അകത്തളം

നനുത്ത ഓർമകൾക്ക് മുന്നിൽ ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വാരിയെറിഞ്ഞു കൊണ്ട് ഞാൻ മുറ്റത്ത്‌ നിന്നും കൌമാരതിലെക്ക് നടന്നു.

പക്ഷെ എങ്ങോട്ട് പോവും?

പൊട്ടിച്ചിരികൾ പങ്കിടുകയും, മതിൽകെട്ടുകൾ തീർക്കാതെ സ്വപ്‌നങ്ങൾ കാണുകയും ചെയ്‌ത ക്ലാസ് മുറികളിലേക്കൊ
അതോ ദാരിധ്ര്യം കൊണ്ട് കണ്ണ് നനക്കുകയും, സ്വപ്നങ്ങൾക്ക് നിയന്ത്രണം നൽകി പ്രാരാബ്ധങ്ങൾ മുഴുവൻ ഏറ്റു വാങ്ങുകയും ചെയ്‌ത പൊട്ടികരയാൻ പോലും കഴിയാതെ വന്ന അകതളങ്ങളിലേക്കൊ ,
അതോ, എന്നും കൂടെയുണ്ടായിരുന്നവൾ കത്തിയെരിയുന്നത് നോക്കി, ഉറക്കെ കരയാൻ പറ്റാതെ ആൾ കൂട്ടത്തിൽ തനിച്ചു നിൽക്കേണ്ടി വന്ന സ്മശാനതിലെക്കോ.

കാലു മുന്നോട്ടു വച്ചത് കരയാൻ പഠിപ്പിച്ച അകതളങ്ങളിലേക്കായിരുന്നു.
ചുവരിൽ ഒട്ടിച്ചു വച്ച ഒരു പിടി സിനിമാ പോസ്ററുകൾ, മേശയ്ക് മുകളിൽ പൊടി പിടിച്ചു കിടയ്ക്കുന്ന ലയ്ബ്രറിയിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ. പാഴായി പോയ സിനിമാ സ്വപ്നങ്ങളെ വീണ്ടും ഓർമപെടുതുകയാണ്.

അടുപ്പിൻ തട്ടിന്റെ അരികിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു
"സമയത്തെ പേടിക്കാതെ ഇനിയും നീ സ്വപ്നം കാണുക, ഇന്ന് നീ തനിച്ചാണ്, ഇനിയെങ്കിലും നിന്റെ സ്വപ്‌നങ്ങൾ പൊടി തട്ടിയെടുത് മുന്നിൽ വയ്ക്കുക."

അമ്മയുടെ ശബ്ദം എപ്പോഴും എനിക്ക് ദൈര്യമായിരുന്നു. അടുപ്പിന്റെ അരികിലേക്ക് ചെന്നു, ഇല്ല, കരിക്കട്ടയോ വെണ്ണീരോ ഒന്നുമില്ല.
ഇന്നും കണ്ണീരുണങ്ങാത്ത, ദിവസവും അമ്മ ഇരുന്നു കരയാറുള്ള അടുക്കള വാതിൽ പടികളിൽ കുറച്ചു സമയം ഇരുന്നു.

മുൻ ഭാഗത്ത്‌ നിന്നും അപ്പി കുട്ടൻ കയറി വന്നു, മുഖം കണ്ടാലറിയാം ഉള്ളിലെ വിശപ്പ്, അവൻ ചോറിനു വേണ്ടി കരഞ്ഞു. ഇന്നലെ രാത്രി അച്ഛൻ കഴിക്കാതെ വച്ച ചോറ് അമ്മ അവനു മുന്നിലേക്ക് നീട്ടി.
പിന്നാലെ കൊചൂട്ടനും. പക്ഷെ അവൻ ഒന്നും ചോദിച്ചില്ല, അടുക്കള പുറത്തെ കലത്തിൽ നിന്നും കുറച് വെള്ളം എടുത്തു കുടിച് അവൻ വിശപ്പകറ്റി. ഇത് കണ്ടു നിസ്സഹായനായി ഇരിക്കുന്ന എന്റെ മുഖത്തെ ദയനീയത ഞാൻ നേരിട്ട് കാണുന്നത് ആദ്യമായാണ്.

കൂടുതൽ ശബ്ദങ്ങൾ ഇല്ലാത്ത ആ അകത്തളത്തിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി, അല്ലെങ്കിലും വിശപ്പിന്റെ നിലവിളികൾക്കു മുന്നിൽ ആ അകത്തളം എപ്പോഴും നിശബ്ധമായിതന്നെ നിന്നിരുന്നു.
ഓണം അടുത്തതിനാൽ നാളെ മുതൽ തന്നെ മേസ്തരി വാർപ്പ പണിക്ക് വരാൻ പറഞ്ഞു. തീ ഇല്ലാത്ത അടുപ്പിൽ സ്വപ്‌നങ്ങൾ വലിച്ചെറിഞ്ഞ് സ്വന്തമായി ജോലി ചെയ്ത് പട്ടിണിയെ വെല്ലു വിളിച്ച നാളുകൾ ഒരു കൌമാരക്കാരന് എപ്പോഴും കണ്ണുനീരോടെയല്ലാതെ ഓർക്കാൻ കഴിയുമോ?

അടുക്കളയിൽ ബഹളം തുടങ്ങി, അടുപ്പിൽ നിന്ന് പുകയും, അമ്മയുടെ മുഖത് പുഞ്ചിരിയും വന്നു തുടങ്ങി. അപ്പിയെയും കൊച്ചുവിനെയും സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചു. അമ്മയ്ക്ക് പല വാഗ്ദ്ധനങ്ങളും നൽകി മുഖത്തെ സന്തോഷം നില നിർത്തി.

ഞാൻ ഇറയത്തെ ചവിട്ടു പടിയിൽ കുറച്ചു സമയം ഇരുന്നു. ഒരു നിമിഷം കണ്ണടച് കണ്ണീരിനെ ഒളിപ്പിക്കാൻ ശ്രമിച്ചു. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കാൻ ശ്രമിച്ച നാളുകൾ അനുവാദം കൂടാതെ ഓർമയിലേക്ക് കടന്നു വന്നു.

'ഏതോ ഒരു ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മേസ്തരി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഈ പടികളിൽ ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.'

ഈ ചവിട്ടു പടികളിൽ കൂടുതൽ സമയം ഇരുന്നാൽ ഓർമകളുടെ ഭാണ്ടകെട്ടുകൾ തുറന്നു വന്നേക്കും, ഞാനും അമ്മയും കൂടുതലും സംസാരിച്ചിട്ടുള്ളത് ഈ പടികളിലിരുന്നാണ്. ഞാനും അപ്പികുട്ടനും അടികഴിഞ്ഞിട്ടുള്ളതും, അച്ഛൻ കൊണ്ടുവരുന്ന ബെയ്ക്കറി പലഹാരങ്ങൾക്ക് വേണ്ടി കാത്തിരുന്നതും ഈ പടികളിലാണ്. എന്റെ ചോര ഒരുപാടുതവണ ആരും കാണാതെ കഴുകി കളഞ്ഞതും ഇതേ പടികളിൽ തന്നെ.

പിന്നിൽ നിന്ന് അമ്മ തൊട്ടു വിളിച്ചു കൊണ്ട് പറഞ്ഞു, പ്രണയത്തിന്റെ വേദനയിൽ ആരുംകാണാതെ രാത്രികളിൽ നീ ഒരു ഭ്രാന്തനെ പോലിരുന്ന് അവൾക്കു വേണ്ടി എഴുതി തീർത്ത കത്തുകൾ കട്ടിലിനടിയിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്. അതൊന്നു മറച്ചു നോക്കാതെ നിനക്ക് ഈ അകത്തളം വിട്ടിറങ്ങാൻ കഴിയുമോ എന്ന്.

പക്ഷെ, വേണ്ട. ആ കടലാസ് കഷണങ്ങൾക്ക് മരണത്തിന്റെ മണമാണ്. ഞാനത് എന്റെ തോൾ സഞ്ചിയിൽ എടുത്തു വച്ചു, ഹിമാലയത്തിന്റെ നെറുകയിൽ ചെന്ന് ഉറക്കെ നിർത്താതെ കരഞ്ഞു കൊണ്ട് മരിക്കാൻ എനിക്ക് ഈ കത്തുകൾ ചിലപ്പോൾ ആവിശ്യമായി വരും.

അമ്മയുടെയും, അച്ഛന്റെയും കൊച്ചുവിന്റെയും, അപ്പിയുടെയും ഓർമകളുള്ള; ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ പഠിപ്പിച്ച, കണ്ണീരിന്റെ, വിശപ്പിന്റെ വിലയെന്തെന്ന് പഠിപ്പിച്ച, സ്വപ്നങ്ങൾക്ക് വിശപ്പിനേക്കാളും വിലയില്ലെന്ന് തിരിച്ചറിഞ്ഞ ഈ അകത്തളം വിട്ട് ഞാൻ ഇറങ്ങുകയാണ്.

കൂട്ടിനു മരണത്തിന്റെ മണമുള്ള കടലാസ് കഷണങ്ങൾ മാത്രം.

മുറ്റം

അടച്ചിട്ട വാതിലിന്റെ മുന്നിലേക്ക് ഞാൻ എത്തിപെടുകയാണ്.

പ്രാരാബ്ധങ്ങളുടെയോ, ലഹരിയുടെയോ, പ്രണയതിന്റെയോ മണമില്ലാത്ത നനുത്ത സന്തോഷങ്ങൾ നിറഞ്ഞ ഓർമ്മകൾ മാത്രമുള്ള, എങ്ങോ ബന്ധങ്ങളുടെ കണ്ണികൾ പൊട്ടി തെറിക്കപെട്ടപ്പോൾ അടഞ്ഞു പോകേണ്ടി വന്ന ഈ ചിതലുപിടിച്ച വാതിൽ ഞാൻ തള്ളി തുറക്കുകയാണ്.

അകം മുഴുവൻ ചാണകത്തിന്റെ  മണം, പടിഞ്ഞിറ്റകത് ഞാൻ തെളിയിച്ച ദീപങ്ങൾ ഇന്നും അണഞ്ഞിട്ടില്ല. അടുക്കളപുറത്ത്  നിന്നും വരുന്ന മത്സ്യത്തിന്റെ മണത്തിനു പിറകെ ഞാൻ നടന്നു. അതെ, എങ്ങോ എന്നിൽ നിന്നും മാഞ്ഞുപോയ മുത്തശി; കിണറ്റിന്റെ  പടയിലിരുന്നു കാലിന്റെ മുന്നിലുള്ള കത്തികൊണ്ട് ഉച്ചക്ക് വേണ്ടുന്ന മത്സ്യകറിക്കുള്ള ഒരുക്കത്തിലാണ്, പുറകിലെ വളപ്പിൽ ദൂരെയായുള്ള അലക്കുകല്ലിൽ അമ്മ ആരോടൊക്കെയോ പിറ് പിറുത് വേഗത്തിൽ അലക്കി തീർക്കാനുള്ള തിരക്കിലും.

എന്നെയും, ഇചുലുവിനെയും, കുട്ടുവിനെയും വരിവരിയായി നിരത്തി വാഴകൾക്കിടയിൽ നിന്നും ഇളയമ്മ ചൂട് വെള്ളത്തിൽ കുളിപ്പിച്ച് കൊണ്ടിരിക്കുന്നു. മൂക്കിലേക്ക് ആ ഗന്ധം അടിച്ചു കയറുകയാണ്, ഇളം ചൂട് വെള്ളത്തിന്റെയും വെളിചെണ്ണയുടെയും ഗന്ധം എന്നെ കരയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പതിയെ മുറ്റത്തേക്ക് നടന്നു.

മുറ്റത്തെ തറയിൽ കത്തിച്ചുവെച്ച ദീപം അണഞ്ഞിരിക്കുന്നു, അത് കൊണ്ട് തന്നെയാവണം സനി പടിഞ്ഞിറ്റകതെ തൂക്കു വിളക്ക് എത്തി പിടിക്കാനുള്ള ശ്രമം നടത്തുന്നത്.

കുറ്റ്യാര പടിയിലിരുന്ന് സുരേശാപ്പൻ; ഇന്നൊരു മൂളി പാട്ട് പോലും പാടാൻ കഴിയാത്ത അപ്പികുട്ടനെ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
അപ്പുറത്തുള്ള കുറ്റ്യാര പടിയിൽ അച്ഛനും അച്ഛച്ചനും ഒരുമിച്ചിരുന്നു കള്ള് കുപ്പികൾ തീർത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ മുന്നിലെ കോപ്പയിൽ വച്ച എരുവ് തീരെ കുറയാത്ത, കുരുമുളകിന്റെ മണം തെറിക്കുന്ന ഇറച്ചി കറിയിൽ കയ്യിട്ടു വാരുന്ന കൊചൂട്ടനും. കൊചൂട്ടന് ഇന്നും എരുവ് കൂടുതലുള്ള കറികളോട് തന്നെയാണ് പ്രിയം.

എങ്ങോ, നഷ്ടപെട്ട പ്രണയത്തെ ഓർത്ത് കുടുംബവും കുട്ടികളും വേണ്ടെന്നു വച്ച സന്തോശാപ്പാൻ പിറകിലെ സയ്ക്കിളിനു രാത്രി പീടിക തിണ്ണയിലേക്ക് പോവാൻ ടയനാമോ പിടിപ്പിക്കുന്ന തിരിക്കിലാണ്. സന്തോശാപ്പാൻ കല്യാണം കഴിക്കാത്തത് കൊണ്ടല്ലേ ഞങ്ങൾക്ക് ഒരു കുഞ്ഞു വാവയെ കിട്ടാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ, തിരിച്ചു പറഞ്ഞ മറുപടി ഞാൻ ഇന്നും ഓർക്കുന്നു.

"വർഷങ്ങൾ കഴിഞ്ഞ് ഞാൻ അവളെ സ്വന്തമാക്കും, അന്ന് ചിലപ്പോൾ അവൾ വർധക്യതെ പൊരുതി തോൽപ്പിക്കുകയാവം, ചിലപ്പോൾ തെമ്മാടി കുഴിയിലെ ശവ കല്ലറയിലോ , പൊരുതപെടാനാവാത്ത പങ്കാളിയുടെ കൂടെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലോ ആയിരിക്കും.പക്ഷെ, അന്നവൾക്ക് എന്റെ പ്രണയത്തെ നിഷേധിക്കാൻ കഴിയാതെ വരും."
അന്ന് അതെനിക്ക് മനസ്സിലാവില്ലെന്നുള്ള ഉറപ്പിൻ മേലായിരിക്കും പറഞ്ഞു കാണുക,

മുന്നിൽ നിന്ന് ആരുടെയൊക്കെയോ ഒച്ചപാടുകൾ കേട്ട് ഞാൻ മുന്നാംപുറത്തേക്ക് തിരിച്ചു നടന്നു.

സന്ധ്യയായിട്ടും പശുവിനെ ആലയിലാക്കതത്തിന്റെ പേരിൽ അമ്മമ്മ അമ്മയെയും ഇളയമ്മമാരെയും ചീത്ത പറയുകയാണ്. മുറ്റം അടിച്ചു വാരിക്കൊണ്ടിരിക്കുന്ന രമ്യ അത് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു.

കുളിച്ചു കഴിഞ്ഞു മുഖത് മുഴുവൻ പൌഡർ വാരി പൂശിയ ഞാനും, ഇചുലുവും, കുട്ടുവും പടിഞ്ഞിറ്റകതെ ദൈവങ്ങളുടെ ഫോടോകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ തുടങ്ങി.  അവർ മൂന്നു പേർക്കും പിന്നിലായി നിന്ന് ഞാനും പ്രാർത്ഥിച്ചു.

"ദൈവമേ, ഈ ബാല്യം എനിക്ക് തിരിച്ചു നൽകൂ"

പിന്നിൽ നിന്നും ചിരിക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി,

അച്ഛനും, അച്ഛച്ചനും, അമ്മമ്മയും, അമ്മയും, ഞാനും, ഇചുലുവും, കുട്ടുവും, സുരേശാപ്പനും, സന്തോശാപ്പനും, ഇളയമ്മമാരും, രേമ്യെചിയും, എല്ലാവരും ഉറക്കെ എന്നെ കളിയാക്കി കൊണ്ട് ചിരിക്കുന്നു, ആ കളിയാക്കൽ എന്നെ കരയിപ്പിക്കുകയാണ്, ആരും കേൾക്കാത്ത ശബ്ദതാൽ ഞാൻ ഉറക്കെ കരയുകയാണ്.
തിരിച്ചു കിട്ടാത്ത ബാല്യവും, ചിതല് പിടിച്ച ഈ വാതിലുകളും ഇന്ന് ഒരു പോലെ പഴകി ദ്രവിക്കുകയാണ്.

എന്തുകൊണ്ട് എനിക്ക് ഇതൊക്കെ നഷ്ടപെടുന്നു?

അന്ന് ഇളയച്ചൻ പറഞ്ഞു തരുന്ന കഥകേട്ട് ഞങ്ങൾ ഒരുമിച്ച് കിടന്നുറങ്ങിയ പുൽപായകൾക്ക് എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ട? കണ്ണിമാങ്ങകൾ പൊറുക്കി നടക്കുംപോൾ തണലായ ആ മുത്തശിമാവിന്റെ തണലുകൾക്കും എന്നെ ഇന്ന് വേണ്ട, മുള്ളുകൾ കൊണ്ട് വേദനിപ്പിച്ച മുള്ളിക്ക ചെടികൾക്കും, തൊടുംബോൾ വാടി പരിഭവം കാണിച്ച തൊട്ടാവാടികൾക്കും, ഒരുപാട് വേദനിപ്പിച്ച അടുക്കളയിലെ കയിൽ പിടികൾക്കും, ആരും കാണാതെ ഒളിച്ചിരുന്ന കുള പടവുകൾക്കും, എത്തിപിടിക്കാൻ ശ്രമിച്ച ജനാല പടികൾക്കും, അടർത്തി നശിപ്പിക്കാൻ ശ്രമിച്ച മുറ്റത്തെ ചെക്കി ചെടികൾക്കും എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ടാതാകുന്നു?

പുനര്‍ജനി

എനിക്ക് പേടിയാണ്,

കാണുന്ന കാഴ്ചകളെയും, അനുഭവിക്കുന്ന സ്പർശനങ്ങളും, കാതടിപ്പിക്കുന്ന മുരളച്ചകളും എല്ലാം എനിക്ക് പേടിയാണ്.

ഒരു പക്ഷെ ഏറെ വര്‍ഷങ്ങളുടെ, ആവര്‍ത്തിക്കപ്പെട്ട വാക്കുകളുടെ, ശബ്ദങ്ങളുടെ, കനലുകളില്‍ ശ്വാസമൂതിക്കാച്ചി നീ പഴുപ്പിച്ചെടുത്ത പകയായിരിക്കാം ഇത്.

എനിക്കറിയാം.

നമ്മുടെ "പ്രണയം" ഒരു കാട്ടിക്കൂട്ടലായിരുന്നുവെന്ന്, വെറുമൊരു നാടകം മാത്രമായിരുന്നുവെന്ന് നീ എന്റെ കാതുകളിൽ ഉറക്കെ ചൊല്ലി, നിന്റെ ഡയറി താളുകളിൽ എഴുതിവച്, നിന്റെ ശരീരത്തെ ഞാൻ സ്വന്തമാക്കിയ അതെ ഇരുണ്ട മുറിയിൽ നീ ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയുംബോൾ ഉന്മാദത്തിന്‍റെ പരകോടിയില്‍നിന്നും വിഷാദത്തിന്‍റെ കടലാഴങ്ങളിലേയ്ക്ക് എന്നെ തള്ളി വിട്ടു ആർമാധിക്കാനായി.
എനിക്കും നിനക്കുമിടയിലെ മൗനത്തിനു പിന്നില്‍ പതുങ്ങിയിരിക്കുന്ന മരണത്തെ നീ കൂടു പിടിച്ചു.

പക്ഷെ, നിന്റെ ഓർമകളുടെ ഭാണ്ട കെട്ടുകളുമായി ഈ താഴ്‌വരയിൽ നിന്നും ധാഹ ജലം കിട്ടാത്ത മരുഭൂമിയിലേക്ക് മരണത്തെ തേടി അലയുകയാണ് ഞാൻ.
നീ എനിക്കു തന്ന വിഴുപ്പു പേറി ജീവിക്കാനുള്ള ത്രാണി ഇല്ലാതെയാവുകയാണ്.
ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയ്തവളെ, നിന്നിലേക്ക്‌ ഞാൻ വരികയാണ്, നാടകമെന്ന് പറഞ്ഞ പ്രണയത്തിന്റെ രക്തസാക്ഷിയായികൊണ്ട്. കാട്ടി കൂട്ടലായിരുന്നുവെന്നു പറഞ്ഞ പ്രണയത്തിന്റെ സത്യങ്ങളും പേറികൊണ്ട്.

പക്ഷെ, അതിനു മുന്നേ നമ്മൾ രാപാർത്ത ഗ്രാമങ്ങളിൽ ചെല്ലണം, അവിടെ ശേഷിച്ച നമ്മുടെ പ്രണയത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കി ഈ ഭാണ്ഡത്തിൽ നിറയ്ക്കണം, അതിലെ സത്യം നിന്നെ ഭോധിപ്പിക്കാനായി മാത്രം.

ഞാൻ വരച്ച നിന്റെ ചിത്രങ്ങൾ ചാരമായിരിക്കുകയാണ്, എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അതിന്റെ കൂടെ വെറും ചാരമായി മാത്രം അവശേഷിക്കുന്നു.

അതേ ഇരുണ്ടമുറിയിൽ, അതേ പുതപ്പുകൾക്കുള്ളിൽ, എന്റെ പ്രാണപ്രിയക്കുവേണ്ടി, ഞാനും ആത്മഹത്യ ചെയുകയാണ്.
പ്രിയേ നിന്നിലേക്ക്‌, സത്യമായ പ്രണയത്തിലേക്ക് ഞാൻ വീണ്ടും കടന്നു വരികയാണ്, നേരം പുലരുന്നതിനുമുന്‍പേ, കാവല്‍ക്കാര്‍ ഉണരുന്നതിനു മുന്‍പേ, നിന്റെ ജനലരികിൽ ഞാൻ വന്നെതിയിരിക്കും.മുഖം തിരിക്കാതിരിക്കുക.

പ്രണയിക്കാം!

പാറു,
നീ എന്റെ നെറ്റി തടത്തിൽ ഒന്ന് തലോടുമോ?

'നീ വീണ്ടും അനുവിന്റെ ഓർമകളിലേക്ക് തിരിച്ചു പോവുകയാണോ?'

എനിക്ക് കഴിയുന്നില്ല, അവളെ മറക്കാൻ. ഒരു വിതുംബലായി എന്നിലേക്ക് അവൾ തികട്ടി വരികയാണ്.

'ഇതാ, ഈ സിഗരറ്റു വലിക്കൂ, എന്നിട്ട് ആ പുക കൊണ്ട് എന്റെ ശരീരം മുഴുവൻ ചുംബിക്കുക.'

പാറു,

'ഉം.'

മറ്റൊരുത്തിയെ ജീവിതം മുഴുവൻ മനസ്സിൽ പേറുന്ന  എന്നെ നിനക്കെങ്ങന്നെ പ്രണയിക്കാൻ കഴിയുന്നു.

'ഞാൻ പ്രണയിക്കുന്നത് നിന്നെയല്ല, നിന്റെ കരി പിടിച്ച ചുണ്ടുകളാൽ നീ നൽകുന്ന ചുംബനങ്ങളെയോ , ഈ ചാര നിറമുള്ള ശരീരത്തെയോ അല്ല.'

പിന്നെ, നിനക്ക് പ്രണയിക്കാൻ മാത്രം എന്നിൽ എന്താണുള്ളത്?

'നീ അനുവിനെ പ്രണയിക്കുന്നത്, അവളുടെ ഓർമകളിൽ നീ നീറുന്നത്, എല്ലാവരെയും പ്രണയിക്കാൻ വെംബുന്ന ഈ മനസ്സ്. ഞാൻ ഓരോ നിമിഷവും നിന്നിലേക്ക്‌ അലിഞ്ഞില്ലാതവുകയാണ്.'

നീ നഗ്നമാവുക, നിന്റെ ശരീരത്തെ മുഴുവൻ ഇന്ന് എന്നിലേക്ക് ഞാൻ ആവാഹിക്കും.

'വേണ്ട, നിന്റെ മടിയിൽ തല വച് എനിക്ക് ഈ പുതപ്പിനുള്ളിൽ കണ്ണടച്ചിരുന്നാൽ മതി ഈ രാത്രി മുഴുവൻ. ഈ ഇരുട്ടുകൾക്ക് മാത്രം കാണാൻ കഴിയുന്ന എന്തോ ഒന്ന് ഞാനറിയുന്നു.
എന്നിലേക്ക് അനുരാഗം കത്തി പടരുകയാണ്.'

അടച്ചു വച്ച ഡയറി താളുകൾ തുറക്കാനുള്ള സമയമാണിത്.
എന്റെ കഴിഞ്ഞ വർഷങ്ങൾ മുഴുവൻ ഞാൻ നിന്നെ വായിച്ചു കേൾപ്പിക്കാം.

'എന്തിനു? നിന്റെ കൂടെ ഞാൻ ചേർന്നിരുന്ന ആദ്യ രാത്രിയിൽ തന്നെ എനിക്കതറിയാൻ കഴിഞ്ഞു. നിന്റെ പ്രണയം, അത് സത്യമുള്ളതാണ്.
പക്ഷെ നീ, നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയില്ല.'

'ഈ രാത്രി മുഴുവൻ നീ ഇരുന്നെഴുതണം. വാക്കുകൾ കിട്ടാതെ വരുംബോൾ എന്റെ മുലകളെ നീ കടിച്ചു കീറണം. എന്റെ ശരീരം മുഴുവൻ വാക്കുകൾ തിരഞ്ഞു നീ ഒഴുകണം.
അനുവിന്റെ പ്രണയവും, എന്റെ കാമവും, നിന്റെ കണ്ണുനീരും വാക്കുകൾ കൊണ്ട് വിസ് ഫോടനങ്ങൾ സ്രിഷ്ടിക്കട്ടെ.'

ഈ രാത്രി എനിക്ക് നിന്നെ വാക്കുകൾ കൊണ്ട് പീഡിപ്പിക്കാൻ തോന്നുകയാണ്, പക്ഷെ സ്വഭോധതാൽ എനിക്കതിനു കഴിയില്ലെന്ന് നിനക്കറിയാം. വരൂ, ദേവയാനിയുടെ പ്രിയപ്പെട്ട പുക ചുരുൾ നമുക്കിന്നു വലിച്ചു തീർക്കാം.
ലഹരിയുടെ അങ്ങേ അറ്റത്തേക്ക്, ലോകം നിശ്ചലമാവുന്ന നിമിഷതിലെക്ക് കയ് പിടിച് നടക്കാം.

'ഈ പുകയ്ക്ക് മറ്റു സിഗരറ്റുകളുടെ പുകയിൽ നിന്നുമുള്ള വ്യത്യാസം എന്താണെന്നറിയുമോ നിനക്ക്?'

ഇത് സത്യമാണ്, എത്ര വേദനിപ്പിക്കുന്ന സത്യങ്ങൾ ആയാലും അത് തുറന്നു പറയാനുള്ള ധൈര്യം എനിക്കും, കേൾക്കാനുള്ള ധൈര്യം നിനക്കും നല്കുന്നു.
പശ്ചാത്താപവും ഏറ്റു പറച്ചിലും കണ്ണീരിന്റെ സഹായമില്ലാതെ മന്ദമായി നടന്നു കൊണ്ടിര്ക്കുന്നു.

ഈ നാലു ചുവരുകൾക്കുള്ളിൽ നിന്നും പുറത്തേക്കു നീങ്ങാം,
ഇരുട്ടിന്റെ മറവിൽ നിന്നും വെളിച്ചത്തിലേക്ക് നീങ്ങുംബോൾ, പാറു - ഈ ലോകത്തിനു എന്നെ മാത്രമേ കാണാൻ കഴിയൂ. ഈ ലോകത്തിനു കാണാൻ പറ്റാത്ത വിധം നിന്നെ ഞാൻ ഒളിപ്പിചിരിക്കുകയാണ്.

'നല്ലത്, എനിക്ക് നിന്റേതു മാത്രമായാൽ മതി. നിന്റെ പ്രണയത്തിലേക്ക് ചുരുങ്ങാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ.'

അരുത്, പാറു.
അനു മരണം കൊണ്ട് എന്നെ വേദനിപ്പിചെങ്കിൽ നീ എന്നെ പ്രണയിച് വേദനിപ്പിക്കുകയാണ്,

'പ്രണയം ഒരു വലിയ തെറ്റാണ്, പക്ഷെ അതൊരു വലിയ സത്യം കൂടിയാവുംബോൾ എന്റെ നെഞ്ജ് പിടയുകയാണ്.'

പാറു,
നമുക്ക് എന്നെന്നേക്കുമായി പിരിഞ്ഞാലോ?
കോളറ കാലത്തെ പ്രണയത്തിൽ പറഞ്ഞത് പോലെ. "ഞാനും നീയും നിലനില്ക്കുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയാണ്,എന്ന് അറിഞ്ഞാൽ മാത്രം മതി എനിക്ക്"

'നിനക്കതിനു കഴിയുമോ?'

അറിയില്ല.

'പിരിയുന്ന അടുത്ത നിമിഷം, നീ എന്റെ മുലകൾക്കിടയിലെക്ക് തന്നെ വന്നണയും, കൂടുതൽ ശക്തിയായി.'

അത് തന്നെയാണ് എന്റെ പേടി.

'ഈ തണുപ്പിൽ, നമുക്ക് നിശബ്ദമായി നേരം വെളുപ്പിക്കം.
പ്രഭാതം പറയട്ടെ, അകലണോ വേണ്ടയോ എന്ന്.'

ഈ ഇരുട്ടിൽ തീരുമാനം എടുക്കുന്നത് അല്ലെ നല്ലത്.

'എങ്കിൽ വരൂ, മുറിയിലേക്ക് പോവാം. എനിക്ക് നിന്റെ ശരീരത്തെ മുഴുവൻ ചുംബിക്കണം.'

എന്നിലെ പ്രണയം അണ പൊട്ടി ഒഴുകാൻ തുടങ്ങുകയാണ്, സത്യതിനുമപ്പുറം പ്രണയം മനസ്സിനെ താറുമാറാക്ക്ന്ന മറ്റെന്തോ ഒന്നാണ്.

ഞാനെന്ന പുരുഷനെ മറക്കുക

പാറു, നിൻറെ ചുംബനത്തിൻറെ ഉപ്പുരസം എൻറെ ചുണ്ടുകളിൽ ഇനിയും വറ്റാതെ കിടക്കുന്നു,
മറ്റൊരു പ്രണയത്തിന്റെ പ്രതീക്ഷ പാകിയ നശിച്ച കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നിന്നെയെനിക്കുപെക്ഷിക്കേണ്ടി വന്നു. നീ പൊറുക്കുക.

നിന്നോളം എന്നെ കാമിക്കാൻ കഴിയില്ലൊരാൾക്കും, പ്രണയിക്കാനും. നീ എന്നിലേക്ക്‌ മടങ്ങി വരിക സഖീ.

- "നീ എന്റെ ആത്മാവ് ഭേധിചിരിക്കുന്നു, പകുതി യാതനയും, പകുതി പ്രത്യാശയും മാണിന്നുഞാൻ, ഞാൻ വൈകിപോയി എന്ന് പറയരുത്, അമൂല്യമായ ആ വികാരങ്ങൾ എനിക്ക് എന്നന്നേക്കുമായി നഷ്ടപെട്ടു. ഞാൻ വീണ്ടും എന്നെ നിനക്കായ്‌ നൽകാം, എന്റെ ഹൃദയം നീ ഒരിക്കൽ തകർത്തതാണെങ്കിൽ കൂടിയും. പേടിയില്ലാതെ പറയാം, പുരുഷൻ സ്ത്രീകളെകാളും  പെട്ടന്ന് മറക്കുന്നു. അവൻറെ പ്രണയം പെട്ടെന്ന് തന്നെ മരിക്കുന്നു., എനിക്കറിയാം. പക്ഷെ നിന്നെയല്ലാതെ ഞാൻ ആരെയും പ്രണയിച്ചില്ല"

'ഫെഡറികിനോട് ആൻ പറഞ്ഞ മറുപടി എനിക്ക് പറഞ്ഞു തന്നത് നീയാണ്.
നിൻറെ അസാനിധ്യം എന്റെ ഹൃദയത്തെ കത്തിയെരിക്കുകയാണ്, നീയെന്നിൽ വന്നലിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയായിരുന്നു ഓരോ നിമിഷവും.'

എനിക്ക് തെറ്റ് പറ്റിപോയി പാറു, ഞാൻ അകലം പാലിക്കരുതായിരുന്നു

'ഒരു പക്ഷെ നീ ചെയ്തത് ശെരിയായിരുന്നിരിക്കാം, ഇല്ലെങ്കിൽ ഈ ആഴം ഞാനും മനസ്സിലാക്കിലായിരുന്നു.'

വീണ്ടും നീ എന്നെ ന്യായീകരിക്കുന്നുവോ ?

'നിന്നെ ചുംബിച്ചത് പോലെ എനിക്ക് മറ്റൊരാളെയും ചുംബിക്കാൻ കഴിയില്ല. എൻറെ  മുലകളിൽ നീ തല വച്ച് കിടക്കുമ്പോഴും ഞാൻ അനുഭവിച്ച സുരക്ഷിതത്വം മറ്റൊരാളിൽ നിന്നും എനിക്ക് ലഭിക്കില്ല, നിൻറെ വാക്കുകളാൽ ഞാൻ അറിഞ്ഞ അനുരാഗം ഇല്ലാതായ കുറച്ചു ദിവസങ്ങൾ ഞാൻ മനസ്സിലാക്കിയത് സത്യങ്ങളായിരുന്നു. ഒരു പക്ഷെ മരണത്തിനു മുന്നിൽ ഞാൻ സ്വയം കീഴടങ്ങിയേനെ. എന്തോ, എനിക്കതിനു കഴിഞ്ഞില്ല.'

പക്ഷെ, ഈ സത്യങ്ങൾ മൂടിക്കെട്ടി പുതിയൊരു പ്രണയതിനായുള്ള പരക്കം പാച്ചലിലായിരുന്നു ഞാൻ.

'എനിക്കറിയാം, നിനക്കൊരിക്കലും പ്രണയിച് സംത്രപ്തനാവാൻ കഴിയില്ലയെന്ന്. അനുവിന് പകരം ആവില്ലല്ലോ ഞാൻ.
പുതിയ മനസ്സുകളെ തേടി നീ പ്രണയിച്ചു കൊണ്ടേയിരിക്കും. പക്ഷെ നീ ഒന്നറിയുക, ആ ഹൃദയത്തിൽ ഒരിടം എന്നും എനിക്കുള്ളതാണ്, നിൻറെ ചുണ്ടുകൾ അത് ഇപ്പോഴും എന്റെ ചുണ്ടുകൾക്ക് കൂടി നുണയുവാനുള്ളതാണ്. ഇനി ഒരുപക്ഷെ മറ്റൊരുവൾ വന്നെങ്കിൽ കൂടിയും.'

പാറു,

'ഉം'

നിനെക്കെന്നെ ശിക്ഷിക്കാം, എന്നിലെ വികാരത്തെ കടിഞ്ഞാണിടാൻ എനിക്ക് കഴിയാതെ പോയി

'മറ്റൊരുവളെ ചുംബിക്കാൻ നീ ആഗ്രഹിച്ചതും, അവളുടെ വാക്കുകൾ നിന്നെ മുറിവേൽപ്പിച്ചതും എനിക്കറിയാം. പക്ഷെ നീ ഒന്നോർക്കുക ഇതിനൊക്കെ മുകളിലായി മറ്റൊന്നുണ്ട് - പ്രണയം.'

ഞാനത് മനസ്സിലാക്കിയിരിക്കുന്നു പാറു. പ്രണയത്താൽ പൊതിഞ്ഞൊരു ചുംബനം, അത് നിനക്ക് മാത്രം നൽകാൻ കഴിയുന്ന ഒന്നാണ്.
ഈ രാത്രി മുഴുവൻ ഞാനത് നിനക്ക് തിരിച്ചു നൽകും, കണ്ണീരുവീണ് ഉപ്പുരസമായാൽ കൂടിയും.

'എൻറെ ശരീരവും മനസ്സും എന്നും നിനക്കുള്ളതാണ്.
നിൻറെ വികാരത്തെ മുറി  വേൽപ്പിക്കാതെ  തന്നെ നീ അവളെ പ്രണയിക്കുക, എന്നെയും പ്രണയിക്കുക ,അനുവിനെ പ്രണയിച്ച പോലെ '

ഹരിദ്വാർ

1191, തുലാം 27
ഹരിദ്വാർ


പ്രിയപ്പെട്ട പാറു,

കുടജാധ്രി ചിതമൂലയിൽ നിന്നും നീ എന്റെ ഒപ്പം തന്നെയുണ്ട്, പക്ഷെ ഇവിടെ ഈ ദുർഗന്ധങ്ങൾക്കിടയിൽ നിന്നെ ഞാൻ ഉപേക്ഷിക്കുകയാണ്. 
നീയും ഞാനും തമ്മിലുള്ള അകലം ഈ ഹരിദ്വാർ യാത്രകൊണ്ട് ഞാൻ തിരിച്ചറിയുകകയാണ്. നിന്റെ കൂടെയുള്ള യാത്രകളുടെ മുഴുവൻ ഓർമകളും ഇവിടം മുതൽ എനിക്ക് അന്യമാണ്. അതെ, ഇവിടെ ദുർഗന്ധങ്ങൾക്കിടയിൽ എനിക്ക് നിന്നെ ഉപേക്ഷിക്കേണ്ടി വരികയാണ്, നീ എന്നെ ശപിക്കുക.
കാവി വസ്ത്രം ധരിച്, എല്ലാ ഉത്തരവാധിതങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഈ മാനസ ദേവി ക്ഷേത്ര നടകളിൽ ഇവരുടെ കൂടെ വന്നിരിക്കാൻ എനിക്ക് കഴിയില്ല.
എന്റെ ഉത്തരവാധിതങ്ങളിൽ നിന്നും എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല, എനിക്ക് ഈ കാവി വസ്ത്രം ചേരില്ല; കാരണങ്ങൾ എന്തുമാവട്ടെ.

സ്വയം ജീവൻ ത്യജിച്ച സതി ദേവിയുടെ ക്ഷേത്രത്തിനു മുന്നിൽ, മുടന്തനായ അച്ഛനെ നോട്ടു മാലകൾ ചാർത്തിയ ശൂലതിന്റെ അരികിൽ നിർത്തി യാചിക്കുന്ന പന്ത്രണ്ടുകാരി അംബയെ നീയും കണ്ടതല്ലേ.
ആത്മഹത്യ ചെയ്ത് ദേവിയായി മാറിയ സതിയുടെ മുന്നിൽ നീ അടങ്ങുന്ന ആത്മീയതയിൽ മുങ്ങി കുളിച്ചവർ പണ കെട്ടുകളും, സ്വർണ നാണയങ്ങളും നിക്ഷേപിക്കുംബോൾ എനിക്ക് ദേവിയായി തോന്നിയത് അംബയെയാണ്, അംബയ്ക്  ഞാൻ എന്റെ മനസ്സിൽ വിഗ്രഹവും സൃഷ്ടിച്ചു കഴിഞ്ഞു.
അവൾ ദേവി പുത്രിയായി ജനിച്ചില്ല. അവൾക്കും അമ്മയുണ്ടായിരുന്നു, ചേച്ചിയും ചേട്ടനും അടങ്ങുന്ന കുടുംബമുണ്ടായിരുന്നു. ഇന്നവൾക്ക് മുടന്തനായ അച്ഛൻ മാത്രമേ ഉള്ളുവെങ്കിലും.
ഈ സ്വർണ മാളികയിൽ കുടിയിരിക്കുന്ന ദേവിയെക്കാളും  വികലാംഗനായ ഒരുവന് വേണ്ടി നിറ കണ്ണുകളോടെ യാചിക്കുന്ന അംബയെ പോലുള്ളവരെ സ്നേഹിക്കാൻ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
റോഡിൽ നിന്നും മലമുകളിൽ നിൽക്കുന്ന ദേവി ക്ഷേത്രത്തിൽ കാടുകളിലൂടെയുള്ള നടപ്പാതയിൽ കീർത്തനം മുഴക്കി പോകുന്ന കാവി വസ്ത്ര ധാരികൾക്ക് കൊടുക്കുന്ന കുടി വെള്ളം പോലും അംബയ്ക് കിട്ടാത്തത് ആത്മീയതയിലേക്ക് അവൾക്ക് കടന്നു ചെല്ലാനുള്ള പക്വത ഇല്ലാത്തതു കൊണ്ടല്ലേ. വിശപ്പിന്റെ  മുറ വിളികൾക്കിടയിൽ അവൾക്കെങ്ങനെ നിങ്ങളെ പോലെ മിഥ്യയായ ദേവിയിൽ വിശ്വാസം അർപ്പിക്കാൻ കഴിയും. അവൾ വിശ്വസിക്കുന്നത് സ്നേഹത്തിലും പണത്തിലുമാണ്, അത് അവൾ ജീവിതം കൊണ്ട് പഠിച്ചതാണ്. ആ പണം കണ്ടെത്താൻ അവൾക്ക് കയ് നീട്ടുക എന്നല്ലാതെ മറ്റു വഴികളില്ല, അത് അവളുടെ സാഹചര്യം, അവളെടുത്ത തീരുമാനം.

നിനക്കൊക്കെ ജോലി എടുത്ത് ജീവിച്ചോടെ എന്ന് പറഞ്ഞു അവളെ ആട്ടിയോടിച് , ക്ഷേത്രത്തിലേക്ക് കാട്ടിലൂടെയുള്ള വഴിയിലെ മരങ്ങളിൽ കെട്ടി തൂക്കിയ മണികൾ മുഴക്കി ആത്മീയ ഭ്രാന്ത് പ്രകടിപ്പിച്ച നീ ഭാരത് മാതായുടെ ആറു നിലയുള്ള ക്ഷേത്രത്തിലേക്ക് ആർപ്പു വിളിച്ചു കൊണ്ട് നീങ്ങുന്ന ഭക്തരുടെ കൂടെ നാല് കിലോമീറ്റർ കാട്ടിലൂടെ നടന്നു നേടിയതെന്താണ്.

അറിയാം, ജീവിതത്തിൽ നിന്ന് ഒളിച്ചോടി ഇവിടെ ഈ ദേവി സന്നിധിയിൽ വന്നിരിക്കുന്ന ആയിര കണക്കിന് കാവി ധാരികൾക്കും നിന്നെ പോലുള്ള ആത്മീയ വാധികൾക്കും ഇത് തിരിച്ചറിയാൻ കഴിയില്ല.
പക്ഷെ നീ മറ്റൊന്ന് കൂടിയറിയണം, ശാന്തികുഞ്ഞ് ആശ്രമാതിനടുത് ദേവി ഭക്തന്മാർ നടത്തുന്ന യോഗ കേമ്പിൽ നിന്നും ഭയം കൊണ്ട് നീ ഇറങ്ങി വരുംബോഴും,
കോയമ്പത്തൂരിൽ നിന്നും ഒളിച്ചോടി ഇവിടെ ശരീരം വിറ്റു ജീവിക്കുന്ന മൂന്നാം ലിംഗകാരിയായ മരുതയുടെ കൂടെ ഒരു ഭക്തരും പേടികൊണ്ട് ഇറങ്ങാത്ത ഗംഗയുടെ തനി സ്വരൂപം കാണിക്കുന്ന ഹരി കി പുരിയിലെ ഗംഗ തീരത്തോട് ചേർന്നുള്ള കാവി വസ്ത്ര ധാരികൾക്ക് ജീവിതത്തിലേക്ക് തിരിഞ്ഞു ചിന്തിക്കുമ്പോൾ അതൊഴിവാക്കാനായി ലഹരിയുടെ മറ പിടിക്കാൻ പുക ചുരുളുകൾ വിൽക്കുന്ന രാജസ്ഥാനിയുടെ കട തിണ്ണയിലാണ്  അംബ ജീവിക്കുന്നത്. അവൾ അവിടെ സുരക്ഷിതയാണ്, ആ വേശികൾക്കിടയിൽ അവളുടെ ശരീരവും സുരക്ഷിതമാണ്.

എന്നെങ്കിലുമൊരിക്കൽ നിനക്കേറ്റവും പ്രിയപ്പെട്ട വാരാണസിയിലോ ധനുഷ് കൊടിയിലോ നീ എന്നെ കണ്ടു മുട്ടിയേക്കാം, ആ ഒരു നിമിഷം ചിലപ്പോൾ ഞാൻ അന്ധനായി മാറിയേക്കും.
നീ ചുംബിച്ച, നിന്ടെ ചുണ്ടുകളുടെ നീര് വറ്റിയിട്ടില്ലാത്ത ചുവന്ന മണികൾക്ക് ചുറ്റും ഞാനും ചുംബിചിട്ടുണ്ട്, ആത്മീയത ഒട്ടും കലരാതൊരു ചുംബനം., അത് മാത്രമാണ് എനിക്ക് നിനക്കായ്‌ തരാനുള്ളത്‌.

എന്ന് സ്വന്തം
-

ഋഷികേശ്

1191, തുലാം 27
ഋഷികേശ്



പ്രിയപ്പെട്ട പാറു,

നിനക്കേറ്റവും പ്രിയപ്പെട്ടത് എന്ന് നീ പറയുന്ന കാവിവസ്ത്രധാരികൾ സ്വന്തമാക്കിയ ഋഷികേശിലേക്ക് നിന്നെയും കൂട്ടി അടുത്ത തണുപ്പ് കാലത്ത് ഞാൻ പോവാം.

പക്ഷെ, അവിടെ മലകൾക്ക് മുകളിലുള്ള നൂറു കണക്കിന് ക്ഷേത്രങ്ങളിൽ ഏതെങ്കിലും ക്ഷേത്രത്തിൽ നീ പോവണം. അല്ലെങ്കിൽ വേണ്ട, ഗംഗാ സ്‌നാനം കഴിഞ്ഞ് നിന്നെ പോലുള്ളവർക്ക് വൃബധ്ര ക്ഷേത്രമായിരിക്കും നല്ലത്.
ഞാനും നീയും ഒരു പാട് തവണ ശിവനും പാർവതിയുമായതല്ലെ. അത് കൊണ്ടുതന്നെ ശിവനും പാർവതിയും ഒരുമിച്ചുള്ള വൃബധ്രയിൽ തന്നെ നീ ചെന്നാൽ മതി.

നിൻറെ പ്രാർത്ഥന കഴിയുമ്പോഴേക്കും;
എല്ലാം നഷ്ടപെട്ട് ജീവിത ചിലവിനു വേണ്ടി അവിടെ രുദ്രാക്ഷം വിൽക്കുന്ന, ഏതെങ്കിലും ഉത്തരാഖണ്ഡ് മൂന്നാം ക്ലാസ് വേശിക്ക് ഞാൻ വില പറയാം.

അവളെ ഞാൻ ദേവയാനി എന്ന് വിളിക്കും. നിനക്ക് വെറുപ്പുള്ള ഒരേയൊരു പേര്.
എന്റെ കൈയിലുള്ള പണംകൊണ്ട് അവളുടെ കൈയിലുള്ള രുദ്രാക്ഷം മുഴുവൻ വാങ്ങി കാട്ടിലേക്ക് വലിച്ചു ചാടി മലയുടെ മുകളിലേക്ക്, കുടിയാലയിലെക്ക് കൊണ്ട് പോവും.

സംസാരിക്കും, ഋഷികേശിലെ നാറുന്ന തണുത്ത കാറ്റിനെ അനുഭവിക്കും, പരസ്യമായ് ഗംഗയെ ബലാൽക്കാരം ചെയുന്നത് നോക്കി നിൽക്കും. കാവിയുടെ മറവിൽ പൂർണ സ്വാതന്ത്ര്യം നേടിയിട്ടുള്ളവരുമായ് കലഹിക്കും.
അവളെ ഈ വൃത്തികെട്ട ജീവിതത്തിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും, വിദ്യാഭ്യാസം ദാനം ചെയും.
അപ്പോഴേക്കും അവൾക്കെന്നെ മടുക്കും. കാരണം, ഞാൻ അവൾക്ക് കൊടുത്ത പണം കാമിക്കാൻ വേണ്ടി മാത്രമാണ്  വിപ്ലവം സൃഷ്ടിക്കാൻ വേണ്ടിയല്ല എന്നവൾ തിരിച്ചറിയും.
ഒടുക്കം, എന്നിലെ നിശബ്ദതയിൽ നിന്നും അവൾ അകലം പാലിക്കും, കുടിയാലയിൽ നിന്നും അവൾ മലയിറങ്ങി രാമൻചൗളയിലെ നീല ഓട്ടോറിക്ഷയിൽ നിശബ്ദമല്ലാത്ത അവളുടെ ജീവിതത്തിലേക്ക് വീണ്ടും കുടിയേറും.

പക്ഷെ നീ തിരിച്ചറിയുന്നത്, ഗംഗാ സ്‌നാനം ചെയുമ്പോൾ മറഞ്ഞിരുന്ന് നിന്റെ ശരീരത്തെ കാമ വെറിയുമായ് നോക്കുന്ന കാവി വസ്ത്രധാരികളെയായിരിക്കും.
ഒരു നേരത്തെ വിശപ്പകറ്റാൻ കാവി വസ്ത്രധാരികൾ മലവിസർജനം നടത്തുന്ന ഗംഗയിലെ വെള്ളക്കല്ലുകൾ വിൽക്കുന്നവരെ നീ കാണും.
കണക്കില്ലാത്ത ഭിക്ഷാടകർ രാവിലെ ഇരിപ്പിടത്തിനു വേണ്ടി അടികൂടുന്നത് നീ കാണും.
ഭക്ഷണം തട്ടിയെടുത്തോടിയ ബാല്യങ്ങളെ മർധിക്കുന്ന ഹോട്ടലുടമകളെ നീ കാണും.

ഒടുക്കം മടുത്ത് ഋഷികേശിൽ നിന്നും തരിച്ചു പോകുവാൻ നീ എന്നെയും തിരഞ്ഞ് മലമുകളിലേക്ക് വരും, അവിടെ കമിതാക്കളും, കാമ വെറിയന്മാരും സൃഷ്ടിക്കാൻ ശ്രമിക്കുന്ന കലാ രൂപങ്ങൽക്കിടയിലൂടെ നീ കണ്ണടച്ചുകൊണ്ട് കുടിയാലയിലെക്ക് വരും, തിരിച്ചു പോകുവാൻ വേണ്ടി മാത്രം.
തിരിച്ചു മലയിറങ്ങുമ്പോൾ, നിന്നിലെ മതവും, ഭക്തിയും ഒക്കെ ഗംഗയിലേക്ക് വലിച്ചെറിഞ് നീ പരിശുദ്ധമായി തീരും.

എന്ന് സ്വന്തം,
-

ബാരാസ്-മെഹൽ

പാറു, എനിക്ക് നിന്നെ ചുംബിക്കണം.

ഇപ്പഴോ?

അല്ല, പുലർച്ചെ സൂര്യനെ സാക്ഷിയായ്‌!
ചുണ്ടിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞു തുള്ളികൾ ആ ചുംബനത്തിൽ പതിഞ്ഞ് വറ്റി തീരണം, ചുംബനത്തിന്റെ അവസാനം എനിക്ക് നിന്നെ കാമിക്കണം,
പ്രക്ര്തിയിൽ  അലിഞ്ഞ് അലിഞ്ഞ് മഞ്ഞിന്റെ കൂടെ നമ്മൾ ഒന്നായി മാറണം.
ആരുടേയും നോട്ടം പതിയാതെ, ഹാട്ടു പീക്കിലെ പേരറിയാത്ത ആ നീല പൂക്കളുടെ ഇടയിലൂടെ എനിക്ക് നിന്റെ കൈ പിടിച് നടക്കണം.
ദെവധൊർ മരത്തിന്റെ ചുവട്ടിൽ വയ്കുന്നേരങ്ങളിൽ പെയ്തിറങ്ങുന്ന ഹിമപാതത്തിൽ നിന്നെ കെട്ടിപിടിച് ഒരുപാട് നേരം കണ്ണടച്ചിരിക്കണം.

"അതെ, എനിക്കും ആൾക്കൂട്ടത്തിൽ നിന്നും മാറി, നിന്നെ പ്രണയിക്കണം.
പ്രണയിച്, പ്രണയിച് നീ എന്നിൽ, എന്റെ ഇരു മുലകൾക്കും ഇടയിൽ വന്നു ചേരണം."

പ്രഭാതത്തെ സാക്ഷിയാക്കി നാളെ ഞാൻ നിന്റെ കഴുത്തിൽ ബരാസ് പുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ മാല ചാർത്തി, നീ എന്റേത് മാത്രം എന്ന് ഈ ലോകത്തോട്‌ വിളിച്ചു പറയും.

"എങ്കിൽ, അവിടുത്തെ പാണ്ഡവരുടെ ക്ഷേത്രത്തിൽ എനിക്ക് തൊഴണം."

നിനക്ക് എന്തുമാവാം, ആ മാല നിന്റെ സ്വാതന്ത്ര്യത്തിനു മേലെയുള്ള വിലങ്ങുകളല്ല, പക്ഷെ നിന്നിലെ സ്നേഹം എനിക്ക് മാത്രം  എന്ന് നീ സത്യം ചെയ്യണം. അത് കേട്ട് ഹിമ പാതം പൊട്ടി വിരിയണം.

" നീ എന്നോട് മറച്ചു വയ്ക്കുന്നതെല്ലാം, ആ നിമിഷം തുറന്നു പറയുമോ?"

നിനക്കറിയാം, പാറു! ഞാൻ മറച്ചു വച്ചതായ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ മറന്നിരിക്കുന്നു.
എന്നിലെ കാമം മാത്രമാണ് ഞാൻ നീ അറിയാതെ സ്വയം ഭോഗിച് തീർത്തത്, നീ എന്റേത് മാത്രമാകുന്ന  നിമിഷം, ഞാൻ നിന്നെ കാമിക്കും.
മെഹൽ മരത്തിന്റെ മെത്തയിൽ നിന്നെ ഞാൻ നിന്നെ കാമിക്കും,  നിന്നിലെ ധ്രുവ ശരീരങ്ങൾ കൊടും തണുപ്പിലും വിയർതൊഴുകും, വിയർപ്പിനെ ബാരാസ് പുഷ്പ്പങ്ങൾ കൊണ്ട് ഒപ്പിയെടുത്ത് നിന്റെ ശരീരത്തിൽ മുഴുവനായും ഞാൻ ചുംബിക്കും, ചുണ്ടിലെ കരി പൂർണമായും ഇല്ലാതാവുന്നത് വരെ ചുംബിക്കും.

എന്നിട്ട്?

എന്നിട്ട്..
ഏതോ ഇരു പുഷ്പങ്ങൾ മുൻപൊരിക്കൽ പ്രണയിക്കാൻ വേണ്ടി തീർത്ത മെഹൽ ചെടികൾക്കിടയിലുള്ള കുടിലിൽ ഞാൻ നിന്നെ കൊണ്ടുപോവും,  അവിടെ ഒരു രാത്രി മുഴുവൻ തീ കൂനയുടെ അരണ്ട വെളിച്ചത്തിൽ നിന്റെ കണ്ണിലേക്ക് നോക്കി ഞാൻ പ്രണയിക്കും.

പുലർച്ചെ മെഹൽ പൂക്കളുടെ സുഗന്ധം പരക്കാൻ തുടങ്ങുന്ന നിമിഷം നിന്റെ ഇണയായി ഞാൻ മാറും, നീ എനിക്ക് സ്വന്തമായി മാറിയതിന്റെ ഓർമകളിൽ പിന്നീടുള്ള ഓരോ നിമിഷവും ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും, നിന്റെ മുലകളെ, കണ്ണുകളെ, നിന്റെ ശരീരത്തെ എല്ലാം ഞാൻ കാമിച്ചു കൊണ്ടേയിരിക്കും! ഞാൻ ബരാസ് പുഷ്പവും നീ മെഹൽ പുഷ്പവുമായി ഈ പ്രക്ര്തിയിൽ അലിഞ്ഞു തീരും.

ഓർമയും, ലഹരിയും പ്രയാണവും

പാറു, ഇന്നെനിക്ക് കരയേണ്ടി വന്നു, മുഴുവൻ ദിവസവും കരഞ്ഞു തീർത്തു.

എന്തിനെന്നല്ലേ? അറിയില്ല, രാവിലെ ഉറക്കം ഞെട്ടിയത് തന്നെ ചില ഓർമകൾക്ക് മുന്നിലാണ്. പോരാത്തതിന് ഇ വിഷുദിനത്തിൽ ഇത്രയും വലിയ നഗരത്തിൽ ഒറ്റപെട്ടു പോയവന്റെ വേദനയും.

കുറച്ചു ദിവസങ്ങളായ് എന്നെ ചില വേദനകൾ അലട്ടി കൊണ്ടിരിക്കുകയാണ്, പക്ഷെ അതെന്തെന്ന് എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.
സ്വപ്നങ്ങളിൽ എല്ലാത്തിനും അധിപനായി ജീവിച്ചിരിക്കുമ്പോൾ തന്നെ, ജീവിതത്തിൽ എങ്ങോ ഒറ്റപെട്ടു പോയവന്റെ വേദനയും എല്ലാവരും ക്രൂശിക്കപെടുന്നവനായും ഞാൻ മാറുന്നു, എന്നാൽ ആ സ്വപ്നത്തിൽ നിന്നും യാഥാർത്യത്തിലേക്കുള്ള ദൂരം ഒരു നിമിഷം പോലും ഇല്ല,
എങ്ങും മനസ്സിലാക്കാൻ പറ്റാതെ പോകുന്നു എന്റെ ജീവിതം.

എന്തെ പാറു എന്റെ ജീവിതം മാത്രം, ക്രൂശിക്കപെടുന്നത്?

'നിന്റെ ജീവിതത്തെ ക്രൂശിക്കുന്നത് നീ തന്നെയല്ലേ; എല്ലാവരും ഉണ്ടായിട്ടും ഒട്ടപ്പെട്ടവനായ് നിനക്ക് തോന്നുന്നു, ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ഒറ്റപെട്ടു എന്ന് വിളിച്ചു പറഞ്ഞു കരയുന്നവനെ ആൾക്കാർ ഭ്രാന്തൻ എന്നല്ലാതെ എന്ത് വിളിക്കാനാണ്'

ആൾക്കൂട്ടത്തിന് നടുവിൽ നിന്നിട്ട് കൂടി എനിക്കെന്തേ ഇങ്ങനെ തോന്നാൻ, ഞാനെന്തിനു എന്റെ ബാല്യത്തെ പോലെ കരയണം, എനിക്ക് പോലും എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ പാറു.

'നാട്ടിലെ വലിയ കുടുംബവും, എപ്പോഴും സ്നേഹം മാത്രം തരാൻ അറിയുന്ന അമ്മയുടെയും,അച്ഛന്റെയും ഇടയിൽ നിന്ന് നീ ഓടി വന്നതെന്തിന് എന്ന് ചിന്തിക്കു.
നിനക്കെന്ത് ചെറിയ ആവശ്യം വന്നാലും ഓടി നിന്റെ അടുക്കലെതുന്ന ആ നല്ല സൌഹൃദത്തെ മറന്ന് ഇവിടെ ഇ ഇരുണ്ട മുറിയിൽ ലഹരിയോടും വേശികളോടും മാത്രം അടുപ്പം നടിച് ഒളിച്ചിരിക്കുന്നതെന്തിന്.

തിരിച്ചുപോയ്, എല്ലാവരെയും ഒന്ന് കാണു, അവരും നിന്റെ തിരിച്ചു വരവിനായ് കാത്തിരിക്കുകയാണ്.
അമ്മയെ കെട്ടിപിടിച് ഒരു നിമിഷം ഒന്ന് കരയു, സുഹ്രത്ക്കളുമായ് ദിവസം മുഴുവൻ മഴയിൽ ആ പഴയ മോട്ടോർ ബയ്ക്കും എടുത്ത് മലകൾക്ക് മുകളിലേക്ക് പോവു, സമൂഹത്തിന്റെ ഒച്ചപാടുകളിൽ നിന്നും മാറി നിന്റെ ജീവിതത്തിലേക്ക് തിരിച്ചു പോവു.
അപ്പോൾ മനസ്സിലാകും, എന്താണ് നിന്റെ ജീവിതത്തെ ക്രൂശിക്കുന്നതെന്ന്.
സ്വാർഥത മാത്രം ഉള്ള ഇ നഗരത്തിൽ നിന്നെ പോലുള്ള ഒരാൾക്ക് കൂടുതൽകാലം പിടിച്ചു നിൽക്കാൻ പറ്റി എന്ന് വരില്ല.

ആയിരിക്കാം, എന്റെ നഷ്ടപെടലുകളുടെ വേദനയാവാം ഇന്നെന്നെ കരയിപ്പിച്ചത്, എനിക്കൊരിക്കലും അതൊരു ഭാധ്യതയായി തോന്നിയിരുന്നില്ല, ഞാൻ അവരെയൊക്കെ സ്നേഹിക്കുണ്ടായിരുന്നു, ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്.
പക്ഷെ എന്നെ കരയിപ്പിക്കുന്നത് അതല്ല, ചിലത് എനിക്കിപ്പോൾ ഭാധ്യതയായി തോന്നാൻ തുടങ്ങിയിരിക്കുന്നു, ഞാൻ സ്നേഹിച്ചിരുന്ന ജോലി, യാത്രകൾ, എന്തിന്; ഈ എഴുത്ത് പോലും മറ്റാർക്കോ വേണ്ടി ചെയുന്നത് പോലെ.

ഇ നുണ പോലും നീ എനിക്ക് വേണ്ടിയല്ലേ പറഞ്ഞത്?

നിന്നെ കരയിപ്പിക്കുന്നത് നിന്റെ ഓർമകളാണ്, അത് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എങ്ങനെ നിന്റെ സുഹ്ര്താകും, ഞാനടങ്ങുന്ന ഇവിടുങ്ങളിലെ സൌഹൃദമാണ് നിനക്കിപ്പോൾ ഭാധ്യതയായ് തോന്നുന്നത്.
ഈ നഗരങ്ങളിൽ നോട്ടു കെട്ടുകൾക്കല്ലാതെ  മറ്റൊന്നിനും ഒരു മൂല്യവുമില്ല, എല്ലാം നിലനില്പിന് വേണ്ടി നാട്യം നടിക്കുന്നവർ മാത്രമാണ്.
നീ നിന്റെ ഓർമകളിലെ ജീവിതത്തെ തിരിച്ചു കൊണ്ടുവരു, തിരിച്ചു പോവു, സ്നേഹിക്കാൻ വേണ്ടി മാത്രം അറിയാവുന്നവരുടെ ഇടയിലേക്ക്.

ഇതൊരുപക്ഷേ നമ്മൾ തമ്മിലുള്ള അവസാന സംഭാഷണമാവം, ഞാൻ ഇനി ഇവിടെ വന്നില്ലെന്ന് വരാം, കാരണം നിന്റെ തിരിച്ചു പോക്കാണ് ഞാൻ ആഗ്രഹിക്കുന്നത്. നീ സന്തോഷമായിരിക്കണം എവിടെ ആയാലും. എനിക്കതുമതി.

പാറു,

'എന്തെ?'

നിന്റെ ശിരസ്സിൽ ഞാനൊന്നു ചുംബിചോട്ടെ?

'ഉം'

നിന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു പാറു, നീയും എന്നെ പോലെ ഭീരുവാണോ?

'നമുക്ക് കുറച്ചു സമയം, ഇ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് കയറി ചെന്നാലോ? നീ എന്നും പറയുന്നത് പോലെ എല്ലാവരെകാളും മുകളിലേക്ക് ചെന്നാലോ? കഴിഞ്ഞ യാത്രയിൽ നീ എനിക്ക് തന്ന ആ നേപ്പാളിയൻ പുകയും വലിച് കുറച്ചു സമയം ഈ ലോകത്തില ഏറ്റവും ഉയരത്തിൽ നിന്ന്, വൃത്തികെട്ട ഈ നഗരത്തെ നമുക്ക് നോക്കി കാണാം.'

പാറു,

'ഉം'

ഈ നഗരത്തിനു എന്റേത് പോലെ ഒരുപാട് കഥകൾ പറയാനുണ്ടാവും അല്ലെ?

'ഉം, പക്ഷെ ഈ ലഹരിക്ക്‌ നിന്റെ കഥ മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ.'

എല്ലാ ലഹരിയും അങ്ങനെയാണ് പാറു, ഞങ്ങളാണ് ഏറ്റവും ഉയരത്തിൽ എന്ന് തെറ്റിദ്ധരിപ്പിക്കാൻ അവയ്ക്ക് കഴിയും, സ്വപ്‌നങ്ങൾ പോലെ. പക്ഷെ അവ കെട്ടിറങ്ങി സ്വബോധതാൽ ജീവിതത്തെ നോക്കി കാണുംബോൾ മാത്രമേ മനസ്സിലാവും ആരുടെ കാലിനടിയിലാണ് ഈ ജീവിതം ചവിട്ടിയരക്ക പെടുന്നതെന്ന്. പക്ഷെ ഒർമകളുടെ വെട്ടയാടലുകളിൽ നിന്നും രക്ഷപെടാൻ ഇതല്ലാതെ മറ്റെന്താ വഴി.

അനു, കാവ്, വിളക്ക്, കുളം.
എന്റെ മനസ്സ് വീണ്ടും ഒർമകളുടെ ഭാണ്ഡം അഴിക്കാൻ തുടങ്ങിയിരിക്കുന്നു. മതി പാറു, ഇനി എനിക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല, ഇറങ്ങാം എല്ലാവരെ കാളും താഴതെക്ക്.

'ഇനി നമ്മൾ കാണില്ല അല്ലെ?'

ചിലപ്പോൾ

'വേണ്ട, കാണേണ്ട...നിന്റെ പ്രയാണത്തിൽ ഞാൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്...'

ഇരുണ്ട പ്രണയം

ഇഷ,
ദിവസങ്ങളുടെ വേഗതയോടൊപ്പം വളരുന്ന ഇ സൗഹൃദതെ ഞാൻ ഭയക്കുന്നു. ഞാൻ വെറും ഒരു പുരുഷനാണ്,ഭാധ്യതകളുടെയും ആകുലതകളുടെയും നെടുവീർപ്പിൽ ഇരുട്ടിനെ സ്നേഹിച്ചു കൊണ്ട് കണ്ണടച്ചിരിക്കാൻ ഇഷ്ടപെടുന്നവൻ. കാമത്തെ വേർതിരിച് കാണാൻ കഴിയാത്തവൻ.
എന്റെ തോളിൽ ചാരി നിന്ന് ജോലി കാര്യങ്ങൾ നീ പറയുംബോഴും സംശയങ്ങളും നൊംബരങ്ങളും പങ്കു വെയ്ക്കുമ്പോഴും നീയും ഞാനുമറിയാതെ വളർന്നൊരു സൌഹൃദം ഞങ്ങൾക്കിടയിലുണ്ട്. ആ സൗഹൃദതെ നീയും ഭയപെടെണ്ടിയിരിക്കുന്നു.
നിൻറെ വറ്റിയ ചുണ്ടുകളിൽ നിന്നും വീഴുന്ന ഈ ചെറു പുഞ്ചിരി തുടക്കം മുതലേ എന്നിൽ പ്രണയം മുളപ്പിച്ചിരുന്നു, പക്ഷെ അതർഹിക്കാൻ, നിന്റെ സ്നേഹത്തെ അനുഭവിക്കാൻ മാത്രം യോഗ്യത എനിക്കില്ല എന്ന സത്യം നീ തിരിച്ചറിയണം.
പ്രണയവും സൌഹൃദവും എല്ലാം എനിക്കിന്ന് അന്യമാണ്, നിന്റെ കരങ്ങൾ എന്റെ ദേഹത് തൂവൽ സ്പർശമായ് പതിക്കുംബോൾ എന്നിൽ കത്തി പടരുന്നത് പ്രണയമല്ല, സിരകളിൽ പടരുന്ന കാമാഗ്നിയുടെ കണികകൾ നിന്റെ ശരീരത്തെ തേടി വരുന്നതാവം.

 "ആ കാമത്തിന്റെ കണികകൾ എന്നെ സ്പർശിക്കുന്നത് ഞാനറിയുന്നു, അതെനിക്ക് ഇഷ്ടമാണ്. ഒരു പക്ഷെ സ്നേഹത്തിലും ഉപരി, പ്രണയത്തിന്റെ കൊടുമുടികൾക്കും അപ്പുറം എനിക്കും നിന്നോട് തോന്നുന്നത് ഇതേ കാമം തന്നെയാണോ?"

അൽപ്പം മാത്രമുണ്ടായിരുന്ന സ്വപ്‌നങ്ങൾ, എരിയും ചിതയിലേക്ക് ഇടറി വീണ ആ നിമിഷങ്ങൾ എന്നിലേക്ക് തിരിച്ചു കൊണ്ട് വരുന്നു നിൻറെ ഓരോ സ്പർശവും.
ഇംബം ദാബത്യതിൽ  മാത്രം മതിയെന്ന് എന്നോ തീരുമാനിച് ഉറപ്പിച്ചതാണ് എങ്കിൽ കൂടിയും എന്നിലെ സിരകളിൽ ഒഴുകുന്ന പുരുഷ രക്തം നിന്നെ കാമിക്കാൻ പ്രേരിപ്പിക്കുകയാണ്. പക്ഷെ ചിതയിൽ വെന്തെരിഞ്ഞ ആദ്യ പ്രണയത്തിനു ഞാൻ കൊടുത്ത വാക്ക്, എന്നോടൊത്ത് ദാമ്പത്യം എന്നൊന്ന് സ്വപ്നം കണ്ടവൾ.

 "ആ വെന്തെരിഞ്ഞവളുടെ മനസ്സ് പരകായ പ്രവേശം ചെയ്ത ശരീരമാണിത് എന്ന്  നീ തിരിച്ചറിയണം, നിന്നോടോതുള്ള ദാമ്പത്യം എന്റെ മനസ്സ് എന്നെ തുടങ്ങി കഴിഞ്ഞു. പക്ഷെ എന്തിനാണ് നിന്റെ സിരകളിൽ ഒഴുകുന്ന വികാരത്തെ നീ പിടിച്ചു നിർത്തുന്നത്, അല്ലെങ്കിൽ മൂടി വെയ്കുന്നത്."

അതൊരു പ്രതീക്ഷയാണ്, എന്നെങ്കിലും ആദ്യ പ്രണയത്തിന്റെ മൊട്ടുകൾ ആവർത്തിക്കും എന്ന പ്രതീക്ഷ

 "എനിക്കറിയാം, സ്നേഹവും, പ്രണയവും കാമവും കഴിഞ്ഞ് മറ്റെന്തോ ഒരു ഭ്രാന്ത് ആയിരുന്നു നിനക്കവളോട്  അല്ലെ?"

ആ ഭ്രാന്ത് തന്നെയാണ് എനിക്കവളോട് തോന്നിയ പ്രണയം. അതേ ഭ്രാന്തിലെക്ക് തന്നെയാണ് വീണ്ടും നീ എന്നെ പിടിച്ചു വലിക്കുന്നത്.

 "ഏയ്‌ പുരുഷാ - എനിക്ക് നിന്നെ വേണം, നീ തരുന്ന സുരക്ഷിതത്വം വേണം, നിന്നിലെ ചൂടറിയണം"

അതുകൊണ്ട് തന്നെയായിരുന്നു ഇഷ ഞാൻ നിന്നെ ഭയപ്പെട്ടത്.
ഒരേ കൂരയ്ക് കീഴിൽ ഇത്രയും കാലം രണ്ടു ശരീരങ്ങളായ്  ജീവിച്ചിട്ടും നിൻറെ ശരീരത്തെ അറിയാനുള്ള ഭ്രമം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു, എന്നോ നഷ്ടപെട്ട ആ പഴയ കാല പ്രണയത്തിന്റെ സ്മരണകൾ മാത്രമായിരുന്നു നിൻറെ സാനിദ്ധ്യം.

പക്ഷെ ഇന്ന്
പാട വരംബുകളിലും തെങ്ങിൻ തോപ്പുകളിലു കാമമെന്തെന്നറിയാതെ എന്നോ ചെറുപുഞ്ചിരിയും പിണക്കവുമായ്  അലിഞ്ഞു തീർന്ന ആ മനോഹര പ്രണയത്തിന്റെ ഓർമകൾക്ക് പോലും നിൻറെ ശരീരത്തെ സ്വന്തമാക്കാനുള്ള ഭ്രമതിനു ഭംഗം വരുത്താൻ കഴിയുന്നില്ല.

ഇഷ, നിൻറെ ശരീരത്തെ ഞാനും പ്രണയിക്കുന്നു, നിന്റെ തലോടലുകൾക്കായ്‌ ഞാനും കൊതിക്കുന്നു.

 "നിന്റെ മനസ്സിന്റെ കെട്ടഴിച്ചു വിടൂ.. ആ കയ്കളിൽ പിടയാൻ മാത്രമാണ് ഞാൻ ഇന്ന് കൊതിക്കുന്നത്."

അതെ ഇഷ നീയും പ്രണയിക്കുകയാണ് എന്നെ പോലെ, നമ്മൾ തമ്മിലാണ് ചേരേണ്ടത് നമ്മൾ തമ്മിൽ മാത്രം. നമുക്ക് പ്രണയിക്കാം മതി മറന്ന്.
നമുക്ക് മാത്രം പരസ്പരം കാണാൻ പറ്റുന്ന ഈ ഇരുട്ടിൽ നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം, പക്ഷെ രതി കെട്ടഴിഞ്ഞിറങ്ങുമ്പോൾ 'നീ ആര്?' എന്ന് അവളെ പോലെ നീയും ചോദിക്കരുത് എന്ന് മാത്രം.

നംപൂതിരിയും നംപീശനും പിന്നെ ദുർയക്ഷിയും

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു, നിറമാല്യം കഴിഞ്ഞ് ഭക്തർക്ക് കൊടുത്ത പ്രസാദവും മറ്റും നിറച്ച പാത്രങ്ങൾ വൃതിയാക്കാതെ  കിണറ്റിന്റെ അരികെതന്നെ കിടയ്ക്കുന്നു, ആൾമറയില്ലാത്ത ആ ചെറിയ കിണറ്റിലേക്ക് എല്ലാം വലിച്ചെറിയാൻ നംപൂതിരിക്ക് തോന്നി. എന്തൊക്കെയോ പിറുപിറുതുകൊണ്ട് കീഴ് ശാന്തിയെ വിളിച്ചു.

'നംപീശ.. എടാ നംപീശ'

നിറമാലയ്ക്ക് വേണ്ടി തെളിയിച്ച നൂറ്റൊന്നു തൂക്കു വിളക്കുകൾ അഴിച് അകതെടുത്തു വയ്കുന്ന തിരക്കിൽ നിന്നും നമ്പൂതിരിയുടെ ദേഷ്യം കലർന്ന വിളി കേട്ട് നംപീശൻ കിണറ്റിൻ കരയിലെക്കോടി വന്നു.

'എന്തെ?' നംപീശൻ അൽപ്പം ദൂരെ നിന്ന് ചുറ്റും വീക്ഷിച്ചു കൊണ്ടൊരു ചോദ്യം.

'ഇ പാത്രങ്ങളൊക്കെ വൃത്തിയാക്കി അകതോട്ടു കൊണ്ടുവയ്ക്കാൻ ഉദ്ദേശം ഇല്ലേ ആവോ എന്നറിയാൻ വിളിച്ചതാണ്.'

'ഉണ്ട്, അടിയനൽപ്പം സമയം തന്നാലും തംബ്ര'

നംപീശൻ ഒരു കളി സ്വരത്തിൽ മറുപടി പറഞ്ഞ് പാത്രങ്ങൾ തൽക്കാലത്തേക്ക് കഴുകി വെക്കുന്നതിലെക്ക് ശ്രദ്ധ തിരിച്ചു, നംപീശനും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

നംപൂതിരിയെ കളിയാക്കുന്നതിൽ ഒരു പ്രത്യേക സുഖം കണ്ടെത്തിയ ആളായിരുന്നു നംപീശൻ. ഒരു കുഴി മടിയൻ, എങ്ങനേലും വയ്കിട്ട് ഗോപാലന്റെ ചാപ്പയിൽ ചെന്ന് ചെത്ത്‌കള്ള് കുടിച് പാട്ടും പാടി നടക്കണം, അല്ലെങ്കിൽ ആരെയെങ്കിലുമൊക്കെ ചീത്തവിളിച് നിരതിലോ കാട്ടിലോ കിടക്കണം. പക്ഷെ എവിടെ കിടന്നാലും എത്ര കുടിച്ചാലും പുലർച്ചെ ആറുമണിക്ക് നംപീശൻ ക്ഷേത്രത്തിൽ ഹാജറാവും.

'മതി ..ഇന്നിത്രയോക്കെ മതി..ഇനിയുള്ളത് നാളെ ലീല വന്ന് കഴുകി വച്ചുകൊള്ളും, അവൾക്കെന്ത ഈട വേറെ പണി'
പിറുപിറുതുകൊണ്ട് കൊണ്ട് പാത്രങ്ങളൊക്കെ നംപീശൻ അകത്തു കൊണ്ട് ചെന്ന് വച്ചു. തൂക്കു വിളക്കുകൾ എണ്ണി തിട്ടപെടുത്തി അകത്തുള്ള പട്ടികയിൽ കൊളുത്തി ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിൽ താക്കോലും  എടുത്ത് പുറത്തേക്കിറങ്ങി.

'നംപൂര്യേ..ഞാൻ ഇറങ്ങി'

"നിൽക്ക്യ, എന്നെ അത്രേടം വരെ ഒന്ന് കൊണ്ട് ചെന്നാക്ക്യ"

എത്രേടം വരെ? ദേഷ്യത്തിൽ നംപീശന്റെ ചോദ്യം.
എങ്ങനെയേലും ചെത്ത്‌കാരൻ ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിനിടയിൽ നംപൂതിരിയുടെ ആജ്ഞ നംപീശനെ ചൊടിപ്പിച്ചു.

നേരം ഇരുട്ടിയത് കാണുന്നില്ല എന്നുണ്ടോ?  ഇല്ലം വരെ കൊണ്ട് ചെന്നാക്ക്യ ഇല്ലാന്നു വച്ച ആ കാവിന്റെ പിറകിൽ വരെ.
ടോർചെടുക്കാൻ മറന്നിരിക്കന്നു.
നംപൂതിരി പറഞ്ഞത് കേട്ടില്ല എന്ന ഭാവത്തിൽ, കുപ്പായം തോളിലിട്ട് നംപീശൻ ഇറങ്ങി.

നേരം ഇരുട്ടി തുടങ്ങിയാൽ ഒറ്റയ്ക് ഇറങ്ങി നടക്കാൻ നംപൂതിരിക്ക് പേടിയാണ്, വയസ്സ് പത്തു മുപ്പത് ആയെങ്കിലും.
ഇരുട്ടിനെ മാത്രല്ല നായയും, പൂച്ചയെയും, എന്തിനേറെ പറയുന്നു അന്പല കുളത്തെ വരെ നംപൂതിരിക്ക് പേടിയാണ്. അത് കൊണ്ടുതന്നെ അരിംബ്ര പറംപിലെ ഒട്ടുമിക്കവരും നംപൂതിരിയെ കുരങ്ങു കളിപ്പിക്കുന്നതിൽ ഹരം കണ്ടെത്തിയവരായിരുന്നു. ഉടുത്ത കോണകം വെളിയിൽ കാണുന്ന നേരിയ മഞ്ഞ നിറത്തിലുള്ള മുണ്ട് മാത്രം ധരിച് രോമം നിറഞ്ഞ കുടവയറോട് കൂടി അരിംബ്ര പറംപിലെ മുരുകന്റെ അന്പലത്തിൽ  നേരം വെളുതുതുടങ്ങിയാൽ നമ്പൂതിരി നടന്നെതും, എത്തിയാലുടനെ കിണറ്റിലെ വെള്ളത്തിൽ കുളി കഴിച് അന്പല കുളത്തിൽ നിന്നും പേരിനു കുറച്ചു വെള്ളം കയ്കൊണ്ട് കോരി തല നനയ്ക്കും, കുളത്തിൽ നിന്നും കുളി കഴിഞ്ഞേ ശാന്തിക്കാരൻ പൂജ തുടങ്ങാവു എന്നൊരു നിബന്ധന ഉള്ളത് കൊണ്ട് മാത്രം.

നേരം രാത്രിയായി, എന്ത് ചെയണം  എന്നറിയാതെ നംപൂതിരി ആകെ പരിബ്രമിചിരിക്കുന്നു,
അന്പലത്തിന്റെ ഭാഗത്തേക്ക് ആരെങ്കിലുമൊക്കെ നടന്നു വരുന്നുണ്ടോ എന്നും നോക്കി ഇറങ്ങി ഇരു വശത്തേക്കും നോക്കി കൊണ്ടിരുന്നു.
സമയം കടന്നു പോയി കൊണ്ടിരുന്നു ആരും വന്നില്ല, ഇനിയും ഇവിടെ നിന്നാൽ കൂരിരുട്ടിൽ അന്പലത്തിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വരും നംപൂതിരിയുടെ ആദി കൂടി.

അന്പലത്തിൽ നിന്നും ഇല്ലത്തേക്ക് ചുറ്റുപറമ്പും, അയ്യപ്പൻ കാവും, മതിയാഴ്തെ കാടും കഴിഞ്ഞ് വേണം എത്താൻ.
നംപൂതിരിയുടെ നെഞ്ജിടിചൽ കൂടി, രോമ കൂപങ്ങളിൽ നിന്നും വിയർതൊഴുകാൻ തുടങ്ങി, തോളത്തിട്ട തോർത്ത്‌ കൊണ്ട് മുഖവും ദേഹവും തുടച്ചു.
പുറമംന്പലത്തിൽ കടന്ന് ഒരു ചിരട്ടയിൽ മെഴുകുതിരി കത്തിച്ചു പതിയെ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.
ദേഹം മുഴുവൻ വിയർത്ത് കുളിച്ചിരിക്കുന്നു, ഹൃധയമിടിപ്പ് പുറത്തു കേൾക്കാം, ഇടയ്ക്കിടയ്ക്ക് തോർത്ത്മുണ്ട് കൊണ്ട് മുഖം ഒപ്പി വേഗത്തിൽ തന്നെ നടന്നു.
ചുറ്റുപറമ്പ് കടന്നിരിക്കുന്നു, നംപൂതിരി തിരിഞ്ഞു നോക്കി ആശ്വാസ ശ്വാസം ഉള്ളിലേക്ക് വലിച് നെടുവീർപ്പിട്ടു. പക്ഷെ മുന്നിലെ അയ്യപ്പൻകാവ് ഹൃദയമിടിപ്പിന്റെ ശബ്ദവും വേഗം കൂട്ടി,
മുഴുവൻ വള്ളികളും, കാടും മൂടി കിടക്കുന്ന സർപ്പങ്ങളുടെയും കുറുക്കൻമാരുടെയും ആവാസ കേന്ദ്രം. കുറുക്കന്മാരുടെ ഓരി നംപൂതിരിയുടെ നടത്തത്തിന്റെ വേഗതയെ നിയന്ത്രിച്ചു.
കാവിലേക്ക് കടന്നതും കണ്ണുമടച് ശരവേഗത്തിൽ നമ്പൂതിരി നടന്നു, ഒരു ഇല നിലത്തു വീണാൽ കൂടി ഞെട്ടി തിരിഞ്ഞ് നോക്കി കൊണ്ട്.
കീരാൻകിരുങ്ങുകളുടെയും, കാറ്റിൽ ഉലയുന്ന വള്ളികൾ തട്ടിയുണ്ടാവുന്ന ശബ്ദവും നമ്പൂതിര്യുടെ ചെവിയിൽ ഭീകരമായ ശബ്ദം പോലെ പതിഞ്ഞു.

പേടിപ്പിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ
'ഹരേ മുരുകാ.. ഹരേ മുരുകാ'  ഉച്ഛത്തിൽ ജപിച്ചുകൊണ്ട് നമ്പൂതിരി മെഴുകുതിരി വെളിച്ചത്തിൽ കാണുന്ന വഴിയിലൂടെ നടന്നു, കണ്ണുകൾ തുറന്നു വഴിയിലൂടെ തന്നെ നടത്തം എന്നുറപ്പ് വരുത്തി വീണ്ടും കണ്ണുകൾ അടയ്കും, ജാതി ഇലകൾ ചില്ലകളിൽ തട്ടി നിലത്തു വീഴുന്ന ശബ്ദം തുലാവർഷത്തെ ഇടിയും മഴയും പോലെ തോന്നി.
കാറ്റിൽ ആടികൊണ്ടിരിക്കുന്ന വള്ളി - ഇല്ലതെത്താനുള്ള വെപ്രാളത്തോട നടക്കുന്ന നംപൂതിരിയുടെ  ദേഹത്ത് ചെറുതായ് ഒന്നുരസി, പക്ഷെ വേരിളകി തലയിൽ വീഴുന്ന ആൽമരം പോലെ  ഞെട്ടി വിറച്ചു കൊണ്ട് നംപൂതിരി തിരുഞ്ഞു നോക്കി, ആ ഞെട്ടലിൽ കയിലുള്ള ചിരട്ട താഴെ വീണു മെഴുകുതിരി അണഞ്ഞു.

എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഒന്ന് പകച്ചു, അയ്യപ്പൻ കാവ് കടന്നു കിട്ടാൻ ഇനി ഏകദേശം രണ്ടു നാഴിക ദൂരം. അത് കഴിഞ്ഞാൽ കോരന്റെ പുരയിൽ നിന്നും തീ വാങ്ങാം, പക്ഷെ ആ പുലയന്റെ പുരയിൽ കയറി തീ ചോധിക്കുന്നതെങ്ങനെ.

'ഇതിലും ഭേദം ഒരെട്ടടി മൂർഖന്റെ വിഷം തീണ്ടുന്നതാണെന്റെ മുരുകാ'
നംപൂതിരി സ്വയം ആകാശത്ത് നോക്കി പറഞ്ഞു.

തോർത്തുമുണ്ട് കൊണ്ട് മുഖവും ദേഹവും മുഴുവൻ ഒപ്പിയെടുതോന്നു പിഴിഞ്ഞു.
മരങ്ങൾക്കിടയിലൂടെ പാതി മറഞ്ഞുള്ള നിലാവിന്റെ വെളിച്ചത്തിൽ നംപൂതിരി മുന്നോട്ട് നീങ്ങി, കുറുക്കന്മാർ അലമുറ ഇടുംബോഴൊക്കെ അതിലും ശബ്ധത്തിൽ നിലവിളിച്ചു,
'രാമ ഹരേ കൃഷ്ണ ഹരേ' ഉറക്കെ തന്നെ ചൊല്ലി.

കുറച്ചു കൂടി മുന്നോട്ട് നീങ്ങി, കാതിൽ കൊലുസിന്റെ ശബ്ദം പതിയുന്നത് പോലെ നംപൂതിരിക്ക് തോന്നി, കാലു മുതൽ മുടിവരെ വിറച്ചുകൊണ്ടിരുന്നു.
അയ്യപ്പനെ മോഹിപ്പിക്കാൻ വന്ന മാളികപുറതമ്മയാണോ? അതോ കാവിലെ പാലകളിൽ നിന്നും രാത്രിയിറങ്ങി വരുന്ന ദുർയക്ഷിയോ, നമ്പൂതിരിയുടെ ചങ്കിടിപ്പ് കൂടി.
'ഹരേ മുരുകാ.. ഹരേ മുരുകാ' ഉറക്കെ ചൊല്ലി കൊണ്ടിരുന്ന നമ്പൂതിരി മാറ്റി ചൊല്ലി,
'സ്വാമി അയ്യപ്പോ ശരണമയ്യപ്പോ'

വിറയുന്ന കാലുകൾകൊണ്ട് വേഗത്തിൽ നടക്കാൻ നംപൂതിരിക്ക് കഴിയാതെയായി,
വീണ്ടും വീണ്ടും കൊലുസിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു കൊണ്ടിരിക്കുന്നു, അപസ്രുതികളിൽ ഒഴുകുന്ന സംഗീതവും കേൾക്കാൻ തുടങ്ങി.
ഇത് ദുർയക്ഷി തന്നെ നംപൂതിരി ഉറപ്പിച്ചു.
കീർത്തനങ്ങളുടെ ജപവും നംപൂതിരിയുടെ ശബ്ദവും ഉയർന്നുവന്നു, വിറയുന്ന കാലുകളാൽ കണ്ണടച്ചുകൊണ്ട് മുന്നോട്ടേക്ക് നടക്കാൻ ശ്രമിച്ചു.

പെട്ടന്ന്,
നംപൂതിരിയുടെ അലർച്ച കേട്ട് നിലത്തു വിരിച്ച തുണികളും കയ്കളിൽ വാരിയെടുത് നംപൂതിരിയുടെ മുന്നിലൂടെ നഗ്നമായൊരു ശരീരം ഒരു മിന്നായം പോലെ ഓടി മറഞ്ഞു.

'ദുർയക്ഷി.. ദുർയക്ഷി..' അലറിവിളിച് നംപൂതിരി വിറങ്ങലിച് അവിടെ ഭോധം കെട്ട് വീണു.

രാവിലെ, ഭോധം തെളിയുമ്പോൾ ഇല്ലതെ കട്ടിലിൽ ചുറ്റും ഒരു വിചിത്ര ജീവിയെ നോക്കുന്നത് പോലെ കുറെ മുഖങ്ങൾ കണ്ടുകൊണ്ടാണ് നംപൂതിരി ഉണരുന്നത്.
'ദുർയക്ഷി.. ദുർയക്ഷി.. നമ്പൂതിരി അലറി വിളിച്ചു'
ഒന്നും മനസ്സിലാവാതെ ഇല്ലത്തുള്ള ആൾക്കാർ മുഴുവൻ ചുറ്റും മുഖത്തോട് മുഖം നോക്കി. അതിനിടയിൽ, ആരോ മൊഴിഞ്ഞു നംപൂതിരിയുടെ ധേഹത് ഗുളികൻ കൂടി

പക്ഷെ പിറ്റേ ദിവസം രാത്രി ഗോപാലന്റെ ചെത്ത്‌ പുരയിൽ നിന്നും ഒരു ചിരട്ട കള്ള്  മോന്തികൊണ്ട് കൊണ്ട് നംപീശൻ പാടി

'കാവിൽ പെട്ടൊരു നംപൂരി
ഗുളികനേറ്റു വീണല്ലോ,
കിഴക്കേലെ അമ്മിണിയെ?
എന്ന് കിട്ടി നിനക്ക് ഈ ഗുളികൻ വേഷം,
ആരു തന്നെടി ഇ ഗുളികൻ വേഷം...'
....

നിർവികാരികത

നഷ്ടങ്ങൾ ഒരുപാടുണ്ട്, ചെയ്ത തെറ്റുകളും.
കൂടപ്പിറപ്പിനു നൽകാതെ ഒളിപ്പിച്ചു വച്ച പേരയിൽ തീർത്ത സ്വാർഥത മുതൽ ഉറ്റ കൂട്ടുകാരിയുടെ ശരീരത്തോട് തോന്നിയ കാമം വരെ ഉണങ്ങാത്ത മുറിവുകളാണ്.
ഒരു യാത്രയ്ക്ക്ക് നീ തയാറെടുക്കണം, ആ യാത്രയിൽ ചെയ്‌ത തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കണം.
പക്ഷെ അതെല്ലാം ന്യായീകരിക്കപെടേണ്ടതാണോ?
അല്ലെന്നുള്ള തിരിച്ചറിവുണ്ടാകുമ്പോൾ യാത്രയുടെ അവസാനനാൾ കുറിക്കണം. 
തെറ്റുകൾ സ്വന്തം മനസ്സിനോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിച് മാപ്പ് പറയണം.

ഓർമകളിൽ ചിതലരിച്ചവയും; ഓർമകളിൽ തങ്ങി നിൽക്കാതെ കുത്തൊഴുക്കിൽപെട്ട് നഷ്ടപെട്ടുപോയവയും തിരഞ്ഞു കണ്ടെത്തണം, മുന്നോട്ടുള്ള യാത്രയിൽ അവയെ കൂടെ കൂട്ടണം, മനസ്സിന്റെ കോണുകളിൽ നിന്നും നഷ്ടപെട്ടു പോയ ബാല്യവും, കൌമാരവും, കൂടപിറപ്പുകളുടെ സ്നേഹവും, സൌഹൃധങ്ങളും മനസ്സിലേക്ക് തിരിച്ചു കൊണ്ട് വരണം, നിന്നെ നീയാവാൻ കാത്തിരുന്ന മനസ്സുകളെ വീണ്ടും ഒർത്തെടുക്കണം.

ജന്മം മുതൽ യാത്രയുടെ അവസാനം വരെ തട്ടി മുറിവേൽപ്പിച്ച കരിങ്കൽ പാറകളെയും , മുറിവുണക്കിയ പച്ച മരുന്നുകളെയും തരംതിരിച് മാറ്റി നിർത്തണം. നീ എന്തായിരുന്നു എന്ന്, നിന്റെ കാപട്യങ്ങൾ എവിടെയായിരുന്നു എന്ന് നിനക്ക് ഭോധ്യമുണ്ടാവണം.

യാത്രയ്ക്കൊടുവിൽ -
സ്ത്രീയുടെ ശരീരത്തിന്റെ സഹായമില്ലാതെ മറ്റൊരു മനുഷ്യൻ ജന്മമെടുക്കണം, മലകളെയും പൂക്കളെയും മുറിവുണക്കിയ പച്ച മരുന്നുകളെയും നീ സ്നേഹിക്കണം, അവയ്ക്‌ തണലാവണം.
മിഥ്യയായ ആകാശത്തെയും മുറിവേൽപ്പിച്ച കരിങ്കൽ പാറകളെയും ആ കണ്ണുകളിൽ നിന്നും അകറ്റി നിർത്തണം.
യാത്രയവസാനിപ്പിച് ഈ മണ്ണിലേക്ക് വീണ്ടും തിരിച്ചു വരിക; നീ കണ്ടെത്തിയ നിന്നെ ഭ്രമണം ചെയ്യുന്ന മറ്റുള്ളവർക്ക് വേണ്ടി.

വർത്തമാനം

അരണ്ട വെളിച്ചം, മാർട്ടിൻ ഗാരിക്സിന്റെ ഡിജെ മ്യുസിക്, അപ്ഡേറ്റ് ചെയ്യാത്ത ഫേസ് ബുക്ക് വാൾ, എല്ലാം എഴുതാനുള്ള എന്റെ ആന്ധരിക തൃഷ്ണയെ വലിച്ചു പുറത്തേക്കിടുന്നു.

അവളുടെ മടിയിൽ നിന്നും എഴുനേറ്റ് ലാപ്പുമായി ഫ്ലാറ്റിന്റെ വരാന്തയിൽ ഒരു ചാര് കസേരയിട്ട് നഗരത്തിലെ വ്യത്യസ്ത നിറങ്ങളിൽ പരന്നുകിടക്കുന്ന വെളിച്ചം നോക്കി കുറെ സമയം ഇരിന്നു,
തലച്ചോറിൽ തങ്ങി കിടക്കുന്ന ക്ഷോഭിക്കുന്ന നുണകളെ എനിക്ക് ന്യായീകരിക്കണമായിരുന്നു,ചെയ്യുന്നതൊക്കെ ശെരി ആണെന്ന് എനിക്ക് എന്നെ ഭോധിപ്പിക്കണമായിരുന്നു, അത് കൊണ്ട്  എഴുതണം, പക്ഷെ എന്തെഴുതും?
എല്ലാവർക്കും, എന്റെ സത്യങ്ങളെകാളും ഇഷ്ടം എന്റെ നുണകളോടാണ്, അവൾക്കു പോലും.

ഹാങ്ങോവറിൽ തികട്ടി വരുന്ന രണ്ടു ദിവസത്തെ ഓർമ്മകൾ,
എല്ലാം കൊണ്ടും ദരിദ്രനായ ഞാൻ ജീവിക്കുന്ന രീതി, എന്റെ ചുറ്റുപാടുകൾ, നാട്ടിലെ ആർക്കും വേണ്ടാത്ത ഗ്രിഹാതുരത്വ ഓർമ്മകൾ...  ഒന്നും മനസ്സിലേക്ക് വരുന്നില്ല, ചാര് കസേരയിൽ കാല് മുകളിലേക്ക് കയറ്റി വച് ഒരു സിഗ്രട്ട് ആഞ്ഞു പുകച്ചു.

അവളുടെ മുന്നിൽ ഞാനൊരു എഴുതുകാരൻ ആയി മാറാൻ ശ്രമിക്കുകയാണ്.
ഭൂതം ഇനി വേണ്ട, വർത്തമാനം തന്നെ ആവാം, പക്ഷെ എവിടെ തുടങ്ങും?
എന്തായാലും ഞാനൊരു പകൽ മാന്യൻ അല്ലെ, എല്ലാം അങ്ങനെ പുറത്തു പറയാൻ പറ്റുമോ,

ലാപ്‌ടോപ്‌ താഴെ വച്ചു,
മതി, ആന്ധരികത്രിഷ്ണയോടു പോയ്‌ നാളെ വരാൻ പറഞ്ഞു.
അവളുടെ ശരീരത്തെ ഞാൻ സ്വന്തമാക്കി,
ഞാൻ അവളെ നെഞ്ചോടു ചേർത്ത് പരിരംബനം ചെയ്തുകൊണ്ട് എന്റെ സ്നേഹം പ്രകടിപ്പിച്ചു,
അവളുടെ കണ്ണുകൾ നിറഞ്ഞുനിൽക്കുന്നു, സിന്ദൂരം വീണ ചുണ്ടുകൾ കമ്പനം ചെയ്യുന്നു, ആ നനഞ്ഞ മുടികൾ ഞാൻ എന്റെ മുഖത്തോട് ചേർത്ത് വച്ചു, വിയർപ്പിന്റെ മധുരം നുണഞ്ഞു, മയിലാഞ്ചി പുരട്ടിയ അവളുടെ വിരലുകൾ എന്റെ ശരീരം മുഴുവൻ  നൃത്തം ചെയ്യാൻ തുടങ്ങി,

എന്നെ പോലെ മുഷിഞ്ഞ ചാര നിറമായിരുന്നില്ല അവളുടെ ശരീരത്തിന്, മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി മാത്രം കാണാൻ കഴിഞ്ഞേക്കാവുന്ന മഞ്ഞു കട്ട പോലെ തണുത്തുറഞ്ഞ ആ ശരീരം കുറെ സമയം നെഞ്ചോടു ചേർത്ത് വച്ചു, എന്റെ വാക്കുകൾ അവളെ മുറിവേൽപ്പിക്കും ഞാൻ വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിച്ചു,
അവളുടെ കണ്ണുകൾ ചുവന്നു, ആ കണ്ണീർ എന്റെ ചുണ്ടുകളിലേക്ക് വീണു നെറ്റിയിലെ സിന്ദൂരത്തിനു താഴെ ഞാൻ ചുംബിച്ചു, എന്റെ ചുണ്ടുകളിൽ ഒട്ടിയ സിന്ദൂരത്തിന്റെ മധുരം ഞാൻ അവൾക്ക് അറിയിച്ചു!

കാലഹരണപെട്ട് പോയ പ്രണയം പോലെ ഈ നിമിഷങ്ങളും മാറും എന്ന് എനിക്കറിയാമായിരുന്നു.

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു, സ്ത്രീ അപലയും  ചപലയുമാണ്,  പക്ഷെ അതവൾക്ക് സമ്മതിച്ചു തരാൻ കഴിഞ്ഞില്ല, അവൾ വാദിച്ചു,
പക്ഷെ ആ ചുണ്ടുകൾ പതുക്കെ എന്റെ ചുണ്ടുകളുമായ് മുട്ടിച്ചപ്പോൾ അവളുടെ വാദം നിന്നു. എന്റെ ബുദ്ധിജീവി പ്രതിച്ചായ കളയാൻ എനിക്ക് തോന്നിയില്ല. സ്ത്രീ അപലയും  ചപലയും തന്നെയാണ്, ഞാൻ അവളെ വിശ്വസിപ്പിച്ചു.
പക്ഷെ എന്റെ ഡയറിയിൽ ഉള്ള ഓരോ നിമിഷവും ഇവളുടെ വാക്കുകളും സ്വപ്ന ദർശനങ്ങളും മാത്രമാണ്, എന്റെ ഡയറിയിൽ ഇടം നേടിയ ആദ്യ സ്ത്രീ!

ഇരുണ്ട മുറിയുടെ വാതിൽപടികൾ പിന്നിടാൻ അവൾ ശ്രമിച്ചു പക്ഷെ ഈ ഒരു രാത്രി അവളെ തനിച്ചു വിടാൻ എനിക്ക് തോന്നിയില്ല,
അവളുടെ സാന്നിധ്യം എപ്പോഴും എന്നെ എഴുതാൻ പ്രേരിപ്പിച്ചു, ഞാനും അവളും കിടക്കയിൽ ചേർന്നിരുന്നു, എന്റെ വിരലുകൾ വീണ്ടും അവളുടെ കഴുത്തിലേക്ക്‌ പതിയെ നടന്നു, അവളുടെ ഹൃദയത്തിൽ സത്യത്തിന്റെയും വിശ്വാസത്തിന്റെയും കണികകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ശബ്ദം ഞാൻ കേട്ടു

നാലുവാതിൽ പടികൾ

അലക്കാൻ തോട്ടിൻ കരയിലേക്ക് ബക്കറ്റും തുണികളുമായി പോകുന്ന അമ്മയുടെ കൂടെ ഇറങ്ങാൻ വാശി പിടിച്ചത് കൊണ്ടാണ് അവനെ കാണാതെ പുറത്തേക്കിറങ്ങി അമ്മ വാതിലടക്കാൻ ശ്രമിച്ചത്, പക്ഷെ, നാല് കതകുള്ള അടുക്കള വാതിലിന്റെ കട്ടില പടിയിൽ വിരൽ ഇറുങ്ങി ചതഞ്ഞപ്പോൾ ഉയർന്ന ശബ്ദത്തിനു അവനെക്കളും ഭാരമുണ്ടായിരുന്നു, അല്ലെങ്കിലും വേദന കൊണ്ട് പുളയുന്ന ശബ്ദത്തിനു ഗാംബീര്യം കൂടും.
അവൻ കരയുന്ന ശബ്ദം കേട്ടാൽ അടുത്ത് വന്ന ആശ്വസിപ്പിക്കുവാൻ അന്ന് ഒരുപാടാളുകൾ ചുറ്റുമുണ്ടായിരുന്നു, അതുകൊണ്ടാണല്ലോ വിളക്കുകൾ തുടച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മൂമ്മയും, താടിയും മുടിയും കണ്ണാടിയിൽ നോക്കി വൃത്തിയാക്കുന്നതിനിടെ ഇളയച്ചനും ഓടി വന്നത്.
ഒടുക്കം കയിലുണ്ടായിരുന്ന വിളക്കുതിരിയെടുത് അമ്മൂമ്മ ചോരപാടുകൾ തുടച്ചു കളഞ്ഞ് വിരലിൽ ചോര പോടിയാതിരിക്കാൻ മുറ്റത്തെ തുളസി ചതച് മറ്റൊരു തുണികൊണ്ട് അമർത്തി കെട്ടി തന്നു.
അപ്പോഴും അവനു തോട്ടിൻ വക്കതെക്കൊടാനുള്ള തിരക്കായിരുന്നു, പീടികയിലേക്ക് ഇറങ്ങാൻ നിന്ന ഇളയച്ചൻ തോട്ടിൻ വക്കത് വരെ അവനെ കൊണ്ട് ചെന്നാകി, ആഗ്രഹങ്ങളെ ഒരിക്കലും നിയന്ത്രിച് നിർത്തരുത് എന്നുമാത്രമേ അന്ന് മുഖത്ത് നോക്കി ഇളയച്ചൻ പറഞ്ഞിരുന്നുള്ളൂ.

അമ്മ തോട്ടിലെ വെള്ളത്തിൽ തുണികൾ ഓരോന്നായ് എടുതലക്കാൻ തുടങ്ങിയപ്പോഴേക്കും; കമ്മ്യൂണിസ്റ്റ് പച്ചയെ നീളമുള്ള ഒരു വടികൊണ്ട്  തേജോ വധം ചെയ്തും, കാഞ്ഞിരത്തിന്റെ കായ പിറക്കി വെള്ളത്തിലേക്ക് എറിഞ്ഞും , അവൻ മറ്റ് എന്തിലോക്കെയോ മുഴുങ്ങി സമയം കളഞ്ഞു കൊണ്ടിരുന്നു.
തോട്ടിൻ കരയിലേക്കടിക്കുന്ന പാലപ്പൂക്കളുടെ സുഖന്ധവും, ചുറ്റുകാവിൽ നിന്ന് വരുന്ന ചന്ദന തിരികളുടെ സുഖന്ധവും എല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ -
മുടന്തിയായ ഒരു സ്ത്രീ ബക്കറ്റും തുണിയുമായ് വരുന്നത് അവൻ ശ്രദ്ധിച്ചു, കൂടെ ബസ്മകുറി തൊട്ട് കുളിച് സുന്ദരിയായ ഒരു പെണ്‍കുട്ടിയും,
ആ സ്ത്രീയുടെ കയ് പിടിച് എന്തൊക്കയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്, ആ സ്ത്രീ തോട്ടിലേക്ക് തുണികളുമായി ഇറങ്ങിയ സമയം ഉടുപ്പ് ഒതുക്കി അവൾ അതിനടുത്തുള്ള ഒരു കല്ലിന്റെ മേൽ ഇരിന്നു.
അവളുടെ കവിൾ തടങ്ങളും, വെളിച്ചെണ്ണയുടെ മണം തെറിക്കുന്ന പിണഞ്ഞു കെട്ടിയ മുന്നിലേക്കിട്ട കാർകൂന്തലിന്റെ ചാരുതയും നോക്കി എത്ര സമയം ശ്വാസം വിടാതെ നിന്ന് എന്ന് അവനു പോലും ഇന്ന് ഓർമയില്ല. തോട്ടിൻ വക്കത് വിരിഞ്ഞ തൊട്ടാവാടി പൂക്കൾ പോലും ആരും തൊടാതെ തന്നെ അവളുടെ വശ്യതയുള്ള നോട്ടത്തിനു മുന്നിൽ താഴ്ന്നു കൊടുത്തു.

പക്വതയുള്ള ഒരു സുന്ദരിയെ അവൻ കാണുന്നത് ആദ്യമായാണ്, പിന്നീട് ദാംബത്യതിലെക്ക് കടന്നു വരാനുള്ള സ്ത്രീ രൂപത്തെ കുറിച് ചിന്തിക്കുമ്പോഴൊക്കെ മുന്നിലേക്ക് പിഴഞ്ഞിട്ട കറുത്ത കൂന്തലും എന്തിനെയും ക്ഷമയോടെ കാത്തിരിക്കാനുമുള്ള ആ സുന്ദരിയുടെ മുഖമായിരുന്നു അവന്റെ മനസ്സ് വരച്ചത്.

പിന്നീടെപ്പോഴോ,
ഏതോ നഗരത്തിന്റെ കുടക്കീഴിൽ ചെന്ന് പെട്ടത് മുതൽ ആ രൂപം പാടെ മായ്ച്ചു കളഞ്ഞു കാണണം. അതുകൊണ്ടല്ലേ അവന്റെ മനസ്സിൽ ഏതു പെരുവഴിയിൽ വച്ചും തന്റെ പുരുഷനെ കെട്ടിപിടിച്ച് ചുംബിക്കാൻ ധയിര്യം കാണിക്കുന്ന , ആൾക്കൂട്ടങ്ങളെ ഭയന്നു വിറയ്ക്കാത, കൂടെ ഇരുന്ന് മദ്യം സേവിക്കുന്ന അൽപ്പ വസ്ത്ര ധാരിയായ ഈ നൂറ്റാണ്ടിന്റെ  സ്ത്രീ രൂപത്തെ കുറിച്ച് അവൻ ചിന്തിച്ചത് അല്ലെങ്കിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
കാരണം തോടുകളും, വിളക്കുതിരികളും, ചെളി പുരണ്ട് മഴ നനഞ്ഞ ഓർമകളും അവനിന്ന് അന്യമാണ്. വേദന വന്നാൽ കൂടി ഒന്നുറക്കെ അവനിന്ന് കരയാറില്ല. ചുറ്റും ഓടിവരാറുള്ള ആരുടേയും നിഴലു പോലും അവന്റെ ഓർമകളിൽ ഇന്നില്ല.
ആ വലിയ ലോകം അവനു നഷ്ടപെട്ടു, സിരകളിൽ രതികൾ നിറച്, മദ്യം അരങ്ങു തകർക്കുന്ന വേദികളിൽ നിന്നും അവന്റെ പര്യടനം തുടർന്ന് കൊണ്ടിരിക്കുന്നു.

ശരീരം നഷ്ടപെട്ടോരാത്മാവ് പോലെ!

ചുംബനം

ജോലി ഭാരത്താൽ വീർപ്പ് മുട്ടി നില്ക്കുന്ന ആ രാത്രിയിലാണ് അവൾ പബിലെക്കുള്ള ടികറ്റുമായി അവന്റെ റൂമിലേക്ക് ചെന്നത്, അവളുടെ കൂടെ ചെല്ലുംബോൾ മാത്രം കിട്ടുന്ന ചില സന്തോഷങ്ങൾ ഉള്ളത് കൊണ്ടാവണം അവൻ അവളുടെ കൂടെ ഇറങ്ങിയതും.
ഒടുക്കം പബിലെ തിരക്കും വൃത്തികെട്ട പല കാഴ്ചകളും വീണ്ടും അവനെ വീർപ്പ് മുട്ടിച്ചു, 'കാശ് മുടക്കിയത് എല്ലാം മറന്നു ആഗോഷിക്കനല്ലേ' എന്നും പറഞ്ഞ് കയിലുള്ള ആ പുക അവൾ അവന്റെ നേർക്ക്‌ നീട്ടി, ഒരിക്കൽ ഒഴിവാക്കിയ ആ ലഹരി; ഈ സമയത്ത് എല്ലാം മറന്ന് കിട്ടാൻ എളുപ്പ വഴി ഇതാണ് എന്ന് അവനും തോന്നി കാണണം.

പിറകിൽ കേൾക്കുന്ന ആവേശത്തിന്റെ സംഗീതത്തിനു പോലും തരാൻ പറ്റാത്ത ഊർജം അവന്റെ സിരകളിലേക്ക് കടന്നു ചെന്നത് കൊണ്ടാവാം പിന്നീട് അങ്ങൊട്ട് കുറച്ചു സമയത്തേക്ക് നടന്ന ചില സംഭവങ്ങൾ ഒഴിച് മറ്റൊന്നും ഓർത്തെടുക്കാൻ പറ്റാത്തത്.
പക്ഷെ, തളർന്നു ഏതോ ഒരു മൂലയിൽ ഇരിക്കുമ്പോൾ അമർത്തി അവന്റെ ചുണ്ടിൽ അവൾ ചുംബിച്ചതും, ആ ചുംബനത്തിന്റെ ഉപ്പു രസവും അവൻ ഇന്ന് ഓർക്കുന്നുണ്ട്,
അവളുടെ കണ്ണിൽ നിന്നും ഇടതടവില്ലാതെ വീണു കൊണ്ടിരിക്കുന്ന കണ്ണീരിന്റെ ഉപ്പ് രസം.
ആ കണ്ണീരിന്റെ കാരണങ്ങൾ തിരക്കാതെ അവൻ അവളെ അമർത്തി ചുംബിച്ചു, ചുംബിച്ചു കൊണ്ടേയിരുന്നു