം നൃത്തം ചെയ്തു കൊണ്ട് മറ്റൊരു പരിചയക്കാരന്റെ അടുത്തേക്ക് മുരളി നീങ്ങുന്നു. സിന്ധ്യയും ആർവിയും നൃത്ത ചുവടുകളിൽ മതി മറക്കുന്നു.

സംഗീതത്തിന്റെ ശബ്ദം പതിയെ താഴുന്നു.

സിന്ധ്യ വീണ്ടും ഒരു സിഗരറ്റിനു തീ കൊളുത്തി. ആർവി തന്റെ ദേഷ്യം മുഖം കൊണ്ട് പ്രകടിപ്പിക്കുന്നു.

ആർവിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കാൻ എന്നോളം സിന്ധ്യ ചുംബിക്കാനായടുത്തു.

ആർവി പുറകോട്ടേക്കായി നീങ്ങി.

നിറങ്ങൾ കൊണ്ട് സ്വാതന്ത്ര്യം ആഘോഷിക്കുന്ന ലോകത്തു നിന്നും ഇരുട്ടിന്റെ ലോകത്തേക്ക് പതിയെ ആർവിയും സിന്ധ്യയും കടന്നു ചെല്ലുന്നു. ഇരുണ്ട ഖല്ലികൾ!

ഇരുട്ടിൽ ആർവിയുടെ മുഖത്തേക്ക് വെളിച്ചം വീണു, വെളിച്ചം സിന്ധ്യയുടെ മുഖത്തേക്ക് കൂടി നീങ്ങുന്നു.


ആർവി : കമോൺ സിന്ധ്യ, ക്രോസ്സ് ദിസ് ബൗണ്ടറി.


അങ്ങിങ്ങായി വെളിച്ചം വീണ ഇരുണ്ട ഖല്ലിയിലേക്ക് ആർവി നടന്നു നീങ്ങുന്നു.

ചിരിച്ചുകൊണ്ട് സിന്ധ്യയും അയാൾക്ക് പിന്നാലെയായി നടക്കുന്നു. വെളിച്ചം വീഴുന്ന ഒരു കോണിൽ വൃദ്ധയായ ഒരു സ്ത്രീ ആർവിയെയും സിന്ധ്യയെയും തുറിച്ചു നോക്കുന്നു. പതിയെ സ്ത്രീയുടെ മുഖത്ത് ചിരി വിടരുന്നു.

പച്ചയും കാവിയും മാത്രം മിന്നിമറയുന്നു. കണ്ണുകൾ തുറിച്ചുകൊണ്ട് മാത്രം മനുഷ്യരെ നോക്കുന്നവർ വെളിച്ചത്തിൽ മിന്നിമറഞ്ഞുകൊണ്ടേയിരിക്കുന്നു. അവിടെ സംഗീതമോ ആഘോഷത്തിന്റെ നിറങ്ങളോ ഇല്ല. എല്ലാം അവനവനു മാത്രം പതിക്കപ്പെട്ട നിറങ്ങൾ മാത്രം.


(ശരീരത്തിൽ ചോരപ്പാടുകളോട് കൂടി ഇരുണ്ട നഗരത്തിൽ നിന്നും ഇറങ്ങിവരുന്ന ഒരാൾ ആർവിയോടായി പറയുന്നു. അയാൾ ഇരുട്ടിലേക്ക് ഓടിയൊളിക്കുന്നു.)


അപരിചിതൻ : മാൻ, ഡോണ്ട് ഗോ ടുഗെതെർ, ദേ ഡോണ്ട് ലൈക് പീപ്പിൾസ്. ദേ ബിലീവിങ് സംതിങ് എൽസ്.


ഭീതിയോടെ സിന്ധ്യയുടെ കണ്ണുകൾ ഖല്ലികൾക്കു ചുറ്റും ഗതിമാറി നീങ്ങിക്കൊണ്ടേയിരുന്നു.

വിശ്വാസങ്ങളുടെ ബലിപീഠങ്ങൾ അവിടെയിവിടെയായി സിന്ധ്യ മനസ്സിലാവാതെ കണ്ടു നിന്നു.

ഖല്ലിയിലെ ഒരു മുറിയിൽ നിന്നും ജനാലയിലൂടെ കറുത്ത പർദ്ദ ധരിച്ച സ്ത്രീ സിന്ധ്യയെ കണ്ടിട്ടെന്നോളം പർദ്ദയുടെ മുഖം തുറന്നു വച്ചുകൊണ്ട് മുഖത്ത് ചിരി വിടർത്തുന്നു.


നീളൻ രൂപത്തോടു കൂടി ഒരു ഭീകര ജീവിയായ മനുഷ്യൻ പുറത്തേക്കിറങ്ങി വരുന്നു. പർദ്ദ ധരിച്ച സ്ത്രീയെ ഭയാനകമായ രീതിയിൽ തുറിച്ചു നോക്കുന്നു. പർദ്ദകൊണ്ട് മുഖം മറച്ചു സ്ത്രീ ഇരുട്ടിലേക്ക് മറയുന്നു.


നിശബ്ദത നിറഞ്ഞ ഇരുട്ടിൽ പൊടുന്നനെ ആൾക്കൂട്ടത്തിന്റെ ഒച്ചപ്പാടുകൾ ഉയരുന്നു.

കൂട്ടം കൂടി നിൽക്കുന്ന ആൾക്കൂട്ടത്തിനു നടുവിൽ പേടിച്ചു വിറച്ചു നിൽക്കുന്ന മുരളിയും മറ്റൊരു സ്ത്രീയും. 

സിന്ധ്യ : ആർവി, ആർവി.. !


(സിന്ധ്യ പേടിയോടു കൂടി ആർവിയുടെ പേര് ആവർത്തിച്ചു വിളിക്കുന്നു.) 


പേടിച്ചുകൊണ്ട് സിന്ധ്യ ആർവിക്കരികിലേക്കായി ഓടുന്നു.


നിർവികാരികതയോടെ മുഖത്ത് ചോരപ്പാടുകളോടുകൂടി പെൺകുട്ടി ആർവിയെ നോക്കുന്നു. 


ജനാലയിലൂടെ കാണുന്ന രംഗങ്ങൾ കണ്ടു തരിച്ചു നിൽക്കുന്ന ആർവി; പേടിച്ചു വിറച്ചു തന്റെ കൈ ചേർത്ത് പിടിച്ച സിന്ധ്യയെ ശ്രദ്ധിച്ചില്ല.


ആർവിയുടെ ശ്രദ്ധ പോകുന്നിടതെന്നോളം സിന്ധ്യ ചെറുതായി മാറി ആർവിയിൽ നിന്നും അകലാതെ തുറന്നു വച്ച വാതിലിലൂടെ അകത്തേക്ക് നോക്കി.


എരിയുന്ന സിഗരറ്റ് ചുണ്ടിൽ പുകച്ചുകൊണ്ട് ഒരാൾ അഴിച്ചിട്ട വസ്ത്രങ്ങൾ കൈലേന്തി പുറത്തേക്ക് ഇറങ്ങാൻ തുനിയുന്നു.


(സിന്ധ്യ ആർവിയെ പിടിച്ചുവലിച്ചുകൊണ്ട് ഓടാൻ ശ്രമിച്ചു.)



ക്ഷേത്രത്തിനു മുന്നിൽ ഒരാൾ വിസർജിക്കാനിരിക്കുന്നു. തൊട്ടടുത്ത് നിന്നുകൊണ്ട്  ചിലർ ഭക്ഷണം കഴിക്കുന്നു.

സിന്ധ്യ : വാ ആർവി നമുക്ക് പോകാം.


ആർവിയെ വലിച്ചുകൊണ്ട് വിറയലോടെ സിന്ധ്യ വേഗത്തിൽ ഖല്ലികൾക്കു പുറത്തേക്ക് കടക്കുവാൻ എന്നോളം നടന്നു. അന്പല മണികൾ പിന്നിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.


പെൺകുട്ടിയുടെ മുഖത്ത് നിന്നും ആർവിയുടെ കണ്ണുകൾ തെന്നിയില്ല.


ആർവി : അവർക്ക് ശബ്ദമില്ല സിന്ധ്യ.


ക്ഷേത്രത്തിനു മുന്നിൽ വിസർജിക്കാനിരുന്നയാളെ മാന്യമായ വസ്ത്രം ധരിച്ചൊരാൾ കൈയിലുള്ള പേനകൊണ്ട്  ചൂണ്ടി സംസാരിക്കുന്നു.


മുറിയിലുണ്ടായിരുന്ന അഴിച്ചിട്ട വസ്ത്രം ധരിച്ച പുരുഷനും, മുരളിക്ക് ചുറ്റും കൂടിയിരുന്നവരും അയാളെ മർദ്ധിക്കാനായി അടുക്കുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ബാല്യങ്ങൾ എഴുനേറ്റു നിൽക്കുന്നു. മുരളിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും സിന്ധ്യയും ഖല്ലിയിൽ നിന്നും വെളിച്ചത്തിലേക്ക് ഓടാൻ ശ്രമിക്കുന്നു.


അക്രമത്തെ തടുക്കാൻ ആർവിയും മുരളിയും ശ്രമിക്കുന്നു.

ആർവിയെ നിർബന്ധപൂർവ്വം സിന്ധ്യ വലിച്ചുകൊണ്ട് ഖല്ലിക്കുപുറത്തുകാണുന്ന വെളിച്ചത്തിലേക്ക് ഓടുന്നു. 

കറുത്ത ഓവ് ചാലിലേക്ക് മുരളി വീഴുന്നു.

ചോദ്യം ചെയ്തയാളുടെ പേന മുരളിയുടെ തലയ്ക്കടുത്തായി ഓവ് ചാലിലേക്ക് വീഴുന്നു. കറുത്ത വെള്ളം വെളിച്ചത്തിനു നേരെ തെറിക്കുന്നു.
അന്പല മണികൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

പേടിച്ചുകൊണ്ട് സിന്ധ്യയും ആർവിയും മുരളിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയും മങ്ങിയ വെളിച്ചത്തിൽ ഓടുന്നു.

നിറങ്ങൾ നിറഞ്ഞ സ്വാതന്ത്ര്യത്തിന്റെ ലോകത്ത്‌ അവർ കിതപ്പോടെ ചിരിച്ചുകൊണ്ട് ഓടി നിൽക്കുന്നു.
ഓവ് ചാലുകൾ ചുവക്കുകയും, അന്പല മണികൾ മുഴങ്ങുകയും ചെയുമ്പോൾ,
നിറങ്ങളുടെ ലോകത്ത്‌ മഴവില്ലിനെ കുറിച്ചുള്ള സംഗീതം ഉയർന്നു പൊങ്ങുന്നു.

കാമുകി

24 മേടം1193
ദില്ലി


പ്രിയപ്പെട്ട കാമുകി,


നിന്നെ കണ്ടുകൊണ്ട് ഉറങ്ങുകയും ഉണരുകയും ചെയുന്ന ഈ ക്ഷണത്തിൽ എനിക്ക് നിന്നെ അഗാധമായി പ്രണയിക്കാൻ കഴിയുന്നു.

പരസ്പരം സമർപ്പിക്കാതെ, വാക്കുകൾ കൊണ്ടുപോലും ചങ്ങലകൾ ആഗ്രഹിക്കാത്ത ഒരു കാമുകിയായി നീ ദൂരെ നിൽക്കുമ്പോഴും എനിക്ക് നിന്നെ എന്റെ ആത്മാവിനെക്കാളും പ്രണയിക്കാൻ കഴിയുന്നു.

സ്വപ്നങ്ങളുടെ വേവലാതികളിൽ ക്ഷയിച്ച രാത്രികളിലും നിന്റെ ശബ്ദവും മോഹിപ്പിക്കുന്ന നിന്റെ ഓരോ നോട്ടവും എന്നെ പ്രണയത്തിന്റെ നിഗൂഢമായൊരു ലോകത്തേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

എന്റെ ചുംബനങ്ങൾ മരവിച്ചു തുടങ്ങുന്ന വേളകളിൽ പ്രതീക്ഷകളില്ലാതെ നീയെന്നെ മുത്തമിടുമ്പോൾ  വരണ്ട ചുണ്ടുകളിൽ നനവുകൾ പകരുന്നു, ശരീരം തണുക്കുന്നു.
നിസ്സാരവും ക്ഷണികവുമായ സുഖത്തേക്കാൾ കൂടുതലായി ഉന്നതവും ഉത്കടവുമായ പ്രണയം എനിക്കാസ്വദിക്കാൻ കഴിയുന്നു.

ഓരോ രാത്രികളിലും ഓരോ ആത്മാക്കളെ സൃഷ്ടിക്കുന്ന യൗവ്വനത്തിലെ എന്റെ ഹൃദയത്തെ കുറിച്ച്  ഞാൻ ജനിക്കുന്നതിനു മുന്നേ ബോർഹേസ് ഇങ്ങനെയെഴുതി,


എന്റെ ഹൃദയമിരിക്കുന്നത്

ആർത്തി പിടിച്ച തെരുവുകളിലല്ല,
കാര്യമായിട്ടൊന്നും നടക്കാത്ത ഇടത്തെരുവുകളിൽ,
കണ്ടുകണ്ട് ഉണ്ടെന്നറിയാതായിപ്പോയവയിൽ,
അസ്തമയത്തിന്റെ പാതിവെളിച്ചത്തിൽ
നിത്യത ചാർത്തിക്കിട്ടിയവയിൽ;
പിന്നെ, അവയ്ക്കുമപ്പുറം,
ആശ്വസിപ്പിക്കാനൊരു മരമില്ലാത്ത,
മരണമില്ലാത്ത ദൂരങ്ങളിൽ മുങ്ങിപ്പോയ,
ആകാശത്തിന്റെയും സമതലത്തിന്റെയും വൈപുല്യത്തിൽ
സ്വയം നഷ്ടമായ തെരുവുകളിലും.
ഏകാകിയായ ഒരാൾക്കവ ഒരു പ്രതീക്ഷയാണ്‌;
ഒറ്റയൊറ്റയായ ആത്മാക്കൾ ആയിരക്കണക്കാണല്ലോ,
അവയിലധിവസിക്കുന്നത്,
തെരുവുകൾ ചുരുൾ നിവരുന്നു-
അവയും എന്റെ ദേശം തന്നെ.
ഞാൻ വരച്ചിടുന്ന ഈ വരികളിൽ
അവയുടെ പതാകകൾ പാറട്ടെ.

സ്വപ്‌നങ്ങൾ കാണുന്നൊരാളുടെ മാനസിക സംഘർഷങ്ങൾ എനിക്കെന്റെ കാമുകിയോട് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാതെ വരുന്നു, കൂടെ വന്നുപോയവർക്ക് അത് വിവരിച്ചുകൊടുക്കാൻ എനിക്ക് വാക്കുകൾ തികയാതെ വന്ന രാത്രികളിൽ ഞാൻ എന്നോട് തന്നെ കലഹിച്ചു; കരഞ്ഞു തീർത്തു.


ഏകാകിയായ ഒരാൾക്ക് പ്രണയം അത്രയേറെ പ്രതീക്ഷയാണ്; എങ്കിൽ കൂടിയും പ്രതീക്ഷകളില്ലാതെ എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നു.

സ്വപ്നങ്ങളുടെ ചങ്ങലകളിൽ കുടുങ്ങിപ്പോയ മനുഷ്യന് പ്രണയം നിരാശയുടെ മേൽ തീർത്ത സന്തോഷത്തിന്റെ കവചമാണ്. നിമിഷങ്ങളെ തരം തിരിക്കാൻ കഴിയാത്തവണ്ണം നീ എന്നിൽ സംഗമിച്ചു പോയത് ഞാനറിയുന്നു. സംഗമത്തിൽ ഒന്നിച്ചു ചേർന്ന നദികളെ പോലെ എനിക്കിന്ന് നിന്നോടൊത്തു ഒഴുകാൻ കഴിയുന്നു എന്നത് എനിക്കുപോലും വിശ്വസിക്കാൻ കഴിയാത്ത വണ്ണം സത്യമായിരിക്കുന്നു.

ആത്മപൂജയിൽ മുഴുകിയ വ്യക്തികളെ കണ്ടിട്ടുണ്ടോ എന്റെ കാമുകി?

അവർ അന്ധനും ബധിരനുമാണ്.
സ്വാർത്ഥതയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കി കാണുകയും, തനിക്കപ്പുറം മറ്റൊരു ലോകത്തിന്റെ നിലനിൽപ്പ് അംഗീകരിക്കാൻ മടിക്കുകയും ചെയ്യുന്നവർ. അവർക്കൊരിക്കലും ബധിരനു സംഗീതവും, അന്ധന് പ്രകൃതി സൗന്ദര്യവും ആസ്വദിക്കാൻ കഴിയാത്തതുപോലെയുള്ള ഈ വസ്തുത ബോധ്യമാവുകയില്ല. കുറ്റപ്പെടുത്തലുകളും അഭിനയവും കൊണ്ടവർ അരങ്ങിൽ തകർത്താടും.
വസ്തുതകളെ വളച്ചൊടിച്ചുകൊണ്ട് നമ്മുടെ മുന്നിൽ ഉത്തരങ്ങൾ ചോദ്യങ്ങളാക്കി എന്നും നിരാശപെടുത്തികൊണ്ടിരിക്കും.

അവിടെയാണ് കാമുകീ നീ എന്നെ അത്ഭുധപെടുത്തിയിരിക്കുന്നത്.

ശബ്ദത്തിനപ്പുറത്തേക്ക് നിന്നെ ഞാൻ പ്രണയിച്ചു പോയത്. എന്നിലെ നിരാശയും ദേഷ്യവും വാക്കുകളുടെ വികാരങ്ങളിൽ നിനക്ക് തളച്ചിടാൻ കഴിയുന്നു എന്ന് ഞാനറിയുന്നത്.
ആത്മപൂജയ്ക്കപ്പുറത്തേക്ക് ഒരു സ്ത്രീക്ക് ചിന്തിക്കാൻ കഴിയുന്നു എന്ന സത്യം എനിക്ക് ബോധ്യപ്പെടുന്നത്. നീയെന്നെ കേൾക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നത്.

ഓരോ രാത്രികളും നിന്നെകണ്ടുറങ്ങുമ്പോൾ വാർദ്ധക്യത്തെ പറ്റിയുള്ള ചിന്തകൾ എന്നിലേക്ക് കടന്നുവരുന്നു. വാർധക്യത്തിൽ വാടിപോകുന്ന മനുഷ്യന്റെ ശരീരത്തെ ഞാൻ സ്വപ്നം കാണുന്നു.

നാം അകന്നു കഴിയുന്നതിന്റെ യാഥാർഥ്യത്തെ കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി പറ്റാതാവുന്നു.
ഓരോ നിമിഷവും ഈ നഗരം വിട്ടോടിവരാൻ വെമ്പുന്നു.

സംഗമിക്കുന്ന രണ്ടു നദികൾ പോലെ സ്വന്തമാക്കുക എന്ന നിർബന്ധ ബുദ്ധിയില്ലാതെ ഞാൻ നിന്നോടൊത്തൊഴുകികൊണ്ടിരിക്കുന്നു.

ഭാരമോ, ഏകാന്തതയെ ഒന്നും തന്നെയില്ലാതെ. വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കാതെ.
മടുക്കുന്ന ആവർത്തിക്കപ്പെടുന്ന വാക്കുകളോ ചുംബനങ്ങളോ ഇല്ലാതെ ഒരു കാമുകനായി എനിക്ക് നിന്റെ മുന്നിൽ നിൽക്കാൻ കഴിയുന്നു.
ഭോഗങ്ങളുടെ ആഗ്രഹങ്ങളിൽ കുടുങ്ങികിടക്കാതെ എനിക്ക് നിന്നെ പ്രണയിക്കാൻ കഴിയുന്നു.

ഈ ലോകത്തോട് എനിക്ക് ഉറക്കെ വിളിച്ചു പറയാൻ തോന്നുന്നു;

'എത്രകാലം എന്നറിയില്ലെങ്കിലും ഞാനിപ്പോൾ എന്റെ കാമുകനെ പ്രണയിക്കുന്നുവെന്ന്' പറഞ്ഞുകൊണ്ട് എന്നെയൊരാൾ പ്രണയിക്കുന്നുവെന്ന്.
സ്വന്തമാക്കുക എന്ന അതിർവരമ്പിനെ ചോദ്യം ചെയ്യാൻ ധൈര്യമുള്ളൊരു സ്ത്രീയുടെ കാമുകനായിരിക്കുന്നുവെന്ന്.
ഞാനെന്റെ കാമുകിയുടെ കാമുകനായിരിക്കുന്നുവെന്ന്.
ഞാനെന്റെ കാമുകിയെ പ്രതീക്ഷകളുടെ വരമ്പുകളില്ലാതെ പ്രണയിക്കുന്നുവെന്ന്.

എന്ന്,

നിന്റെ കാമുകൻ.

ആകാശത്തിലെ അലകൾ

ഇരുട്ടൊരു സ്വപ്നമാണ്.
സ്വപ്നങ്ങളിൽ നിന്നും ഉറക്കം വരാത്ത ഈ രാത്രിയിൽ പുറത്തേക്കിറങ്ങി.
ഇരുട്ടിലും അലകളടിക്കുന്ന സമുദ്രത്തെ പോലെ അവൾ ആകാശത്തിൽ നക്ഷത്രങ്ങൾക്കിടയിലൂടെ ഒഴുകുന്നു. ആകാശത്തു ആകാശമല്ലായിരുന്നു. അതിലും മനോഹരമായി ഒഴുകുന്നൊരു സമുദ്രമായിരുന്നു.

അന്ധമഹാസമുദ്രത്തിലെ അടിയൊഴുക്ക് പോലാണ് പ്രണയമെന്നു തോന്നിയിട്ടുണ്ടോ?

പരാക്രമത്തിനു വേണ്ടി ജനിക്കുന്ന മനുഷ്യന്റെ തോന്നലുകളായി ഒടുങ്ങും വരെ തെറ്റിദ്ധരിക്കപ്പെട്ടേക്കാവുന്ന മനസ്സിന്റെ കൗശലമാണത്.

ശരീരത്തിൽ നിന്നും വ്യത്യസ്തമായി ഒരു ഞാൻ ഉണ്ടെന്നു തോന്നുന്ന നിമിഷം, മരുഭൂയിലൂടെ നടന്നു നീങ്ങുന്ന പഥികന്റെ ചുണ്ടുകളെന്നപോൽ തന്റെ ചുണ്ടുകൾ പോലും ദാഹിക്കുന്ന ഈ നിമിഷങ്ങളിൽ, ഒന്നിനെക്കുറിച്ചും ഓർക്കാതിരുന്നിട്ടുകൂടി ഉറക്കം നഷ്ടപെടുന്ന വേളയിൽ,

അറിയാത്ത ഉത്കണ്ഠയിൽ, സ്വയം മറന്നുപോകുന്ന ഈ നൈമിഷികങ്ങളിൽ എന്റെ കാതിൽ അവളുടെ ശബ്ദമുയരുന്നു. അലകൾ ആവർത്തിക്കുന്നു.
മരണം വാപിളർന്നു നിൽക്കുന്നിടത്തൊക്കെ വീണുപോയ നിമിഷങ്ങൾ ഓർത്തുകൊണ്ട് കരയാൻ കണ്ണുകളടയ്ക്കുന്ന നിമിഷം, ഞാൻ അവളിലെ നനവറിയുന്നു.

ആകാശത്തിൽ അലകളിടുന്ന സമുദ്രത്തിൽ നിന്നും അലിഞ്ഞു ചേർന്ന ശാന്തമായ പുഴപോലെ അരികുപറ്റിക്കൊണ്ടവൾ എന്നിലൂടെ ഒഴുകി നടക്കുന്നത് പോലെ തോന്നുന്നു.

ഓരായം നിന്ന സമുദ്രത്തിൽ നിന്നും അകന്നുമാറിയൊഴുകുന്ന നദിയെന്നപോൽ ശാന്തമാണ് പ്രണയം. നദിക്ക് അരികുപറ്റുന്ന ഇരു കരകളെന്നപോലെ ഒരു പ്രണയത്തിന്റെ ദൂരം മാത്രമാണ് നമുക്കിടയിൽ.

ലോകം ഉറങ്ങുമ്പോഴും,

ഞാനെന്റെ മനസ്സിനെ ജയിക്കുന്നു.
ലോകത്തെ ജയിക്കുന്നതു പോലെ എളുപ്പമായിരുന്നില്ല മനസ്സിനെ ജയിക്കുന്നതെന്നു മനസ്സിലാക്കുന്നു.

ഏപ്രിൽ 08

ഒരു രാത്രിയും പ്രഭാതവും നക്ഷത്രങ്ങളെ നോക്കി ഇങ്ങനെ ഈ ഇരുട്ടിൽ കിടക്കുമ്പോൾ എനിക്കെന്നോട് തന്നെ അറപ്പ് തോന്നുന്നു.

ഞാനെന്തൊരു മുരടനാണ്.
വർത്തമാനം പറയാൻ ആളില്ലാത്തൊരു മനുഷ്യൻ.
പ്രണയിക്കാൻ അറിയാത്തവൻ. സ്നേഹമില്ലാത്തവൻ. പ്രതിബദ്ധതയോ ബഹുമാനാവോ ഇല്ലാത്തവൻ.
പ്രിയപ്പെട്ടവരിൽ നിന്നും ഏറ്റുവാങ്ങിയ മനോഹരമായ അലങ്കാരങ്ങൾ എനിക്കിന്ന് നൽകുന്നത് ഉറക്കമില്ലാത്ത ഇങ്ങനെ കുറേ നക്ഷത്രങ്ങളെയാണ്.

സ്വപ്‌നങ്ങൾ കാണാൻ മാത്രം, നഷ്ടപ്പെടാതെ നെഞ്ചോട് ചേർത്തുവച്ച സ്വപ്നങ്ങളെയോർത്തു വീണ്ടും വീണ്ടും കരയാൻ മാത്രം എന്തൊരു വിഡ്ഢിയാണ് ഞാൻ.

ആ വേദനയിൽ, ആ സന്തോഷത്തിൽ,
യുഗങ്ങൾ മറയുമ്പോൾ സ്വയം കൃത്യമായ സങ്കൽപ്പങ്ങളിൽ അക്ഷരങ്ങൾ വാക്കുകളിൽ ഇണ ചേരുകയും, അതേ വാക്കുകൾ എന്നെ തിരസ്കരിക്കുകയും ചെയുന്നു.
ഞാൻ ഇരുട്ടിലിരുന്നു പകരം വീട്ടുന്നു. സ്മാരകങ്ങൾ ഇവിടെ ഉയരുന്നു.

അല്ലെങ്കിലും, മരിച്ചു തീരാൻ ഒരാൾക്കെത്രകാലം വേണം.

അബിദാമ്മ

എന്നെ നോക്കു,
അസ്വസ്ഥതകൾ കൊണ്ട് ക്രോധം കൊണ്ട് ആവേശവും അത്ഭുതവും കൊണ്ട് നാട്യവും വിവേകവും കൊണ്ട് ഒഴുകിനടക്കുന്നവനെ നോക്കു. എന്ത് വൃത്തികെട്ടവനാണ്.

നീതിബോധമുള്ള എന്റെ മനസ്സിന്റെ കോണിലേക്ക് നിങ്ങൾ നോക്കു,
വിശ്വാസവും, അന്തസ്സും, ശാന്തതയും സ്ഥിരതയും നിങ്ങൾക്ക് കാണുന്നില്ലേ?
ഉത്സാഹവും, അയവുള്ളതും, സത്യസന്ധതയും ബോധത്തോടുകൂടി രൂപപ്പെട്ടുവരുന്ന മനുഷ്യന്റെ ഹൃദയം നിങ്ങൾക്ക് കാണുന്നില്ലേ?

പക്ഷെ എനിക്ക് എന്നെ കാണാൻ കഴിയുന്നില്ല,
ക്രോധം കൊണ്ട് കാട്ടി കൂട്ടിയ പലതും ഇന്നെനിക്ക് ഓർമയില്ല. പകരം ഞാൻ കേൾക്കുന്നത് അമ്മയുടെ കരച്ചിലാണ്. നിസ്സഹായനായി നിൽക്കുന്ന അച്ഛന്റെ മുഖമാണ്.
എത്രപേർ നമുക്ക് ചുറ്റും കിളികളെ പോലെ ഉയർന്നെഴുനേറ്റു പറക്കുന്നു, സ്നേഹം കൊണ്ട് സ്വയം വേദനിക്കുന്നു.
അപ്പോഴും പാമ്പുകളെ പോലെ ഇഴഞ്ഞു വന്ന് കഴുത്തിൽ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിക്കുന്ന വഞ്ചനകളെ അങ്ങേ അറ്റം നമ്മൾ വിശ്വസിക്കുന്നില്ലേ.
വീണുപോവുമ്പോൾ ക്രോധം കൊണ്ട്, സ്നേഹിക്കുന്നവരെ പോലും വേദനിപ്പിക്കാറില്ലേ.

ചില മരണങ്ങൾ, ചില ഒച്ചപ്പാടുകൾ, ചില പ്രതീക്ഷകൾ.
ഋതു ഭേദങ്ങളുള്ള മനോഹരമായ മനസ്സിന്റകത്തേക്ക് യാത്ര പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ?
തിരിച്ചു നടക്കാനും, തെറ്റിയ വഴികളിൽ വീണുപോയ വികാരങ്ങളെ, മാനസിക സംഘർഷങ്ങളെ, നോക്കി കാണാൻ കൊതിച്ചിട്ടുണ്ടോ?
കിളികളുടെ, അരുവിയുടെ, പൂങ്കുലകളുടെ ചുറു ചുറുക്കിന്റെ ഒച്ചപ്പാടുകളുള്ള ശാന്തവും മനോഹരവുമായ മനസ്സിലേക്ക്, അശാന്തിയും പേമാരിയും പേടിപ്പിക്കുന്ന മനസ്സിന്റെ ചുടുകാടുകളിലേക്ക് ഒരിക്കലെങ്കിലും എത്തിനോക്കിയിട്ടുണ്ടോ?
എത്ര മനോഹരമാണത്.

ഒറ്റപ്പെട്ടുപോയ അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയെ ഞാൻ പ്രണയിക്കുന്നത് നിങ്ങൾ അറിഞ്ഞിട്ടുണ്ടോ.
അവരുടെ കൈ കുഞ്ഞുങ്ങളെ, പിന്നിലുള്ള അവരുടെ ജീവിതത്തെ മറന്നുകൊണ്ട് അവർ എന്നെ തിരിച്ചു പ്രണയിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഭയവും, ആകാംഷയും കൊണ്ട് അവർ സ്തംഭിച്ചു നിന്നപ്പോൾ ഞാൻ ചിന്തിച്ചിരുന്നു ഏകാഗ്രതയെയും, ജാഗ്രതയെയും, ആസക്തികൾ കീഴടക്കുന്നത് എത്രപെട്ടെന്നാണ്.

ഒടുക്കം വിരക്തിയിൽ നിന്നുകൊണ്ട് ലോകത്തെ നോക്കികാണുമ്പോൾ,
എന്നിലെ ക്രോധവും പ്രണയവും പഴകി ദ്രവിച്ചിരുന്നു.
അവിടന്നങ്ങോട്ട് കലയുടെ കൂടെ - വിപ്ലവ കൂട്ടങ്ങളുടെ മുദ്രവാക്യങ്ങൾക്ക് പിന്നിൽ അണിനിരന്നപ്പോൾ കണ്ട ചോര പാടുകൾ,
യാത്രകൾ തീർത്ത വിഷം കലരാത്ത മണ്ണിന്റെ മണമുള്ള വാക്കുകൾ.
സത്യസന്തത, സുരക്ഷ, സ്നേഹം.

പിന്നീട് ശാന്തി തേടി നേപ്പാളിലും ഭൂട്ടാനിലും ബുദ്ധന്റെ പിന്മുറകാരോടൊപ്പം.
ശാന്തിയുടെ പേരിൽ സ്വയം ഒളിച്ചോടുന്ന മനുഷ്യർ. ഓർമകളെ മറന്നു വച്ചുകൊണ്ട് വർത്തമാനത്തിൽ ഒളിച്ചോടുന്നവർ.
അസംഗയും, അഭിനാട്ട സംഗയും, അട്ട സാളിനിയും ഉരുവിട്ടപ്പോഴേക്കും മാനസിക സംഘർഷങ്ങളെ ഏകാഗ്രതയും ജാഗ്രതയും പിടിച്ചു നിർത്താൻ പഠിച്ചിരുന്നു.

മഹാ ഭൂമികയും, തേരാവതയും എന്റെ ചിന്തകളെ ശരിപ്പെടുത്തുന്നു.
തന്റെ മനസ്സിലേക്ക് ശാന്തി കടത്തി വിടുമ്പോഴല്ല, സത്യസന്തതയും സ്നേഹവും കൊണ്ട് തന്നെ സ്നേഹിക്കുന്നവരുടെ മനസ്സിലേക്ക് സ്വമേധയാ കടന്നു ചെല്ലുമ്പോൾ ശാന്തിയറിയുന്നു.
തന്നെ സ്നേഹിക്കുന്നവരിൽ കാണാത്ത സ്നേഹവും കരുതലുമാണ് ഓരോ അസ്വസ്ഥയ്ക്കു പിന്നിലുമെന്ന് ആരൊക്കെയോ പറയുന്നു.
തലയിൽ വീഴുന്ന ബലമുള്ള കൈകളുടെ, മുലകൾക്കിടയിൽ ചേർത്ത് വയ്ക്കുന്ന മോഹത്തിന്റെ, തന്റെ തന്നെ കരുതലുകൾ.

അമ്മയുടെ - അച്ഛന്റെ അടുത്തേക്ക് ഞാൻ തിരിച്ചു നടക്കുന്നു. ഞാൻ അച്ഛനും അമ്മയുമാവുന്നു. ഞാൻ ദൈവമാകുന്നു.
കാമുകിയെ ഞാൻ തിരയുന്നു, അങ്ങനെയൊരു മോഹത്തിനായി ഈ യുഗം മുഴുവനും ഞാൻ കാത്തിരിക്കുന്നു.

പരിധികൾ നിർണ്ണയിക്കാതെ വികാരങ്ങളുടെ ഏറ്റകുറിച്ചിലുകളിൽ ഞാൻ നിൽക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ,
അതുപോലെ മാനസികമായുള്ള എല്ലാ ഘടകങ്ങങ്ങളും ഇന്ന് നിങ്ങൾ എന്നിൽ കാണണം. എല്ലാ മനുഷ്യരിലും കാണണം. കണ്ടില്ലെങ്കിൽ പരാതിയില്ല, അറിയാനും കാണാനുമുള്ള മനുഷ്യന്റെ ത്വര വർധിക്കുംതോറും ഓരോ മനുഷ്യനും പൂവുകൾ പോലെ അഴകുള്ളതാവുമെന്നു നിങ്ങൾ ഓർക്കുക.

സ്പർശം

നിറത്തിന്റെ കൺകെട്ടലുകളില്ലാതെ സമയമേതെന്നു ഓർത്തെടുക്കാതെ കണ്ണുകൾ അവൾക്കുമുന്നിലേക്ക് തുറന്നടുക്കുകയായിരുന്നു.
അവൾ കണ്ണുകൾക്കുള്ളിലേക്ക് നടന്നു കയറിയതാവണം. അത്രയേറെ നിശബ്ദമായിരുന്നു.

കണ്ണുകൾ പരസ്പരം സ്പർശിക്കുന്നത് പോലെ തോന്നി.
ശബ്ദമേതുമില്ലാതെ ആംഗ്യ ഭാഷ ശകലങ്ങളില്ലാതെ കണ്ണുകളിൽ - കാഴ്ചകളിൽ നിന്നുകൊണ്ട് സംസാരിക്കുന്നതു പോലെ.

കണ്ണുകളിൽ തണുത്ത കൈ വിരലുകൾ വീണു.
മഴ ചാറ്റലുകൾക്കിടയിൽ കണ്ണിലേക്കു വീഴുന്ന മഴ തുള്ളികളെ പോലെ. ഇരുട്ടിലും കാതുകൾ കൊണ്ടവൾ സ്പർശിച്ചുകൊണ്ടേയിരുന്നു. കാറുനിറഞ്ഞ പുതപ്പിനുള്ളിലെ നിശബ്ദതയെ തട്ടാതെ തന്നെ മാധുര്യമുള്ള ശബ്ദം കാറ്റുപോലെ സ്പർശിച്ചുകൊണ്ടേയിരുന്നു. ഒടുക്കം ഭേദിച്ചുകൊണ്ടെന്നോളം അവൾ ചോദിക്കുകയായിരുന്നു,

"ആർ യു ഹാപ്പി?"

എങ്ങനെ സന്തോഷവാനല്ലാതെയിരിക്കും.
രണ്ടു പകലുകളും രണ്ടു രാത്രികളും, അവളുടെ സ്പർശം എന്നിൽ നിന്നും പുറത്തേക്ക് പോയിട്ടില്ല. പ്രണയമില്ലാതെ ഒരു മനുഷ്യനെ സ്പർശം കൊണ്ട് കീഴടുക്കയാണവൾ.

അവളുടെ ചോദ്യം മനസ്സിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നപോലൊരു തോന്നൽ.
ഉള്ളത്തിൽ പോലും അവളെന്നെ തൊട്ടുകൊണ്ടേയിരിക്കുന്നു.

"സർവ - ഹൃദ്യമായൊരു കവിതയാണ് ഇന്നു നീ'
അവളുടെ മൂക്കിൻ തുമ്പ് എന്റെ കഴുത്തിൽ ഉരുമികൊണ്ടേയിരുന്നു. എന്റെ ഗന്ധത്തിലേക്ക് ഇറങ്ങി ചെല്ലുന്നതു പോലെ തോന്നി. തോന്നലുകളായിരിക്കില്ല, നമ്മൾ തമ്മിൽ തോന്നലുകളില്ല. നിഗൂഢമായി അവൾ ഒരു മായാജാലത്തിന്റെ തയാറെടുപ്പിലായിരിക്കണം, മനുഷ്യ സ്പര്ശനത്തിന്റെ പഠനത്തിലായിരിക്കണം.

"വിയർപ്പിനെയും വെളിച്ചെണ്ണയെയും തരം തിരിച്ചു വയ്ക്കാൻ നിങ്ങളുടെ ശരീരത്തിന് കഴിയുന്നുണ്ട്."

"വിയർപ്പ് നിന്റേതാണ് സർവ"

ഒരു ചെറു പുഞ്ചിരിയോടെ എന്റെ മുളയ്ക്കാത്ത ചിറകിനടുത്തേക്ക് അവൾ ഓടിയൊളിച്ചു.
എത്രപെട്ടെന്നാണ് ശരീരത്തിലെ വികാരങ്ങൾ ഒളിച്ചുവച്ച ഇടങ്ങൾ അവൾ കണ്ടെത്തിയിരിക്കുന്നത്.
അങ്ങനെ കിടക്കട്ടെ മതി വരുവോളം. ശരീരം മുഴുവൻ തണുപ്പ് പകരുന്ന സ്പർശം.
എത്ര മനോഹരമാണ്. എവിടേക്കാണ് സർവയെന്നെ കൊണ്ട് പോകുന്നത്. സ്പർശനത്തിന്റെ മായ ലോകം.

എപ്പോഴാണ് കണ്ണുകളടച്ചതെന്ന് ഓർമയില്ല, ചുവന്ന ചുണ്ടുകളുടെ ചൂട് എന്റെ പുകപിടിച്ച ചുണ്ടുകളിലേക്ക് ഇറങ്ങി വരുമ്പോൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും അവൾ കണ്ണുകളെ അടുച്ചുപിടിച്ചു. പുകവലി പൂർണമായും ഒഴിവാക്കാൻ തോന്നുന്ന ചുംബനങ്ങൾ; ചുണ്ടുകൾ കൊണ്ട് അവൾ ചേർത്ത് വച്ചുകൊണ്ടേയിരുന്നു.

സർവയുടെ നാലാം സ്പർശം,
നാവുകൾക്ക് കൊടുത്തുകൊണ്ട് ഞങ്ങൾ പരസ്പരം ശരീരം പങ്കു വയ്ക്കുകയായിരുന്നു.
കൂടെ പിണഞ്ഞിരിക്കുന്ന ശരീരങ്ങളെ ഇറക്കി വിട്ടുകൊണ്ട് ജാള്യതകളില്ലാതെ ചൂടും തണുപ്പും പങ്കു വയ്ക്കുകയായിരുന്നു, രണ്ടു പൂവുകൾ വിരിഞ്ഞ തണ്ടുപോലെ.

സ്പർശനം കൊണ്ടവൾ മറ്റൊരു ലോകത്തെ മുന്നിൽ വയ്ക്കുകയായിരുന്നു.
തെളിഞ്ഞതും സരസവുമായൊരു പ്രകൃതി. യാദൃച്ഛികത്വവും വിശിഷ്ടവുമായൊരു പ്രത്യക്ഷപെടൽ.

അനുപാതത്തിന്റെ കണക്കെടുക്കലുകളില്ല. വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളില്ല.
ആഘോഷങ്ങൾ മാത്രമല്ലാത്തൊരു ആവശ്യം കൂടിയാവുകയാണ്. മടുത്തു മാറ്റിവച്ച സർഗ്ഗ ശക്തിയിലേക്കുള്ള സർവയുടെ ആജ്ഞയാണ്. അവൾ തിരുത്തുകയാണ്, മനസ്സിനെ സ്പർശിക്കാൻ കഴിയുന്ന വികാരങ്ങൾക്ക് പ്രണയത്തിന്റെ പരിപാലനം വേണ്ടെന്ന്. മനോഹരമായുള്ള എന്തിലേക്കുമുള്ള ആകർഷണമാണ്; മനുഷ്യന്റെ ആജ്ഞയോ ജിജ്ഞാസയോ ആണ്, സ്പർശം!

"സർവ, ഉറങ്ങാതെ മായാജാലം കാണിക്കുന്നവളെ, എനിക്ക് വിശക്കുന്നു"

ആവർത്തനങ്ങളിൽ കണ്ണുകളുടെയും കാതുകളുടെയും, ചുണ്ടുകളുടെയും സ്പർശനങ്ങൾ,
ഉഴുതുമറിയുന്ന തണുപ്പിന്റെയും ചൂടിന്റെയും കൂടെ അവളുടെ മാറി മറയുന്ന ഗന്ധവും.
കഴുത്തിൽ ചുറ്റിയ കറുത്ത ചരടിന്റെ ഭംഗി കണ്ടിട്ടെന്നോളം, നാവുകൊണ്ട് ചുറ്റി വരിഞ്ഞെടുത്തു അറുത്തു കളഞ്ഞു.

"നാരുകളുടെ വിടവ് പോലും നമുക്കിടയിൽ വേണ്ട" എന്നവൾ അവളുടെയല്ലാത്ത ശബ്ദത്തിൽ കഴുത്തുകൾക്കിടയിൽ നിന്നും പറയുമ്പോഴേക്കും ഒരു നാരു ബന്ധമില്ലാതെ ശരീരം ഒന്ന് ചേർന്നിരുന്നു. ഞങ്ങൾ പൂർണ നഗ്നമാവുകയാണ്, മനസ്സുകൊണ്ടും ശരീരം കൊണ്ടും. സ്പർശനങ്ങൾകൊണ്ട് ശരീരം ഒന്നാവുകയാണ്.

എന്റെ മുഖം പൂർണമായും അവളുടെ കഴുത്തിൽ പതിഞ്ഞിരുന്നു. മുഖങ്ങൾ കാണാതെ തന്റെ ശരീരത്തിൽ നിന്നും അവളുടെ ശരീരത്തിലേക്കുള്ള ഒഴുക്കാണ് സ്പർശം. മനസ്സുകൾ തമ്മിലുള്ള ഏകീകരണമാണ്. പരസ്പരം അടുക്കാനുള്ള എളുപ്പഴിയാണ്.

ഇരു ശരീരങ്ങളും വിയർത്തൊഴുകിയപ്പോൾ പുതപ്പു ഭേദിച്ചു രണ്ടു ശരീരങ്ങളും പുറത്തേക്ക് കടന്നു. കണ്ണുകളിലേക്ക് ഇടിച്ചു കയറിയ വെളിച്ചത്തെ കൈകൊണ്ട് മറച്ചു വയ്ക്കാൻ ശ്രമിച്ചപ്പോൾ പൊട്ടിച്ചിരികൾ കൊണ്ട് ചുവരുകൾ കുലുങ്ങിയതുപോലെ തോന്നി. മനസ്സുകൾ കൊണ്ട് സ്പർശിക്കാൻ എങ്ങനെയാണ് ഒരുവൾക്ക് കഴിയുന്നത് എന്നൊരു ചോദ്യം ബാക്കിയാക്കാതെ അത്ഭുതമെന്ന സർവയിലേക്ക് ഞാൻ കടന്നുപോവുകയായിരുന്നു.

സർവ

മനസ്സിന് സന്തോഷത്തിലും അപ്പുറം വരുന്നൊരു ആഹ്ലാദ നിമിഷങ്ങളുണ്ട്, പലപ്പോഴും അനുഭവിച്ചതാണ്.

അങ്ങനെയൊരു നിമിഷത്തിൽ ആകാശം നോക്കാതെ ഇരുട്ടിൽ കണ്ണാടി നോക്കി നിൽക്കുമ്പോൾ കണ്ണിൽ എന്റെ തന്നെ പല പൊട്ടിച്ചിരികളും നിലവിളികളും വിങ്ങി പൊട്ടലുകളും ഞാൻ കാണുന്നുണ്ട്. ആദ്യമായി അനുഭവിക്കുന്ന വികാരം. സങ്കൽപ്പമെന്നോ ലൗകികമെന്നോ വിളിക്കാം.

വിളിക്കാതെ ജീവിതത്തിലേക്ക് കടന്നുവന്നൊരാൾ - സർവ.
അഞ്ചു ദല്ലാളികളുമായി ഇടിച്ചുകയറി ഒരു രാത്രിയെ ഉറക്കമില്ലാത്ത പല രാത്രികളുടെ താഴാക്കി മാറ്റിയവൾ. ആദ്യ രാത്രിയിലെ ഇരുട്ടിൽ ഞാനും സർവയും മാത്രം. വഴിമാറിത്തന്ന അഞ്ചു ദല്ലാളിമാർക്കു നന്ദി.

കാമവും പ്രണയവുമില്ലാത്ത വാക്കുകൾ അടുക്കിവയ്ക്കാൻ കഴിയാതെ; സംശയത്തിന്റെ നിഴലിൽ ബോധത്തിന്റെ ഉപാംഗവുമായി നിൽക്കേണ്ടി വന്നിട്ടുണ്ട് ഒരു കുറ്റവാളിയെ എന്നപോലെ. അപ്പോഴും പ്രണയവും കാമവും മാത്രമായിരുന്നു നിരാശയായി മാറിയിരുന്നത്.

ഇവിടെ സർവയിലൂടെ ഹൃദയത്തിൽ നിന്നും അസാധാരണമായ ഒന്നിന്റെ ഉദ്‌ഭവം സംഭവിക്കുകയാണ്.
ആലിംഗനത്തിൽ തുടങ്ങി ഏകാഗ്രതയിൽ അവസാനിക്കുന്ന ഒരു വലിയ സ്വപ്നം.
അത്ഭുതവും അവബോധവും ഇംഗിതവുമുള്ളൊരു രാത്രി സംഭവിക്കുകയാണ്. പ്രണയവും കാമവും നിരാശയുമില്ലാത്ത രണ്ടു നഗ്ന ശരീരങ്ങൾ ഇരുട്ടിൽ ഭ്രാന്തുകൾ വിളിച്ചുപറയുകയാണ്.
പൂർത്തിയാക്കാത്ത അനുഭവങ്ങളിലേക്ക് വലിച്ചു കൊണ്ടുപോവുകയാണ്, നിഷ്കർഷമായ ഏകാഗ്രതയോടെ. നിർകർഷയില്ലെങ്കിൽ എല്ലാ കർമ്മവും അജ്ഞാതമാണല്ലോ.

'ഈ രാത്രി കാഴ്ചയില്ലെങ്കിൽ വ്യക്തതയുള്ള നൈസർഗീകമായ സ്വപ്‌നങ്ങൾ ഇന്ദ്രിയങ്ങളാല്‍ സംവേദിക്കപെടില്ല' എന്നവൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഇരുട്ടിൽ വീണ കാറ്റ് പോലെ മനസ്സൊന്നുലഞ്ഞു. ഇച്ഛയില്ലെങ്കിൽ കർമ്മത്തിലേക്കൊരു ചലനമില്ല എന്നത് സത്യം തന്നെ.

തണുത്ത കൈകൾക്കുള്ളിൽ ശരീരം മുഴുവൻ ചേർന്നിരുന്നു. കാമവും, ബുദ്ധിയില്ലായ്മയും, സാമര്‍ത്ഥ്യവും ഇരുട്ടിൽ അപ്രത്യക്ഷമായി. ഒരിക്കലും തിരിച്ചുവരാത്ത വണ്ണം.
ആ ചേർത്തുവയ്ക്കൽ സർവയുടെ തീരുമാനമായിരുന്നു. ദീർഘ നാളേക്കുള്ള കരുതലായിരുന്നു.
അവളുടെ പതിനൊന്നു പാതിവ്രത്യവും ആറ് അപഥ്യമായ വേരുകളും സുരക്ഷയായി നിൽക്കുന്ന കരുതൽ.

വിവേചനമില്ലാത്ത നിർബന്ധ ബുദ്ധിക്ക് മുന്നിൽ വഴങ്ങി കൊടുക്കാതെ; അയവുള്ള ജീവിതത്തിലേക്ക് വിളിച്ച രാത്രിയിൽ തണുത്ത കൈകളുടെ സ്പർശം എന്നെ ചിന്തകളുടെ പരമാനന്ദത്തിലേക്ക് നയിക്കുന്നു.

നിശിതബന്ധം

വർത്തമാനങ്ങളിൽ നിന്നുകൊണ്ട് എന്നോ എങ്ങോ വീണുപോയ ഒരാളെ വായിക്കും പോലെ അധ്യായങ്ങളുടെ ബൗണ്ടറി ഇല്ലാതെ വായിക്കാം.

എന്നെ ഞാൻ വെറുക്കാൻ തുടങ്ങിയ കാലങ്ങളിൽ നിന്നുകൊണ്ട് ചിലതു ഞാൻ പറയുമ്പോൾ അരങ്ങേറുന്ന നാടകീയതയും ആവർത്തന വിരസമായ ആഖ്യ വിഷയവും കൊണ്ട് പകലുകൾ പോലും ഇരുൾ മൂടുകയും വെറുക്കപ്പെടലുകൾ ആവർത്തിക്കപ്പെടുകയും ചെയുന്നു.

പാറു.
സർഗാത്മതയ്ക്ക് ആക്കം കൂട്ടാൻ എനിക്കുള്ളിൽ ഉയർന്നുവന്നൊരു ഉത്സാഹത്തിന്റെ കാറ്റ്.
വഴിതെറ്റിപ്പോയ; അല്ലെങ്കിൽ പ്രണയത്തിൽ വഞ്ചിക്കപ്പെട്ടപ്പോൾ ഞാൻ ആ സ്ത്രീക്ക് വിട്ടുകൊടുത്തത് വർഷങ്ങളായി സ്വരുക്കൂട്ടിവച്ച എന്റെ സർഗാത്മതയുടെ വിഗ്രഹമായിരുന്നു.

എന്റെ തെറ്റുകളായിരുന്നെന്നു കരുതി തലതാഴ്ത്തിയിരുന്ന ഇരുളുകൾ.
വിശ്വാസം നഷ്ടപെട്ട - നഷ്ടപെടലുകൾ ആഘോഷമാക്കിയ ഒരു കാലത്തിന്റെ അടയാളത്തിൽ നിന്നുകൊണ്ട് ഭ്രാന്ത് കണ്ണുകളെ വിറയ്പ്പിക്കുമ്പോൾ പലതവണ വീണുപോയൊരു മനുഷ്യൻ ഇങ്ങനെയല്ലാതെ എങ്ങനെ പെരുമാറാനാണ്.

വികാരങ്ങൾ ഉൾക്കൊള്ളാൻ കഴിയുമെന്ന് പറഞ്ഞത് ആ സ്ത്രീയുടെ ആദ്യത്തെ തെറ്റ്.
ജീവിതവസാനത്തിന്റെ കരാർ തീർത്തതും അവളുടെ തെറ്റ്.
അകലങ്ങളിൽ നിന്നുകൊണ്ട് അരികിലുണ്ടെന്ന് ഭാവിച്ചു തന്നിൽ നിന്ന് പലതും പിടിച്ചു വാങ്ങി അരങ്ങൊഴിയുമ്പോൾ ആക്രോശത്തിന്റെ മതിലുകൾ തീർക്കാതെ മൂകനായി നിന്നത് എന്റെയും തെറ്റ്.

ആദ്യം പ്രണയത്തെ വെറുത്തു.
പലതവണ സ്വയം ചങ്ങലകൾ തീർത്തും ഭ്രാന്താശുപത്രികൾ കയറി ഇറങ്ങുകയും ചെയ്തപ്പോഴും എനിക്ക് ആ സ്ത്രീയോട് പ്രണയമായിരുന്നു. ഓർമകളോട് പ്രണയമായിരുന്നു.
പിന്നീടെപ്പോഴോ മലകൾക്കു മുകളിൽ ആത്മഹൂതി ചെയ്തപ്പോൾ ഉണക്കമുന്തിരി മണമുള്ള മുടിയിഴകൾ പാറുന്ന ശരീരത്തിൽ നിന്നും വേർപെട്ട്  സർഗാത്മകതയുടെ വിഗ്രഹത്തെ മാത്രം കണ്ട് തുടങ്ങിയെങ്കിലും, ഒരു മനുഷ്യമനസ്സിന്; നിസ്സാരമായ വിഷയങ്ങളിൽ തിരയിലകപ്പെടുന്ന ഒരു മനുഷ്യന്റെ മനസ്സിൽ വെറുപ്പ് വീണത് സ്വയം തീർത്തുവച്ച സർഗാത്മക സങ്കൽപ്പങ്ങളോടായിരുന്നു.
സ്വപ്നങ്ങളിൽ തീർത്ത മിഥ്യാ സങ്കല്പങ്ങളോടായിരുന്നു.

പ്രണയവും സർഗാത്മകതയും വെറുക്കപെടുമ്പോൾ അനുഭവങ്ങളുടെ പട്ടികയിൽ ബാക്കിയാവുന്നത് അപമാനം മാത്രമാണ്.

സ്വയം വെറുക്കാനുതകുന്ന സാഹചര്യങ്ങൾ.
അതിനു മുന്നേ അടുക്കാനും അകലാനും ഒരേ കാരണമായ 'താല്പര്യങ്ങളെയും',
കൃത്യമായ സ്വത്വം രൂപീകരിക്കാത്ത ഓരോ മനുഷ്യ രൂപത്തെയും വെറുക്കുന്നു. അവസാനം അയാൾ ആ സ്ത്രീയെയും, ഇരുളിൽ ഉയർന്നു പൊങ്ങിയ പരമാനന്ദവും വെറുക്കുന്നു.
കണ്ണടച്ചിരിക്കുമ്പോൾ ചെവിയിൽ കേൾക്കുന്ന ഏതോ ഒരു സ്ത്രീയുടെ മണിക്കൂറുകളുള്ള മുരൾച്ച ഓർമകളിൽ ശല്യം തീർക്കുമ്പോൾ കാപട്യങ്ങളിൽ വിരിയുന്ന വിശ്വാസ്യതയെ ഇഷ്ടപെട്ടുകൊണ്ട് സർവം മുഴുവനും വെറുക്കപെടുന്നു.

മിച്ചമായ അയാളെ കൂടി വെറുക്കുമ്പോൾ ശാന്തിയെന്തെന്ന് അറിയുന്നു.
ലക്ഷ്യമില്ലാത്ത, തടസ്സമില്ലാത്ത, വികാര പ്രലോഭനങ്ങളില്ലാത്ത യാത്രകൾ.
കാഴ്ചയിലകപ്പെടാത്ത യാത്രകൾ.
ഒറ്റപെടലിൻറെ ഗർത്തത്തിൽ ദിശയറ്റ് അനാധമാകുവാനാവാതെ മരണത്തിൻറെ തണുപ്പിലേക്ക്!


സ്നാനം

അജ്മീറും പുഷ്കറും പിങ്ക് സിറ്റിയുമൊക്കെ വല്ലാത്തൊരു അടുപ്പത്തിലാണ്.
നാലുകണ്ണുകൾ ഒരുമിച്ചു കണ്ടത് കാതുകളിൽ അങ്ങനെതന്നെ കിടക്കുന്നതുകൊണ്ടാവണം.
പോവുന്നിടത്തൊക്കെ നമ്മൾ നമ്മളുപോലുമറിയാതെ ചിലതു വിട്ടിട്ടു വരാറുണ്ടല്ലോ, അടുത്തയാത്രയിൽ കണ്ടേക്കാവുന്നവ.

അറിയാതെ തേടിയെത്തിയ എന്തൊക്കെയോ നീറ്റലുകൾ ഉള്ളതുകൊണ്ടാവണം.
അജ്മീറിൽ ദർഗയിൽ കയറാതെ മാർക്കെറ്റിലൂടെ നടന്നു തീർത്തത്,
പുഷ്കറിൽ മരുഭൂമി തേടിയലഞ്ഞതും, ബ്രഹ്മ മന്ദിറിൽ കയറാതെ പുഷ്കർ മാർക്കെറ്റിൽ നടന്നു തീർത്തതും. ഇസ്രായേൽ ഫോക് ആർട്ടിസ്റ്റുകളുടെ സംഗീതത്തിൽ കാതോർത്തു സരോവരത്തിൽ കാൽ നീട്ടി മെഡിറ്റേഷനിൽ ഇരിക്കാൻ ശ്രമിച്ചതും.
ചിലപ്പോൾ കഴിഞ്ഞതവണ കണ്ണുടക്കിയവ കൈവശമാക്കൻ ശ്രമിച്ചതായിരിക്കാം.

പകുതിക്ക് സഹിക്കാൻ പറ്റാത്ത തണുപ്പിൽ പോലും ബാന്ദ്ര സിന്ധറി ഇറങ്ങിയതും,
ട്രക്കിനു കൈ നീട്ടി ജൈപൂർക്ക് വന്നതും റയിൽവേ സ്റ്റേഷനിൽ ഉറങ്ങാതെ ഇറങ്ങിയതും. കാണുന്നതല്ല കണ്ണുകൾ പറയുന്നത് എന്നുള്ള ബോധമില്ലായ്മയുടെ ബോധത്തിലായിരുന്നു.

ഔസേപ്പച്ചന്റെ ചില സംഗീതമുണ്ട്, ഒരു പിടിയും തരാതെ അവസാനിക്കാതെ നമ്മുടെ യാത്രകളിൽ കൂടെ വന്നുപോകുന്നവ. അവിഗാ നഗർ ബാക്കിവച്ച വിങ്ങലുകൾ പോലെ. ആവശ്യമുള്ളവ.

അകാന്തം നിതാന്തം.

തന്നെത്തന്നെ കണ്ടുപിടിക്കട്ടെ,
തനിക്കെന്താണ് വേണ്ടാത്തതെന്നും വേണ്ടതെന്നും തിരിച്ചറിയട്ടെ.
ഒരു കടലായിത്തന്നെ നിറയട്ടെ, തിര നിരയായി ചിതറട്ടെ. ശുഭരാഗം കണ്ടെത്തട്ടെ.
അപ്പോൾ മാത്രമാണല്ലോ സന്തോഷങ്ങളിൽ മതിമറക്കാനാവുക.
അപ്പോഴും കാതമകലെനിന്നുമുള്ള ശബ്ദം എനിക്ക് കേൾക്കാം. അല്ലെങ്കിലും, കാത്തിരിപ്പിനും പ്രതീക്ഷകൾക്കും അൽപ്പം ബംഗിയതികമാണ്.
പൊഖാറയിലേക്കുള്ള യാത്രപോലെ, വാരാണസിയിലേക്കുള്ള യാത്രപോലെ. ഗംഗയിലെ നഗ്നമായ സ്നാനം പോലെ.

രാത്രയിൽ അതൊക്കെ മുട്ടുന്നത് കേൾക്കാം.
ബാഗ് പാക്ക് ചെയാം. പിന്നെയും കാത്തിരിക്കാം. സുരക്ഷയുടെ കൈകളും, ഉണക്കമുന്തിരി മണമുള്ള മുടിയിഴകളും, വാച്ചു പെട്ടിയിലെ രുദ്രാക്ഷവും പ്ലാസോയും മാത്രം കൂടെയുണ്ടായാൽ മതി.

അമ്മയ്ക്ക്

16 വൃശ്ചികം1193

ദില്ലി


പ്രിയപ്പെട്ട അമ്മയ്ക്ക്.

വാട്ടം തട്ടാത്ത യുവത്വമായി നെല്ലിന്റെയും അടുപ്പുകല്ലിന്റെയും മണത്തോടുകൂടിത്തന്നെ ഇരുപത്തേഴാമത്തെ വയസ്സ് തുടങ്ങുമ്പോൾ, അമ്മയ്‌ക്കെഴുതുന്ന ഇടവേളകളിലുള്ള കത്തിൽ ഇനി എന്താണ് എഴുതേണ്ടത് എന്നറിയില്ല.

എഴുത്തൊന്നും അമ്മയോളം അത്രയില്ല എന്നതും, മുറികൾക്ക് പുറത്തേക്ക് തെറിക്കുന്ന പുതിയ അല്ലെങ്കിൽ ഒളിപ്പിച്ചുവച്ച വിവരങ്ങൾ ഒന്നും തന്നെയില്ല എന്നതും തന്നെ കാരണം.

മറ്റൊന്നും തന്നെയില്ലെങ്കിലും പുകഞ്ഞു തീർന്നു എന്ന് പറയണം എന്നെനിക്കുണ്ട്. പക്ഷെ തീരില്ല. തിരുത്താൻ അമ്മയ്ക്ക് നിർബന്ധിക്കണം എന്നുണ്ടെങ്കിലും കടന്നു കയറാത്ത വാക്കുകളിൽ 'അമ്മ ഒളിപ്പിച്ചു വയ്ക്കുന്ന സങ്കടങ്ങൾ പോലെ. സുരക്ഷിതത്വത്തിന്റെ അലസമായ എന്തൊക്കെയോ.

പാതിരാ പൂമണങ്ങളും, പലരും കാണാത്ത തലമുറകളും കണ്ടുകൊണ്ട് കെട്ടിറങ്ങിയ ലഹരികളിൽ തന്നെയാണ് ഇത് കത്തെന്നപോലെ കടലാസിൽ പതിയുന്നത്. ചിട്ടപ്പെടുത്തലുകളില്ലാതെ.

മുകളിലെ രണ്ടുകാര്യങ്ങളും അമ്മയോട് പണ്ടത്തെപോലെയല്ലാതെ പറയാൻ കഴിയുന്നത് യുക്തിയിൽ അലസതയില്ലാതെ കാര്യങ്ങൾ കാണാറുണ്ടെന്ന് മക്കളെ ബോധ്യപ്പെടുത്തി എന്നുള്ളതുകൊണ്ടാണ്.
മനുഷ്യ ബുദ്ധിയുടെയും ലഹരികളുടെയും ഇടയിൽ ശ്വാസം മുട്ടുന്ന ഈ നഗരത്തിലെ നടുക്കളത്തിൽ നിന്ന് ഇതെഴുതുമ്പോൾ ഓരോ വൈഷമ്യവും സ്വപ്നങ്ങളായി പറക്കുകയാണ്. അല്ലെങ്കിലും നമുക്ക് ആവേശം കൊള്ളുന്നതൊന്നും നമ്മളറിയില്ലല്ലോ. തലയിലെ നെല്ല് ചാക്കുപോലെ.

ഇടയ്ക്കിടെ ദൂരെ കണ്ണും നട്ടിരിക്കാൻ മഴവറ്റിയ വയലുകൾ പോലെ ഹിമാലയത്തിന്റെ ഓരോ വശവും കാണാനുള്ള ആഹൂതിമാത്രമാണ് മർത്യഹങ്കാരത്തെ നാനാവിധമാക്കിയ ലഹരിയുടെ താന്തോന്നിത്തമായി മാറുന്നത്.
അപ്പോഴും, ഫോൺ വിളികളിലെ പല വാക്കുകളും നിശബ്ദമാവുമ്പോൾ ഒരു കൽപ്പകാലമത്രയും നിശബ്ദമാവുകയാണ് എന്ന് തോന്നിയിട്ടുണ്ട്.

ഒളിച്ചുവച്ച പലതും കണ്ടിട്ടുണ്ടല്ലോ, പത്താം ക്‌ളാസിലെ പ്രണയം തൊട്ട് - ഒളിപ്പിച്ചുവച്ച ഡയറികളും സിഗരറ്റും വരെ. അതുപോലെ ഒളിപ്പിച്ചുവയ്ക്കുന്ന വാക്കുകൾ എങ്ങും തൊടാതെ കണ്ടെന്നുവരാം, നമുക്ക് പ്രിയപ്പെട്ടവർക്ക് മാത്രം മനസ്സിലാവുന്ന വാക്കുകൾ.

ഈ നൂറ്റാണ്ടിലും ആവർത്തിക്കുന്ന കത്തുകൾ!
ഭ്രാന്തമല്ലേ എന്ന് അമ്മയ്ക്ക് തോന്നിയിട്ടുണ്ടോ? തോന്നരുത്, കാരണം നമ്മളൊക്കെ മനുഷ്യന്റെ അകത്തുനിന്നുകൊണ്ട് സന്യസിക്കുന്നവരാണ്. സന്തോഷിക്കാനും സങ്കടങ്ങൾകൊണ്ട് സന്തോഷം അന്വേഷിക്കാനും ജനിച്ചവർ.

സൂര്യൻ മുകളിൽ വന്നു നിൽക്കുന്നു,
അച്ഛൻ അമ്മയ്ക്ക് പ്രണയഗീതങ്ങൾ പാടിത്തരട്ടെ. ഞാൻ എനിക്കുമൊരു പ്രണയഗീതം പാടട്ടെ. കാക്കകൾ വിരുന്നു വിളിക്കട്ടെ. വീട്ടിൽ ഒച്ചപ്പാടുകൾ മുറകട്ടെ.

എന്ന്,
മകൻ.

പൊസ്സസ്സീവ്നെസ്സ്

നിദ്രയുടെ നിയന്ത്രിച്ചുവച്ച വശ്യതയിൽ ഞാനവളുടെ വിയർപ്പിൻറെ ഗന്ധമറിയുന്നു. അടുപ്പുകല്ലിൻറെ ഗന്ധം. മുലകൾക്കിടയിലൂടെ ഒലിച്ചിറങ്ങി വറ്റിയ വിയർപ്പിൻറെ ഗന്ധം.

അവളുടെ ഉണക്കമുന്തിരി ഗന്ധമുള്ള മുടികൾ. ഇരുട്ടിൻറെ മറയുള്ള നിലാവിലെ പിടുത്തം തരാത്ത ചിന്തകൾ.
കാലിൽ കട്ടപിടിച്ച ചളികൾ, തലയിലെ പെരുക്കുന്ന കണക്കുകൾ.
ഹൃദയത്തിൽ കാടുപിടിച്ച പ്രണയം.

നീല പുതപ്പിനുള്ളിൽ ഒരു ദിവസത്തേക്കെങ്കിലും മനുഷ്യൻറെ ഗന്ധം പൂത്തു പെരുകട്ടെ. വിയർപ്പുകൾ നിശ്വാസത്തിൽ വറ്റി തീരട്ടെ.

ഒരേ സമയം ഞാൻ പുരുഷനും സ്ത്രീയുമാവുകയാണ്.
ഇരുട്ടിൽ ഞാനെന്ന പുരുഷന്റെ സുരത വാക്യങ്ങളിൽ ഞാനെന്ന സ്ത്രീ രതിമൂർച്ചകളിലെ നക്ഷത്രങ്ങളിൽ നഗ്ന നൃത്തമാടുന്നു.

അപ്പോൾ പുരുഷൻ?

തൻ്റെ സ്വന്തമാണെന്ന അഹങ്കാരത്തിൽ അയാൾ ആധിപത്യം ഉറപ്പിക്കുന്നു.
ആരോട്? തന്നോട് തന്നെ.

അയാളൊരു ഏകാധിപതിയാണ്. അധീനതയിൽ വിട്ടു വീഴ്ച ചെയ്യാതെ നീല പുതപ്പിനുള്ളിൽ അയാൾ വിയർത്തിരിക്കുന്നു. മുഖം മറച്ചിരിക്കുന്നു. അപ്പോഴും അയാൾ സ്വപ്നങ്ങളെ തൻ്റെ പരിധികൾക്കുള്ളിലേക്ക് ആർജ്ജിക്കാനുള്ള കരുത് നേടുകയാണ്.

ദി പൊസ്സസ്സീവ്നെസ്സ്. എന്തിനോട്?
തൻ്റെ സ്വപ്നങ്ങളോട് തന്നെ. സ്വപ്നങ്ങളോടല്ലാതെ എന്തിനോടാണ് പുരുഷൻ പൊസ്സസ്സീവ്നെസ്സ് കാണിക്കേണ്ടത്.

ഞാനെന്നെ പ്രണയിക്കുന്ന ഇരുട്ട്.
സൈന്ധാധിക സ്വയം ഭോഗത്തിൻ്റെ മഴവില്ല് തെളിയുന്ന ഇരുട്ട്.

ഓരോ മനസ്സും നഗ്നമാവുന്നത് വൃത്തികെട്ട തൻ്റെ മുഖം കാണാതെ, ഇരുട്ടിൽ തൻ്റെ തന്നെ മൂർഛിക്കുന്ന ശബ്ദം ശ്രവിക്കുമ്പോഴാണ്.

ചിതലുപിടിച്ച ചിന്തകളെ, എനിക്ക് നാണമാവുന്നു.


രാഗിണി

ആത്മാക്കളുടെ ചിരിയിൽ നിലാവ് വീഴുന്ന പുളിമരം കാട്ടിനിടയിലെ കൂരയിൽ ഇരുട്ട് പരന്നു. ഒച്ചപ്പാടുകളോടെ കതകുകൾ കൊട്ടിയടഞ്ഞു. കർക്കിടത്തിലെ ചിത്തിര സൂര്യനെക്കാളും മുന്നേ നാളെയുയർന്നുവരും.

മുപ്പത്തിയെട്ടു വയസ്സ്.
കാലവും നാളുമറിയാത്ത ഭൂതകാല യാത്രകൾ. അല്ലെങ്കിലും അറിഞ്ഞിട്ടെന്തിനാണ്, നരകളുടെ എണ്ണം കണക്കുകൂട്ടാം എന്നല്ലാതെ. എന്നിട്ടും ഈ ദിവസം ഓർമിക്കപ്പെട്ടത്‌ എന്തിനായിരുന്നു.

മഴപെയ്തുണങ്ങിയ ആകാശത്തിൽ ആത്മാക്കളുടെ ചിരി പടർന്നു പൂത്തു. പൊട്ടിയ ഓടുകൾക്കിടയിലൂടെ മിന്നലുകളെ പോലെ ചിരികൾ താഴെവീണു. ഇരുട്ടിലും കൂട്ടായി സ്മരണ.
പുളിമരത്തിലേക്കുള്ള സ്‌കൂൾ കുട്ടികളുടെ കല്ലേറിൽ പൊടിമണലുകൾ ഊഴ്ന്നിറങ്ങി. മണൽതരികൾ രാഗിണി ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി. അടുക്കള വാതിൽ വഴി പുറത്തേക്കിറങ്ങി കുട്ടികളെ ആട്ടിയോടിച്ചു.

തയ്യൽക്കടയിലേക്കെന്നോളം കുളിച്ചൊരുങ്ങി ഉമ്മറത്തേക്കു വന്നു.
പുളിച്ചപ്പുകൾ ചവറുകളായി. ആത്മാക്കൾ കാവൽ കിടന്നതായിരിക്കും. ആത്മാക്കൾക്കു പുളിയുടെ മണമാണ്.
രാഗിണി തന്റെ കൈ മണത്തു; തനിക്കും പുളിയുടെ മണമാണ്. ചുണ്ടുകളിലെ ചിരി കണ്ണാടയിൽ തട്ടി പരിലസിച്ചു.
പുറത്തേക്കിറങ്ങിയ പല്ലുകൾ മോണകളിൽ ഒതുക്കുവാൻ ശ്രമിച്ചു, മുഖത്തെ വെള്ളപ്പാണ്ടുകളിൽ കണ്ണാടിയിൽ തിളങ്ങിയ ചിരി പ്രതിഫലിച്ചു. വെള്ളപ്പാണ്ടുകൾക്കു ചുറ്റും ഇരുട്ട് പരന്നു, ചിമ്മിണി വിളക്കിലെ കരി.

താനുമൊരു പ്രേതം തന്നെയാണ്.
രാഗിണി ചിരിച്ചു.

അകത്തുകയറി ഷെൽഫ് തുറന്നു,
മുന്നേ വാങ്ങിവെച്ച നീളമുള്ള സ്വർണ തൂക്കു കാതിൽ ചെവിയിൽ തൂക്കിയിട്ടു. കണ്ണാടികൾ നോക്കി കാതിലുകൾ കിലുക്കി. ആലിലകളുടെ അനക്കമാണ്.
വെള്ള പാണ്ടുകൾ ഇഴഞ്ഞു കയറിയ കണ്ണുകൾക്ക് മുകളിലായി ഐ ലൈനർ കൊണ്ട് കറുപ്പിച്ചു.
പാണ്ടിലെ കറുത്ത വരകൾ ചിരട്ടകൾപോലിഴഞ്ഞു.
സാരി അഴിച്ചുവച്ചു. പകരം ധൈര്യമില്ലാത്തതുകൊണ്ട് ഉടുക്കാതെ മാറ്റിവച്ച ടോപ്പും ജീൻസും ധരിച്ചു.
മൂന്നരയടി ശരീരത്തിൽ ആലിലകൾ ഇളകിമറിഞ്ഞു. ചിരട്ടകൾ കുതറിയോടി. പുറത്തേക്ക് തെറിച്ച വെള്ളപ്പല്ലുകൾ കാട്ടി രാഗിണി ഉറക്കെ ചിരിച്ചു.

കതകുകൾ കൊട്ടിയടച്ചുകൊണ്ട് പുറത്തേക്ക് തള്ളിയ പല്ലുകളിൽ ചിരിവിടർത്തി മുറ്റത്തേക്കിറങ്ങി, തയ്യൽക്കടയിലേക്കുള്ള നിത്യവഴിയിൽ പുളിയിലകളുടെ കൂടെ രാഗിണി ശരീരത്തിൽ പൂശിയ മുല്ലപ്പൂ മണം ഇറങ്ങിച്ചെന്നു.

സ്‌കൂൾ ജനാലകളിൽ കുട്ടികൾ കൂട്ടംകൂടി.
എന്നും ഓടിയൊളിക്കാറുള്ള കുട്ടികളുടെ കണ്ണുകൾക്ക് ഇന്നൊരു കാഴ്ചവസ്തുവായി.
പൊട്ടിച്ചിരിയുടെ ഒച്ചപ്പാടുകൾ ജനാലകൾ താണ്ടി പുറത്തേക്കിറങ്ങിവന്നപ്പോൾ അനക്കം കേട്ടു. സ്‌കൂൾ പറമ്പിലൂടെ നടക്കുമ്പോൾ കർക്കിട വെയിൽ മേനിയിൽ തറച്ചുകയറി. സ്റ്റാഫ് റൂമിൽ നിന്നും ക്‌ളാസുകളിൽ നിന്നും ടീച്ചർമാർ പുറത്തേക്കിറങ്ങി, പരസ്പരം മുഖം നോക്കി ചിരിച്ചു. ആശ്ചര്യവും പരിഹാസവും. അകാല വാർദ്ധക്യത്തിലും ഒരോരോ കോപ്രായങ്ങളെന്ന് നളിനി ടീച്ചർ പറഞ്ഞത് കാതിലുകളെയനക്കി. കൗമാരവും യൗവനവും പരിഹാസ ചൂടിൽ മുറിക്കുള്ളിൽ പനിപിടിച്ചു കിടക്കുകയായിരുന്നെന്നു ടീച്ചർക്കറിയില്ലല്ലോ.
രാഗിണി മനസ്സിൽ പറഞ്ഞു.

തുണി സഞ്ചിയിൽ നിന്നും താക്കോൽ പുറത്തേക്കെടുത്തു ഷട്ടറിലേക്ക് നോക്കി, ഭൂതകാലത്തിലെ പനിപിടിച്ച ചിത്രങ്ങളാലോചിച്ചു നിശബ്ദമായി നിന്നു. കവലയിലെ ബസ്റ്റോപ്പിൽ ഹോണടിച്ചുവന്ന ബസ്സിന്റെ ചക്രങ്ങൾ ഉറച്ചു നിന്നു.
ബസ്സിൽ നിന്നും തലകൾ പുറത്തേക്കിറങ്ങി, കണ്ണുകൾ രാഗിണിക്ക് ചുറ്റും വട്ടമിട്ടു.

പാണ്ടത്തിക്ക് ഭ്രാന്തായെന്ന് ആരോ വിളിച്ചുപറഞ്ഞു. കാതുകളും ഷട്ടറിട്ടു.
മുപ്പത്തിയെട്ടാം പിറന്നാൾ. മുത്തപ്പന്റെ നടയിൽ ചെന്നാൽ തിരുവപ്പനയും വെള്ളാട്ടവും കാണാമെന്നു തീരുമാനിച്ചുകൊണ്ട് പറശ്ശിനിക്കടവിലേക്ക് നടന്നു.
വയലുകൾക്കിടയിലെ ഊടുവഴിയിലൂടെ കയറിയിറങ്ങി.
കുത്തിയൊഴുകുന്ന പുഴക്കരയിൽ.
ആഴിയിൽ നിന്നും തിരകൾ ഉയിർത്തെഴുന്നേറ്റു. പീച്ചാളികൾക്കു പോലും മനുഷ്യ ശരീരത്തെ കൊത്തിവലിക്കാൻ ഫലം നൽകുന്ന പുഴയാണ്. അമ്മയെ തിന്ന പുഴ.

അമ്മയെ പുഴതിന്നുന്നതു കണ്ടിട്ടുണ്ട്.
കരച്ചിൽ നിർത്താതെ പുഴയുടെ ഓരത്തിൽ നിന്നും മാടിലേക്ക് ഓടിവന്ന് നിസ്സഹായയായി അവൾ കരയുകയായിരുന്നു.
ഒന്നരവർഷം കഴിഞ്ഞു; മുത്തശ്ശി മരിക്കുംവരെ ചുവരുകൾക്കപ്പുറം കണ്ടിരുന്നില്ല. ഭീതിയുടെ ശബ്ദ കോലാഹളം.
വിശയ്ക്കുന്ന വയറാണ് ചുവരുകൾക്കപ്പുറത്തേക്ക് കൈപിടിച്ചിറക്കിയത്. രാഗിണിക്ക് ഭ്രാന്താണെന്ന് പറയാത്ത നാവുകൾ ചുരുക്കം.
പരിഹാസവും ഒറ്റപ്പെടലും ശീലമായാൽപ്പിന്നെ എല്ലാത്തിനെയും ധൈര്യംകൊണ്ടു പക വീട്ടാൻ തോന്നും.

രാഗിണിക്ക് പക നാവുകളോടാണ്.
അമ്മയെ തിന്ന പുഴയോടാണ്.
വെളിച്ചമിറങ്ങിവരുന്ന പകലിനോടാണ്.
കണ്ടിട്ടില്ലാത്ത ആത്മാക്കളെ മാത്രം സ്നേഹിച്ചു. പ്രേതങ്ങളുടെ വഴിനടപ്പുകാണാൻ ജനാലകളുടെ മറകൾ അഴിച്ചുവച്ചു. നിലാവുകളിൽ കണ്ണുകൾ തുറന്നുറങ്ങി.

പുഴയിലേക്ക് കാലുകളിറക്കി വെയിൽ മറയ്ക്കുന്ന തെങ്ങിൻ ചുവട്ടിലിരുന്നു.
പുഴയിലേക്ക് കണ്ണുകൾ തട്ടുംപോഴൊക്കെ കൈകളുയർത്തി മുങ്ങിത്താവുന്ന അമ്മയുടെ മുഖമാണ്. ഒഴുകുന്ന പുഴയുടെ നിശബ്ദതയിൽ ഓളങ്ങൾ വട്ടമിട്ടു. നിഴൽപാടുകൾ വലയം തീർക്കുന്നു.
ഉച്ചയേറ്റിനായി ചെത്തുകാർ ഓലചാപ്പകൾ തുറക്കുവാൻ പുഴക്കരയിലേക്കിറങ്ങിക്കൊണ്ടിരിക്കുന്നു.
കാലുകൾ കരയിലേക്കുയർത്തി. ചെണ്ടമേളം മടപ്പുരയിലേക്ക് ക്ഷണിക്കുന്നു.
മടപ്പുരയും മുത്തപ്പനും ഓർമകളിൽ എവിടെയുമില്ല.

വിശപ്പ് കരഞ്ഞു.
മുത്തപ്പനെ കാണുന്നതിനുമുന്നേ ഊട്ടുപുരയിൽ പലകയിലേക്കുള്ള വരിയ്ക്കു പുറകിലായി മുന്നിലും പിന്നിലും നിന്ന  സ്ത്രീകളുടെ അടച്ചചിരി വീർപ്പുമുട്ടി. പാണ്ടിനെയോ പുറത്തിറങ്ങിയ പല്ലുകളെയോ ഭയന്നിട്ടാവണം.

സമയം കീറി മുറിച്ചു.
മുഖം തിരിക്കാതെയുള്ള കണ്ണുകളുടെ ഒളിഞ്ഞുനോട്ടം. ഊണിനായി പലകയിൽ ഇരിക്കുമ്പോൾ ആരോ പതിയെ പറഞ്ഞു
"ഓൾക്ക് പ്രാന്താണ്, ബേണേൽ അങ്ങോട്ട് മാറിയിരുന്നോ"
ഊണ് വിളമ്പുന്നതിനു മുന്നേ മുന്നിൽ വിരിഞ്ഞു കിടക്കുന്ന ഇല മടങ്ങി. എഴുനേറ്റ് ഊട്ടുപ്പുരയ്ക്ക് പുറത്തേക്ക് കടന്നു.
യുക്തിയില്ലാത്ത പരിഹാസത്തിൽ വിരിയുന്ന ഭ്രാന്ത്. അതേ ഭ്രാന്തിൽ തന്നെയാണ് ഇത്രനാളും പിടിച്ചു നിന്നിട്ടുള്ളതും.
ചുറ്റുമുള്ളവരുടെ കണ്ണുകളിലേക്ക് നോക്കാതെ, ജീവനിൽ നോക്കാതെ മൗനത്തിൽ പരിഹാസം. യാഥാർഥ്യം, തല കുനിക്കേണ്ടയാവശ്യമില്ല. മനുഷ്യരിലേക്ക് നോക്കാതെ കണ്ണുകൾ പ്രകൃതിയിലേക്കിറങ്ങിയാൽ ലോകം സുന്ദരമാണ്.
രാത്രിയിൽ പ്രേതങ്ങൾ വഴി നടക്കുന്ന നിലാവുപോൽ മിഥ്യ! മിഥ്യയാണ് യാഥാർഥ്യം.

മേളങ്ങൾക്കിടയിൽ നിന്നുകൊണ്ട് മുത്തപ്പൻ കൈകൾ ചേർത്തുപിടിച്ചു ചോദിച്ചു.
"സന്യാസം സുന്ദരമാണ്, പക്ഷെ സന്തോഷമുണ്ടോ?"
ഓർമകളിലെവിടെയും ആരും തന്നെ ചേർത്തുപിടിച്ചിട്ടില്ല, ആദ്യമായി തന്റെ ബലിഷ്ഠമായ കൈകൾ മറ്റൊരു കൈക്കുള്ളിലേക്ക്. ദൈവത്തിന്റെ കൈകൾ. പൂതൽപിടിച്ച മരത്തിന്റെ കൈകളിൽ പച്ചിലകൾ.

മുടിയിൽ നിന്നും പറിച്ചെടുത്ത തുളസി കൈകളിലേക്ക് വച്ചുകൊണ്ടു മുത്തപ്പൻ ചോദ്യം ആവർത്തിച്ചു.
"മുത്തപ്പനുണ്ടായിരുന്നില്ലേ കൂടെ, വിളിക്കായിരുന്നില്ലേ.
വിളിക്കാത്ത ദൈവങ്ങൾ ആരുമുണ്ടായിരുന്നില്ല, പറഞ്ഞുകേട്ട പേരുകളൊക്കെ വിളിച്ചിരുന്നു. ആരും പുളിമരങ്ങൾക്കിടയിലേക്ക് വന്നില്ല.
'എല്ലാം ഭേദമാകും കേട്ടോ.' അവസാനമായി വാക്കുകൾ ഉരുവിട്ടുകൊണ്ട് മുത്തപ്പൻ രാഗിണിയുടെ കൈകളെടുത്തുമാറ്റി.
സമാധാനത്തിനായി ഉറക്കെ കരഞ്ഞു.

രാഗിണിയുടെ കാലുകൾ പിന്നിലേക്ക് നീങ്ങി.
പുഴയിലേക്കിറങ്ങുന്ന പടികളിൽ കാലുകൾ പതിഞ്ഞു.
കൈപിടിച്ചിറങ്ങിപോയ അമ്മയുടെ മുഖമായിരുന്നു, ചുവരുകൾ തല്ലി അലറികരയുമ്പോൾ ചേർത്തുപിടിച്ച മുത്തശ്ശിയുടെ ഇടറാത്ത ശബ്ദമായിരുന്നു ദൈവത്തിന്.
കാലുകൾ പുഴയിലേക്കിറങ്ങി. തണുപ്പിൽ തലമുടിയോളം ഊളിയിട്ടു.
കാലുകളെ അകത്തേക്ക് വലിച്ചു. ഓളങ്ങളിൽ കാലുകൾ വളയംചെയ്യപ്പെട്ടു.
അമ്മയുടെയും മുത്തശ്ശിയുടെയും മുഖങ്ങൾ. കാലങ്ങളിൽ ഇരുട്ടുകയറി, പിന്നിലേക്ക് നടന്നു.
കർക്കിടകത്തിലെ ചിത്തിര മുപ്പതു തവണയും അത്യുച്ചത്തിൽ ആരവം മുളക്കി. പരമമായ ആനന്ദത്തിലേക്ക് കണ്ണുകളടച്ചു.
അടച്ച കണ്ണുകളിലും വളയംവയ്ക്കുന്ന ഓളങ്ങളിലേക്ക് തുളച്ചുകയറുന്ന വെയിൽതട്ടി.
കൊത്തിവലിക്കാൻ വന്ന പീച്ചാളികൾ പല്ലുകളിൽ അറ്റുവീണു. വെള്ളപ്പാച്ചലിൽ പ്രേതങ്ങൾ വഴിനടക്കുന്നത് ആദ്യമായി രാഗിണി കണ്ടു.

ചിലപ്പോൾ മനസ്സും ഇതുപോലെ ചുഴിയിൽപെടാറുണ്ട്. പിന്നെ തലചുറ്റലുമായി എഴുനേൽക്കുന്നതുവരെ ഉറക്കമാണ്.
ഇതാണത്രേ ഭ്രാന്ത്. അമ്മയും മുത്തശ്ശിയും പറഞ്ഞു.
"ആനന്ദം ഞാനറിയുന്നു, സന്തോഷം ഞാനറിയുന്നു"
രാഗിണി ഉറക്കെ ചിരിച്ചു.

25 ജുലൈ 2017

ഇരുട്ടിലേക്ക്

മുറിക്കകത്തെ ഇരുട്ടിൽ ഒരു ഗ്ലാസ് വെള്ളത്തിനായി രാഘവൻ കട്ടിലിൽ നിന്നും വിളിച്ചു പറഞ്ഞു.
കൂരയ്ക്ക് താഴെ മനുഷ്യർ തിരക്കിട്ടോടിക്കൊണ്ടേയിരുന്നു.
കട്ടിലപ്പടികൾക്കിപ്പുറത്തേക്ക് തിരക്കിൻറെ കാലയടിയൊച്ചകൾ മാത്രം കടന്നുവന്നു.
കട്ടിലിൽ നിന്നും തല താഴേക്കുവീണു. അലറാൻ കഴിയാത്ത ശബ്ദം വീർപ്പുമുട്ടി.
കാലടിപ്പാടുകൾ മുറികൾക്കിപ്പുറത്തേക്ക് നിഴലുകളായി ഏന്തിനോക്കി.

അനിത ഭർത്താവിന്റെയും കുട്ടികളുടെയും തുണിയെടുത്ത് കുളക്കടവിലേക്ക് നടന്നു.
ഭർത്താവ് വരുമ്പോഴേക്കും പണികൾ തീർത്ത് പുറത്തേക്കുപോകാനുള്ള തിരക്കിൽ ശല്യങ്ങളായി ഉരളക്കല്ലുകൾ കാലിൽ തട്ടി.

രാഘവന്റെ അമ്മ പടിഞ്ഞിറ്റകത്തെ മുറിയിൽ വിളക്കുകൾ തുടച്ചു വയ്ക്കുന്നു.
കരിഞ്ഞ വെളിച്ചെണ്ണയുടെയും വിളക്കുതിരികളുടെയും മണം അയാളുടെ ശബ്ദത്തേക്കാൾ വേഗത്തിൽ സന്ധ്യയെ വിളിച്ചു.
അല്ലെങ്കിലും അയാളുടെ ശബ്ദം ആ വീട്ടിലെ ആരുടേയും ചെവികളിലേക്ക് എത്താറില്ല.
അലർച്ചയുടെ ആഘാതം കൂടുമ്പോൾ ചില നിഴലുകളുടെ തലകൾ വാതിലിനിപ്പുറത്തേക്ക് എത്തിനോക്കുന്നത് പോലെ.

കുന്നിനു കീഴിലേക്ക് മത്സരിച്ചോടികൊണ്ട് നിഷാദ് കുട്ടുവിനോപ്പം ഉമ്മറത്ത് വന്നിരുന്നു.

അലക്കി കഴിഞ്ഞ തുണികളുമായി  അനിത വരമ്പിലൂടെ നടന്നുവന്നു. തുണികൾ മുറ്റത്തെ അയലിലേക്ക് ഉങ്ങാനിട്ടുകൊണ്ട് പിറുപിറുത്തുകൊണ്ടിരുന്നു.
ബക്കറ്റു കമിഴ്ത്തിവച്ചുകൊണ്ട് കയറ്റികുത്തിയ മാക്സി വലിച്ചിട്ടു, അടുക്കളയിലേക്ക് കയറി.
പാത്രത്തിൽ കഴിക്കാനുള്ളതെടുത്ത് ഉമ്മറത്തേക്ക് വന്ന് കുട്ടുവിനു നേർക്ക് നീട്ടി.
കുപ്പിയിൽ നിന്നും കൈയിലേക്ക് വെളിച്ചെണ്ണയൊഴിച്ചു കുട്ടുവിന്റെ തലയിലും മുഖത്തും വാരിപിടിപ്പിച്ചുകൊണ്ട് പിറുപിറുത്തുകൊണ്ടേയിരുന്നു.

'എങ്ങോട്ടാ വല്യമ്മേ പോണേ?'
പടികളിൽ തന്നെയിരുന്നുകൊണ്ട് തലയുയർത്തി നിഷാദ് ചോദിച്ചു.
എഴുനേറ്റു കുറ്റൂട്ടിവിന്റെ കൈലുള്ള പാത്രത്തിലേക്ക് കൈകൾ നീട്ടി.

'എങ്ങോട്ടായാൽ ഇനക്കെന്താ, അന്വേഷിക്കാൻ വന്നേക്കണു.'
കൈകൾ തട്ടിമാറ്റി ദേഷ്യത്തോടെ മറുപടിപറഞ്ഞു.

നിരാനന്ദതയുടെ നനവുകൊണ്ട് കണ്ണുകൾ നനഞ്ഞു. കീറിയ ബാഗും കൈയിലെടുത്ത് തലകുനിച്ചുകൊണ്ട് അകത്തേക്ക് കയറിച്ചെന്നു. ഇരുട്ടിലേക്ക് ജനാലകൾ വഴി സന്ധ്യയെ വിളിച്ചുകയറ്റി.
സന്ധ്യയിലും തിരസ്കാരത്തിന്റെ വാക്കുകൾ തലയ്‌ക്കു മുകളിൽ വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു.

കട്ടിലിൽ നിന്നും തെറ്റിക്കിടക്കുന്ന അച്ഛന്റെ ശരീരത്തെ അവൻ ചേർത്തുപിടിച്ചു.
ബലമില്ലാത്ത കൈകളിൽ താങ്ങി കട്ടിലിൽ കിടത്തി, തലയ്‌ക്കു താഴെ തലയണ ഉയർത്തി വച്ചു.
ചളിപുരണ്ട വലിപ്പം കുറഞ്ഞ നേർത്ത കൈകൾ തലോടലുകളായി രാഘവന്റെ നെറ്റിയിൽ പതിഞ്ഞു.

'വെള്ളം, വെള്ളം.'
പതിഞ്ഞ സ്വരത്തിൽ രാഘവൻ ആവർത്തിച്ചുകൊണ്ടേയിരുന്നു.
അടുക്കളയിൽ നിന്നും അച്ഛന്റെ വലിയ തൊണ്ടൻഗ്ലാസിൽ വെള്ളവുമായി വന്നു.
വായിൽ പതിയെ ഒഴിച്ചുകൊടുത്തു. ഇരുവശത്തുകൂടെയും കിടക്കയിലേക്ക് വെള്ളം വാർന്നൊലിച്ചു.
നൂലുകളുടെ വരയിളകിയ ചളിപുരണ്ട കുപ്പായത്തിൽ അവൻ തുടച്ചു.
നനഞ്ഞ തോർത്തിനാൽ അച്ഛന്റെ മുഖവും വായയും തുടച്ചു.
തുടയ്ക്കും തോറും കണ്ണുകൾ നനഞ്ഞു. അച്ഛന്റെ നെറ്റിയിൽ നെറ്റിയമർത്തി, നനഞ്ഞ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി. അമ്മയുടെ കൈകൾ തന്നെയും അച്ഛനെയും ചേർത്തുപിടിക്കാൻ വന്നിരുന്നെങ്കിലെന്നവൻ ആഗ്രഹിച്ചു.

സ്‌കൂളിലെ കഥകൾ അച്ഛനോടെന്നോളം ഉറക്കെ പറഞ്ഞു. ചുവന്ന മഷിപ്പാടുകളിൽ സ്വായത്തമാക്കിയ നേട്ടങ്ങൾ അച്ഛനുമുന്നിൽ തുറന്നുവച്ചു. നിശബ്ദതയുടെ കുപിതമായ ഗന്ധം അവന്റെ മുന്നിൽ മറഞ്ഞു.

'കുഞ്ഞേ' രാഘവൻ അടഞ്ഞസ്വരത്തിൽ വിളിച്ചു.
'എന്താ അച്ഛാ?'
'വഴിവെട്ടാൻ നീ പാകമായിട്ടില്ല, എങ്കിലും നിന്റെ വഴികൾ നീ തന്നെ വെട്ടിയെടുക്കണം. ഈ അച്ഛന് നോക്കി നിൽക്കാൻ മാത്രമേ കഴിയൂ.'

കണ്ണുകൾ ഉത്തരങ്ങളില്ലാതെ അച്ഛനിലേക്കിറങ്ങിച്ചെന്നു. സന്ധ്യയിൽ ചുവക്കുന്ന ആകാശം മുറിക്കകത്തേക്ക് കയറിവരുന്നത് നോക്കി അച്ഛന്റെ മുടികളിലും കൈകളിലും തടവി.
വിശന്ന വയറു തടവി അടുക്കളയിലേക്ക് നടന്നു.
കാലിയായ പാത്രങ്ങൾ പ്ലാവിൻ ചുവട്ടിലെ വെണ്ണീറുകൾക്കിടയിൽ കൂട്ടിമുട്ടുന്നു.
അടുക്കള വാതിൽപടികൾക്കുമേൽ വയറുതടവിയിരുന്നു.
വയലിലേക്ക് സൂര്യൻ ചുവന്നു താഴുന്നു.

മുഖത്തേക്ക് ഇളം ചൂടുവെള്ളം വന്നുവീണു.
വല്യമ്മ കിണറ്റിൻ പടവിൽ കുട്ടുവിനെ കുളിപ്പിക്കുന്നു. അവർ ഇടയ്ക്കിടയ്ക്ക് രാത്രിയിൽ കടല് കാണാനും സിനിമയ്ക്കും പോവാറുണ്ട്.
ആഗ്രഹങ്ങൾ വറ്റിയതുകൊണ്ട് കണ്ണുകളുടഞ്ഞില്ല, വയലിലേക്ക് മരപ്പാലം കയറിയിറങ്ങി.
തോട്ടിലെ ഒഴുക്കിന് അച്ഛന്റെ ചിരിയുടെ ശബ്ദമായിരുന്നു. പാറയിലേക്കടിക്കുന്ന ഒഴുക്കിന്റെ ശബ്ദം.

താഴ്ന്നിറങ്ങുന്ന സൂര്യന്റെ വെയിൽ വയലിലേക്ക് വീണു.
സന്ധ്യയിലെ ചുവന്ന വെയിലിനു അമ്മയുടെമണമാണ്. അമ്മയുടെ വറ്റിയ വിയർപ്പിന്റെ മണമാണ്. ചുണ്ടുകൾ വിറച്ചു.
അമ്മയുടെ വറ്റിയ വിയർപ്പിൽ ഈ വരമ്പിലൂടെ നടന്നിട്ടുള്ളതുമാത്രമാണ് ഓർമ്മ.
ഇളവെയിൽ ശരീരത്തെ കെട്ടിപ്പുണർന്നു. അമ്മയുടെ സ്നേഹമാണ്.
വൈകുന്നേരത്തെ വെയിൽ വീഴുന്ന വയലുകളിൽ അമ്മയുടെ കാലൊച്ചകൾ കേൾക്കാം.
അമ്മയെ മണത്തറിയാം. തലയിൽ വെളിച്ചെണ്ണ തടവി കുളിപ്പിക്കാൻ വെയിൽ ഇറങ്ങി വന്നിരുന്നെങ്കിൽ.
ഇരുട്ടിൽ വീട്ടിൽ നിന്നും ബലിഷ്ഠമായ ദൈവ വിളി.

ഇരുട്ടിൽ വീട്ടുമുറ്റത്ത് രാഘവന്റെ അമ്മ തെളിയിക്കുന്ന വിളക്കിനു ചുറ്റും മഴപ്പാറ്റകൾ എരിഞ്ഞു വീണു.
'രാമഃ രാമഃ ' വീട്ടിൽ മുഴങ്ങിക്കേട്ടു.
ഇരുട്ട് വീഴാത്ത പടിഞ്ഞാറിലേക്ക് നോക്കി, വെയിലുകൾ വറ്റുന്ന വയലുകളെ നോക്കി അവൻ വീട്ടിലേക്ക് നടന്നു.
വല്യമ്മയും വല്യച്ഛനും കുട്ടുവും കുന്നിൻ മുകളിലേക്ക് കയറി പോകുന്നത് മങ്ങിയ ഇരുട്ടിലും അവൻ കണ്ടു. വല്യച്ഛന്റെ ചുവന്ന നീളമുള്ള ടോർച് മിന്നി.
കണ്ണുകളടച്ചു, അടച്ച കണ്ണുകളിൽ നിന്നും കണ്ണുനീർ തുള്ളികൾ വയൽ വരമ്പിലേക്ക് വാർന്നു.
വറ്റുന്ന വെയിലിനോടൊപ്പം കണ്ണീരും വറ്റിത്തീർന്നു.
രാഘവന്റെ അലർച്ചയിൽ ഓടുകൾ പറന്നു. ഇരുട്ട് നഗ്നമായി.



(24 July 2017)

ഒളി

ചെയ്‌കുട്ട്യേടത്തിയും ജാനുവേടത്തിയും കിണറ്റിൻ കരയിലിരുന്നുകൊണ്ട് ഓർമ്മകളയവിറക്കി.
ഓർമ്മകളിൽ നടന്നുകയറിയ കാവിലെ പടികളും ഉറക്കമളച്ചിരുന്ന് കണ്ടുതീർത്ത ഉറഞ്ഞാടിയ കോലങ്ങളും കേട്ട കഥകളും പങ്കുവച്ച വിശേഷങ്ങളും വാർദ്ധക്യത്തിലും യൗവനത്തെ വിളിച്ചുകൊണ്ടിരുന്നു.

മുട്ടിനു തടവിക്കൊണ്ട് ജാനുവേടത്തി പറഞ്ഞു
'ല്ലാം ത്ര കൊല്ലായി ന്റെ ചെയ്യേ'

ഓല ചൂട്ടയും കത്തിച്ചുകൊണ്ട് കാവിലേക്ക് നിഴലുകൾ വരിവരിയായി വയൽക്കരയിലൂടെ നടന്നു നീങ്ങുന്നു. കുട്ടികൾ മത്സരിക്കുന്നു. തിരിച്ചുവരുന്ന പന്തങ്ങൾക്കിടയിൽ നിന്നും കുട്ടികളലറി. കണ്ടകർണ്ണന്റെയും കോമരത്തിന്റെയും കഥകൾ കൊച്ചുവിന്റെ കാതിലേക്ക് ഇടതടവില്ലാതെ ചെന്നിറങ്ങി.

കലശത്തിന്റെ പിന്നാലെ കാവിലേക്ക് ചെല്ലാൻ ആർപ്പുവിളികൾ കാതോർത്തു കിണറ്റിൻ കരയിൽ നിന്നുകൊണ്ട്  ജാനുവേടത്തിയുടെ കഥകൾക്ക് ഭാഗീകമായി ചെവികൊണ്ടു.
ഉയർന്നുപൊങ്ങുന്ന ബലൂണുകൾ.
തീ തുപ്പുന്ന പൊട്ടാസ് തോക്കുകൾ
ഇരുമ്പു പെട്ടിയിൽ തണുപ്പിച്ച ഐസ്ക്രീമുകൾ.
കാത്തിരിപ്പിൽ ആവശ്യങ്ങളുടെ പട്ടിക കൂടിക്കൊണ്ടിരുന്നു. ട്രൗസർ കീശയിൽ നിന്നും ചില്ലറത്തുട്ടുകൾ കിലുങ്ങി.

ആർപ്പു വിളികളിൽ താളം ആകാശത്തിലേക്കുയർന്നു.
കിണറ്റിൻ കരയിൽ നിന്നും കൊച്ചു വയൽക്കരയിലേക്കോടി.

"കുഞ്ഞാണ്യേടത്തി, ധാ ചെക്കൻ കലശത്തിന്റൊപ്പം പാഞ്ഞേക്കണ്"
ചെയ്‌കുട്ട്യേടത്തി കിണറ്റിൻ കരയിൽ നിന്നും ഉമ്മറത്തേക്ക് വിളിച്ചു പറഞ്ഞു.

കലശം തലയിലേന്തി അച്ഛാച്ചൻ ഉറഞ്ഞു തുള്ളുകയാണ്.
മേളം കാരണം വിളിച്ചിട്ടു കേട്ടില്ല. വിളക്കുകളും താളങ്ങളും അച്ഛാച്ഛനിൽ നിന്നുള്ള ദൂരം കൂട്ടി.
ആർപ്പു വിളികളിൽ കുരുത്തോല പന്തങ്ങൾ കൈകളിൽ നിന്നും ആകാശത്തെ ഇരുട്ടിലേക്ക് ഉയർന്നു പൊങ്ങി. വലിയ താലങ്ങൾ കൈകളിൽ നിന്നും കൈകളിലേക്ക് മാറിക്കൊണ്ടിരുന്നു.

കാലുകൾക്ക് വേഗതയില്ല.
പൊള്ളുന്ന തീ വെളിച്ചം തലയ്ക്ക് മുകളിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.
കാലുകൾ മുന്നിലേക്ക് നിരനിരയായി കടന്നു.
പന്തങ്ങൾ ദൂരേക്ക് നീങ്ങി. ഇരുട്ട് കയറിയ കണ്ണുകളിൽ ആകാശം മുഴച്ചു നിന്നു.
കലശത്തിന്റെ ആർപ്പു വിളികൾ കാതിൽ നിന്നും ഒഴിഞ്ഞുമാറി.
ഇരുട്ടിലെ പരപ്പിൽ വരമ്പിൽ നിന്നും വയലിലേക്ക് വെളുത്ത കുഞ്ഞികാലുകൾ പൂണ്ടിറങ്ങി.
നനഞ്ഞ കാലുകളിൽ ചളിപ്പാടുകൾ മുകളിലേക്ക് കയറി. കീറിയ നീലട്രൗസർ ചളി തൊട്ടു.
കഴുത്തോളം ചളിയിൽ ആണ്ടപ്പോൾ പേടിച്ചരണ്ടുകൊണ്ട് കൊച്ചു ഉറക്കെ നിലവിളിച്ചു.
കാലുകൾക്കും കൈകൾക്കും അനക്കമില്ലാതെ ചളിയിൽ ഉയർന്ന തലകൾ ഇരുണ്ട ആകാശത്തിലേക്ക് നോക്കി നിലവിളിച്ചുകൊണ്ടേയിരുന്നു.

കലശം കാവിലെ പടികൾ കയറി ഭഗവതിയുടെ നടയിലേക്ക് ആർപ്പുവിളികളുമായി നീങ്ങി.
മേലരിയുടെ അടുത്തായി വട്ടമിട്ടുകറങ്ങിയ കലശകോലം താഴെയിറക്കി വച്ചുകൊണ്ട് രാഘവൻ നെടുവീർപ്പിട്ടു. 'അമ്മേ ഭഗവതി'.
നെറ്റിയിൽ നിന്നും വിയർപ്പ് ഊഴ്ന്നിറങ്ങി.
തോളിൽ നിന്നും തോർത്ത്മുണ്ടെടുത്ത് മുഖം തുടച്ചു.

ഓലപ്പടക്കങ്ങൾ ഉരുണ്ടുകൂടിയ തീ ചക്രവാളങ്ങൾക്കിടയിൽ നിന്നും പൊട്ടിത്തെറിച്ചു.
ശബ്ദം കാതുകളെയടപ്പിച്ചു. തീയ് പുകതുപ്പി.
കലശവും രാഘവനും ആകാശത്തേക്കുയർന്നു. രാഘവന്റെ കലശമേന്തിയ ഇരുകൈകളും തൊഴുകൈയ്യോടെ ഭഗവതിയുടെ മുന്നിൽ വന്നുവീണു. ഉടലും തലയും താഴേക്കിറങ്ങാതെ അപ്രത്യക്ഷമായി.

ചൂട്ടയും അറ്റുവീണ ശരീരങ്ങളും കാവിൽ ഉറഞ്ഞുതുള്ളി.
കോമരം നിറഞ്ഞാടി.
അരയാലിലകൾ ചുവന്നു. വിളക്കുകൾ എണ്ണയില്ലാതെ കത്തികൊണ്ടിരുന്നു.
കീറിയ ചെണ്ടയിൽ നിന്നും കോലുകൾ മേളമിട്ടു. മേളത്തിനൊപ്പം ഉടവാളുമായി തമ്പുരാട്ടി ഇറങ്ങിവന്നു.
ദൈവം ആകാശത്തേക്ക് രാഘവന്റെ തലയന്വേഷിച്ചു പറന്നുപോയി. മലയൻ ഭ്രാന്തുപിടിച്ചുകൊണ്ട് ഉറഞ്ഞുതുള്ളി. മുടിയും ഭാരവും താങ്ങാൻ കഴിയാതെ മലയൻ നിലത്തുവീണു പിടച്ചു.

കിണറ്റിൻ കരയിൽ കാല് നീട്ടി വച്ചുകൊണ്ട് ചെയ്‌കുട്ട്യേടത്തി പറഞ്ഞു,
'തമ്പുരാട്ടി ഇറങ്ങികാണും അല്ലേ ജാനു.'
അറ്റമില്ലാത്ത ഇരുട്ടിലേക്ക് ജാനുവേട്ടത്തിയും ചെയ്‍ക്കുട്ടേടത്തിയും കണ്ണുകൾ നീട്ടിവച്ചു.
അകത്തുനിന്നും ഇറങ്ങിവന്നുകൊണ്ട് കുഞ്ഞാണി ചോദിച്ചു,
'ചെക്കുട്ട്യേ, മ്മക്ക് കാവിലേക്ക് നടന്നാലോ?'
'ആവൂല കുഞ്ഞാണിയെ... ആ ബയല് മൊത്തം ചളിയല്ലേപ്പാ.'

ആകാശത്തു തീക്കൂന സ്ഫടികം തീർത്തു. പുക ഇരുണ്ടു കൂടി.
കിണറ്റിൻ കരയിൽ നിന്നും കുഞ്ഞാണിയേട്ടത്തിയും ചെയ്‌കുട്ട്യേടത്തിയും ജാനുവേട്ടത്തിയും കണ്ണുകൾ തുറന്നുപിടിച്ചു.

കഴുത്തറ്റം ചളിയിൽ താഴ്ന്നുകൊണ്ട് കൊച്ചു ഒളിയിൽ വയലിലേക്ക് കത്തിയമരുന്ന തലകൾ വീഴുന്നതുകണ്ടു. വരമ്പിലൂടെ സർപ്പങ്ങൾ ഇഴഞ്ഞുമറഞ്ഞു.
കുത്തി കെടുത്തിയ ഓലച്ചൂട്ടുകൾ എരിഞ്ഞമർന്നു.

മലയന്റെ ഓള് വ്രതംനോറ്റ് മുറ്റത്തുകൂടെ ഉലാത്തി.
ആകാശത്തുയർന്നു പൊങ്ങിയ തീക്കൂനയിൽ ഇറയത്തു തൂങ്ങിയാടി തൂക്കുവിളക്കിന്റെ വെട്ടം കെട്ടടങ്ങി.
കാവ് ഉയർന്നുകത്തി. ഉറഞ്ഞുതുള്ളുന്ന തമ്പുരാട്ടിക്കായി കീറിയ ചെണ്ടകൾ താളമിട്ടുകൊണ്ടേയിരുന്നു.


(16 July 2017)
x

മിറാക്കിൾ

കാലറുത്തുമാറ്റി.
രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിലേക്ക് പോകാമെന്നു ഡോക്ടർ പറഞ്ഞു.
അനുഭവങ്ങൾ മതിയാവാത്തൊരു ഊരുതെണ്ടിക്ക് ഇതില്പരം ശിക്ഷയുണ്ടോ.

ദിവസങ്ങൾ കഴിഞ്ഞു.
സ്വന്തമായി കക്കൂസിൽ പോവാൻ കഴിയുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ ആശ്വാസം.
ചങ്ങലകൾ പൊട്ടിച്ചെറിയാൻ പഠിപ്പിച്ച അമ്മ, സ്വയം ചങ്ങല കുരുക്കിടുന്നു.
ഞാനൊരു ചങ്ങലയാണ്.
അനുജന്റെ, അച്ഛന്റെ, അമ്മയുടെ, കട്ടിലിന്റെ, ശരീരത്തിലും സമയത്തിലും കുരുക്കിട്ട തുരുമ്പ് പിടിക്കുന്നൊരു ചങ്ങല.

ദില്ലി നഗരത്തിൽ ബാങ്ങും മദ്യവുമായി ഡാൻസ്ബാറുകളിൽ രാത്രിയെ വെളുപ്പിക്കുമ്പോൾ ഈ മിറാക്കിൾ പ്രതീക്ഷിച്ചിരുന്നില്ല.
പെണ്ണ് കിട്ടിയിരുന്നെങ്കിൽ അവളുടെ കൈകളിൽ മാത്രം പടർന്നു തുരുമ്പുപിടിച്ചാൽ മതിയായിരുന്നു.
ഇന്നൊരു ദിവസം, നാളെയൊരു ദിവസം. ദിവസങ്ങൾ ഓരോന്നും ഇഴഞ്ഞു നീങ്ങുന്നു.
മുറ്റത്തു കാക്കകളില്ല. ആത്മഹത്യ ചെയ്താൽ ബലിച്ചോറുകൾ പോലും എച്ചിലായി മുറ്റത്തു കിടക്കും.

സ്റ്റീൽ കാൽ ഘടിപ്പിച്ചു, കഷ്ടിച്ച് അഞ്ചാറടി നടക്കാം.
ഇന്നലെയൊരു ദിവസം, ഇന്നൊരു ദിവസം. മുറ്റത്തുമുഴുവൻ നടന്നുകൊണ്ടേയിരുന്നു.
മുറ്റത്തെ ഉരുള കല്ലുകളിൽ കാലുകൾ എടുത്തുവച്ചുകൊണ്ട് സ്വയം പറഞ്ഞു,
ശ്രീ നഗറിലേക്കുള്ള കുന്നുകൾ.

ചതുപ്പിൽ ചവിട്ടി.
ഹാട്ടുപീക്കിലെ മഞ്ഞുമലയിൽ കാലുകൾ ആഴ്ന്നിറങ്ങി.
ഇലകൾ കറുത്ത ദേവദോർ മരത്തിന്റെ അറ്റത്തേക്ക് നോക്കി.
കമ്പുകൾ വളച്ചുവച്ച കൂട്ടിൽ നിന്നും കാക്കകൾ ഉയർന്നു പറക്കുന്നു. ബലി കാക്കകൾ.

മലകൾക്കപ്പുറം, ഊരറിയാത്ത ദിക്കിലേക്കൊരു തൂക്കുപാലം തൂങ്ങിയാടുന്നു.
ഒരറ്റം അരയിലും മറ്റേയറ്റം പാലത്തിന്റെ കമ്പിയിലും തൂക്കിയിടാനുള്ള ബെൽറ്റ്‌ സെക്യൂരിറ്റി കൈയിൽ വച്ചു തന്നു.

അനുഭവങ്ങൾക്കായി പരക്കം പായുന്നവൻ.
ജീവിതത്തോട് നിർവികാരികത ആയതുകൊണ്ടുതന്നെ സേഫ്റ്റിയുടെ ആവശ്യമുണ്ടെന്ന് തോന്നിയില്ല.
ബെൽറ്റ് വലിച്ചെറിഞ്ഞു, കാണാൻ പാകുന്ന ആഴം വരെ വീണു.
ഊരറിയാത്ത മലമുകളിലേക്ക് കയറിച്ചെല്ലണം എന്നൊരു ആഗ്രഹം മാത്രം ബാക്കി.

ബലമില്ലാത്ത വലതുകാൽ ഉലയുന്ന മരപ്പലകയിൽ ഉറപ്പിച്ചു വച്ചു. ഇരട്ടബലമുള്ള ഇടതുകാൽ മാറ്റിവച്ചു മുന്നോട്ടേക്ക് നടന്നു. കൈകൾ പതിയെ ഇരുമ്പു കമ്പികളിൽ നിന്നും മുന്നോട്ടേക്ക് നീങ്ങി. കൽപ്പിത കഥയിലെ കാടുകൾക്ക് മുകളിലൂടെ നരഭോജിയുടെ ശബ്ദങ്ങൾ ആക്രോശിച്ചു, തൂക്കുപാലം ആടിയുലഞ്ഞു.
ശ്രദ്ധ മരപ്പലകയിൽ മാത്രം തറച്ചു നിന്നു.

ഓരോ പലകയിലും ഉറച്ചു നിന്നു. മഞ്ഞുമൂടിയ അറ്റത്തേക്കും, അറ്റം കാണാതെ ഉയർന്നു നിൽക്കുന്ന മലമുകളിലേക്കും നോക്കി. ചങ്ങലകൾ തുരുമ്പിക്കാത്ത കിങ്കോർ പുഷ്പങ്ങൾ മൂടിയ ആകാശം.

പലകൾ മാറി മാറി ചവിട്ടി.
ബാധ്യതയാണെന്ന് ആരും പറഞ്ഞിരുന്നില്ല. വാക്കുകൾ കൊണ്ടുപോലും വെറുത്തിട്ടില്ല.
പക്ഷെ കാലത്തെ വെറുക്കേണ്ടിവരുന്നു.
കാലം മുന്നിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. കാലുകൾ ഓർമകളിൽ തട്ടിയപ്പോൾ വേഗതകുറഞ്ഞു. പലകയിലേക്ക് നീട്ടാൻ പറ്റാതെ കാലുകൾ താഴേക്കുവീണു.
തലച്ചോറിൽ ശൂന്യത കടന്നുപിടിച്ച നിമിഷങ്ങൾ കഴിഞ്ഞു കണ്ണുകളിൽ പ്രകാശം പതിയുമ്പോഴേക്കും ശരീരം താഴേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. മലയുടെ തല കുനിഞ്ഞെന്നപോലെ ആകാശത്തിൽ നിന്നും കിങ്കോറുകൾ പെയ്തു.

മിറാക്കിൾ!

മൂന്നാമത്തെ ജീവിതം എന്ന് മാത്രം ചിന്തിച്ചു. നിലവിളിച്ചില്ല, കണ്ണുകളടച്ചില്ല.
തൂക്കുപാലത്തിലെ പലകകളിലെ ചോരപ്പാടുകളിലേക്ക് മഞ്ഞുമലയിൽ നിന്നും വെയില് വീഴുന്നു.
അവസാനിക്കാത്ത കാഴ്ചകളിലേക്ക് ഇറങ്ങിചെന്നുകൊണ്ടേയിരിക്കുന്നു.

ബലികാക്കകൾ സാക്ഷികളായി.
നരഭോജികൾ അട്ടഹസിച്ചു.
കാറ്റ് ചോരപ്പാടുകളുടെ കഥകൾ പറയുന്നു.


(11 July 2017)